ഒരു വ്യത്യസ്ത പുതുവർഷാഘോഷവും തേടി ഒരു കട്ട ലോക്കൽ ഉക്രൈൻ യാത്ര..

മഞ്ഞും ഹരിതാഭവും കുളിരും മലനിരകളും ക്രിസ്മസ് ട്രീകളും ഒരു വ്യത്യസ്ത പുതുവർഷാഘോഷവും തേടി….

യാത്രാവിവരണം – ഹരി കൃഷ്ണൻ.

ഡിസംബർ അവസാനം അവധി വരുന്നു എന്നറിഞ്ഞപ്പോയെക്കും ആലോചന തുടങ്ങി…ആദ്യ വിവാഹ വാർഷികവും പുതുവർഷവും- എങ്ങോട്ട് പോകും എവിടെ ആഘോഷിക്കും എങ്ങനെ ആഘോഷിക്കും. അങ്ങനെ ഫേസ്ബുക് അരിച്ചു പെറുക്കുന്നതിനിടക്ക് ചങ്ക് വിനു ബ്രോയുടെ കുറച്ചു ഫോട്ടോസ് കണ്ടു‌.. വിളിച്ചു… മച്ചാൻ മാരക തള്ള്… അങ്ങനെ ഗൂഗിൾ ചേച്ചിയുടെ സഹായത്താൽ ഉക്രൈനിനിനെ കുറിച്ച് പഠിക്കാൻ തുടങ്ങി..ഒരു വശം നിറയെ പീരങ്കി കാണിച്ചു ഗൂഗിൾ ചേച്ചി ഒന്ന് പേടിപ്പിച്ചു പക്ഷെ ഞങ്ങൾ അതങ്ങു തീരുമാനിച്ചു, ഓൺ അറൈവൽ വിസ , ബഡ്ജറ്റിന് ഒതുങ്ങിയത്, മഞ്ഞും മലകളും പിന്നെ യൂറോപ്യൻ സംസ്കാരവും സുന്ദരികളുടെയും ലഹരിയുടെയും നാട്.

അങ്ങനെ ടിക്കറ്റ് ആദ്യം ബുക്ക് ചെയ്തു വിനു ബ്രോ പറഞ്ഞപോലെ വിസക്കുള്ള പേപ്പേഴ്സ് , ഹോട്ടൽ ബുക്കിംഗ് ,ഇൻഷുറൻസ് , തെർമൽ വെയർ, ജാക്കറ്റ് അങ്ങനെ എല്ലാം എല്ലാം സെറ്റ് ആക്കി. അങ്ങനെ കീവിൽ നിന്നും യാറംചേ എത്താൻ വിനു പറഞ്ഞ പോലെ ആദ്യം ട്രെയിൻ നോക്കി.. ഒന്നാലോചിച്ചപ്പോൾ കീവിൽ ഇറങ്ങി ട്രെയിൻ എടുത്തു യാറംചേ പോയി മഞ്ഞും കണ്ടു തിരിച്ചു വരുന്നതിലുപരി പബ്ലിക് ട്രാൻസ്‌പോർട് എടുത്തു ഗ്രാമങ്ങളിലൂടെ ചോയിച്ചു ചോയിച്ചു പോകുന്നതല്ല ഹീറോയിസം എന്ന് ഞങ്ങൾ രണ്ടും ഒരേ സ്വരത്തോടെ പറഞ്ഞു തീരുമാനിച്ചു.അല്ലാതെ ട്രെയിൻ ടിക്കറ്റ് കിട്ടാഞ്ഞിട്ട് അല്ലാട്ടോ. അങ്ങനെ ബസ് ടിക്കറ്റ് ബുക്ക് ആക്കി, കിവിൽ നിന്നും ഇവനോ ഫ്രാങ്ക്വിസ്കി അവിടെ നിന്നും യാറംചേ അതും പല ബസ് പല വഴി 10 മണിക്കൂർ യാത്ര. ഓൾ സെറ്റ്.

എംബസ്സി അബുദാബി സിറ്റിയിൽ തന്നെ ആയതിനാൽ വിസ ഒന്നും ഉറപ്പ് വരുത്താലോ എന്ന് വിചാരിച്ചു വേണ്ട ഡോക്യൂമെൻറ്സും ആയി എംബസ്സിയിൽ പോയപ്പോൾ നാട്ടിലെ സർക്കാർ ഓഫീസിൽ പോയ ഒരു ഫീൽ ആയിരുന്നു. പുറത്തെങ്ങും ആരെയും കാണാത്തതിനാൽ ഞങ്ങൾ അകത്തേക്ക് കേറി, ഒരു ലോഡ് പൊടിപിടിച്ച പേപ്പർ കുന്നുകളുടെ ഇടയിലൂടെ ഒരു ഓഫിസർ ഞങ്ങളുടെ ശബ്ദം കേട്ടു വന്നു. അയാള് അവിടേം ഇവിടേം തൊടാത്ത രീതിയിൽ പറഞ്ഞു, നിങ്ങൾക്ക് ഓൺ arrival വിസ കിട്ടുമെന്ന്, അതും പറഞ്ഞു അയാൾ അകത്തേക്ക് ഓടി. എന്തോരോ എന്തോ…വരുന്നടത്തു വെച്ച് കാണാം എന്നും പറഞ്ഞു അവിടുന്ന് ഇറങ്ങി.

ചെക്ക് ഇൻ കൗണ്ടറിലെ ബ്രോ ഞങ്ങളുടെ പാസ്പോർട്ട് കുറെ മറിച്ചും തിരിച്ചും നോക്കി വിസ ഇല്ലാതെ പോകാൻ പറ്റില്ലാന്ന് പറഞ്ഞു. വിനു പോയ കാര്യവും എംബസി പോയ കാര്യവും എല്ലാം പറഞ്ഞപ്പോ മച്ചാൻ പാസ്സ്പോർട്ടും എടുത്തു ആരെയോ കാണാൻ പോയി തിരിച്ചു വന്നു കമ്പ്യൂട്ടറിൽ ഒന്നുടെ കുത്തിക്കളിച്ചു പറഞ്ഞു..സോറി വിസ അപ്ലിക്കേഷൻ ഇല്ലാതെ പോകാൻ പറ്റില്ലാന്ന്. ചുമ്മാ എടുത്തുവെച്ച വിസ അപ്ലിക്കേഷൻ എടുത്തു കാണിച്ചപ്പോൾ പുള്ളിക്ക് സന്തോഷായി…അങ്ങനെ സോറി വീണ്ടും പറഞ്ഞു ബ്രോ ബോർഡിങ് പാസ് ഇഷ്യൂ ചെയ്തു തന്നു. ചെറുതായി ഒന്ന് ഞെട്ടി എങ്കിലും സംഭവം ഓക്കേ.

കിഴക്കൻ യൂറോപ്പിലെ ഒരു വലിയ രാജ്യം, കരിങ്കടലും(black sea), കടലിന്റെ അസോവുവും (sea of azov) റഷ്യ,പോളണ്ട് ,റൊമാനിയ തുടങ്ങിയ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു. കള്ളോ കഞ്ചാവോ.. എന്ത്‌ വേണം, എല്ലാം സുലഭം ഈ വല്യ രാജ്യത്ത് പ്രത്യേകിച്ച് യൂറോപ്പ്യൻ സഞ്ചാരികൾ വരെ അടിച്ചു പൊളിക്കാൻ തിരഞ്ഞെടുക്കുന്ന വോഡ്കയുടെയും സുന്ദരികളുടെയും നാട്. ഉക്രൈൻ! ലക്‌ഷ്യം പടിഞ്ഞാറു ഭാഗത്തു കീവിൽ നിന്നും ഏകദേശം 650km ദൂരെ ഉള്ള ഒരു കുഞ്ഞു ഗ്രാമത്തിലേക്ക്, ഏറ്റവും പ്രകൃതി ഭംഗിയും ഉൾപ്രദേശവുമായ മഞ്ഞുമലകളാൽ ചുറ്റപ്പെട്ട bokoval അവിടെയാണ് ലക്ഷ്യം.അവിടെ ഞങ്ങളെ കാത്തിരിക്കുന്ന ഉക്രൈൻ സുന്ദരി, അവളെക്കുറിച്ചു പിന്നെ പറയാം.

അങ്ങനെ 6hr യാത്ര, ഉക്രൈൻ തലസ്ഥാനമായ kyiv അല്ലെങ്കിൽ കീവ് എത്തി. ഒരു ചെറിയ എയർപോർട്ട് കുറച്ചു ജീവനക്കാരും മാത്രം.ഓൺ arrival വിസ സെക്ഷനിൽ ചെന്ന് കയ്യിലുള്ള ഡോക്യൂമെന്റസ് എല്ലാം എടുത്തു കൊടുത്തു, പുളളി അതേപോലെ മടക്കി ടേബിളിന്റെ ഒരു സൈഡ് ഇൽ വെച്ചു ഇരിക്കാൻ പറഞ്ഞു. അകത്തു ഒരു ഡോക്യൂമെന്റും ഇല്ലാതെ എവിടുന്നോ എപ്പോഴോ വന്ന സംസാര ശേഷി ഇല്ലാത്ത ഒരാളെ തികച്ചും താല്പര്യമില്ലാത്ത രീതിയിൽ ഓഫീസർ സഹായിക്കുന്നുണ്ടായിരുന്നു. അത് കഴിഞ്ഞു ഞങ്ങളെ വിളിക്കും എന്ന് വിചാരിച്ചു ക്ഷമയോടെ ഇരുന്നു. അതിനിടെ കുറച്ച എമിറേറ്റി വനിതകൾ ഒരു ഡോക്യൂമെന്റും ഇല്ലാതെ ഞങ്ങളുടെ സെയിം ഫ്ലൈറ്റിൽ വന്നിരുന്നു. അവർക്ക് അയാൾ ഒരു സിസ്റ്റം കൊടുത്തു എല്ലാ ഡോക്യൂമെൻറ്സും എടുപ്പിച്ചു. അതിൽ ഒരാൾക്ക് ഉക്രൈൻ ഭാഷ അറിയുമായിരുന്നു. അങ്ങനെ അവരുടെ ഡോക്യൂമെൻറ്സും മടക്കി സൈഡിൽ വെച്ചു. ഒന്ന് രണ്ടു ചെറിയ ഫ്ലൈറ്റുകൾ ഇറങ്ങി ആളുകൾ പോകുന്നതും കണ്ടു ഞങ്ങൾ ഇരുന്നു.

അങ്ങനെ ഒരു ഒന്നൊന്നര മണിക്കൂർ പോസ്റ്റ് ആക്കിയ ശേഷം അയാൾ ഡോക്യൂമെന്റസുമായി എങ്ങോട്ടോ പോയി ഞങ്ങൾടെ വിസ അടിച്ച പാസ്സ്പോർട്ടും ആയി തിരിച്ചു വന്നു തന്നു. എമിറേറ്റി ടീമിനോട് യാത്ര പറഞ്ഞു പാസ്പോർട്ട് കൺട്രോളിൽ എത്തുന്നതിന്ന് മുൻപ് ഒരു പോലീസ്‌ ഏമാൻ വന്നു ഞങ്ങളോട് കുശലം പറഞ്ഞു, രണ്ടു പേരും ഹോസ്പിറ്റൽ ഫീൽഡ് ആണെന്ന് അറിഞ്ഞിട്ടാണോ എന്തോ അയാൾ ഞങ്ങളുടെ പാസ്പോർട്ട് വാങ്ങി അകത്തു പോയി ഒരു 5 മിനിറ്റ് വെയിറ്റ് ചെയ്യാൻ പറഞ്ഞു 30 മിനിറ്റിനു ശേഷം തിരിച്ചു വന്നു ചിരിച്ചോണ്ട് യാത്ര പറഞ്ഞു. പാസ്പോർട്ട് കൺട്രോളിൽ എത്തിയപ്പോൾ അയാളുടെ ഉക്രൈൻ തള്ള്.. ആരോട് പറയാൻ ആര് കേൾക്കാൻ..പോസ്റ്റോ പോസ്റ്റ്. പാസ്പോര്ട്ട് തിരിച്ചു തന്നു സെക്യൂരിറ്റി ചെക്ക് ഇൻ ശേഷം പുറത്തു ഇറങ്ങി. ഡോളർ ആക്കി വച്ചിരുന്ന കാശ് ഉക്രയിൻ hryvnia ആക്കി. ആദ്യം തന്നെ സിം എടുത്തു ഓഫർ കണ്ടപ്പോൾ നാട്ടിലെ ജിയോ ആണ് ഓർമ്മ വന്നത്. 3 മാസത്തേക്ക് അൺലിമിറ്റഡ് ഇന്റർനെറ്റും 100 കോളും.ഇപ്പോഴും 3g ആണുട്ടോ അവിടെ. 10 .30 നു ഫ്ലൈറ്റിൽ നിന്നും ഇറങ്ങിയ ഞങ്ങൾ എയർപോർട്ടിൽ നിന്നും പുറത്തു ഇറങ്ങിയത് 1 മണിക്ക്. ഹോട്ടലുകാർ ഏർപ്പാടാക്കിയ കാർ വന്നു പോയി. മാരകതണുപ്പും മഞ്ഞു പെയുന്നുമുണ്ടായിരുന്നു. പുറത്തു കണ്ട ടാക്സിക്കാരനു മൊബൈലിൽ ഹോട്ടൽ ഡീറ്റെയിൽസ് കാണിച്ചു അയാൾക്ക് ഒരു തരി ഇംഗ്ലീഷ് അറിയാത്ത ആൾ ആണ് എന്ന് മനസിലായി. അങ്ങനെ ഹോട്ടൽ റിസപ്ഷൻ വിളിച്ചു ആൾ എന്തോ സംസാരിച്ചു യാത്ര തുടങ്ങി.

വിജനമായ നനഞ്ഞ റോഡിലൂടെ ഡ്രൈവർ പറത്തി വിട്ടു. നട്ടപാതിരാ ആയതിനാലും സ്ഥലം ശരിയാണോ എന്ന് അറിയാത്തതിനാലും ഞങ്ങൾ ഗൂഗിൾ മാപ്പ് ഓൺ ആക്കി വച്ചിരുന്നു.പേടിച്ചിട്ടല്ല ട്ടോ..20 മിനിറ്റ് കൊണ്ട് ഞങ്ങൾ എത്തി. ഉക്രൈൻ പെൺകൊടികൾ ഞങ്ങളെ സ്വാഗതം ചെയ്തു. അടച്ച അടുക്കള തുറന്നു ഉഗ്രൻ പാസ്ത ഉണ്ടാക്കിത്തന്നു ഞങ്ങളെ വരവേറ്റു.പുലർച്ചെ എണീറ്റ് റൂമിൽ നിന്നുകൊണ്ട് തന്നെ സൂര്യോദയം കണ്ട് ഗൂഗിൾ ട്രിപ്പ് എടുത്തു സ്ഥലങ്ങൾ ഓഫ്‌ലൈൻ ആക്കി..യൂബർ വിളിച്ചു ആദ്യ സ്പോട് ആയ kiev pechersk lavra എത്തി. ഉക്രൈനിലെ 7 അത്ഭുതങ്ങളിൽ ഒന്നാണ് ഈ പള്ളി, ആയിരം വർഷങ്ങൾക്ക് മുകളിൽ വരെ ഉള്ള ഭൂഗർഭ കല്ലറ ഉണ്ട്. മെഴുകുതിരി വെളിച്ചത്തിൽ ഭൂമിക്കടിയിലൂടെ ഇടുങ്ങിയ വഴികളിലൂടെ സ്വല്പം പേടിയോടെ കല്ലറകൾ കണ്ട് നടന്നു നീങ്ങി പള്ളിയുടെ മറ്റൊരു വശത്തു എത്തിപ്പെട്ടു. കൂടെ ഒന്ന് രണ്ടു സന്ദർശകരും ഉണ്ടായിരുന്നു. ആണുങ്ങൾക്ക് പാന്റും പെണ്ണുങ്ങൾക്ക് പാവാടയും നിർബന്ധമാണ്. അതിനാൽ അവിടെന്നു തന്നു മുണ്ടു പോലെ ഉള്ള ഒരു തുണി പെണ്ണുങ്ങൾക്ക് കൊടുക്കുന്നുണ്ടായിരുന്നു.

അതിനു ശേഷം പുറത്തിറങ്ങി കാഴ്ചകൾ പകർത്തി അടുത്ത സ്ഥലത്തേക്ക്നടന്നു. റഷ്യയുമായുള്ള യുദ്ധത്തിൽ പൊലിഞ്ഞ പട്ടാളക്കാരുടെ കല്ലറയും അതിൽ വിവിധ തരാം പുഷ്പ്പങ്ങൾ ബഹുമാനാർത്ഥം വെച്ചത് കാണാനിടയായി. ഗൂഗിൾ ചേച്ചിയുടെ സഹായത്തോടെ ഞങ്ങൾ നടന്നു നീങ്ങി. ഞങ്ങൾ നിൽക്കുന്നതിനു അടുത്ത ലൊക്കേഷൻ കാണിക്കുന്നത് ലവ് ലോക്ക് ബ്രിഡ്ജ് എന്നാണ്. എന്നാൽ പിന്നെ അതു തന്നെ കണ്ടേക്കാം എന്നായി നടക്കുന്നതിനിടെ വഴിയിൽ ഒരു പാർക്ക് കണ്ടു Park of Eternal Glory. ഒരു സ്‌മാരകം കണ്ട് അതു ലക്ഷ്യം ആക്കി നടന്നു. The memory candle- ഉക്രൈനിലെ ക്ഷാമങ്ങളുടെ സ്മരണ സ്‌മാരകം(വിശപ്പിന്റെ ഇരകളുടെ സ്‌മാരകം). അതിനു ഒരു താഴെ ആയി ഭൂഗർത്ത ഹാൾ ഉണ്ട്‌ The Memory Hall അവിടെ ക്ഷാമം ഉണ്ടായപ്പോൾ മരിച്ചവർക്കു വേണ്ടി മെഴുകുതിരി കത്തിക്കാനും.. മണി മുഴക്കാനും ഉള്ള അവസരം ഉണ്ട്‌. പുറത്തു ഇറങ്ങി ഞങ്ങൾ മനോഹരമായ ദൃശ്യങ്ങളിൽ മുഴുക്കി. നൈപ്പർ നദിയെ മുറിച്ച ഉള്ള പാലവും നദിക്കരയിലെ ഷിപ്പ്‌ പോലെ തോന്നിക്കുന്ന ഹോട്ടലും പാലത്തിൽ കൂടി ചീറി പായുന്ന വണ്ടികളും, കരയിൽ കാട് പോലെ തോന്നിപ്പിക്കുന്ന മരങ്ങളും.. കാഴ്ചകളെല്ലാം ക്യാമറയിലും മനസ്സിനുളിലുമാക്കി ഞങ്ങൾ നടന്നു അടുത്ത സ്‌മാരകം കാണാൻ The Grave of the Unknown Soldier. യുദ്ധത്തിൽ മരിച്ച തിരിച്ചറിയപ്പെടാത്തവർക്കുവേണ്ടി ഉള്ള ശവകുടീരം ആയിരുന്നു അത്‌. സ്മാരകത്തിനു ഏകദേശം 27മീറ്റർ ഉയരം കാണും അതിന്റെ അടിയിൽ കെടാവിളക്കും.

ഞങ്ങൾ അന്വേഷിച്ചു നടന്ന പാലം ഏതാണ്ട്‌ അടുത്തായി എന്ന് ഗൂഗിൾ മാപ്പിൽ കാണിക്കുന്നു. കുറച്ചു കറങ്ങി നോക്കി കണ്ടില്ല. ഗൂഗിൾ ചേച്ചി പറ്റിച്ചതാണോ അതോ പാലം കണ്ടിട്ട് love lock bridge പോലെ തോന്നാഞ്ഞതാണോ 🤔🤔 എന്ന് ഞങ്ങൾക്കു മനസിലായില്ല. ഇനിയും അന്വേഷിച്ചു നടക്കാൻ സമയമില്ല അടുത്ത കാഴ്ചകളിലേക് നീങ്ങാം എന്നാക്കി. എങ്ങോട്ട് എന്ന് ഇല്ലാത്ത ഞങ്ങൾ കണ്ട വഴിയിലൂടെ നടന്നു. കുറച്ചു ചെന്നപ്പോൾ നമ്മുടെ നാട്ടിലെ റബ്ബർ തോട്ടത്തിനെ അനുസ്മരിക്കുന്ന രീതിയിൽ മരങ്ങൾ അതിലെ താഴേക്കു വഴി കണ്ടു, പോയി നോക്കാൻ തന്നെ ഉറപ്പിച്ചു. ചെന്നപ്പോൾ കാണുന്നത് adventure park പോലെ വലിയ സ്റ്റേഡിയം കുറെ കസേരകളും ഒത്ത നടുക്ക് പരിപാടി നടത്താൻ ഉള്ള സൗകര്യവും കാണാം വേറെ ഒരു സൈഡിൽ നമ്മുടെ നാട്ടിൽ കയറിൽ കൂടി നടന്നു അഭ്യാസം കാണിക്കുന്ന നാടോടികൾ പോലെ ഇവിടത്തെ കുറച്ച്‌ പിള്ളേർ റോപ്പിൽ കൂടി നടക്കുന്നു ഒരു ഭാഗത്തു സൈക്കിൾ സ്ടന്റിങ് നടത്തുന്നു. അവർ ഞങ്ങൾ നോക്കുന്നത് കണ്ട് ഭയങ്കര സന്തോഷത്തിൽ അകത്തു വന്നു കണ്ടോള്ളൂ എന്ന് പറഞ്ഞു.വയറു ഒച്ച വച്ച് തുടങ്ങി.

അവസാനം ഒരു മാൾ കണ്ടു. കയറും വഴി സെക്യൂരിറ്റി പറഞ്ഞു ഇന്ന് ഫുൾ ബുക്കഡ് നാളെ വരൂ 😝അങ്ങനെ ആണ് തോന്നുന്നു അയാൾ പറഞ്ഞത് . ടോയ്‌ലെറ്റിൽ പോകാൻ ആണെന്ന് പറഞ്ഞു ഉള്ളിൽ കേറി ചെന്നപ്പോൾ സംഭവം pub ആണ്. മുന്നോട്ട് പോയതും ഇരുട്ട് മാത്രം ഇടുങ്ങിയ നേരിയ വെളിച്ചം ഉള്ള വഴി താഴെ ഷോകേസിൽ വച്ചിരിക്കുന്ന പോലെ ആൺകുട്ടികളുടേം പെണ്കുട്ടികളുടേം പ്രതിമകൾ ഗ്ലാസ് ഉണ്ട്‌ നമ്മുക്ക് നടക്കാൻ പക്ഷെ ആ ഇരുണ്ട വെളിച്ചത്തിൽ കാണുമ്പോൾ അവരുട തലയിൽ കൂടി നടക്കും പോലെ തോന്നും. പിന്നെ ഞങ്ങൾ പോയത് People’s Friendship Arch. സോവിയറ്റ് യൂണിയന്റെ 60 താം വാർഷികത്തിന്റെ ഓർമക്കായി ആണ് ഇത് തുറന്നത്. വലിയൊരു മഴവില്ലിന്റെ ആകൃതിയിൽ ഉള്ള ആർച്ചും അതിനു താഴെ ആയി രണ്ടു പ്രതിമകളും. കിടിലൻ വ്യൂ ഒരു സ്ഥലം ആണ് . കുറെ ഇണക്കുരുവികൾ അവരുടെ സ്വർഗം തീർക്കുന്നു.

കീവ് ന്റെ നഗര മധ്യത്തിൽ എത്തി വിശപ്പടക്കി ഇത്തിരി നേരം ചൂട് കാഞ്ഞു വീണ്ടും എനർജി കിട്ടിയ ആവേശത്തിൽ നടന്നു Maidan Nezalezhnosti അല്ലെങ്കിൽ Independence Square ഇൽ എത്തി‌. 2014ഇൽ നടന്ന ഏതോ യുദ്ധത്തിൽ കത്തി നശിച്ച സ്ഥലത്തു കൂടിയാണ് നടകുന്നത് എന്ന് വിശ്വസിക്കാൻ തന്നെ ബുദ്ധിമുട്ട് തോന്നി. ഈ സ്ക്വയറിനെ രണ്ടാക്കി കൊണ്ട് നടുവിലൂടെ റോഡ് പണി തീർത്തിട്ടുണ്ട്. ഇവിടെ പ്രധാനമായും 3സ്മാരകങ്ങൾ ആണ് independance monument , Founders of kyiv പിന്നെ Lach Gate മ്മും. റോഡിനും സ്ക്വയറിനും താഴെ ആയി ഉള്ള ഭൂഗർഭ സമുച്ചയം ആണ് globus shopping മാൾ അതിനോട് ചേർന്നു തന്നെ ആണ് kiev metro യും. പുറത്തു നിന്നും നല്ല ഭംഗിയുള്ള ഡോം കാണാം ചുറ്റും ഫൗണ്ടൈനും Lach gate മും റോഡിനു ഒരേ സൈഡിൽ ആണെങ്കിൽ independance monument ഉം founder ഓഫ് കഴിവ് നേരെ എതിർദിശയിൽ ആണ്‌ .

സിറ്റിയുടെ കളർഫുൾ കാഴ്ചകണ്ടു അങ്ങനെ സമയം ഏതാണ്ട് ആയി. ബസ് സ്റ്റേഷനിൽ എത്തണം അടുത്ത ലോങ്ങ് യാത്ര… യൂബർ എടുത്തു കാത്തിരിപ്പ് തുടങ്ങി, നഗരം ഫുള്ള് ട്രാഫിക്കിൽ… വെയ്റ്റിംഗ് ടൈം യൂബർ ആപ്പിൽ കുറയുന്നതിന് പകരം കൂടിക്കൊണ്ടിരിക്കുന്നു..ഉള്ളിൽ നേരിയ ടെൻഷൻ വന്നു തുടങ്ങി, ബസ് കിട്ടിയില്ലെങ്കിൽ ഈ ട്രിപ്പ് ഇവിടെ പൊളിയും എന്നൊക്കെ പരസ്പരം പറഞ്ഞു.. റോഡ് സൈഡിൽ നിന്നും പോകുന്ന വണ്ടികളുടെ നമ്പർ പ്ലേറ്റ് നോക്കിക്കൊണ്ടിരുന്നു.. രണ്ടു പേരും നല്ലോണം ക്ഷീണിച്ചിട്ടുണ്ട്, പെഡോമീറ്റർ നോക്കിയപ്പോൾ16 km ഇന്ന് നടന്നിട്ടുണ്ടെന്ന് കാണിക്കുന്നു.. അങ്ങനെ യൂബർ ചേട്ടൻ അടുത്തു എവിടെയോ വന്നു വിളിക്കുന്നു, ദൈവമേ ഇംഗ്ലീഷ് എന്തെലും അറിയുന്നവൻ ആകണമേ എന്ന് പ്രാർത്ഥിച്ചു ഫോൺ എടുത്തു.. അവൻ ഉക്രൈൻ ഭാഷയും ഞാൻ ഇംഗ്ലീഷും, ഒന്നും മനസ്സിലായില്ല അവനും എനിക്കും. ഫോൺ കട്ട് ചെയ്തു അവൻ മെസ്സേജ് അയച്ചു where, ഞാൻ ട്രാൻസ്ലേറ്റർ എടുത്തു ഉക്രൈൻ ഭാഷയിൽ അവനോട് ഒരു അടുത്ത് കണ്ട കടയുടെ പേര് അയച്ചുകൊടുത്തു, അവൻ വിചാരിച്ചു കാണും എനിക്ക്‌ ഭാഷ അറിയാമെന്ന്, ചെങ്ങായി വീണ്ടും വിളിച്ചു.. പിന്നേം ഒന്നും മനസ്സിലായില്ല.. അവസാനം ഞാൻ അയച്ച കടയുടെ പേര് അവൻ ഇങ്ങോട്ട് പറഞ്ഞു ഫോൺ കട്ടാക്കി, 5 മിനുറ്റിൽ ആൾ എത്തി.

നേരത്തെ ബുക്ക് ചെയ്ത ബസ് ടിക്കറ്റിലെ അഡ്രസ് നോക്കി എത്തിയപ്പോൾ ചെറിയ ഒരു സ്ട്രീറ്റ്‌. ഇരുട്ടായി,ചെറിയ മഴ പെയ്യുന്നുണ്ട്, പറ്റിക്കപ്പെട്ടു എന്ന് തോന്നിതുടങ്ങി.. അടുത്തുകണ്ട ബസ് സ്റ്റോപ്പിലേക്ക് ഓടി കേറി, ഒരു ചെറിയ ബസ് വന്നു നിർത്തി, ഡ്രൈവർക്ക് ഒരക്ഷരം ഇംഗ്ലീഷ് അറിയില്ലെന്ന് മനസ്സിലായി..സങ്കടത്തോടെ ബസിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ നോക്കുമ്പോൾ ദേ മുന്നിൽ മാലാഖ… അവൾ അവളുടെ മൊബൈലിൽ ഉക്രൈൻ ഇംഗ്ലീഷിലേക്ക് കൺവെർട്ട് ചെയ്തു എന്നോട് കാര്യം തിരക്കി.. അങ്ങനെ ഞാൻ എന്റെ ഫോണിൽ ഉക്രൈൻ ഭാഷയും അവള് ഇംഗ്ലീഷും… ഞാൻ മൊബൈൽ അവൾക്ക് നേരെ നീട്ടുന്നു അവളെനിക്ക് നേരെ നീട്ടുന്നു… ആളുകൾ അത് കണ്ടു അന്താളിച്ചു നിൽക്കുന്നു .. രസമുള്ള കാഴ്ച തന്നെ, ടെൻഷൻ എല്ലാം മാറി.. ആ ബസിൽ തന്നെ ഇരിക്കാൻ പറഞ്ഞു, ബസ് മുന്നോട്ട് നീങ്ങി തുടങ്ങി.. ടെൻഷൻ ഇച്ചിരി വന്നു.

മഴ പെയ്യുന്നുണ്ട്, സിറ്റി ബസ് ആയതിനാൽ എല്ലാ സ്റ്റോപ്പിലും നിർത്തി നിർത്തി പോകുകയാണ്, ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്ന ആളുകൾ ബസിൽ കേറി ഇറങ്ങുന്നുണ്ട്… കാർഡോ ടിക്കറ്റ് സിസ്റ്റം ഒന്നുമില്ല, കേറുമ്പോൾ പൈസ മടക്കി ചുരുക്കി ഗീയർ ബോക്സ് ന്റെ മുകളിലേക്ക് എറിഞ്ഞു കൊടുക്കുന്നു..എന്താല്ലേ, 4g വരെ ഇതുവരെ വന്നിട്ടില്ലാത്ത നാട്ടിൽ ഇത്രയൊക്കെയേ പ്രതീക്ഷിക്കാവു . റോഡും നഗരവും കണ്ടാൽ എല്ലാം കിടു. അങ്ങനെ ഇറങ്ങാറായ സ്റ്റോപ്പ് എത്തി എന്ന് അവൾ മൊബൈലിൽ എഴുതികാണിച്ചു, നന്ദി എഴുതികാണിച്ചു ഞങ്ങൾ ഇറങ്ങി ബസ് സ്റ്റേഷനിലേക്ക് മഴ നനഞ്ഞു ഓടി എത്തി ടിക്കറ്റ് കൗണ്ടറിൽ പ്രിന്റ് ചെയ്യാനായി ക്യു നിന്നു. ഞങ്ങളുടെ ഊഴം എത്തി, കൗണ്ടറിൽ ഇരിക്കുന്ന അമ്മുമ്മക്ക് ഞങ്ങളെ ഒട്ടും പിടിക്കാത്ത പോലെ എന്തൊക്കെയോ പറഞ്ഞു സംഭവം പ്രിന്റ് ചെയ്തു തന്നു. നമ്മുടെ നാട്ടിലെ ബസ് സ്റ്റേഷനായി ഉപമിക്കാൻ പറ്റുന്ന തരത്തിൽ തന്നെ, വൃത്തി സ്വല്പം കുറവാണ്, ഒരുപാട് ബസുകൾ ഉക്രൈൻ ഭാഷ മാത്രം. പെട്ടു !!! ചെര്നോട്സ്കി എന്ന സ്ഥലത്തേക്കാണ് ഞങ്ങൾ എടുത്ത ടിക്കറ്റ്, അത് ഉക്രൈൻ ലോക്കൽ ഭാഷയിലേക്ക് മാറ്റി ബോർഡ് തപ്പിപ്പിടിച്ചു കണ്ടു പിടിച്ചപ്പോൾ രണ്ടു ബസ്, ഏതാ ആദ്യം പോകുന്നത് എന്നറിയാൻ ഡ്രൈവറോട് തിരക്കിയപ്പോൾ അയാൾ ഞങ്ങളോട് എന്തൊക്കെയോ പറയുന്നു… ആഹ് ഒന്നും മനസ്സിലായില്ല. എന്തായാലും ഒരു മണിക്കൂർ കൂടെ ഉണ്ട് ബസ് സ്റ്റാർട്ട് ചെയ്യാൻ, അടുത്തു കണ്ട Mc ഇൽ കേറി ഫുഡ് അടിച്ചു മൊബൈലും ചാർജറും ഒകെ ചാർജ് ചെയ്തു തിരിച്ചു ബസ് സ്റ്റാൻഡിൽ വന്നു.

ബസിൽ കേറാൻ നോക്കുമ്പോൾ ഡ്രൈവർ വന്നു തടഞ്ഞു എന്തൊക്കെയോ പറയാൻ തുടങ്ങി അത് കേട്ട് അടുത്തുള്ള ബസിൽ നിന്നും അടുത്ത മാലാഖ ഞങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു…മാലാഖ 2…കുട്ടിക്ക് നല്ലോണം ഇംഗ്ളീഷ് അറിയാം, രക്ഷപെട്ടു ട്ടാ. പക്ഷെ പണി പാലും വെള്ളത്തിൽ കിട്ടി എന്നവൾ പറഞ്ഞു. നിങ്ങള് പോകാൻ ഉദ്ദേശിച്ച സ്ഥലത്തേക്കുള്ള ടിക്കറ്റ് അല്ല നിങ്ങൾ എടുത്തത് എന്ന്.. ഒരേ പേരുള്ള രണ്ടു സ്ഥലം എന്തോ ചെറിയ മാറ്റം മാത്രം! നിങ്ങള് ആ സ്ഥലത്തേക്കു പോകണ്ട അത് കുറെ ഉൾപ്രദേശം ആണ് അവിടെ പോയാൽ കുടുങ്ങി പോകും എന്നൊക്കെ ആയിരുന്നു ആ ഡ്രൈവർ ചേട്ടൻ പറഞ്ഞതെന്ന് അവൾ പറഞ്ഞു. ശശി.. പ്ലാൻ എല്ലാം പൊളിഞ്ഞു.. അവൾ എന്നെ വിളിച്ചു ടിക്കറ്റ് കൗണ്ടറിൽ പോയി അന്വേഷിച്ചെങ്കിലും ഫുള്ളി ബുക്ക്ഡ് ആണെന്ന് പറഞ്ഞു..അവള് പോകുന്ന ബസ് ചെര്നോട്സ്കി യുടെ അടുത്ത വേറൊരു സ്ഥലം ആണെന്ന് പറഞ്ഞു പക്ഷെ ആ ബസ്സും ഫുള്ള്. അവൾക്കും ഞങ്ങളുടെ അവസ്ഥ കണ്ടു സങ്കടമായി… ഇനി ഉള്ളത് bla bla ടാക്സി എന്ന ഒറ്റ ഓപ്ഷൻ പക്ഷെ ഇത്രേം ദൂരം സേഫ് അല്ല എന്ന് അവൾ പറഞ്ഞു. ഒരുതരത്തിൽ പറഞ്ഞാൽ അതെന്നെ…യാത്ര പറഞ്ഞു അവൾ ബസിൽ കേറി, അവസാന കച്ചിത്തുരുമ്പും അകന്നു പോയികൊണ്ടിരിക്കുന്നു, ബസ് മെല്ലെ നീങ്ങിതുടങ്ങി, റ്റാറ്റാ പറഞ്ഞോണ്ട് അവൾ അകന്നു… രണ്ടു മിനിറ്റു കഴിഞ്ഞു. ദേ മഴ നനഞ്ഞു ആ മാലാഖ2 ഓടി വരുന്നു, ഞങ്ങളുടെ കൈ പിടിച്ചു തിരിച്ചു ഓടുന്നു, അവളുടെ ബസിൽ കയറ്റുന്നു… കിതച്ചുകൊണ്ട് അവളുടെ ചോദ്യം, പുതിയ ടിക്കറ്റിനു പൈസ കൊടുത്താൽ സീറ്റ് ഇട്ടു തരാം എന്ന് ഡ്രൈവർ പറഞ്ഞു, താല്പര്യം ഉണ്ടോ? രണ്ടു പേരും ഒരുമിച്ചു yes പറഞ്ഞു… ദൈവം അയച്ച മാലാഖ!

നാട്ടിൽ പണ്ട് കല്യാണ വീട്ടിൽ വാടകക്ക് ഉപയോഗിച്ചിരുന്ന തരം മടക്കി വെക്കാൻ പറ്റിയ ഒരു കസേര കൊണ്ടു ഡ്രൈവർ സീറ്റുകൾക്ക് ഇടയിൽ നടുവിൽ ഇട്ടു തന്നു ഒരു സീറ്റ് കാലിയും ഉണ്ടായിരുന്നു, അതിനടുത്തു ഇട്ടു. അവളെ നല്ല സീറ്റിലും ഞാൻ ആ കസേരയിലും ഇരുന്നു യാത്ര തുടങ്ങി….നാട്ടിലെ റോഡിലൂടെ പോകുന്ന അതെ ഫീൽ, നല്ലോണം തകർന്ന റോഡുകൾ.. കാടും മലയും പുഴയും ഒരുപാട് കുഞ്ഞു കുഞ്ഞു കവലകളും പട്ടണങ്ങളും താണ്ടി ബസ് കുതിച്ചു( ഇത്‌ ഇത്തിരി കുളിർമക്ക് എഴുതിയത് ആണേ.. ഇരുട്ട് കാരണം ഒന്നും കണ്ടില്ല സ്ട്രീറ്റ്‌ലൈറ് പോലും ഉണ്ടായിരുന്നില്ല എന്നത് വാസ്തവം 😂).. രണ്ടു മൂന്നു തവണ പമ്പിലും ഹോട്ടലിലുകളിലും നിർത്തിയിരുന്നു വണ്ടിയിൽ ഉള്ള ആളുകൾ വലിക്കുന്നു ടോയ്‌ലെറ്റിൽ പോകുന്നു 10/15മിനിറ്റ് നടു നിവർത്തി പുറത്തിറങ്ങി വീണ്ടും യാത്ര തുടങ്ങുന്നു. ഇടക്ക് ഒന്ന് ഞങ്ങൾ ഇറങ്ങി… കൊടും തണുപ്പായിരുന്നു..

6 മണിക്കൂർ യാത്രക്കുശേഷം ചെര്നോട്സ്കി എത്തി. നാട്ടിൻ പ്രദേശം, ഒരു ചെറിയ ബസ് സ്റ്റാൻഡ്.. പിന്നെ പറയത്തക്ക ഒന്നും ഇല്ല, മാലാഖയുടെ വീട് അവിടെ അടുത്താണ് എന്ന് പറഞ്ഞു… അവള് ഞങ്ങൾക്ക് പോകാനുള്ള ബസ് ടിക്കറ്റ് എല്ലാം റെഡി ആക്കി തന്നു, അപ്പോ 5മിനുട്ടിനുള്ളിൽ തന്നെ ഒരു ബസ് ഉണ്ട്… അങ്ങനെ ഞങ്ങളെ പോകണ്ടേ ഡ്രൈവറെ ഏൽപ്പിച്ചു സെൽഫി യൊക്കെ പിടിച്ചു അവള് പോയി.2 മണിക്കൂർ ആണ് ചെര്നോട്സ്‌കി നിന്നും കൊലോമിയായിലേക്ക്.. പുലർച്ചെ ഏതാണ്ട് 5 മണി ആയി, അടഞ്ഞു കിടക്കുന്ന കടകൾ, നല്ല വൃത്തി ഉള്ള ഗ്രാമം. പലയിടത്തും മഞ്ഞു കെട്ടികിടക്കുന്നുണ്ട്… പാടങ്ങളും ചെറിയ ചെറിയ കവലകളുമൊക്കെ കടന്നു ബസ് അങ്ങനെ അടുത്ത മെയിൻ സ്റ്റോപ്പിൽ എത്തി, വലിയ സ്റ്റോപ്പ് ആണെന്ന് മനസ്സിലായി.. എല്ലാരും പുറത്തിറങ്ങി പുക വലി തുടങ്ങി, ഞാനും ഇറങ്ങി.. കൊടും തണുപ്പ്. ഞാൻ കഷ്ടപ്പെട്ട് വിറച്ചു ഫോട്ടോ എടുക്കുന്നത് കണ്ടു നിന്ന ബസിൽ ഉണ്ടായിരുന്ന ഒരു ഉക്രു സുന്ദരി എന്നോട് ചിരിച്ചു..

ദേ അടുത്ത മാലാഖ അവളു വന്നു ഇംഗ്ലീഷ് സംസാരിക്കുന്നു.. ആ കുഞ്ഞു സ്ഥലം പണ്ട് ഒരു വലിയ സിറ്റി ആയിരുന്നു, അവിടെ ഒരു എയർപോർട്ട് ഉണ്ടായിരുന്നു, എല്ലാം പണ്ട് റഷ്യ യുദ്ധം ചെയ്തു കത്തിച്ചതാണെന്നൊക്കെ അവള് പറഞ്ഞു തന്നു. അവളും അവളുടെ ബോയ് ഫ്രണ്ടും ന്യൂ ഇയർ ആഘോഷിക്കാൻ പോകുന്ന വഴി ആണ്. ഇനി കൊലോമിയെ പോയി എന്ത്‌ ഭാഷ പറഞ്ഞു എങ്ങനെ എന്നൊക്കെ ഉള്ള ടെൻഷൻ മാറി. കൊലോമിയ ബസ് സ്റ്റാൻഡിൽ എത്തിക്കൊണ്ടിരിക്കുന്നു, നേരം വെളുത്തു.. ഗ്രാമവാസികൾ തെരുവ് കച്ചവടം തുടങ്ങുന്നു.. പാലും ബ്രെഡും മൊട്ടയും പച്ചക്കറിയും എല്ലാം സുലഭം. വൃത്തി അല്പം കുറവാണു. പ്രതീക്ഷക്കപ്പുറം , ഞങ്ങൾ ഹെല്പ് ചോദിക്കുന്നതിനു മുൻപ് തന്നെ മാലാഖ3 ബസ് വിവരം അന്വേഷിച്ചു വന്നു ഞങ്ങളെ കൂട്ടി യാറംച്ച ബസിൽ കയറ്റിതന്നു. ഡ്രൈവറോട് ഞങ്ങളെ നോക്കിക്കോളാനും ഇറങ്ങേണ്ട സ്ഥലം ആകുമ്പോൾ പറയാനും പറഞ്ഞു ഏൽപിച്ചു. നന്ദിയോടെ ഞങ്ങൾ റ്റാറ്റാ പറഞ്ഞു. പഴയ ഒരു കുട്ടി ബസ് അതിലും പഴയ ഒരു ഡ്രൈവർ, കൊലോമിയെ വിട്ടു ബസ് ഓരോ സ്റ്റോപ്പിലും നിർത്തി നിർത്തി നീങ്ങി.. മഞ്ഞിൽ പുതഞ്ഞു കിടക്കുന്ന വാഹനങ്ങളും വീടും..ആടും മേടും.. മഞ്ഞു മലകൾ കണ്ടു തുടങ്ങി, കയറ്റവും ഇറക്കവും ഹെയർ പിന് വളവുകളും അപ്പച്ചൻ ഡ്രൈവർ അനായാസം കൈകാര്യം ചെയ്യുന്നത് ഉള്ളിൽ ഭയത്തോട് കൂടെ കണ്ടു..സത്യം പറഞ്ഞാൽ പുറത്തു കണ്ട കാഴ്ചകൾ പറഞ്ഞറിയിക്കുന്നതിനുമപ്പുറമാണ് … ഫുള്ള് ബ്ലാക്ക് ആൻഡ് വൈറ്റ്.. ഇടയിലൂടെ ഒരു റെയിൽ പാലം കണ്ടിരുന്നു. യാറംചേ ഗ്രാമത്തിൽ വണ്ടി എത്തി.. ചെറിയൊരു ബസ് സ്റ്റാൻഡ്, ഒന്ന് രണ്ടു ഹോട്ടലുകൾ ഉണ്ട്.

ഇറക്കുട്ടിയെ വിളിച്ചു, അവള് അച്ഛനേം കൂട്ടി വരാമെന്ന് പറഞ്ഞു, പറയാൻ മറന്നു, ചങ്ക് ബ്രോ വന്നപ്പോൾ പരിചയപ്പെട്ടതാണ് അവളെ, അവൾ കൂടെ വരാം സ്ഥലങ്ങൾ എല്ലാം കാണിച്ചു തരാമെന്ന് പറഞ്ഞിരുന്നു. ഞങ്ങൾ പ്രതീഷിച്ചിരുന്ന ഒരേയോരു മാലാഖ. ഇച്ചിരി നടന്നു നല്ലൊരു റെസ്റ്ററന്റിൽ ഇൽ കേറി പ്രഭാത കർമങ്ങൾ ഒകെ ചെയ്തു ഫുഡ് കഴിച്ചു കഴിഞ്ഞപ്പോയെക്കും സുന്ദരിക്കുട്ടി വന്നു. ബുക്കോവിൽ അവിടെന്നു ഏകദേശം 1മണിക്കൂർ ദൂരമുണ്ട്. പോകുന്ന വഴിയിൽ എങ്ങും മഞ്ഞു മൂടി കിടക്കുന്നത് കാണാം. ഒരു വൈൻ കടയുടെ മുന്നിൽ എത്തി ഉക്രൈൻ സ്പെഷ്യൽ ഹോം മെയ്ഡ് ബിയർ 2ബോട്ടിൽ വാങ്ങി. വഴിയിൽ കണ്ട കാര്യം എല്ലാം അവൾ പറഞ്ഞു തന്നു… അവിടെ ഒരു വെള്ളച്ചാട്ടം ഉണ്ട്‌ തിരിച്ചു വരും വഴി കയറാം. മുന്നോട്ട് നീങ്ങും തോറും കാട്ടിലേക്കു പോകുന്ന ഒരു ഫീൽ തണുപ്പ്‌ കൂടി കൊണ്ടിരുന്നു. ഒരു വശത്തു ഫ്രോസൺ ആയി നിൽക്കുന്ന prut നദി. ദൂരെ ആയി ഒരു ട്രെയിൻ പോകാൻ തോന്നും വിധം ഒരു പാലവും അതി മനോഹരം ആയിരുന്നു ആ കാഴ്ച പ്രതീക്ഷിക്കാത്ത കാരണം ക്യാമെറയിൽ പകർത്താനും കഴിഞ്ഞില്ല. upside down house ഉം കൂടെ ചെറിയ ഷോപ്പുകളും പോകുന്ന വഴിയിൽ നിറയെ പലതരം വീടുകളും ഒക്കെ ആസ്വദിച്ചു ഞങ്ങൾ ബുക്കോവേൽ എത്തി.

കോർപാത്തിയൻ മല നിരകളിൽ ആണ് ബുക്കോവേൽ. കൈയിൽ കരുതിയ ജാക്കറ്റ് കൊണ്ട് തണുപ്പിനു ആശ്വാസം കിട്ടുന്നില്ല. നല്ല ജാക്കറ്റ് എവിടെന്നു വാങ്ങാൻ പ്ലാൻ ഇട്ടാണ് വന്നത് ഇനിം പോകാൻ ഉണ്ടല്ലോ തണുപ്പുള്ള രാജ്യങ്ങളിൽ😂. 5/6 വയസുള്ള കുട്ടികൾ മുതൽ സ്‌കിങ് ചെയ്യുന്നു ഞങ്ങൾ നടക്കുന്നത് തന്നെ വീഴുമോ എന്ന് പേടിച്ചും. അഞ്ചു മഞ്ഞുമലയും ചുറ്റും മരങ്ങളും അഞ്ചിലേക്കും ഉണ്ട് റോപ് വേ, സ്കയിങ് , സിപ് ലൈൻ എല്ലാം. കൂട്ടത്തിലെ ഏറ്റവും വലിയ മലയിൽ തന്നെ കേറി സ്‌നോ ആസ്വദിച്ചു. ഒന്ന് രണ്ടു പ്രാവശ്യം തെന്നി എങ്കിലും സൈഡിൽ ഉള്ള വേലിയിലോ മറ്റെന്തിലോ ഒക്കെ ആയി പിടിച്ചു നിന്നു. ഒരു ക്രിസ്മസ് പപ്പയെ പോലെ ഒരു അപ്പച്ചൻ ഇറക്കുട്ടി പറഞ്ഞു പൈസ കൊടുത്താൽ പുള്ളി പാടും കൈയിൽ വലിയൊരു കുഴലുമുണ്ട്. എന്ന പിന്നെ കേട്ടിട്ട് തന്നെ കാര്യം എന്നായി.. പുള്ളി നല്ല അസ്സലായി പാടി.

പിന്നെ മഞ്ഞു കണ്ട സന്തോഷത്തിൽ ഞങ്ങൾ സ്നോമാൻ ☃ ഉണ്ടാക്കിയും മഞ്ഞ് എറിഞ്ഞും കളിച്ചു. സ്കിങ്/ സിപ് ലൈൻ ചെയ്യണം എന്ന് താല്പര്യം ഉണ്ടായിരുന്നു പക്ഷെ കേബിൾ കാറിൽ ഇരുന്നു തന്നെ തണുത് മരച്ചതുകൊണ്ട് ആ വഴിക്കു പോയില്ല. അവിടെ ഇത് മാത്രം അല്ലാട്ടോ ഉള്ളത് താമസിക്കാൻ ഉള്ള വില്ലാസ്, ഹോട്ടൽസ്, സ്വിമ്മിങ് പൂൾ, മാൻ മേഡ് ലേക്ക് , സ്‌കിങ് സ്കൂൾ അങ്ങിനെ എന്തൊക്കെയോ ഉണ്ട്. ചുറ്റും ഒന്നു കറങ്ങി അടുത്ത സ്ഥലത്തേക്കു വിട്ടു. പോകുന്ന വഴിക്ക് ഒരു വെള്ളച്ചാട്ടമുണ്ട് അവിടേം കൂടി കയറാനുള്ള സമയം ഉള്ളൂ!! മഞ്ഞിൽ കളിച്ചു കഴിഞ്ഞു താഴെ ഇറങ്ങി. വിശപ്പിന്റെ വിളി വന്നു തുടങ്ങി. കണ്ണിനു കുളിരു നൽകുന്ന ഭൂപ്രകൃതി ആസ്വദിക്കുന്നതോടൊപ്പം വിശപ്പിനെ മറന്നു. ഒരടിപൊളി ഓഫ് റോഡ് താണ്ടി റോഡിൻറെ അവസാനം എത്തി. വെള്ളച്ചാട്ടം കാണാൻ കുറച്ച് നടക്കാൻ ഉണ്ട്‌ ഇനി അങ്ങോട്ട് ഇരുട്ട് ആയി തുടങ്ങി ഏകദേശം 6മണി കഴിഞ്ഞിട്ടുണ്ട് നടക്കുന്നത് ഐസിന്റെ മുകളിൽ കൂടി ഫോട്ടോ എടുക്കാൻ നോക്കുന്ന ഭാര്യ ഇതാ തെന്നി താഴെ കിടക്കുന്നു ദൈവമേ ക്യാമറക്ക് എന്തെങ്കിലും പറ്റികാണുമോ 🤦🏻‍♂ അടുത്തേക്കു ചെന്ന് എണീപ്പിച്ചു. ആദ്യം അവളോട് കുഴപ്പം ഒന്നുമില്ലല്ലോ എന്ന് ചോദിച്ചു എങ്കിലും കൂടെ ക്യാമറക്ക് ഒന്നുമില്ല എന്ന് ഉറപ്പ് വരുത്തി.

അടുത്ത ലഷ്യം ഇവാനോ എന്ന ഒരു ചെറിയ സിറ്റി ആണ്. അവിടെ ഒരു റിസോർട് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. ഇറക്കുട്ടീടെ അച്ഛൻ വേറെ ടാക്സി ഏർപ്പാടാക്കി തന്നു. ഇവീടെന്നു 2മണിക്കൂർ. ബസ് സ്റ്റോപ്പ് എത്തി ടാക്സി ഡ്രൈവറെ കണ്ടപ്പോ ഒരു വശപ്പിശക് പോലെ വേറെ നിവൃത്തി ഇല്ലാതേ അതിൽ കയറി ഇറക്കുട്ടിയോട് യാത്ര പറഞ്ഞു.. ആദ്യത്തെ 1മണിക്കൂറിൽ കൂടുതൽ ഉൾപ്രദേശം ആയതുകൊണ്ട് സ്ട്രീറ്റ് ലൈറ്റ് കുറവായിരുന്നു പതുകെ പതുകെ ഇരുട്ട് മാറി വെളിച്ചം ആയി തുടങ്ങിയപ്പോ രണ്ടു പേർക്കും സമാധാനമായി. 9 മണിയോട് കൂടെ ബുക്ക് ചെയ്തുവെച്ച റിസോർട്ടിൽ എത്തി, കുളി പാസ്സാക്കി താഴെ റിസോർട് പബ്ബിൽ പോയി ഫുഡും അടിച്ചു കിടന്നു. നാളെ തെണ്ടാനുള്ള സ്ഥലങ്ങൾ നോക്കി വച്ചു.

പുലർച്ചെ എണീറ്റ് റിസോർട്ടിലെ സുന്ദരി റെഡിയാക്കിത്തന്ന ടാക്സി എടുത്തു റെയിൽവേ സ്റ്റേഷനിൽ പോയി തിരിച്ചു പോകാനുള്ള ടിക്കറ്റ് കൺഫേം ആക്കി. ചെറുതായ് മഞ്ഞു പെയ്യുന്നുണ്ടായിരുന്നു. ആകെ എന്തോ രണ്ടു വാക്ക് മാത്രം ഇംഗ്ലീഷിൽ പറഞ്ഞതിനാൽ ടാക്സി ഡ്രൈവർ ഞങ്ങളോട് പൈസ കൂടുതൽ വേണം എന്ന് …അതും കൊടുത്തു പുള്ളിയെ ഒഴിവാക്കി. ഞങ്ങൾ കണ്ടവഴിയിലൂടെ നടന്നു എല്ലായിടത്തും പുതു വർഷത്തെ വരവേൽക്കാൻ അലങ്കരിച്ചിട്ടുണ്ട്. തെരുവോര കച്ചവടം തകൃതിയായി നടക്കുന്നു കുറെപേർ രാത്രി പരിപാടിക്ക് ഉള്ള സ്റ്റേജ് ലൈറ്റ് സ്പീക്കർ എല്ലാം സെറ്റ് ചെയ്യുന്നു. നമ്മളും തീരുമാനിച്ചു ന്യൂ ഇയർ ഇവിടെ തന്നെ. നേരത്തെ പറഞ്ഞപോലെ നല്ല ജാക്കറ്റ് രണ്ടുപേർക്കും വാങ്ങി അല്ലേൽ രാത്രിയിലെ പരിപാടി തണുപ്പ് കാരണം പാതി വഴിയിൽ ഉപേക്ഷികേണ്ടിവരും.

ഗൂഗിൾ മാപ്പിൽ അടുത്തുള്ള സ്ഥലങ്ങൾ നോക്കി ഒരു തടാകം കണ്ടു, വന്ദു ആണേൽ ഇന്നലെ വരുന്ന വഴിക്കു എന്തോ ടവർ കണ്ടു അവിടെ പോകണം എന്ന് പറഞ്ഞ ഗൂഗിൾ മാപ്പ് അരിച്ചു പെറുക്കുന്നുണ്ടായിരുന്നു. തടാകത്തിലേക്ക് കുറച്ചധികം നടക്കാൻ ഉണ്ട്‌ ഇടക്ക്‌ വിശ്രമിച്ചും ഫോട്ടോ എടുത്തും അങ്ങനെയെത്തി. ഫ്രോസൺ തടാകം( Miske lake ) എപ്പോഴോ എറിഞ്ഞ കല്ലുകളും ചായ ഗ്ലാസും എല്ലാം മുകളിൽ നിൽക്കുന്നു. നല്ല ഭംഗിയുള്ള ഒരിടം. അതികം ആളുകളില്ല. നടക്കുന്ന വഴിയിൽ എല്ലാം ഒരാൾ ടവർ നോക്കുന്നുണ്ട് റൂമിൽ എത്തി വൈഫൈ കിട്ടിയിട്ട് കാണിച്ചു തരാം നമ്മുക്ക് എന്തായാലും അവിടെ പോകണം എന്നൊക്കെ പ്ലാൻ ആക്കി. റിസോർട്ടിൽ പോയി കുറച്ചു റസ്റ്റ് എടുകാം എന്നിട് വൈകിട്ട് 7 ആകുമ്പോൾ ഇറങ്ങാം. ബസ് ടൈം നോക്കി ഒരു 10 മിനുറ്റിൽ വരും.

റിസോർട് എത്തിയതും ഇബ്രാഹിം ഇക്ക വിളിക്കുന്നു.. ഇക്കയോട്‌ കുറച്ചു തള്ളി ന്യൂ ഇയർ വിഷ് ചെയ്തു. നേരെ കഴിക്കാൻ കയറി എന്തൊക്കെയോ വാരി വലിച്ചു തിന്നു. നാളെ രാവിലെ ഇറങ്ങാൻ പാകത്തിന് ബാഗ് എല്ലാം പാക്ക് ചെയ്തു. വീട്ടിലേക്കും കൂട്ടുകാരേം വിളിച്ചു. റിസെപ്ഷനിലെ സുന്ദരിയോട് ചോദിച്ചപ്പോ ന്യൂ ഇയർ സെലിബ്രേഷൻ നടക്കുന്നിടത്തേക്ക് കാർ ഉണ്ട്‌ . രാവിലെ പോകാൻ ടാക്സി വേണം എന്നും പറഞ്ഞു തിരിച്ച റൂമിൽ എത്തിയപ്പോ ഒരാൾ ഇളിക്കുന്നു അവൾ കണ്ട ടവർ ലൈറ്റ് ഒക്കെ ഉണ്ട്‌ പക്ഷെ അതു റേഡിയോ സ്റ്റേഷന്റെ ടവർ ആണ് മുകളിൽ മാത്രം ലൈറ്റ് ഉള്ളു😬😬 സമാധാനമായി.. റിസോർട്ടിന്റെ അടുത്തു കറങ്ങാനായി പിന്നേം മാളിലും കടകളിലും മാർക്കറ്റിലും ഒക്കെ കയറി ഇറങ്ങി. രാത്രി 10 ആകുമ്പോളേക്കും നഗരമധ്യത്തിൽ എത്തി, രാവിലെ കണ്ട അലങ്കരിച്ചക്രിസ്റ്മസ് ട്രീയും സ്ട്രീറ്റും എല്ലാം ലൈറ്റുകൾ മിന്നി കളിക്കുന്നു.വലിയ സ്റ്റേജിനു മുന്നിൽ ആളുകൾ കൂടിയിട്ടുണ്ട്.. നല്ല ഉച്ചത്തിൽ ഉക്രൈൻ പാട്ട് പാടുന്നു ഡിജെ ലൈറ്റ് സ്റ്റേജിൽ മാറി മാറി പല വർണങ്ങളിൽ, ആളുകൾ ഡാൻസ് ചെയ്യുന്നു. കൗണ്ട് ഡൌൺ സ്റ്റാർട്ട് ചെയ്തു 12 കണ്ടതും വെടിക്കെട്ടു പരിപാടികൾ തുടങ്ങി. ആളുകളും കമ്പിത്തിരി പോലെ എന്തോ കത്തിക്കുന്നു. പരസ്പരം കെട്ടിപിടിച്ചു വിഷ് ചെയ്യുന്നു. ഇന്നേവരെ ഞങ്ങൾ ഇത്രക്കും ഗംഭീരമായ ന്യൂയെർ സെലിബ്രേഷൻ കണ്ടിട്ടില്ല.. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും നേരം വെളുക്കുംവരെ വെടിക്കെട്ട് ആയിരുന്നു. വിഷു ദിവസം മത്സരിച്ചു പടക്കം പൊട്ടിക്കുന്നതാണ് ഓർമ വന്നത്.

യൂറോപ്പിലെ ട്രെയിൻ യാത്ര ഒരു പ്രത്യേക അനുഭൂതി തന്നെയാണ്, പാടങ്ങൾക്ക് നടുവിലൂടെയും കാട്ടിലൂടെയും പുഴകളും നദികളും നഗരങ്ങളും ഒരു സിനിമ കാണുന്നതുപോലെ ആസ്വദിക്കാം. ഒരു ക്യാബിനിൽ ഞങ്ങൾ മാത്രം കിടന്നും ഇരുന്നും നടന്നും 8മണിക്കൂർ കൊണ്ട് കിയെവ് എത്തി. അടുത്ത് കണ്ട മാളിൽ കേറി സൂപ്പർമാർകെറ്റിൽ നിന്നും ഉക്രൈൻ സ്പെഷ്യൽ കോഫിയും മിട്ടായിയും വാങ്ങി. യൂബർ വിളിച്ചു നേരെ എയർപോർട്ടിലേക്ക്. നല്ല 4ദിവസത്തെ കാഴ്ചകൾക്ക് അപ്പുറം നല്ല ഒരു പുതുവർഷം കിട്ടി ഇനി വീണ്ടും മരുഭൂമിയിലേക്ക് അടുത്ത അവധിക്ക് ആയുള്ള കാത്തിരിപ്പും ആലോചനയുമായി.

പറയാതെ വയ്യ നല്ല കുറെ മനുഷ്യർ ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ സഹായിക്കാൻ വന്നു. ഞങ്ങൾക്കു സഹായമായി എത്തിയ മാലാഖാമാർക്കും നന്ദി. ദൈവം എല്ലാം കാണുന്നു എന്ന് പറയുന്നത് എത്ര വലിയ സത്യമാണ് ഈ യാത്രയിൽ അത്‌ ബോധ്യമായി. ഒരു നല്ല യാത്രയിൽ നിങ്ങൾ പ്രതീക്ഷിക്കുന്നത് ഒരുപാട് ആശ്ചര്യങ്ങളും അത്ഭുതങ്ങളുമാണെങ്കിൽ പോകാനുദ്ദേശിക്കുന്ന ഒരു സ്ഥലം മാത്രം ലക്ഷ്യമാക്കി കാണുന്ന വഴികളിലൂടെ കിട്ടുന്നു വാഹനമെടുത്ത ചോയിച്ചു ചോയിച്ചു തന്നെ പോകണം.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply