അങ്ങനെ ഞങ്ങൾ ഒരു യാത്ര പോയി ‘സ്കൂട്ടറിൽ’, ഒരു ഹൈറേഞ്ച് യാത്ര !!

അങ്ങനെ ഞങ്ങൾ ഒരു യാത്ര പോയി ‘സ്കൂട്ടറിൽ’, ഒരു ഹൈറേഞ്ച് യാത്രയുടെ വിശേഷങ്ങൾ. SUZUKI ACCESS 125 ആണ് എന്റെ വാഹനം. വാങ്ങിയിട്ട് 2 മാസമേ ആയിട്ടൊള്ളു.
യാത്ര ചെയ്യാൻ ബുള്ളറ്റ് തന്നെ വേണമെന്നില്ല, മനസ് മാത്രം മതി. (ബുള്ളറ്റ് വാങ്ങാനും മെയിൻടെയിനിങ്ങിനുമുള്ള സാമ്പത്തികം ഇല്ല എന്നതാണ് യാഥ്യാർത്ഥം.)

ഞാനും എന്റെ ചങ്ങായി ഡിക്സണും ആലോചിച്ചു എങ്ങോട്ടു പോകും? പുതിയ വണ്ടിയിൽ ആദ്യ യാത്രയാണ്. യാത്ര പോകണം എന്ന് വിചാരിച്ചാൽ കൊച്ചിക്കാരുടെ മനസിൽ ആദ്യം വരുന്ന സ്ഥലം മൂന്നാർ ആണ്. അതെ സ്ഥലം തീരുമാനിച്ചു മൂന്നാർ തന്നെ. പക്ഷെ മൂന്നാർ പല പ്രാവശ്യം പോയിട്ടുള്ളതിനാൽ വട്ടവട വരെ പോകാം എന്നായി അവസാനം.

അങ്ങിനെ #tripcouple എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ഒരു സുഹൃത്ത് വഴി വട്ടവടയിൽ ഉള്ള ഒരു ടെന്റ് ക്യാമ്പിനെ കുറിച്ച് അറിഞ്ഞു. ഞാൻ ഇന്റർനെറ്റിൽ നോക്കിയപ്പോൾ എല്ലാ വിവരങ്ങളും കിട്ടി, #KuruvaHiking എന്നാണ് അതിന്റെ പേര്. ടെന്റ് ക്യാമ്പ്, ട്രെക്കിങ്ങ്, ഭക്ഷണം എല്ലാം ഉണ്ട്. വിഷ്ണു എന്ന ആളാണ് അതിന്റെ നടത്തിപ്പ്. വിഷ്ണുനെ വിളിച്ചു എല്ലാ വിവരങ്ങളും ചോദിച്ചു അറിഞ്ഞു. ഞങ്ങൾ ഒരു ടെന്റ് ബുക്ക്‌ ചെയ്തു. ട്രെക്കിങ്ങ് ഒഴിവാക്കി ഒരു ജീപ്പ് കൂടെ ബുക്ക്‌ ചെയ്തു, ഇത്രെയും ദൂരം വണ്ടി ഓടിച്ചു പോകുന്നതല്ലേ, അതുകൊണ്ട് ട്രെക്ക് ചെയ്യണ്ട എന്ന് തീരുമാനിച്ചു.

യാത്ര പുറപ്പെടുന്നതിന്റെ തലേ ദിവസം കൊച്ചി കുണ്ടന്നൂരിലുള്ള VTJ SUZUKI സർവീസ് സെന്ററിൽ പോയി വണ്ടി ഒന്ന് കാണിച്ചു. ദൂരെയാത്ര പോകുവാണ് എന്ന് പറഞ്ഞപ്പോൾ അവരു കാര്യമായിട്ട് തന്നെ എല്ലാം നോക്കി, ബ്രേക്ക്‌ ടൈറ്റ് ചെയ്ത് വണ്ടി മുഴുവൻ ചെക്ക് ചെയ്ത് തന്നു. അവിടെ നിന്ന് നേരെ പോയി ടയറിലെ എയർ കളഞ്ഞ് നൈട്രജനും നിറച്ചു, വണ്ടി ഫുൾ ടാങ്ക് പെട്രോളും അടിച്ചിട്ടു.

അങ്ങനെ യാത്രയുടെ ദിവസം രാവിലെ 8 മണിക്ക് പുറപ്പെട്ടു. എല്ലാ യാത്രയും തുടങ്ങുമ്പോൾ ചെയ്യുന്ന പോലെ ആദ്യം നേരെ തൊട്ടടുത്തുള്ള പള്ളിയിൽ കേറി ഒന്ന് പ്രാർത്ഥിച്ചു യാത്ര തുടങ്ങി. മുവാറ്റുപുഴ-> കോതമംഗലം-> അടിമാലി വഴി മൂന്നാർ അവിടുന്ന് വട്ടവട, അങ്ങനെയാണ് പോകുന്ന റൂട്ട്. അങ്ങോട്ടേക്ക് 170 KM ഉണ്ട്. മുവാറ്റുപുഴയിൽ നിന്ന് പ്രഭാത ഭക്ഷണവും കഴിച്ച് യാത്ര തുടർന്നു. ഓരോ 30 KM കൂടുമ്പോഴും വണ്ടി നിർത്തി 20 മിനിറ്റ് വിശ്രമിച്ചാണ് യാത്ര.

മുവാറ്റുപുഴയിൽ നിന്ന് അടിമാലി വരെ ഡിക്സൺ വണ്ടി ഓടിച്ചു. അടിമാലി എത്തി ഉച്ചഭക്ഷണം കഴിച്ച് നേരെ മൂന്നാർക്ക്. അവിടെ എത്തിയപ്പോൾ ദേ ആകെ സീൻ. മാട്ടുപ്പെട്ടി ഡാം, ഇക്കോ പോയിന്റ് എന്ന് വേണ്ട എല്ലാ പ്രധാന സ്ഥലങ്ങളിലും മുടിഞ്ഞ ബ്ലോക്ക്‌. പലടുത്തായി 2 മണിക്കൂറോളം ബ്ലോക്കിൽ പെട്ടു. നമ്മള് കൊച്ചിക്കാര് എത്ര ബ്ലോക്ക്‌ കണ്ടിരിക്കുന്നു എന്ന ഭാവത്തിൽ ഒരു വിധം കുത്തിക്കേറ്റി ബ്ലോക്കിൽ നിന്ന് രക്ഷപ്പെട്ടു.

ടോപ് സ്റ്റേഷൻ പിന്നിട്ട് വട്ടവട പോകുമ്പോൾ നല്ല അടിപൊളി ഭംഗിയുള്ള സ്ഥലങ്ങളൊക്കെ കണ്ട് യാത്ര തുടർന്നു. വട്ടവടയിൽ ചെക്ക് പോസ്റ്റ്‌ ഉണ്ട്, അവിടെ വണ്ടി നമ്പറും മറ്റു വിവരങ്ങളും റെജിസ്റ്ററിൽ എഴുതണം. (ചെക്ക് പോസ്റ്റിൽ അങ്ങോട്ട്‌ പോകുമ്പോൾ ചെക്കിങ് ഒന്നും ഇല്ല പക്ഷെ തിരിച്ചു വരുമ്പോൾ വണ്ടി ഒക്കെ ചെക്ക് ചെയ്യും.) അങ്ങനെ 5 മണിയോട് കൂടി വട്ടവടയിൽ ജീപ്പ് പുറപ്പെടുന്ന സ്ഥലത്ത് എത്തി. 4 മണിക്ക് എത്തണം എന്നാണ് വിഷ്ണു പറഞ്ഞിരുന്നത്, ബ്ലോക്ക്‌ അല്ലേ എന്താ ചെയ്യാ.

കുറുവ ഹൈക്കിങ് എന്ന് ഫ്ലെക്സ് ബോർഡ്‌ ഒക്കെ ഉണ്ട്. അവിടെ വന്നിട്ട് വിഷ്ണുവിനെ വിളിക്കണം എന്നാണ് പറഞ്ഞിരുന്നത്. ഇവിടുന്ന് അങ്ങോട്ട്‌ BSNL സിം മാത്രമേ വർക്ക്‌ ചെയ്യുള്ളു. ഡിക്സന്റെ BSNL ആണ്. പക്ഷെ അവന്റെ ഫോണിന്റെ ബാറ്ററി തീർന്നു പോയിരിക്കുന്നു. ആകെ സീൻ ഇനി എന്ത് ചെയ്യും. എന്റെ BSNL ആയ സിം പോർട്ട്‌ ചെയ്ത് വൊഡാഫോൺ ആകിയിട്ടു ഒരാഴ്ച ആയിട്ടൊള്ളു. അങ്ങനെ അവിടെ നിന്നിരുന്ന ഒരു തമിഴ് സംസാരിക്കുന്ന ചേട്ടന്റെ അടുത്ത് നിന്ന് ഫോൺ വാങ്ങി വിഷ്ണുനെ വിളിച്ചു. കാര്യങ്ങൾ എല്ലാം ഓക്കേ.

ഞങ്ങൾക്ക് പോകാനുള്ള ജീപ്പുമായി ഒരു ചേട്ടൻ വന്നു. പേര് റഷീദ്, കോതമംഗലം സ്വദേശി ആണ്. ഇനി അങ്ങോട്ട്‌ ഞങ്ങളെ കൊണ്ടുപോകുന്നതും ഞങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കി തരുന്നതും റഷീദ് ഇക്കയാണ്. ഞാൻ സ്കൂട്ടർ ഒരു ഭാഗത്തു ഒതുക്കി പാർക്ക്‌ ചെയ്ത് ജീപ്പിൽ കേറി. 8 KM ജീപ്പ് യാത്ര ഉണ്ട്. 4×4 ജീപ്പ് മാത്രമേ ഈ വഴി പോകാൻ പറ്റുള്ളൂ. കുത്തനെയുള്ള കയറ്റം എല്ലാം കേറി ജീപ്പ് യാത്ര ആസ്വദിച്ചു ക്യാമ്പിൽ എത്തി. ഞങ്ങൾക്കുള്ള ടെന്റ് അവിടെ റെഡി. ഇന്ന് ഞങ്ങളെ കൂടാതെ 4 വിദേശീയരും കൂടെ ഇവിടെ വന്നിട്ടുണ്ട്. ഇംഗ്ലണ്ടിൽ നിന്ന് വന്ന നാല് യുവാക്കൾ. ഭയങ്കര ഇംഗ്ലീഷ് ആയതുകൊണ്ട് അവരുമായി അധികം കമ്പനി അടിക്കാൻ പറ്റീല. എന്നാലും അത്യാവശ്യം ആംഗ്യഭാഷ എല്ലാം കാണിച്ചു പിടിച്ചു നിന്നു. ഇന്ന് ഇവിടെ ഞങ്ങൾ രണ്ടു പേരും നമ്മട നാലു വിദേശ ചേട്ടമ്മാരും പിന്നെ റഷീദ് ഇക്കയും മാത്രമാണ് ഉള്ളത്.

ഏകദേശം 6000 അടി മുകളിലാണ് ക്യാമ്പ്. ഒരു വശത്തു ഒരു മുനമ്പ് ഉണ്ട്, നല്ല വ്യൂ പോയിന്റ് ആണ് അത്. അങ്ങ് താഴെ വട്ടവട ഗ്രാമ ഭംഗിയും വീടുകളും കൃഷി സ്ഥലങ്ങളും കാണാം. ദൂരെ മലകൾക്കു അപ്പുറം പഴനി മല കാണാം എന്ന് റഷീദ് ഇക്ക പറഞ്ഞു. മൂടികെട്ടിയ തണുത്ത അന്തരീക്ഷം ആയതിനാൽ അത് ഞങ്ങൾക്ക് കാണാൻ സാധിച്ചില്ല.

സമയം 7 മണി ആയി. നല്ല തണുപ്പ് ഉണ്ട്. റഷീദ് ഇക്ക വിറക് എല്ലാം കൂട്ടി ക്യാമ്പ് ഫയറിനുള്ള ഒരുക്കങ്ങൾ തുടങ്ങി. കൂടെ ഒരു ബ്ലൂടൂത്ത് സ്‌പീക്കറും കൂടെ ഇക്ക തന്നു. അതിൽ പാട്ടും വെച്ച് ക്യാമ്പ് ഫയറിൽ തീ കാഞ്ഞും ഇരുന്നപ്പോഴേക്കും ഇക്ക ഞങ്ങൾക്കുള്ള ഭക്ഷണവുമായി വന്നു. ചപ്പാത്തിയും ചിക്കൻ കറിയും കൂടാതെ ക്യാമ്പ് ഫയറിൽ തന്നെ ബാർബിക്യു തയ്യാറാക്കി. ഭക്ഷണം ഒക്കെ കഴിച്ച് കഴിഞ്ഞപ്പോൾ ദേ നമ്മട വിദേശിയരിൽ ഒരാൾ ഓടി വരുന്നു, Oh my god, its very spicy എന്നക്ക പറഞ്ഞ് ബഹളം. പുള്ളിടെ ആസനം വരെ പൊകഞ്ഞു പോയി എന്നൊക്കെ പറയുന്നുണ്ട്. ഈ വിദേശിയർക്കു എരിവ് കഴിച്ചൊന്നും ശീലം ഇല്ലാലോ. ശരിക്കും ചിക്കൻ കറിയിൽ കുറച്ചു എരിവ് കൂടുതൽ ആയിരുന്നു. റഷീദ് ഇക്ക this is kerala style food എന്നൊക്കെ പറഞ്ഞ് അവരെ സമാധാനിപ്പിച്ചു.

ക്യാമ്പിൽ കറണ്ട് ഉണ്ട് അതുകൊണ്ട് തന്നെ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ഉള്ള സംവിധാനം എല്ലാം ഉണ്ട്. താഴെ നിന്ന് റഷീദ് ഇക്ക ഞങ്ങളെയും കൊണ്ട് ഓടിച്ചു വന്ന ജീപ്പ് ഓൺ ആക്കി അതിൽ നിന്നാണ് ഈ കറണ്ട് ക്യാമ്പിലേക്ക് കൊടുത്തിരിക്കുന്നത്. സമയം 9 മണി ആയി ഞങ്ങൾ രണ്ടു കസേരയും എടുത്തു വ്യൂ പോയിന്റിലേക്ക് പോയി. ഒന്നും പറയാനില്ല അടിപൊളി ഫീൽ. താഴെ വട്ടവട ഗ്രാമത്തിലെ വീടുകളിലെ വെളിച്ചവും മുകളിൽ നിറയെ നക്ഷത്രങ്ങളും മാത്രം. നല്ല തണുപ്പും. അവിടുന്ന് എണീറ്റു പോകാൻ തോന്നുന്നുണ്ടായിരുന്നില്ല. രാത്രി 12 മണി വരെ അവിടെ തന്നെ ഇരുന്നു. അത് കഴിഞ്ഞ് ഉറങ്ങാൻ ടെന്റിലേക്കു പോയി.

പിറ്റേ ദിവസം പ്രഭാതം. അതിരാവിലെ തന്നെ എണിറ്റു. ആറരയോട് കൂടി സൂര്യോദയം കാണാം എന്ന് റഷീദ് ഇക്ക ഇന്നലെ പറഞ്ഞിരുന്നു. നമ്മടെ വിദേശീയർ അവിടെ പല്ലും തേച്ചു നിപ്പുണ്ട്. ഞാൻ കൈ പൊക്കി ഒരു ഗുഡ് മോർണിംഗ് പറഞ്ഞു, പ്രതീക്ഷിക്കാത്ത ഒരു മറുപടി ആണ് കിട്ടിയത്. മറുപടി അല്ല സായിപ്പ് എന്നോട് ഒരു ചോദ്യം do you have a Cigarette? നമ്മക്ക് ആ ശീലം ഇല്ലാത്തതു കൊണ്ട് ഇല്ലെന്നു പറഞ്ഞു. ഇത്ര വെളുപ്പാം കാലത്തും സിഗരറ്റ് വലിക്കുന്നവരുണ്ടോ എന്ന് ആലോചിച്ചിരുന്നപ്പോഴേക്കും, ദേ അവൻ അങ്ങനെ പയ്യെ പയ്യെ പൊങ്ങി വന്നു, വേറെ ആരും അല്ല നമ്മട സൂര്യൻ ചേട്ടൻ. അതൊരു കാഴ്ച തന്നെ ആണ്.

ക്യാമ്പിൽ ടോയ്ലറ്റ് സൗകര്യം ഉണ്ട്. പ്രഭാത കൃത്യം എല്ലാം കഴിഞ്ഞ് വരുമ്പോൾ ദേ നമ്മട വിദേശി ചേട്ടമ്മാർ എല്ലാരും തിരിച്ചു പോകുന്നു. പോകല്ലേ ഒരു ഫോട്ടോ എടുക്കാം എന്ന് പറഞ്ഞിട്ടും അവരു നിന്നില്ല സമയം ഇല്ല എന്നും പറഞ്ഞു തിരക്കിട്ടു അവർ പോയി. നടന്ന് മല കേറിയാണ് അവർ വന്നത്. നടക്കാൻ മടി ആയതിനാലാണ് ഞങ്ങൾ ജീപ്പ് എടുത്തത്.

സമയം 9 മണി ആയി. ഭക്ഷണം കഴിച്ച് (പുട്ടും കടല കറിയും) റഷീദ് ഇക്കയോട് ഇനിയും വരാം എന്നും പറഞ്ഞു ഞങ്ങളും ജീപ്പിൽ തിരിച്ചു മല ഇറങ്ങി. നല്ലൊരു അനുഭവം ആയിരുന്നു ക്യാമ്പിലേതു. താഴെ വന്നു സ്കൂട്ടർ നോക്കിയപ്പോൾ ദേ മുഴുവനും നനഞ്ഞിരിക്കുന്നു. ഇന്നലത്തെ രാത്രിയിലെ മഞ്ഞാണ്. എല്ലാം തുടച്ചു റെഡി ആക്കി വണ്ടി സ്റ്റാർട്ട്‌ ചെയ്ത് തിരിച്ചുള്ള യാത്ര തുടങ്ങി.

ഇവിടെ നിന്നും വട്ടവട ചെക്ക് പോസ്റ്റ്‌ വരെ നല്ല ഭംഗി ഉള്ള റൂട്ട് ആണ്. മൂന്നാർ എത്തിയപ്പോൾ പതിവ് പോലെ നല്ല ബ്ലോക്ക്‌. ഇക്കോ പോയിന്റിൽ നിന്നും വീട്ടിലോട്ടു കുറച്ചു സാധനങ്ങൾ ഒക്കെ വാങ്ങി പോയ വഴിയേ തന്നെ തിരികെ 6 മണിയോടു കൂടെ വീട്ടിൽ എത്തി, വിഷ്ണുനെ വിളിച്ചു ഒരു താങ്ക്സും പറഞ്ഞു.

ഇതാണ് എന്റെ ഒരു ചെറിയ യാത്ര അനുഭവം. സ്കൂട്ടർ ആയതു കൊണ്ട് പോകുന്നതിനു മുന്നേ എല്ലാരും ഓരോന്ന് പറഞ്ഞു പേടിപ്പിച്ചിരുന്നു. സാധാരണ യാത്ര പോകുന്ന ക്ഷീണമൊഴിച്ചാൽ കാര്യമായ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. നബീലിനെ പോലെ സ്കൂട്ടറും കൊണ്ട് ലഡാക് പോകുമ്പോൾ നമ്മൾ മിനിമം മൂന്നാറെങ്കിലും പോണ്ടേ! ഇല്ലെങ്കിൽ പിന്നെ എന്ത് സഞ്ചാരി.
മൊത്തം 550 രൂപക്ക് പെട്രോൾ അടിച്ചു, 50-55 KM മൈലേജ് ഈ വണ്ടിക്ക് കിട്ടി. സ്കൂട്ടറിന്റെ മുൻ വശത്ത് മൊബൈൽ ചാർജ് ചെയ്യാൻ ഉള്ള സൗകര്യം ഉണ്ട്. അതിൽ ഒരു ബ്ലൂടൂത്ത് സ്പീക്കർ കണക്ട് ചെയ്ത് പാട്ടും കേട്ട് ആയിരുന്നു യാത്ര.

ദൂര യാത്രക്ക് സ്കൂട്ടർ ആയാലും അത്ര പ്രശ്നമില്ലെന്നു മനസിലാക്കിത്തന്ന ഒരു യാത്ര ആയിരുന്നു ഇത്. കൂടാതെ സ്ഥിരം യാത്ര ചെയ്യുന്നവർ ഒരു BSNL സിം കൂടെ കയ്യിൽ കരുതണം എന്നും മനസിലായി. നിരവധി യാത്രകൾ നടത്താറുണ്ടെങ്കിലും ആദ്യമായാണ് ഒരു യാത്ര വിവരണം എഴുതുന്നത്. കുറച്ചു നീണ്ട് പോയോ എന്ന് അറിയില്ല. തെറ്റുകുറ്റങ്ങൾ ക്ഷമിക്കുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീഷിക്കുന്നു. അത് തുടർന്നുള്ള യാത്രകൾക്ക് പ്രചോദനമാകും. മറ്റു കൂടുതൽ വിവരങ്ങൾ അറിയണമെന്നുണ്ടെങ്കിൽ ചോദിച്ചാൽ പറഞ്ഞു തരാം. (വിവരണം – ഷെറിന്‍ പോള്‍).

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply