ജനശതാബ്ദി എക്‌സപ്രസ്സിന് കണക്ഷനായി ബസ്സ് വേണം

വെളുപ്പിന് 4.45ന് കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന ജനശതാബ്ദി എക്‌സ്പ്രസ്സിന് കണക്ഷനായി ആലക്കോട് മേഖലയില്‍ നിന്നും ഒരു കെഎസ്ആര്‍ടിസി ബസ്സ് അനുവദിക്കണമെന്ന ആവശ്യത്തിന് ശക്തി കൂടുന്നു. തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട് കണ്ണൂരില്‍ സമാപിക്കുന്ന ജനശതാബ്ദി എക്‌സ്പ്രസ്സിന് കണക്ഷനായി ഇപ്പോള്‍ ഒരു കെഎസ്ആര്‍ടിസി ബസ്സ് ഓടുന്നുണ്ട്. കണ്ണൂര്‍ ഡിപ്പോയില്‍ നിന്നും സര്‍വ്വീസ് നടത്തുന്ന ഈ ബസ്സില്‍ എന്നും നിറയെ യാത്രക്കാര്‍ ഉണ്ടാകാറുണ്ട്.


കണ്ണൂരില്‍ 4.30ഓടെ എത്തിച്ചേരുന്ന വിധത്തില്‍ ഒരു സര്‍വ്വീസ് ആരംഭിച്ചാല്‍ ഒരിക്കലും നഷ്ടം വരില്ല. അങ്ങനൊരു സര്‍വ്വീസ് ലഭിക്കുകയാണെങ്കില്‍ ആലക്കോട് മേഖലയിലുള്ളവര്‍ക്ക് മാത്രമല്ല നടുവില്‍, ഒടുവള്ളി, ചപ്പാരപ്പടവ്, പെരുമ്പടവ്, തളിപ്പറമ്പ് മേഖലയിലുള്ളവര്‍ക്കും പ്രയോജനപ്പെടും. ഇപ്പോള്‍ തളിപ്പറമ്പില്‍ നിന്നും ജനശതാബ്ദി എക്‌സ്പ്രസ്സിനു പോകേണ്ട യാത്രക്കാര്‍ ആശ്രയിക്കുന്നത് വെളുപ്പിന് 3 മണിക്കും 3.30നും ഇടയില്‍ എത്തിച്ചേരുന്ന മൂകാംബിക -കൊട്ടാരക്കര ബസ്സിനെയാണ്. താലൂക്ക് ആസ്ഥാനമായിട്ടും തളിപ്പറമ്പില്‍ നിന്നും ജനശതാബ്ദിക്ക് കണക്ഷനായി ഒരു സര്‍വ്വീസ് ഇല്ല.
ആലക്കോട് മേഖലയില്‍ നിന്നും 3 മണിക്ക് ഒരു സര്‍വ്വീസ് ആരംഭിച്ചാല്‍ 4.30ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്താം. അപ്പോള്‍ യാത്രക്കാര്‍ക്ക് തെക്കോട്ടും വടക്കോട്ടും സൗകര്യത്തിന് ട്രെയിനുകള്‍ ഉണ്ട്. കണ്ണൂരില്‍ നിന്നും പുറപ്പെടുന്ന ജനശതാബ്ദിക്കു പുറമെ 5.15ന്റെ ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സ്, 5.45ന്റെ കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ എന്നിവ ലഭിക്കും. മാത്രമല്ല നേരം വൈകി വരുന്ന ദീര്‍ഘദൂര ട്രെയിനുകളും രണ്ട് ഭാഗത്തേക്കും ലഭിക്കുകയും ചെയ്യും.

ഇപ്പോള്‍ ഈ മേഖലയിലുള്ളവര്‍ ബസ്സിന് വന്നാല്‍ ലഭിക്കുന്നത് തെക്കോട്ടുള്ള പരശുരാം എക്‌സ്പ്രസ്സാണ്. വടക്കോട്ട് മലബാര്‍ എക്‌സ്പ്രസ്സ് കിട്ടിയില്ലെങ്കില്‍ മംഗലൂരു പസഞ്ചര്‍ മാത്രമാണ് ആശ്രയം. ജനങ്ങളുടെ ആവശ്യം കണ്ടറിഞ്ഞ് ഒരു സര്‍വ്വീസ് നടത്താന്‍ അധികൃതര്‍ തയ്യാറായാല്‍ ഏറെ ഉപകാരമായിരിക്കും. വൈകുന്നേരം 5 മണിക്ക് ശേഷം കണ്ണൂരില്‍ നിന്നും ഒരു കെഎസ്ആര്‍ടിസി സര്‍വ്വീസ് ആരംഭിച്ചാല്‍ സ്ഥിര യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുകയും ആ ബസ്സ് വെളുപ്പിന് കണ്ണൂരിലേക്ക് സര്‍വ്വീസ് നടത്തുകയും ചെയ്യാം.

കടപ്പാട് –  ജന്മഭൂമി

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply