പണ്ട് അമ്മ കാണിച്ചുതന്ന നക്ഷത്രങ്ങളെ തേടി ഒരു മൂന്നാര്‍ യാത്ര…!!

ന്റെ കുഞ്ഞുനാളിൽ അമ്മ ഞാനറിയാതെ എനിക്ക് ഭക്ഷണം തരുന്നത് ആകാശത്തേയും കൂട്ടുപിടിച്ചാണ്, ന്റെം അമ്മേടേം കണ്ണുകളിൽ നക്ഷത്രക്കൂട്ടം വാരി വിതറി വർഷങ്ങൾ ഒരു പാട് കഴിഞ്ഞു. പക്ഷേ നക്ഷത്ര കൂട്ടത്തോടുള്ള ഇഷ്ടത്തിന് ഒരു കുറവുമുണ്ടായില്ല.😍

പത്താം ക്ലാസ് കഴിഞ്ഞ്, പത്ത് വർഷം കഴിഞ്ഞാണ് വീണ്ടും അവനെ കാണുന്നത്, 25 വയസ്സിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും രണ്ടും പേർക്കും ഉണ്ട് കരിയറും സ്വപ്നങ്ങളും അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത പ്രശ്നങ്ങളുടെ ഇടയിൽ രണ്ടു പേരും ചേർന്ന് അപ്രതീക്ഷിത യാത്ര പ്ലാൻ ചെയ്തു… മനസൊന്നു ശാന്തമാകാൻ, അപ്പോഴെ എന്താണ് ഞാൻ എന്നതിന്റെ ഉത്തരത്തിലേക്കുള്ള വാതിൽ തുറക്കുള്ളൂ.

     

അങ്ങനെ പാലക്കാടിൽ നിന്ന് പൊള്ളാച്ചി മറയൂർ വഴി മൂന്നാറെത്തി ദേവികുളത്ത് റൂമെടുത്തു. യാത്ര ബൈക്കിലായതു കൊണ്ട് തണ്ണുപ്പിന്റെ കാര്യം പറയണ്ടല്ലോ…അതിനൊരു പരിഹാരമായി വസ്ത്രധാരണയിൽ മാറ്റം വരുത്തി പുറത്തെവിടെങ്കിലും കപ്പ കിട്ടുമോന്ന് തിരഞ്ഞ് കഴിച്ച്, തിരിച്ച് വരുമ്പോ ഒരു തീക്കൂട്ടം കണ്ട് നിർത്തിയപ്പഴാണ് അത് നമ്മടെ റൂമാണെന്ന് അറിഞ്ഞത് ,എജ്ജാതി ഇരുട്ട് ,കുറേ നേരം പഴയ പാട്ടുവെച്ച് തീയിൽ കൈ കൊണ്ട് തൊട്ടു തൊട്ടില്ല എന്ന ദൂരത്തിൽ കളിച്ച് റൂമിക്കേറി കിടന്നപ്പോ 11 ഡിഗ്രി..

പിറ്റേ ദിവസം രാവിലത്തെ ചായക്കു വേണ്ടി കുറച്ചധികം നടക്കാം എന്ന് കരുതി ,സംസാരത്തിന് ഒരു കുറവും ഉണ്ടായില്ല… സൂര്യന്റെ ചൂട് കൂടുന്നത് കൊണ്ട് നേരെ റൂമിലെത്തി, ആരൊക്കയൊ പറഞ്ഞ പോലെ വട്ടവട ലക്ഷ്യമാക്കി ഗിയർ ചവിട്ടി..👣

ഒരു പാട് തവണ വണ്ടി നിർത്തേണ്ടി വന്നു മൂന്നാറിന്റെ ഭംഗി കാരണം. മൂന്നാർ ടോപ് സ്റ്റേഷൻ എത്തി ചുമ്മാ കേറി പോകാം ന്ന് കരുതിയതാ , യാത്രയെ ഇഷ്ടപ്പെടുന്നവരും ടൂറിസ്റ്റ് കളും ഉണ്ടായിരുന്നു… ഒരുപാട് പേരെ കണ്ടുമുട്ടിയപ്പൊ അന്ന് അവിടെ തമ്പ് അടിക്കാൻ പറഞ്ഞു, ടെന്റ് കൊടുക്കുന്നവർ നമ്മടെ ഏകദേശം വയസായതുകൊണ്ട് കാശിന്റെ കാര്യത്തിൽ ടെൻഷൻ ഒഴിഞ്ഞു… നിങ്ങൾ പോയിട്ട് 6 മണിക്ക് വന്നോ അപ്പഴേക്കും സെറ്റക്കാം ന്ന് പറഞ്ഞ് സച്ചു ബ്രോ പോയി.

വട്ടവട ലക്ഷ്യമാക്കി വണ്ടി നീങ്ങിയപ്പോൾ എത്താൻ ഒരു 40 മിനിറ്റെടുത്തു…ഗ്രാമത്തിന്റെ ഉള്ളിലേക്ക് വണ്ടി കയറുമ്പോൾ പെട്ടെന്നുണ്ടായ തിരിക്ക് കാരണം വണ്ടി നിർത്തി.
ഒരു കാരണവർ ഞങ്ങടെ നേരെ നോക്കി മക്കളെ ഇവിടെ വെട്ടും കുത്തും നടക്കാം എല്ലാരും വണ്ടി തിരിച്ചോളൂ. അയാളെന്നെ നോക്കി പറഞ്ഞ രീതിയുടെ സീരിയസ്നെസ് ഭയത്തോടെ താഴ്വാരം എങ്ങനെയൊ എത്തിച്ചു. “ഒരു കുടുംബ പ്രശ്നം പാർട്ടി പ്രശ്നമായി മാറി രക്തത്തിൽ അവസാനിച്ചു ” എന്ന അവിടത്തെ ചായക്കടക്കാരൻ പറഞ്ഞു .

നേരെ ടോപ്പ് സ്റ്റേഷനിലേക്ക് 6.30pm മണിക്ക് എത്തി. ഒരു പാട് കൺഫ്യൂഷന് ശേഷം  6 പേർക്ക് കിടാക്കാനുള്ള ഒരഡാറ് ടെന്റ് കിട്ടി, കോട്ടമൈതാനത്തെ അനുസ്മരിപ്പിക്കും അകം.ദൈവദൂതനെ പോലെ ഒരു ഇസ്രയേൽക്കാരനെ കണ്ടു, ചങ്ങായി ഫോട്ടോഗ്രഫറാ. എടുത്ത ഫോട്ടൊ കാണിച്ച് കൊണ്ടിരിക്കാ കൂടെ ഉളള ആൾക്ക് .

ആകെ ഇരുട്ടായത് കൊണ്ട് ഡിസ്പ്ലേയിൽ ഉള്ളത് കാണാമായിരുന്നു എനിക്ക് ,നേരെ പോയി നോക്കി. നക്ഷത്ര കൂടാരവും പിന്നെ ഒരു ഗാലക്സിയെ തോന്നിപ്പിക്കും എന്തോ ഒരു സാധനം , എവിടെന്ന് എടുത്തതാന്ന് ചോദിക്കുന്നതിന് മുൻപ് ഇവിടെന്ന് എടുത്ത ഫോട്ടൊയെന്ന് പറഞ്ഞു.
അതിരാവിലെ 3 – 5 am എണീറ്റ് നോക്കിയാൽ സംഭവം കാണാം എന്നു പറഞ്ഞ് നമ്മുടെ ദൂതൻ പോയി.

മഞ്ഞിന്റെ ഗാഭീര്യം കൂടി,കൂടെ കാറ്റും. ഇരുട്ട് എല്ലാത്തേയും വിഴുങ്ങിയിരിക്കുന്നു . ടെന്റ് മച്ചാന്മാർ ക്യാംപ് ഫയറും ഒരു മുഴുവൻ കോഴിയെ കിടത്തിയും മലർത്തിയും മസാലതേച്ച് കൊണ്ടു തന്നു… കോഴിക്ക് കിടക്കാൻ ഗ്രിലും. വിശപ്പിന്റെ അന്തർദേശീയ സമ്മേളനം വയറ്റിനകത്ത് നടക്കുന്നത് രണ്ടു പേരും മനസിലാക്കി.കോഴിയെ അങ്ങട് ചുട്ടെടുത്ത് ചപ്പാത്തിയെ ഒന്നൂടെ ചൂടാക്കി കണ്ണടച്ച് കഴിച്ചു. ചൂടു പോകുന്ന വഴികളെ. ഹു ഹു..
മലയുടെ ഏറ്റവും മുകളിലത്തെ ടെന്റാണ് ഞങ്ങളുടേത് തീയും ഞങ്ങളും എന്തൊക്കയൊ പറഞ്ഞിരിന്നു. ആകാശത്തേക്ക് ഒന്നൂടെ നോക്കി ഒരു മണിയായപ്പൊ കിടന്നുറങ്ങി.

3 മണിക്ക് വെച്ച അലാറം ഉറക്കം കൂട്ടുന്നതുപോലെ തോന്നിയെങ്കിലും, സ്ലീപിംഗ് ബാഗീന്ന് ഞെട്ടി എണീറ്റു… ടെന്റ് മുഴുവൻ വല്ലാത്ത പ്രകാശം പോലെ .ടെന്റിലെ സിപ്പ് തുറന്നു കൊണ്ടിരിക്കന്തോറം കണ്ണിലെ ആകാംഷയും കൃഷ്ണമണിയിലേക്ക് നക്ഷ്ത്രവും ഇരമ്പിച്ച് കേറി… മുഴുവൻ തുറന്ന് ടെന്റിനുള്ളിൽ നിന്ന് നോക്കിയപ്പോ കുഞ്ഞുനാളുകൾ മിന്നി മാഞ്ഞു… ഉറക്കത്തിന്റെ ക്ഷീണം കണ്ണിനെ അലട്ടുന്നുവെങ്കിലും നക്ഷത്ര കൂടാരം പിടിച്ചിരുത്തി… ആകാശം നിറയെ നക്ഷത്രം .. കാക്കതൊള്ളായിരം നക്ഷത്രം…

രാത്രിയുടെ നിറം കറുപ്പല്ല അത് നീലയാണെന്ന് സ്വയം പറഞ്ഞ നിമിഷങ്ങൾ. താഴെ നോക്കിയപ്പോഴും നക്ഷത്രങ്ങൾ… താഴെയുള്ള ടെന്റുകളും വീടുകളിലേയും വെളിച്ചം . എന്റെ ചുറ്റും നക്ഷത്രമല്ലാതെ വേറെ ഒന്നുല്ല എന്ന് യഥാർത്ഥ്യലേക്ക് വരാൻ മടിച്ച നിമിഷങ്ങൾ….
ഒരു മണിക്കൂറോളും കഴുത്ത് മേല്ലേം നോക്കി നിന്നപ്പോൾ കഴുത്ത് വേദന തുടങ്ങി, തണ്ണുപ്പു കാരണം ശരീരത്തിലെ എല്ലാം സ്ഥലങ്ങളും വിറക്കാൻ തുടങ്ങി.

ഫോട്ടോ എടുക്കണംമെന്ന് ആഗ്രഹിച്ചെങ്കിലും നടന്നില്ല. ചാർജില്ലാന്നെ… നക്ഷത്ര കൂട്ടത്തെ അമ്മയെ ഒന്നു കാണിക്കണമെന്ന് തീരുമാനിച്ച് കിടന്നു.. രാവിലെ 6 മണിക്ക് ആദ്യം കിരണം കാണാൻ വീണ്ടും എണീറ്റ്… പ്രകൃതി നമ്മുക്ക് വേണ്ടി അണിഞ്ഞൊരുങ്ങി നിൽക്കുന്നു…
കാലത്തെ കാഴ്ച്ചകളും കണ്ട് ചൂട് പുട്ടും മുട്ടക്കറിയും നല്ല ഒന്നാന്തരം ചായ കുടിച്ച് ,ബൈക്ക് പാലക്കാടേക്ക് കുതിച്ചു…..

ഞാൻ നേരിൽ കണ്ട കാഴ്ച്ചയുടെ പത്ത് ശതമാനം പോലും ഫോട്ടോയില്ലില്ല(Starry Sky) ചെറുതായിട്ട് ഒന്നു എഡിറ്റ് ചെയ്തിട്ടുണ്ട് ആ ഫീലൊന്ന് കിട്ടാൻ വേണ്ടി മാത്രം. ഒരു പാട് ഊരുതെണ്ടിയിട്ടും ഈ യാത്രയിൽ മാത്രമാണ് ഒരു സ്വപ്നം പൂവണിയുന്നത്. യഥാർത്ഥ ജീവിതം ഒന്നൂടെ മെച്ചപ്പെടാൻ കൊറച്ച് പോസ്റ്റീവ് എനെർജിയായ യാത്രയും…എല്ലാവർക്കും വഴിയൊക്കെ അറിയാന്നതുകൊണ്ട് എഴുതുന്നില്ല…. ടെന്റ്-1500 Rs per head (including campfire+barbaq+ breakfast).

വിവരണം – സത്യ പാലക്കാട്.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply