ദുബായിലെ ഡാന്‍സ് ബാറുകള്‍ – ആരുമറിയാത്ത ചില ജീവിതങ്ങൾ…

ലേഖകൻ – ബെന്യാമിന്‍ ബിന്‍ ആമിന.

സുഹൃത്തുക്കളായ പ്രവാസികളുടെ വീര കഥകള്‍ കൊണ്ട് കുട്ടിക്കാലം മുതല്‍ കേട്ട് വന്നിരുന്ന ഒരു മരീചികയായിരുന്നു ഡാന്‍സ് ബാറുകള്‍. അതിലെ മദ്യം വിളമ്ബുന്ന അന്തരീക്ഷവും അവിടെ ജോലി ചെയ്യുന്ന സുന്ദരികളായ യുവതികളുടെ നൃത്ത ചുവടുകളും അന്ന് തൊട്ടേ മനസ്സില്‍ ഇടം പിടിച്ചിരുന്നൂ. കോളേജ് കഴിഞ്ഞ് പഠിക്കാന്‍ പോയ ബാംഗ്ലൂരില്‍ നിരവധി ഡാന്‍സ് പബ്ബുകളില്‍ പോയിരുന്നൂവെങ്കിലും അത്‌ വരെയുള്ള കേട്ട് കേള്‍വിയില്‍ നിന്ന് വ്യത്യസ്തമായി അവിടെയൊക്കെ ഡാന്‍സ് കാണണമെങ്കില്‍ നമ്മള്‍ തന്നെ ഡാന്‍സ് ചെയ്യണമായിരുന്നു. ഇതൊരു മരീചികയായി മാത്രം അവസാനിക്കുമോ എന്ന് കരുതിയിരിക്കുമ്ബോഴാണ് കഴിഞ്ഞ കൊല്ലം അവസാനം ജോലി അന്വേഷിച്ച്‌ ദുബായില്‍ എത്തപ്പെടുന്നതും അവിടെയുള്ള ഒരു സുഹൃത്ത് ഒരു ഡാന്‍സ് ബാറില്‍ കൊണ്ട് പോകുന്നതും.

നിലാവെളിച്ചം പോലെ മങ്ങിയ പ്രകാശം. നിരത്തിയിട്ടിരിക്കുന്ന സ്റ്റാളുകളില്‍ വിവിധ തരം മദ്യങ്ങള്‍. മദ്യപാനത്തിന് ഉന്മേഷമേകാന്‍ തമിഴ്, മലയാളം, തെലുങ്ക് സിനിമകളിലെ ഡപ്പാംകൂത്ത് പാട്ടുകള്‍. ഇതൊക്കെ ആയിരുന്നു എന്നെ അവിടെ കാത്തിരുന്നത്. ഇത് കൂടാതെ ഞാന്‍ പ്രതീക്ഷിച്ചിരുന്ന ഒരു കാര്യം കൂടെ അവിടെ ഉണ്ടായിരുന്നു. ആരേയും മയക്കുന്ന വശ്യ മനോഹരമായ നയനങ്ങളുമായി സംഗീതത്തിനൊത്ത് നൃത്ത ചുവടുകള്‍ തീര്‍ക്കുന്ന ഒരുപറ്റം സുന്ദരിമാരും, തരുണിമണികളുമായ യുവതികള്‍. അവരോട് കൊഞ്ചി കുഴയുന്ന നിരവധി മലയാളികളടക്കമുള്ള ഇന്ത്യക്കാരായ യുവാക്കള്‍. അവരുടെ നൃത്തത്തിനനുസരിച്ചു അവര്‍ക്കായി “ടോക്കണ്‍” എന്ന ഓമനപ്പേരില്‍ മാലയും, കിരീടവും, വളയും ഒക്കെ ഇടുന്ന കസ്റ്റമേഴ്സ് (മിക്കവാറും ബാച്ചിലേഴ്‌സ് ).

ആ സമയം ഡാന്‍സ് ബാറുകളേയും അതിന് പിന്നില്‍ ഉള്ളവരേയും കുറിച്ച്‌ മനസ്സില്‍ തെളിഞ്ഞ ഒരു രൂപം ഉണ്ടായിരുന്നു. സുഖലോലുപതയുടേയും, അത്യാഡംബരത്തിന്റേയും ഒരു ലോകമായിരുന്നൂ അത്. എന്നാല്‍ അത് തെറ്റാണെന്ന് വൈകാതെ തന്നെ മനസ്സിലായി. ഈ ലോകം ഒരു ചതുപ്പാണ്. വീണവരില്‍ പലര്‍ക്കും ഒരിക്കലും തിരിച്ച്‌ കയറാന്‍ പറ്റിയിട്ടില്ലാത്തൊരു ചതുപ്പ്. അനുമതി ഇല്ലാതെയുള്ള മനുഷ്യ റിക്രൂട്ടിംഗ് മാഫിയ മുതല്‍ ആളെ മയക്കുന്ന മതംമാറ്റല്‍ മാഫിയ വരെ രംഗം കീഴടക്കുന്ന വല്ലാത്തൊരു ചതുപ്പ്. ആ ചതുപ്പുകളില്‍ ഉതിര്‍ന്ന് വീണ കണ്ണീരിന് ചതിയുടേയും, കഷ്ട്ടപ്പാടിന്റേയും, ചൂഷണത്തിന്റേയും ഒരുപാട് കഥകള്‍ നമ്മളോട് പറയാനുണ്ട്.അതിനെ കുറിച്ചാണ് ഇനി പറയാനുള്ളത്.

റിക്രൂട്ട്മെന്റ് പ്രോസസ്സ് : ചുണ്ടില്‍ ഒരു പുഞ്ചിരി നിറച്ച്‌ നമുക്ക് മുന്നില്‍ അണിഞ്ഞൊരുങ്ങി സുന്ദരിയായി നില്‍ക്കുന്ന ആ പെണ്‍കുട്ടികള്‍ക്ക് പിന്നില്‍ സിനിമയെ വെല്ലുന്ന ചില കഥകളുണ്ട്. സിനിമയോട് ബന്ധമുള്ള ജീവിതങ്ങള്‍. പെണ്‍കുട്ടികള്‍ എല്ലാവരും തികച്ചും ദരിദ്രാവസ്ഥയില്‍ ഉള്ള കുടുംബ ചുറ്റുപാടില്‍ നിന്നായിരിക്കും. പലര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം പോലും ഉണ്ടാകില്ല. എഴുതാന്‍ പോലും അറിയാത്ത ആളുകളും നിരവധി ആണ്.

ദുബായ് അടക്കമുള്ള ഡാന്‍സ് ബാറുകളില്‍ ഡാന്‍സേഴ്സ് ആയിട്ടുള്ളവരില്‍ ഏകദേശം 90 ശതമാനവും സിനിമയില്‍ ആരെല്ലാമോ ആകണം എന്ന് മോഹിച്ച്‌ ഇന്ത്യയിലെ പഴയ സിനിമ നഗരങ്ങളായ ഹൈദ്രാബാദ്, കോടമ്ബക്കം, വടപളനി നഗരങ്ങളില്‍ പണ്ട് കുടിയേറിയവരുടെ പിന്‍ തലമുറകളാണ്. മുന്നെ പോയവരുടെ സ്വപ്നങ്ങളെ വിധി തല്ലി തകര്‍ത്തപ്പോള്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഈ തൊഴിലിലേക്ക് എടുത്തെറിയപ്പെട്ടവരാണ് അവര്‍. ആധുനിക വിദ്യഭ്യാസമില്ലാത്ത, കൂടെയുള്ള സമൂഹത്തിനോട് ഇടപഴകി ശീലമില്ലാത്ത എന്നാല്‍ നന്നായി ഉടുത്ത് ഒരുങ്ങാനും, ഡാന്‍സ് കളിക്കാനും മാത്രം അറിയാവുന്ന ഒരു കൂട്ടം പാവങ്ങള്‍. ഇവരെ കൂടാതെ ആന്ധ്രയിലെ പഴയ ദേവദാസി ആളുകളുടെ പുതിയ തലമുറയും ഇതില്‍ സജീവമാണ് . അവരുടെ ഈ ദൗര്‍ബല്യവും, കഴിവും തന്നെയാണ് അവര്‍ ഈ ജോലിയിലേക്ക് എത്തപ്പെടാനുള്ള പ്രധാന കാരണവും. അവകാശങ്ങളെ കുറിച്ച്‌ അജ്ഞരായ ഇവരെ ചൂഷണം ചെയ്യുന്നത് എളുപ്പമാണ് എന്നത് തന്നെയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ലോബിക്കെല്ലാം ഇവരെ പ്രിയപ്പെട്ടവരാക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഡാന്‍സേഴ്സ് ആയി എത്തിപ്പെടുന്നവരെല്ലാം തന്നെ മൂന്ന് മാസത്തെ വിസിറ്റിംഗ് വിസയിലൂടെ വരുന്നവരായിരിക്കും. ഇവരുടെ സൗന്ദര്യത്തിനും, ഡാന്‍സ് കളിക്കാനുമുള്ള കഴിവിനും, ആളെ മയക്കുന്ന വശ്യതക്കും അടിസ്ഥാനപ്പെടുത്തിയാണ് ഇവരുടെ ശമ്ബളം നിര്‍ണ്ണയിക്കുന്നത്. ഒരു വിസാ കാലയളവില്‍ ഏകദേശം ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം രൂപ വരെ മാത്രമായിരിക്കും ഇവര്‍ക്ക് ശമ്ബളമായി ലഭിക്കുന്നത്. ജീവിത സാഹചര്യങ്ങള്‍ കാരണം അതിന് കുറവ് ശമ്ബളം വാങ്ങി ജോലി ചെയ്യുന്നവരും ഇവരില്‍ നിരവധിയുണ്ട്. പഴമകളുടെ പ്രൗഡി മാത്രം ബാക്കിയാക്കി ഇപ്പോള്‍ ദാരിദ്ര്യം കളിയാടുന്ന പഴയ സിനിമ നഗരങ്ങളില്‍ നിന്ന് വരുന്ന ഇവരെ സംബന്ധിച്ച്‌ അതൊരു വന്‍ തുക തന്നെയാണ്. അവരുടെ ഈ ദയനീയ അവസ്ഥയെ മുതലെടുത്താണ് അനധികൃത മനുഷ്യ റിക്രൂട്ടിംഗ് ലോബി ഇന്‍ഷൂറന്‍സും മറ്റ് ആനുകൂല്ല്യങ്ങളുമൊന്നും നല്‍കാതെ ഇവരെ നിരന്തരം ചൂഷണത്തിന് ഇരകളാക്കുന്നത്.

ജോലിയും, ആഡംബര വേശ്യാവൃത്തിയും : നല്ല ഭക്ഷണമോ, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളോ ഇവര്‍ക്കെന്നും സ്വപ്നം മാത്രം ആയിരിക്കുമെങ്കിലും ജോലിക്ക് കയറുന്ന ഓരോ ഡാന്‍സറിനും ഒരു ടാര്‍ഗറ്റ് ഉണ്ടായിരിക്കും. കസ്റ്റമേഴ്സിന്റെ കൈയ്യില്‍ നിന്ന് നിശ്ചിത എണ്ണം ടോക്കണുകള്‍ ഡാന്‍സ് ഇഷ്ട്ടമായി എന്ന നിലക്ക് സ്നേഹോപകാരമായി കൈപ്പറ്റണം എന്നതാണ് ആ ടാര്‍ഗറ്റ്. ഒരു ടോക്കണിന്റെ വില ഗള്‍ഫിലെ 100 ദിര്‍ഹത്തോളം വരും. നാട്ടിലെ 1800 രൂപ. അഞ്ഞൂറ് മുതല്‍ എണ്ണൂറ് വരെ ടോക്കണാവും ഇവരുടെ മിനിമം ടാര്‍ഗറ്റ്. മിനിമം ഏകദേശം 8 ലക്ഷം ഇന്ത്യന്‍ രൂപ. വെറും ഒരു ലക്ഷം രൂപ ശമ്ബളമായി കൈപ്പറ്റുന്നവരായ ഇവര്‍ ഈ ടാര്‍ഗറ്റ് നേടിയില്ലെങ്കില്‍ വാങ്ങിയ ശമ്ബളമോ, ശമ്ബളത്തിന്റെ പകുതിയോ തിരിച്ച്‌ നല്‍കേണ്ടി വരും. അല്ലെങ്കില്‍ ഒരു മൂന്ന് മാസം കൂടി വിസിറ്റിംഗ് വിസയില്‍ അവിടെ തന്നെ ജോലി ചെയ്യേണ്ടതായി വരും. ഏറെക്കുറെ അപ്രാപ്യമായ ഈ ടാര്‍ഗറ്റ് നേടി ജീവിതത്തെ കരപറ്റിക്കാനുള്ള ഇവരുടെ ഓട്ടപാച്ചിലുകളാണ് കണ്ണുകളില്‍ ആളെ മയക്കാനുള്ള വശ്യതയായി രൂപാന്തരപ്പെടുന്നത്.

ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ ഈ ജോലി എടുക്കേണ്ടി വരുന്ന ഇവര്‍ തങ്ങളുടെ ടാര്‍ഗറ്റ് നേടിയെടുക്കാനുള്ള ഓട്ടപ്പാച്ചിലിനിടയില്‍ നല്ല രീതിയില്‍ ചൂഷണത്തിന് വിധേയരാവുന്നുണ്ട്. തങ്ങളുടെ ജോലിയുടെ സ്വഭാവം കാരണം ഇവര്‍ക്ക് ടാര്‍ഗറ്റ് തികക്കാന്‍ ദിനംപ്രതി ബാറില്‍ വരുന്ന കസ്റ്റമേഴ്സിനെ പല രീതിയില്‍ വശീകരിക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടാക്കി തീര്‍ക്കുന്നുണ്ട്. കസ്റ്റമേഴ്സിന്റെ ഫോണ്‍ നമ്ബര്‍ വാങ്ങി വിളിച്ച്‌ ബന്ധം സ്ഥാപിക്കുന്ന ഇവര്‍ ഓരോ കസ്റ്റമറും സ്ഥിരം തങ്ങളുടെ ബാറില്‍ തന്നെ എത്തുമെന്ന് ഉറപ്പ് വരുത്തുകയും അവര്‍ കൊടുക്കുന്ന ടോക്കണുകള്‍ തങ്ങള്‍ തന്നെ കൈപ്പറ്റുമെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നു. ഇതിനായി ഇവര്‍ക്ക് പകരം നല്‍കേണ്ടത് പ്രണയം മുതല്‍ മറ്റു പലതുമാവാം. ചിലപ്പോഴൊക്കെ സ്വന്തം ശരീരവും എന്നതാണ് ഇതിലെ ദുഃഖകരമായ സത്യം.

ബിനാമി ഇടപാടുകളും മാഫിയ സംസ്ക്കാരവും : ഇവരെ ഈ തൊഴിലിലേക്ക് എത്തിക്കുന്ന “ഏജന്റുമാര്‍” മനുഷ്യ റിക്രൂട്ടിംഗ് മാഫിയ ഏജന്റ്സ് എന്നറിയപ്പെടുന്ന ചിലരാണ്. രാഷ്ട്രീയ ബന്ധമുള്ള, പഴയ സിനിമാ മേഖലകളുമായി ബന്ധമുള്ള സമൂഹത്തിലെ സ്വാധീന വ്യക്തികളായിരിക്കും ഓരോ ഏജന്റ്സും. ജോലിക്ക് വരുന്ന ഡാന്‍സേഴ്സില്‍ ഓരോരുത്തരുടേയും പാസ്പോര്‍ട്ട് കൈകാര്യം ചെയ്യുന്നത് അയാള്‍ ആയിരിക്കും. ഡാന്‍സേഴ്സ് എപ്പോള്‍ ഏത് ബാറില്‍ ജോലി ചെയ്യണമെന്ന് നിശ്ചയിക്കാനുള്ള അവകാശം മുതല്‍ ഇവരുടെ ദൈനന്തിന പ്രവൃത്തികളുടെ വരെ ചുമതല അയാളില്‍ തന്നെ ആയിരിക്കും. ആവര്‍ത്തന വിരസത ഒഴിവാക്കാന്‍ മിക്കവാറും സമയങ്ങളില്‍ ഒരു ഡാന്‍സര്‍, അവള്‍ ആദ്യം ജോലി ചെയ്ത സ്ഥലത്ത് മൂന്ന് മാസത്തിന് ശേഷം വരാറില്ല, വേറെ ഒരു പേരില്‍ വേറെ ഒരു സ്ഥലത്താവും അവളുടെ രണ്ടാം വരവ്.

ചൂഷണത്തിന്റേയും കണ്ണീരിന്റേയും നിയമ ലംഘനത്തിന്റേയും അടിത്തറയില്‍ കെട്ടിപ്പടുത്ത ഈ ഡാന്‍സ് ബാറുകളുടെ പിന്നാമ്ബുറം അന്വേഷിച്ച്‌ പോയാല്‍ പലപ്പോഴും അത് എത്തിച്ചേരുക കേരള, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലുങ്കാന, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കന്മാരില്‍ ആയിരിക്കും. ബിനാമി വഴി ഇവര്‍ നടത്തുന്നതാണ് ദുബായ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ ഡാന്‍സ് ബാറുകളിലെ സിംഹഭാഗവും. അധികാരത്തിന്റേയും, പണക്കൊഴുപ്പിന്റേയും കരുത്തില്‍ അതത് രാജ്യങ്ങളിലെ നിയമത്തെ പോലും ഉള്ളങ്കയ്യില്‍ ഒതുക്കുന്ന ഇവര്‍ക്ക് പല സമയത്തും പോലീസ് ഉള്‍പ്പെടെയുള്ളവര്‍ പരിപൂര്‍ണ്ണ പിന്തുണയാണ് നല്‍കി വരുന്നത്. വിസിറ്റിംഗ് വിസയില്‍ വന്ന് ജോലി ചെയ്യാന്‍ പാടില്ലെന്ന നിയമവും, ഇന്‍ഷൂറന്‍സ് വേണമെന്ന നിയമവും, മെച്ചപ്പെട്ട താമസ സൗകര്യങ്ങള്‍ നല്‍കുന്ന നിയമവുമെല്ലാം ഇവര്‍ക്ക് മുന്നില്‍ കൊട്ടി അടക്കപ്പെടുന്നത് അതത് രാജ്യങ്ങളിലെ നിയമങ്ങളില്‍ ബാറുകളുടെ ഉടമകള്‍ക്കുള്ള സ്വാധീനം മൂലമാണ്.

സ്വര്‍ണ്ണക്കടത്തിന്റെ സാധ്യതകള്‍ : ഈ ഡാന്‍സുകാരികളെ ഉപയോഗിച്ചുള്ള സ്വര്‍ണാഭരണ കടത്താണ് ഈ റാക്കറ്റിലെ മറ്റൊരു പ്രധാന ബിസിനസ്സ്. വിസിറ്റിംഗ് വിസയില്‍ ജോലി എടുക്കുന്ന ഇവര്‍ എല്ലാ മൂന്ന് മാസത്തിലും ഇന്ത്യയില്‍ വരുന്നു എന്നുള്ളത് തന്നെയാണ് സ്വര്‍ണ്ണ കള്ളക്കടത്ത് മാഫിയയ്ക്ക് ഇവരെ പ്രിയപ്പെട്ടവരാക്കുന്നത്. ദുബായില്‍ മാത്രം ഏകദേശം രണ്ടായിരത്തിനടുത്ത് ആളുകള്‍ ഈ തൊഴിലില്‍ ഉണ്ടെന്നാണ് കണക്ക്. അതിനാല്‍ തന്നെ ഓരോ ആഴ്ച്ചയും മിനിമം 100 പേരെങ്കിലും വിസ പുതുക്കാനായി നാട്ടിലേക്ക് വരുന്നുണ്ട്. ഇവരില്‍ ഓരോരുത്തരിലും 5 മുതല്‍ 8 വരെ പവന്‍ അനുവദനീയമായ സ്വര്‍ണ്ണം നാട്ടിലേക്ക് ഇറക്കപ്പെടുന്നുണ്ട്. അതായത് ആഴ്ച്ചയില്‍ അഞ്ഞൂറ് മുതല്‍ എണ്ണൂറ് വരെ പവന്‍.

വളര്‍ന്നു വരുന്ന മതം മാറ്റല്‍ മാഫിയ : അടുത്തതായി ചൂഷകരുടെ രക്ഷകരായി ഇതിലേക്ക് കടന്ന് വരുന്ന മത മാഫിയയാണ് രംഗം കീഴടക്കുന്നത്. ചൂഷണവും, മതവും തമ്മിലുള്ള അഭേദ്യ ബന്ധം മുതലാക്കി ഇതില്‍ ഉള്‍പ്പെടുന്ന സ്ത്രീകളെ രക്ഷിക്കാന്‍ എന്ന ഭാവത്തിലാണ് മതമാഫിയയുടെ കടന്ന് വരവ്. കുടുംബവും, സാമ്ബത്തിക സഹായവും നല്‍കിയാണ് മതം ഇവരെ വലയില്‍ വീഴ്ത്തുന്നത്. കല്ല്യാണം വഴി സ്വസ്ഥമായിട്ടുള്ള ഒരു ജീവിതം, മതം വെച്ച്‌ നീട്ടുമ്ബോള്‍ തങ്ങള്‍ അനുഭവിച്ച്‌ പോരുന്ന ജീവിത സാഹചര്യങ്ങളുടെ കടുപ്പം ഇവര്‍ക്ക് മുന്നില്‍ വേറെ വഴിയില്ലാതാക്കുന്നൂ. നല്ലൊരു ബന്ധം പ്രതീക്ഷിച്ച്‌ ഈ കുരുക്കില്‍ ചാടുന്ന ബഹുഭൂരിപക്ഷം ബന്ധങ്ങളും പുതുമോടിയോട് കൂടിത്തന്നെ അവസാനിക്കുകയാണ് ചെയ്യാറുള്ളത്. ശേഷം ഇവര്‍ തിരിച്ച്‌ പഴയ തൊഴിലിലേക്കോ, അല്ലെങ്കില്‍ അതിനേക്കാള്‍ മോശമായ വേശ്യാവൃത്തിയിലേക്കോ ആണ് വലിച്ചെറിയപ്പെടുന്നത്.

ഇനി പറയാനുള്ളത് പ്രവാസി മലയാളികളോടാണ്. ഇനി മുതല്‍ ആ കണ്ണുകളിലെ വശ്യത ചൂഷണം ചെയ്യുമ്ബോള്‍ ഒരു കാര്യം ഓര്‍ക്കുക. അത് നിങ്ങളുടെ കഴിവല്ല. അവരുടെ ദയനീയതയാണ്. ഹോമിക്കപ്പെടുന്ന ബാച്ചിലര്‍ ജീവിതങ്ങള്‍ : ചൂഷണം നടക്കുന്നത് ഒരു വശത്ത് മാത്രമല്ല ; പൊതുവെ ലൈംഗിക ദാരിദ്ര്യം , അല്ലെങ്കില്‍ പ്രണയ ദാരിദ്ര്യം അനുഭവിക്കുന്ന ഒരു ടിപ്പിക്കല്‍ ഇന്ത്യന്‍ ബാച്ചിലര്‍ പലപ്പോഴും ഈ സംഭവങ്ങള്‍ ഒക്കെ ഒരു ഇടക്കാല ആശ്വാസത്തിന് വേണ്ടി തുടങ്ങുകയും സാവധാനം ഇതിന്റെ ചതിക്കുഴികളില്‍ വീഴുകയും ചെയ്യും . പല മലയാളി ബാച്ചിലേഴ്‌സും ടോക്കണ്‍ കൊടുത്ത് മൂന്നു മാസത്തിനുള്ളില്‍ ലക്ഷക്കണക്കിന് രൂപയാണ് കൊണ്ട് കളയുക . ഒരു പെണ്‍കുട്ടി ഒരു കസ്റ്റമറെ ആകര്‍ഷിപ്പിച്ച്‌ ബാറിലേക്ക് വരുത്താന്‍ തുടങ്ങിയാല്‍ ; അവരെ കൊണ്ട് ടോക്കണ്‍ ഇടീപ്പിക്കാന്‍ പല സൂത്രങ്ങളും ഇവര്‍ പുറത്തെടുക്കും ; പ്രണയം , കഷ്ടപ്പാട് പറഞ്ഞു അനുകമ്ബ ഉണ്ടാക്കുക , വേറെ കസ്റ്റമേഴ്‌സിനെ കൊണ്ട് ടോക്കണ്‍ ഇടീപ്പിച്ചു അവന്റെ ഈഗോ വളര്‍ത്തുക അങ്ങനെ അങ്ങനെ അവസാനം ഒരു വിധം ക്രെഡിറ്റ് കാര്‍ഡുകള്‍ ഒക്കെ ലിമിറ്റ് കഴിയുമ്ബോഴാകും കസ്റ്റമേഴ്‌സിന് ബോധോദയം ഉണ്ടാകുക.

ഇതിലെ പലകാര്യങ്ങളും അറിയാവുന്നതാണെങ്കിലും വീണ്ടും വീണ്ടും ഇരകള്‍ ഉണ്ടായിക്കൊണ്ടിരിക്കും. ലൈംഗിക ദാരിദ്ര്യവും, ഒപ്പം ഒരു പ്രണയം പോലും പാപമായി കരുതുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ നിന്ന് തന്നെയാണ് – അതേ പ്രണയവും , രതിയും ചൂഷണം ചെയ്യാനായി ഉപയോഗപ്പെടുത്തുന്നത് എന്നുള്ളതാണ് ഇതിലെ രസകരമായ വസ്തുത.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply