കോട്ടയത്തുനിന്നും ഞാന്‍ ഒറ്റയ്ക്കു നടത്തിയ മോട്ടോർ സൈക്കിൾ സവാരി…

യാത്രകൾ ആവേശമായി തുടങ്ങിയ കാലം മുതലേ, എങ്ങോട്ടു പോയാലും അതൊരു ട്രിപ്പ് ആക്കിയെടുക്കുക എന്നുള്ളതാണ് നമ്മുടെ ഒരു രീതി. അങ്ങിനെ ഒരു ബൈക്ക് യാത്രയുടെ കഥയാണ് ഇത്.(കഥയിൽ ചോദ്യങ്ങൾ ഇല്ല സൂർത്തുക്കളെ).

#ഒരു_മൂപ്പിന്_കോട്ടയത്തുനിന്നും_ഒറ്റക്കു_നടത്തിയ_മോട്ടോർ_സൈക്കിൾ_സവാരി…. അങ്ങിനെ ഇരിക്കുമ്പോളാണ് അട്ടപ്പാടിയിൽ ഉള്ള ധ്യാന കേന്ദ്രത്തിലെ ഒരു ഒരു ധ്യാനത്തിനായി വിളി വരുന്നത്. സെപ്റ്റംബർ മൂന്നാം തീയതി മുതൽ സെപ്റ്റംബർ എട്ടാം തീയതി വരെ ധ്യാനം. പതിവുപോലെ തന്നെ അട്ടപ്പാടിക്ക് ബൈക്കിൽ പോകാൻ തന്നെ തീരുമാനിച്ചു. രാവിലെ 3 ആയപ്പോൾ വീട്ടിൽ വീട്ടിൽനിന്നും ബാഗും പാക്ക് ചെയ്ത് ബൈക്കിൽ കെട്ടിവെച്ചു. അപ്പായോടും അമ്മയോടും യാത്ര പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി. അതിരാവിലെയുള്ള ബൈക്ക് റൈഡ് ചില്ലറ ത്രിൽ ഒന്നുമല്ല തന്നത്. ചെറിയ തണുപ്പും പിടിച്ച് രാവിലത്തെ ബൈക്ക് യാത്ര വളരെ സുഖകരമായിരുന്നു. യാത്രയിലെ ആദ്യത്തെ സ്റ്റോപ്പ് അങ്കമാലി ആയിരുന്നു. അവിടെ അധികനേരം ചെലവഴിച്ചില്ല. ഏകദേശം 120 ഓളം കിലോമീറ്റർ വിശ്രമമില്ലാതെ തന്നെ വാഹനം ഓടിക്കാൻ രാവിലത്തെ കാലാവസ്ഥയിൽ കഴിഞ്ഞുവെന്നതാണ് വാസ്തവം. അങ്കമാലിയിൽ ഞാൻ അഞ്ചര കഴിഞ്ഞതോടുകൂടി എത്തിച്ചേർന്നു.

എങ്ങോട്ട് യാത്ര പോയാലും വീട്ടിൽ നിന്നും ഒരു ഫ്ലാസ്കിൽ കട്ടൻ ചായ തന്നു വിടുന്നത് അമ്മച്ചിയുടെ ഒരു പതിവാണ്. അന്നും ആ പതിവ് തുടർന്നു. അങ്കമാലി എത്തിയപ്പോൾ ഒരു ചായ കുടിച്ച് വീണ്ടും യാത്ര തുടർന്നു. രാവിലെ സമയം ആയതുകൊണ്ട് തന്നെ റോഡിൽ വലിയ തിരക്കില്ലായിരുന്നു. അതുകൊണ്ട് കുറഞ്ഞ സമയംകൊണ്ട് കൂടുതൽ ദൂരം യാത്ര ചെയ്യുക എന്ന രീതി സ്വീകരിച്ചു. അടുത്ത സ്റ്റോപ്പ് കുതിരാനിൽ ആയിരുന്നു, അവിടെ അധികനേരം ചെലവഴിച്ചില്ല.

ഉടൻതന്നെഅവിടുന്നുയാത്രതിരിച്ചു. പാലക്കാടൻ ചൂടിനെ കുറിച്ച് കേട്ടുകേൾവി ഉള്ളതുകൊണ്ടുതന്നെ വെയിൽ ഉറക്കുന്നതിനു മുൻപ് പാലക്കാട് എത്തണം എന്ന് തീരുമാനിച്ചിരുന്നു. അങ്ങനെ ഒൻപതു മണി കഴിഞ്ഞപ്പോൾ പാലക്കാട് എത്തിച്ചേർന്നു. അടുത്ത ലക്ഷ്യം മണ്ണാർക്കാട് ആണ്. മണ്ണാർക്കാട് ലക്ഷ്യമാക്കി വീണ്ടും യാത്ര തുടർന്നു. പാലക്കാട് മണ്ണാർക്കാട് റൂട്ടിൽ എവിടെയോ ഒരു സ്ഥലം, കൃത്യം സ്ഥലം ഓർമ്മയില്ല പ്രഭാത ഭക്ഷണത്തിനായി വണ്ടി നിർത്തി .

ചെന്നുകയറിയത് തനി കോട്ടയം കാരൻ അച്ചായന്റെ കടയിൽ. കഴിക്കാൻ മലയാളിയുടെ ദേശീയ ഭക്ഷണം തന്നെ ആവശ്യപ്പെട്ടു. കൂടെ കടുപ്പത്തിൽ ഒരു ചായയും പറഞ്ഞു. അങ്ങനെ പറഞ്ഞിരുന്നപ്പോൾ ആണ് അച്ചായൻ കോട്ടയംകാരൻ ആണെന്നും, കോട്ടയം ചങ്ങനാശേരി യാണ് സ്വദേശം എന്നും പറഞ്ഞത്. അങ്ങനെ അവിടെ നിന്നും യാത്ര തിരിച്ച നേരെ മണ്ണാർക്കാട്ടേക്ക്. മണ്ണാർക്കാട് അടുക്കുംതോറും സഹ്യപർവതത്തിന്റെ നിര ഒരുവശത്ത് കാണാൻ തുടങ്ങിയിരുന്നു. അങ്ങനെ അട്ടപ്പാടി ചുരം കടന്ന്, ഭവാനി നദിയുടെ കൂട്ടുപിടിച്ച്, സൈലന്റ് വാലിയുടെ ഭംഗി ആസ്വദിച്ച്, ഉച്ചയ്ക്ക് 12 മണി കഴിഞ്ഞപ്പോൾ ഞാൻ ധ്യാനകേന്ദ്രത്തില്‍ എത്തിച്ചേർന്നു. പിന്നെ അങ്ങോട്ടുള്ള അഞ്ചുദിവസം empty life ആയിരുന്നു. മറ്റെല്ലാത്തിലും നിന്നും വിട്ടുമാറി ഒരു അഞ്ചു ദിവസം. ധ്യാനത്തിൽ അമർന്ന 5 ദിന രാത്രങ്ങൾ. അങ്ങനെ ധ്യാനത്തിന്റെ അഞ്ചാം ദിവസം.

(ധ്യാനം കൂടി ഞാൻ ഒരു പുണ്യാത്മാവായെന്ന് ആരും കരുതണ്ട.) രാവിലെ ഏഴര ആയപ്പോൾ അവിടുന്നു പുറത്തിറങ്ങി. ആദ്യം വീട്ടിലേക്കു വിളിച്ചു. അപ്പായും അമ്മയും ഫോൺ എടുക്കുന്നില്ല. അട്ടപ്പാടിയിൽ നിന്നും മുള്ളി വഴി ഊട്ടിയിലേക്ക് അതി മനോഹരമായ ഒരു കാനനപാത ഉണ്ടെന്നുള്ള വായിച്ചറിവിൽ നേരെ ഊട്ടിക്ക് പോകാനായിരുന്നു പ്ലാൻ. എവിടേക്ക് വേണമെങ്കിലും പൊക്കൊ, പക്ഷെ പറഞ്ഞിട്ടേ പോകാവൂ… എന്ന അപ്പായുടെ വാക്ക് ഓർത്തപ്പോൾ ചുരം ഇറങ്ങാൻ മനസില്ലാ മനസോടെ ഞാൻ നിർബന്ധിതനായി. പാലക്കാട് അടുക്കാറായപ്പോൾ അപ്പാ തിരിച്ചു വിളിച്ചു. ആദ്യത്തെ ചോദ്യം നീ എന്നാ വരുന്നെ എന്നായിരുന്നു. നമ്മൾ ഏത് ട്രിപ്പ് പ്ലാൻ ചെയ്താലും ഒരു പ്ലാൻ ബിയും കൂടെ കാണുമല്ലോ. അപ്പായോടു ചോദിച്ചു “ഞാൻ നാളെ വന്നാ പോരെ?” “നീ എപ്പളെങ്കിലും വാ ” എന്ന് അപ്പാ. അപ്പളേ പ്ലാൻ ബി ഫിക്സ് ചെയ്തു.

പാലക്കാട് പൊള്ളാച്ചി വാൽപ്പാറ മലക്കപ്പാറ ആതിരപ്പള്ളി വഴി വീട്ടിലേക്ക്.നേരെ പാലക്കാട് എത്തി. അവിടുന്ന് കൈയ്യിൽ കരുതിയ കുപ്പിയിൽ വെള്ളവും നിറച്ച് ഒരു ചായയും കുടിച്ച് നേരെ പൊള്ളാച്ചിക്കു പോയി. നട്ടക്കാട്ട് ഉച്ചക്ക് പൊള്ളാച്ചിയിൽ എത്തി. പൊള്ളാച്ചിയിൽ നിന്നും വാൽപ്പാറ റോട്ടിലേക്ക് യാത്ര തുടർന്നു. പുളിമരങ്ങളും, പൂപ്പാടങ്ങളും അതിരിടുന്ന ഗ്രാമീണ ഭംഗിയുള്ള, നാട്ടു വഴികളിലേക്ക് യാത്ര തിരിഞ്ഞു അല്പം കഴിഞ്ഞതോടുകൂടി തന്നെ പൊളളാച്ചി ആനമല റോഡിലേക്ക് കയറി യാത്ര തുടർന്നു (SH 78). വഴിനീളെ തമിഴ് ജനതയുടെ അധ്വാനത്തിന്റെ നേർ രൂപമായ കൃഷിസ്ഥലങ്ങൾ പരന്നു കിടക്കുന്നു. ഒട്ടുമിക്ക ആൾക്കാരും മണ്ണിനോട് മല്ലിട്ട് ജീവിക്കുന്നവർ. ദേഹത്ത് ചെളി പുരണ്ടവർ. നന്നായി ചിരിക്കാൻ അറിയാവുന്നവർ. അവരുടെ മനസ്സു പോലെ വെള്ള വസ്ത്രം ധരിക്കുന്നവർ. എല്ലാത്തിലുമുപരി സ്വന്തം സംസ്കാരത്തെ, പൈതൃകത്തെ, മുറുകെ പിടിക്കുന്നവർ. തമിഴ് ജനതയ്ക്ക് തെളിനീര് നൽകുന്ന ആളിയാർ ഡാമും കടന്ന് ആനമല ടൈഗർ റിസർവിന്റെ ചെക്പോസ്റ്റിലേക്ക്…

യാതൊരുവിധ ചെക്കിങ്ങിനു വിധേയനാകാതെ ചെക്ക് പോസ്റ്റ് കടക്കുന്നു, ഡാമിന്റെ പ്രവേശനകവാടം കഴിയുന്നതോടുകൂടി കാടിന്റെ നേർത്ത രൂപം പ്രതിഫലിച്ച് തുടങ്ങുകയായി ഇനി മുന്നോട്ട് 40 ഹെയർപിൻ ബെൻഡ് കളോട് കൂടിയ ചുരമാണ്.

അപ്പോഴെല്ലാം മനസ്സിൽ ഒറ്റ ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ…. മൂന്നാറിൽ പോയിട്ടും കാണാൻ പറ്റാതിരുന്ന വരയാടിനെ ഈ ചുരത്തിന്റെ ഏതെങ്കിലും ഒരു വളവിൽ വച്ച് കാണാൻ പറ്റണമേ എന്നായിരുന്നു. അങ്ങനെ ഓരോ ഹെയർ പിന്നുകളും ആകാംക്ഷയോട് കൂടി കയറിത്തുടങ്ങി ഓരോ ഹെയർപിൻ ബെൻഡ് കയറുമ്പോഴും ഇടതുവശത്തെ കാഴ്ച മനം മയക്കുന്നതായിരുന്നു അഞ്ചു ഹെയർപിൻ ബെൻഡ് കളും പിന്നിട്ട് ആറാമത് ലേക്ക് എത്തുമ്പോൾ ഞാൻ ആഗ്രഹിച്ചത് പ്രകൃതി എനിക്കവിടെ ഒരുക്കി വെച്ചിട്ടുണ്ടായിരുന്നു. മതിയാവോളം വരയാടിന്റെ ഫോട്ടോസ് എനിക്ക് എടുക്കുവാനും സാധിച്ചു ജീവിതത്തിലാദ്യമായി വരയാട് ന്റെ ചിത്രം കിട്ടിയതിന്റെ സന്തോഷം….. അപ്പോൾ തന്നെ എന്റെ യാത്രയുടെ ലക്ഷ്യം സഫലീകരിച്ചിരുന്നു. വീണ്ടും മുമ്പോട്ടുള്ള യാത്ര തുടർന്നു ഒൻപതാം ഹെയർപിൻ ബെൽഡിൽ loam’s view point എന്ന ഒരു വ്യൂ പോയിന്റ് ഉണ്ട്. ആളിയാർ ഡാമിന്റെയും റിസർവോയറിന്റെയും കാടിന്റെയും ചുരത്തിന്റെയുമെല്ലാം ഒരു പനോരമിക് വ്യൂ നമുക്കവിടെ കാണാം.

ഞാനും പകർത്തി ഒരു പനോരമിക് ഫെയിം. ഫോട്ടോ എടുക്കാൻ തിരിഞ്ഞ സമയം കൊണ്ട് എന്റെ ബാഗ് വാനരപ്പട ചെക്ക് ചെയ്തിരുന്നു. മുകളിൽ ഇങ്ങിനെ ഒരതോറിറ്റി ഉണ്ടായതു കൊണ്ടാവാം താഴെ ഏമാൻമാർ ചെക്കിംഗ് നടത്താതെ കാട് കയറ്റിയത്. എന്നാണേലും യാത്രക്കിടയിൽ കഴിക്കാൻ കരുതിയ ഏത്തപ്പഴം ലെവന്മാർ ചൂണ്ടി.

സമയം കളയാനില്ലാത്തത് കൊണ്ട് ചുരം കയറാൻ തുടങ്ങി. കാട്ടുപന്നികളും മയിലുകളും സിംഹവാലൻ കുരങ്ങുകളും യധേഷ്ഠം വിഹരിക്കുന്ന കാനന പാതയിലൂടെ വാൽപ്പാറ ലക്ഷ്യമാക്കി നീങ്ങി.
വാൽപ്പാറ അടുക്കും തോറും കാണുന്ന തെയിലതോട്ടങ്ങളുടെ മനോഹാരിത നമ്മുടെ മനം മയക്കും. എങ്ങോട്ട് ക്യാമറ തിരിച്ചാലും മികച്ച ഫ്രെയിമുകൾ മാത്രം.

അങ്ങിനെ ഫോട്ടോ എടുത്തും വിശ്രമിച്ചും നാലു മണിയോടു കൂടി വാൽപ്പാറ എത്തി. ഒരു റൂം സംഘടിപ്പിച്ചു. ചെന്നപാടെ കുളിയും കഴിഞ്ഞ് ഫുഡ് അടിക്കാൻ പോയി. (ഫുഡ് വളരെ പരിതാപകരം. പിന്നെ നല്ല കടുപ്പുള്ള ചായ കിട്ടും).പുറകെ നല്ല കിടുക്കാച്ചി മഴയും. അതിലും നല്ല തണുപ്പും. അങ്ങിനെ ഒന്നാം ദിവസം കഴിഞ്ഞു.

രണ്ടാം ദിവസം വളരെ നിർണ്ണായകമാണ്. എന്നെ സംബദ്ധിച്ച്. മലക്കപ്പാറ മുതൽ 55 കിലോമീറ്റർ കൊടും കാട്ടിലൂടെ ഒറ്റക്ക് വേണം കടന്നു പോരാൻ. അത് എന്നെ കുറച്ചൊന്നുമല്ല പേടിപ്പിച്ചത്. ഇതൊക്കെ ആലോചിച്ച് എങ്ങിനെയൊ കിടന്നുറങ്ങിപ്പോയി. പിറ്റേന്ന് രാവിലെ എണീറ്റ് ഐസ് വെള്ളത്തിൽ ഒരു കുളിയും പാസാക്കി റൂം വെക്കേറ്റ് ചെയ്ത് വീണ്ടും യാത്ര തുടങ്ങി.മലക്കപ്പാറ എത്തി രാവിലത്തെ ഫുഡ് കഴിച്ചു. വീട്ടിലേക്കുള്ള തെയിലയും കാപ്പിപൊടിയും എല്ലാം വാങ്ങി ചെക് പോസ്റ്റിലേക്ക്.

ചെക് പോസ്റ്റിൽ ചെന്നു പേരും വണ്ടി നമ്പരും എങ്ങോട്ടാണ് പോകുന്നത് എന്നൊക്കെ എഴുതിക്കെടുത്തു. പാലക്കാട് നിന്നും കോട്ടയത്തേക്ക് ആണ് പോകുന്നത് എന്നു പറഞ്ഞപ്പോൾ ചെക് പോസ്റ്റിലെ പോലീസ് കാരൻ പുശ്ചത്തോടെ ഒരു നോട്ടം. ” ലെവനൊന്നും വേറെ ഒരു പണിയുമില്ലെ ” എന്ന ഭാവത്തിൽ. കൂടെ ഒരു ഉപദേശം കൊടും കാടാണ് സൂക്ഷിച്ചു പോണം. സ്പീഡ് കുറച്ചു പോണം. വഴിയിൽ വന്യമൃഗങ്ങൾ കാണാൻ സാധ്യതയുണ്ട്. കൃത്യം 2 മണിക്കൂർ കൊണ്ട് കാട് കടക്കണം. കാട്ടിൽ വണ്ടി നിർത്തരുത് അങ്ങിനെ നീളുന്നു ഉപദേശങ്ങൾ.

അങ്ങിനെ ഉപദേശമെല്ലാം കേട്ട് കാട് കയറാൻ തുടങ്ങി. കേരളത്തിലെ പ്രധാനപ്പെട്ട മഴക്കാട്ടിലേക്ക് ആദ്യമായി ബൈക്ക് ഓടിച്ചു കയറ്റുകയാണ്. അതിന്റെ ഒരു ഓവർ എക്സൈറ്റ്മെൻറ് ഉണ്ടായിരുന്നു. കാട്ടിലേക്കു കയറി തുടങ്ങിയപ്പോൾ തന്നെ എക്സൈറ്റ്മെൻറ് മാറി പേടി തോന്നി തുടങ്ങി. ആദ്യത്തെ അഞ്ച് കിലോമീറ്റർ കഴിഞ്ഞപ്പോൾ തന്നെ എന്റെ കാര്യത്തിന് ഏകദേശ തീരുമാനം ആയ മട്ടായി. രാവിലെ 10.20ന് കാടുകയറിയപ്പോൾ പോലും ഹെഡ് ലൈറ്റ് ഇട്ട് വണ്ടി ഓടിക്കണ്ട അവസ്ഥ. രാവിലെ പെയ്ത മഴക്കകമ്പടി എന്നപോലെ കനത്ത കോടമഞ്ഞ്. കൂട്ടിന് നല്ല ആനച്ചൂരും. ഞാനാണെങ്കിൽ ഒറ്റക്കും. സബാഷ്..

എങ്ങിനെയെങ്കിലും 55 കിലോമീറ്റർ കഴിഞ്ഞ് വാഴച്ചാലിൽ എത്തിയാ മതിയെന്നായി. കാടിനുള്ളിൽ വെച്ച് മലമുഴക്കി വേഴാമ്പലിനെയും കരിങ്കുരങ്ങിനെയും ഒക്കെ ക്ലോസ് റെയ്ഞ്ചിൽ കിട്ടിയെങ്കിലും പേടി കാരണം വണ്ടി നിർത്തി ഫോട്ടോ എടുക്കാൻ ധൈര്യം ഒട്ടുമില്ലായിരുന്നു. ഇടക്കെപ്പോളോ ഒരു തമിഴ് നാട് കാറ് മുൻപിൽ കണ്ടു പിന്നെ അതിന്റെ പുറകെ പമ്മി പമ്മി ഒരു വിധം വാഴച്ചാൽ വരെ എത്തി എന്നു പറയാം….വാഴച്ചാലിൽ വന്ന് ചെക് പോസ്റ്റിൽ റിപ്പോർട്ട് ചെയ്തിട്ടു നേരെ മലയാറ്റൂർ മൂവാറ്റുപുഴ വഴി വൈകുന്നേരം 5 മണിയോടു കൂടി കൂടണഞ്ഞു.

ഞാൻ വലിയ റൈഡർ ഒന്നുമല്ല. പക്ഷെ നടത്തിയ യാത്രകൾ തന്ന ചെറിയ അനുഭവം നിങ്ങളുടെ എടുക്കൽ പങ്കു വെച്ചെന്ന് മാത്രം. #എന്റെ_യാത്രകൾ_തുടരും..

വരികൾ :-Jomon Muttinal George

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply