കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാരെ കുടുക്കുന്ന ചില യാത്രക്കാരുടെ സ്വഭാവം..

“ഇവിടെ വന്നില്ലായിരുന്നു….ഫോൺ വിളിക്കുകയായിരുന്നു….ചോദിച്ചത് കേട്ടില്ല…… ഉറങ്ങിപ്പോയി…..തിരക്ക് കുറഞ്ഞിട്ട് എടുക്കാമെന്ന് വിചാരിച്ചു…….ഇറങ്ങേണ്ട സ്ഥലം എവിടെയാണ് എന്ന് ചോദിച്ച് വിളിച്ചിട്ട് കിട്ടിയില്ല….കുറച്ച് അപ്പുറത്ത് നിന്ന് ഒരാൾ കൂടി കയറാനുണ്ട് ഒരുമിച്ച് എടുക്കാമെന്ന് വിചാരിച്ചു…..”

ഇത് എന്താണന്നല്ലേ ? ഒരു KSRTC കണ്ടക്ടർ ഇത്രയും സമയം ടിക്കറ്റ് എടുക്കാതിരുന്നത് എന്താണ് എന്ന് ചോദിക്കുമ്പോൾ കേൾക്കുന്ന സ്ഥിരം മറുപടികളിൽ ചിലത് മാത്രമാണ്. ഇത് ഇവിടെ പറയാൻ കാരണം എന്താണ് എന്നാവും നിങ്ങൾ ചിന്തിക്കുന്നത്. മറ്റൊന്നുമല്ല കഴിഞ്ഞ 2 മാസത്തിനിടക്ക് 5 പേരാണ് ടിക്കറ്റ് കൊടുക്കാത്തതിന്റെ പേരിൽ എന്റെ ഡിപ്പോയിൽ മാത്രം സസ്പെന്റ് ചെയ്യപ്പെട്ടത് . ഇവർ ചെയ്ത കുറ്റം ബസ്സിൽ 50 ആളുകൾ ഉണ്ടെങ്കിൽ 49 പേർക്ക് ടിക്കറ്റ് കൊടുത്തു എന്നതല്ല എന്തോ കാരണത്താൽ ഒരാളെ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാൻ അനുവദിച്ചു എന്നതാണ്.

കോർപററേഷന്റെ നിയമപ്രകാരം ബസ്സിൽ എത്ര യാത്രക്കാരുണ്ടോ അത്രയും ആളുകൾക്ക് ടിക്കറ്റ് കൊടുത്തതിന് ശേഷമേ നിലവിലുള്ള സ്റ്റേജിൽ നിന്നും അടുത്ത സ്റ്റേജിലേക്ക് കടക്കാവൂ എന്നാണ്. അങ്ങിനെ കൊടുത്തു തീർക്കാൻ പറ്റിയില്ല എങ്കിൽ ബസ്സ് നിർത്തി ടികറ്റ് കൊടുക്കണം എന്നതാണ് .മോട്ടോർ വെഹിക്കിൾ ആക്റ്റ് പ്രകാരം ഒരു ബസ്സിൽ കയറാൻ പറ്റുന്ന ആളുകളുടെ എണ്ണം വച്ചുള്ള നിയമമാണ് ഇത് . പക്ഷേ ആ നിയമം വച്ച് കൊണ്ട് കേരളത്തിലെ റോഡുകളിൽ സർവ്വീസ് നടത്തുക പ്രായോഗികമല്ല. പിന്നെയുള്ളത് കയറുന്ന ആളുകൾക്ക് മാക്സിമം പെട്ടെന്ന് കൊടുത്തു തീർക്കുക എന്നതാണ്. ഇങ്ങനെ കൊടുത്തു തീർക്കാനുള്ള വ്യഗ്രതയിൽ ”ടിക്കറ്റെടുക്കാനുണ്ടോ” എന്ന് ചോദിച്ചു പോകുക എന്നല്ലാതെ ഓരോരുത്തരേയും തൊട്ട് വിളിക്കുക എന്നത് പ്രായോഗികമല്ല .ഇനി വിളിച്ചാൽ തന്നെ ടിക്കറ്റെടുത്ത ആളാണ് എങ്കിൽ ” ഒരു പ്രാവിശ്യം എടുത്താൽ പോരെ ഓരോ സ്റ്റോപ്പിലും എടുക്കണോ” എന്ന പരിഹാസവും കുറവല്ലാതെയുണ്ട് .

പ്രിയപ്പെട്ട യാത്രക്കാരോട് പറയാനുള്ളത് ബസ്സിൽ കയറിയ നിങ്ങൾക്ക് നിങ്ങൾ ഒരാളുടെ കാര്യം മാത്രം ശ്രദ്ധിച്ചാൽ മതിയാകും. പക്ഷേ ഒരു കണ്ടക്ടറെ സംബന്ധിച്ചിടത്തോളം അപ്പോൾ ആ ബസ്സിലുള്ള മുഴുവൻ ആളുകളുടെയും കാര്യം ശ്രദ്ധിക്കണം . മേൽ പറഞ്ഞ കാരണങ്ങളാലോ വേറെ ഏതോ കാരണത്താലോ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യവേ തൊട്ടപ്പുറത്ത് നിന്ന് ഒരു ഇൻസ്പെക്ടർ ബസ് ചെക്ക് ചെയ്യാൻ കയറി നിങ്ങളുടെ കയ്യിൽ ടിക്കറ്റില്ലാ എന്ന് കണ്ടാൽ 49 പേർക്ക് ടിക്കറ്റ് കൊടുത്തതായിരിക്കില്ല പ്രൊജക്റ്റ് ചെയ്ത് നിൽക്കുന്നത്, ഒരാൾക്ക് കൊടുത്തില്ല എന്നതായിരിക്കും അവരുടെ പ്രശ്നം.

ഞാൻ ചോദിച്ചതാണ് അദ്ദേഹം എടുക്കാതിരുന്നതാണ് എന്ന നമ്മുടെ വാദമോ ചിലപ്പോഴങ്കിലും സത്യസന്ധമായ യാത്രക്കാർ “ഉറങ്ങിപ്പോയി” “മറന്നുപോയി” എന്ന പറച്ചിലുകളോ ഈ ഇൻസ്പെക്ടർമാർ ഗൗനിക്കാറില്ല .അവസാനം ഇത് ചെന്നെത്തുന്നത് 6 മാസത്തെ ഇൻക്രിമെന്റ് ബാറിലോ സസ്പെൻഷനിലോ ട്രാൻസ്ഫറിലോ ആയിരിക്കും. യാത്രക്കാർക്ക് നിസ്സാരമെന്ന് തോന്നുന്ന ചെറിയ അശ്രദ്ധ എത്തിക്കുന്നത് അവനെയും അവനെ ചുറ്റിപ്പറ്റി നിൽക്കുന്ന കുടുംബക്കാരുടെയും കണ്ണീരിലായിരിക്കും.

നിസ്സാര ലാഭത്തിനായി കണ്ടക്ടർമാരെ ബലിയാടാക്കുന്നവരും ഉണ്ട്. ലഗേജ്: ഇത് 15 കിലോ താഴയേ ഉള്ളു ലഗേജ് ഇടാൻ ഒന്നുമില്ല എന്ന 50 രൂപയിൽ താഴെ ലാഭത്തിന് വേണ്ടിയുള്ള ചെറിയ നുണ എത്തിക്കുന്നതും നടേ പറഞ്ഞ അവസ്ഥയിലേക്കാണ്. ഹാഫ് ടിക്കറ്റ് : 5 വയസ്സ് ആകുന്നതേ ഉള്ളൂ എന്ന സ്വാർത്ഥ താൽ പര്യത്തിന് വേണ്ടിയുള്ള നുണയും കണ്ടക്ടർമാരുടെ അന്നം മുട്ടിക്കലിലേക്ക് എത്തിച്ചിട്ടുണ്ട്.

പ്രിയ സ്ത്രീയാത്രക്കാരോട് പ്രത്യേകം ഒരു കാര്യം പരാമർശിക്കുകയാണ് . ലിംഗ വിവേചനം ആയി ഇതിനെ കാണരുത് എന്ന് പ്രത്യേകം ഉണർത്തുന്നു.തിരക്കുള്ള ബസ്സുകളിൽ തിരക്ക് കുറഞ്ഞിട്ട് ടിക്കറ്റെടുക്കാം എന്ന് കരുതുന്നവരിൽ കൂടുതലും സ്ത്രീകളാണ്. ചോദിക്കുമ്പോൾ രൂപ എടുക്കാൻ പറ്റിയില്ല എന്ന ന്യായമായ കാരണമാണ് അവർ ബോധിപ്പിക്കുക .പക്ഷേ ഈ കാരണം ഇൻസ്പെക്ടർമാരെ സംബന്ധിച്ചിടത്തോളം അവർക്ക് അറിയേണ്ടുന്ന കാരണമല്ല. എത്ര തിരക്കുള്ള ബസ്സ് ആണെങ്കിലും ദയവു ചെയ്തു പൈസ തന്നില്ലങ്കിലും പ്രശ്നമല്ല ടിക്കറ്റ് ഒരണം വാങ്ങി കൈയ്യിൽ വക്കുക.ഇറങ്ങുമ്പോൾ ക്യാഷ് തന്നാലും മതിയാകും .ഇവിടെയും പ്രശ്നങ്ങൾ ഉണ്ട് എന്ന് സാന്ദർഭികമായി സൂചിപ്പിക്കട്ടെ. ടിക്കറ്റ് കൊടുക്കുന്നത് യാത്രക്കാർ കാണില്ല ക്യാഷ് വാങ്ങുന്നതേ കാണൂ .അവർ മനസ്സിൽ അല്ലങ്കിൽ പരസ്യമായി ചോദിക്കും ക്യാഷ് വാങ്ങിച്ച് ടിക്കറ്റ് കൊടുത്തില്ലല്ലോ എന്ന്. അനുഭവങ്ങൾ ഏറെ.

പിന്നെ ഒരു കൂട്ടർ ഉണ്ട്.. എറെ പ്രശ്നം സൃഷ്ടിക്കുന്ന ഒരു കൂട്ടരാണ് ഇവർ .ടിക്കറ്റ് എടുക്കും ക്യാഷും തരും അബദ്ധത്തിൽ ടിക്കറ്റ് നഷ്ടപ്പെട്ട് ഇൻസ്പെക്ടർ കയറിയാൽ സ്വയരക്ഷക്കായി നിസ്സാരമെന്നു തോന്നുമെങ്കിലും വളരെ ഗൗരവമുള്ള നുണ പറയും “ക്യാഷ് കൊടുത്തതാണ് ടിക്കറ്റ് തന്നില്ല” എന്ന്. അതായത് കണ്ടക്ടർ മോഷണം നടത്തി എന്ന്. ടി വിവരം റിപ്പോർട് ചെയ്താൽ പിന്നെ ഡിസ്മിസ് ആണ് ശിക്ഷ .നിങ്ങൾ ദയവായി ഉള്ള കാര്യം സത്യസന്ധമായി പറയുക ടിക്കറ്റ് നഷ്ടപ്പെട്ടു എന്നത്. ഒരു മാസം മുമ്പ് എനിക്ക് ഉണ്ടായ അനുഭവം ആയതിനാലാണ് ഇതും കൂടി ഇവിടെ കുറിക്കുന്നത്. റിപ്പോർട്ട് ചെയ്തു ഇൻസ്പെക്ടർ ഇറങ്ങിപ്പോയതിന് ശേഷം ടിയാൾക്ക് കൊടുത്ത ടിക്കറ്റ് ബസ്സിൽ ഇദ്ദേഹം ഇരുന്ന സീറ്റിന്റെ അടിയിൽ നിന്ന് എനിക്ക് കിട്ടിയത് കൊണ്ടാണ് അന്ന് ഞാൻ രക്ഷപെട്ടത്.

ഈ പോസ്റ്റ് KSRTC യുടെ നഷ്ടങ്ങൾ ചർച്ച ചെയ്യാനുള്ള പോസ്റ്റായി കാണരുത് എന്ന് മാത്രമല്ല കുറെ ജോലിക്കാരുടെ മാനസികാവസ്ഥ കുറിച്ച് എന്ന് മാത്രം മേൽ പറഞ്ഞ വിഷയങ്ങളിൽ പ്രിയ യാത്രക്കാർ 5 മിനിറ്റ് ഞങ്ങളോട് സഹകരിച്ചാൽ ഒരുവിധം പ്രശ്നങ്ങളിൽ നിന്നു ഞങ്ങൾ രക്ഷപെടും എന്ന് ഉണർത്താൻ കൂടി ആണ് ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിച്ചത്.

കടപ്പാട് – ഇത് ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക്..

Check Also

ലോകത്തിലെ Top 20 ബഡ്‌ജറ്റ്‌ എയർലൈനുകൾ ഇവയാണ്… Top 20 best low-cost airlines in the world

A low-cost carrier (also known as a no-frills, discount or budget airline) is an airline …

Leave a Reply