ഇന്ത്യയുടെ വ്യോമയാന മേഖല വൻ കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുകയാണ്.2030 ആകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന മേഖല ഇന്ത്യയുടേതായിരിക്കുമെന്ന് FICCI – KPMG പഠനം സൂചിപ്പിക്കുന്നു.ഇപ്പോൾ ഉപയോഗത്തിലുളള വിമാനങ്ങളുടെ എണ്ണം 2020 ആകുമ്പോൾ ഇരട്ടിയായി വർദ്ധിക്കുമെന്നും 80000 ത്തിൽ പരം തൊഴിലവസരങ്ങൾ ഈ മേഖലയിൽ സ്രഷ്ടിക്കപ്പെടുമെന്നു കണക്കുകൾ സുചിപ്പിക്കുന്നു.
പൈലറ്റ് ആകുവാൻ ആഗ്രഹിക്കുന്ന നിരവധി വ്യക്തികൾ നമ്മുടെ ഇടയിലുണ്ടല്ലോ.വ്യോമയാന മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട തൊഴിലുകളിൽ ഒന്നാണ് ഇത് .സാധാരണ വാഹനങ്ങൾ ഓടിക്കുന്നതിൽ നിന്ന് വ്യത്യസ്തത പുലർത്തുന്നതാണ് വിമാനം പറത്തൽ ..ആകാശദിശ നിർണയം നടത്തി ,കാലാവസ്ഥ റിപ്പോർട്ടുകൾ മനസിലാക്കി , നൂതനമായ ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ സാമഗ്രികളുടെ സഹായത്തോടെ ഒരു വിമാനം പറത്തുവാനുള്ള കഴിവ് ഒരു പൈലറ്റ് നേടിയിരിക്കണം.മികച്ച പരിശീലനത്തിലുടെ മാത്രമേ ഇതു സ്വായത്വമാക്കുവാൻ കഴിയൂ.
വിമാനം പറത്തുക എന്നതിൽ ഒതുങ്ങി നില്ക്കാതെ വേറെയും ഉത്തരവാദിത്തങ്ങൾ ഒരു പൈലറ്റ് നിർവഹിക്കണം . അതിൽ ചിലത് – 1. വിമാനം സഞ്ചാര യോഗ്യമാണോ എന്ന് പരിശോധിച്ചു ഉറപ്പുവരുത്തണം . 2. പോകേണ്ട യാത്രയുടെ വഴി,ദിശ,അനുബന്ധ കാലാവസ്ഥ എന്നിവ അനുയോജ്യമാണോ എന്ന് പരിശോധിച്ചു ഉറപ്പുവരുത്തണം . 3. യാത്രക്കാരുടെ എണ്ണം,ചരക്കുകൾ എന്നിവ കണക്കാക്കി വിമാനയാത്രയിലെ ഭാരത്തിനു അനുപാതമായി ശരിയായ അളവിൽ ഇന്ധനം നിറച്ചു എന്നു ഉറപ്പുവരുത്തണം . 4. എയർ പോർട്ടുകളിലെ എയർ ഗ്രാഫിക് കൺട്രോളറുമായി ആശയ വിനിമയം നടത്തുക. 5. വിമാനത്തിന്റെ പ്രവർത്തനത്തിൽ ഏതെങ്കിലും രീതിയിലുള്ള വ്യത്യാസങ്ങളും തകരാറുകളും സാങ്കേതിക വിദക്തരെ അറിയിക്കുക . 6. വിമാന യാത്രക്കാരുടെ സുരക്ഷിതമായ യാത്രയ്ക്കുവേണ്ടി അനുയോജ്യമായ തീരുമാനങ്ങൾ എടുക്കുക .
സാധാരണ പഠന കോഴ്സുകളിൽ നിന്നും വ്യത്യസ്തമായ പൈലറ്റ് പരിശീലന കോഴ്സിനു വിദ്യാർത്ഥികൾ ചേരണം. പൈലറ്റ് ആകുവാൻ വേണ്ടി പ്രവർത്തിക്കുന്ന ഫ്ലയിംങ് സ്കൂൾ അഥവാ ഫ്ലയിംങ് ക്ലബിൽ ചേർന്ന് വിദ്യാർത്ഥികൾ പഠിക്കണം .ഒരു പൈലറ്റ് ആകുവാനുള്ള ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പന്ത്രണ്ടാം ക്ലാസാണ്.ഹയർ സെക്കെൻഡറി തലത്തിൽ ഫിസിക്സ്, മാത്തമാറ്റിക്സ് പഠിച്ചിരിക്കണം.പ്രായം 17 വയസിൽ കുറയരുത് .പ്രായോഗിക പഠനത്തിനു ശ്രദ്ധ നല്കുന്ന ഈ പൈലറ്റ് കോഴ്സ് വിമാനം പറപ്പിക്കുന്നതിനോടൊപ്പം ശാസ്ത്ര സാങ്കേതികതയുടെ അടിസ്ഥാന തിയറി പഠനങ്ങളും നടത്തപ്പെടും.
ഫ്ലയിംങ് സ്കൂൾ പരിശീലനം 3 വ്യത്യസ്ഥ ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു . 1. STUDENT PILOT LICENSE (SPL), 2. PRIVATE PILOT LICENSE (PPL), 3. COMMERCIAL PILOT LICENSE AND TYPE TRAINING (CPL).
ഒന്നാം ഘട്ടം – STUDENT PILOT LICENSE(SPL) : വൈമാനിക പരിശീലനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ അടിസ്ഥാന വൈമാനിക ശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളായ ആകാശദിശനിർണ്ണയ പഠനം (Navigation),കാലവസ്ഥ പഠനം(climate study) എന്നിവയുടെ എഴുത്ത് പരീക്ഷ വിജയിക്കണം.ശാരീരിക ക്ഷമത പരിശോധിക്കുന്ന മെഡിക്കൽ ടെസ്റ്റും ഈ ഘട്ടത്തിൽ ഉണ്ട്.ഇവ രണ്ടും വിജയിക്കുമ്പോൾ ഒരു വിദ്യാർത്ഥിക്ക് Student Pilot License (SPL) ലഭിക്കുന്നു .SPL നേടിയാൽ മാത്രമേ വിമാനത്തിലെ പ്രാക്ടിക്കൽ പരിശീലനം തുടങ്ങാൻ സാധിക്കുകയുള്ളു.
രണ്ടാം ഘട്ടം – PRIVATE PILOT LICENSE (PPL) : പ്രായോഗികമായി ഒരു വിമാനം എങ്ങനെ പറത്തണം എന്ന പഠനമാണ് PPL.പരിചയ സമ്പന്നനായ ഫ്ലൈറ്റ് ഇൻസ്ട്രക്ടർ അഥവാ പരിശീലകന്റെ സഹായത്തോടെ ചെറുവിമാനം ഒറ്റയ്ക്ക് പറപ്പിക്കാൻ പഠിക്കുന്നു.60 മണിക്കൂർ പരിശീലന പറക്കൽ പൂർത്തിയാക്കിയതിനു ശേഷം എയർ ട്രാഫിക് നിയമങ്ങൾ ,കാലാവസ്ഥ റിപ്പോർട്ട് വിശകലനം മുതലായ എഴുത്ത് പരീക്ഷകളും വിജയിക്കണം.PPL നേടുന്നതിലൂടെ സ്വകാര്യ ചെറുവിമാനങ്ങൾ പറപ്പിക്കുവാനുള്ള അധികാരം ലഭിക്കുന്നു.
മൂന്നാം ഘട്ടം. COMMERCIAL PILOT LICENSE (CPL) AND TYPE TRAINING : ചെറുവിമാനം പറപ്പിക്കുവാനുള്ള PPL ലൈസൻസ് നേടുന്ന വിദ്യാർത്ഥി വലുപ്പം കുടിയ യാത്ര, ചരക്കു വിമാനം പറപ്പിക്കുന്ന പൈലറ്റ് ആകുവാൻ CPL നിർബന്ധമായും നേടിയിരിക്കണം.CPL നേടുവാൻ എഴുത്ത് പരീക്ഷയോടൊപ്പം വലുപ്പം കുടിയ വാണിജ്യ വിമാനത്തിൽ 200 മണിക്കൂർ പരിശീലനം പൂർത്തിയാക്കണം.വലിയ വിമാനം പറപ്പിക്കുന്നതിന്റെ അടിസ്ഥാനരീതികൾ പഠിച്ചതിനു ശേഷം വിദ്യാർത്ഥികൾക്ക് ഏതെങ്കിലും ഒരു പ്രത്യേക വിമാനം പറപ്പിക്കാനുള്ള വിശിഷ്ട പരിശീലനം നേടണം.ഇതിനെ Type Training അഥവാ Specialisation എന്ന് അറിയപ്പെടുന്നു .ഓരോ എയർക്രാഫ്റ്റ് മോഡലും മറ്റുള്ളവയിൽ നിന്നും വ്യത്യസ്ഥത പുലർത്തുന്നു .
ഒരു പ്രത്യേക മോഡൽ വിമാനം പറപ്പിക്കുന്ന പൈലറ്റ് മറ്റൊരു ഗണത്തിൽ പെട്ട വിമാനം പറപ്പിക്കാൻ സാധിക്കില്ല.ഉദാഹരണം :Boeing 737 എന്ന മോഡലിന്റെ സ്പെഷിലിസ്റ്റ് ട്രെയിനിംഗ് നേടിയ ഒരു പൈലറ്റിന് AIRBUS 320 പറപ്പിക്കാനുള്ള അറിവോ കഴിവോ ഉണ്ടാകില്ല .അനുയോജ്യമായതും തൊഴിൽ ലഭിക്കുവാൻ സാധ്യത ഉള്ളതുമായ വിമാനത്തിന്റെ ടൈപ്പ് ട്രെയിനിംഗ് തിരഞ്ഞെടുക്കുവാൻ ഒരു വിദ്യാർഥി ശ്രദ്ധിക്കണം .ഇങ്ങനെ വിജയകരമായ് CPL പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് വിമാന കമ്പനികളിൽ പൈലറ്റ് ആകുവാൻ അപേക്ഷിക്കാം.ഇന്ത്യയിൽ പൈലറ്റ് ആകുവാൻ ആഗ്രഹിക്കുന്നവർ കേന്ദ്രസർക്കാരിന്റെ കീഴിലുള്ള DGCA: Director General of Civil Aviation അംഗീകാരമുള്ള ഫ്ലയിംഗ് സ്കൂളുകളിൽ നിന്നും CPL കരസ്ഥമാക്കാൻ ശ്രദ്ധിക്കണം.
ശമ്പളം, പഠന ചിലവ് : ഇന്ത്യയിൽ CPL പഠനം പൂർത്തിയാക്കാൻ 40-50 ലക്ഷം ചിലവാകും.IGRUA ൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നേടുവാനുള്ള അവസരം എയർ ഇന്ത്യ മുതലായ കേന്ദ്രസർക്കാരിന്റെ സ്ഥാപനങ്ങൾ നല്കുന്നു. ഭീമമായ പഠന ചിലവിനെക്കുറിച്ച് ചിന്തിച്ച് പൈലറ്റ് ആകുവാനുള്ള ആഗ്രഹം മാറ്റിവയ്ക്കുന്നവർ, ഈ മേഖലയിലെ ശമ്പളത്തെക്കുറിച്ച് അറിയുന്നത് നന്നായിരിക്കും.തുടക്കത്തിൽ തന്നെ രണ്ടുലക്ഷം രൂപവരെ മാസ ശമ്പളം ലഭിക്കുവാൻ CPL നേടിയ ഒരു പൈലറ്റിനു സാധിക്കും.വിമാനം പറപ്പിക്കുന്നതിന്റെ ദൈർഘ്യം അഥവാ flying hours കൂടുന്നത് അനുസരിച്ച് ഒരു പൈലറ്റിന്റെ ശമ്പളത്തിനും പദവിക്കും വളർച്ച ഉണ്ടാകും .കോ-പൈലറ്റ് എന്ന പദവിയിൽ കരിയർ ആരംഭിക്കുന്ന ഒരു പൈലറ്റ് കാലക്രമേണ ഒരു വിമാനത്തിന്റെ പരിപൂർണ ഉത്തരവാദിത്വം വഹിക്കുന്ന ക്യാപ്റ്റൻ ആകാൻ സാധിക്കും.ഇതുപോലെ ഉത്തരവാദിത്വം ഉള്ളതും ശമ്പളം നല്കുന്നതുമായ തസ്ഥിതകളായ Flying Instructor, Test Pilot എന്നിവയിലേക്കും ഒരു പൈലറ്റിനു എത്തുവാൻ സാധിക്കും.
മികച്ച പരീശിലന സ്ഥാപനങ്ങൾ : ഇന്ത്യയിലെ ഏറ്റവും മികച്ച ഫ്ലയിംഗ് സ്കൂൾ ഇന്ദ്രാഗാന്ധി രാഷ്ട്ര ഉറാൻ അക്കാദമി (IGRUA)സ്ഥിതി ചെയ്യുന്നത് ഉത്തർപ്രദേശിലെ റായ്ബലേരിയിലാണ് .കേന്ദ്രസർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന IGRUA പ്രവേശനം ലഭിക്കുന്നത് പ്രവേശന പരീക്ഷയിലൂടെയാണ്. കൂടുതൽ വിവരങ്ങൾക്ക് IGRUA യുടെ വെബ്സൈറ്റ് www.igrua.gov.in സന്ദർശിക്കുക. കേരള സർക്കാരിന്റെ ഉടമസ്ഥതയിൽ തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏവിയേഷൻ ടെക്നോളജി എന്ന ഫ്ലയിംഗ് സ്കൂൾ മലയാളികൾക്കു വൈമാനിക പരീശിലനത്തിന് അവസരം ഒരുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് RAGAATയുടെ വെബ്സൈറ്റ് www.rajivgandhiacademyforaviationtechnology.org സന്ദർശിക്കുക.
രാജ്യത്തിലെ മറ്റു പ്രമുഖ ഫ്ലയിംഗ് സ്കൂളുകൾ : 1. GATI (GOVERNMENT AVIATION TRAINING INSTITUTE [Bhubaneswar] ), 2. RAJIV GANDHI AVIATION ACADEMY [Secunderabad], 3. COIMBATORE FLYING CLUB [Coimbatore], 4. ORIENT FLYING SCHOOL [Chennai]. അന്താരാഷ്ട്ര സംഘടനയായ (International Civil Aviation Organisation) ICAO യിൽ അംഗത്വമുള്ള വിദേശരാജ്യങ്ങളിൽ നിന്നും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് CPL കരസ്ഥമാക്കാൻ സാധിക്കും.എന്നാൽ ഒരു രാജ്യത്തിന്റെ കീഴിലുള്ള വ്യോമയാന നിയമങ്ങൾക്ക് വിധേയമായി പഠിച്ചു ലഭിക്കുന്ന CPL എല്ലാ രാജ്യങ്ങളിലും അംഗീകാരം ഉണ്ടാകണമെന്നില്ല . CPL പഠിക്കാൻ പോകുന്ന രാജ്യത്തിന്റെ ലൈസൻസ് രാജ്യാന്തര അംഗീകാരം ഉണ്ടോ എന്ന് വിദ്യാർത്ഥികൾ ഉറപ്പു വരുത്തണം.ചില സന്ദർഭങ്ങളിൽ ഒരു രാജ്യത്തിന്റെ CPL മറ്റൊരു രാജ്യത്ത് അംഗീകാരം ലഭിക്കുവാൻ ചില പരീക്ഷകൾ വിജയിക്കുന്നതിലൂടെ സാധിക്കും.
NB: ഭാരതിയ വ്യോമസേനയിലെ പ്രവേശനം നേടി പ്രതിരോധരംഗത്തെ പൈലറ്റ് ആകുവാൻ സാധിക്കും. പ്രതിരോധ -സേനയിൽ നിന്ന് വിരമിക്കുന്ന വൈമാനികർക്ക് പൊതു സ്വകാര്യ എയർ ലൈൻ കമ്പനികളുടെ പ്രത്യേക പരിഗണന ലഭിക്കും.