മലപ്പുറത്തെ ഊട്ടി : കൊടികുത്തിമല – ഒരു ഹർത്താൽ ദിനയാത്ര…

വിവരണം – Vysakh Kizheppattu.

ഹർത്താൽ ദിനം എങ്ങനെ ചിലവഴിക്കും എന്നാലോചിക്കുമ്പോൾ ആണ് മുൻപ് പ്ലാൻ ചെയ്ത കൊടികുത്തിമലയെ പറ്റി ചേട്ടൻ പറയുന്നത്.അതിരാവിലെ വണ്ടിയെടുത്ത് ഇറങ്ങി. മഞ്ഞ് നല്ലത്പോലെ ഉണ്ട്. ഹെൽമെറ്റിൽ തട്ടി തെറിക്കുന്ന വെള്ള തുള്ളികൾ അത് കൂടുതൽ വ്യക്തമാക്കി തന്നു. കുറ്റിപ്പുറം പാലത്തിലൂടെ കോടയെ കീറി മുറിച്ചു യാത്ര തുടർന്നു. വളാഞ്ചേരി നിന്ന് പെരിന്തൽമണ്ണ റോഡിലേക്ക് കയറിപ്പോൾ റോഡിനു വശത്തുള്ള മരങ്ങളുടെ ഭംഗി കോടയിൽ ഒന്നുകൂടെ മനോഹരമായി തോന്നി. ഹർത്താൽ ആയതിനാൽ റോഡിൽ വലിയ തിരക്കില്ല എന്നിരുന്നാലും വാഹനങ്ങൾ ഉണ്ട്. തളി,തിരുമാന്ധാംകുന്ന് തുടങ്ങിയ ക്ഷേത്രങ്ങൾക്ക് മുൻപിലൂടെ ലക്ഷ്യ സ്ഥാനത്തേക്ക് പതിയെ നീങ്ങി.

പെരിന്തൽമണ്ണയിൽ നിന്ന് 9 KM ദൂരമാണ് ഇവിടെക്കുള്ളത്. മണ്ണാർക്കാട് റോഡിൽ ഒരു 5 km സഞ്ചരിച്ചാൽ ഇടതു ഭാഗത്തു വഴികാട്ടിയായി ഒരു ബോർഡ് കാണാം. കുത്തനെ ഉള്ള കയറ്റവും വളവും തിരിവും നിറഞ്ഞ വഴി. നല്ല റോഡ്‌ ആയതിനാൽ യാത്ര ദുഷ്കരമാവില്ല. ഒടുവിൽ പ്രവേശന കവാടത്തിൽ എത്തിയപ്പോൾ ഇരുചക്ര വാഹങ്ങളുടെ ഒരു വലിയ നിര അവിടെ ഉണ്ടായിരുന്നു. ഞങ്ങളെക്കാൾ മുന്നേ മല കീഴടക്കാൻ വന്ന ആളുകൾ. തൊട്ടടുത്തുള്ള വകുപ്പ് ഓഫീസിൽ ആരും തന്നെയില്ല. പക്ഷെ നിർദേശ ബോർഡുകൾക് യാതൊരു പഞ്ഞവും ഇല്ല. അതിൽ എഴുതിയതിനു എതിരായാണ് എല്ലാം നടക്കുന്നത് എന്ന് ആദ്യമേ ബോധ്യപ്പെട്ടു. സന്ദർശന സമയം പ്ലാസ്റ്റിക് നിരോധനം അങ്ങനെ എല്ലാം. ഓഫീസിനു താഴെയായി ഒരു ചെക്ക് ഡാം കാണാം.

ഇനി കൊടികുത്തി മലയെ പറ്റി പറയാം. സമുദ്രം നിരപ്പിൽ നിന്ന് ഏകദേശം 1800 അടിയാണ് ഉയരം. ഏകദേശം രണ്ടര കിലോമീറ്റർ അടുത്ത് നടക്കാൻ ഉണ്ട്. പണ്ട് ബ്രിട്ടീഷ്കാര് അവരുടെ സർവ്വേ ഭാഗമായി കൊടി കുത്തിയ സ്ഥലമാണ് ഇത് എന്നാണ് പറയപ്പെടുന്നത്. കോൺക്രീറ്റും കരിങ്കലും പാകിയ റോഡിലൂടെ ആണ് നടക്കേണ്ടത്. അവിടെ എത്തിയ സമയം വെയിൽ ഏകദേശം വന്നു തുടങ്ങിയിരുന്നു. കൂടുതലും യുവാക്കളാണ് ഇന്നത്തെ സഞ്ചാരികൾ. നേർവഴിയിലൂടെയും കുറുക്കു വഴിയിലൂടെയും സഞ്ചാരികൾ കയറുന്നുണ്ട്. ഞങ്ങളും ചില കുറുക്കുവഴി തിരഞ്ഞെടുക്കാൻ മറന്നില്ല. പക്ഷെ സൂക്ഷിച്ചില്ലെങ്കിൽ താഴെ എത്തും എന്ന് മാത്രം. ലക്ഷ്യ സ്ഥാനം അടുക്കും തോറും ചുറ്റുമുള്ള കാഴ്ചകൾ കൂടി വന്നു.

പ്ലാസ്റ്റിക് നിരോധിച്ചു എന്ന ബോർഡ് കണ്ടു കയറിയ ഞങ്ങളക്ക് കാണാൻ കഴിഞ്ഞത് വഴി നീളെ പ്ലാസ്റ്റിക് ആണ്. അല്ലേലും എന്ത് ചെയ്യരുത് എന്ന് പറഞ്ഞോ അത് ചെയ്യുക എന്നുള്ളത് മലയാളികളുടെ ശീലമായിപ്പോയില്ലേ. വെയിലിന്റെ കാഠിന്യം കൂടുന്നതിന് മുൻപ് അവിടെ എത്തിച്ചേരുക എന്നുള്ളതാണ് പ്രധാനം. കാരണം നടക്കുന്ന സ്ഥലങ്ങളിൽ വിശ്രമിക്കാൻ പറ്റിയ സ്ഥലങ്ങൾ ഒന്നും തന്നെയില്ല. മുകളിൽ ഉള്ള വാച്ച് ടവർ മാത്രമാണ് ഏക ആശ്രയം. അതിനു മുന്നേ ഒരു ഫോറെസ്റ് ഓഫീസ് ഉണ്ട് പക്ഷെ അവിടെ ഒന്നും ആരെയും കണ്ടില്ല. ചുരുക്കി പറഞ്ഞാൽ നാഥനില്ലാ കളരിയാണ് ഈ സ്ഥലം(ഹർത്താൽ ആയതിനാൽ ആണോ എന്നറിയില്ല.സാധാരണ ഒരാൾ അവിടെ കാണും എന്നാണ് പിന്നീട് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്). ഓഫീസിന് പരിസരവും പ്ലാസ്റ്റിക് മാലിന്യങ്ങൾ വേണ്ടുവോളം ഉണ്ട്. കാളികാവ് റേഞ്ചിലെ കരുവാരകുണ്ട് ഫോറെസ്റ് സ്റ്റേഷൻ പരിധിയിൽ ആണ് ഈ കൊടികുത്തിമല സ്ഥിതി ചെയ്യുന്നത്.

തൊട്ടു മുന്നിലെ വാച്ച് ടവറിൽ കയറിപ്പോൾ ആണ് കൊടികുത്തിമല സഞ്ചാരികൾക്കു നൽകുന്ന കാഴ്ച വിരുന്നു മനസിലായത്. കൂടാതെ അവിടെ നിന്ന് കിട്ടുന്ന തണുത്ത കാറ്റിനാൽ ക്ഷീണമെല്ലാം നിമിഷ നേരം കൊണ്ട് ഇല്ലാതാകും. വാച്ച് ടവറിനു വശത്തുകൂടെ സഞ്ചരിച്ചാൽ ആത്മഹത്യ മുനമ്പ് എന്ന് പറയപ്പെടുന്ന സ്ഥലം കാണാൻ കഴിയും. ഒരാൾ പൊക്കത്തിൽ ഉള്ള പുല്ലിനെ വകഞ്ഞു മാറ്റി വേണം നടക്കാൻ എന്ന് മാത്രം. വെയിലിന്റെ കാഠിന്യം ഇല്ലാത്ത സമയത്താണ് ഈ സ്ഥലം ശരിക്കും കാണേണ്ടത്. പ്രത്യേകിച്ച് അതി രാവിലെ. മഞ്ഞിൽ നിറഞ്ഞ കൊടികുത്തിമല സഞ്ചാരികൾക്കു വേറിട്ട അനുഭവം തന്നെയാകും നൽകുക എന്ന് നിസംശയം പറയാം.

മുകളിൽ എത്തിയാൽ കുടിക്കാനോ കഴിക്കാനോ ഒന്നും തന്നെ ലഭ്യമല്ല. അതിനാൽ താഴെ നിന്ന് വരുമ്പോൾ തന്നെ എന്തെങ്കിലും വാങ്ങിയാൽ താത്കാലിക ആശ്വാസം കിട്ടും. മുകളിൽ സാധാരണ ഒരു കച്ചവടക്കാരൻ ഉണ്ടാകും എന്നാണ് അറിഞ്ഞത് പക്ഷെ ഞങ്ങൾ പോയപ്പോൾ ആരെയും കണ്ടില്ല. കൂടാതെ വാങ്ങി കൊണ്ടുപോകുന്ന ആളുകൾ പ്ലാസ്റ്റിക് മാലിന്യം അവിടെ നിക്ഷേപിക്കാതെ തിരിച്ചു കൊണ്ടുവരാനും ശ്രദ്ധിക്കണം. കാരണം സഞ്ചാരികളുടെ ഉത്തരവാദിത്തം ആണ് വരും തലമുറക്കും ഈ കാഴ്ചകൾ കാണാൻ അവസരം നൽകുക എന്നുള്ളത്. കുറച്ചു നേരം അവിടത്തെ കാറ്റും കാഴ്ചകളും ആസ്വദിച്ച് പതിയെ ആണ് ഇറങ്ങിയത്. അന്നേരവും ചില ഫാമിലി കയറുന്നത് കണ്ടു. വെയിലിന്റെ കാഠിന്യം ഓർത്തപ്പോൾ അവരുടെ അവസ്ഥ എന്താകും എന്ന് ഊഹിക്കാവുന്നതേ ഒള്ളു. ഇറങ്ങിയ ക്ഷീണം മാറ്റാൻ താഴെ നിന്ന് അസ്സൽ ഒരു മോരും വെള്ളം കുടിച്ചാണ് കൊടികുത്തി മലയോട് യാത്ര പറഞ്ഞത്..

Check Also

വാഗമണിലെ രാമൻ്റെ ഏദൻ തോട്ടത്തിൽ

വിവരണം – ദീപ ഗംഗേഷ്. ഇടുക്കിയെ അനുഭവിച്ചറിയാൻ ഇറങ്ങിയതാണ്. ആദ്യത്തെ ലക്ഷ്യസ്ഥാനം വാഗമൺ ആയിരുന്നു. രാമൻ്റെ ഏദൻ തോട്ടം കണ്ടിട്ടില്ലേ. …

Leave a Reply