പറഞ്ഞാലും തീരാത്ത അനുഭവങ്ങളും വിശേഷങ്ങളുമുള്ള ഇടമലക്കുടിയിലേക്ക്..

വിവരണം -രഞ്ജിത്ത് ചെമ്മാട്.

ഒരുപാട് കാലമായി എല്ലാവരിലും നിന്നും മറച്ചുവെച്ച യാത്രയുണ്ട്.എഴുതണമെന്ന് ആലോചിക്കേണ്ട താമസം അതിനിടയിലേക്ക് ഒരുപാട് യാത്രകള്‍ കുമിഞ്ഞു കൂടി.യാത്രകളെല്ലാം മാറ്റിവെച്ചിരുന്നത് ഇത് പങ്കുവെക്കാന്‍ വേണ്ടിയായിരുന്നു ഒരു ചെറിയ വിട്ടുവീഴ്ച…!ഈ വനയാത്ര അറിയാവുന്നവര്‍ക്ക് ഒരു സ്വപ്നമാണ് അറിയാത്തവര്‍ക്ക് കേരളത്തിലെ ഒരു സാധാരണ വനവും.ആ അറിയാത്തവരുടെ കൂടെയായിരുന്നു ഞാനും.ഊരുതെണ്ടികളുടെ കുടുംബത്തില്‍ നിന്നും കിട്ടിയ സുഹ്യത്തായ സലീംക്ക വിളിക്കുമ്പോള്‍ ഞാന്‍ എന്‍റെ ആദ്യത്തെ വനയാത്രയ്ക്ക് തയ്യാറെടുത്തിരുന്നു.

ഷിയാസ് കൊച്ചിന്‍ എന്ന വനയാത്രികന്‍റെ ഭീതിയുണര്‍ത്തുന്ന വാക്കുകള്‍ കൂടിയായപ്പോള്‍ എന്‍റെ ആകാംക്ഷ വര്‍ദ്ധിച്ചു.കോഴിക്കോട്ടുക്കാരന്‍ ദ്വിജിത്തെട്ടന്‍റെ കൂടെ മൂന്നാറിലേക്ക് വച്ച് പിടിച്ചു.പെരുമ്പാവൂരില്‍ ഷിയാസ്ക്കയുംസന്തോഷേട്ടനും എന്‍റെ ആദ്യവനയാത്രയ്ക്ക് സ്വാഗതം പറയാന്‍ നില്‍ക്കുന്നുണ്ടായിരുന്നു.ഇനി യാത്ര തെക്കിന്‍റെ കാശ്മീരായ മൂന്നാറിലേക്ക് രാത്രിയിലെ ബൈക്ക് യാത്ര അതും മൂന്നാറിലേക്ക് പറയാതെ തന്നെ ആ സുന്ദരനിമിഷങ്ങള്‍ എല്ലാവര്‍ക്കുമറിയാം.സലിംക്ക ഞങ്ങളെയും കാത്ത് മൂന്നാറില്‍ തന്നെയുണ്ടായിരുന്നു. തണുപ്പില്‍ വിജ്രംഭിച്ചു നിന്ന ഞങ്ങളെ ഒരു റൂമില്‍ പിടിച്ചുകിടത്തി മയക്കി.

അടുത്ത ദിവസം തുടങ്ങുന്നതിനോടൊപ്പം വനയാത്രയെന്ന എന്‍റെ സ്വപ്നവും നിറവേറുകയായിരുന്നു.ഭക്ഷിക്കാനുള്ള കായ്ഖനികള്‍ സ്വരൂപിച്ചു ലക്ഷ്യസ്ഥാനത്തേക്ക് ജീപ്പില്‍ യാത്ര തുടങ്ങി. ഇരവികുളം നേഷണല്‍ പാര്‍ക്കിലൂടെ സഞ്ചാരികള്‍ക്കുള്ള അതിരുകളും കടന്നു വരയാടുകളെയും കണ്ട് മലനിരകള്‍ക്കിടയിലൂടെ വനത്തിലേക്ക്…അതെ ഇടമലക്കുടിയിലേക്ക്.പറഞ്ഞാലും പറഞ്ഞാലും തീരാത്ത അനുഭവങ്ങളും വിശേഷങ്ങളും അറിവുകളും ഉള്ള ഇടമലക്കുടിയിലേക്ക് .ആദ്യം ഇടമലക്കുടിയെ കുറിച്ച് ഈ യാത്രയില്‍ അറിഞ്ഞതും പിന്നീട് അറിയാന്‍ ശ്രമിച്ചതും പങ്കുവെക്കാം.

കേരളത്തിലെ ആദ്യത്തെ ഗോത്ര വര്‍ഗ്ഗ പഞ്ചായത്താണ് ഇടുക്കി ജില്ലയിലെ ഇടമലക്കുടി.ഈ യാത്ര പുതിയ അനുഭവങ്ങള്‍ക്കും അറിവുകള്‍ക്കുമപ്പുറം ഒരുപാട് ചോദ്യങ്ങള്‍ മനസ്സില്‍ കടന്നുകൂടിയിരുന്നു.
അതില്‍ ഭൂരിഭാഗവും ഇടമലക്കുടിയിലെ ജനങ്ങളെ കുറിച്ചായിരുന്നു.മുതുവാന്‍ സമുദായക്കാരാണ് ഇവിടത്തെ ജനങ്ങള്‍ .ഇവരുടെ ജീവിതം മെച്ചപെടുത്തുന്നതിനു വേണ്ടിയാണ് പഞ്ചായത്ത് രൂപികരിച്ചത് എന്ന് പറയാന്‍ കാരണമുണ്ട്. ഇപ്പോഴും 18കി .മി നടന്നു കാട്ടിലൂടെ നടന്നു വേണം മുതുവാന്‍ എന്ന ഗോത്ര വര്‍ഗ്ഗക്കാര്‍ മാത്രം താമസിക്കുന്ന കേരളത്തിലെ ഒരേയൊരു പഞ്ചായത്തായ ഇടമലക്കുടിയിലെത്താന്‍.

ഞങ്ങളുടെ ജീപ്പ് പെട്ടിമുടിയിലെത്തി.ഇവിടെ വരെയാണ് റോഡ്‌ ഉള്ളത്.ഇനി മുന്നോട്ടുള്ളത് നമ്മുടെ സര്‍ക്കാറും ആദിവാസി സഹോദരങ്ങളും നിര്‍മ്മിച്ച കരിങ്കല്‍ റോഡുകളാണ്.ഹനുമാന്‍ ഗിയറുള്ള ജീപ്പില്‍ കരിങ്കല്‍ പാദയിലൂടെയുള്ള യാത്ര ഞങ്ങളെ പിടിച്ചു കുലുക്കി.കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ കരിങ്കല്‍ റോഡുകളാണെങ്കിലും കുലുക്കമില്ലാത്ത യാത്രകളായി.പിന്നീട് ചോദിച്ചപ്പോള്‍ മനസ്സിലായത്‌ ആ റോഡുകള്‍ ആദിവാസികളുടെ
സൃഷ്ട്ടിയാണെന്നാണ്. അത് അങ്ങനെയായില്ലെങ്കിലെ അത്ഭുദമൊള്ളു കാരണം ആവശ്യക്കാര്‍ അവര്‍ മാത്രമാണല്ലോ.ഈ റോഡുകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ തരുന്ന പണം കയ്യിട്ടുവാരാന്‍ ആര്‍ക്കും മടിയില്ലതാനും.
ഇനി 18 കി.മി വനമാണ്.മൂന്നാറില്‍ നിന്നും 40 കി.മി ദൂരത്തുള്ള ഇടമലക്കുടിയിലെത്താന്‍ ഇത്ര ദൂരം താണ്ടിയെ മതിയാവൂ.ഇത്രയേറെ ഒറ്റപെട്ടു കഴിയുന്ന ഗ്രാമപഞ്ചായത്തും കേരളത്തില്‍ ഉണ്ടാവില്ല.പകല്‍ മാത്രമേ ഈ വനത്തിലൂടെ യാത്ര ചെയ്യാന്‍ കഴിയൂ ധാരാളം കാട്ടുമൃഗങ്ങള്‍ ഉണ്ടെന്ന ഞങ്ങളുടെ ഗൈഡായ റാഫേല്‍ അണ്ണന്‍റെ വാക്കുകളില്‍ എന്‍റെ മുഖം ഭീതിയുടെ മുഖം മൂടിയണിഞ്ഞു.

വനത്തിനുള്ളിലേക്ക് കടന്നു ആദ്യം കണ്ട കാഴ്ച ചെറിയ വെള്ളച്ചാട്ടമാണ്.ദേഹശുദ്ധി വരുത്തിയിട്ട് കാടുകയറാം എന്ന് കരുതി.കാരണം വനത്തില്‍ എല്ലാവരും പുതിയ മനുഷ്യരാണ് നാഗരികതയുടെ അഴുക്കുകളെല്ലാം ആ വെള്ളച്ചാട്ടത്തില്‍ ഒഴുക്കികളഞ്ഞു. ഒരു പുതിയ മനുഷ്യനായി കാട് കയറി തുടങ്ങി. കളങ്കമില്ലാത്ത വനത്തിലൂടെ ബാലപാഠങ്ങള്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയേ പോലെ ഞാന്‍ നടന്നു.ഓരോ കാഴ്ചകളും പുതുമകളായിരുന്നു. കയ്യിലുള്ള ക്യാമറയേക്കാള്‍ ഞാന്‍ കണ്ണുകളെ സ്നേഹിച്ചു.കടുവയും കരടിയും ആനയും ഉള്ള കാടാണ് എന്ന സഹയാത്രികരുടെ വാക്കുകളാണ് സ്വപ്നവലയത്തില്‍ നിന്നും പുറത്തെത്തിക്കുന്നത്.ഒരു മായ പ്രപഞ്ചത്തില്‍പെട്ട് ഞാന്‍ ഒഴുകി നടന്നു.

പെട്ടെന്നുള്ള എല്ലാവരുടെയും നിശബ്ദത എന്നെ ഉണര്‍ത്തി.കടുവയുടെ ഗന്ധം തിരിച്ചറിഞ്ഞ സന്തോഷേട്ടന്‍ മിണ്ടരുതെന്ന് ആഗ്യം കാണിച്ചു.എനിക്ക് കാര്യം മനസിലായിരുന്നില്ല എന്നാലും ഞാനും നിശബ്ദനായി.ഓരോ ചുവടുകളും പതുക്കെ ഞങ്ങളുടെ മുമ്പില്‍ എപ്പോഴുംഅവന്‍ പ്രത്യക്ഷപെടാമെന്ന അവസ്ഥ.എന്‍റെ നെഞ്ചിടിപ്പ് കൂടി കാലുകള്‍ നിലത്തുറയ്ക്കുന്നില്ല.അവന്‍റെ ചൂര് കൂടി കൂടി വന്നു.ഒന്നുകില്‍ അവന്‍ പുറകെയുണ്ട്‌ അല്ലെങ്കില്‍ എവിടെയോ മറഞ്ഞു നില്‍ക്കുന്നു.മുള്‍ചെടികളുടെ അനക്കങ്ങള്‍ കേള്‍ക്കാം.ആ അനക്കങ്ങള്‍ക്ക് കൂടെ
നടന്നു പെട്ടെന്ന് ഒരു വലിയ ശബ്ദമായി ആ ശബ്ദം നിലച്ചു.ഒടിഞ്ഞു കിടക്കുന്ന പുല്ലുകള്‍ കണ്ട ഷിയാസ്ക്ക പറഞ്ഞു ദര്‍ശനം തരാതെ പോയിരിക്കുന്നു വനത്തിലെ താരരാജാവ്.എല്ലാവരുടെയും മുഖത്ത് നിരാശയായിരുന്നു എന്‍റെ മുഖമൊഴികെ.എന്‍റെ ശ്വാസം അപ്പോഴാണ്‌ നേരെ വീണത്‌.നിരാശപെട്ടിരിക്കുന്ന അവരുടെ വേദന എനിക്കിപ്പോ മനസ്സിലാവും.ആ ദര്‍ശനത്തിനു വേണ്ടി കാത്തിരിക്കേണ്ടിവരും ദിവസങ്ങളല്ല മാസങ്ങളല്ല വര്‍ഷങ്ങള്‍ വേണ്ടിവരാം ഈ താരരാജാവിനെ കാണാന്‍.

രാവിലെ വാങ്ങിയ കായ്ഖനികള്‍ ഭക്ഷിച്ചും കാട്ടരുവിയുടെ തണുപ്പില്‍ മയങ്ങിയും നീരചോലയിലെ വെള്ളം കുടിച്ചും സന്ധ്യയോടെ ഞങ്ങള്‍ ഇടമലകുടിയിലേക്ക് കാല്‍വെച്ചു..കാൽ വെച്ചു എന്നേ പറയാന്‍ കഴിയുകയൊള്ളൂ അതിനു കാരണം ഇടമലക്കുടിയുടെ വിശേഷങ്ങളില്‍ മനസ്സിലാവും. മുതുവാന്മാര്‍ കൂട്ടമായി വീടുവെച്ചു താമസിക്കുന്ന സ്ഥലത്തെയാണ് കുടി എന്ന് പറയുന്നത്.ഇത്തരം 28 കുടികളിലായി 700ഓളം കുടുംബങ്ങള്‍ ഉണ്ട്.36000 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള വനപ്രദേശമാണിത്.ഇടമലക്കുടിയിലെ മുതുവാന്മാര്‍ തമിഴ് പാരമ്പര്യത്തില്‍പ്പെട്ടവരാണ്.
മധുരയില്‍ നിന്നും പശ്ചിമഘട്ടത്തിലേക്ക് കുടിയേറിയവരാണ് ഇവരുടെ പൂര്‍വികര്‍.യുദ്ധത്തില്‍ തോറ്റ പാണ്ടിരാജാവിന്‍റെ കൂടെ എത്തിയവരാണ് ഇവര്‍ എന്നാണ് അറിയപ്പെടുന്നത്.രാജാവിന്‍റെ മുതുപിള്ളമാരാണെന്നാണ് ഇവരിലെ കാരണവന്മാര്‍ പറയുന്നത്.മുതുവാന്‍ എന്ന വാക്ക് അങ്ങനെയുണ്ടായതാവണം.മുതുവാന്മാര്‍ ഇടമലക്കുടിയില്‍ താമസം തുടങ്ങിയിട്ട് ഏതാണ്ട് 60 വര്‍ഷങ്ങള്‍ക്ക് മുകളിലായി.ചെങ്കുളം ഡാം വന്നപ്പോള്‍ അവിടെനിന്നും കുടിയൊഴിപ്പിച്ച മുതുവാന്മാരെ ഇടമലക്കുടിയില്‍ താമസിപ്പിക്കുകയായിരുന്നു.ഇവരുടെ
വേഷം,ആഹാരം,ജീവിതശൈലിയില്‍ മാറ്റങ്ങള്‍ ഉണ്ടായിയെങ്കിലും പരമ്പരാഗതമായ വിശ്വാസങ്ങള്‍ ഇപ്പോഴും കൊണ്ടുനടക്കുന്നു.

ഈ വിശ്വാസങ്ങള്‍ക്ക് പിറകെ പോവുന്നതിനു മുമ്പ് യാത്ര തുടരാം..ആദ്യകുടിയായ ഇഡ്ഡലിപ്പാറ കുടിയില്‍ നിന്ന് മൂപ്പനെയും കണ്ട് വിവരങ്ങള്‍ അന്വേഷിച്ചു തുടങ്ങി അന്‍സാരിക്ക.ഇത്രയും നടന്ന ക്ഷീണം ബാക്കിയുള്ളവര്‍ കുടികളുടെ മുറ്റത്ത് ഇരുന്നു തീര്‍ത്തു.ക്ഷീന്മകറ്റാന്‍ കാടിന്‍റെ മക്കള്‍ കട്ടന്‍ചായ കൊണ്ടുവന്നു.മധുരമില്ലെങ്കിലും ആ സ്നേഹത്തിന്‍റെ മാധുര്യം മതിയായിരുന്നു ആ ചായയ്ക്ക്.വിശേഷങ്ങളും സങ്കടങ്ങളും പറഞ്ഞപ്പോഴേക്കും ഇരുട്ട് വീഴാറായി തുടങ്ങിയിരുന്നു.ഞങ്ങള്‍ക്കുള്ള താമസം അടുത്തുള്ള കുടിയായ സൊസൈറ്റി കുടിയിലായതുകൊണ്ടും
അവിടേക്ക് 3 കി.മി യാത്രയുള്ളതുകൊണ്ടും ഞങ്ങള്‍ വൈകിയില്ല മൂപ്പനോട്‌ യാത്രപറഞ്ഞു യാത്ര തുടര്‍ന്നു.

അധികം താമസിയാതെ സൊസൈറ്റി കുടിയില്‍ എത്തി.അവിടത്തെ കാഴ്ചകള്‍ തികച്ചും വ്യത്യസ്തമായിരുന്നു. നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാനും മുതുവാന്മാരുടെ കാര്‍ഷിക വിഭവങ്ങള്‍ വില്‍ക്കാനും ഒരു സൊസൈറ്റി ഉണ്ട് അവിടെ പിന്നെ ശഷിയണ്ണന്‍റെ സ്വന്തം ചായകടയും.ഈ വനത്തിനുള്ളിലും ഇത്രയും സൗകര്യങ്ങള്‍ ഇവര്‍ ഒരുക്കിയിരിക്കുന്നു.ശശിയണ്ണന്‍ അവിടത്തെ ജന്മിയാണെന്നു തോന്നി അത് അദ്ധേഹത്തിന്‍റെ സംസാരത്തിലും
പ്രതിഫലിച്ചു.താമസമൊരുക്കിയ കുടികളില്‍ തോളിലെ മാറാപ്പുകളെല്ലാം ഇറക്കി അവരിലെ ഒരാളായി
ഞങ്ങള്‍ മാറിയിരുന്നു.തണുത്തുറഞ്ഞ കാട്ടരുവിയിലെ കുളി ക്ഷീണമെല്ലാം മാറ്റിയിരുന്നു.ഇത്രയും നേരം നടന്നതിന്‍റെ ക്ഷീണം എന്‍റെ കാലുകള്‍ക്ക് അനുഭവപ്പെട്ടു.ആദിവാസി ചേട്ടന്മാര്‍ തന്ന തൈലം പുരട്ടിയപ്പോള്‍ ചെറിയ ശമനം കിട്ടി.

രാത്രി ഞങ്ങള്‍ക്കുള്ള ഭക്ഷണം ശശിയണ്ണന്‍റെ ചായകടയില്‍ തയ്യാറാവുന്നു.സഹായാത്രികരില്‍ ഒരാളായ മൂര്‍ത്തിയണ്ണന്‍ പാചകം മുന്നില്‍ നിന്നും നയിച്ചപ്പോള്‍ എല്ലാവരും ഒരു ഓളത്തില്‍ കൂടെ പിടിച്ചു.നല്ല വാഴയിലയില്‍ പയറുകറിയും ചോറും കൂട്ടി ഒരു പിടുത്തം. ഇപ്പോഴും ആ രുചി നാവിലുണ്ട്. ഈ പുതിയ കാഴ്ചകളിലും അനുഭവങ്ങളിലും അന്തം വിട്ടിരുന്ന ഞാന്‍ നാളെ വരാനിരിക്കുന്ന പുതിയ കാഴ്ചകളിലേക്ക് മുഴുകി കണ്ണുകളടച്ചു. ചെറിയ പനിയുടെ കോളുണ്ടെന്നു പറഞ്ഞ അന്‍സാരിക്ക എന്നെ നിര്‍ബന്ധിച്ചു മരുന്ന് കഴിപ്പിച്ചു.സന്തോഷേട്ടന്‍ ഉറങ്ങിയിരുന്നില്ല കാട്ടുപോത്തിന്‍റെയോ ആനയുടെയോ കാല്‍പെരുമാറ്റത്തിന് കാതോര്‍ത്തിരിക്കുകയായിരുന്നു പത്രപ്രവര്‍ത്തകനായ സന്തോഷേട്ടന്‍. ഏതോ ഒരു നിമിഷത്തില്‍ എന്‍റെ കണ്ണുകളടഞ്ഞു. പുലര്‍ച്ചെ ഉന്മേഷത്തോടെയാണ് എണീറ്റത് മനസ്സില്‍ അന്‍സാരിക്കയോട് നന്ദി പറഞ്ഞു. മുഴുവന്‍ കുടികളും കാണുകയെന്നത് ഒരു ദിവസത്തെ അപ്രാപ്യമായ കാര്യമായതുകൊണ്ട് അടുത്തുള്ള കുടികള്‍ കാണാന്‍ വേണ്ടി പുലര്‍ച്ചെ തന്നെ നടത്തം തുടങ്ങി.

തൊട്ടടുത്ത കുടിയായ ആണ്ടവന്‍ കുടിയില്‍ നിന്നറിഞ്ഞത് നേരത്തെ പറഞ്ഞ പരമ്പരാഗതമായ വിശ്വാസങ്ങളെ കുറിച്ചായിരുന്നു.ആ വിശ്വാസങ്ങള്‍ പങ്കു വെക്കാം…മുതുവാന്മാരുടെ കുട്ടികളെ 6-7 വയസ്സാവുമ്പോള്‍ കുടുംബത്തില്‍ നിന്നും മാറ്റി പാര്‍പ്പിക്കും.ആണ്‍ക്കുട്ടികളെയും പെണ്‍ക്കുട്ടികളെയും സത്രങ്ങള്‍ എന്ന് വിളിക്കുന്ന പുരകളില്‍ ആണ് താമസിപ്പിക്കുന്നത്.എല്ലാ കുടികളിലും ഇത്തരം സത്രങ്ങള്‍ ഉണ്ട്.അവിടെ മുതിര്‍ന്നവര്‍ അവര്‍ക്ക് ജീവിതപാഠങ്ങളും ഗോത്ര പാരമ്പര്യങ്ങളും പറഞ്ഞു കൊടുക്കും.സത്രത്തിലെ ജീവിതം അവര്‍ക്ക് ജീവിത പരിശീലനത്തിന്‍റെ കാലം കൂടിയാണ്.മാസമുറയുള്ള സ്ത്രീകളെയും പ്രത്യേകം പാര്‍പ്പിക്കും. അവര്‍ക്ക് താമസിക്കാനുള്ളതാണ് വാലാപ്പുര.അവിടെ മറ്റാര്‍ക്കും പ്രവേശനമില്ല.ഗോത്ര സംശുദ്ധിയുടെ കാര്യത്തില്‍ ഇവര്‍ക്ക് കടുത്തനിര്‍ബന്ധമുണ്ട് അതിനാല്‍ അന്യജാതിയില്‍ നിന്നുള്ള വിവാഹം അനുവദിക്കുന്നതല്ല.മാസത്തില്‍ രണ്ടോ മൂന്നോ തവണ മൂന്നാറില്‍ നിന്നും ഡോക്ടര്‍മാര്‍ വരും പിന്നെയുള്ള ആശയം എന്‍റെ കാലുവേദനയ്ക്ക് മരുന്ന് തന്നവരെ പോലുള്ള വൈദ്യന്മാരാണ്.

തിരിച്ചു അന്നുതന്നെ കാടിറങ്ങണമെന്നുള്ളതുകൊണ്ട് കുടിയില്‍ നിന്നും തിരിച്ചുനടന്നു.തിരിച്ചു സൊസൈറ്റികുടി വഴിതന്നെയാണ് ഇറങ്ങിയത്‌.. സൊസൈറ്റി കുടിയിലാണ് ഗ്രാമപഞ്ചായത് ഓഫീസും ട്രൈബല്‍ സ്കൂളും.സ്കൂളില്‍ അദ്ധ്യാപകരുണ്ട് അവര്‍ക്കും പറയാനുണ്ട്. ഒരുപാട് പരിഭവങ്ങളും പരാതികളും ആര് കേള്‍ക്കാന്‍. നാലാം ക്ലാസ് വരെയുള്ള ട്രൈബല്‍ എല്‍.പി സ്കൂളാണ് പ്രധാനപെട്ട വിദ്യാഭ്യാസ സ്ഥാപനം.കൂടാതെ ഏതാനും അങ്കണവാടികളും ഏകാദ്ധ്യാപക വിദ്യാലയങ്ങളും ഉണ്ട്.

സൊസൈറ്റികുടിയില്‍ നിന്നും തിരിച്ചു കാടിറങ്ങിയത് അമ്പലക്കുടി വഴിയാണ് ഇറങ്ങുമ്പോള്‍ ഒരു മനസ്സിലുറപ്പിച്ചിരുന്നു. ഈ ജനതയ്ക്ക് എന്നാല്‍ കഴിയുന്നത്‌ എനിക്ക് ചെയ്യണമെന്ന് അതേ മനസ്സുള്ള സഹയാത്രികരെ കിട്ടിയതില്‍ ഞാന്‍ സന്തോഷിക്കുന്നു ദൈവത്തിനുനന്ദി പറയുന്നു.ഓരോ ചുവടു മുമ്പോട്ടു വയ്ക്കുമ്പോഴും ഇടമലക്കുടിയില്‍ നിന്നും വിട്ടുപോവുകയാണെന്ന ദുഖമുണ്ടായിരുന്നു.ഇടമലക്കുടിയിലെ ഉത്സവത്തിനു വരാമെന്ന വാക്കുകൊടുത്തിട്ടാണ് ആ സഹോദരങ്ങളെ വിട്ടുപോന്നത്… ആ വാക്കു പാലിക്കണം..

കാടിറങ്ങുമ്പോള്‍ ഒരു കാര്യം മനസ്സിലായി ഇടമലക്കുടിക്കാരുടെ പ്രധാന്‍ പരാതി കുടിവെള്ളവും റോഡുമാണ്. കാട്ടരുവികള്‍ ഒന്നും ഉപയോഗപെടുത്തുന്നില്ല.നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാനുള്ള സൊസൈറ്റിയാണ് ഏക ആശ്വാസം.പക്ഷെ 18 കി.മി ചുമന്ന് കൊണ്ടുവരുന്ന സാധനങ്ങള്‍ക്ക് ചുമട്ടുകൂലി കൊടുക്കേണ്ടി വരും.18 കി.മി അകലെയുള്ള പെട്ടിമുടിയില്‍ നിന്നും റോഡ്‌ നിര്‍ബന്ധമായി തീര്‍ന്നിട്ടുണ്ട്.പക്ഷെ കാടിനെ വെട്ടികീറി റോഡ്‌ വരുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഇടമലക്കുടിക്കാരെയും അവരുടെ ശാന്തമായ ഈ ജീവിതത്തെയും വനത്തിനെയും എങ്ങനെയൊക്കെ ബാധിക്കും എന്ന കാര്യത്തിലാണ് എന്‍റെ പേടിയും ചോദ്യവും..??

Check Also

ആനവണ്ടി മൺസൂൺ മീറ്റ് 2019 ഇത്തവണ കുട്ടനാട്ടിൽ; വരുന്നോ??

ആനവണ്ടി മഴക്കാല മീറ്റ് 2019 ജൂലൈ ഏഴ് ഞായറാഴ്ച കുട്ടനാട്ടിൽ. ആനവണ്ടി മീറ്റ് ഇത്തവണ ആലപ്പുഴയുടെ മണ്ണിൽ. പമ്പ – …

Leave a Reply