രാജീവ്‌ ഗാന്ധി; ജനനം മുതല്‍ മരണം വരെ ചരിത്രവും സംഭവങ്ങളും…

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ രാഷ്ട്രീയ കുടുംബത്തിൽ 1944 ഓഗസ്റ്റ് 20നു ബോംബെയിൽ രാജീവ് ഗാന്ധി ജനിച്ചു. അമ്മ ഇന്ദിരാഗാന്ധിയും അച്ഛൻ ഫിറോസ് ഗാന്ധിയും വേറിട്ടുജീവിച്ചിരുന്നതുമൂലം അമ്മയുടെ കൂടെ മുത്തച്ഛന്റെ അലഹബാദിലെ വീട്ടിലാണു രാജീവ് വളർന്നുവന്നത്. എന്നിരിക്കിലും ഒരു പിതാവിന്റെ ചുമതലകൾ എല്ലാം തന്നെ ഫിറോസ് ഭംഗിയായി ചെയ്തിരുന്നു. കുട്ടികളുടെയൊപ്പം അവധിയാഘോഷിക്കാൻ തിരക്കുകൾക്കിടയിലും ഫിറോസ് ലക്നൗവിൽ നിന്നും പ്രയാഗിലേക്കോ,ഡെൽഹിയിലേക്കോ പറന്നെത്തുമായിരുന്നു. രാജീവിന് പതിനാറു വയസ്സുള്ളപ്പോൾ പിതാവ് ഫിറോസ്, ഹൃദയാഘാതം വന്ന് മരണമടഞ്ഞു.

നഴ്സറി ക്ലാസ്സുകൾക്കായി രാജീവിനെ അടുത്തുള്ള ശിവനികേതൻ എന്ന സ്കൂളിലാണ് ചേർത്തത്. പിന്നീട് ഡെറാഡൂണിലുള്ള വെൽഹാം ബോയ് സ്കൂളിലും, ഡൂൺ സ്കൂളിലും ആയാണ് രാജീവ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1962 ൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിക്കുവാനായി ലണ്ടൻ കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ട്രിനിറ്റി കോളേജിൽ ചേർന്നു. കേംബ്രിഡ്ജിൽനിന്ന് രാജീവിന് ബിരുദം പൂർത്തിയാക്കാനായില്ല. ലണ്ടനിൽ നിന്നും മടങ്ങി വന്ന രാജീവ് ഡെൽഹി ഫ്ലൈയിംഗ് ക്ലബിൽ ചേർന്നു. ഒരു വൈമാനികനാവുക എന്നതായിരുന്നു രാജീവന്റെ ആഗ്രഹം. ലണ്ടൻ കാലഘട്ടത്ത് തന്നെ ഒരു വൈമാനികനാകാനുള്ള സ്വപ്നങ്ങൾ രാജീവിനുണ്ടായിരുന്നു എന്ന് സോണിയാ ഗാന്ധി ഓർമ്മിക്കുന്നു. മികച്ച ഒരു വൈമാനികനായാണ് രാജീവ് തന്റെ പരിശീലനം പൂർത്തിയാക്കിയത്.

കേംബ്രിഡ്ജിലെ പഠനകാലത്ത് ലണ്ടനിൽ‌വെച്ചാണ് സോണിയ മൈനോ എന്ന ഇറ്റലിക്കാരിയായ യുവതിയുമായി പ്രണയത്തിലാവുന്നത്. അവർ 1969-ൽ വിവാഹിതരായി. സോണിയയുടെ കുടുംബത്തിനും ഇന്ദിരാഗാന്ധിക്കും ഈ വിവാഹത്തിൽ താല്പര്യമില്ലായിരുന്നു എന്നു പറയപ്പെടുന്നു. ഒരു പ്രബലമായ രാഷ്ട്രീയ കുടുംബവുമായി, പ്രത്യേകിച്ച് ഇന്ത്യയിലെ പ്രഥമ കുടുംബവുമായി, ഒരു ബന്ധം സോണിയയുടെ കുടുംബം ആഗ്രഹിച്ചില്ല. രാജീവ് ഒരു ഇന്ത്യൻ പെൺകുട്ടിയെ വിവാഹം ചെയ്യണം എന്നതായിരുന്നത്രെ ഇന്ദിരയുടെ ആഗ്രഹം. പക്ഷേ രാജീവിന്റേയും സോണിയയുടേയും വിവാഹനിശ്ചയ വാർത്ത വളരെ സന്തോഷത്തോടെയാണ് ഇന്ദിര തന്നെ വിളിച്ചറിയിച്ചതെന്ന് നെഹ്രുവിന്റെ സഹോദരിയായിരുന്ന വിജയലക്ഷ്മി പണ്ഡിറ്റ് ഓർമ്മിക്കുന്നു.

ഇന്ത്യയിൽ മടങ്ങിയെത്തിയ രാജീവ് ഗാന്ധി ഇന്ത്യൻ എയർലൈൻസിൽ ഒരു വൈമാനികനായി ജോലിയിൽ പ്രവേശിച്ചു. ശാന്തസ്വഭാവിയായ രാജീവ് രാഷ്ട്രീയത്തിൽ വലിയ താല്പര്യം കാട്ടിയില്ല. എന്നാൽ അനുജൻ സ‌ഞ്ജയ് ഗാന്ധി അമ്മയുടെ വലംകയ്യും അധികാരം ആസ്വദിക്കുന്ന പ്രകൃതക്കാരനുമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഒരു മന്ത്രിപോലുമല്ലായിരുന്ന സഞ്ജയ് ഗാന്ധിയുടെ വാഹനം കടന്നുപോകുമ്പോൾ ദില്ലിയിലെ റോഡുകൾ മണിക്കൂറുകളോളം ഒഴിച്ചിടുക പതിവായിരുന്നു. അടിയന്തരാവസ്ഥാ കാലത്ത് സഞ്ജയ് ഇന്ദിരാ ഗാന്ധിയുടെ വലംകൈയ്യായി പ്രവർത്തിച്ചിരുന്നു . ഇന്ദിരാഗാന്ധിയും സഞ്ജയ് ഗാന്ധിയെ തന്റെ പിൻ‌ഗാമിയായി കരുതിയിരുന്നു. എന്നാൽ 1980-ൽ സ്വയം പറപ്പിച്ച സ്വകാര്യ വിമാനം തകർന്നു സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടപ്പോൾ രാജീവ് ഗാന്ധിക്ക് വിമുഖമായിട്ടാണെങ്കിലും രാഷ്ട്രീയപ്രവേശനം നടത്തേണ്ടിവന്നു[. സഞ്ജയിന്റെ മരണത്തോടെ നെഹ്രു കുടുംബത്തിൽ ചില അസ്വാരസ്യങ്ങൾ ഉടലെടുത്തു. സഞ്ജയിന്റെ ഭാര്യ മനേകാ ഗാന്ധി നമ്പർ 1 സഫ്ദർജംഗ് എന്നു പേരുള്ള പ്രധാനമന്ത്രിയുടെ വസതിയിൽ നിന്നും താമസം മാറ്റുകയുണ്ടായി.

1981 ഫെബ്രുവരിയിൽ രാജീവ് ഗാന്ധി ഉത്തർപ്രദേശിലെ അമേഥി യിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സഞ്ജയ് ഗാന്ധിയുടെ മണ്ഡലമായിരുന്നു അമേഥി. തൊട്ടുപിന്നാലെ തന്നെ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായും തിരഞ്ഞെടുക്കപ്പെട്ടു. ഭാര്യ സോണിയയ്ക്കും രാജീവിന്റെ രാഷ്ട്രീയ പ്രവേശനത്തിൽ താല്പര്യം ഇല്ലായിരുന്നു. ഇതേ സമയത്ത് രാജീവ് 1982 ലെ ഏഷ്യൻ ഗെയിംസ് സംഘാടക സമിതിയിലും അംഗമായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തും കായികവകുപ്പു മന്ത്രിയുമായിരുന്ന സർദാർ ഭൂട്ടാ സിങ് ആയിരുന്നു സമിതി ചെയർമാൻ. പത്രങ്ങൾക്കു നൽകിയ അഭിമുഖത്തിൽവരെ രാഷ്ട്രീയത്തിൽ മത്സരിക്കയില്ല എന്നു രാജീവ് പറഞ്ഞു. എങ്കിലും ഒടുവിൽ അമ്മയുടെ നിർബന്ധത്തിനു വഴങ്ങി രാജീവി മത്സരിക്കാൻ സമ്മതിക്കുകയായിരുന്നു. ഈ തീരുമാനം നെഹ്രു കുടുംബത്തിന്റെ രാഷ്ട്രീയാധിപത്യമായി കണ്ടു പത്രങ്ങളും പ്രതിപക്ഷവും രൂക്ഷമായി വിമർശിച്ചു.

ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റുമരിച്ചപ്പോൾ കോൺഗ്രസ് നേതൃത്വവും പ്രവർത്തകരും രാജീവ് ഗാന്ധിയെ പ്രധാനമന്ത്രിപദത്തിലേക്ക് നിർബന്ധിച്ചാനയിച്ചു. നെഹ്രുവിന്റേയും,ഇന്ദിരയുടേയും പ്രതിച്ഛായയിലുപരി രാജീവിന്റെ വ്യക്തിത്വം കൂടിയുണ്ടായിരുന്നു ഈ തിരഞ്ഞെടുപ്പിനു പിന്നിൽ, രാജീവിന് ഇന്ത്യയെ നയിക്കാനുള്ള കഴിവുണ്ടാവുമെന്ന് കോൺഗ്രസ്സ് പ്രവർത്തകർ വിശ്വസിച്ചു. ഇന്ദിരയുടെ മരണത്തിനും സിഖ് കൂട്ടക്കൊലകൾക്കും പിന്നാലെ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ (540 അംഗ സഭയിൽ 405 സീറ്റുകൾ) രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നു. ഇന്ദിരയുടെ മരണം ഉണർത്തിവിട്ട ഞെട്ടലിലും രാജീവ് തരംഗത്തിലും നടന്ന ആ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്ക് രണ്ടു സീറ്റുകൾ മാത്രമേ ലഭിച്ചുളളൂ. അത്ര ശക്തമായിരുന്നു നെഹ്രു കുടുംബത്തിനുവേണ്ടിയുള്ള ജനഹിതം.

ഭരണരംഗത്ത് രാജീവ് ഗാന്ധിയുടെ പല നടപടികളും ഇന്ദിര തിരഞ്ഞെടുത്ത പാതയിൽനിന്നു വേറെയായിരുന്നു. രാജീവ് അമേരിക്കയുമായുള്ള ബന്ധം ഊഷ്മളമാക്കി. ഇന്ദിരയുടെ കാലത്ത് റഷ്യയുമായുള്ള അടുത്ത സൌഹൃദത്തിന്റെ പേരിലും സോഷ്യലിസ്റ്റ് ഭരണരീതികളുടെ പേരിലും ഇന്ത്യയും അമേരിക്കയുമായുള്ള ബന്ധം ഒട്ടുംതന്നെ സൌഹാർദ്ദപരമായിരുന്നില്ല. 1985 ജൂൺ 11 മുതൽ 15 വരെ രാജീവ് ഗാന്ധി അമേരിക്ക സന്ദർശിക്കുകയുണ്ടായി. ആസൂത്രിത തീവ്രവാദത്തിനെതിരേ ഒരുമിച്ചു പടപൊരുതാനുള്ള ഒരു കരാറിൽ ഇന്ത്യയും അമേരിക്കയും ഒപ്പു വെച്ചു, കൂടാതെ ശാസ്ത്ര സാങ്കേതിക വിദ്യയിൽ ഉഭയകക്ഷി സഹകരണവും ധാരണയായി. ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന പകർച്ചവ്യാധികൾക്കെതിരേ പുതിയ ഒരു വാക്സിൻ വികസിപ്പിച്ച്, ഉൽപ്പാദിപ്പിച്ച ഇന്ത്യക്കു നൽകാനും ഈ കരാറിലൂടെ തീരുമാനമായി. ഇന്ത്യയുടെ താൽപ്പര്യങ്ങളെ ഹനിക്കാതെ തന്നെ അമേരിക്കയുമായി ഒരു നല്ല നയതന്ത്ര ബന്ധം കെട്ടിപ്പടുക്കുന്നതിൽ രാജീവ് വിജയിച്ചു എന്നു പറയപ്പെടുന്നു. നെഹ്രുവിനു ശേഷം ചൈന സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി ഇന്ത്യാ-ചൈന ബന്ധത്തിലെ സംശയങ്ങളും വിശ്വാസമില്ലായ്മയും ഒരളവുവരെ പരിഹരിച്ചു. രാജ്യത്തിന്റെ ദീർഘകാലമായി നിലനിൽക്കുന്ന പല പ്രശ്നങ്ങളും പരിഹരിക്കുവാൻ രാജീവ് ശ്രമിച്ചു. മീസ്സോ കരാർ, ആസ്സാം കരാർ, പഞ്ചാബ് കരാർ എന്നിവ രാജീവ് ഗാന്ധി ഒപ്പുവെച്ചു. അയൽ രാജ്യങ്ങളുമായി ഇന്ത്യയുടെ വിദേശനയം വളരെ സൗഹാർദ്ദപരമായിരുന്നു. അതുകൊണ്ട് തന്നെയാണ് മാലിയിൽ വിമതരുടെ ആക്രമണം നടന്നപ്പോൾ പ്രസിഡന്റ് അബ്ദുൾ ഗയ്യൂം സഹായത്തിനായി അമേരിക്കയെ ആശ്രയിക്കാതെ ഇന്ത്യയുടെ അടുത്തു വന്നത്. അതുപോലെ തന്നെ ശ്രീലങ്കയിലെ സിംഹളീസ് ആക്രമണം നേരിടാൻ, ശ്രീലങ്കൻ നേതൃത്വം രാജീവിനെ ബന്ധപ്പെടാൻ ഒട്ടും തന്നെ അമാന്തിച്ചിരുന്നില്ല.

 

മാലി പ്രസിഡന്റിനെ അധികാരസ്ഥാനത്തു നിന്നും പുറത്താക്കാൻ വിമതർ നടത്തിയ ശ്രമത്തിനെ പരാജയപ്പെടുത്താൻ ഇന്ത്യൻ സൈന്യം അവിടെ ഓപ്പറേഷൻ കാക്ടസ് എന്ന പേരിൽ ഒരു സൈനിക ഇടപെടൽ നടത്തിയിരുന്നു. 1988 ൽ എൺപതോളം ആയുധധാരികളായ തീവ്രവാദികൾ മാലിയിൽ ബോട്ടുകളിലായി വന്നിറങ്ങി പ്രധാനപ്പെട്ട ഭരണസംവിധാനങ്ങളെല്ലാം പിടിച്ചെടുക്കുകയുണ്ടായി. ഇവരെ സഹായിക്കാൻ നേരത്തെ തന്നെ മാലിയിൽ സഹായികൾ വേഷം മാറി വന്നിറങ്ങിയിട്ടുണ്ടായിരുന്നു. എന്നാൽ ഇവർക്ക് പ്രസിഡന്റ് അബ്ദുൾ ഗയ്യൂമിനെ പിടികിട്ടിയില്ല, അദ്ദേഹം ഒരു രഹസ്യസങ്കേതത്തിൽ ഒളിവിൽ പോയി. ഈ പ്രതിസന്ധിയിൽ നിന്നും രക്ഷപ്പെടാൻ അബ്ദൾ ഗയ്യൂം ഇന്ത്യയുടെ സൈനിക സഹായം അഭ്യർത്ഥിച്ചു. പ്രധാനമന്ത്രി രാജീവ് ഗാന്ധി ഉടനെതന്നെ 1,600 ത്തോളം വരുന്ന സൈനികരെ മാലിയിലേക്കയച്ചു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യൻ സൈന്യം മാലിയുടെ നിയന്ത്രണം തിരികെ പിടിച്ചു[34]. തീവ്രവാദികളിൽ ചിലർ പിടിക്കപ്പെട്ടു, ചിലർ കൊല്ലപ്പെട്ടു. ജീവനോടെ സൈന്യം പിടിച്ചവരെ ഗയ്യൂം സർക്കാർ വധശിക്ഷക്കോ, ജീവപര്യന്തം തടവിനോ വിധിക്കുയും ചെയ്തു. ഈ സൈനിക നടപടിയോടെ ഇന്ത്യയും മാലിയും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമായി.

ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക വികസനത്തെ രാജീവ് അകമഴിഞ്ഞു പ്രോത്സാഹിപ്പിച്ചു. കമ്പ്യൂട്ടറുകൾ, വിമാനങ്ങൾ, പ്രതിരോധ-വാർത്താവിനിമയ ഉപകരണങ്ങൾ എന്നിവയ്ക്ക് ഉൾപ്പെടെ സാങ്കേതിക വ്യവസായങ്ങൾക്കുള്ള ഇറക്കുമതി ചുങ്കം രാജീവ് ഗണ്യമായി കുറച്ചു. ഇന്ത്യയിൽ വളർന്നു വരുന്ന പുതിയ തലമുറ യാഥാസ്ഥിതികമായ പഠന, അറിവുസമ്പാദന രീതികളിൽ നിന്നും മാറി ലോകോത്തര നിലവാരമുള്ള സാങ്കേതിക വിദ്യാ ഇതിനായി ഉപയോഗിക്കണമെന്ന് രാജീവ് ആഗ്രഹിച്ചു. ഇതിന്റെ ഭാഗമായി ആശയവിനിമയ സാങ്കേതികാ വിദ്യ സാധാരണ ജനങ്ങളിലേക്കെത്തിക്കാൻ രാജീവ് ശ്രമം തുടങ്ങി. സി-ഡോട്ട് എന്ന സ്ഥാപനത്തെ സർക്കാരിന്റെ കെട്ടുപാടുകളിൽ നിന്നും സ്വതന്ത്രമാക്കി. സി-ഡോട്ടിനെ സ്വന്തമായി ലക്ഷ്യങ്ങൾ നിർവചിക്കാനും,അത് നേടിയെടുക്കാനും തക്ക കഴിവുള്ള ഒരു ഗവേഷണവികസന സ്ഥാപനമാക്കുകയായിരുന്നു രാജീവിന്റെ ലക്ഷ്യം. ഇന്ത്യയിൽ ആശയവിനിമയരംഗത്ത് ഒരു നവ ആശയമായിരുന്ന പബ്ലിക് കോൾ ഓഫീസുകൾ നടപ്പിലാക്കിയത് സാങ്കതികവിദ്യ സാധാരണജനങ്ങളിലേക്കെത്തികണം എന്നുള്ള രാജീവിന്റെ ഇച്ഛാശക്തിയായിരുന്നു.

രാജ്യത്തിന്റെ ലൈസൻസ് രാജ് – പുതിയ വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള ചുവപ്പുനാട ഗണ്യമായി കുറക്കുവാനുള്ള നടപടികൾ രാജീവ് ഗാന്ധി സ്വീകരിച്ചു. 1986-ൽ രാജീവ് ഗാന്ധി ഇന്ത്യയിൽ ഒട്ടാകെ ശാസ്ത്ര സാങ്കേതിക ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുവാനായി പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചു. വേഗത്തിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ ആയിരുന്നു രാജീവിന്റെ മനസ്സിലുണ്ടായിരുന്നത്. അത് പ്രാവർത്തികമാക്കാൻ ഉള്ള ഇച്ഛാശക്തിയും ഉണ്ടായിരുന്നു യുവാവായ രാജീവിന്. ഏഴാം പഞ്ചവത്സരപദ്ധതിയിൽ സാമ്പത്തിക വളർച്ച 5.6 ശതമാനമായി ഉയർന്നു. വ്യാവസായിക വളർച്ച 8 ശതമാനമായിരുന്നു. ദാരിദ്ര്യരേഖാ ശതമാനം 38 ൽ നിന്നും 28 ലേക്കു താഴ്ന്നു. സമ്പദ് വ്യവസ്ഥയിൽ ഒരു ഉണർവ് പ്രകടമായിരുന്നു.

ഇന്ത്യയിൽ നവോദയ വിദ്യാലയങ്ങൾ ആരംഭിച്ചത് 1986 ഇൽ രാജീവ് ഗാന്ധിയാണ്. ഗ്രാമങ്ങളിലെ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസ നൽകുന്നതിനായുള്ള സർക്കാർ പദ്ധതിയാണ് നവോദയ വിദ്യാലയ. 1985 ലാണു ആദ്യത്തെ നവോദയ രൂപം കൊണ്ടതു്. പി.വി നരസിംഹറാവുവിന്റെ ആശയമാണു നവോദയ.രാജിവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണു നവോദയ വിദ്യാലയങ്ങളുടെ തുടക്കം.തുടക്കത്തിൽ നവോദയ വിദ്യാലയം എന്ന പേരായിരുന്നു.പിന്നീടു പണ്ഡിറ്റ് ജവഹർലാൽ നെഹ്രു വിന്റെ 100 ആം ജന്മദിന വർഷത്തിൽ ജവഹർ നവോദയ വിദ്യാലയ എന്ന പേരു സ്വീകരിച്ചു.

ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് കുടിയേറിപ്പാർത്ത തമിഴ് വംശജരോടും അവരുടെ ആവശ്യങ്ങളോടും ഇന്ത്യ ചരിത്രപരമായും തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാർട്ടികളുടെ സമ്മർദ്ദം മൂലവും സഹതാപവും ഒപ്പം ഐക്യദാർഢ്യവും പുലർത്തിയിരുന്നു. തമിഴ് പുലികൾക്ക് ഇന്ത്യ ആയുധവും പരിശീലനവും നൽകുന്നു എന്ന് ആരോപിക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ ഇന്റലിജൻസ് ഏജൻസിയായ റിസർച്ച് ആന്റ് അനാലിസിസ് വിങ് (റോ) തമിഴ് തീവ്രവാദികഗ്രൂപ്പുകൾക്ക്, അവരുടെ അഭ്യർത്ഥന പ്രകാരം സൈനിക പരിശീലനവും നൽകിയിരുന്നു. ശ്രീലങ്കയിലെ സിംഹള ജനതയ്ക്കിടയിൽ ഇത് ഇന്ത്യയോടുള്ള രോഷത്തിനു കാരണമായി. കൊളംബോയിൽ വെച്ച് രാജീവ് ഗാന്ധിയും ശ്രീലങ്കൻ രാഷ്ട്രപതിയായ ജെ.ആർ.ജയവർദ്ധനെയും തമ്മിൽ ഇന്ത്യാ-ശ്രീലങ്ക സമാധാന കരാർ 1987 ജൂലൈ 30-ന് ഒപ്പുവെച്ചു[46]. തൊട്ടടുത്ത ദിവസം ശ്രീലങ്കൻ നാവികസേനയുടെ ‘ഗാർഡ് ഓഫ് ഓണർ’ സ്വീകരിക്കുകയായിരുന്ന രാജീവ് ഗാന്ധിയെ നിരയായി നിന്ന ശ്രീലങ്കൻ നാവികരിൽ വിജിത റൊഹാന എന്ന നാവികൻ തന്റെ തോക്കിന്റെ പാത്തികൊണ്ട് തലക്കടിച്ച് കൊല്ലുവാൻ ശ്രമിച്ചു[47][48]. രാജീവ് ഈ വധശ്രമത്തിൽ നിന്ന് ചെറിയ പരുക്കുകളോടെ കഷ്ടിച്ച് രക്ഷപെട്ടു.

ശ്രീലങ്കൻ പ്രസിഡന്റ് ജയവർധനെയുടെ ആവശ്യപ്രകാരമാണ് ഇന്ത്യ ശ്രീലങ്കയിലേക്ക് സമാധാന സംരക്ഷണ സേനയെ അയക്കാൻ തയ്യാറായത്. ഇന്ത്യൻ സൈന്യത്തിന് ശ്രീലങ്കയിൽ നിസ്സാരമായ വിജയം നേടാനാവുമെന്ന് ഇന്റലിജൻസ് സംവിധാനം രാജീവിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിരുന്നു. വേലുപ്പിള്ള പ്രഭാകരനെ 72 മണിക്കൂറിനുള്ളിൽ പിടികൂടാം എന്ന് അവർ രാജീവിന് ആത്മവിശ്വാസം നൽകി. ഇന്ത്യാ-ശ്രീലങ്ക സമാധാന കരാർ അനുസരിച്ച് എൽ.ടി.ടി.ഇ. രാജീവ് അയച്ച ഇന്ത്യൻ സമാധാന സൈന്യത്തിനു മുൻപിൽ സമാധാനപരമായി ആയുധങ്ങൾ അടിയറവെയ്ക്കുമായിരുന്നു. എന്നാൽ ഈ നീക്കം തിരിച്ചടിക്കുകയും ഇത് ഒടുവിൽ ഇന്ത്യൻ സൈന്യവും എൽ.ടി.ടി.ഇ. യും തമ്മിൽ ഒരു തുറന്ന യുദ്ധത്തിന് വഴി തെളിക്കുകയും ചെയ്തു. ഓപ്പറേഷൻ പവൻ എന്നു പേരിട്ടു വിളിച്ച ഈ യുദ്ധത്തിൽ ആയിരത്തോളം ഇന്ത്യൻ ഭടന്മാർക്ക് ജീവൻ നഷ്ടപ്പെട്ടു. ഒട്ടേറെ തമിഴ് വംശജർ കൊല്ലപ്പെടുകയും സ്ത്രീകൾ മാനഭംഗപ്പെടുകയും ചെയ്തു. ഇന്ത്യൻ സമാധാന സേന എൽ.ടി.ടി.ഇ. യിൽ നിന്ന് പല പ്രദേശങ്ങളും തിരിച്ചുപിടിക്കുകയും എൽ.ടി.ടി.ഇ.യുടെ നിയന്ത്രണത്തിലുള്ള പ്രദേശം ജാഫ്നയിലെ വളരെ ചുരുക്കം ഭാഗങ്ങളായി ചുരുങ്ങുകയും ചെയ്തു. എന്നാൽ ഈ സമയത്ത് ഇന്ത്യൻ സൈനിക നടപടിയോടുള്ള എതിർപ്പ് ശ്രീലങ്കയിൽ ശക്തമാവുകയും ശ്രീലങ്കയിലെ രാഷ്ട്രീയ നേതൃത്വവും സർക്കാരും ഇന്ത്യയോട് വെടിനിർത്താൻ ആവശ്യപ്പെടുകയും അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിൽ നിന്ന് ഇന്ത്യയെ വിലക്കുകയും ചെയ്തു. ഇന്ത്യൻ രാജ്യതന്ത്രജ്ഞതയുടെയും സൈനിക തന്ത്രജ്ഞതയുടെയും പരാജയമായി കണക്കാക്കപ്പെട്ട ഈ ‘ശ്രീലങ്കൻ സാഹസ’ത്തിൽ നിന്ന് രാജീവ് ഗാന്ധി ഇന്ത്യൻ സൈന്യത്തെ പിൻ‌വലിച്ചു.

ശ്രീലങ്കയുടെ ആഭ്യന്തരകാര്യങ്ങളിലെ ഇന്ത്യയുടെ ഇടപെടൽ ചേരിചേരാ നയത്തിന്റെ പരസ്യമായ ലംഘനമായി വ്യാഖ്യാനിക്കപ്പെട്ടു. 1989 ൽ വി.പി.സിങ് സർക്കാർ ഇന്ത്യൻ സമാധാന സംരക്ഷണസേനയെ പിൻവലിക്കുന്നതുവരെ നിർണ്ണയിക്കപ്പെട്ട ലക്ഷ്യത്തിലേക്കെത്താനാകാതെ ഇന്ത്യൻ സൈന്യം അവിടെ പൊരുതുകയായിരുന്നു. ഇന്ത്യയിൽ ജനിച്ച തമിഴ് വംശജർക്കെതിരേ ഇന്ത്യൻ സർക്കാരും ശ്രീലങ്കൻ സർക്കാരും കൂടിച്ചേർന്നു നയിച്ച ഈ സൈനിക നീക്കം പരക്കെ വിമർശിക്കപ്പെട്ടു[53]. ശ്രീലങ്കയിൽ ഇന്ത്യൻ താൽപര്യങ്ങൾക്കെതിരേ ഇസ്രായേൽ-പാകിസ്താൻ സംയുക്തമായി പ്രവർത്തിക്കുന്നുണ്ടെന്നും, അത് തടയേണ്ടത് ഇന്ത്യയുടെ ആവശ്യമാണെന്നും രാജീവ് ലോക സഭയിൽ ഒരു പ്രസ്താവന നടത്തുകയുണ്ടായി. ശ്രീലങ്കയിലെ ഇന്ത്യൻ സമാധാനസംരക്ഷണസേനയുടെ ഇടപെടലിനെ ന്യായീകരിക്കാനായിരുന്നു ഇതെന്നു പറയപ്പെടുന്നു.

രാജീവിന്റെ അവസാനത്തെ പൊതുസമ്മേളനം തമിഴ്‌നാട്ടിലെ തിരുത്തണിയിലായിരുന്നു. രാജീവ് ഗാന്ധി മെയ് 21 1991-ഇൽ ശ്രീപെരുമ്പത്തൂരിൽ വെച്ച് ഒരു തിരഞ്ഞെടുപ്പ് പ്രചരണ സമ്മേളനത്തിൽ വെച്ച് ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. എൽ.ടി.ടി.ഇ അംഗമായ തേന്മൊഴി ഗായത്രി രാജരത്നം (തനു) എന്ന സ്ത്രീയാണ് ആത്മഹത്യാ ബോംബർ ആയി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത്. ശിവരശൻ എന്ന എൽ.ടി.ടി.ഇ. നേതാവ് ഈ കൊലപാതകത്തിന് സൂത്രധാരകനായിരുന്നു. പ്രസംഗ വേദിക്കരികിലുള്ള ഇന്ദിരാ ഗാന്ധിയുടെ പ്രതിമയിൽ മാല അണിയിച്ചശേഷം ചുവപ്പു പരവതാനിയിട്ട വഴിയിലൂടെ വേദിക്കരികിലേക്കു നടക്കുന്ന വഴിയിലാണ് തനുവും കൂട്ടാളികളും കാത്തുനിന്നിരുന്നത്. രാജീവിനെ സ്വീകരിക്കാൻ സുരക്ഷാപരിശോധന കഴിഞ്ഞ ആളുകൾ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. എന്നാൽ രാജീവ് ഗാന്ധി വരുന്ന തിക്കിലും തിരക്കിലും സുരക്ഷാ ഭടന്മാരുടെ കണ്ണുവെട്ടിച്ച്, തനു തന്റെ ശരീരത്തിൽ ചേർത്തു കെട്ടിയ ബോംബുമായി രാജീവിനരികിലേക്കെത്തുകയായിരുന്നു. തിരക്കിട്ട് രാജീവിനടുത്തേക്ക് വന്ന തനുവിനെ സുരക്ഷാ ഉദ്യോഗസ്ഥയായ അനസൂയ തള്ളിമാറ്റിയെങ്കിലും രാജീവ് കയ്യുയർത്തി അനസൂയയെ തടയുകയായിരുന്നു. സമയം ഏകദേശം രാത്രി 10.20 ന് രാജീവിന്റെ കഴുത്തിൽ ഹാരം അണിയിച്ചശേഷം, കാലിൽ സ്പർശിക്കാനെന്ന വ്യാജേന കുമ്പിട്ട തനു തന്റെ ശരീരത്തിലുള്ള ബോംബിന്റെ ഡിറ്റോണെറ്ററിൽ വിരലമർത്തുകയായിരുന്നു എന്നു പറയപ്പെടുന്നു. ശക്തമായ സ്ഫോടനമായിരുന്നു പിന്നീട്. രാജീവിനു ചുറ്റും നിന്നിരുന്ന പതിനഞ്ചു പേർ മരിച്ചു. മാംസം കരിഞ്ഞമണവും പുകയുമായിരുന്നു അവിടെ കുറേ നേരത്തേക്ക്. രാജീവ് സ്ഥിരമായി ധരിക്കാറുള്ള ലോട്ടോ എന്ന പാദരക്ഷയാണ് അദ്ദേഹത്തിന്റെ മൃതദേഹം പെട്ടെന്നു തന്നെ തിരിച്ചറിയാനായി സഹായിച്ചത്.

1991 ഏപ്രിൽ 7ന് ഒരു പ്രധാന തിരഞ്ഞെടുപ്പ് യോഗത്തിൽ തീവ്രവാദികൾ രാജീവിനെ വധിക്കേണ്ട പദ്ധതിയുടെ ഒരു പരിശീലനം നടത്തിനോക്കിയിരുന്നു. ഇത് ചിത്രങ്ങളിലാക്കി ശേഖരിച്ചുവെക്കാനായി ഹരിബാബു എന്ന ഒരു ഫ്രീലാൻസ് ഫോട്ടോഗ്രാഫറേയും തീവ്രവാദികൾ വാടകക്കെടുത്തിട്ടുണ്ടായിരുന്നു. ശ്രീപെരുംപുത്തൂറിൽ ഹരിബാബുവിന്റെ ക്യാമറയിൽ നിന്നും കിട്ടിയ ചിത്രങ്ങളാണ് കൊലപാതകികളെ തിരിച്ചറിയാൻ സഹായിച്ചത്. ഹരിബാബു ഈ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നുവെങ്കിലും അയാളുടെ ക്യാമറക്കോ അതിനുള്ളിലെ ഫിലിമുകൾക്കോ യാതൊരു കേടും പറ്റിയിരുന്നില്ല.

2006 വരെ എൽ.ടി.ടി.ഇ. രാജീവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ല. 2006 ഇൽ ഒരു അഭിമുഖത്തിൽ തമിഴ് പുലികളുടെ വക്താവായ ആന്റൺ ബാലശിങ്കം എൽ.ടി.ടി.ഇ.യുടെ പങ്ക് പരോക്ഷമായി സമ്മതിച്ചു. രാജീവിന്റെ മരണത്തിന് ഉത്തരവാദിയായി ശ്രീലങ്കൻ വംശജരായ എൽ.ടി.ടി.ഇ. അംഗങ്ങളും തമിഴ്‌നാട്ടിൽ നിന്നുള്ള അവരുടെ സഹായികളും അടക്കം 26 പേരെ ഒരു ഇന്ത്യൻ കോടതി കുറ്റക്കാരായി വിധിച്ചു. രാജീവ് ഗാന്ധിക്ക് മരണത്തിനുശേഷം രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്നം ലഭിച്ചു. വീർഭൂമി എന്ന സ്മാരകം ഡെൽഹിയിൽ രാജീവിന്റെ സമാധി സ്ഥലത്ത് നിർമിച്ചിട്ടുണ്ട്. രാജീവിന്റെ മരണം ഉയർത്തിയ സഹതാപതരംഗത്തിൽ കോൺഗ്രസ് വീണ്ടും 1991 തിരഞ്ഞെടുപ്പിൽ ഇന്ത്യയിൽ അധികാരത്തിൽ വന്നു.

കടപ്പാട് – വിക്കിപീഡിയ.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply