കെ.എസ്.ആര്‍.ടി.സിക്ക് 55 കോടി കേന്ദ്രഫണ്ട് നഷ്ടമായി

തിരുവനന്തപുരം: കടക്കെണിയില്‍ നിന്ന് കരകയറാന്‍ കര്‍ശന നടപടിയെന്ന് ആവര്‍ത്തിക്കുമ്പോഴും മാനേജ്‌മെന്റിന്റെ വീഴ്ച മൂലം കെ.എസ്.ആര്‍.ടി.സിക്ക് 55 കോടിയുടെ കേന്ദ്രഫണ്ട് നഷ്ടമായി.

ജന്റം പദ്ധതിയിലുള്‍പ്പെടുത്തി ബസ് വാങ്ങാന്‍ അനുവദിച്ച തുകയാണ് നഷ്ടമായത്.148.92 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിക്ക് ബസ് വാങ്ങാനായി കേന്ദ്രം അനുവദിച്ചത്. ഈ തുക പൂര്‍ണമായും വിനിയോഗിക്കാത്തതിനാല്‍ വിഹിതം 93.09 കോടിയായി വെട്ടിക്കുറച്ചിരുന്നു.

2013ലാണ് സംസ്ഥാനത്തെ അഞ്ച് ക്‌ളസ്റ്ററുകളായി തിരിച്ച് 400 ബസ്സുകള്‍ വാങ്ങാനായി കേന്ദ്രം ഫണ്ട് അനുവദിച്ചത്. രണ്ടാംഘട്ടമായി 148.92 കോടിയും അനുവദിച്ചു. ഇതില്‍ 74.47 കോടി രൂപ ആദ്യ തവണ നല്‍കി. എന്നാല്‍ കോര്‍പ്പറേഷന്‍ 110 ബസുകള്‍ മാത്രമേ വാങ്ങിയുള്ളൂ. ഇതേ തുടര്‍ന്ന് കേന്ദ്രവിഹിതം പകുതിയായി വെട്ടിക്കുറച്ചു കൊണ്ടുള്ള ഉത്തരവ് സെപ്റ്റംബര്‍ 14 ന് പുറത്തുവന്നു. സംസ്ഥാനത്തിന്റെ വിഹിതവും ചേര്‍ത്ത് 186.19 കോടി രൂപയാണ് പദ്ധതിയുടെ ആകെ തുക. ഇതില്‍ 93.09 കോടി രൂപ മാത്രമേ നല്‍കാനാവൂ എന്ന് കേന്ദ്രം അറിയിച്ചു.

കെ.എസ്.ആര്‍.ടി.സിയുടെ കടബാധ്യതകളില്‍ നിന്ന് ഒഴിവായി ജന്റം പദ്ധതി വഴി ബസുകള്‍ ലഭിക്കാനാണ് കെ.യു.ആര്‍.ടി.സി എന്ന കോര്‍പ്പറേഷന്‍ രൂപീകരിച്ചത്. കൊച്ചി ആസ്ഥാനമാക്കിയ കെ.യു.ആര്‍.ടി.സി. കൊച്ചി, തിരുവനന്തപുരം കോര്‍പ്പറേഷനുകള്‍ക്കായാണ് ജന്റം പദ്ധതിയിലുള്‍പ്പെടുത്തി ലോ ഫ്‌ളോര്‍ ബസുകള്‍ അനുവദിച്ചത്. എന്നാല്‍ ഇത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്നത് കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

News: Suprabhatham 

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply