9/11 – ലോകശക്തിയായ അമേരിക്ക ഭയന്ന് വിറച്ച മണിക്കൂറുകള്‍

9/11 ചരിത്രത്തിലെ വഴിയടയാളമാണ്. ലോകം മുഴുവന്‍ മിനിട്ടുകളോളം സ്തംബ്ധരായ ദിവസം… അങ്ങനെ തന്നെ വിശേഷിപ്പിക്കേണ്ടി വരും 2001 സെപ്റ്റംബര്‍ 11 എന്ന ദിവസം. ലോകത്തിലെ പരമോന്നത ശക്തി എന്ന് വിശ്വസിച്ച അമേരിക്കയുടെ ഹൃദയത്തില്‍ അല്‍ഖ്വായ്ദ നടത്തിയ ഭീകരാക്രമണം അത്രയും ശക്തമായിരുന്നു. അമേരിക്ക വളര്‍ത്തി വിട്ട ഒസാമ ബിന്‍ ലാദന്‍ എന്ന തീവ്രവാദി, അല്‍ഖ്വായ്ദ എന്ന തീവ്രവാദ സംഘടനയിലൂടെ അമേരിക്കയുടെ തന്നെ നെഞ്ച് കീറി. റാഞ്ചിയെടുത്ത യാത്രാവിമാനങ്ങൾ ഉപയോഗിച്ച്‌ അമേരിക്കയിലെ ന്യൂയോർക്ക്‌ നഗരത്തിലുള്ള ലോകവ്യാപാരകേന്ദ്രം, വിർജീനിയയിൽ ഉള്ള പ്രതിരോധ വകുപ്പ്‌ ആസ്ഥാനം എന്നിവിടങ്ങളിലാണ്‌ ഭീകരർ ആക്രമണം നടത്തിയത്‌. അമേരിക്കൻ സമ്പന്നതയുടെ പ്രതീകമായി തലയുയർത്തി നിന്ന ലോകവ്യാപാര കേന്ദ്രത്തിന്റെ ഏറ്റവും പൊക്കംകൂടിയ രണ്ടു ടവറുകൾ ഭീകരർ വിമാനങ്ങൾ ഇടിച്ചുകയറ്റി നിശ്ശേഷം തകർത്തു.യുദ്ധതന്ത്രങ്ങളേക്കാൾ സൂക്ഷ്മതയോടെ മെനഞ്ഞ ഈ ഭീകരാക്രമണത്തിന്‌ ലോകചരിത്രത്തിൽ സമാനതകളില്ല.

ആക്രമണത്തെക്കുറിച്ചന്വേഷിക്കാൻ നിയുക്തമായ കമ്മീഷന്റെ കണ്ടെത്തലുകൾ പ്രകാരം ലോകത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ രത്നച്ചുരുക്കം ഇങ്ങനെയാണ്‌: ഇസ്ലാമിക തീവ്രവാദ സംഘടനയായ അൽഖയ്ദയിലെ 19 അംഗങ്ങൾ നാല്‌ അമേരിക്കൻ യാത്രാവിമാനങ്ങൾ റാഞ്ചി. ഇതിൽ രണ്ടെണ്ണം ന്യൂയോർക്ക്‌ സിറ്റിയിലെ മാൻഹട്ടനിൽ ഉളള ലോകവ്യാപാര കേന്ദ്രത്തിന്റെ ഇരട്ട ടവറുകളിലേക്ക്‌ ഇടിച്ചു കയറ്റി. മിനിറ്റുകൾക്കകം ഇരു ടവറുകളും നിലം പൊത്തി. ഇതേ സമയം തന്നെ റാഞ്ചിയെടുത്ത മൂന്നാമത്തെ വിമാനം, മറ്റൊരു സംഘം വിർജീനിയയിലുള്ള പെന്റഗൺ ആസ്ഥാന മന്ദിരത്തിലേക്ക്‌ ഇടിച്ചിറക്കി. നാലാമതൊരു വിമാനം റാഞ്ചിയിരുന്നെങ്കിലും യാത്രക്കാരുടെ ചെറുത്തു നിൽപ്പിനെത്തുടർന്ന് പെൻസിൽവാനിയായിലെ സോമർസെറ്റ്‌ കൌണ്ടിയിലുള്ള ഒരു പാടശേഖരത്തിൽ തകർന്നു വീണു. ഈ വിമാനം വൈറ്റ്‌ഹൌസ്‌ ലക്ഷ്യമാക്കിയാണ്‌ നീങ്ങിയെതെന്നു കരുതുന്നു.

ഖാലിദ് ഷേക്ക് മുഹമ്മദാണ് ഈ ആക്രമണത്തിന്റെ ആശയം 1996 ൽ ഒസാമ ബിൻ ലാദനു മുൻപിൽ അവതരിപ്പിച്ചത്. 1998 ൽ ബിൻ ലാദൻ ഈ പദ്ധതിയ്ക്ക് അനുമതി നൽകി. 91,000 ലിറ്റെർ ഇന്ധന ശേഷിയുളള നാലു യാത്രാവിമാനങ്ങളാണ്‌ ഭീകരർ റാഞ്ചിയത്‌. മസാച്യുസെറ്റ്‌സിലെ ബോസ്റ്റണിലുള്ള ലോഗൻ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും കാലിഫോർണിയയിലെ ലൊസാഞ്ചലസ്‌ രാജ്യാന്തര വിമാനത്താവളത്തിലേക്കുപോയ അമേരിക്കൻ എയർലൈൻസിന്റെ പതിനൊന്നാം നമ്പർ വിമാനം, ഇതേ റൂട്ടിൽ പോയ യുണൈറ്റഡ്‌ എയർലൈൻസിന്റെ 175ാം നമ്പർ വിമാനം, വാഷിംഗ്‌ടൺ ഡള്ളസ്‌ വിമാനത്താവളത്തിൽ നിന്നും ലൊസാഞ്ചസിലേക്കു പോയ അമേരിക്കൻ എയർലൈൻസിന്റെ 77ാം നമ്പർ വിമാനം, ന്യൂജേഴ്സിയിലെ നെവാർക്കിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്കു പോയ യുണൈറ്റഡ്‌ എയർലൈൻസിന്റെ 93ാം നമ്പർ വിമാനം എന്നിവയാണ്‌ റാഞ്ചപ്പെട്ടത്‌. ആദ്യത്തെ വിമാനം(എ.എ. 11) പ്രാദേശിക സമയം രാവിലെ 8:46:40ന്‌ ലോകവ്യാപാര കേന്ദ്രത്തിന്റെ വടക്കേ ടവറിൽ ഇടിച്ചു കയറ്റി.9:03:11ന്‌ രണ്ടാമത്തെ വിമാനം(യു.എ. 175) തെക്കേ ടവറിലും ഇടിച്ചിറക്കി. ഇതിന്റെ ദൃശ്യങ്ങൾ പ്രധാന ചാനലുകൾ തത്സമയം കാണിച്ചിരുന്നു. 9:37:46ന്‌ മൂന്നാമത്തെ വിമാനം (എ.എ. 77) വാഷിം ഗ്‌ ടൺ ഡി.സി.യിലെ വിർജീനിയയിലുള്ള പെന്റഗൺ ആസ്ഥാന മന്ദിരത്തിൽ ഇടിച്ചു കയറ്റി. റാഞ്ചപ്പെട്ട നാലാമത്തെ വിമാനം (യു.എ. 93) പെൻസിൽവാനിയ സംസ്ഥാനത്തെ സോമർസെറ്റ്‌ കൌണ്ടിയിലുള്ള ഷാങ്ക്സ്‌വില്ലെ എന്ന സ്ഥലത്ത്‌ പാടത്തേക്കു 10:03:11ന്‌ തകർന്നു വീണു. ഇതിന്റെ ഭാഗങ്ങൾ എട്ടു മൈൽ ദൂരത്തേക്കു തെറിച്ചിരുന്നു. നാലാമത്തെ വിമാനം യാത്രക്കാരുടെ ചെറുത്തു നിൽപ്പിനേത്തുടർന്ന് ഭീകരന്മാർ മനഃപൂർവം വീഴ്ത്തിയതാണോ, അതോ വിമാനം നിയന്ത്രണം വിട്ടു നിലം പതിച്ചതാണോ എന്നുള്ള കാര്യത്തിൽ വ്യക്തതയില്ല. നാലു വിമാനങ്ങളിലേയും മുഴുവൻ യാത്രക്കാരും(265 പേർ) കൊല്ലപ്പെട്ടു.

2001, സെപ്റ്റംബര്‍ 11. കിഴക്കന്‍ അമേരിക്കയിലെ ഒരു പ്രഭാതം. തെളിഞ്ഞ ആകാശം. പ്രസിഡന്‍റ് ജോര്‍ജ് ബുഷ്‌ തന്‍റെ പ്രഭാത ജോഗിങ്ങിനു പുറപ്പെട്ടു. വേള്‍ഡ് ട്രേഡ് സെന്‍റര്‍ തിരക്ക് പിടിച്ചു വരുന്നതെ ഉള്ളൂ… രാവിലെ 6 മണി. പോര്‍ട്ട്‌ലാന്‍ഡില്‍ നിന്നും ബോസ്റ്റണിലേക്കുള്ള അമേരിക്കന്‍ എയര്‍ ലൈന്‍സിന്റെ American 11 എന്ന നമ്പര്‍ വിമാനത്തില്‍ കയറാനായി മുഹമ്മദ്‌ അത്ത യും, സൗദി സ്വദേശികള്‍ ആയ അബ്ദുല്‍ അസീസ്‌ അല്‍ ഒമരി, വയീല്‍ അല്‍ ശെഹ്രി, വലീദ് ശേഹ്രി , സത്താം അല്‍ സുഖൂമി എന്നിവര്‍ എത്തി ചേരുന്നു. യാത്രക്കാരുടെ ദേഹ പരിശോധന നടക്കുന്നു. എന്നാല്‍ മുഹമ്മദ്‌ അത്ത CAPPS (Computer Assisted Passenger Prescreening System) ഇല്‍ ഉള്‍പ്പെട്ടു! കൂടുതല്‍ ദേഹ പരിശോധനക്കായി ഇദ്ദേഹത്തെ കൊണ്ട് പോയി. FBI, CIA, തുടങ്ങിയവരുടെ ലിസ്റ്റില്‍ ഉള്ളതിനാല്‍ ആണ് അത്തയെ കൂടുതല്‍ പരിശോധനക്ക് കൊണ്ട് പോയത്. സെലെക്ഷന്‍ ലെവല്‍ അനുസരിച്ചു അത്ത വിമാനത്തില്‍ കയറിയതിനു ശേഷം മാത്രമേ ലഗേജ് വിമാനത്തില്‍ കയറ്റൂ. പക്ഷെ അത്തയുടെ പ്ലാനിനു അത് തടസ്സമായിരുന്നില്ല. സെക്യൂരിറ്റി പരിശോധനകളില്‍ അവിചാരിതമായി ഒന്നും കണ്ടില്ല. (എന്നാല്‍ അത്തയുടെ ലഗേജ് വിമാനത്തില്‍ കയറ്റിയിരുന്നില്ല. ഇതില്‍ നിന്നും ഫ്ലൈറ്റ് സിമുലേറ്റര്‍ വീഡിയോ, കത്തി, മൈസ് സ്പ്രേ എന്നിവ കണ്ടെടുക്കുകയുണ്ടായി) അത്ത, സുകൂമി, ഒമരി എന്നിവര്‍ ബിസിനസ്സ് ക്ലാസ്സില്‍ ആയിരുന്നു. ശേഹ്രി സഹോദരന്മാര്‍ രണ്ടാം നിരയിലും. 7:40 ഇന് വിമാനം രണ്വെയില്‍ ഓടി തുടങ്ങി.

ഇതേ സമയം തന്നെ യുണൈറ്റഡ് എയര്‍ലൈന്‍ വിമാനം United 175 ബോയിങ്ങില്‍ ബോസ്റ്റണിലേക്കുള്ള മറ്റൊരു വിമാനത്തില്‍ രണ്ടാം കൊലയാളി സംഘം കയറി പറ്റി. രാസല്‍ ഖൈമ സ്വദേശി മര്‍വാന്‍ ശേഹിയുടെ നേതൃത്വത്തില്‍ ഉള്ള ടീമില്‍, യു എ ഇ സ്വദേശി ഫായിസ്, സൗദി സ്വദേശികള്‍ ആയ അഹമ്മദ്‌ അല്‍ ഗാംദി ഹംസ അല്‍ ഗാംദി സഹോദരര്‍ , മുഹമ്മദ്‌ അല്‍ ശേഹ്രി എന്നിവര്‍ ആണ് ഉണ്ടായിരുന്നത്. ആരെയും CAPPS സെലക്ട്‌ ചെയ്തില്ല. 7:58 ഇന് വിമാനം രണ്വെയില്‍ നീങ്ങി തുടങ്ങി. ബോസ്റ്റണില്‍ നിന്നും നൂറു കണക്കിന് കിലോമീറ്റര്‍ അകലെ രാവിലെ 7:18 ഇന് വാഷിംഗ്‌ടണ്‍ ദ്യൂലസില്‍ നിന്നും ലോസ് ആഞ്ചലസിലേക്കുള്ള അമേരിക്കന്‍ എയര്‍ലൈന്‍സിന്‍റെ Flight 77 വിമാനത്തില്‍ കയറാന്‍ അഞ്ചു പേര്‍ എത്തി. സൗദി സ്വദേശികള്‍ ആയ ഹാനി ഹാന്ജോര്‍, ഖാലിദ് മിഹ്‌ധാര്‍, മാജിദ് മോക്വാദ്, നവാഫ്‌ ഹാസ്മി, സാലേം ഹാസ്മി എന്നിവര്‍ ആയിരുന്നു സംഘാങ്ങള്‍. ഖാലിദ് മിഹ്‌ധാര്‍, നവാഫ്‌ ഹാസ്മി എന്നിവര്‍ FBI Terrorist ലിസ്റ്റില്‍ ഉള്ളവര്‍ ആയിരുന്നു എന്നതാണ് അമ്പരപ്പിക്കുന്ന വസ്തുത.

ഹാനി ഹാന്ജോര്‍, ഖാലിദ് മിഹ്‌ധാര്‍, മാജിദ് മോക്വാദ് എന്നിവരെ CAPPS സെലക്ട്‌ ചെയ്തു. അതിനാല്‍ തന്നെ അവര്‍ വിമാനത്തില്‍ ബോര്‍ഡ് ചെയ്ത ശേഷം ആണ് അവരുടെ ലഗേജ് വിമാനത്തില്‍ കയറ്റിയത്. ഹാസ്മി സഹോദരന്മാരെ കൂടുതല്‍ പരിശോധന നടത്തി. ഇവരുടെ ഫോട്ടോ ഐ ഡി ഇല്ലാത്തതും, ശരിക്ക് ഇംഗ്ലീഷ് മനസ്സിലാവാത്തതും ആയിരുന്നു ഇതിനുള്ള പ്രധാന കാരണം. നവാഫ്‌ ഹാസ്മി മെറ്റല്‍ detector വഴി കടന്നു പോയപ്പോള്‍ അലാം അടിച്ചത് കാരണം അദ്ദേഹത്തെ കൂടുതല്‍ പരിശോധിച്ചു. തോളില്‍ തൂക്കിയ ബാഗ് സ്പോടക വസ്തുക്കള്‍ ഉണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തു. എന്നാല്‍ സ്ക്യൂരിട്ടി കാമറകള്‍ പരിശോധിച്ച അന്വേഷണ സംഘം ഇദ്ദേഹത്തിന്റെ പിന്‍ ഭാഗത്തെ പോകറ്റില്‍ :എന്തോ ഉയര്‍ന്നു നില്‍ക്കുന്നുണ്ടായിരുന്നു എന്ന് കണ്ടെത്തുകയുണ്ടായി. 7:50ഓടെ സംഘം വിമാനത്തില്‍ കയറി.

ന്യൂജേഴ്സിയില്‍ നിന്നും സാന്‍ഫ്രാന്‍സിസ്കോ യിലേക്കുള്ള യുനൈറ്റഡ് എയര്‍ലൈന്‍ വിമാനം united 93 യില്‍ മറ്റൊരു സംഘം കയറി. സിയാദ് ജാറ എന്ന ലബനീസ് സ്വദേശിയായിരുന്നു സംഘത്തലവന്‍. അഹമ്മദ് ഹസ്നാവി, അഹമ്മദ് നാമി, സയീദ്‌ ഗാംദി എന്നീ സൗദി സ്വദേശികള്‍ ആയിരുന്നു കൂടെ. ഹസ്നാവിയെ CAPPS സെലക്ട്‌ ചെയ്തു എങ്കിലും, പരിശോധനയില്‍ സംശയകരമായി ഒന്നും കണ്ടെത്താത്തത് കാരണം ബോര്‍ഡ് ചെയ്യാന്‍ അനുവദിച്ചു.
എട്ടു മണിക്ക് പുറപ്പെടേണ്ട വിമാനം പക്ഷെ വിമാനത്താവളത്തിലെ തിരക്ക് കാരണം മുക്കാല്‍ മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. വിമാനം പുറപ്പെട്ടു നാല് മിനിട്ടിനകം ആണ് ആദ്യ വിമാനം ലോക വ്യാപാര കേന്ദ്രത്തില്‍ ഇടിച്ചത്.

അമേരിക്കന്‍ എയര്‍ ലൈന്‍ – 11  എണ്‍പത്തി ഒന്ന് യാത്രക്കാര്‍. പതിനൊന്നു ജീവനക്കാര്‍. ചാവേറുകൾ : വലീദ്‌ അൽ ഷെഹ്‌രി (സൗദി അറേബ്യ), വേയിൽ അൽ ഷെഹ്‌രി (സൗദി അറേബ്യ), മുഹമദ് അത്ത (ഈജിപ്ത്‌), അബ്ദുൽ അസീസ് അൽ ഒമരി (സൗദി അറേബ്യ), സതാം അൽ സൗഖാമി. 8:14 ഓടു കൂടിയാണ് റാഞ്ചല്‍ നടന്നത് എന്നാണു അന്വഷണം തെളിയിച്ചത്. ബോസ്ട്ടന്‍ വിമാനത്താവളത്തില്‍ നിന്നും വിമാനത്തിന്‍റെ ആള്‍റ്റിട്ട്യൂട് വര്‍ധിപ്പിക്കാന്‍ നിര്‍ദേശം വന്നു എങ്കിലും ഒരു മറുപടിയും ഉണ്ടായില്ല. വിമാനം പക്ഷെ വീണ്ടും താഴേക്ക് വരികയും, ദിശ മാറുകയും ചെയ്തു. തുടര്‍ച്ചയായി വിമാനവും ആയി ബന്ധം പുലര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് ഒരു മറുപടിയും ഉണ്ടായില്ല. ഇതേ സമയം ഫ്ലൈറ്റ് ജീവനക്കാര്‍ ആയ ആമി സ്വീനിയും, ബെറ്റിയും വിമാന കമ്പനിക്ക് സാറ്റലറ്റ് ഫോണ്‍ വഴി വിവരങ്ങള്‍ നല്‍കാന്‍ തുടങ്ങി. കാരന്‍ മാര്‍ട്ടിന്‍, ബാര്‍ബറ എന്നിവരെ കഠാര കൊണ്ട് കുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഇവര്‍ കോക്പിറ്റ് കയ്യേറിയത്. ഇതേ സമയം വിമാനത്തില്‍ ഉണ്ടായിരുന്ന ഇസ്രായേലി സേനയില്‍ മുന്‍പ് പ്രവര്‍ത്തിച്ച ഡാനിയേല്‍ ലെവിന്‍ റാഞ്ചികളെ തടയാന്‍ ശ്രമിച്ചു. എന്നാല്‍ ഡാനിയേലിന്റെ തൊട്ടു പിന്നിലെ സീറ്റില്‍ ആയിരുന്നു മറ്റൊരു റാഞ്ചിയായ സുഖൂമി ഇരുന്നിരുന്നത്. ഡാനിയേലിനെ ഉടനെ തന്നെ കഴുത്തു വെട്ടി കൊല്ലുകയായിരുന്നു.

വിമാന ജീവനക്കാര്‍ കൊക്ക്പിറ്റും ആയി ബന്ധപെടാന്‍ ശ്രമിക്കുകയായിരുന്നു അപ്പോള്‍. വിമാന കമ്പനിയെ വിളിച്ച ജീവനക്കാര്‍ റാഞ്ചികളുടെ സീറ്റ് നമ്പര്‍ നല്‍കി. ഇത് വെരിഫൈ ചെയ്ത എഫ് ബി ഐ. അത്തയെ ആദ്യം തന്നെ തിരിച്ചറിഞ്ഞു. ഇതിനിടെ അത്ത വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. പൈലറ്റുമാര്‍ രണ്ടു പേരെയും മാരകമായി പരിക്കെല്‍പ്പിച്ചു ബോധരഹിതനാക്കികൊണ്ടാവാം ഇത് സാധ്യമായത്. ഇതിനിടെ അത്ത വിമാനത്തിലെ യാത്രകാര്‍ക്ക് സന്ദേശം നല്‍കാന്‍ ആയി വിമാനത്തിലെ public addressing system ഓണ്‍ ചെയ്തു. എന്നാല്‍ തെറ്റായ ചാനല്‍ ആണ് തിരഞ്ഞെടുത്തത്. ആ ചാനല്‍ എയര്‍ ട്രാഫിക് കണ്ട്രോള്‍ സെന്ററിലെക്ക് ആയിരുന്നു. സന്ദേശം ഇതായിരുന്നു “We have some planes. Just stay quiet and you’ll be O.K. We are returning to the airport.” വീണ്ടും 08:24 ഇന് പുതിയ സന്ദേശം നല്‍കി “Nobody move. Everything will be okay. If you try to make any moves, you’ll endanger yourself and the airplane. Just stay quiet.” രണ്ടു മിനിറ്റ് കഴിഞ്ഞു വിമാനം ലോക വ്യാപാര കേന്ദ്രം ലക്ഷ്യമാക്കി പറക്കാന്‍ തുടങ്ങി. ബോസ്റ്റന്‍ എയര്‍ ട്രാഫിക് കണ്ട്രോളര്‍ എല്ലാ നൂലാമാലകളും ഒഴിവാക്കി നേരിട്ട് അമേരിക്കന്‍ എയര്ഫോഴ്സും ആയി ബന്ധപ്പെട്ട് റാഞ്ചികളുടെ വിമാനം തടയാന്‍ ആവശ്യപ്പെട്ടു,

ഈ സമയത്ത് വിമാനം ലോക വ്യാപാര കേന്ദ്രം ലക്ഷ്യമാക്കി പറന്നു കൊണ്ടിരുന്നു. മണിക്കൂറില്‍ 748 കി. മീ വേഗതയില്‍ , 36000 ലിറ്റര്‍ വിമാന ഇന്ധനവും ആയി ബോയിംഗ് വിമാനം 99 മുതല്‍ 93 വരെ നിലകളുടെ ഇടയില്‍ രാവിലെ 8:46 ഇന് ഇടിച്ചു കയറി. മാര്‍ഷ് ആന്‍ഡ് മാക്ളിനന്‍ ഇന്ശൂരന്‍സ് കമ്പനിയുടെ ഓഫീസുകള്‍ ആയിരുന്നു ഈ നിലകളില്‍. ഇടിയുടെ ആഘാതത്തില്‍ ആ നിലകളില്‍ ഉണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. വിമാന ഇന്ധനം എലിവേറ്റര്‍ വഴി അരിച്ചിറങ്ങി 77. 22 എന്നീ നിലകളിലും തീ പിടിച്ചു. ഇടി നടന്നു കൃത്യം ഏഴു മിനിട്ടിനു ശേഷമാണ് വിമാനത്തെ തടയാന്‍ അമേരിക്കന്‍ എയര്ഫോഴ്സിലെ F-15 വിമാനങ്ങള്‍ക്ക് ഉത്തരവ് ലഭിക്കുന്നത്. സി എന്‍ എന്‍ അടക്കമുള്ള മാധ്യമങ്ങള്‍ ലൈവ് ആയി വാര്‍ത്ത നല്‍കുമ്പോഴും ഇതൊരു തീവ്രവാദി ആക്രമണം ആണ് എന്ന് മനസ്സിലാക്കിയിരുന്നില്ല. ഇതൊരു അപകടം ആണ് എന്നായിരുന്നു ചാനലുകള്‍ പറഞ്ഞുകൊണ്ടിരുന്നത്.

യുണൈറ്റഡ് എയര്‍ ലൈന്‍ – 175 – മര്‍വാന്‍ ശേഹ്രി ഗ്രൂപ്പ് ബോര്‍ഡ് ചെയ്ത ബോയിംഗ് 767 വിമാനം. 56 യാത്രക്കാര്‍. 6 ജീവനക്കാര്‍. ചാവേറുകൾ : മർവാൻ അൽ ഷെഹി(യു.എ.ഇ), ഫയസ്‌ ബനിഹമ്മദ്‌ (യു.എ.ഇ), മുഹമ്മദ്‌ അൽ ഷെഹ്‌രി (സൗദി അറേബ്യ), ഹംസ അൽ ഗാമിദി (സൗദി അറേബ്യ), അഹമ്മദ്‌ അൽ ഗാമിദി (സൗദി അറേബ്യ).
വിമാനം തിരശ്ചീനമായി പറന്നു തുടങ്ങി അല്‍പം കഴിഞ്ഞപ്പോള്‍ ആണ് റാഞ്ചല്‍ ആരംഭിക്കുന്നത്. ഏകദേശം 8:43 ഓടെ മര്‍വാന്‍ ശേഹ്രിയുടെ നേതൃത്വത്തില്‍ ഉള്ള ഗ്രൂപ്പ് വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. ഇതേ സമയം ആദ്യ വിമാനം ലോക വ്യാപാര കേന്ദ്രത്തില്‍ ഇടിച്ചു കയറാന്‍ ഏതാനും മിനിട്ടുകള്‍ മാത്രമായിരുന്നു ബാക്കി ഉണ്ടായിരുന്നത്. ഫായിസ്, ശേഹ്രി എന്നിവര്‍ ബലമായി കോക്ക്പിറ്റില്‍ കടക്കുകയും, പൈലറ്റിനെ കൊന്നു വിമാനത്തിന്‍റെ നിയന്ത്രണം മര്‍വാന്‍ ശേഹ്രിയെ ഏല്പിക്കുകയും ചെയ്തു. ഇതേ സമയം ഗാംദി സഹോദരന്മാര്‍ വിമാനത്തിലെ യാത്രകാരെ ഭീഷണിപ്പെടുത്തി വിമാനത്തിന്‍റെ പുറകു ഭാഗത്തേക്ക് മാറ്റി കൊണ്ടിരിക്കുകയായിരുന്നു. 8:47 ഓടു കൂടി വിമാനം ദിശ മാറുന്നതായി എയര്‍ ട്രാഫിക് കണ്ട്രോളര്‍ മനസ്സിലാക്കി. വിമാനത്തിന്‍റെ ട്രാന്‍സ്പോണ്ടര്‍ സിഗ്നല്‍ മാറുന്നതും ശ്രദ്ധയില്‍ പെട്ടു. അത്ത ചെയ്തത് പോലെ ഈ വിമാനത്തിലെ ട്രാന്‍സ്പോണ്ടര്‍ പൂര്‍ണ്ണമായും ഓഫ്‌ ആക്കിയില്ല. ഒരു പക്ഷെ അതിനുള്ള ശ്രമം വിജയിക്കാതെ പോയതാവാം. 8:51 ഇന് വിമാനം വളരെ താഴേക്ക് പറന്നു തുടങ്ങി. ഈ സമയത്ത് ഡെല്‍റ്റ എയര്‍ ലൈനിന്‍റെ Flight 2315 വിമാനവും ആയി മര്‍വാന്‍ ഹൈജാക്ക് ചെയ്ത വിമാനം കൂട്ടി ഇടിക്കെണ്ടാതായിരുന്നു. എന്നാല്‍ ATC നിര്‍ദേശം അനുസരിച്ച് ഡെല്‍റ്റ കൂടുതല്‍ ഉയരത്തിലേക്ക് പോയതിനാല്‍ അപകടം ഒഴിവായി. (ഒരു പക്ഷെ ഈ അപകടം നടന്നിരുന്നു എങ്കില്‍ സൌത്ത് ടവര്‍ രക്ഷപ്പെട്ടേനെ).

വിമാനം റാഞ്ചപ്പെട്ട വിവരം വിമാന ജീവനക്കാരും, യാത്രക്കാരും സാറ്റലൈറ്റ് ഫോണ വഴി തങ്ങളുടെ പ്രിയപ്പെട്ടവരെയും മേല്‍ ഉദ്യോഗസ്ഥരെയും അറിയിച്ചു കൊണ്ടിരുന്നു. ഗാര്‍നെറ്റ് ബൈലി എന്ന യാത്രക്കാരന്‍ തന്‍റെ ഭാര്യയെ നാല് പ്രാവശ്യം വിളിക്കാന്‍ ശ്രമിച്ചു എങ്കിലും ലഭ്യമായില്ല. 08:55 ഓടെയാണ് Flight 175 റാഞ്ചപ്പെട്ടു എന്ന് NYATCC ( New York Air Traffic Control Center) പ്രഖ്യാപിക്കുന്നത്. റാഞ്ചപ്പെട്ട രണ്ടു വിമാനങ്ങളും ആയി ബന്ധപ്പെട്ട് കൊണ്ടിരുന്ന ATC ഡേവിഡ് ബോട്ടിഗ്ലിയ പറഞ്ഞത് മിനിട്ടിനു പതിനായിരം അടി വച്ച് വിമാനം താഴേക്ക് കുതിച്ചു എന്നാണ്. 08:52 ഇന് ജീവനക്കാരന്‍ ഫ്രാങ്ങ്മാന്‍ വിമാനം റാഞ്ചി എന്നും, പൈലറ്റ്‌, സഹപൈലറ്റ്‌ എന്നിവര്‍ കൊല്ലപ്പെട്ടു എന്നും, ചിലര്‍ക്ക് കുത്തേറ്റു എന്നും റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ അദ്ധേഹത്തിന്റെ ഫോണ്‍ കട്ടായി. തിരിച്ചു ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. ഇതിനിടെ യാത്രക്കാരന്‍ ആയ ബ്രയാന്‍ ഭാര്യയെ വിളിക്കാന്‍ ശ്രമിച്ചു എങ്കിലും ലഭ്യമായില്ല. തുടര്‍ന്ന് വിമാനം റാഞ്ചപ്പെട്ടു എന്ന മെസ്സേജ് അദ്ദേഹം ഭാര്യക്ക് നല്‍കി.അപകടം കഴിഞ്ഞ ശേഷം ആണ് ഇവര്‍ മെസ്സേജ് കാണുന്നത്.

ഇതിനിടെ ബ്രയാന്‍ അമ്മയെ വിളിക്കുകയും വിമാനം റാഞ്ചപ്പെട്ടു എന്നും, യാത്രക്കാര്‍ കോക്ക്പിറ്റില്‍ ഇരച്ചു കയറി വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കാന്‍ പരിപാടി ഉണ്ട് എന്നും സൂചിപ്പിച്ചു. മറ്റൊരു യാത്രക്കാരന്‍ തന്‍റെ പിതാവിനെ വിളിച്ചു വിമാനക്കമ്പനിയെ വിവരമറിയിക്കാന്‍ ആവശ്യപ്പെട്ടു. ഒന്‍പത് മണിയോടെ പീറ്റര്‍ ഹാന്‍സന്‍ എന്ന യാത്രകാരന്‍ തന്‍റെ അച്ഛന് ഫോണ്‍ ചെയ്തു. “വിമാനം രാഞ്ചികളുടെ കയ്യില്‍ ആണ്. അവര്‍ വിമാനം വളരെ താഴ്ത്തി പറത്തുന്നു. എന്തെങ്കിലും സംഭവിച്ചാല്‍ അത് പെട്ടന്നായിരിക്കും. ദൈവമേ.. ദൈവമേ..” കൃത്യം 9:03 ഇന് വിമാനം സൌത്ത് ടവറിലെ 77-85 നിലകള്‍ക്ക് ഇടയില്‍ ഇടിച്ചു കയറി. ആദ്യ വിമാനത്തില്‍ നിന്നും വ്യത്യസ്തമായി രണ്ടാം വിമാനം അല്പം ദിശ മാറിയാണ് വന്നത് എന്നതിനാല്‍ ടവറിന്റെ മൂലയില്‍ ആണ് ഇടിചു കയറിയത്. ഈ വിമാനത്തിന്‍റെ എഞ്ചിനും, ചിറകും പിന്നീട് വീണ്ടെടുത്തു.

അമേരിക്കന്‍ എയര്‍ലൈന്‍ – American 77 – ഹാനി ഹാന്ജോര്‍ ഗ്രൂപ്പ് ബോര്‍ഡ് ചെയ്ത ബോയിംഗ് 757 വിമാനം. 58 യാത്രക്കാര്‍. 6 ജീവനക്കാര്‍. ചാവേറുകൾ : ഖാലിദ്‌ മിഹ്‌ധാർ (സൗദി അറേബ്യ), മജീദ്‌ മൊകദ്‌ (സൗദി അറേബ്യ), നവാഫ്‌ അൽ ഹാസ്മി (സൗദി അറേബ്യ), സലേം അൽ ഹാസ്മി (സൗദി അറേബ്യ), ഹാനി ഹാൻജൌർ (സൗദി അറേബ്യ). ആദ്യ രണ്ടു വിമാനങ്ങളും വാണിജ്യ കേന്ദ്രം ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയത് എങ്കില്‍ ഹാനിയുടെ ലക്‌ഷ്യം അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ ആയിരുന്നു. ആദ്യ വിമാനം WTC ഇല്‍ ഇടിച്ചിറങ്ങി ഏതാനും മിനിട്ടുകള്‍ കഴിയുമ്പോള്‍ ആണ് American 77 റാഞ്ചപ്പെടുന്നത്. വിമാനം 8:54 ഓടെ ദിശ മാറ്റപ്പെടുന്നത് ATC ശ്രദ്ധിച്ചു. എന്നാല്‍ വിമാനവുമായി ബന്ധപെടാനുള്ള ശ്രമം വിജയിച്ചില്ല. വിമാനത്തിലെ യാത്രക്കാര്‍ പലരും തങ്ങളുടെ വീട്ടിലേക്ക് വിളിക്കാന്‍ തുടങ്ങി. പലരും വിമാനം ഹൈജാക്ക് ചെയ്ത വിവരം വിമാന കമ്പനിയെ അറിയിക്കാന്‍ ആവശ്യപ്പെട്ടു. യു എസ് സോളിസിറ്റര്‍ ജനറല്‍ തിയോഡോര്‍ ഓസ്‌ലോനിന്റെ ഭാര്യ ബാര്‍ബറ ഓസ്‌ലോണ്‍ ഈ വിമാനത്തിലെ യാത്രകാരിയായിരുന്നു. ഭര്‍ത്താവിനെ വിളിച്ചു തങ്ങളുടെ വിമാനവും റാഞ്ചപ്പെട്ട വിവരം ഇവര്‍ അറിയിച്ചു. അതോടെ മറ്റു രണ്ടു വിമാനങ്ങളുടെയും വിവരങ്ങള്‍ തിയഡോര്‍ ഭാര്യയോടു പറഞ്ഞു. അവര്‍ വേവലാതി ഒന്നും കാണിച്ചില്ല. എവിടെയാണ് വിമാനം എന്ന് ചോദിച്ചപ്പോള്‍, വിമാനം വളരെ താഴ്ന്നാണ് പറക്കുന്നത് എന്നും. റാഞ്ചികളുടെ കയ്യില്‍ കത്തിയും ബോക്സ് കട്ടരുകളും ഉണ്ട് എന്നും ഇവര്‍ അറിയിച്ചു.

മൂന്നാമത്തെ വിമാനവും റാഞ്ചപ്പെട്ടു എന്നറിഞ്ഞതോടെ അമേരിക്കന്‍ എയര്‍ലൈന്‍സ് തങ്ങളുടെ എല്ലാ സര്‍വീസും ഗ്രൌണ്ട് ചെയ്തു. ഒരൊറ്റ വിമാനവും അടുത്തൊരു നിര്‍ദ്ദേശം വരുന്നത് വരെ പറത്തരുത് എന്നായിരുന്നു ഉത്തരവ്. വിമാന റാഞ്ചി ഹാനി ഹാന്ജോര്‍ വിമാനത്തിന്റെ സര്‍വ ശക്തിയും എടുത്തു പെന്റഗണ്‍ ലക്ഷ്യമാക്കി കുതിച്ചു. എന്നാല്‍ വിമാനം 330 ഡിഗ്രി തിരിഞ്ഞപ്പോള്‍ ഇതിന്‍റെ ഉയരം നഷ്ടമായി. അതിനാല്‍ തന്നെ പെന്റഗണ്‍ സമുച്ചയത്തിന്റെ മുകളിലേക്ക് പറക്കുന്നതിന് പകരം അതിന്‍റെ വശങ്ങളിലെക്കാണ് വിമാനം പറന്നത്. വിളക്ക് കാലുകളും, ജനരെട്ടരും തകര്‍ത്ത് കടന്നു പോയ വിമാനം പെന്റഗണ്‍ ആയിടെ പുതുക്കിയ സിമന്‍റ് മതിലില്‍ ഇടിച്ചതിനു ശേഷമാണ് കെട്ടിടത്തില്‍ പതിച്ചത്. പെന്റഗണില്‍ ഉള്ള നൂറ്റമ്പത്തില്‍ അധികം ജീവനക്കാരും, മറ്റും തല്‍ക്ഷണം കൊല്ലപ്പെട്ടു.

യുനൈറ്റഡ് എയര്‍ ലൈന്‍ – United 93 : സിയാദ് ജാറ ഗ്രൂപ്പ് ബോര്‍ഡ് ചെയ്ത ബോയിംഗ് 757 വിമാനം. 37 യാത്രക്കാര്‍. 7 ജീവനക്കാര്‍. ചാവേറുകൾ : അഹമ്മദ്‌ അൽ ഹസ്നവി (സൗദി അറേബ്യ), അഹമ്മദ്‌ അൽ നാമി (സൗദി അറേബ്യ), സിയാദ്‌ ജാറ (ലെബനൻ), സയീദ്‌ അൽ ഖാംദി (സൗദി അറേബ്യ). വിചാരിച്ചതിലും നാല്‍പത്തഞ്ചു മിനിറ്റ് വൈകിയാണ് വിമാനം പുറപ്പെട്ടത്. വിമാനം പുറപ്പെട്ടു നാല്പത്തി അഞ്ച് മിനിട്ട് കഴിഞ്ഞാണ് റാഞ്ചല്‍ ആരംഭിക്കുന്നത്. എന്ത് കൊണ്ടാണ് ഇവര്‍ റാഞ്ചല്‍ ഇത്ര വൈകിച്ചത് എന്ന് എഫ് ബി ഐ പിന്നീട് അത്ഭുതപ്പെട്ടു. മൂന്നു റാഞ്ചല്‍ ഗ്രൂപ്പിലും അഞ്ചു പേര്‍ വീതം ഉണ്ടായിരുന്നു എങ്കില്‍ ഇവിടെ നാല് പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 9:28 ഇനാണ് റാഞ്ചല്‍ ആരംഭിക്കുന്നത്. ഈ സമയം ആദ്യ രണ്ടു വിമാനങ്ങളും ലോക വ്യാപാര കേന്ദ്രത്തില്‍ ഇടിച്ചു കഴിഞ്ഞിരുന്നു. മൂന്നാമത്തെ വിമാനം പെണ്ടഗന്‍ ലക്‌ഷ്യം വച്ച് നീങ്ങുന്നു എന്നും വാര്‍ത്തകള്‍ നിറയുകയായിരുന്നു. ഒന്‍പതു മിനിട്ടിനകം മൂന്നാമത്തെ വിമാനം പെണ്ടഗനില്‍ ഇടിച്ചു പൊട്ടിത്തെറിക്കുമ്പോള്‍ American 77 ഇലെ റാഞ്ചികള്‍ വിമാനത്തിന്‍റെ മുന്‍ഭാഗത്ത് ഒരുമിച്ചു കൂടി തലയില്‍ കടും ഓറഞ്ചു നിറമുള്ള ബാണ്ടുകള്‍ കെട്ടുകയായിരുന്നു. ബാന്‍ഡ് കെട്ടിയ ഉടനെ “അല്ലാഹു അക്ബര്‍…., അല്ലാഹു അക്ബര്‍” വിളിച്ചു പറഞ്ഞു കൊണ്ട് ഇവര്‍ യാത്രക്കാരുടെ നേരെ പാഞ്ഞടുത്തു. പേപ്പര്‍ സ്പ്രേ, മൈസ് സ്പ്രേ എന്നിവയും ഇവരുടെ കയ്യില്‍ ഉണ്ടായിരുന്നു.

അതിനിടെ സിയാദ് ജാറയും, മറ്റൊരാളും കോക്ക്പിറ്റില്‍ കയറുകയും, പൈലറ്റിനെ കീഴടക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇവിടെ പൈലറ്റ്‌ കടുത്ത രീതിയില്‍ ചെറുത്തു നില്‍ക്കുന്നതിന്‍റെ ശബ്ദ രേഖകള്‍ കൊക്ക്പിറ്റ് വോയിസ് റിക്കോര്‍ഡറില്‍ പതിഞ്ഞിട്ടുണ്ട്. ക്യാപ്റ്റന്‍ ജേസന്‍ ധഹി ”മേ ഡേ, മേ ഡേ”, “ഗെറ്റ് ഔട്ട്‌” എന്ന് പൈലറ്റ്‌ വിളിച്ചു പറയുന്നതും കേള്‍ക്കാം. ( ഒരു രക്ഷയും ഇല്ലാത്ത വിധം വിമാനം തകരുകയാണ് എങ്കില്‍ നല്‍കുന്ന സന്ദശം ആണ് മേ ഡേ). കോക്പിറ്റില്‍ നിന്നും പുറത്തു പോകാന്‍ ആവശ്യപ്പെട്ട ക്യാപ്റ്റനെ പിന്നീട് മര്‍ദിച്ചു അവശനാക്കുന്നതും, അദ്ദേഹം കരയുന്നതും കേള്‍ക്കാം. വിമാന നിയന്ത്രണം ഏറ്റെടുത്ത സിയാദ് ജാറ പബ്ലിക് അന്നൌസ് ചെയ്തു. “ക്യാപ്റ്റന്‍ സംസാരിക്കുന്നു. ആരും അനങ്ങരുത്. എല്ലാവരും സീറ്റില്‍ ഇരിക്കുക. ഞങ്ങളുടെ കയ്യില്‍ ബോംബ്‌ ഉണ്ട്…”

ഇവിടെയും തെറ്റായ ചാനല്‍ ആണ് തിരഞ്ഞെടുത്തത് എന്നതിനാല്‍ സന്ദേശം വിമാനത്തിനുള്ളില്‍ കേള്‍ക്കുന്നതിനു പകരം ATC ആണ് കേട്ടത്. വിമാന ജീവനക്കാരി ഡെബ്ബി വെയ്ല്ഷ് കരയുന്നതും, പിന്നീട നിശബ്ധമാകുന്നതും ATC കേട്ടു. തങ്ങള്‍ അത് തീര്‍ത്തു എന്ന് റാഞ്ചികള്‍ അറബിയില്‍ പറഞ്ഞത് ഡെബ്ബിയെ കൊന്നതിനെ കുറിച്ചാവാം. സിയാദ് ജാറ വിമാനത്തിന്‍റെ ഓട്ടോ പൈലറ്റിംഗ് സംവിധാനം പ്രവര്‍ത്തിപ്പിച്ചു. വിമാനം 42000 അടി ഉയരത്തില്‍ പറന്നു തുടങ്ങി. ATC അത് വഴി പറന്നിരുന്ന എല്ലാ വിമാനങ്ങളുടെയും ഗതി മാറ്റി വിട്ടു, വിമാനത്തിലെ സാറ്റലൈറ്റ് ഫോണുകള്‍ പ്രവര്ത്തന നിരതമായി. ജീവനക്കാരും, യാത്രക്കാരും തങ്ങളുടെ വേണ്ടപ്പെട്ടവരെ വിളിച്ചു വിവരങ്ങള്‍ നല്‍കാന്‍ തുടങ്ങി. ടോം ബുര്‍നെറ്റ് തന്‍റെ ഭാര്യയെ വിളിച്ചപ്പോഴാണ് നേരത്തെ നടന്ന മൂന്നു വിമാന റാഞ്ചലിനെ കുറിച്ച് ഭാര്യ പറഞ്ഞത്. ഇതോടെ ഈ വിമാനത്തിനും ആത്മഹത്യാ ആക്രമണം ആണ് എന്ന് ബുര്‍നെറ്റ് തിരിച്ചറിഞ്ഞു. സഹ യാത്രികനും ഗേ ആക്ടിവിസ്റ്റും ആയ മാര്‍ക്ക് ബിന്ഗാം , റോഡ് ബീമര്‍, ജെറമി ഗ്ലിക്ക്‌, എന്നിവര്‍ ചേര്‍ന്നു കൊക്ക്പിറ്റ് ആക്രമിച്ചു വിമാനം തിരിച്ചു പിടിക്കാന്‍ തീരുമാനിച്ചു. നിക്കില്‍, ഗ്രോണ്‍ലുണ്ട്, സാന്ദ്ര, എലിസബത്ത്‌, കാഷ്മാന്‍ എന്നീ യാത്രക്കാരും, സാന്ദ്ര, റോസ് എന്നീ വിമാന ജീവനക്കാരികളും ഒരു ടീം ഉണ്ടാക്കി. കൈ വിരല്‍ ഉയര്‍ത്തി വോട്ടു ചെയ്തു. മാര്‍ക്ക് ബിന്ഗാം ഒരു അത്ലറ്റിക് ശരീരഘടന ഉള്ള ആള്‍ ആയതിനാല്‍ അദ്ദേഹം നയിച്ചു. കോക്പിറ്റ് അടച്ചിരുന്നു. ഇവര്‍ വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിച്ചു. കൊക്ക്പിറ്റില്‍ കടന്നാല്‍ എല്ലാവരും മരിക്കും എന്ന് റാഞ്ചികള്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇതേ സമയം വിമാനം വൈറ്റ്‌ഹൌസില്‍ നിന്നും ഇരുപത് മിനിറ്റ് മാത്രം അകലെയായിരുന്നു.

അഥവാ വിമാനം വരികയാണ് എങ്കില്‍ വെടിവച്ചിടാന്‍ ബുഷ്‌ ഉത്തരവ് നല്‍കുകയും ചെയ്തിരുന്നു. പ്രസിടണ്ട് ബുഷ്‌, വൈസ് പ്രസിടന്ദ്, സ്റ്റേറ്റ് സെക്രടറി എന്നിങ്ങനെയുള്ള എല്ലാ പ്രമുഖരും വൈറ്റ്‌ഹൌസ്‌ അങ്കണത്തില്‍ ഉള്ള അണ്ടര്‍ ഗ്രൌണ്ട് ബങ്കറില്‍ ആയിരുന്നു ആ സമയം . യാത്രക്കാരുടെ ആക്രമണം നേരിടാനായി സിയാദ് ജാറ വിമാനം വെട്ടിച്ചും, മുകളിലേക്കും താഴേക്കും പറത്തിയും പ്രതികരിചു. വിമാനത്തില്‍ ബാലന്‍സ് ലഭിക്കാതെ യാത്രക്കാര്‍ പിന്‍ വാങ്ങണം എന്നായിരുന്നു ഇവരുടെ ലക്‌ഷ്യം. ഇതിനിടെ യാത്രക്കാര്‍ പിടികൂടും എന്ന് ഉറപ്പായപ്പോള്‍ ജാറ വിമാനം നേരെ കുത്തനെ പറപ്പിച്ചു പെന്‍സില്‍വാനിയയിലെ ഒരു ഒഴിഞ്ഞ സ്ഥലത്ത് ഇടിച്ചിറങ്ങി, മുഴുവന്‍ യാത്രക്കാരും മരിച്ചു. ഒരു പക്ഷെ യാത്രക്കാര്‍ തങ്ങളുടെ ജീവന്‍ പണയം വച്ച് രക്ഷിച്ചത് വൈറ്റ് ഹൌസ്, കാപിറ്റോള്‍ ഹില്‍ സമുച്ചയങ്ങളെ ആയിരുന്നു.

റാഞ്ചപ്പെട്ട വിമാനങ്ങളിലെ യാത്രക്കാരും വൈമാനികരും എല്ലാം തകരുന്നതിനു മുൻപ്‌ ഫോൺ വിളികൾ നടത്തിയിരുന്നു. ആക്രമണത്തെപ്പറ്റിയുള്ള അന്വേഷണത്തിന്‌ ഈ ഫോൺ സന്ദേശങ്ങൾ ഏറെ സഹായകമായി. യാത്രക്കാരുടെ സന്ദേശപ്രകാരം എല്ലാ വിമാനങ്ങളിലും മൂന്നിലേറെ ഭീകരർ ഉണ്ടായിരുന്നു. ഇവരിൽ 19 പേരെ പിന്നീടു തിരിച്ചറിഞ്ഞു. യു.എ. 93ൽ നാലും ബാക്കി മൂന്നു വിമാനങ്ങളിൽ അഞ്ചുവീതവും റാഞ്ചികളുണ്ടായിരുന്നു. തീരെച്ചെറിയ കത്തികളും കണ്ണീർ വാതകം, കുരുമുളകു പൊടിയുമുപയോഗിച്ചാണ്‌ ഭീകരന്മാർ നാടകീയമായ റാഞ്ചൽ നടത്തിയതെന്നാണ്‌ യാത്രക്കാരുടെ സന്ദേശത്തിൽനിന്നും മനസ്സിലാകുന്നത്‌. സാധാരണ റാഞ്ചൽ നാടകങ്ങളിൽനിന്നും വ്യത്യസ്തമായി വിമാനങ്ങളുടെ നിയന്ത്രണം പൂർണ്ണമായും റാഞ്ചികൾ കൈക്കലാക്കിയിരുന്നു.

റാഞ്ചപ്പെട്ട വിമാനങ്ങളിൽ നാലാമത്തേതിൽ(യു.എ. 93)മാത്രമാണ്‌ യാത്രക്കാർ സാഹസികമായ ചെറുത്തുനിൽപ്പു നടത്തിയത്‌. ഈ വിമാനമുപയോഗിച്ച്‌ അമേരിക്കൻ ഭരണസിരകേന്ദ്രമായ വൈറ്റ്‌ ഹൌസ്‌ ആക്രമിക്കുകയായിരുന്നത്രേ ഭീകരരുടെ ലക്ഷ്യം. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് സന്ദേശങ്ങൾ പ്രകാരം ടോഡ്‌ ബീമർ, ജെറിമി ഗ്ലിക്ക്‌ എന്നീ യാത്രക്കാരുടെ നേതൃത്വത്തിൽ വിമാനത്തിന്റെ നിയന്ത്രണം തിരികെപ്പിടിക്കാൻ ശ്രമം നടത്തിയിരുന്നു. പക്ഷേ ഈ അതിസാഹസികമായ ശ്രമങ്ങൾക്കിടയിലാണ്‌ നാലാമത്തെ വിമാനം പെൻസിൽവാനിയയിൽ തകർന്നു വീണത്‌.

ചാവേർ ആക്രമണം വിതച്ച നാശനഷ്ടക്കണക്കുകളെപ്പറ്റി ഇന്നും അവ്യക്തതയുണ്ട്‌. ഏതായാലും ആകെ 2985 പേർ -വിമാന യാത്രക്കാർ 265 ലോകവ്യാപാരകേന്ദ്രത്തിലെ 2595 പേർ (ഇതിൽ 343 പേർ അഗ്നിശമന സേനാംഗങ്ങളാണ്‌), പെൻറഗണിലെ 125 പേർ- കൊല്ലപ്പെട്ടുവെന്നാണ്‌ ഔദ്യോഗിക കണക്ക്‌. 110 നിലകളുള്ള ഇരട്ട സമുച്ചയങ്ങൾക്കു പുറമേ, ലോക വ്യാപാര കേന്ദ്രത്തിലെ അഞ്ചു കെട്ടിടങ്ങൾക്കുകൂടി കേടുപാടുകൾ പറ്റിയിരുന്നു. ഇതുകൂടാതെ, മാൻഹട്ടൻ ദ്വീപിലെ ഇരുപത്തഞ്ചോളം കെട്ടിടങ്ങൾക്കും നാല്‌ ഭൂഗർഭ സ്റ്റേഷനുകൾക്കും കനത്ത നാശനഷ്ടമുണ്ടായി. വാർത്താവിനിമയ സംവിധാനങ്ങൾ അപ്പാടെ തകർന്നു. പെൻറഗൺ ആസ്ഥാന മന്ദിരത്തിൻറെ ഒരു ഭാഗം പൂർണ്ണമായി തകർന്നു. ലോകവ്യാപാര കേന്ദ്ര സമുച്ചയത്തിലുണ്ടായ മരണങ്ങൾ ദയനീയമായിരുന്നു.

ആക്രമണമുണ്ടായ ഉടൻ ഒട്ടേറെപ്പേർ പ്രാണരക്ഷാർഥം ഏറ്റവും മുകളിലത്തെ നിലയിലേക്ക്‌ ഓടിക്കയറി. തങ്ങളെ രക്ഷിക്കാൻ ഹെലികോപ്റ്ററുകൾ വരുമെന്ന പ്രതീക്ഷയിലായിരുന്നിരിക്കണം ഇത്‌. എന്നാൽ മിക്കവരും മുകളിലത്തെ നിലയിൽ കുടുങ്ങി. ഒടുവിൽ അവസാന ശ്രമമെന്ന നിലയിൽ താഴേക്കു ചാടി. ഇരുന്നൂറോളം പേർ ഇങ്ങനെ താഴേക്കു ചാടി മരിച്ചു. അസോയിയേറ്റഡ്‌ പ്രസ്‌ റിപ്പോർട്ടു പ്രകാരം ലോകവ്യാപാര കേന്ദ്രത്തിൽ നിന്നും കണ്ടെടുത്ത 1600 ജഡാവശിഷ്ടങ്ങളേ തിരിച്ചറിയാനായുള്ളു. 1100ഓളം പേരുടെ ജഡാവശിഷ്ടങ്ങൾ കണ്ടെത്താനായിട്ടില്ല. മരിച്ചവരുടെ പട്ടികയിലുള്ള ആരോടും ബന്ധമില്ലാത്ത പതിനായിരത്തിലേറെ ജഡാവശിഷ്ടങ്ങൾ ബാക്കിയായതായും എ.പി. റിപ്പോർട്ടിൽ പറയുന്നു.

ചരിത്രത്തിൽ ഈ ഭീകരാക്രമണം 9/11 എന്നായിരിക്കും അറിയപ്പെടുക. തീയതി രേഖപ്പെടുത്താൻ അമേരിക്കയിൽ നിലവിലുളള ശൈലി പ്രകാരം ഇതു സൂചിപ്പിക്കുന്നത്‌ സെപ്റ്റംബർ(9), 11 എന്നാണ്‌. പക്ഷേ അൽഖയ്ദ ആക്രമണത്തിനായി ഈ തീയതി തിരഞ്ഞെടുത്തത്‌ വേറെ ചില ഉദ്ദേശ്യങ്ങളോടെയാണെന്നു കരുതപ്പെടുന്നു. 9-1-1 എന്നത്‌ അമേരിക്കക്കാർക്ക്‌ ഹൃദ്യസ്ഥമായ അക്കങ്ങളാണ്‌. ഏതു വലിയ ആപത്തുണ്ടായാലും ടെലിഫോണെടുത്ത്‌ 9-1-1 വിളിച്ചാൽ മതി എന്ന വിശ്വാസമാണ്‌ അമേരിക്കൻ ജനതയ്ക്ക്‌. മറ്റൊരു തരത്തിൽ, ഈ വിളിയിൽ തീരുന്ന പ്രശ്നങ്ങളേ അവർ കണ്ടിട്ടുള്ളു. ലോക പോലീസായി മറ്റു രാജ്യങ്ങളുടെ കാര്യത്തിൽ ഇടപെടുകയും ചിലപ്പോൾ ആക്രമിക്കുകയും ചെയ്യുന്ന അമേരിക്കയുടെ സ്വന്തം മണ്ണിൽ അത്ര ഭീകരമായ യുദ്ധങ്ങളോ കെടുതികളോ അന്യമായിരുന്നു. എന്തു വന്നാലും തങ്ങൾ സുരക്ഷിതരാണ്‌ എന്ന അമേരിക്കൻ അമിതവിശ്വാസത്തിന്‌ പ്രഹരമേൽപ്പിക്കുകയായിരുന്നു ഭീകരരുടെ ഉദ്ദേശ്യമെന്നുവേണം കരുതാൻ.ലോക വ്യാപാര കേന്ദ്രത്തിന്റെ സമുച്ചയങ്ങളിൽ കുടുങ്ങിയ എത്രയോ പേർ 9-1-1 എന്ന അക്കം അമർത്തിയിട്ടുണ്ടാവാം. പക്ഷേ ഈ മാന്ത്രിക അക്കങ്ങൾക്കപ്പുറമായിരുന്നു ചാവേർ അക്രമകാരികൾ വിതച്ച നാശം. ആക്രമണത്തിനായി 9/11 തിരഞ്ഞെടുത്തതിനു പിന്നിൽ മറ്റൊരു കാരണവും ഉണ്ടാകാനിടയില്ല.

ചാവേർ ആക്രമണം കഴിഞ്ഞയുടനെ ഇതിനു പിന്നിൽ അൽഖയ്ദ ആയിരിക്കാമെന്നു സംശയം പ്രകടിപ്പിച്ചിരുന്നു. ചാവേർ ആക്രമണത്തെ പ്രകീർത്തിച്ചെങ്കിലും ഒസാമ ബിൻലാദൻ തുടക്കത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നില്ല. സെപ്റ്റംബർ 16ന്‌ ഖത്തറിലെ അൽജസീറ ചാനൽ വഴി പുറത്തുവിട്ട സന്ദേശത്തിൽ ലാദൻ ചാവേർ ആക്രമണത്തിൽ തൻറെ പങ്ക്‌ ആവർത്തിച്ചു നിഷേധിച്ചു. ലാദന്‌ രാഷ്ട്രീയ അഭയം നൽകിയിരുന്ന അഫ്ഗാനിസ്ഥാനിലെ താലിബാൻഭരണകൂടവും ഭീകരാക്രണത്തിൽ അയാൾക്കുള്ള പങ്ക്‌ തള്ളിക്കളഞ്ഞു.

സംഭവം കഴിഞ്ഞയുടനെ പലസ്തീൻ തീവ്രവാദ സംഘടനയായ ഡെമോക്രാറ്റിക്‌ ഫ്രണ്ട്‌ ഫോർ ദ്‌ ലിബറേഷൻ ഓഫ്‌ പലസ്തീൻ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നുവെങ്കിലും ഉടൻതന്നെ സംഘടനയുടെ മുതിർന്ന നേതാവ്‌ ഇതു തിരുത്തിപ്പറഞ്ഞു. പലസ്തീൻ നേതാവ്‌ യാസർ അരാഫത്ത്‌ ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു. അമേരിക്കയുമായി ശത്രുത പുലർത്തുന്ന രാജ്യങ്ങളിൽ ഇറാഖിലെ സദ്ദാം ഹുസൈൻ ഒഴികെ മറ്റെല്ലാവരും ചാവേർ ആക്രമണത്തെ അപലപിച്ചു. ലിബിയയിലെ ഗദ്ദാഫി, ഇറാനിലെ മുഹമ്മദ്‌ ഖത്താമി, ക്യൂബയിലെ ഫിദൽ കാസ്ട്രോ എന്നിവർ ഇതിൽപ്പെടുന്നു. ലോക ജനതയ്ക്കു നേരെ അമേരിക്ക നടത്തുന്ന അതിക്രമങ്ങളുടെ ഫലമെന്നാണ്‌ സദ്ദാം ഹുസൈൻ ഭീകരാക്രമണത്തെ വിശേഷിപ്പിച്ചത്‌. ഏതായാലും ഭീകരാക്രമണത്തിനു പിന്നിൽ അൽഖയ്ദ തന്നെയാണെന്നായിരുന്നു അമേരിക്കയുടെ വിശ്വാസം. ഇതിനെ പിന്തുണയ്ക്കുന്ന പല രേഖകളും കണ്ടെത്തിയതായി അവർ അവകാശപ്പെടുകയും ചെയ്തു.

9/11 കമ്മീഷൻറെ റിപ്പോർട്ട്‌ പ്രകാരം ചാവേർ ആക്രമണം നടത്താനുള്ള ഉദ്ദേശ്യത്തോടെ 26 പേരാണ്‌ അമേരിക്കയിൽ പ്രവേശിച്ചത്‌. ഇതിൽ അവശേഷിച്ച 19 പേർ ചേർന്നാണ്‌ ചാവേർ ആക്രമണം നടത്തിയത്‌. ചാവേർ ആക്രമണം കഴിഞ്ഞ്‌ അധികമാകും മുൻപ്‌ എഫ്‌.ബി.ഐ. ഇവരെ തിരിച്ചറിഞ്ഞതായി അവകാശപ്പെട്ടു. എന്നാൽ എഫ്‌.ബി.ഐയുടെ പട്ടികയിലെ എട്ടു പേരുകളെപ്പറ്റി ഇപ്പോഴും സംശയമുണ്ട്‌. ഇതിൽ പലരും ഇപ്പോഴും ജീവിച്ചിരിക്കുന്നവരാണെന്ന് ചില കേന്ദ്രങ്ങൾ വാദിക്കുന്നു.

ചാവേറാക്രമണത്തിൻറെ പ്രത്യാഘാതങ്ങൾ രാജ്യാന്തര തലത്തിലേക്കു കത്തിപ്പടരാൻ അധിക നാൾ വേണ്ടിവന്നില്ല. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന അൽഖയ്ദ ഭീകരരെ വേട്ടയാടാൻ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ ആക്രമിച്ചതായിരുന്നു ഇതിൽ പ്രധാനം. ചാവേർ ആക്രമണം കഴിഞ്ഞ്‌ ഒരു മാസമായപ്പോഴായിരുന്നു ഇത്‌. ഒട്ടേറെ ഇസ്ലാമിക രാജ്യങ്ങൾ ഇതിൽ അമേരിക്കയോടൊപ്പം ചേർന്നു. സ്വന്തം രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെയും ഇഷ്ടത്തിനെതിരായിട്ടും പാകിസ്താൻ പ്രസിഡണ്ട് പർവേഷ്‌ മുഷാറഫ്‌ അമേരിക്കയ്ക്ക്‌ പിന്തുണ നൽകി. തങ്ങളുടെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾ അഫ്ഗാനിസ്ഥാനെ ആക്രമിക്കാനായി വിട്ടുനൽകിയ പാകിസ്താൻ ഒരുമുഴം നീട്ടിയെറിയുകയായിരുന്നു. ഈ ഉപകാരത്തിനു പ്രതിഫലമായി പാകിസ്താന്‌ ഒട്ടേറെ സഹായങ്ങൾ ലഭിച്ചു. 9/11നു ശേഷം ഒട്ടേറെ രാജ്യങ്ങൾ നയങ്ങളിൽ വൻ അഴിച്ചുപണി നടത്തി. ഭീകരരുടെ സാമ്പത്തിക സ്രോതസ്സുകൾക്ക്‌ മിക്ക രാജ്യങ്ങളും കടിഞ്ഞാണിട്ടു. ഭീകരതയെ സഹായിക്കുന്നു എന്നു സംശയമുള്ളവരുടെ നിക്ഷേപങ്ങൾ മരവിപ്പിക്കപ്പെട്ടു. എല്ലാ രാജ്യങ്ങളും വിമാനത്താവളങ്ങളിലെ സുരക്ഷാപരിശോധന ശക്തമാക്കി. ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ശക്തിപ്പെടുത്താനും 9/11 കാരണമായി. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം അമേരിക്കയെ പിടിച്ചുലച്ചെങ്കിലും അവര്‍ തിരിച്ചുവന്നു. ഭീകര വിരുദ്ധ യുദ്ധത്തിന്റെ പേരില്‍ അവര്‍ അഫ്ഗാനിസ്ഥാനിലും ഇറാഖിലും കയറിയിറങ്ങി. എണ്ണപ്പാടങ്ങള്‍ കയ്യടക്കി. ഒടുവില്‍ ഒസാമയെ വധിക്കുകയും ചെയ്തു.

വിവരങ്ങൾക്ക് കടപ്പാട് –  വിക്കിപീഡിയ, അരുൺ സുന്ദർ (leontrtsky.blogspot.com), നാസർ കുന്നുംപുറത്ത്, ചരിത്രാന്വേഷികൾ ഗ്രൂപ്പ്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply