കാഴ്ചയുടെ വിരുന്നൊരുക്കി ജാനകിക്കാട് സഞ്ചാരികളെ വിളിക്കുന്നു…

കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ പ്രദേശമായ കുറ്റ്യാടി പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രക‍ൃതിരമണീയത വിളിച്ചുപറയുന്ന കാടാണ് ജാനകിക്കാട്. കുറ്റ്യാടിയിലെ ‍ജാനകിക്കാട് കേരള വനം വകുപ്പിന്‍റെയും ജാനകിക്കാട് വനം സംരക്ഷണസമിതിയുടേയും നേത്യത്വത്തിൽ എക്കോ ടൂറിസം പദ്ധതിയായി നടത്തി വരുന്നുണ്ട്. ജൈവവൈവിധ്യങ്ങളുടെ കലവറയായ ഈ കാട്, കാടിനെ സ്നേഹിക്കുന്നവര്‍ തീര്‍ച്ചയായും ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട സ്ഥലമാണ്.

വേനല്‍ക്കാലത്തും നിറഞ്ഞൊഴുകുന്ന പുഴ. ഓരത്ത് ഒട്ടും ചോര്‍ന്നു പോകാത്ത പച്ചപ്പ്. എല്ലാക്കാലത്തും കുളിര്‍മ്മ പകരുന്ന പ്രകൃതിയുടെ അത്ഭുതലോകമാണ് ജാനകിക്കാട്. മുന്‍ കേന്ദ്രമന്ത്രിയായിരുന്ന വി.കെ.കൃഷ്ണമേനോന്റെ സഹോദരി വി.കെ ജാനകിയമ്മയുടെ എസ്‌റ്റേറ്റായിരുന്നു ഒരു കാലത്ത് ഇത്. അങ്ങനെയാണ് ജാനകിക്കാട് എന്ന പേരു വീണത്. റോഡിനിരുഭാഗത്തും പലയിനം മരങ്ങളും വള്ളികളും. അല്പം നടന്നാല്‍ അവിടെ വനംവകുപ്പിന്റെ ഓഫീസ് കാണാം. അതിനരികെ തന്നെ ഇന്റര്‍പ്രട്ടേഷന്‍ സെന്ററുണ്ട്. ക്യാമ്പിനായി എത്തുന്നവര്‍ക്ക് ക്ലാസുകള്‍ നടത്തുന്നത് ഇതിനുള്ളില്‍ വച്ചാണ്. ഇന്റര്‍പ്രട്ടേഷന്‍ സെന്ററിനുള്ളില്‍ ഒരു അക്വേറിയമുണ്ട്. കൂടാതെ കമഴ്ത്തിയിട്ടിരിക്കുന്ന റിവര്‍ റാഫ്റ്റും. മുമ്പ് ഇവിടെ മുളംചങ്ങാടത്തില്‍ നദിയിലൂടെ യാത്ര ഏര്‍പ്പെടുത്തിയിരുന്നു. ചങ്ങാടത്തിന് പകരം ഇപ്പോള്‍ ഈ റാഫ്റ്റാണ് ഉപയോഗിക്കുന്നത്.

ഏകദേശം 500 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന കാട്ടില്‍ ചവറമുഴിപ്പുഴയും, ക്ഷേത്രവും അരുവിയും അങ്ങനെ ആരെയും ആകര്‍ഷിപ്പിക്കുന്ന ഒട്ടനവധി കാഴ്ചകളാണ് ഇവിടെയുള്ളത്.കാഴ്ചകളേറെ കാണാനുള്ള ജാനകിക്കാട് തികച്ചും കാടിന്‍റെ വേറിട്ടൊരനുഭവമായിരിക്കും ജാനകിക്കാട് സമ്മാനിക്കുക. കോഴിക്കോടു നിന്നും 60 കിലോ മീറ്റര്‍ ദൂരത്താണ് സ്ഥിതിചെയ്യുന്നതെങ്കിലും യാത്രാ സൗകര്യങ്ങളേറെയാണ് ഇങ്ങോട്ടേക്കുള്ളത്. ജാനകിക്കാടിനുള്ളില്‍ നിന്ന് പുറത്തു കടന്നപ്പോഴാണ് തലയ്ക്കു മുകളില്‍ കത്തിനില്‍ക്കുന്ന സൂര്യനെ കുറിച്ച് അറിഞ്ഞത്. നട്ടുച്ചയ്ക്ക് പോലും സൂര്യകിരണങ്ങള്‍ എത്തിനോക്കാന്‍ മടിയ്ക്കുന്ന ഈ പച്ചപ്പിന് നടുവിലൂടെയുള്ള യാത്ര മാത്രം മതി സഞ്ചാരികള്‍ക്ക് ജാനകികാടിനെ ഇഷ്ടമാവാന്‍.

കടപ്പാട് – മാതൃഭൂമി

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply