അജിത് ഡോവൽ : ശത്രുക്കളുടെ പേടിസ്വപ്നമായ ഇന്ത്യൻ ജെയിംസ് ബോണ്ട്…

ഇന്ന് തീവ്രവാദികളുടെയും രാജ്യദ്രോഹികളുടെയും ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്ന പേരാണ് “അജിത് ഡോവൽ”. എതിരാളികൾ ചിന്തിച്ചു നിർത്തുന്നിടത്ത് ചിന്തിച്ചു തുടങ്ങുന്ന, ഇന്ത്യയുടെ ജയിംസ് ബോണ്ട് എന്നറിയപ്പെടുന്ന , ലോകത്തെ എണ്ണം പറഞ്ഞ പ്രതിരോധ വിദഗ്ധരിലൊരാളായ ഡോവലിന്റെ ജീവിതകഥ അപസർപ്പക കഥകളെ വെല്ലുന്നതാണ്. ആരാണ് അജിത് ഡോവൽ?

ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം മുൻ തലവനും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമാണ് അജിത് ഡോവൽ. അജിത് കുമാർ ഡോവൽ എന്നാണ് മുഴുവൻ പേര്. 1945ൽ ഇപ്പോൾ ഉത്തരാഖണ്ഡിന്റെ ഭാഗമായ പൗരി ഗഡ്്വാളിലെ ഗിരി ബനേൽസ്യൂൻ ഗ്രാമത്തിലാണ് ജനനം. ഗഡ്വാളി ബ്രാഹ്മണ കുടുംബമാണ് ഡോവലിന്റേത്. അച്ഛൻ ഇന്ത്യൻ ആർമിയിലായിരുന്നു. അജ്മീർ മിലിട്ടറി സ്കൂളിലായിരുന്നു അജിത് ഡോവലിന്റെ വിദ്യാഭ്യാസം. സാമ്പത്തിക ശാസ്ത്രത്തിൽ ആഗ്ര യൂണിവേഴ്സിറ്റിയിൽ നിന്ന് ഫസ്റ്റ് റാങ്കോടെ ബിരുദാനന്തര ബിരുദമെടുത്തു. 1968 ബാച്ച് കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു അജിത്. ഡോവലിന്റെ കഴിവു ആദ്യം തിരിച്ചറിഞ്ഞത്, അന്നത്തെ ആഭ്യന്തര മന്ത്രി കെ.കരുണാകരനായിരുന്നു. 1971 ലെ തലശ്ശേരി കലാപം അമർച്ച ചെയ്യാൻ അന്ന് കെ. കരുണാകരൻ അവിടത്തെ എ.എസ്.പി. ആയി അയച്ചത് ഡോവലിനെ ആയിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ വിദഗ്ധനും , സൈനിക കരുനീക്കങ്ങളില്‍ ചാണക്യനുമായ അജിത്‌ ഡോവലിന്‍റെ ജീവിതം അപസര്‍പ്പക കഥകളെ വെല്ലുന്നതാണ്..

ഏഴു വർഷം ഒരു പാക്കിസ്‌ഥാനി മുസ്ലീമിന്‍റെ വേഷത്തിൽ ഇന്ത്യൻ ചാരനായി പാക്കിസ്‌ഥാനിൽ കഴിഞ്ഞ അജിത് കുമാർ ഡോവല്‍, ശത്രു രാജ്യങ്ങളിലിറങ്ങി നേരിട്ട് ചാരപ്രവർത്തനം നടത്തിയിട്ടുള്ള ഏക ഇന്റലിജന്‍സ് മേധാവിയാണ്… ഈ ഏഴുവർഷംകൊണ്ട് ചില ആണവ രഹസ്യങ്ങളടക്കം പാകിസ്ഥാന്റെയും ISI യുടെയും പല രഹസ്യങ്ങളും ഡോവൽ ചോർത്തി. ഇതിനിടെ പാകിസ്ഥാനിലെ മർമ്മപ്രധാനമായ എല്ലാ സ്ഥലങ്ങളും കൈവെള്ളയിൽ രേഖപോലെ ഹൃദിസ്ഥമാക്കാനും ഡോവലിനായി. ഇങ്ങനെ സിനിമാ സ്റ്റൈലിൽ നടത്തിയ ചാര പ്രവർത്തിയാണ് അദ്ദേഹത്തിനെ ഇന്ത്യയുടെ ജയിംസ്ബോണ്ട് എന്ന് വിശേഷിപ്പിക്കാൻ പ്രധാന കാരണം.
പ്രവർത്തനമികവും കൈയടക്കവും അനുഭവ പരിചയവുമാണ് അജിത് ഡോവലിനെ വ്യത്യസ്തനാക്കുന്നത്. ഇന്ത്യൻ രഹസ്യാന്വേഷണ സംഘത്തെ ലോകത്തെ ഏറ്റവും മികച്ച ചാര സംഘടനയായ ഇസ്രായേലിന്റെ മൊസാദുമായി കൂട്ടിയിണക്കുന്നത് അജിത് ഡോവലിന്റെ ബുദ്ധിയാണ്.

1988ൽ പഞ്ചാബിലെ സുവർണ്ണ ക്ഷേത്രം ബോംബ് വച്ച് തകർത്ത് കൊടും കലാപം അഴിച്ചുവിടാനുള്ള ഖാലിസ്ഥാൻ തീവ്രവാദികളുടെ നീക്കം നിഷ്പ്രഭമാക്കിയതും ഡോവലിന്റെ കുശാഗ്രബുദ്ധിയാണ്. തീവ്രവാദികൾക്കുള്ള ബോംബുമായി ക്ഷേത്രത്തിലേക്ക് വരികയായിരുന്ന പാകിസ്ഥാൻ ചാരനെ തന്ത്രപൂർവം കുരുക്കിയ ഡോവൽ പൊട്ടാത്ത കുറേ ബോംബുകളുമായി അതേ ചാരന്റെ വേഷത്തിൽ തീവ്രവാദികളുടെ സംഘത്തിൽ കയറിപ്പറ്റി. പിന്നീട് തീവ്രവാദികൾ ക്ഷേത്രം തകർക്കാൻ പലയിടത്തായി സ്ഥാപിച്ചതെല്ലാം ഡോവൽ കൈമാറിയ ആ പൊട്ടാത്ത ബോംബാണ്. പ്രതിരോധം നേരിട്ടാൽ ഈ ബോംബുകൾ പൊട്ടിച്ച് പോലീസിനെ സമ്മർദ്ദത്തിലാക്കാം എന്ന കണക്കുകൂട്ടലിലാണ് അവ സ്ഥാപിക്കപ്പെട്ടത്. പക്ഷേ പഞ്ചാബ് പോലീസുമായി 16 ദിവസം നീണ്ടു നിന്ന ആക്രമണത്തിനിടെ പലയിടങ്ങളിലായി സ്ഥാപിച്ച ബോംബുകളിൽ ഒരെണ്ണം പോലും പൊട്ടിയില്ല. അങ്ങനെ സുവർണ ക്ഷേത്രത്തിന് കേടുപാടുകളൊന്നും വരുത്താതെ തന്നെ 41 തീവ്രവാദികളെ വധിക്കാനും 200 പേരെ ജീവനോടെ പിടിക്കാനും കഴിഞ്ഞു. ഈ വീരപ്രവർത്തിക്കുള്ള അംഗീകാരമായിട്ടാണ് 1988ൽ രാജ്യത്തിന്റെ പരമോന്നത ബഹുമതികളിലൊന്നായ കീർത്തിചക്ര പോലീസ്ഓഫീസറായ ഡോവലിന് സമ്മാനിച്ചത്. അതുവരെ സൈനികർക്ക് മാത്രം നൽകിവന്നിരുന്ന പുരസ്‌കാരമാണ് കീർത്തിചക്ര.

മിസോറാമിലെ ഒളിപ്പോര്മി : സോറാം നാഷണൽ ഫ്രണ്ടിൽ നുഴഞ്ഞു കയറി അവരിൽ ഒരാളായി നിന്നാണ് അജിത് ഡോവൽ അവരുടെ തന്നെ പല കമാൻഡർമാരെയും വകവരുത്തിയത്. കലാപത്തിനു നേതൃത്വം നൽകിയ ലാൽ ഡെംഗയുടെ ഏഴു കമാൻഡർമാരെയാണ് ഇത്തരത്തിൽ വകവരുത്തിയത്.

കാണ്ഡഹാറിലെ ഓപ്പറേഷൻ : 1999ലെ കാണ്ഡഹാർ വിമാന റാഞ്ചലിൽ ഭീകരരുമായി വിലപേശി ബന്ദികളെ മോചിപ്പിക്കുന്നതിനു വേണ്ട ശ്രമങ്ങൾ അജിത് ഡോവലിന്റെ നേതൃത്വത്തിലായിരുന്നു. താലിബാനികളുമായി നേരിട്ടു സംസാരിച്ച് 41 തീവ്രവാദികളെ വിട്ടയയ്ക്കണം എന്ന ആവശ്യത്തിൽനിന്നു മൂന്നു പേരുടെ മോചനം എന്ന ആവശ്യത്തിലേക്കാണ് ഡോവലെത്തിച്ചത്. അദ്ദേഹത്തിന്റെ സാഹസിക നേട്ടങ്ങളില്‍ മറ്റൊന്നു പഞ്ചാബ് തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയ റൊമാനിയന്‍ നയതന്ത്ര പ്രതിനിധിയെ ഒരു പോറല്‍ പോലുമേല്‍പ്പിക്കാതെ രക്ഷപ്പെടുത്തിയ ഓപറേഷന്‍ ആണ്.

1995ൽ ഇന്റലിജൻസ് ബ്യൂറോ തലവനായി നിയമിതനായ അജിത് ഡോവൽ 10 വർഷത്തെ സേവനത്തിന് ശേഷം 2005ലാണ് വിരമിച്ചത്. ഇക്കാലയളവിനിടെ ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗത്തിനെ ലോകോത്തര നിലവാരത്തിലെത്തിക്കാൻ ഡോവലിനായി. 2005 ൽ വിരമിച്ച ശേഷം ആത്മീയതയിലൂന്നിയ രാജ്യക്ഷേമം ലക്ഷ്യമാക്കി വിവേകാനന്ദ ഫൗണ്ടേഷൻ എന്ന സംഘടന സ്ഥാപിച്ച് പ്രവർത്തിച്ചു വരികയായിരുന്നു ഡോവൽ.

2014 ൽ ശ്രീ നരേന്ദ്രമോദി പ്രധാനമന്ത്രിയതിന് ശേഷമാണ് ഡോവൽ വീണ്ടും വാർത്തകളിൽ നിറയുന്നത്. മോഡി സർക്കാർ ഏറ്റവും ആദ്യമെടുത്ത തീരുമാനങ്ങളിലൊന്ന് അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കുക എന്നാണ്. പ്രതിരോധ, നയതന്ത്ര വിഷയങ്ങളിൽ ഇന്ത്യ കൈക്കൊള്ളേണ്ട നിലപാടുകൾ രൂപീകരിക്കുന്ന, രാജ്യസുരക്ഷയിൽ ഏറ്റവും നിർണായകമായ പങ്കുവഹിക്കുന്ന സ്ഥാനമാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റേത്. 2014 മേയ് 30നാണ് അജിത് ഡോവൽ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവായി നിയമിക്കപ്പെടുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവായി മുൻ ഇന്റലിജൻസ് ബ്യൂറോ മേധാവി അജിത് കുമാർ ഡോവൽ ചുമതലയേൽക്കുന്നത് തന്നെ തന്റെ ഔദ്യോഗിക ജീവിതത്തിലെ ചരിത്രപാഠങ്ങളുടെ വീരപരിവേഷത്തോടെയായിരുന്നു. ആ വർഷം തന്നെ ജൂണിൽ ഇറാക്കിലെ തിക്രിത്ത് ഐസിസ് ഭീകരർ പിടിച്ചെടുത്തതിനുശേഷം ആശുപത്രിയിൽ കുടുങ്ങിയ 46 ഇന്ത്യൻ നഴ്സുമാരെ തിരിച്ചെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. ഇറാക്കിൽ നേരിട്ടെത്തിയ ഡോവൽ അവിടെ സർക്കാർ തലത്തിൽ ചർച്ചകൾ നടത്തിയാണ് ഇതു സാധ്യമാക്കിയത്.

മണിപ്പൂരിൽ 18 പട്ടാളക്കാരെ വധിച്ച ഭീകരരെ മ്യാൻമറിൽ കയറിയാണ് ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയത്. അതിന്റെ പിന്നിലും ഡോവലിന്റെ ബുദ്ധിയായിരുന്നു. നേപ്പാളിൽ ഭരണഘടന മാറ്റത്തിനുശേഷം മാദേശി പ്രക്ഷോഭം ഇളക്കി വിട്ട് ഹിന്ദു രാഷ്്ട്രമെന്ന വികാരമുണർത്തി പ്രധാനമന്ത്രി പ്രചണ്ഡയെ താഴെയിറക്കിയതിനു പിന്നിലും ഡോവലിന്റെ ബുദ്ധിയുണ്ടായിരുന്നു. അതു പോലെ തന്നെ ശ്രീലങ്കയിൽ മഹീന്ദ രാജപക്സയെ പരാജയപ്പെടുത്തി സിരിസേന അധികാരത്തിലേറിയതിനു പിന്നിലും ഡോവലിന്റെ ബുദ്ധിയും ചരടുവലികളുമുണ്ടായിരുന്നു.

ഇന്ത്യയിലേക്ക് തോക്ക് തിരിച്ചു വയ്ക്കുമ്പോൾ പാക്കിസ്‌ഥാൻ ഉന്നം വയ്ക്കുന്നത് അജിത് ഡോവൽ എന്ന ഒളിപ്പോരിനു പേരു കേട്ട ഉദ്യോഗസ്‌ഥനെ തന്നെയാണ്. അഫ്ഗാൻ–പാക്കിസ്‌ഥാൻ അതിർത്തിയിൽ ബലൂചിസ്‌ഥാൻ ലിബറേഷൻ ആർമിക്ക് ഇന്ത്യ പിന്തുണ നൽകുന്നു എന്നും ഇതിനു പിന്നിൽ ഡോവലാണെന്നുമാണ് പാക്കിസ്‌ഥാൻ ആരോപിക്കുന്നത്. കാഷ്മീരിൽ വിഘടനവാദികൾക്കും ഭീകരർക്കുമെതിരേയുള്ള പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നതും ഡോവൽ തന്നെ. അഫ്ഗാനുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിച്ചത് ഡോവൽ തന്നെയാണ്. ഇതുകൊണ്ടു തന്നെ പാക് തീവ്രവാദികളുടെ ഹിറ്റ്ലിസ്റ്റിൽ ഡോവൽ എന്നുമുണ്ടായിരുന്നു. പാക്കിസ്‌ഥാനിൽ ഒളിവിൽ കഴിയുന്ന പിടികിട്ടാപ്പുള്ളി ദാവൂദ് ഇബ്രാഹിമിനെ തിരിച്ച് ഇന്ത്യയിലെത്തിക്കുകയാണ് തന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നെന്ന് ഡോവൽ വ്യക്‌തമാക്കിയിട്ടുണ്ട്.

അതിനിടെ പാക്കിസ്ഥാനിൽ കയറി വമ്പനൊരു സർജിക്കൽ സ്ട്രൈക്കും ഇന്ത്യൻ ആർമി നടത്തുകയുണ്ടായി. ഇതിനു പിന്നിലെ ബുദ്ധികേന്ദ്രവും ഡോവലിന്റേതായിരുന്നു. ആക്രമണം നടത്തി തിരിച്ചു വന്ന ശേഷം ഇന്ത്യ അറിയിച്ചപ്പോഴാണ് പാക്കിസ്ഥാൻ ഈ കാര്യം അറിഞ്ഞത് പോലും. ആക്രമണങ്ങളെക്കാൾ ചെറുത്തുനിൽപ്പുകൾക്ക് മുൻതൂക്കം കൊടുത്തിരുന്ന ഇന്ത്യക്ക് വേണ്ടി വന്നാൽ ശത്രുവിന്റെ പാളയത്തിൽ കയറി ആക്രമിക്കാനും മടിയില്ല എന്ന് ലോകത്തിനെ ബോധ്യപ്പെടുത്താൻ ഈ സർജിക്കൽ സ്‌ട്രൈക്കുകൾക്കായി. അജിത് ഡോവലിനെപ്പറ്റിയുള്ള സംഭവ കഥകളിലെ ഏതാനും ഏടുകൾ മാത്രമാണിവ. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓഫീസറാണ് ഡോവൽ എന്ന് നിസ്സംശയം പറയാം. സർജിക്കൽ സ്‌ട്രൈക്കുകളിലൂടെയും നിർണായക തീരുമാനങ്ങളിലൂടെയും രാജ്യത്തിന്റെ യശസ്സ് വാനോളം ഉയർത്തിക്കൊണ്ടിരിക്കുന്ന അജിത് ഡോവലിനെ ഇനി ഒരു പ്രതിഭാസമായി വിശേഷിപിച്ചാലും തെല്ലും അതിശയോക്തിയില്ല !

കടപ്പാട് – pathrika.com, http://agninews.in, vicharam.org.

Check Also

ലോകത്തിലെ Top 20 ബഡ്‌ജറ്റ്‌ എയർലൈനുകൾ ഇവയാണ്… Top 20 best low-cost airlines in the world

A low-cost carrier (also known as a no-frills, discount or budget airline) is an airline …

Leave a Reply