എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവൂല… എന്നു പറഞ്ഞതു പോലയാണ് കെഎസ്ആര്‍ടിസിയുടെ കാര്യമെന്നു പറയാറുണ്ട്. ഭരണം മാറിമാറി വന്നാലും കെഎസ്ആര്‍ടിസി പഴയ കെഎസ്ആര്‍ടിസി തന്നെ എന്നാണ് പൊതുവെയുള്ള പറച്ചില്. എം.ജി രാജമാണിക്യത്തിന്റെ വരവോടെയാണ് അതിന് അല്പം മാറ്റമുണ്ടായത്. രാജമാണിക്യത്തെ തെറിപ്പിച്ചതോടെ ജനങ്ങളുടെ ആ പ്രതീക്ഷയും വൃഥാവിലായി. രാജമാണിക്യത്തിന് പകരക്കാരനായി വന്ന ഹേമചന്ദ്രൻ IPS ഈ സ്ഥാനം തനിക്ക് അനുയോജ്യമല്ലെന്ന് തെളിയിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് കേരളത്തിലെ മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനായ ടോമിൻ ജെ. തച്ചങ്കരിയുടെ വരവ്.
ചുമതലയേറ്റതിന്റെ ആദ്യ ദിവസം തന്നെ വിപ്ലവകരമായ നീക്കവുമായി തച്ചങ്കരി കെഎസ്ആര്‍ടിസിയെ നന്നാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. കോര്‍പ്പറേഷനെ ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ രംഗത്തിറങ്ങി തച്ചങ്കരി പ്രഥമ പരിഗണന കൊടുക്കുന്നത് കോര്പ്പറേഷന് കീഴിലുള്ള ബസുകള്‍ യഥാസമയം സര്‍വീസ് നടത്തുക എന്ന് ഉറപ്പാക്കുന്നതിനാണ്. പ്രത്യേകിച്ചും സൂപ്പര്‍ എക്സ്പ്രസ്, ഫാസ്റ്റ് ഗണത്തില്‍ പെടുന്ന ബസുകള്‍. കെഎസ്ആര്‍ടിസിയുടെ മുഖ്യ സാമ്പത്തിക സ്രോതസ്സായ ഇത്തരം ബസുകളില്‍ എല്ലായ്പ്പോഴും തിരക്കു തന്നെയാണ്. കടുത്തപ്രതിസന്ധിയില്‍ നീങ്ങുന്ന കെ.എസ്.ആര്.ടി.സി.യെ ആറുമാസത്തിനുള്ളില്‍ നഷ്ടത്തില്‍നിന്ന് കരകയറ്റുമെന്ന് കെ.എസ്.ആര്.ടി.സി.യിൽ ജോയിൻ ചെയ്തപ്പോൾ തന്നെ അദ്ദേഹം പറഞ്ഞതാണ്.
ജീവനക്കാരും യൂണിയന് പ്രവര്‍ത്തകരും വിമര്‍ശനങ്ങള്‍ മാറ്റിവച്ച് ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ മാത്രമേ കെ.എസ്.ആര്.ടി.സി.യെ ഇന്നത്തെ അവസ്ഥയില്‍നിന്ന് മോചിപ്പിക്കാന്‍ സാധിക്കുകയുള്ളു. വിമര്‍ശകര്‍ വിചാരിച്ചാല്‍ കെ.എസ്.ആര്.ടി.സി.യിലെ ശമ്പളം കൃത്യസമയത്ത് കൊടുക്കാന്‍ പറ്റുമോ എന്നും തച്ചങ്കരി ചോദിച്ചു. നിലവില്‍ ഡ്രൈവറുമാരുടെയോ കണ്ടക്ടര്‍മാരുടെയോ കുറവുകൊണ്ടുമാത്രം സര്‍വീസ് മുടങ്ങുന്ന അവസ്ഥയാണ്. ഇതിനുമാറ്റമുണ്ടാകണം. പുതിയ ബസുകള്‍ ഒന്നും വാങ്ങുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ല. പകരം നിലവിലെ ഉള്ള ബസുകള്‍ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് നിരത്തിലിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദിവസവും ഓരോ ബസും ഒരു ലീറ്റര്‍ ഡീസലെങ്കിലും ലാഭിക്കണമെന്ന മറ്റൊരു നിര്‍ദേശവും അദ്ദേഹം നല്കി കഴിഞ്ഞു. ചെറിയ ന്യൂനതകള്‍ ഉണ്ടെങ്കില്‍ പോലും അത് പരിഹരിക്കാതെ ട്രിപ്പ് മുടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ ചെറിയ പോരായ്മകള്‍ എത്രയും വേഗം പരിഹരിക്കപ്പെടണമെന്നാണ് തച്ചങ്കരിയുടെ തീരുമാനം. ഒരു ബസ് ഒരുവര്‍ഷമുണ്ടാക്കുന്ന നഷ്ടം വലതുതാണ്. ജീവനക്കാർ സഹകരിച്ചാൽ കെ.എസ്.ആർ.ടി.സിയെ സ്മാർട്ടാക്കി മാറ്റാനാകുമെന്നും മെച്ചപ്പെട്ട സേവനത്തിലൂടെ വരുമാനം വർധിപ്പിക്കാൻ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ ആവിഷ്കരിച്ച് സർക്കാറിന് ഉടൻ സമർപ്പിക്കും. ആധുനീകരണത്തിെൻറ ഭാഗമായി ഇലക്ട്രിക് ബസ്, കാർഡ് ഉപയോഗിക്കാവുന്ന ആധുനിക ടിക്കറ്റ് യന്ത്രം, മൊബൈൽ ഫോൺ ക്യുആർ കോഡുമായി ബന്ധപ്പെടുത്തിയുള്ള ടിക്കറ്റ് വിതരണം, ജി.പി.എസ്, ജി.പി.ആർ.എസ്, വൈ-ഫൈ, യാത്രികർക്ക് ഓൺലൈൻവഴി പരാതി സമർപ്പിക്കാനുള്ള സംവിധാനം എന്നിവ ഉടൻ നടപ്പാക്കുമെന്നും തച്ചങ്കരി പ്രഖ്യാപിച്ചു. ഇതിന് ചെലവുകുറഞ്ഞ സോഫ്റ്റ്വെയറുകൾ വികസിപ്പിച്ച് വരുകയാണ്.
കെഎസ്ആര്‍ടിസിയെ രക്ഷിക്കാനുള്ള അവസാന ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇനിയും നന്നായിട്ടില്ലെങ്കില്‍ കടുത്ത നടപടികള്‍ വേണ്ടിവരും. പറയുന്നതിനനുസരിച്ച് ജോലി ചെയ്തില്ലെങ്കില്‍ വലിയ പൂട്ടുമായി വരേണ്ടി വരുമെന്നും തച്ചങ്കരി പറഞ്ഞു. കെഎസ്ആര്‍ടിസിയെ നശിപ്പിക്കുന്നത് ഇവിടുത്തെ തൊഴിലാളികളും യൂണിയന്‍കാരുമാണെന്ന ധാരണ മാറ്റിയെടുത്ത് അവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകാനാണ് നീക്കം. ഇതിനിടെ തൊഴിലാളി ദിനമായ മെയ് ഒന്നാം തീയതി ബസ് കണ്ടക്ടറായി വേഷമിട്ടു കണ്ടക്ടർ ജോലിചെയ്ത തച്ചങ്കരിയെ അത്ഭുതത്തോടെയാണ് ആളുകൾ കണ്ടത്. തിരുവനന്തപുരം – കോഴിക്കോട് സൂപ്പര്‍ ഫാസ്റ്റ് ബസിലാണ് തച്ചങ്കരി കണ്ടക്ടറായത്. കെ.എസ്.ആര്.ടി.സിയുടെ എല്ലാ മേഖലകളിലേയും പ്രവര്‍ത്തനം മനസിലാക്കുന്നതിനുവേണ്ടിയാണ് തച്ചങ്കരി പുതിയ വേഷത്തിൽ എത്തിയത്. ‘വേഷപ്പകര്‍ച്ചയല്ല, ഇത് ജോലിയെടുക്കുക തന്നെയാണ്. അവരുടെ പ്രശ്നങ്ങള്‍ അറിയാനാണ് ഈ പണി ചെയ്യുന്നത്. ഇതൊരു തുടക്കമാണ്. ഇനിയും ഇങ്ങനെ ചെയ്യേണ്ടിവരും. ഇതിനെയാക്കെ തമാശയായിട്ട് കാണുകയാണ് ചിലര്‍. അതെനിക്ക് പ്രശ്നമില്ല. താ വളരെ ഗൗരവത്തോടെയാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉടൻതന്നെ ഒരു ഡ്രൈവറായി താൻ ഇതുപോലെ തന്നെ വീണ്ടും വരുമെന്നും തച്ചങ്കരി വ്യക്തമാക്കി.
ഈ കഴിഞ്ഞ ദിവസം കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് വായ്പ നിഷേധിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിയ്ക്കെതിരെ എം.ഡി ടോമിന് ജെ തച്ചങ്കരി രംഗത്ത് വന്നതു മൂലം തൊഴിലാളികളുടെ പ്രശംസ പിടിച്ചു പറ്റുവാനും അദ്ദേഹത്തിന് കഴിഞ്ഞു. ജീവനക്കാര്ക്ക്വായ്പ അനുവദിച്ചില്ലെങ്കില്‍ കെ.എസ്.ആര്.ടി.സിയുടെ അക്കൗണ്ട് എസ്.ബി.ഐയില്‍ നിന്നു മാറ്റുന്നത് ആലോചിക്കുമെന്ന് തച്ചങ്കരി വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി എസ്.ബി.ഐയ്ക്ക് കത്തു നല്‍കിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ വിഷയത്തില്‍ തീരുമാനം അറിയിക്കാമെന്നാണ് കത്തിന് എസ്.ബി.ഐ നല്‍കിയിരിക്കുന്ന മറുപടി. ജീവനക്കാരുമായി തച്ചങ്കരി നടത്തിയ കൂടിക്കാഴ്ചകളില്‍ അവരില്‍ ഏറെയുംഉന്നയിച്ച പ്രശ്നങ്ങളില്‍ ഒന്നായിരുന്നു വായ്പ ലഭിക്കാനുള്ള പ്രയാസം. ഇതേതുടര്‍ന്നാണ് തച്ചങ്കരി എസ്.ബി.ഐയെ സമീപിച്ചത്. ജീവനക്കാര്‍ക്ക് വായ്പ ലഭിക്കാനുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ അക്കൗണ്ട് കാനറ ബാങ്കിലേക്ക് മാറ്റുമെന്നാണ് എം.ഡി അറിയിച്ചിരിക്കുന്നത്.
എംഡിയായി ചുമതലയേറ്റ ശേഷം തുടർച്ചയായി രണ്ടുമാസങ്ങളിലും തൊഴിലാളികളുടെ ശമ്പളം കൃത്യ സമയത്തു തന്നെ കൊടുക്കുവാനും കഴിഞ്ഞിട്ടുണ്ട്. എല്ലാ ഡിപ്പോകളിലും എല്ലാ മാസവും യൂണിയൻ നേതാക്കൾ ചേരുന്ന അവലോകന യോഗം ഇനി വേണ്ടെന്ന് ഉത്തരവിറക്കി. ഇവർക്ക് ആ ദിവസം ശമ്പളം നൽകില്ല. തച്ചങ്കരിയുടെ പുതിയ നീക്കം ശുഭ പ്രതീക്ഷ നല്‍കുന്നതാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
കടപ്പാട് – ഓൺലൈൻ മാധ്യമങ്ങൾ, വീഡിയോ – mflint media.