ഹാക്കര്‍മാര്‍ക്കായി നിങ്ങള്‍ തുറന്നിട്ട ‘വഴികള്‍’; അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങള്‍..

ഇന്നത്തെ സൈബര്‍ യുഗത്തില്‍ ‘സുരക്ഷ’, ‘സ്വകാര്യത’ എന്നീ വാക്കുകള്‍ക്ക് അര്‍ത്ഥം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം നമ്മളില്‍ പലരും ചെറുകിട ഹാക്കിങ്ങിന് ഇരയായിട്ടുമുണ്ട്. ഒരു ചെറിയ കംമ്പ്യൂട്ടര്‍ പ്രോഗ്രാമിനെ കൊണ്ട് വിലപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തുന്ന സൈബര്‍ ചാരന്മാര്‍ക്കിടയില്‍ ‘അതിജീവനം’ ഏറെ ദുഷ്‌കരമാണെന്നുള്ള ഉദ്ദാഹരണങ്ങള്‍ ദിനംപ്രതി നാം കണ്ടും കേട്ടും കൊണ്ടിരിക്കുകയാണ്. എന്നാല്‍ ചെറുകിട സൈബര്‍ ആക്രമണങ്ങള്‍ക്ക് നാം ഇരയായകുന്നത് നമ്മുടെ അശ്രദ്ധ മൂലവും ഇന്റര്‍നെറ്റില്‍ നാം പിന്തുടര്‍ന്ന് വരുന്ന ചില ദുശ്ശീലങ്ങളാലുമാണ്. സൈബര്‍ ആക്രമണങ്ങളില്‍ നിന്നും താത്കാലിക പ്രതിരോധം തീര്‍ക്കാന്‍ നാം ചെയ്യേണ്ടത് ഇത്രമാത്രം-

1. വിപിഎന്‍ (VPN) : വിപിഎന്‍ എന്നത് പോയിന്റ് ടു പോയിന്റ് (point to point) കണക്ഷന്‍ ഉപയോഗപ്പെടുത്തുന്ന സാങ്കല്‍പിക സ്വകാര്യ നെറ്റ്‌വര്‍ക്കാണ്. അതിനാല്‍ നമ്മുടെ സക്വാര്യ നെറ്റ്‌വര്‍ക്കുകള്‍ പൊതു നെറ്റ് വര്‍ക്കുകളുമായി കണക്ട് ചെയ്യുന്നത് കൂടുതല്‍ കരുതലോടെയാണ്. എന്‍ക്രിപ്ഷന്‍ സാങ്കേതികത വിപിഎന്‍ ഉപയോഗപ്പെടുത്തുന്നതിനാല്‍ നമ്മുടെ വിവരങ്ങള്‍ സുരക്ഷിതവുമായിരിക്കും.

2. പ്രൈമറി ഇമെയിലുകളുടെ ഉപയോഗം : നിലവില്‍, സമൂഹമാധ്യമങ്ങള്‍ മുതല്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങ് വരെ ഇമെയിലുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. പലപ്പോഴും ഔദ്യോഗിക ആവശ്യങ്ങള്‍ക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കും നാം ഉപയോഗപ്പെടുത്തുന്നതും ഒരേ ഇമെയില്‍ വിലാസങ്ങള്‍ ആയിരിക്കാം. അതിനാല്‍ നമ്മുടെ ഇമെയില്‍ വിലാസങ്ങല്‍ ഇന്റര്‍നെറ്റില്‍ പരക്കെ നല്‍കപ്പെടുന്ന അവസ്ഥയാണ്. ഇത് സുരക്ഷ ആശങ്കകള്‍ വഴിവെയ്ക്കുന്നതാണ്. അതിനാല്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങ് മുതലായ ആവശ്യങ്ങള്‍ക്ക് പ്രത്യേക ഇമെയില്‍ വിലാസം സ്വീകരിക്കുന്നത് ഫിഷിങ്ങ്, സ്പാമിങ്ങ് മുതലായ നീക്കങ്ങളില്‍ നിന്നും പ്രതിരോധം സൃഷ്ടിക്കും.

3. വിവിധ അക്കൗണ്ടുകള്‍ക്ക് ഒരേ പാസ്‌വേഡ് ഉപയോഗിക്കരുത് : ഒരല്‍പം ദുഷ്‌കരമാണെങ്കിലും വിവിധ അക്കൗണ്ടുകള്‍ക്ക് വ്യത്യസ്ത പാസ് വേഡുകള്‍ നല്‍കുന്നത് സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ നിര്‍ണായകമാണ്. പാസ് വേഡുകള്‍ മറക്കാനിടയുള്ള സാഹചര്യങ്ങളില്‍ പാസ്‌വേഡ് മാനേജിങ്ങ് ആപ്ലിക്കേഷനുകള്‍ ഉപയോഗപ്പെടുത്താം.

4. വെബ് അഡ്രസുകളില്‍ ക്ലിക്ക് ചെയ്യുന്നതിലും ഉചിതം അഡ്രസ് ടൈപ് ചെയ്യുന്നതാണ് : അജ്ഞാത വിലാസങ്ങളില്‍ നിന്നും സന്ദേശങ്ങളില്‍ നല്‍കിയിരിക്കുന്ന ഹൈപ്പര്‍ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നതില്‍ ജാഗ്രത പുലര്‍ത്തണം. ചില സാഹചര്യങ്ങളില്‍ അത്തരം ലിങ്കുകള്‍ ചെന്നെത്തിക്കുന്നത് നമ്മുടെ വിവരങ്ങള്‍ വെളിപ്പെടുത്താനുള്ള ഫോറങ്ങളിലേക്കായിരിക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ വെബ് അഡ്രസ്, ബ്രൗസറിലുള്ള അഡ്രസ് ബാറില്‍ ടൈപ് ചെയ്ത് പരിശോധിക്കേണ്ടതാണ്. പലപ്പോഴും പ്രമുഖ വെബ്‌സൈറ്റുകളെ ‘കോപ്പിയടിച്ച്’ കൊണ്ട് വ്യാജന്‍മാര്‍, ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ട്. യഥാര്‍ത്ഥ വെബ്‌സൈറ്റിന്റെ അഡ്രസില്‍ നിന്നും നേരിയ വ്യത്യാസം മാത്രമായിരിക്കും വ്യാജന്മാരുടെ വിലാസങ്ങള്‍ക്ക് ഉണ്ടാവുക.

5. സൗജന്യ വൈഫൈ സേവനങ്ങള്‍ പരിമിതപ്പെടുത്തുക : മിക്കപ്പോഴും നാം ഇന്റര്‍നെറ്റിനായി സൗജന്യ വൈഫൈ സേവനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. സൗജന്യ വൈഫൈ സേവനങ്ങള്‍ക്ക് ലോഗിന്‍ ചെയ്യുന്നതോടെ നാം മാല്‍വെയര്‍ ആക്രമണങ്ങള്‍ നേരിടാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, ഇന്റര്‍നെറ്റിലെ നമ്മുടെ നീക്കങ്ങള്‍, അജ്ഞാരായ വ്യക്തിത്വങ്ങള്‍ക്ക് മനസിലാക്കാനും സാധിക്കും.

6. 2 – സ്‌റ്റെപ് വെരിഫിക്കേഷന്‍ : സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്ന സമൂഹ മാധ്യമങ്ങള്‍ ഇപ്പോള്‍ 2-സ്‌റ്റെപ് വെരിഫിക്കേഷന്‍ സംവിധാനം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. ലോഗിന്‍ ചെയ്യവെ 2-സ്‌റ്റെപ് വെരിഫിക്കേഷനിലൂടെ ഉപഭോക്താക്കള്‍ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകളിലേക്ക് കോഡുകള്‍ അയക്കപ്പെടും. ഈ കോഡുകള്‍ കൃത്യമായി നല്‍കിയാല്‍ മാത്രമാണ് തുടര്‍ന്ന് മുന്നോട്ട് പോകാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കുകയുള്ളു. ഒരല്‍പം സമയം വൈകിക്കുന്ന പ്രക്രിയ ആണെങ്കിലും സുരക്ഷ ഉറപ്പ് വരുത്താന്‍ ഇതിലും നല്ലൊരു മാര്‍ഗമില്ല.

7. സ്വകാര്യ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെയ്ക്കരുത് : സമൂഹ മാധ്യമങ്ങളില്‍ നാം പങ്ക് വെയ്ക്കുന്ന ചില ചെറിയ സൂചനകളില്‍ നിന്ന് പോലും വിവരങ്ങള്‍ ചോര്‍ത്താന്‍ ഹാക്കര്‍മാര്‍ക്ക് മിടുക്കുണ്ട്. അതിനാല്‍ ഇത്തരം സാഹചര്യങ്ങള്‍ കഴിവതും ഒഴിവാക്കേണ്ടത് അനിവാര്യമാണ്.

8. ലോഗ് ഔട്ട് ചെയ്യാന്‍ മറക്കരുത് : സ്മാര്‍ട്ട്‌ഫോണുകളും ടാബ്ലറ്റുകളും സജീവമായതോടെ വിവിധ അക്കൗണ്ടുകള്‍ ഉപയോഗിക്കാനുള്ള ബുദ്ധിമുട്ട് നീങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ ഒരൊറ്റ് ക്ലിക്കില്ലോ ടച്ചിലോ വ്യത്യസ്ത അക്കൗണ്ടുകളില്‍ ഒരേസമയം കടക്കാന്‍ നമ്മുക്ക് സാധിക്കും. പലപ്പോഴും എളുപ്പത്തിനായി നാം അക്കൗണ്ടുകളില്‍ നിന്നും ലോഗ് ഔട്ട് ചെയ്യാന്‍ മടി കാണിക്കുന്നത് സുരക്ഷ പാളിച്ചകള്‍ക്ക് വഴിവെയ്ക്കും.

9. സ്വകാര്യത ഉറപ്പ് വരുത്തുക : സമൂഹ മാധ്യമങ്ങളില്‍ സ്വകാര്യത നയങ്ങള്‍ പരിശോധിക്കേണ്ടതും ഉറപ്പ് വരുത്തേണ്ടതും അനിവാര്യമാണ്. സമൂഹ മാധ്യമങ്ങളില്‍ സ്വകാര്യത ഉറപ്പ് വരുത്തുന്നത് വഴി അപരിചിതരുടെ ഇടപെടലുകള്‍ക്ക് വലിയ തോതില്‍ തടയിടാന്‍ സാധിക്കും.

10. അക്കൗണ്ടുകള്‍ ഒരിക്കലും ലിങ്ക് ചെയ്യരുത് : വിവിധ അക്കൗണ്ടുകള്‍ തമ്മില്‍ ലിങ്ക് ചെയ്യുന്നത് ഹാക്കര്‍മാരെ ക്ഷണിക്കുന്നതിന് തുല്യമാണ്. നമ്മുടെ വിവരങ്ങള്‍ ഇത്തരം സാഹചര്യങ്ങളില്‍ മറ്റുള്ളവരുമായി പങ്ക് വെയ്ക്കപ്പെട്ടേക്കാം. മാത്രമല്ല, നമ്മുടെ ഏതെങ്കിലും ഒരു അക്കൗണ്ടില്‍ കടന്ന് കയറുന്ന ഹാക്കര്‍മാര്‍ക്ക്, ലിങ്ക് ചെയ്ത ബാക്കി അക്കൗണ്ടുകളില്‍ കടന്ന് കയറുന്നതിന് യാതൊരു ബുദ്ധിമുട്ടും നേരിടില്ല.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply