കോടമഞ്ഞിൽ പൊതിഞ്ഞ ഇലവീഴാപൂഞ്ചിറയുടെ നിശബ്ദതയിൽ…

ക്രിസ്തുമസ് ദിനത്തിലെ ഉച്ചഭക്ഷണത്തിനിടെയിൽ ചുമ്മാ ഒരു തോന്നൽഎവിടേക്കെങ്കിലും പോയാലോന്ന്. കൂടുതൽ ചിന്തിച്ച് സമയം കളയേണ്ടി വന്നില്ല. എന്നാൽ പിന്നെ പൂഞ്ചിറ തന്നെ പോകാമെന്ന് തീരുമാനിച്ചു. അതന്നെ ഇലവീഴാപൂഞ്ചിറ.

രാവിലെ മുതൽ കട തുറന്നിരുന്നിട്ട് നാലക്ക സംഖ്യ പോലും പെട്ടിയിൽ വീഴാത്തത് കൊണ്ട് ഇനിയിപ്പോ ഉച്ചതിരിഞ് തുറന്നാലും വലിയ മാറ്റമൊന്നും കാണില്ല എന്ന തോന്നലാവും ഭാര്യയും സമ്മതം മൂളി. ഭക്ഷണവും കഴുകലും പെറുക്കലും കഴിഞ്ഞ് ഏതാണ്ട് രണ്ട് മണിയോട് കൂടി സ്കൂട്ടറിൽ ഞാനും ഭാര്യയും കൂടി ഇലവീഴാപൂഞ്ചിറ ലക്ഷ്യം വെച്ച് യാത്ര തുടങ്ങി.
നാട്ടുവഴികൾ താണ്ടി ഹൈവേയിലേക്ക് കയറിയതോട് കൂടി വെയിലിന്റെ കാഠിന്യം മൂലം പുള്ളിക്കാരി ആകെ അസ്വസ്തത ആയെങ്കിലും കാട്ടുകോഴിക്കെന്ത് സംക്രാന്തി
നമുക്കീ വെയിലും മഴയും മഞ്ഞുമെല്ലാം ഒരു പ്രശ്നമാണോ?

ലക്ഷ്യസ്ഥാനം.. അതു മാത്രമേ മുന്നിലുള്ളൂ. അതിനിടയിൽ വരുന്ന തടസ്സങ്ങളൊന്നും നമ്മള് കാര്യമാക്കാറില്ല ഒടുവിൽ തൊടുപുഴയും കഴിഞ്ഞ് മുട്ടത്തെത്തിയപ്പോൾ ഒരു കൺഫ്യൂഷൻ വന്നു. കാഞ്ഞാർ വഴി പോണോ..മേലുകാവ് വഴി പോണോ. ഒരേ സ്ഥലത്തേക്ക് തന്നെ രണ്ട് വഴിയുള്ളത് കാരണം ഈ സംശയം ഒട്ടുമിക്ക യാത്രകളിലും സംഭവിക്കാറുള്ളതാണ്.

ആദ്യം കണ്ട ഓട്ടോക്കാരനോട് കാര്യം തിരക്കിയപ്പോൾ മേലുകാവ് വഴി തന്നെ പോകുന്നതായിരിക്കും ടു വീലറിലുള്ള യാത്രയെന്ന് പറഞ്ഞപ്പോൾ ഒട്ടും അമാന്തിച്ചില്ല. വണ്ടി നേരെ മേലുകാവിലേക്ക് വെച്ചു പിടിപ്പിച്ചു. ഒടുവിൽ മായാപുരിയെന്ന് നാട്ടുകാർ വിളിക്കുന്ന മേലുകാവിൽ നിന്ന് തിരിഞ്ഞപ്പോൾ ഇതുവരെ വന്ന പാതകളിൽ നിന്നെല്ലാം മാറി കല്ലുകളും കുഴികളും കൊണ്ട് സമ്പന്നമായ ഒരുവഴിയായിരുന്നു ഞങ്ങൾക്ക് മുന്നിൽ കണ്ടത്.

ഇതൊന്നും കണ്ട് തളരാതെ വണ്ടി മുന്നോട്ടെടുത്തു. പക്ഷേ ആ യാത്രക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. പലപ്പോഴും ഉരുളൻ കല്ലുകളിൽ പെട്ട് വണ്ടിതെന്നി മാറുന്നുണ്ടായത് കാരണം ഭാര്യയിൽ വല്ലാതെ പേടി തോന്നിച്ചിരുന്നു. ഇനിയുള്ള യാത്ര നടന്നാകാമെന്ന് കരുതി വണ്ടി പതിയെ സൈഡാക്കി നടത്തം തുടങ്ങി. പക്ഷേ അതും വല്ലാത്തൊരു തോൽവിയായിരുന്നു. ഞാൻ നാലടി വെക്കുമ്പോൾ പുള്ളിക്കാരി അരയടി വെക്കും. ഈ കണക്കിന് പോയാൽ എങ്ങനെ പൂഞ്ചിറ കയറും. തിരികെ പോരേണ്ടി വരുമോ എന്ന സംശയത്താൽ ഏന്തി വലിയുന്നതിനിടെ ദൈവദൂതരെപ്പോലെ ആർത്തുല്ലസിച്ച് ഒരു കൂട്ടം കുട്ടികൾ ഞങ്ങൾക്കരികിലെത്തി.

കോട്ടയം പാമ്പാടിയിലുള്ള RIT ഗവ:എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികളായിരുന്നു ഇവരെല്ലാം. മൂലമറ്റത്ത് നടക്കുന്ന NSS ക്യാമ്പിന്റെ ഭാഗമായി എത്തിയ ഇവർക്ക്
7 ദിവസത്തെ ക്യാമ്പിനിടയിൽ ഒരു ദിവസത്തെ ട്രക്കിംഗ് അനുവദിച്ച് കിട്ടിയതായിരുന്നു. ആൺകുട്ടികളും പെൺകുട്ടികളുമടക്കം 150 പേരുണ്ടായിരുന്ന ഇവരിൽ പലരും ആദ്യമായിട്ടായിരുന്നു. ഇതുപോലൊരു യാത്രയും നടത്തവും. അതിന്റെ ക്ഷീണം മൂലം പലരും പല ഗ്രൂപ്പുകളായി തിരിഞ്ഞ് അവിടെയും ഇവിടെയുമായി വിശ്രമിക്കുന്നുണ്ടായിരുന്നു.

അത്തരത്തിലുള്ള ഒരു ഗ്രൂപ്പായിരുന്നു ഞങ്ങൾക്കരികിലെത്തിയത്. അങ്കിൾ നടന്നോ
ആന്റിയുടെ കാര്യം ഞങ്ങളേറ്റു എന്ന് പറഞ്ഞ രണ്ട് മൂന്ന് പെൺകുട്ടികളുടെ കയ്യിൽ ഭാര്യയെ ഏൽപ്പിച്ച് ഞാൻ പൂർവ്വാധികം ശക്തിയോടെ നടന്ന് തുടങ്ങി. ഏതാണ് രണ്ട് മൂന്ന് കിലോമീറ്റർ നടന്ന് കഴിഞ്ഞപ്പോൾ എന്റെയരികിൽ ഒരു ജീപ്പ് നിർത്തി. നോക്കിയപ്പോൾ ഇളിച്ച ചിരിയോടെ ഭാര്യയും അതോടൊപ്പം തന്നെ ആ പെൺകുട്ടികളും ജീപ്പിനുള്ളിലുണ്ടായിരുന്നു.

കുട്ടികൾക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും കരുതിയിരിക്കുന്ന വണ്ടിയാണിത്. ഇവരുടെ അവസ്ഥ കണ്ടപ്പോൾ കയറ്റിയതാണ്. അങ്കിളും കയറിക്കോ എന്നുള്ള സ്നേഹപൂർവ്വമുള്ള വിളിയെ തട്ടിക്കളയാൻ എനിക്കും കഴിഞ്ഞില്ല. സമയം വൈകുമെന്ന ഭയമാണോ.. അതോ നടപ്പിന്റെ ക്ഷീണമാണോ എന്തോ ഒന്നും നോക്കിയില്ല ഞാനും കൂടി അവരോടൊപ്പം.

പുൽമേടുകളും മൊട്ടക്കുന്നുകളും കീഴടക്കി അവസാനം പൂഞ്ചിറയുടെ നിറുകയിൽ ഞങ്ങളെത്തി. വണ്ടിയിൽ നിന്നിറങ്ങി മുനമ്പിനരികിലേക്കെത്തിയപ്പോൾ തന്നെ
അങ്ങകലെ തുമ്പിച്ചി മലയുടേയും താഴെ മലങ്കര ഡാമിന്റേയും മനോഹരമായ കാഴ്ചകൾ കാണാൻ കഴിയുന്നുണ്ടായിരുന്നു.

എന്തോ ഇന്നൽപ്പം കാറ്റിന് ശമനമുണ്ടായിരുന്നതുമൂലം ഭയമേതുമില്ലാതെ മുനമ്പിലെ പാറക്ക് മുകളിൽ നിൽക്കാൻ സാധിച്ചിരുന്നു. പൂഞ്ചിറക്ക് അതിർവരമ്പുകൾ തീർത്തപോലെ
അകലങ്ങളിലായി ചുറ്റിലും കോടയിൽ പൊതിഞ്ഞ മലനിരകൾ. വർണ്ണനകൾക്ക് അതീതമായിരുന്നു ഈ കാഴ്ചകളെല്ലാം.

ഇതിനിടയിൽ കാഴ്ചകൾക്ക് മങ്ങലേൽപ്പിച്ചു കൊണ്ട് പടിഞ്ഞാറൻ ചക്രവാളങ്ങളിൽ സൂര്യൻഅസ്തമിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നതിനാൽ ഞങ്ങൾക്കിവിടം വിട്ടൊഴിയാതിരിക്കാൻ തരമില്ലായിരുന്നു. വളരെ കുറച്ച് സമയം മാത്രമേ ഇവിടം ചിലവഴിക്കാനൊത്തുളളൂ എങ്കിലും മനസ്സിൽ എക്കാലവും സൂക്ഷിക്കാനാവും വിധമായിരുന്നു ഇവിടുത്തെ കാഴ്ചകളും അനുഭവങ്ങളും.

ഒരു വട്ടം വന്ന് ചേർന്നാൽ വീണ്ടും വീണ്ടും വരുവാനായി മോഹിപ്പിക്കുന്ന മലനിരകളോടും, താഴ് വാരങ്ങളോടും യാത്രപറഞ്ഞ് ഇനിയും വരാനാകുമെന്ന പ്രതീക്ഷയോടെയും, വിശ്വാസത്തോടെയും ഞങ്ങളുടെ കുഞ്ഞ് കുഞ്ഞ് പ്രാരാബ്ദങ്ങളിലേക്ക് തിരികേ യാത്ര തുടങ്ങി…..

© Shameer Ali (Sanchari)

Check Also

മാളൂട്ടി ചിക്കൻ കോർണർ; പാലോട്ടുവിളയിലെ വിജയൻ ചേട്ടൻ്റെ കട

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. പാലോട്ടുവിളയിലെ വിജയൻ ചേട്ടന്റെ കട. ഇത് ഒരു …

Leave a Reply