“ആലം – ബെംഗളൂരുവിലെ 12 വയസുള്ള ദൈവപുത്രൻ “

ഈ ലേഖനം എഴുതിയത് – ഗീതു മോഹൻദാസ്. ഇതു ഒരു യാത്ര വിവരണം അല്ല, ഇതു ഒരു കഥയും അല്ല.. കഴിഞ്ഞ ദിവസം കണ്മുന്നിലൂടെ കടന്നു പോയ ഒരു ജീവിത യാഥാർഥ്യം.. ഓരോ സഞ്ചാരിയും, ഓരോ മനുഷ്യനും പാഠം ആകേണ്ട ഒരു കാഴ്ച.

രാവിലെ 6 മണിക്കുതന്ന ഇന്ന് അലാറം സെറ്റ് ചെയ്തിരുന്നു . മൂന്നു വർഷമായി താമസിക്കുന്ന ഫ്ലാറ്റിൽ നിന്നും പഴയ PG ലൈഫിലേക്കുള്ള തിരിച്ചുപോക്കാണ് ഇന്ന്. മുന്നിലെ ജനാലചിലയിലൂടെ സൂര്യപ്രകാശം മുറിയിൽആകെ നിറഞ്ഞു കഴിഞ്ഞു. പുറത്തു തണുത്ത കാറ്റുവീശുന്നുണ്ട്.. കർട്ടൻ മുഴുവൻ ഒരു വശത്തേക്ക് നീക്കി, ജനൽപാളി ഒരു വശത്തേക്ക് തള്ളി.. ഇവിടെത്തെ അവസാനത്തെ സൂര്യപ്രകാശം, ഇളം കാറ്റ് ആസ്വദിക്കാം എന്ന് കരുതി കണ്ണും കാതും മൂക്കും തുറന്നു പിടിച്ചു… എന്റമ്മോ!!!! മൂക്കിലേക്ക് തുളഞ്ഞു കയറിയ ദുർഗന്ധം, എന്തോ ചത്ത് ചീഞ്ഞ പോലെ ഒരു മണം. പണിപാളി, അവസാന ദിവസം ആസ്വദിക്കാം എന്നുകരുത്തിയപ്പോൾ ആണ്, കുളം ആക്കാനായി, എന്താണാവോ.!! ജനൽ പാളി വലിച്ചടച്ചു ഞാൻ ദുർഗന്ധത്തിന്റെ പ്രഭവകേന്ദ്രം അന്യോഷിക്കാനായി ബാൽക്കണിയിലേക്കിറങ്ങി. ഓക്കാനിക്കാൻ വരുന്ന ദുർഗന്ധം ആണ്.. ഒരു തുണി എടുത്തു മൂക്ക് പൊത്തി. ബാൽക്കണിയിൽ ഒന്നും കാണുന്നില്ല. താഴെ ഫ്ളാറ്റുകളിലെ മാലിന്യം കൊണ്ടിടുന്ന സ്ഥലം ആണ്. പക്ഷെ ഇത്രയും ദുർഗന്ധം ഇതുവരെ വന്നിട്ടില്ല. മുകളിൽ നിന്നും ഞാൻ താഴേക്കു നോക്കി. അവിടെത്തെ കാഴ്ച കണ്ടു ഞാൻ ഞെട്ടി!!!

15 വയസിൽ താഴെ പ്രായം തോന്നിക്കുന്ന ഒരു പയ്യൻ.. മാലിന്യങ്ങൾ വാരുകയാണ്.. എനിക്ക് പെട്ടെന്ന് ഓക്കാനിക്കാൻ വന്നു. ഞാൻ ഓടി അകത്തേക്ക് പോയി. മനസിനെ ഇത്രയധികം വേദനിപ്പിച്ച ഒരു കാഴ്ച.
അകത്തേക്ക് പോയ ഞാൻ വീണ്ടും തിരികെ ബാല്കണിയിലേക്കെത്തി. ഈ ദുർഗന്ധത്തിൽ, ചീഞ്ഞളിഞ്ഞ മാലിന്യങ്ങൾക്കിടയിൽ ഒരു ഗ്ലൗസോ, ഒരു മാസ്കോ ഇല്ലാതെ, മുഖത്തു ബാല്യത്തിന്റേതായ ചിരി ഇല്ലാതെ കൗതുകം നിറഞ്ഞ ഒരു നോട്ടം ഇല്ല, വികാരങ്ങൾ ഇല്ലാതെ.. ചുറ്റും പരത്തുന്ന ദുർഗന്ധം പോലും അവനു അറിയാൻ പറ്റുന്നില്ല എന്ന് എനിക്ക് തോന്നി. ഞാൻ മൂക്ക് പൊത്തിയിരുന്ന തുണി പതുക്കെ മാറ്റി നോക്കി.. ദുർഗന്ധം അത് മാറാതെ അവിടെ ഉണ്ട്. . ഓക്കാനിക്കാൻ വരുന്നുണ്ടെങ്കിലും ഞാൻ മൂക്ക് പൊത്തിയ തുണി മാറ്റി. ദുർഗന്ധം കാരണം തലകറങ്ങുന്ന പോലെ. ഞാൻ കുറച്ചു നേരം അവനെ നോക്കി നിന്നു.

അവിടെ മൂന്നു ഡ്രമ്മുകൾ വച്ചിട്ടുണ്ട് പച്ചക്കറി മാലിന്യങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, പാഡുകൾ നാപ്കിനുകൾ അങ്ങനെ!! പക്ഷെ ഞാൻ അടക്കം ഉള്ള ഇന്ത്യക്കാരുടെ മാലിന്യ സംസ്കാരരീതി കാരണം മൂന്നു ഡ്രമ്മിലും പ്ലാസ്റ്റിക് കൂടുകളിൽ പൊതിഞ്ഞു വേർതിരിക്കാത്ത മാലിന്യം. ചിലദിവസങ്ങളിൽ മാലിന്യങ്ങൾ സെപ്പറേറ്റ് ചെയ്തുവേണം നിക്ഷേപിക്കാൻ എന്ന് പറഞ്ഞുകൊണ്ട് വഴിയിലൂടെ പോകുന്ന അന്നൗൺസ്‌മെന്റ് എന്റെ ചെവിയിൽ മുഴങ്ങുന്നതുപോലെ..

ബോളും ബാറ്റും പിടിക്കേണ്ട അവന്റെ കുഞ്ഞു കൈകൾ, ഓരോ ഡ്രമ്മുകളിൽ ആയി ഇറങ്ങുകയാണ്. അവനെക്കാൾ പൊക്കം ഉള്ള ആ ഡ്രമ്മിൽ തല അകത്തിട്ടു മാലിന്യങ്ങൾ വാരുന്നു. മാലിന്യത്തിന്റെ കൂടെ ഉണ്ടായിരുന്ന കുറച്ചു സാരികൾ കീറി അവൻ തറയിൽ വിരിച്ചിട്ടു.. സംസ്ക്കാര സമ്പന്നർ എന്ന് അഹങ്കരിക്കുന്ന നമ്മൾ വീട്ടിൽ ചെയ്യാൻ മറക്കുന്ന , “സെഗ്രിഗേഷൻ ഓഫ്‌ വേസ്റ്റ്” (മാലിന്യങ്ങൾ വേർതിരിക്കൽ) അതാണ് അവൻ ചെയുന്നത്, ചീഞ്ഞളിഞ്ഞ പച്ചക്കറി മാലിന്യങ്ങൾ അവൻ ഒരു സാരിത്തുണിയിലേക്കു കുടഞ്ഞിടുന്നു, ചീഞ്ഞ ആ മാലിന്യത്തിന്റെ കൂടെ ഉള്ള പ്ലാസ്റ്റിക് കവറുകൾ മാറ്റി മറ്റൊരു സാരിത്തുണിയിലേക്കു.. കുട്ടികളുടെയും, സ്ത്രീകളുടെയും നാപ്കിനുകൾ മറ്റൊരു തുണിയിലേക്കു!!! വിദ്യാഭ്യാസം ഉണ്ട് എന്ന് അഹങ്കരിക്കുന്ന മനുഷ്യൻ ഈ കൊച്ചു കുഞ്ഞിന്റെ മുന്നിൽ നാണിച്ചു തലതാഴ്‌ത്തേണ്ട ഒരു നിമിഷം.

ആ സമയം അവന്റെ അതെ പ്രായം തോന്നിക്കുന്ന മറ്റൊരു കുഞ്ഞു അവിടെ എത്തി മാലിന്യങ്ങൾ ആ ഡ്രമ്മിൽ ഇട്ടുപോയി. അവന്റെ മുഖത്തു ഒരു ചെറു പുഞ്ചിരി പോലും ഇല്ല. കയ്യിൽ ഒരു മൊബൈൽ ഫോൺ പോക്കറ്റിൽ വച്ച് ഹെഡ്സെറ്റ് ചെവിയിൽ തിരുകി ആണ് അവൻ മാലിന്യങ്ങൾ വാരുന്നത്.. ആരെങ്കിലും അവനെ ശീലിപ്പിച്ചതാകാം, അല്ലെങ്കിൽ ഈ ദുർഗന്ധത്തിൽനിന്നും അവൻ സ്വയം കണ്ടെത്തിയ ഒരു ഒളിച്ചോട്ടം ആകാം.

ബാല്യം മരവിച്ച ഒരു കുഞ്ഞാണ്… അത് അവന്റെ മുഖത്തു തന്നെ എഴുതി വച്ചിരിക്കുന്നു. ഞാൻ അകത്തുപോയി നോക്കി, എന്റെ കയ്യിൽ ഒരു മാസ്ക് ഇരിക്കുന്നുണ്ട്. ഞാൻ മുകളിൽ നിന്നും അവനെ കുറെ വീളിച്ചു, ഹെഡ്സെറ്റിൽ പാട്ടുകേൾകുന്നതുകൊനായ കുറെ വിളിച്ചിട്ടാണ് അവൻ മുകളിലോട്ടു നോക്കിയതു. ഒന്ന് ചിരിക്കുന്നു പോലും ഇല്ല. ഞാൻ താഴേക്കിറങ്ങി. കൈയിൽ കരുതിയ മാസ്ക് അവനു കൊടുത്തു. ഗ്ലൗസ് വാങ്ങാൻ ഒരു 100 രൂപ അവന്റെ കയ്യിൽ കൊടുത്തു. അവന്റെ പ്രവർത്തികൾ സൂക്ഷമമായി നിരീക്ഷിക്കുന്ന മറ്റൊരു കുഞ്ഞു എന്നോട് പറഞ്ഞു അവൻ ആരോടും മിണ്ടില്ല എന്ന്. 12 വയസുള്ള ഇവൻ കാരണം മാത്രം വൃത്തിയാക്കുന്ന ഒരു സ്ഥലം.. ഈ പരിസരത്തെ ആർക്കും അറിയാത്ത ഈ കുഞ്ഞിന്, ഈ പരിസരവാസികൾ നൽകേണ്ടത് ദൈവത്തിന്റെ സ്ഥാനം ആണ്. നാളെ വരണം ഗൗസ് ഞാൻ വാങ്ങി തരാം എന്ന് പറഞ്ഞു. 7 മണിക്ക് എത്താം എന്ന് പറഞ്ഞു അവൻ തലകുലുക്കി.

ആലം എന്നാണ് അവന്റെ പേര്. 12 വയസു പ്രായം, സ്കൂളിൽ പോകണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും പോകാൻ കഴിയാതെ മാലിന്യങ്ങളുടെ ലോകത്തു ഒറ്റപെട്ടു പോയ ബാല്യം. ബംഗാളിൽ നിന്നും കർണാടകയിൽ ബാംഗളൂരിൽ ജോലിതേടി എത്തിയ കുടുംബത്തിൽ ഉള്ളവൻ. ആർക്കു നേരെ ആണ് ഈതെറ്റുകൾ വിരൽ ചൂണ്ടേണ്ടത് ??!!! ബാല വേല, വിദ്യാഭ്യാസം നിഷേധിക്കൽ, വൃത്തിഹീനമായ സാഹചര്യത്തിൽ പെട്ടുപോകുന്ന ബാല്യം. ആലം ഒരു ഒറ്റപ്പെട്ട സംഭവം ആക്കാൻ സാധ്യതയില്ല. നിങ്ങളുടെ ഓരോ യാത്രകളിലും ഇതുപോലെ ഒരായിരം “ആലം” ദി കാണുന്നുണ്ടാകും. ലോകത്തെ മുഴുവൻ വൃത്തിയാക്കാൻ ശ്രമിക്കുന്ന വേസ്റ്റ് മാനേജ്‌മന്റ് എന്ന ഈ ഫീല്ഡിനെ ഇത്രയും വൃത്തിഹീനം ആകുന്നതു നമ്മൾ ഓരോരുത്തരും ആണ്, നമ്മളുടെ വൃത്തിഹീനം ആയ ശീലങ്ങൾ ആണ്. പ്ലാസ്റ്റിക് മാലിന്യങ്ങളും, പച്ചക്കറി മാലിന്യങ്ങളും രണ്ടതായി തരം തിരിക്കണം എന്ന് കുഞ്ഞുനാൾ മുതലേ സ്കൂളിൽ പഠിക്കുന്നതാണ് നമ്മൾ. എന്നിട്ടും അത് പാലിക്കുന്നവർ എത്രപേരുണ്ട് ??????

ജൂൺ 5- ലോക പരിസ്ഥിതി ദിനം, ചെടികൾ നട്ടു, സെൽഫി പോസ്റ്റ് ചെയ്തു മറക്കാൻ ഉള്ള ഒരു ദിനം അല്ല!!!!. ഈ വർഷത്തെ തീം ആയ “Beat Plastic Pollution” ഹോസ്റ്റ് ചെയുന്നത് നമ്മുടെ ഭാരതം ആണ്. അപ്പോൾ ദയവു ചെയ്തു ആരും ഒരുലക്ഷം പ്ലാസ്റ്റിക് കവറുകളിൽ ചെടികയുടെ തയ്‌കൾ കുഞ്ഞുങ്ങളിലേക്കു കൊടുക്കാതിരിക്കുക. ചെടികൾ നടാൻ മാത്രമായ ഒരു ദിവസം ആണ് എന്ന് അവർ തെറ്റുദ്ധരിക്കും . മാറ്റം നമ്മളിൽ നിന്നും തുടങ്ങണം. പ്ലാസ്റ്റിക് മലിനീകരണം കുറക്കുന്നതിന്, മണ്ണ് അന്തരീക്ഷം, കടൽ എല്ലാം പ്ളാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് നിറയാതിരിക്കാൻ, പ്ലാസ്റ്റിക് മാലിന്യങ്ങൾ വീണ്ടും ഉപയോഗിക്കുന്നതിനുവേണ്ടി മാലിന്യങ്ങൾ തരംതിരിച്ചു നികക്ഷേപിക്കണ്ടതാണ് എന്ന പാഠം ഇനിയെങ്കിലും സംസ്ക്കാര സമ്പന്നർ ആയ 100 % സാക്ഷരതയുള്ള നമ്മൾ പഠിക്കേണ്ടതാണ് .

“മാലിന്യത്തിൽ മുങ്ങി തപ്പുന്ന ഒരു കുഞ്ഞു “ആലവും ” ഇല്ലാത്ത ഒരു ഇന്ത്യ” നമുക്കുണ്ടാവാൻ ഈ ജൂൺ 5 ൽ നമുക്ക് പ്രതിജ്ഞ എടുക്കാം. . ആലവും , വികസിത രാജ്യത്തുള്ള ഈ കുഞ്ഞും ചെയുന്നത് ഒരേ കാര്യം ആണ്. ഇനി പറയു മാറേണ്ടത് നമ്മുടെ ശീലങ്ങൾ അല്ലെ ??

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply