ഹാഷിമ – തകർന്ന യുദ്ധക്കപ്പൽ പോലെ ഉപേക്ഷിക്കപ്പെട്ട ഒരു ദ്വീപ്…

കാലങ്ങള്‍ക്കു മുമ്പ് ആ തീരത്തൊരു നഗരവും, അവിടെ ജനങ്ങളും ഉണ്ടായിരുന്നുവെന്നതു അത്ഭുതമായിത്തോന്നാം. ജനവാസത്തിന്‍റെ അവശിഷ്ടങ്ങളൊന്നും തന്നെ ശേഷിച്ചിട്ടില്ല. കാഴ്ചയ്ക്കൊരു യുദ്ധഭൂമിയുടെ പ്രതീതി. ആരോ തകര്‍ത്തെറിഞ്ഞ നഗരത്തിന്‍റെ ഭയപ്പെടുത്തുന്ന അവശിഷ്ടങ്ങള്‍ മാത്രം. അതുകൊണ്ടു തന്നെയാണു ലോകത്തിലെ ഏറ്റവും തരിശായ ഇടം എന്ന വിശേഷണം ഈ ദ്വീപിനെത്തേടിയെത്തിയത്. മൂന്നു പേരുകളുണ്ട് ഈ ദ്വീപിന്. ഹാഷിമ എന്ന് യഥാര്‍ഥ പേര്. തകര്‍ന്നടിഞ്ഞ ഒരു യുദ്ധക്കപ്പല്‍ പോലെ തോന്നിക്കുന്നതു കൊണ്ട് അതേ അര്‍ഥം വരുന്ന ഗുങ്കന്‍ജിമ എന്ന പേരും ലഭിച്ചു. ഒപ്പം ബാറ്റില്‍ഷിപ്പ് ഐലന്‍ഡ് എന്നും. കടലിനു നടുവില്‍ തകര്‍ന്നടിഞ്ഞ കപ്പല്‍ പോലെയൊരു തീരം. പക്ഷേ, തകര്‍ച്ചയുടേയും മരുഭൂമി പോലെയായതിന്‍റേയും കഥ മാത്രമല്ല ബാറ്റില്‍ഷിപ്പ് ഐലന്‍ഡിനു പറയാനുള്ളത്, പ്രൗഢമായ ഒരു ഭൂതകാലം കൂടിയുണ്ട് ബാറ്റില്‍ഷിപ്പ് ഐലന്‍ഡിന്.

യുദ്ധത്തിനു ശേഷമുള്ള ഭൂമി പോലെ തോന്നിക്കും ഹാഷിമ ദ്വീപിലെത്തിയാല്‍. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍, നഗരശേഷിപ്പുകള്‍, ഒരു കാലത്ത് ഒരു ജനത ജീവിച്ചിരുന്നുവെന്നു കാണിക്കുന്ന സൂചനകള്‍….ഹാഷിമ ദ്വീപിലെ കാഴ്ചകള്‍ ഒരുപാടുണ്ട്. നാഗസാക്കിയുടെ പരിധിയില്‍പ്പെട്ട 505 ജനവാസമില്ലാത്ത ദ്വീപുകളിലൊന്നാണു ഹാഷിമ. നാഗസാക്കിയില്‍ നിന്നു പതിനഞ്ചു കിലോമീറ്റര്‍ അകലെ. നാഗസാക്കിയുമായുള്ള സാമീപ്യം അറിയുമ്പോള്‍ അണുബോംബാക്രണത്തില്‍ തകര്‍ന്ന നഗരമാണെന്നു തോന്നാമെങ്കിലും യാഥാര്‍ഥ്യം അതല്ല.

ഒരു നൂറ്റാണ്ട് മുമ്പ് കടലിനു നടുവില്ലുള്ള ഈ ദ്വീപിലും ചുറ്റുപാടും വൻതോതിൽ കല്ക്കരി നിക്ഷേപം ജപ്പാൻക്കാർ കണ്ടെത്തി. ഈ വിഭവങ്ങൾ ചൂഷ്ണം ചെയ്യുവാൻ അവർ തീരുമാനിക്കുകയും ചെയ്തു. 1887 മുതല്‍ 1974 വരെ ഈ പതിനഞ്ച് ഏക്കര്‍ ദ്വീപില്‍ കൽക്കരി ഖനനം നടത്തിയിരുന്നു. അതിനുള്ള പ്രവർത്തനത്തിന്റെ ഫലമായി നിരവധി പേരെ ഇവിടെയ്ക്ക് കൊണ്ടുവരികയും ചെയ്തിരുന്നു. രണ്ടാം ലോക മഹായുദ്ധം പൊട്ടിപുറപ്പെട്ട വേളയിൽ’ കൊറിയയിൽ നിന്നും ചൈനയിൽ നിന്നും തെഴിലാളികളെയും യുദ്ധതടവുകാരായ ആളുകളെയും അടക്കം 5259 പേരെ ഇവിടെയ്ക്ക് എത്തിക്കുകയും കല്ക്കരി കുഴിച്ചെടുക്കുന്നതിനും മറ്റുമായി നിർബന്ധിതമായി ജോലി ചെയ്യിക്കുകയും ചെയ്തിരുന്നു.

ഇങ്ങനെ കൊണ്ടുവന്ന ജോലിക്കാരെ ക്രൂരമർദ്ദനത്തിനും അധിക്ഷേപത്തിനും വിധേയമാക്കിയിരുന്നു. കാണുന്ന കാഴ്ചയിൽ തന്നെ പലരും ജീവനുള്ള അസ്ഥിക്കൂടങ്ങൾക്ക് തുല്യമായിരുന്നു. പുറംലോകത്തേക്ക് ഇവിടെ നിന്നു രക്ഷപ്പെട്ട സൺ ഷാംഗോ എന്ന യുവാവിന്റെ വെളിപ്പെടുത്തൽ തന്നെ ഭയാനകമായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു – “ഒരോ ആളുകൾക്കും നിശ്ചിത ജോലികൾ ഒരോ ദിവസവും നൽകും. ഇതു പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ ക്രൂരമായ മർദനവും അടിമജോലികൾ വെറെയും ചെയ്യേണ്ടി വരും.” ഒരു വലിയ ജയിൽപോലെ ഉയർന്ന കോൺക്രീറ്റ് മതിലുകളോടെയാണ് ഈ ദ്വീപ് പ്രവർത്തിച്ചിരുന്നത്. പല തൊഴിലാളികളും ഇവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. പക്ഷെ കടലിൽ വീഴുകയും മരണപ്പെടുകയുമാണ് മിക്കവാറും സംഭവിച്ചിരുന്നത്. ചിലർ ഇവിടെ തന്നെ ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. അധികൃതരുടെ അപമാനവും ക്രൂരമായ പീഢനങ്ങളും അത്രത്തോളം ഭീകരമായിരുന്നു.

പക്ഷേ അറുപതുകളില്‍ കല്‍ക്കരിക്കു പകരം പ്രധാന ഇന്ധനമായി പെട്രോളിയം ഉയര്‍ന്നു വന്നപ്പോള്‍ ഹാഷിമയുടെ വ്യാവസായിക പ്രസക്തി നഷ്ടമായി. 1810 മുതല്‍ കല്‍ക്കരി കണ്ടെടുത്തിരുന്നു ഇവിടെ നിന്ന്. ജപ്പാനില്‍ വ്യാ വസായികവത്ക്കരണം സംഭവിച്ചപ്പോള്‍ ഹാഷിമ ദ്വീപ് ഖനനത്തിനുള്ള താവളമായി മാറി. അറുപതുകളില്‍ മൈനുകള്‍ അടച്ചുപൂട്ടിത്തുടങ്ങിയപ്പോള്‍ ഹാഷിമയുടെ വിധിയും മറ്റൊന്നായിരുന്നില്ല. അതോടെ അവിടുത്തെ ജനങ്ങള്‍ വീടൊഴിഞ്ഞു തുടങ്ങി. പലരും അത്രയും നാളും ഉപയോഗിച്ചു വന്ന സാധനങ്ങള്‍ പോലും എടുക്കാതെയാണു മടങ്ങിയത്. അതോടെ കടലിനു നടുവില്‍ തകര്‍ന്നടിഞ്ഞ യുദ്ധക്കപ്പല്‍ പോലെ ആരാലും സംരക്ഷിക്കപ്പെടാത്ത തീരമായി മാറി ഹാഷിമ ദ്വീപ്.

ആ നഗരം അന്യമായിപ്പോയ മുപ്പത്തഞ്ചാം വര്‍ഷം, 2009ല്‍ അവിടെ ഒരു ലാന്‍ഡിങ് ബാന്‍ കൊണ്ടു വന്നു. ആ തീരത്ത് അടുക്കുന്നതിനു നിരോധനം ഏര്‍പ്പെടുത്തി. അതുവരെ ബോട്ടുകള്‍ക്കു ഹാഷിമ ദ്വീപില്‍ അടുക്കാന്‍ അനുവാദമുണ്ടായിരുന്നു. ഇപ്പോഴും ഹാഷിമ ദ്വീപിന്‍റെ അതിര്‍ത്തി കടന്ന് അകത്തെത്തുന്നതു നിരോധിച്ചിട്ടുണ്ടെങ്കിലും. പ്രദേശവാസികളില്‍ ചിലര്‍ തകര്‍ന്ന കെട്ടിടങ്ങളും നഗരവുമൊക്കെ കാണാന്‍ ഇപ്പോഴും സ്ഥിരമായെത്തുന്നു. സംരക്ഷിക്കാന്‍ ആരുമില്ലാത്തതു കൊണ്ടു തന്നെ പല കെട്ടിടങ്ങളും പൂര്‍ണമായും തകര്‍ന്നു കഴിഞ്ഞു. ശേഷിച്ചവ ഹാഷിമ ദ്വീപിനൊരു പ്രേതനഗരത്തിന്‍റെ ഛായ നല്‍കുന്നു. 2002 വരെ മിറ്റ്സുബിഷി മെറ്റീരിയല്‍ അപ്പിനായിരുന്നു ഹാഷിമ ദ്വീപിന്‍റെ ഉടമസ്ഥാവകാശം. 2002ല്‍ ടക്കാഷിമ നഗരത്തിന് ഉടമസ്ഥാവകാശം കൊടുത്തു. 2005ല്‍ ടക്കാഷിമ ടൗണിനെ നാഗസാക്കി ഏറ്റെടുത്തതോടെ ഹാഷിമ ദ്വീപ് നാഗസാക്കിയുടെ നിയന്ത്രണത്തിലാവുകയായിരുന്നു.

ഹാഷിമ ദ്വീപിനെ യുനെസ്കോയുടെ വേള്‍ഡ് ഹെറിറ്റേജ് സൈറ്റില്‍ പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്. നഗരത്തെ സംരക്ഷിതസ്മാരകം ആക്കണമെന്ന ആവശ്യവും ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ പൂര്‍ണമായ രീതിയില്‍ ദ്വീപ് റീ ഓപ്പണ്‍ ചെയ്യാന്‍ വന്‍ തുക ചെലവാകുമെന്നതാണു സത്യം. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ പഴയരീതിയില്‍ ആക്കണമെങ്കിലോ, പുതുക്കിപ്പണിയണമെങ്കിലോ ധാരാളം പണം വേണം. കൃത്യമായ സുരക്ഷ ഉറപ്പു വരുത്താതെ സന്ദര്‍ശകരെ അകത്തു കടത്തിവിടാനും കഴിയില്ല.

എന്നാലും ഹാഷിമ ദ്വീപില്‍ ഏകാന്തത ഉപയോഗപ്പെടുത്തുവരുണ്ട്. ലോക പ്രശസ്ത ഫോട്ടൊഗ്രഫര്‍മാരില്‍ പലരും ഇവിടെ എത്തിക്കഴിഞ്ഞു. ഹിസ്റ്ററി ചാനല്‍ ലൈഫ് ആഫ്റ്റര്‍ പീപ്പിള്‍ എന്ന പ്രോഗ്രാമുമായി ദ്വീപില്‍ എത്തി. 1949ല്‍ പുറത്തിറങ്ങിയ ദ ഗ്രീന്‍ലെസ് ഐലന്‍ഡ് എന്ന സിനിമയും 2003ലെ ചിത്രം ബാറ്റില്‍ റോയല്‍ സെക്കന്‍ഡ് ചിത്രീകരിച്ചതും ഹാഷിമ ദ്വീപില്‍ വച്ചായിരുന്നു. പല മ്യൂസിക് വിഡിയോകള്‍ക്കും ഫോട്ടൊ ഷൂട്ടിനായി ഇപ്പോഴും ഈ നഗരം വേദിയാകുന്നു. അതുകൊണ്ടു തന്നെ പൂര്‍ണമായും ഒഴിവാക്കപ്പെട്ട സ്ഥലമെന്നു പറയാനാകില്ല. ന്യൂനപക്ഷമെങ്കിലും ചിലരെങ്കിലും ഏകാന്തതീരത്തിന്‍റെ സൗന്ദര്യം പകര്‍ത്താന്‍ ബാറ്റില്‍ഷിപ്പ് ഐലന്‍ഡില്‍ എത്തിക്കൊണ്ടിരിക്കുന്നു.

അണുബോംബിനാൽ തകർന്നു തരിപ്പണമായ ജപ്പാനിലെ നാഗസാക്കിയിൽ നിന്ന് 15 കിലോമീറ്റർ ദൂരെയായി കടല്ലിൽ ഒറ്റപ്പെട്ടു നില്ക്കുന്ന ദ്വീപ് ആണ് ഹഷിമ.  ദൂരെ നിന്ന് നോക്കിയാൽ ,സർവ്വസന്നഹങ്ങളേടെ യുദ്ധത്തിന് തയ്യാറായി നില്ക്കുന്ന ഒരു യുദ്ധകപ്പൽ ആയി തോന്നുമെങ്കിലും “അടുത്തെത്തുമ്പോൾ ആണ് ഒരു കാലത്ത് കല്കരി ഖനനവും വ്യവസായിക വിപ്ലവവും കൊണ്ട് ഉന്നതിയിലെയ്ക്ക് എടുത്തു ചാടിയ പ്രദേശമാണെന്ന യഥാർത്ഥ്യം മനസ്സിലാവുക. ഈ ദ്വീപിന്റെ പ്രത്യേക സവിശേഷതകളിൽ ഒന്നാണ് ഉപേക്ഷിക്കപ്പെട്ട കോൺക്രീറ്റ് കെട്ടിടങ്ങൾ. കടൽ വെള്ളം കയറാതെ ഇതിനെ സംരക്ഷിച്ചു നിർത്തിയിരിക്കുന്ന മതിലും ഇതുവരെ ഒരു നാശമില്ലാതെ തുടരുന്നു.

ഈ ദ്വീപ് ജപ്പാന്റെ ദ്രുതഗതിയിലുള്ള വ്യവസയാ വല്കരണത്തിന്റെ പ്രതീകം ആണെങ്കിലും – രണ്ടാം ലോകമഹായുദ്ധത്തിനും അതിനു മുമ്പും ഇത് ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് :- 1810-ൽ ആണ് ഈ ദ്വീപ് കണ്ടെത്തിയത്. ഇതിന്റെ വിസ്തീർണ്ണം 6.3 ചതുരശ്ര ഹെക്ടർ ആണ് ( 16 ഏക്കർ). ലോക പൈതൃക കേന്ദ്രമായി അംഗികരിച്ചിട്ടുള്ള ജപ്പാനിലെ നിരവധി പ്രദേശങ്ങളിൽ ഒന്നായ ഹാഷിമ ദ്വീപ് ഭൂമിയിലെ ആകർഷണമായ ടൂറിസ്റ്റ് കേന്ദ്രമാണെങ്കിലും നൂറുകണക്കിന് ചൈനകാരുടെയും കൊറിയക്കാരുടെയും ശവകുടീരങ്ങൾ ഇവിടെയുണ്ട്.

കടപ്പാട് – Samsakara Discussions.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply