മലേഷ്യയിലെ ഗെൻറിംഗ് ഹൈലാൻഡിലെ കാഴ്ചകളും വിശേഷങ്ങളും…

ബാത്തു കേവ്സില്‍ നിന്നും ഞങ്ങള്‍ പിന്നീട് പോയത് മലേഷ്യയിലെ ഹൈറേഞ്ച് പ്രദേശമായ ഗെൻറിംഗ് ഹൈലാൻഡിലെ കാഴ്ചകള്‍ ആസ്വദിക്കുവാനും അനുഭവിക്കുവാനും ആയിരുന്നു. പോകുന്നവഴി ഒരു നോര്‍ത്ത് ഇന്ത്യന്‍ ഹോട്ടലില്‍ നിന്നും ഞങ്ങള്‍ ഊണ് കഴിച്ചു. അത്ഭുതമെന്നു പറയട്ടെ.. ഹോട്ടലിലെ മാനേജര്‍ മലയാളിയായിരുന്നു. ഒരു കൊല്ലംകാരന്‍. ഒരു മലയാളിയെ കണ്ടപ്പോള്‍ എന്തെന്നില്ലാത്ത ഒരു സന്തോഷം… ഊണൊക്കെ കഴിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു.

വലിയൊരു ചുരമൊക്കെ കയറിയാണ് ഗെൻറിംഗ് ഹൈലാൻഡിലേക്ക് നമ്മള്‍ പോകുന്നത്. എന്നാല്‍ ചുരം കയറുന്നപോലെയൊന്നും നമുക്ക് തോന്നുകയേ ഇല്ല. ഒന്നാമത് റോഡിനു നല്ല വീതിയുണ്ട്. പിന്നെ വളവുകള്‍ ഒക്കെ ഭയങ്കര ഷാര്‍പ്പ് ആയിരുന്നുമില്ല. അങ്ങനെ കുറേനേരത്തെ യാത്രയ്ക്കുശേഷം ഞങ്ങള്‍ സ്ഥലത്തെത്തി. ഞങ്ങളെ അവിടെ ഡ്രോപ്പ് ചെയ്തിട്ട് രാജു ഭായ് യാത്രയായി. ഇനി ഞങ്ങളുടെ ഇവിടുന്നുള്ള തിരിച്ചുവരവ് ഒരു ടൂര്‍ ടീമിനൊപ്പം ബസ്സിലാണ്.

മലകള്‍ക്ക് മുകളിലൂടെയുള്ള കേബിള്‍ കാര്‍ യാത്രയാണ് ഗെൻറിംഗ് ഹൈലാൻഡിലെ പ്രധാന ആകര്‍ഷണം. കൂടാതെ നല്ലൊരു ഷോപ്പിംഗ് നടത്തുവാനുള്ള ഇടവും കൂടിയാണിത്. പക്ഷെ ദൈവത്തെ ഓര്‍ത്ത് നിങ്ങള്‍ ഇവിടെ പോകുകയാണെങ്കില്‍ ഒന്നും വാങ്ങരുത്. ഒടുക്കത്തെ കത്തിയാണ് ഇവിടെ. വെള്ളത്തിനു പോലും ബ്ലേഡ് വില. അങ്ങനെ ഞങ്ങള്‍ കേബിള്‍ കാര്‍ യാത്രയ്ക്കുള്ള ടിക്കറ്റുകള്‍ എടുത്ത് കേബിള്‍ കാറില്‍ കയറുവാനുള്ള ക്യൂവില്‍ നിന്നു. ചെറുതാണെങ്കിലും അത്യാവശ്യം തിരക്കുള്ള സമയമായിരുന്നു അത്. ഏകദേശം അരമണിക്കൂര്‍ സമയം ഞങ്ങള്‍ക്ക് ക്യൂവില്‍ നില്‍ക്കേണ്ടി വന്നു. ക്യൂവില്‍ ആണെങ്കില്‍ പല രാജ്യങ്ങളില്‍ നിന്നുള്ള ആളുകളും. ഇവരെയൊക്കെ കണ്ടുകൊണ്ട് നിന്നതുകാരണം സമയം പോയത് അറിഞ്ഞേയില്ല.

അങ്ങനെ ഞങ്ങളുടെ ഊഴം വന്നെത്തി. കൊച്ചി മെട്രോയില്‍ ഒക്കെ കയറുമ്പോള്‍ കണ്ടിട്ടുള്ളതുപോലത്തെ സെക്യൂരിറ്റി ചെക്കിംഗ് ആയിരുന്നു അവിടെ. കേബിള്‍ കാറില്‍ കയറുന്ന എല്ലാവരുടെയും ഫോട്ടോകള്‍ അവിടെ എടുക്കുന്നുണ്ടായിരുന്നു. സെക്കണ്ടുകള്‍ക്കുള്ളില്‍ കേബിള്‍ കാര്‍ ഞങ്ങളെയുംകൊണ്ട് യാത്ര തുടങ്ങി. ഹോ… ആദ്യം ഒന്ന് പേടിച്ചു… ചുമ്മാ ഒരു പേടി… അത്രേയുള്ളൂ.. ശരിക്കും ഹോളിവുഡ് സിനിമകളിലൊക്കെ കാണുന്ന ഡ്രോണ്‍ ദൃശ്യങ്ങള്‍ പോലെയായിരുന്നു അവിടെ എനിക്ക് അനുഭവപ്പെട്ടത്. ഒരു കാറില്‍ ആറുപേര്‍ക്ക് കയറാം. ഞങ്ങളുടെ കൂടെ മറ്റേതോ രാജ്യക്കാരായിരുന്നു ഉണ്ടായിരുന്നത്.

യാത്രയ്ക്കിടെ രണ്ടു സ്റ്റേഷനുകളില്‍ കേബിള്‍ കാര്‍ നില്‍ക്കും. വേണമെങ്കില്‍ നമുക്ക് അവിടെ ഇറങ്ങാം. പക്ഷെ ആരും അവിടെ അങ്ങനെ ഇറങ്ങാറില്ല. എന്തൊക്കെയായാലും ഈ കേബിള്‍ കാര്‍ നല്ലൊരു കിടിലന്‍ യാത്ര തന്നെ. മുകളില്‍ എത്താറായപ്പോള്‍ 7000 ലധികം മുറികളുള്ള ഒരു ഹോട്ടല്‍ കാണാം നമുക്ക്. നല്ല കളര്‍ഫുള്‍ ഹോട്ടല്‍.. മുറികളുടെ എണ്ണത്തിന്‍റെ കാര്യത്തില്‍ ഒരുകാലത്ത് ഈ ഹോട്ടല്‍ ഗിന്നസ് ബുക്കില്‍ വരെ കയറിയിട്ടുണ്ടത്രേ..

 

അങ്ങനെ ഞങ്ങള്‍ മുകളിലെ അവസാന സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു. അവിടെ ശരിക്കും ഒരു അത്യുഗ്രന്‍ മാള്‍ ആയിരുന്നു. അതിനുള്ളില്‍ ചൂതാട്ടകേന്ദ്രവും ഉണ്ടായിരുന്നു. മലേഷ്യയിലെ ഏറ്റവും വലിയ ചൂതാട്ടകേന്ദ്രം ഇതാണ്. സര്‍ക്കാര്‍ അനുമതിയോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ചൂതാട്ടത്തില്‍ വലിയ ഭ്രമം ഒന്നുമില്ലാത്തതിനാല്‍ ഞങ്ങള്‍ അവിടെ കയറാന്‍ നിന്നില്ല. മാളിലെ കാഴ്ചകളൊക്കെ കണ്ട് ഞങ്ങള്‍ നടന്നു..അതിനിടെ അവിടെ നടന്ന ഒരു കളര്‍ഫുള്‍ ബലൂണ്‍ഷോ എല്ലാവരെയും വിസ്മയിപ്പിച്ചു.

പിന്നീട് ഞങ്ങള്‍ നേരത്തെ പറഞ്ഞ 7000 ലധികം മുറികളുള്ള ആ ഹോട്ടലില്‍ എത്തി. സത്യത്തില്‍ നമ്മളെയെല്ലാം അമ്പരിപ്പിക്കുന്ന കാഴ്ചയായിരുന്നു അവിടെ കണ്ടത്. മൊത്തം 32 കൌണ്ടറുകളാണ് ഹോട്ടല്‍ റിസപ്ഷനില്‍ ഉണ്ടായിരുന്നത്. കൂടാതെ ആളുകള്‍ക്ക് സെല്‍ഫ് ചെക്ക് ഇന്‍ ചെയ്യുവാനുള്ള കിയോസ്ക്കുകളും അവിടെയുണ്ട്. ഹോട്ടലിലെ കാഴ്ചകളൊക്കെ കണ്ടശേഷം ഞങ്ങള്‍ തിരിച്ചുവരാനായി കേബിള്‍ കാര്‍ സ്റ്റേഷനിലേക്ക് പോയി.

തിരിച്ചുള്ള കേബിള്‍ കാര്‍ യാത്രയ്ക്കിടെ ഞാന്‍ ഫേസ്ബുക്കില്‍ ലൈവ് പോയി. അതിനിടെ എന്‍റെ സംസാരങ്ങളും മറ്റും കേട്ട ഒരു ചൈനീസ് അമ്മച്ചിക്ക് അതത്ര സുഖിച്ചില്ല. നമ്മള്‍ ഇന്ത്യക്കാര്‍ ആയതുകൊണ്ടാകും. കൂടെയുണ്ടായിരുന്ന ചൈനപ്പയ്യന്മാര്‍ ഉറക്കെ സംസാരിക്കുമ്പോള്‍ ആ അമ്മച്ചിക്ക് ഒരു കുഴപ്പവുമില്ല. എന്നോട് പല തവണ ശബ്ദം കുറയ്ക്കാന്‍ ഒക്കെ അമ്മച്ചി പറഞ്ഞെങ്കിലും പറ്റില്ല എന്നു ഞാന്‍ തറപ്പിച്ചു പറഞ്ഞു. അല്ലപിന്നെ… അവര്‍ പറയുന്ന കേട്ടാല്‍ തോന്നും ഞാന്‍ അവിടെ മൈക്ക് സെറ്റ് വാടകയ്ക്ക് എടുത്തുകൊണ്ട് സംസാരിക്കുകയാണെന്ന്. എന്തായാലും കടുപ്പിച്ച് പറഞ്ഞതോടെ അമ്മച്ചി പിന്നെ ഇറങ്ങുന്നതുവരെ വാ തുറന്നില്ല.

അവിടെയുള്ള ഷോപ്പിംഗ് മാളിലൊക്കെ കറങ്ങി നടന്നശേഷം ഞങ്ങള്‍ തിരിച്ചുപോകുവാനുള്ള ഒരുക്കമായി. ഞങ്ങള്‍ തിരിച്ച് ക്വലാലംപൂരിലേക്ക് പോകുന്നത് ഒരു ടൂര്‍ ടീമിന്‍റെ കൂടെയാണെന്ന് നേരത്തെ പറഞ്ഞല്ലോ. ആ ടൂര്‍ ടീമിന്‍റെ ഗൈഡായ വനിത ഞങ്ങളെ വിളിച്ച് ബസ് സ്റ്റേഷനിലെത്തുവാന്‍ പറഞ്ഞു. അങ്ങനെ ഗെൻറിംഗ് ഹൈലാൻഡിലെ കാഴ്ചകള്‍ ആസ്വദിച്ച് ക്ഷീണിച്ച് ഞങ്ങള്‍ ബസ്സില്‍ ക്വലാലംപൂരിലേക്ക് യാത്രയായി.. ഇനി ഇവരോടൊപ്പം ക്വലാലംപൂരിലെ KL ടവര്‍ കൂടി സന്ദര്‍ശിച്ചിട്ട് ഹോട്ടല്‍ റൂമിലേക്ക് പോകും. KL ടവര്‍ വിശേഷങ്ങള്‍ ഇനി അടുത്ത എപ്പിസോഡില്‍…

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply