ഇഷ്ടപ്പെട്ട കൂട്ടുകാരിയുടെ കല്യാണത്തിൽ നിന്നും രക്ഷപ്പെടാൻ ഒരു കാട്ടുയാത്ര..

വിവരണം – PS സൂരജ്.

കഷ്ടപ്പെട്ടു ഇഷ്ടപെട്ട കൂട്ടുകാരിയുടെ കല്യാണത്തിൽ നിന്നും രക്ഷപ്പെടാൻ ഒരു Long Solo Trip , ചാലക്കുടിയിൽ നിന്നും മലക്കപ്പാറ വരെ, ആനവണ്ടിയിൽ.. Window സീറ്റിൽ ഇരുന്ന് അവളെ കുറിച്ചുള്ള ഓർമകളെല്ലാം അവസാനമായി ഓർത്തു കൊണ്ട്, കാടിനകത്തൂടെ കാഴ്ചകൾ കണ്ട് ഒരു യാത്ര..” അതായിരുന്നു, എന്റെ മനസ്സിലെ Plan.. പക്ഷേ, അറിയാതെ ഇൗ കാര്യം എന്റെ 3 ചങ്ക് കൂട്ടുകാരോട് പറഞ്ഞപ്പോൾ, അവരും വരുന്നെന്ന് പറഞ്ഞു.. (എന്നെ ഒറ്റക്ക് വിടാനുള്ള മടി കൊണ്ടായിരുന്നു എന്ന് തോന്നുന്നു..) അങ്ങനെ കല്ല്യാണത്തിന് തലേ ദിവസം വൈകുന്നേരം അവളുടെ വീട്ടിൽ ചെന്ന് ചെറിയ ഗിഫ്റ്റ് ഒക്കെ കൊടുത്ത് (എന്നെയും ക്ഷണിച്ചിരുന്നു കല്യാണത്തിന്) തിരിച്ച് വീട്ടിലെത്തി കിടന്നു..

പിറ്റെ ദിവസം നേരത്തെ 6 മണിക്ക് എഴുന്നേറ്റു, വീട്ടിലൊന്നും പറയാതെ ready ആയി റോഡിൽ എത്തി.. 2 ബൈക്കുമായി അവർ 3 പേരും കാത്തു നിൽപ്പുണ്ടായിരുന്നു.. 2015 മാർച്ച് ഒരു ഞായറാഴ്ച.. രാവിലെ 7.30 സമയം..
ചാലക്കുടിയിലെ ചായക്കടയിൽ നിന്നും അപ്പവും മുട്ടക്കറിയും കഴിച്ച് ഞങ്ങൾ ഐശ്വര്യമായി യാത്ര തുടങ്ങി..
ആ 3 നന്മ്പൻമാരാണ് എന്റെ ബസ് യാത്ര bike യാത്ര ആക്കി മാറ്റിയത്.. അധികം മുന്നൊരുക്കങ്ങൾ ഒന്നുമില്ലാത്തതിനാൽ കയ്യിൽ കിട്ടിയ 2 Glamour Bikes ആയിരുന്നു ഞങ്ങളുടെ വാഹനം.. 2 Bikes.. 3 Mobile Camera.. & 4 Friends..

പതിവുപോലെ silver storm water theme park ന്റെ മുന്നിലുള്ള പാലത്തിൽ ആയിരുന്നു ആദ്യ Stop. മലയിലേക്ക് നീണ്ടു കിടക്കുന്ന പാലവും, താഴെ പുഴയും നല്ല അടിപൊളി photos എടുക്കാനുള്ള Background ആണ്‌.. കുറച്ചു Photos എടുത്ത് അപ്പൊ തന്നെ WhatsAppൽ DP ഒക്കെ മാറ്റി.. കാരണം അതു കഴിഞ്ഞാൽ മൊബൈലിൽ range ഒന്നും കിട്ടില്ലെന്ന് അറിയാമായിരുന്നു.. യാത്ര തുടർന്നു.. പതുക്കെ പതുക്കെ റോഡരികിൽ ചാലക്കുടി പുഴയുടെ കള കള നാദവും എണ്ണ പനകളുമൊക്കെ കണ്ടുതുടങ്ങി..

ചാലക്കുടിയിൽ നിന്നും 30 km ആണ് അതിരപ്പിള്ളി എത്താൻ.. റോഡിൽ നിന്നു കൊണ്ട് തന്നെ വെള്ളച്ചാട്ടം നല്ല ഭംഗിയായി കാണുവാൻ വ്യൂ പോയിന്റ് ഉണ്ട്.. അവിടെ നിന്ന് Just ഒന്നു കണ്ടു കൊണ്ട്, വീണ്ടും യാത്ര.. വഴിയിലെ ചാർപ്പ വെള്ളച്ചാട്ടത്തിൽ ഒട്ടും വെള്ളമുണ്ടായിരുന്നില്ല.. വാഴച്ചാൽ എത്തുന്നതിനു തൊട്ടമുമ്പ് ഒരു Dio വണ്ടിയിൽ 2 പെങ്കൊച്ചുങ്ങൾ നല്ല Speed ൽ ഞങ്ങളെ Overtake ചെയ്തു പോയി.. വാഴച്ചാൽ Checkpost എത്തിയപ്പൊഴതാ, അവരെ കാടിനകത്ത് കടത്തി വിടാതെ തിരിച്ചു വിടുന്നു.. അവർ തനിച്ചായതു കൊണ്ടായിരുന്നു.. കൃത്യം 9.15 നു് ആയിരുന്നു ഞങ്ങൾ Checkpost എത്തിയത്.. പേരും അഡ്രസ്സും എല്ലാം എഴുതി കൊടുക്കുവാൻ കുറച്ചു നേരം അവിടെ കാത്തു നിന്നു.. വെള്ളച്ചാട്ടത്തിന്റെ ശബ്ദം നന്നായി കേൾക്കാമായിരുന്നു അവിടെ നിൽക്കുമ്പോൾ..

“12 മണിക്ക് മലക്കപ്പാറ Checkpost ൽ എത്തി Report ചെയ്യണമെന്നും 4 മണിക്ക് ഇവിടെ തിരിച്ചെത്തി Report ചെയ്യണമെന്നും” Forest officers പറഞ്ഞു.. Checkpost കയറി തൊട്ടടുത്ത് കണ്ട ചെറിയൊരു ഹോട്ടലിൽ നിന്ന് പൊറോട്ടയും കറിയും വെള്ളവും വാങ്ങി കയ്യിൽ പിടിച്ചു.. പ്ലാസ്റ്റിക്കും വേസ്റ്റും ഒന്നും കാട്ടിൽ ഇടരുതെന്നും അവിടത്തെ ചേട്ടൻ പറഞ്ഞു.. 40 km ആണ് കാട്ടിലൂടെ മുന്നിൽ കിടക്കുന്ന വഴി.. കുറേ കുരങ്ങന്മാർ, വേഴാമ്പൽ, മലയണ്ണാൻ, ഇളം നീല നിറത്തിലുള്ള ചിത്ര ശലഭങ്ങൾ, പച്ച പ്രാവുകൾ, ചെറിയൊരു മാൻ.. എല്ലാവരും ഞങ്ങളെയും നോക്കി നിൽപ്പുണ്ടായിരുന്നു വഴിയരികിൽ.. കാടിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടുള്ള യാത്ര..

പെരിങ്ങൽക്കുത്ത് ഡാമിൽ നിന്നു വരുന്ന വലിയ penstock pipe കൾ താഴെ വരെ പോകുന്നത് കാണാനായി ഞങ്ങൾ Bike നിർത്തി.. നല്ല നീളത്തിൽ താഴേക്ക് നീണ്ടു കിടക്കുകയാണ്.. ഞങ്ങളെ കൂടാതെ ബാക്കി യാത്രക്കാരും അവിടെ നിർത്തി Photos എടുക്കുന്നുണ്ടായിരുന്നു.. ഡാമിലേക്ക് ഒഴുകുന്ന ഒരു കാട്ടാറിന്റെ മുകളിലൂടെയുള്ള ഒരു ചെറിയ പാലത്തിൽ നിന്നും കുറേ Photos എടുത്തു.. കാറുകളും ബൈക്കുകളും വാൽപ്പാറയിലേക്ക് പോവുന്ന വലിയ ലോറികളും എല്ലാം ഞങ്ങളെ കടന്നു പോവുന്നുണ്ടായിരുന്നു.. ഒരു Hair pin ൽ വളവിൽ നിന്ന് കാണാവുന്ന കാഴ്ചകൾ ഒരു രക്ഷയും ഇല്ലാത്തവയായിരുന്നു.. താഴെ മുഴുവൻ കാടിന്റെ പച്ചപ്പ് പരന്നു കിടക്കുന്നു.. അതെ, ഞങ്ങൾ സഹ്യന്റെ മുകളിലെത്തി.. പിന്നെയും യാത്ര തുടർന്നു..

വേനൽ കാലമായിട്ടു കൂടി ചെറിയ തണുപ്പ് യാത്രയിൽ മുഴുവൻ കൂടെയുണ്ടായിരുന്നു.. റോഡ് നല്ല പക്കാ റോഡ് ആയിരുന്നു.. ഇരുവശവും കാട് മാത്രം.. കുറേ ഈറ്റ കാടുകളും കണ്ടു.. ആനയെ കൂടുതൽ കാണാറുള്ള സ്ഥലത്തിന് അടുത്തു കൂടിയായിരുന്നു ഞങ്ങൾ അപ്പോൾ പോയി കൊണ്ടിരുന്നത്.. ആനയെങ്ങാൻ മുന്നിൽ വരുമോ ?? ഒരു കൂട്ടുകാരന് നല്ല പേടിയായി തുടങ്ങി.. റോഡിൽ നല്ല Fresh ആന പിണ്ഡം കിടക്കുന്നത് കൂടി കണ്ടപ്പോൾ ആ പേടി ഞങ്ങളിലും എത്തി.. എന്നാലും ഞാനും ഒരുത്തനും അവിടെ നിർത്തി ഫോട്ടോ എടുത്തു.. ഈറ്റ കാടുകൾ ഒടിച്ചിട്ടിരിക്കുന്നതും കണ്ടു.. ഏതോ ഒരു കൊമ്പൻ കുറച്ചു മുൻപേ അതു വഴി നടന്നു പോയിട്ടുണ്ടെന്ന് ഉറപ്പ്..
പിന്നെയും കുറച്ചു നീങ്ങി കഴിഞ്ഞു ഞങ്ങൾ കണ്ട കാഴ്ച വിശാലമായി പരന്നു കിടക്കുന്ന Sholayar Reservoir Dam ആണ്.. മുകളിൽ നിന്നുള്ള View.. ഒരു രക്ഷയില്ല.. കിടു.. രണ്ടു Wild Life Photographers അവിടെ കുറേ നേരം നിന്ന് Photos എടുക്കുന്നുണ്ടായിരുന്നു..

മലക്കപ്പാറയുടെ അടുത്തെത്തുന്നതോടെ മുന്നിൽ തേയില തോട്ടങ്ങൾ കണ്ടു തുടങ്ങി.. കുറേ ചെറിയ വീടുകളും കടകളും എല്ലാം കാണാം.. അങ്ങനെ Checkpost എത്തി.. ഏകദേശം 12 മണി ആയെന്ന് തോന്നുന്നു.. 2 മണിക്ക് തന്നെ തിരിച്ചു Report ചെയ്യണമെന്ന് Officers പറഞ്ഞു..

അവിടെ നിന്നും കുറച്ചു നീങ്ങിയതേ ഉള്ളൂ.. ഒരു ബൈക്കിന്റെ ടയർ പഞ്ചർ ആയി.. അപ്പോഴാണ് മനസ്സിലായത്, ആ ടയർ Grip എല്ലാം പോയി മോട്ട ടയർ ആയിട്ടായിരുന്നു ഞങ്ങൾ ഇത്രയും ദൂരം വന്നത് എന്ന്.. സ്ഥിരമായി പുലിയും ആനയും ഇറങ്ങാറുള്ള ആ തേയില തോട്ടങ്ങൾക്കു നടുവിൽ ഞങ്ങൾ പെട്ടുപോയി.. കുറച്ചു പോയാൽ ഒരു Workshop ഉണ്ടെന്ന് വഴിയിൽ കണ്ട ഒരു ചേട്ടൻ പറഞ്ഞു.. അങ്ങനെ 2 പേർ ആ Workshop തേടി പോയി.. ഞങ്ങൾ 2 പേരും Bike തള്ളി അടുത്തുള്ള ഒരു Bus stop വരെ എത്തി അവിടെ നിലത്തങ്ങനെ ഇരുന്നു..

താഴെ ദൂരെ മലക്കപ്പാറ തേയില ഫാക്ടറി കാണാം.. ആരൊക്കെയോ നടക്കുന്നതും.. ഫോണിൽ നോക്കിയപ്പോൾ Range കാണിക്കുന്നു.. ഉച്ച സമയത്തെ വെയിൽ കൂടി തുടങ്ങി.. അത്ര ദൂരം Bike തള്ളി നടന്നപ്പൊഴേക്കും നന്നായി ക്ഷീണിച്ചിരുന്നു ഞങ്ങൾ.. കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും അവരും എത്തി.. ഒരു Mechanic ഒപ്പമുണ്ടായിരുന്നു.. ടയർ അഴിച്ചെടുത്ത് കൊണ്ട് പോയി പഞ്ചർ ഒട്ടിച്ചു കൊണ്ടു വന്നു.. എങ്കിലും Tube ചെറുതായി പുറത്തേക്ക് കാണാമായിരുന്നു.. Mechanic പോയി കഴിഞ്ഞ് ഞങ്ങൾ കയ്യിലുണ്ടായിരുന്ന Food കഴിക്കാൻ എടുത്തു.. വിശപ്പുകൊണ്ടും ക്ഷീണം കൊണ്ടുമാണെന്ന് തോന്നുന്നു, നല്ല Taste ആയിരുന്നു ആ Food ന്..

സമയം നോക്കിയപ്പോൾ 2 മണി.. തിരിച്ചു Checkpost ന്റെ അടുത്തെത്തി.. “ഡാം ഒന്നും കാണാൻ പറ്റിയില്ല സാറേ, വണ്ടി പണി തന്നു” എന്നു പറഞ്ഞു അവരോട്.. ഞങ്ങൾ മാളയിൽ നിന്നാണ് വരുന്നതെന്ന് പറഞ്ഞപ്പോൾ മാളക്കാരൻ ആയ ഒരു ഓഫീസർ, പോയി ഡാം എല്ലാം കണ്ട് വേഗം തിരിച്ചു വരാൻ പറഞ്ഞു.. തൊട്ടടുത്ത് തന്നെയായിരുന്നു ഡാം..
Upper Sholayar Dam.. എന്നാൽ വെള്ളം വളരെ കുറവായിരുന്നു.. സാറിനോട് യാത്ര പറഞ്ഞു വീണ്ടും കാട്ടിലെ റോട്ടിലേക്കു കടന്നു.. ഒരു പത്തു പന്ത്രണ്ട് കിലോമീറ്റർ ഉള്ളിലേക്ക് പോയി.. പെട്ടെന്നൊരു ശബ്ദം.. Bike ന്റെ ടയർ വീണ്ടും പൊട്ടി.. എന്തു ചെയ്യണമെന്നറിയാതെ ഞങ്ങൾ 4 പേരും പേടിയോടെ നോക്കി നിന്നു.. സമയം 4 മണി ആയിരിക്കുന്നു.. ചെറുതായി ഇരുട്ടു വന്നു തുടങ്ങുന്നു.. ചീവിടിന്റെയും പക്ഷികളുടെയും ശബ്ദം.. കാടിന്റെ ഭീകരത പേടിപെടുത്തി തുടങ്ങി.. അതു വഴി വന്ന ഒരു Bullet Group അടുത്തു നിർത്തി.. 2 പേരു പോയി Forest ഓഫീസിലോ അല്ലെങ്കിൽ Workshop ലോ പോയി നോക്കാൻ പറഞ്ഞു.. ഞാനും ഒരുത്തനും കൂടി അങ്ങനെ Forest Office അന്നേഷിച്ചു പോയി.. പിന്നെ നേരെ മലക്കപ്പാറയിലും എത്തി.. ഒരു Ape വണ്ടി വിളിച്ചാണ് ഞങ്ങൾ തിരിച്ചു അവന്മാരുടെ അടുത്തെത്തിയത്..

ആനയുടെ ശബ്ദം കേട്ടത് പോലെ തോന്നി പേടിച്ച് നിൽക്കുകയായിരുന്നു അവർ രണ്ടു പേരും.. ഞങ്ങൾ 2 ബൈക്കും Ape യിലേക്ക് കയറ്റി, ഞങ്ങളും അതിൽ പിന്നിൽ കയറി നിന്നു കൊണ്ടായിരുന്നു പിന്നീടുള്ള യാത്ര.. പോവുന്ന യാത്രയിൽ കുറച്ചു ദൂരെ പുഴയുടെ കരയിൽ 3 ആനകൾ വെള്ളം കുടിക്കുന്നതും കണ്ടു.. നല്ല കട്ട കറുപ്പല്ലായിരുന്നു കാട്ടാനകൾക്ക് അന്ന്, കാട്ടിലെ പൊടിയുടെ നിറമായിരുന്നു.. വാഴച്ചാൽ Checkpost എത്തിയപ്പോഴേക്കും ഇരുട്ടായി, 6.30 ഒക്കെ കഴിഞ്ഞു.. ചാലക്കുടി വരെ ഞങ്ങളങ്ങനെ Ape യിൽ പോയി.. പിന്നെ ഒരു bike അവിടെ വച്ച്, ബസ്സിൽ കയറി വീട്ടിലും എത്തി..

അങ്ങനെ ആ മലക്കപ്പാറ Trip ഒരു ഒന്നൊന്നര Trip ആയി മാറി (കാശ് കുറച്ചധികം പോയെങ്കിലും).. അന്നായിരുന്നു ഞങ്ങളുടെ ആദ്യത്തെ Adventures യാത്ര.. “ഓരോ യാത്രയും ഓരോ ഓർമകളാണ്” എന്ന് കേട്ടിട്ടുണ്ട്.. ആദ്യ യാത്ര,
അതു അവളെ കുറിച്ചുള്ള ഓർമ്മകൾ മറന്നു തുടങ്ങാൻ വേണ്ടിയായിരുന്നു.. യാത്രകൾ ഏറെയായി.. യാത്രയോർമ്മകളും.. എങ്കിലും കുന്നുകൂടി കിടക്കുന്ന ഓർമ്മകളുടെ മുകളിൽ അവളെ കുറിച്ചുള്ള ഓർമ്മകൾ മാത്രം തനിച്ചങ്ങനെ നിൽപ്പൂ..

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply