വിവരണം – അഖില് വി.ആര്.
ചില സ്വപ്നങ്ങൾ നമ്മൾ ഉറക്കത്തിൽ കാണുന്നതാണ്.. എന്നാൽ മറ്റു ചിലത് നമ്മളുടെ ഉറക്കം തന്നെ കെടുത്തുന്നതും.. കുട്ടിക്കാലത്തു മനസ്സിൽ കൊണ്ടുനടന്ന ചില ആഗ്രഹങ്ങൾ വളരുമ്പോൾ വല്യ ചില സ്വപ്നങ്ങൾ ആയി മാറാറുണ്ട്.. അത്തരത്തിൽ എന്നോ മനസ്സിൽ കുടിയേറിയ ഒരു സ്വപ്ന സാക്ഷാത്കാരത്തിന്റെ കഥയാണ് ഇവിടെ കുറിയ്ക്കുന്നത്.. കുഞ്ഞുന്നാൾ തൊട്ട് പലരും പറഞ്ഞു കേട്ടിട്ടുണ്ട്, ആലിപ്പഴം പൊഴിയുന്നത് കാണാൻ വല്യ ഭംഗിയാണെന്ന്.. അന്ന് മനസ്സിൽ കണ്ടതാണ് മഞ്ഞു കാണുന്നതും മഞ്ഞു കൊള്ളുന്നതും.. മകരമാസത്തിലെ മരങ്ങൾ പോലും കോച്ചുന്ന തണുപ്പത്തു, പലവട്ടം ഞാനും മഞ്ഞുപെയ്യുന്നത് കാണാൻ പുറത്തിറങ്ങി നിന്നിട്ടുണ്ട്. പക്ഷെ സമയം പോയത് മിച്ചം..
ഈ വർഷത്തെ വിന്ററിൽ ആ ആഗ്രഹം അങ്ങ് തീർക്കണം എന്ന് ചിന്തിക്കാൻ തുടങ്ങിയിട്ട് കുറച്ചായി. പക്ഷെ എവിടെ പോവണം?? എവിടെ പോയാലും ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്നായിരിക്കണം അത്. മഞ്ഞിൽ ടെന്റ് കെട്ടി താമസിക്കണം, മഞ്ഞു പെയ്യുമ്പോൾ അതിൽ ഇറങ്ങി മതിയാവോളം ആസ്വദിക്കണം അതൊക്കെ ആയിരുന്നു ആഗ്രഹം. ആദ്യം മനസ്സിൽ തെളിഞ്ഞത് ഉത്തരാഖണ്ഡ് ആയിരുന്നു.. പ്രകൃതി സൗന്ദര്യം കൊണ്ട് ഭൂമിയിലെ സ്വർഗം എന്നും, ചരിത്ര പ്രധാനമായ തീർത്ഥാടന കേന്ദ്രങ്ങൾ കൊണ്ട് ദേവഭൂമി എന്നും അറിയപ്പെടുന്ന ഉത്തരാഖണ്ഡ്!!! അടുത്തതായി വന്ന ചോദ്യം, ഉത്തരാഖണ്ഡിൽ എവിടെ എന്നുള്ളതായിരുന്നു. ഗൂഗിളിലും ഫേസ്ബുക്കിലും എല്ലാം ഒരുപാട് തപ്പി.. മഞ്ഞിൽ കൂടിയുള്ള ട്രെക്കിങ്ങ് ഒരുപാടെണ്ണം ലഭ്യമായിരുന്നു. അവസാനം ഹിമാലയൻ ക്ലബ് എന്ന ഫേസ്ബുക് പേജിൽ എൻ്റെ മനസുകണ്ടറിഞ്ഞന്നവണ്ണം ഒരു വീഡിയോ എൻ്റെ കണ്ണിൽ പെട്ടു.. മഞ്ഞു പെയ്യുന്ന താഴ്വരയിൽ കൂടി 4 ,5 ട്രെക്കേഴ്സ് നടന്നു നീങ്ങുന്നതായിരുന്നു ആ വീഡിയോ. മറ്റൊരു സ്ഥലത്തെ കുറിച്ചുള്ള തിരച്ചിൽ ഞാൻ അവിടെ നിർത്തി.. Kuari Pass എന്നായിരുന്നു ആ സ്വപ്ന ഭൂമിയുടെ പേര്. ഫെബ്രുവരി 15 ആയിരുന്നു, വിന്റർ തീരും മുന്നേ kuari Pass എത്തണം.
സമയക്കുറവായതിനാൽ കൊച്ചിയിൽ നിന്നും ഡെറാഡൂണിലേക്കു Feb 18 നു ഫ്ലൈറ്റ് ബുക്ക് ചെയ്തു.. എപ്പോളത്തെയും പോലെ എന്റെ പ്രീയ സുഹൃത്ത് കൃഷ്ണനുണ്ണിയും കൂടെ ഉണ്ടായിരുന്നു.. രാവിലെ പത്തുമണിയ്ക്ക് കൊച്ചിയിൽ നിന്നും യാത്ര തിരിച്ച ഞങ്ങൾ ഉച്ചകഴിഞ്ഞു ഏകദേശം മൂന്നുമണിയോടെ ഡെറാഡൂണിലെത്തി. Jolly Grant Airport. വളരെ കുറഞ്ഞ സർവീസ് മാത്രമുള്ള ഒരു കുഞ്ഞു എയർപോർട്ട് ആണിത്. ഡെറാഡൂണിൽ നിന്നും ഋഷികേശിലേക്കും, അവിടെ നിന്നും ജോഷിമത്തിലേക്കും ആണ് യാത്ര..
പുതിയൊരു ലോകം നമുക്കു മുൻപിൽ ഇപ്പോൾ തന്നെ തുറന്ന് കിട്ടിയ ഒരു പ്രതീതി ആയിരുന്നു ഇവിടെ വന്നിറങ്ങിയത് മുതൽ. പ്രതീക്ഷകളുടെ ഹൃദയമിടിപ്പ് സ്വന്തം ഹൃദയമിടിപ്പിനെ വെല്ലുന്ന അവസ്ഥ. ഇനി അധികം കാത്തുനിൽക്കാതെ യാത്ര തുടരുക തന്നെ വഴി. ഡെറാഡൂൺ എയർപോർട്ടിൽ നിന്നും ഋഷികേശ് വരെ 18 കിലോമീറ്റർ ദൂരമാണുള്ളത്. പക്ഷെ എയർപോർട്ടിൽ നിന്നും ടാക്സി വിളിച്ചാൽ ഏകദേശം ആയിരം രൂപയ്ക്ക് മുകളിൽ ടാക്സി ചാർജ് ഈടാക്കുമത്രെ. എയർപോർട്ടിൽ നിന്നും ഒരു കിലോമീറ്റർ പുറത്തേക്കു നടന്നാൽ ഋഷികേശ്-ഡെറാഡൂൺ ഹൈവേ എത്തും.. അവിടെ നിന്നാൽ വെറും പതിനഞ്ചു രൂപയ്ക്ക് ഋഷികേശിലേക്കു ബസും, നൂറു രൂപയ്ക്ക് ഷൈർഡ് ടാക്സിയും കിട്ടുമെന്ന് ചില ബ്ലോഗുകളിൽ വായിച്ചു മനസിലാക്കിരുന്നു. ചിലവ് കുറഞ്ഞ യാത്ര ആയത്കൊണ്ട് മാത്രമല്ല, സാധാരണക്കാരുടെ ബദ്ധപ്പാട് അറിഞ്ഞുള്ള യാത്ര ആവട്ടെ എന്ന കരുതി തന്നെ ഞങ്ങൾ നടന്നു എയർപോർട്ടിൽ നിന്നും ഹൈവേയിലേക്കു. 40 മിനിറ്റിലെ കാത്തുനില്പിനു് വിരാമമിട്ടുകൊണ്ട് ഒരു ഷൈർഡ് ടാക്സി കിട്ടി. നേരെ ഋഷികേശ്!!!
ഋഷികേശിൽ നിന്നും 255കിലോമീറ്റർ അകലമുള്ള ജോഷിമത്തിലേക്കായിരുന്നു ഞങ്ങൾക്ക് പോവേണ്ടിയിരുന്നത്. വളരെ അപകടം പിടിച്ച വഴിയായതിനാൽ രാവിലെ 10ന് മുൻപ് ജോഷിമത്തിലേക്കുള്ള ബസ് സർവീസ് അവസാനിക്കും. ഋഷികേശ് ബസ് സ്റ്റാൻഡിന്റെ അടുത്തായി ഞങ്ങൾക്കൊരു റൂം തരമായി. ഹോട്ടൽ “ദിക് വിജയ്” അഞ്ഞൂറ് രൂപയായിരുന്നു അവിടുത്തെ ദിവസനിരക്ക്.
അടുത്ത ദിവസം രാവിലെ 5മണിയ്ക്ക് ജോഷിമത്തിലേക്കു പുറപ്പെടുന്ന ബസ്സിൽ ഞങ്ങൾ സീറ്റുപിടിച്ചു. 720 രൂപയാണ് ജോഷിമത്തിലേക്കുള്ള രണ്ടു പേരുടെ യാത്ര നിരക്ക്. വഴി മദ്ധ്യേ റോഡിന്റെ പല ഭാഗങ്ങളിലും മലയിടിഞ്ഞു വീണത് നീക്കം ചെയ്യുന്നത് കാണാമായിരുന്നു. ഇതിവിടുത്തെ സ്ഥിരം കാഴ്ചയാണ്. ചിലപ്പോൾ മലയിടിഞ്ഞു വീണാൽ മണിക്കൂറുകൾ വണ്ടി ബ്ലോക്ക് ആയി നിന്നുപോകും.
വൈകുന്നേരം നാലരയോടെ ജോഷിമത്തിൽ എത്തി. ഇടിഞ്ഞു പൊളിഞ്ഞ റോഡിൽ കൂടി ഓടുന്ന വണ്ടിയിൽ ഏകദേശം പതിനൊന്നര മണിക്കൂർ ഇരുന്നതിന്റെയും, ഭക്ഷണം കഴിക്കാത്തതിന്റെയും ക്ഷീണം വല്ലാതെ അലട്ടിയിരുന്നു.. ഒരു ധാബയിൽ കയറി ആലു പൊറാട്ടയും ചൂട് ചായയും കുടിച്ചപ്പോൾ അല്പം ആശ്വാസമായി. ‘അതിഥി’ എന്ന ജോഷിമത്തിലെ സാമാന്യം തരക്കേടില്ലാത്ത ഒരു ഹോട്ടലിൽ ഞങ്ങൾക്ക് റൂമും തരമായി അറുന്നൂറു രൂപ ആയിരുന്നു അവിടുത്തെ ദിവസനിരക്ക്. റൂമിൽ എത്തി ഒരു കുളിപാസാക്കി പുറത്തേയ്ക്കിറങ്ങി. 10ഡിഗ്രിയിൽ താഴെ ആയിരുന്നു അവിടുത്തെ താപനില.
Kuari Pass!!! ഹിമാലയത്തിന്റെ മടിത്തട്ടിൽ മഞ്ഞിൽ മൂടിയ 13000 ഫീറ്റ് ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മലനിര.. ഗൈഡ് ഇല്ലാതെ അവിടേക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടാണ്..മഞ്ഞുപെയ്യൽ വളരെ കൂടുതൽ ആയതിനാൽ തനിച്ചു പോയാൽ ഏത് നിമിഷവും വഴിതെറ്റാം. ദിക്കറിയാതെ മരുഭൂമിയിൽ പെട്ട കുട്ടിയുടെ അവസ്ഥയുമാവാം. മാത്രമല്ല നാല് ദിവസം പലപല പ്രദേശങ്ങൾ ടെന്റ് അടിച്ചുമാത്രമേ Kuari Passൽ എത്തി ചേരുവാൻ കഴിയുകയുള്ളു.. അതിനാൽ Kuari Pass യാത്ര പ്ലാൻ ചെയ്തപ്പോൾ തന്നെ ഞങ്ങൾ ഗൈഡിനെ സംഘടിപ്പിച്ചിരുന്നു – സന്ദീപ് ഗെൽവാരിയ. ഇരുപത് വയസ്സ് മാത്രം പ്രായമുള്ള വളരെ അനുഭവസമ്പത്തുള്ള ഗൈഡ്. ഏഴുമണിയോടെ ഞങ്ങളെ കാണാൻ അദ്ദേഹം റൂമിൽ എത്തി. അടുത്ത ദിവസത്തെ ട്രക്കിങ്ങിനെപ്പറ്റി ഒരു ചെറിയ വിവരണം തന്നു. രാവിലെ ഒൻപത് മണിയോടെ ട്രക്കിങ് ആരംഭിക്കാം എന്ന് തീരുമാനിച്ച സന്ദീപ് മടങ്ങി..ഈ ദിവസം എനിക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. വർഷങ്ങളായുള്ള സ്വപ്നം സാക്ഷാത്കരിക്കുവാൻ പോവുന്നതിന്റെ സന്തോഷം.. ആദ്യം പറഞ്ഞത് പോലെ, ആ സ്വപ്നങ്ങളെല്ലാം കൂടി തിങ്ങി നിന്നത് കൊണ്ടാവും ഉറങ്ങാൻ എനിക്ക് സാധിച്ചില്ല..
രാവിലെ അഞ്ചുമണിക്ക് തന്നെ ഞാൻ ഉണർന്നു.. ട്രക്കിങ് ഗീയർസ് എല്ലാം ഉണ്ടോ എന്ന് ഉറപ്പുവരുത്തി. ഹോട്ടലിനോട് ചേർന്നുള്ള ചെറിയ ഹോട്ടലിൽ നിന്നും ആലുപൊറോട്ടയും ചായയും കഴിച്ചു സന്ദീപിനെയും കാത്ത് നില്പായി.. എട്ടേമുക്കാലോടെ സന്ദീപ് എത്തി.
ഡാങ്ക് വില്ലേജിൽ നിന്നുമായിരുന്നു ട്രെക്കിങ് ആരംഭിക്കുന്നത്. ജോഷിമത്തിൽ നിന്നും പത്തുകിലോമീറ്റർ അപ്പുറമുള്ള ഡാങ്ക് വില്ലേജിലേക്ക് സന്ദീപ് അറേഞ്ച് ചെയ്ത കാറിൽ ഞങ്ങൾ യാത്രയായി.. മുപ്പത് മിനിറ്റ് കൊണ്ട് ഞങ്ങൾ ഡാങ്ക് വില്ലേജിൽ എത്തി.. കുക്കും പോർട്ടർമാരായ കുതിരകളും കുതിരക്കാരനും ഞങ്ങളെയും കാത്തു അവിടെ ഉണ്ടായിരുന്നു.. കുതിരപ്പുറത്തു ടെന്റും ഭക്ഷണ സാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും നിറച്ചതിനുശേഷം പത്തു മിനിട്ടോടെ ഞങ്ങൾ സ്വപ്നയാത്ര ആരംഭിച്ചു..
ഡാങ്ക് വില്ലേജിൽ നിന്നും ആറ് കിലോമീറ്റർ അപ്പുറമുള്ള ഗുല്ലിങ് ടോപ് ആണ് ഞങ്ങളുടെ ആദ്യ ബേസ് ക്യാമ്പ്. സന്ദീപ് മുന്നിലും ഞങ്ങൾ പിന്നിലുമായി ട്രക്കിങ് ആരംഭിച്ചു.. ഹിമാലയത്തിന്റെ പുരാതന ഗ്രാമങ്ങളിലൂടെയാണ് യാത്ര. പർവതങ്ങൾ മാനം മുട്ടി നില്കുന്നു. തുഗാസി എന്നാണ് ഈ ഗ്രാമത്തിന്റെ പേര്. 1.2 കിലോമീറ്റർ ഇടവിട്ട് റസ്റ്റ് എടുക്കാൻ റെസ്റ്റിംഗ് പോയിന്റുകൾ ഉണ്ട്..
ചില ഷെഡുകളും, ചിലയിടങ്ങളിൽ ജല കൈവഴികളോട് ചേർന്നുമാണ് റെസ്റ്റിംഗ് പോയിന്റ്. ഗഡ്വാളി എന്ന ഭാഷയാണ് ഇവിടുത്തെ പ്രാദേശിക ഭാഷ. ഓരോ കിലോമീറ്റർ പിന്നിടുമ്പോളും പ്രകൃതിയിൽ ചില മാറ്റങ്ങൾ കണ്ടുതുടങ്ങി. മുകളിലേക്ക് കയറുംതോറും മഞ്ഞുപർവതങ്ങൾ കൂടുതൽ വ്യക്തമായി തെളിഞ്ഞുതുടങ്ങി. താഴെയുണ്ടായിരുന്ന ചെറിയ പച്ചപ്പ് അവസാനിച്ചു തുടങ്ങിയിരിക്കുന്നു. വരണ്ടു നിൽക്കുന്ന കൂറ്റൻ പൈൻ മരങ്ങൾക്കിടയിലൂടെയായി യാത്രകൾ. ഇടക്ക് എപ്പോഴോ 2 പട്ടികളും ഞങ്ങൾക്ക് ഒപ്പം കൂടി. ടൈഗർ എന്നായിരുന്നു ഗൈഡ് അവയെ വിളിച്ചിരുന്നത്. ബാറ്റിയ ബ്രീഡിൽ പെട്ട അവയ്ക്ക് സാധാരണ നായ്ക്കളെ അപേക്ഷിച്ചു അസാമാന്യ വലിപ്പം ഉണ്ടായിരുന്നു.
ഇവിടങ്ങളിലെ ജലവിതരണ സംവിധാനം ഉപയോഗിച്ചായിരുന്നു ഗ്രാമ വാസികൾ ഗോതമ്പും അരിയും മറ്റും പൊടിപ്പിച്ചിരുന്നത്. മില്ല് പ്രവർത്തിപ്പിക്കാൻ പൊള്ളയായ ഒരു തടിക്ക് ഉള്ളിലൂടെ വെള്ളം കടത്തി വിടുകയും അതിന്റെ പ്രഷറിൽ ആവശ്യമുള്ള വസ്തുക്കൾ പൊടിച്ചെടുകയും ചെയ്യുന്നു. ഒരു ഭാഗത്തു ഗ്രാമവാസികൾ ചാണകവും, ചുണ്ണാമ്പും, പാറക്കല്ലുകളും ഉപയോഗിച്ച് ചെറിയ വീടുകൾ പണിയുന്നു. മറ്റുചിലയിടങ്ങളിൽ ആട്ടയും , ഗോപിയും കൃഷി ചെയ്യുന്നു
ഡ്രോണാഗിരി, ത്രിശൂൽ, എന്നീ പർവതങ്ങൾ ഗുല്ലിങ് ടോപ്പിലേക്കുള്ള യാത്രയിൽ വ്യക്തമായിരുന്നു. അങ്ങനെ മൂന്നരയോടെ സ്വപ്നയാത്രയുടെ ആദ്യ പടിയിൽ ഞങ്ങൾ എത്തി. ഗുല്ലിങ് ടോപ്!! വിശപ്പും യാത്രയും ശരീരത്തെ ആകെ തളർത്തിയിരുന്നു. അതിൽ കൂടുതൽ തളർത്തിയത് ഗുല്ലിങ് ടോപ് ആയിരുന്നു..പ്രതീക്ഷിച്ചപോലെ ഒന്നും തന്നെ അവിടെ കാണുവാൻ കഴിഞ്ഞില്ല. തരിശായി ചെളി കട്ടപിടിച്ച വരണ്ടുണങ്ങിയ മരങ്ങൾ നിൽക്കുന്ന ഗുല്ലിങ് ടോപ്. ഞങ്ങൾക്ക് മുന്നേ എത്തിയ കുക്ക് ഞങ്ങൾക്കും അവർക്കും വേണ്ട ടെന്റ് ഒരുക്കുന്ന ധൃതിയിലായിരുന്നു. സന്ദീപും അവർക്കൊപ്പം കൂടി. എന്ത് ചെയ്യണം എന്നറിയാതെ ഞാനും കൃഷ്ണൻ ഉണ്ണിയും പരസ്പരം നോക്കി അല്പസമയം ഇരുന്നു. സന്ദീപ് ഞങ്ങൾക്ക് കഴിക്കാൻ മാഗ്ഗിയും സൂപ്പും ബിസ്ക്കറ്റും എത്തിച്ചിരുന്നു..
ഭക്ഷണം കഴിഞ്ഞു.. കാണാൻ കൊതിച്ചുവന്ന മഞ്ഞില്ല, ഇനിയെന്ത് എന്നാലോചിച്ചു ഞാൻ ടെന്റിലേക്ക് കയറി.. ഒരു മണിക്കൂറോളം കഴിഞ്ഞു. ടെന്റിന്റെ പുറത്തു എന്തൊക്കെയോ വീഴുന്ന പോലെ ഒരു തോന്നൽ. ഞാൻ കണ്ണ് തുറന്നു, ടെന്റിൽ നിന്ന് പുറത്തേക്കിറങ്ങി എന്റെ ദേഹത്തു എന്തോ വന്നു വീഴുന്നു. അൽപ്പ സമയത്തേക്ക് ഞാൻ ഒരു സ്വപ്ന ലോകത്തായി മാറി. മഞ്ഞ്!!! പെരുമഴപോലെ പെയ്തിറങ്ങുന്ന മഞ്ഞ്. തറയിലെ കട്ട പിടിച്ച ചെളിയും, വരണ്ടുണങ്ങിയ മരങ്ങളും കണ്ണിൽ നിന്നു മാഞ്ഞു തുടങ്ങുന്നു. ചുറ്റിനും മഞ്ഞ്. മഞ്ഞ് മാത്രം… വർഷങ്ങളായുള്ള സ്വപ്നം ഒരു നിമിഷം കൊണ്ട് പൂവണിയുമെന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
തണുപ്പിന്റെ കാഠിന്യം കൂടിക്കൊണ്ടേയിരുന്നു, സമയം കടന്നു പോയി, ക്യാമ്പ് ഫയറിന്റെ അടുത്തേക്ക് ഞങ്ങൾ നീങ്ങി. മഞ്ഞുവീഴുന്നതിനാൽ തീ കത്തുവാൻ വളരെ ബുദ്ധിമുട്ടുണ്ടായിരുന്നു.. ഈ വർഷത്തെ ഏറ്റവും വലിയ മഞ്ഞുവീഴ്ച ഇതാണെന്നും, ഞങ്ങൾ വളരെ ഭാഗ്യവാൻ ആണെന്നും സന്ദീപ് പറഞ്ഞു. മൂന്ന് മണിക്കൂറോളം മഞ്ഞുമഴ പെയ്തു. ഓരോ ചുവടു വെക്കുമ്പോളും കാലു മഞ്ഞിലേക്ക് താഴ്ന്നിറങ്ങുവാൻ തുടങ്ങിയിരുന്നു. സമയം ഒൻപത് ആയി. അത്താഴം കഴിച്ചു . നല്ല ചൂട് ചപ്പാത്തിയും ഡാൽ കറിയും നമ്മുടെ കുക്ക് ചേട്ടൻ ഞങ്ങൾക്കായി ഒരുക്കിയിരുന്നു. തണുപ്പിന്റെ കാഠിന്യം കൂടിവരുന്നു. ഞങ്ങൾ ടെന്റിലെ സ്ലീപ്പിങ് ബാഗിലേക്ക് കയറി. മഞ്ഞു വീഴ്ച തുടർന്നുകൊണ്ടേയിരുന്നു…
ഭായ് സാബ്, ടീ, എന്ന സന്ദീപിന്റെ വിളികേട്ടാണ് അടുത്ത ദിവസം ഞങ്ങൾ ഉണർന്നത്. സമയം 7 മണിയായിരിക്കുന്നു. ടെന്റിന്റെ സിപ് തുറന്നു. ഇന്നലെ കണ്ട സ്ഥലമേയല്ല. മഞ്ഞ്, എങ്ങും മഞ്ഞ് മാത്രം. മരചില്ലകൾ കാണുവാനില്ല.. തൊട്ടടുത്തുകൂടി കൂടി ഒഴുകിയ അരുവി മഞ്ഞിന്റെ കാഠിന്യത്താൽ പകുതിയോളം ഐസ് ആയി മാറിയിരുന്നു.. ചായകുടിച്ചു പുറത്തേക്ക് ഇറങ്ങി. ഒരു ഫീറ്റോളം ഉയരത്തിൽ മഞ്ഞ് വീണു കിടന്നിരുന്നു. നടക്കുമ്പോൾ ഷൂസിന്റെ മുകൾ ഭാഗം വഴി അകത്തേക്ക് മഞ്ഞ് കയറുന്നതു അറിയുവാൻ കഴിഞ്ഞു. പരിസര പ്രദേശങ്ങളിലേക്കും ഞങ്ങൾ നടപ്പു തുടങ്ങി, ഹിമാലയത്തിന്റെ പലമുഖങ്ങളിൽ ഒന്നാണീ മഞ്ഞു. റൊട്ടിയും സൂപ്പുമായിരുന്നു അന്നത്തെ പ്രഭാതഭക്ഷണം. ഒൻപത് മണിയോടെ അടുത്ത ക്യാമ്പായ ഖുലാരിയിലേക്ക് പോവാൻ റെഡിയാവണം എന്ന് സന്ദീപ് പറഞ്ഞിരുന്നു. പോർട്ടറും കോവർകഴുതകളും കൃത്യസമയത് തന്നെ എത്തി. ടെന്റും മറ്റും അഴിച്ചു കഴുതപുറത്തു കയറ്റുന്ന തിരക്കിലായിരുന്നു സന്ദീപ്. ഒൻപതരയോടെ ഞങ്ങൾ ഖുലാരയിലേക്ക് യാത്രതിരിച്ചു..
ഖുലാരാ, Kuari പാസ്സിലേക്കുള്ള രണ്ടാമത്തെ ബേസ്ക്യാമ്പ്. ഏകദേശം ഏഴു കിലോമീറ്റർ ദൂരമുണ്ട് ഗുല്ലിങ് ടോപ്പിൽ നിന്ന് ഖുലാരിയിലേക്ക്. ഖുലാരിയിലേക്കുള്ള വഴി ഒരു കാട്ടിൽ കൂടിയുള്ളതായിരുന്നു. സ്നോ ലപ്പേർഡിനെയും കരടിയെയും പലവട്ടം ഇവിടെ കണ്ടിട്ടുള്ളതായി സന്ദീപ് പറഞ്ഞു. ഗുല്ലിങ് ടോപ്പിലേക്ക് വരുന്നതിനേക്കാൾ ബുദ്ധിമുട്ടുള്ള വഴിയാണ് ഖുലാരിയിലേക്ക്. 45 ഡിഗ്രിയോളം ചരിഞ്ഞായിരുന്നു ഓരോ മലകളുടെയും നില്പ്. അതിലെല്ലാം ഉപരി തലേദിവസത്തെ മഞ്ഞുവീഴ്ച നടപ്പിനെ ശരിക്കും ബാധിച്ചു. മുകളിലേക്കുള്ള ദൂരം കുറയുന്തോറും മഞ്ഞിന്റെ കാഠിന്യം കൂടി കൂടി വന്നു. വെയിലിന്റെ കാഠിന്യത്തിൽ തലേദിവസം പെയ്ത മഞ്ഞു കട്ടപിടിച് മരച്ചില്ലകളിൽ നിന്നും താഴേക്ക് വീഴുവാൻ തുടങ്ങി. ചിലത് തലയിലും തോളിലും ദേഹത്തുമായി വീഴാൻ തുടങ്ങി.. കല്ല് വന്നു വീഴുന്നപോലെയായിരുന്നു അവ..
സമയം മൂന്നു കഴിയുന്നു. തണുപ്പിന്റെ കാഠിന്യവും ശരീരത്തിന്റെ ക്ഷീണവും കൂടിവരുന്നു.. സന്ദീപ് പറഞ്ഞു, മഞ്ഞു പെയ്യാൻ സാധ്യതയുണ്ട് കുറച്ചുകൂടെ വേഗം നടക്കാൻ. പതിമൂന്നാം വയസ്സു മുതൽ മലകയറി നടക്കുന്ന ഒളി സ്വദേശിയായ സന്ദീപിനറിയുമോ നമ്മുടെ ബുദ്ധിമുട്ട്. മുപ്പത് മിനുട്ടു കൂടിക്കഴിഞ്ഞു ദൂരെയൊരു മലചൂണ്ടി കാണിച്ചിട്ട് സന്ദീപ് പറഞ്ഞു.. അതാണ് ഖുലാരിയിലെ നമ്മുടെ താമസസ്ഥലം..ഞാൻ പോയി ടെന്റും മറ്റും ഒരുക്കാം. ഞാൻ പോകുന്ന വഴിയേ വന്നേക്കണം എന്ന് പറഞ്ഞു സന്ദീപ് നടന്നു. ഈ മഞ്ഞുവീഴ്ചക്ക് ശേഷം ആരും അവിടെ വന്നിട്ടില്ലാത്തതിനാൽ സന്ദീപ് പോയ വഴി കണ്ടുപിടിക്കാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല..
നാലു മണിയോടെ ഞങ്ങളും ഖുലാരിയിലെത്തി.. മരുഭൂമിപോലെ പരന്നു കിടക്കുന്ന മഞ്ഞു മാത്രം. ആ മലയുടെ ഒത്ത നടുക്കായി കൈകൊണ്ട് സന്ദീപ് മഞ്ഞു മാറ്റുന്നു. ടെന്റ് അടിക്കുകയാണ് ഉദ്ദേശം. ഞങ്ങളും ഒപ്പം കൂടി. കൈകൊണ്ട് മാറ്റാവുന്നത്രെയും മഞ്ഞു മാറ്റി, മഞ്ഞിന് മുകളിലായി ടെന്റ് അടിച്ചു. ഗുല്ലിങ് ടോപ്പിൽ ഉള്ളതിനേക്കാൾ രണ്ടു മൂന്നിരട്ടി മഞ്ഞു ഇവിടെയുണ്ടെന്നും പറഞ്ഞു ഞങ്ങൾ ടെന്റിലേക്ക് കയറി..
തണുപ്പ് മൈനസ് ഏഴു കഴിഞ്ഞിരുന്നു. സന്ദീപ് രണ്ടു കിലോമീറ്റർ അപ്പുറമുള്ള ഒരു മലയടിവാരത്തിലൂടെ ഒഴുകുന്ന അരുവിയിലേക്ക് വെള്ളമെടുക്കാൻ പുറപ്പെട്ടു. കുറച്ചകലെ ഒടിഞ്ഞു വീണുകിടന്ന മരത്തിന്റെ ചില്ലകൾ ഓടിച്ചു ഞങ്ങൾ തീ കുപ്പയുണ്ടാക്കി. അത്താഴം പാകം ചെയ്യണമെങ്കിൽ സന്ദീപ് വെള്ളവുമായി വരണം. മണിക്കൂറുകൾ കടന്നുപോയി. സന്ദീപ് എത്തി. പക്ഷെ കൈയിൽ വെള്ളമുണ്ടായിരുന്നില്ല. അരുവി ഐസ് ആയി മാറിയതിനാൽ വെള്ളം കിട്ടിയില്ല എന്നവൻ പറഞ്ഞു . തൊണ്ട വരണ്ടു തുടങ്ങി. അടുത്ത മാർഗം ഐസ് ഉരുക്കി വെള്ളമാക്കുക എന്നതായിരുന്നു. ഞങ്ങൾ ഒരു സ്റ്റീൽ പാത്രവും അതിൽ നിറയെ മഞ്ഞും വാരിയിട്ട് തീ കുപ്പയുടെ അടുത്തെത്തി. പാത്രം തീയോട് ചേർത്തുവെച്ചു.മഞ്ഞിൽ കൂടി എത്രയും ദൂരം നടന്നപ്പോൾ ഇത്ര തണുപ്പ് അറിഞ്ഞിരുന്നില്ല. ഷൂസും സോക്സും എല്ലാം മഞ്ഞിൽ നനഞ്ഞിരുന്നു. അതും തീയോടു ചേർത്തുവച്ചു.
വീണ്ടും മഞ്ഞു പെയ്യാൻ തുടങ്ങുന്നു. നേരത്തെ ഉണ്ടായ ഒരു ആനന്ദം ഈ മഞ്ഞു വീഴ്ചയിൽ തോന്നിയില്ല. ഇരുട്ടുന്തോറും തണുപ്പിന്റെ കാഠിന്യം കൂടുന്നു. ശരീരം നന്നേ വിറക്കുവാൻ തുടങ്ങിയിരിക്കുന്നു. രാത്രി മൈനസ് പതിനഞ്ചുവരെയാകും എന്ന് സന്ദീപ് പറഞ്ഞു. അധികസമയം പുറത്തുനിൽക്കാതെ ഞങ്ങൾ ടെന്റിന്റെ ഉള്ളിലേയ്ക്ക് കടന്നു. തണുപ്പ് കൂടിക്കൂടി വരുന്നുണ്ട്.. മഞ്ഞുവീഴ്ചയും കൂടിക്കൊണ്ടേയിരുന്നു.മഞ്ഞിന്റെ പുറത്താണ് ടെന്റ് അടിച്ചിരിക്കുന്നത്. പുറമെയുള്ള മഞ്ഞുവീഴ്ചയും കൂടിയായപ്പോൾ അസാമാന്യതണുപ്പ് തന്നെ ആയി.. അതും പോരാതെ ടെന്റിന്റെ നാലുമൂലക്കും ഉള്ള ചെറിയ വിടവിലൂടെ അൽപ്പാൽപ്പമായി ഉള്ളിലേയ്ക്ക് മഞ്ഞു വീഴാൻ തുടങ്ങി. താപനില -15 ലേയ്ക്ക് താഴ്ന്നുകഴിഞ്ഞു. ശ്വാസം വിടാൻ പോലും പറ്റാത്ത അവസ്ഥ. ഇടയ്ക്ക് എപ്പോഴോ സന്ദീപിനെ വിളിച്ചു കുറച്ച ചൂടുവെള്ളം ആവശ്യപ്പെട്ടു, ചൂട് കിട്ടാനായി സ്ലീപിങ്ബാഗിന്റെ ഉള്ളിൽ വെച്ചു കിടക്കാൻ. സന്ദീപിന് ഒരുപക്ഷെ ഈ കാലാവസ്ഥ പരിചയം ആയത്കൊണ്ടാവും അല്പസമയത്തിനുള്ളിൽ ചൂടുവെള്ളവുമായി കക്ഷി ഹാജർ. പോവുന്നതിനു മുൻപ് അവൻ തന്നെ ഞങ്ങളെ കമ്പിളി ഒക്കെ ഇട്ട് പുതപ്പിച്ചു കിടത്തി. അങ്ങനെ എപ്പോഴോ ഉറങ്ങിപ്പോയി..
രാവിലെ ആയപ്പോൾ കൃഷ്ണനുണ്ണി തോണ്ടിവിളിച്ചു ചോദിക്കുന്നു, “എടാ, നീ ജീവനോടെ ഉണ്ടോ എന്ന് ?” സത്യത്തിൽ ആദ്യം ഞങ്ങൾക്ക് തന്നെ ജീവനുണ്ടോ എന്ന സ്വയം ചോദിച്ചു തുടങ്ങേണ്ട അവസ്ഥയിലല്ലേ ഇന്നലെ കിടന്നത്. തണുപ്പ് കൊണ്ട് നാക്ക് പോലും മരവിച്ച ശബ്ദം പുറത്തേയ്ക്ക് വരാത്ത അവസ്ഥ. പിന്നെ ഒരുവിധം ജീവൻ പിടിച്ചെടുത്തു പുറത്തേയ്ക്ക് ഇറങ്ങാൻ നോക്കിയപ്പോൾ ടെന്റിന്റെ മുക്കാൽ ഭാഗത്തോളം മഞ്ഞിൽ പുതഞ്ഞു കിടക്കുന്നു. സന്ദീപാണ് പിന്നീട് വന്നു ആ മഞ്ഞൊക്കെ മാറ്റി ടെന്റിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കുന്ന പരുവത്തിൽ ആക്കിയത്. എങ്ങനൊക്കെയോ എഴുന്നേറ്റ് പുറത്തേയ്ക്ക് ഇറങ്ങിയപ്പോ ചുറ്റും മഞ്ഞു മാത്രം. കാണാൻ ഒരുപാട് കൊതിച്ച ആ കാഴ്ച ഇതാ കണ്മുൻപിൽ ഇങ്ങനെ നോക്കെത്താ ദൂരത്തോളം തെളിഞ്ഞ കിടക്കുന്നു. വോക്കിങ് സ്റ്റിക്ഉം കയ്യിലെടുത്തു ആ മഞ്ഞിലൂടെ നടന്നു മരചുവട്ടിലേക്ക് നീങ്ങി. തലേദിവസം തീകായാനായി കൂട്ടിയിട്ടിരുന്ന മരക്കമ്പിൽ എല്ലാം മഞ്ഞുവീണു കിടന്നിരുന്നു. അതൊക്കെ മാറ്റി വീണ്ടും തീപിടിപ്പിച്ചു കുറച്ചുനേരം തീകാഞ്ഞു.
രുചികരമായ പ്രഭാതഭക്ഷണം ഒക്കെ കഴിച്ചു.
അതിനുശേഷം ആണ് നിർണായകമായ ഒരു ചോദ്യം ഞങ്ങൾക്ക് മുൻപിൽ ഉയർന്നത്. ഇനി Kuari Passലേയ്ക്ക് പോകണോ വേണ്ടയോ എന്ന്. കാരണം ഇനിയുള്ള യാത്ര ഇതേ അവസ്ഥയിൽ ആയിരിക്കും. ഒരുപക്ഷെ ഇതിലും പ്രയാസം ആയിരിക്കും എന്ന് തിരിച്ചറിവ് ചെറുതായിട്ട് ഞങ്ങളെ ഒന്ന് പിന്നിലേയ്ക്ക് വലിച്ചു. അങ്ങൊട് പോയാൽ അന്ന് വൈകുന്നേരം തിരിച്ചു അതെ സ്ഥലത്തു വന്ന് താമസിച്ചിട്ട് പിറ്റേ ദിവസമേ തിരിച്ചു യാത്ര സാധ്യമാവുള്ളു. രണ്ടു ദിവസം കൊണ്ട്തന്നെ തണുപ്പ് വല്ലാതങ്ങു ഭയപ്പെടുത്തിക്കളഞ്ഞു. പക്ഷെ പിന്നെയും ഇത്രെയും കാലത്തെ ആഗ്രഹമായ ആ സ്വപ്നം ഞങ്ങളെ മുന്നിലേയ്ക്ക് തള്ളിവിട്ടു. അങ്ങനെ എന്തും വരട്ടെയെന്നു ഉറപ്പിച്ച ഞങ്ങൾ യാത്ര തുടരാൻ തീരുമാനിച്ചു. യാത്ര തുടർന്നപ്പോൾ വെയിൽ ആയെങ്കിലും മഞ്ഞുരുകാൻ തുടങ്ങിയില്ല.. മുട്ടുവരെ താഴ്ന്നുപോവുന്ന മഞ്ഞിലൂടെ ഞങ്ങൾ യാത്ര തുടർന്നു. ഒരൊറ്റ ലക്ഷ്യം, Kuari Pass!!
ഇനിയുമുള്ള അഞ്ചെട്ടു കിലോമീറ്റർ നടന്നുകേറി വേണം Kuari Passൽ എത്താൻ. അങ്ങനെ ഞങ്ങൾ നടപ്പ് തുടങ്ങി. പക്ഷെ പിന്നീടങ്ങോട്ടുള്ള കാഴ്ചകൾ അതുവരെ മനസ് മടുപ്പിച്ചിരുന്ന എല്ലാത്തിനെയും തുടച്ചുനീക്കി. അത്ര മനോഹരമായ ദൃശ്യങ്ങളാണ് പ്രകൃതി ഈ കഷ്ടപാടുകളൊക്കെ സഹിക്കാൻ തയ്യാറായവർക്കായി മാത്രം ഒരുക്കിയിരിക്കുന്നത് എന്ന് തോന്നിപ്പോവും. നേരത്തെ കയറിവന്നതിന്റെ ഇരട്ടിമഞ്ഞിലൂടെയാണ് യാത്ര തുടരുന്നത്. ചിലയിടത് വഴികൾ വ്യക്തമായിരുന്നില്ല. എത്ര ആഴത്തിലാണ് എന്നറിയാത്തത്കൊണ്ട് സന്ദീപ് വാക്കിങ് സ്റ്റിക്കുകൊണ്ട് കുത്തി ആഴം തിട്ടപ്പെടുത്തി വളരെ ശ്രദ്ധയോടെ ഞങ്ങൾ യാത്ര തുടർന്നു. പാറകൾ അടുക്കിവെച്ച രൂപപ്പെടുത്തിയ ഒരു അമ്പലം വഴിമധ്യേ ഉണ്ടായിരുന്നു. പടിയാർ എന്നായിരുന്നു അതിന്റെ പേര്. ഹിമാലയൻ മലനിരകളിലെ ഒരു നിത്യകാഴചയാണിത്. കുറച്ചു സമയം ഞങ്ങൾ ആ ആരാധനകേന്ദ്രങ്ങളിൽ വിശ്രമിച്ചു. ഒടുവിൽ ഒരുപാട് യാത്രയ്ക്ക് ശേഷം ഉച്ചയോടെ ഞങ്ങൾ സ്വപനഭൂമിയിൽ എത്തിപ്പെട്ടു. Kuari pass. ആ ഉയരത്തിൽ നിന്നാൽ ഹിമാലയൻ മലനിരകളുടെ ഏകദേശം ഡിഗ്രി വ്യൂ കാണാൻ സാധിക്കും. വളരെ നയനമനോഹരമായ ആ കാഴ്ച മനസിലേയ്ക്ക് ആവുന്നിടത്തോളം ആവാഹിച്ചു. അവിടുത്തെ മഞ്ഞു വളരെ കട്ടിയുള്ളതായത് കൊണ്ട് സൂക്ഷിച്ചില്ലെങ്കിൽ തെന്നി തൊട്ടപ്പുറത്തുള്ള കൊക്കയിലേക്ക് മറിയും. സൗന്ദര്യവും ഭീകരതയും ഒരുമിച്ച് ചേർന്ന ഒരു അവസ്ഥയായിരുന്നു അവിടെ. മനോഹരമായ ഒരു പുഞ്ചിരിയുമായി നിൽക്കുമ്പോളും ഭീകരമായ ദംഷ്ട്രകൾ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഒരു സുന്ദരിയെപോലെ.
കോടിക്കണക്കിനു ജനങ്ങളുടെ ജീവനും ജീവിതത്തിനും കാവലായി, സ്വന്തം ജീവനേക്കാൾ തന്റെ മാതൃരാജ്യത്തെ സ്നേഹിക്കുന്ന, സിയാച്ചിനിലും, ഇതുപോലെ 100 കണക്കിന് മഞ്ഞു മലനിരകളിലും , തണുപ്പിനെയും, കാറ്റിനെയും, വെയിലിനെയും, മഴയെയും അവഗണിച്ചുകൊണ്ട് കാവൽ നിൽക്കുന്ന ഓരോ ജവാന്മാരെയും മനസ്സാൽ സ്മരിച്ചു അവരുടെ അർപ്പണമനോഭാവത്തിനു മുൻപിൽ കോടിപ്രണാമം അർപ്പിച്ചുകൊണ്ട് ഞങ്ങൾ അവിടെ നിന്നും മലയിറങ്ങാൻ തുടങ്ങി….