നൂറു വയസ്സു തികഞ്ഞ KLM – ലോകത്തിലെ ഏറ്റവും പഴക്കമേറിയ എയർലൈൻ

നെതർലാണ്ടിൻ്റെ ഫ്ലാഗ് കാരിയർ എയർലൈൻ ആണ് KLM. KLM എൻ്റെ ചരിത്രം ഇങ്ങനെ – 1919 ൽ വൈമാനികനും, സൈനികമുമായിരുന്ന ആൽബർട്ട് പ്ലെസ്‌മാൻ ആംസ്റ്റർഡാമിൽ ഒരു ELTA എക്സിബിഷൻ നടത്തുകയുണ്ടായി. വലിയ വിജയമായിത്തീർന്ന ആ എക്സിബിഷനു ശേഷം ധാരാളം ഡച്ച് കമ്പനികൾ ഒരു എയർലൈൻ തുടങ്ങണമെന്ന മോഹവുമായി മുന്നോട്ടു വന്നു. അങ്ങനെ 1919 സെപ്റ്റംബർ മാസത്തിൽ നെതർലാൻഡ് രാജ്ഞിയായിരുന്ന ക്വീൻ വിലേമിന അതുവരെ സ്ഥാപിക്കപ്പെട്ടിരുന്നില്ലാത്ത, ആ എയർലൈൻ പദ്ധതിയ്ക്ക് രാജകീയ അംഗീകാരം നൽകി.

ഇതോടെ 1919 ഒക്ടോബർ 7 നു എട്ട് ഡച്ച് ബിസിനസുകാർ ചേർന്ന് KLM എന്ന പേരിൽ ഒരു എയർലൈൻ കമ്പനി സ്ഥാപിക്കുകയും ആൽബർട്ട് പ്‌ളേസ്‌മാൻ കമ്പനിയുടെ ആദ്യത്തെ ഡയറക്ടറും അഡ്മിനിസ്ട്രേറ്ററും ആയി. ‘കോണിന്ക്ലിക് ലാച്ചത്വാർട്ട് മാത്‍ഷാപ്പിജ്’ എന്ന ഡച്ച് വാക്കുകളുടെ ചുരുക്കപ്പേരാണ് KLM എന്നത്. 1920 മെയ് 17 നു KLM ന്റെ ആദ്യത്തെ വിമാനം ആകാശം കണ്ടു. ലണ്ടനിൽ നിന്നും ആംസ്റ്റർഡാമിലേക്ക് ആയിരുന്നു ആദ്യ സർവ്വീസ്. DH 16 എന്ന മോഡൽ ചെറുവിമാനം ആയിരുന്നു അത്. നാലുപേർക്ക് സഞ്ചരിക്കാവുന്ന ആ വിമാനത്തിൽ രണ്ടു ബ്രിട്ടീഷ് ജേർണലിസ്റ്റുകളും, ഏതാനും ന്യൂസ്പേപ്പറുകളും ആയിരുന്നു ഉണ്ടായിരുന്നത്. ആ വർഷം KLM മൊത്തം 440 യാത്രക്കാരെയും 22 ടൺ ചരക്കുകളും വഹിച്ചു.

1921 ൽ KLM ഷെഡ്യൂൾഡ് സർവ്വീസുകൾ ആരംഭിച്ചു. ഫോക്കർ F2, ഫോക്കർ F3 തുടങ്ങിയ എയർക്രാഫ്റ്റുകൾ KLM ന്റെ ഫ്‌ലീറ്റിലേക്ക് കടന്നു വന്നു. 1924 ൽ KLM തങ്ങളുടെ അന്താരാഷ്ട്ര സർവ്വീസ് ആരംഭിച്ചു. 1924 ഒക്ടോബർ ഒന്നിന് ആംസ്റ്റർഡാമിൽ നിന്നും അന്നത്തെ ഡച്ച് കോളനിയായിരുന്ന ഇന്തോനേഷ്യയിലെ ജക്കാർത്തയിലേക്ക് ആയിരുന്നു ആദ്യ സർവ്വീസ്. 1939 ൽ രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുന്നതു വരെ ലോകത്തിലെ ഏറ്റവും ദൂരമേറിയ ഷെഡ്യൂൾഡ് വിമാനസർവീസ് ഇതായിരുന്നു.

1926 ഓടെ റോട്ടർഡാം, ബ്രസ്സൽസ്, പാരീസ്, ലണ്ടൻ, ബ്രെമെൻ, കോപ്പൻഹേഗൻ, മാൽമോ തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് KLM തങ്ങളുടെ സർവ്വീസ് വ്യാപിപ്പിക്കുകയുണ്ടായി. 1934 ൽ KLM Douglas DC-2 എയർക്രാഫ്റ്റ് വാങ്ങുകയും, അത് തങ്ങളുടെ ജക്കാർത്ത റൂട്ടിൽ സർവീസിനായി അയയ്ക്കുകയും ചെയ്തു. 1936 ൽ Douglas DC-3 വിമാനം കൂടി KLM വാങ്ങുകയുണ്ടായി. മാഞ്ചസ്റ്ററിലെ ന്യൂ റിംഗ് വേ എയർപോർട്ടിൽ ആദ്യം സർവ്വീസ് നടത്തിയ എയർലൈൻ KLM ആയിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തോടെ മുടങ്ങിപ്പോയ പല റൂട്ടുകളിലേക്കുള്ള സർവ്വീസുകളും യുദ്ധത്തിനു ശേഷം 1945 ൽ KLM പുനരാരംഭിക്കുകയുണ്ടായി. 1946 മെയ് 21 നു ആംസ്റ്റർഡാമിൽ നിന്നും ന്യൂയോർക്കിലേക്ക് KLM സർവ്വീസ് ആരംഭിച്ചു. ന്യൂയോർക്കിലേക്ക് ഷെഡ്യൂൾഡ് സർവ്വീസുകൾ നടത്തുന്ന ആദ്യത്തെ യൂറോപ്യൻ എയർലൈനായിരുന്നു KLM. ഇതിനിടെ ഡച്ച് ഗവണ്മെന്റ് KLM ൻറെ പ്രധാന ഓഹരികൾ നേടുന്നതു വഴി, കമ്പനി നാഷനലൈസ്‌ഡ്‌ ആക്കുവാൻ താല്പര്യം കാണിച്ചു. എന്നാൽ കമ്പനി ഡയറക്ടർ ആയിരുന്ന ആൽബർട്ട് പ്ലെസ്‌മാൻ KLM ഒരു പ്രൈവറ്റ് എയർലൈൻ കമ്പനി ആയിരിക്കുവാനായിരുന്നു ആഗ്രഹിച്ചിരുന്നത്. ഇതുമൂലം KLM ന്റെ ചെറിയൊരു ശതമാനം ഓഹരികൾ മാത്രമേ അവർ ഗവണ്മെന്റിനു കൊടുത്തുള്ളൂ.

1953 ൽ ആൽബർട്ട് പ്ലെസ്‌മാന്റെ മരണത്തോടു കൂടി KLM ചെറിയ രീതിയിൽ സാമ്പത്തിക പ്രതിസന്ധികളെ നേരിട്ടുതുടങ്ങി. ഇതോടെ നെതർലാൻഡ് സർക്കാർ KLM ന്റെ പ്രധാന ഓഹരികൾ കൈക്കലാക്കുകയും, അവർ നേരത്തെ തീരുമാനിച്ചതുപോലെ കമ്പനിയെ നാഷണലൈസ്ഡ് ആക്കുകയും ചെയ്തു. സർക്കാരിന് കീഴിൽ വന്നതോടെ തുടക്കത്തിൽ സാമ്പത്തിക പ്രശ്‍നങ്ങളെയെല്ലാം അതിജീവിക്കുവാൻ KLM നു കഴിഞ്ഞെങ്കിലും 1961 ൽ കമ്പനി വീണ്ടും നഷ്ടത്തിലേക്ക് വീണു. 1963 ൽ KLM തങ്ങളുടെ നഷ്ടങ്ങൾ കുറയ്ക്കുന്നതിനായി ജീവനക്കാരെയും, അതോടൊപ്പം സർവ്വീസുകളും വെട്ടിച്ചുരുക്കുകയുണ്ടായി.

നഷ്ടക്കണക്കുകൾ തുടർന്നതോടെ 1965 ൽ കമ്പനിയിലുള്ള സർക്കാർ ഓഹരികളുടെ ശതമാനം കുറയ്ക്കുകയും KLM വീണ്ടും പ്രൈവറ്റ് എയർലൈനായി മാറുകയും ചെയ്തു. 1966 ൽ KLM യൂറോപ്യൻ റൂട്ടുകളിലേക്കും, മിഡിൽ ഈസ്റ്റ് റൂട്ടുകളിലേക്കും Douglas DC-9 മോഡൽ എയർക്രാഫ്റ്റുകൾ ഉപയോഗിച്ച് തുടങ്ങി. 1970 കളുടെ തുടക്കത്തിൽ KLM അന്നത്തെ ഏറ്റവും വലിയ യാത്രാവിമാന മോഡലുകളിലൊന്നായ ബോയിങ് 747-200 തങ്ങളുടെ ഫ്‌ലീറ്റിൽ ഉൾപ്പെടുത്തി.

1973 ലെ ഓയിൽ പ്രതിസന്ധി മൂലം വീണ്ടും KLM കടക്കെണിയിലാകുകയും, തൽഫലമായി സർക്കാർ ഓഹരികളുടെ ശതമാനം ഉയർത്തുവാൻ നിര്ബന്ധിതരാകുകയും ചെയ്തു. ഇതോടെ KLM വീണ്ടും നാഷണലൈസ്ഡ് കമ്പനിയായി മാറി.

1983 ൽ എയർബസ് A310 മോഡൽ എയർക്രാഫ്റ്റുകളും, 1989 ൽ ബോയിങ് B747-400 എയർക്രാഫ്റ്റുകളും KLM ന്റെ ഫ്‌ലീറ്റിലേക്ക് എത്തിച്ചേർന്നു. കൂടാതെ തങ്ങളുടെ പ്രവർത്തനങ്ങൾ ലോകം മുഴുവനും വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയായി KLM, നോർത്ത് വെസ്റ്റ് എയർലൈൻസ്, കെനിയ എയർവേയ്‌സ് തുടങ്ങിയ എയര്ലൈനുകളുടെ ഓഹരികൾ സ്വന്തമാക്കുകയും ചെയ്തു. 1998 ൽ നെതർലാൻഡ് സർക്കാരിൽ നിന്നും മുഴുവൻ ഓഹരികളും തിരികെ വാങ്ങിക്കൊണ്ട് KLM ഒരു പ്രൈവറ്റ് എയർലൈൻ കമ്പനിയായി മാറി.

2003 ൽ എയർ ഫ്രാൻസും KLM ഉം തമ്മിൽ ലയിക്കുകയും Air France–KLM എന്ന പേരിൽ കമ്പനി രൂപീകൃതമാകുകയും ചെയ്തു. ലയനത്തിനു ശേഷവും ഇരു കമ്പനികളും തങ്ങളുടെ ബ്രാൻഡ് നെയിമിൽ മാറ്റങ്ങൾ വരുത്താതെ പ്രവർത്തനം തുടർന്നു. ഇതിനിടെ ബോയിങ് 777, എയർബസ് A330 എന്നീ മോഡൽ എയർക്രാഫ്റ്റുകൾ KLM ന്റെ ഫ്‌ലീറ്റിലേക്ക് വന്നുചേരുകയും ചെയ്യുകയുണ്ടായി. 2012 -13 കാലയളവിൽ ലോകത്തിലെ മികച്ച എയർലൈൻ സ്റ്റാഫ് അവാർഡുകൾ KLM നേടി. 2012 ജൂണിൽ ബയോഫ്യുവൽ ഇന്ധനമാക്കി ഉപയോഗിച്ചുകൊണ്ട് ദീർഘമേറിയ റൂട്ടിൽ സർവ്വീസ് നടത്തി KLM വാർത്തകളിൽ ഇടംനേടി.

ആംസ്റ്റൽവീനിൽ ആണ് KLM ന്റെ ഹെഡ്ക്വാർട്ടേഴ്‌സ് സ്ഥിതി ചെയ്യുന്നത്. ഇന്ന് ധാരാളം കമ്പനികളിൽ KLM നു ഓഹരികൾ സ്വന്തമായുണ്ട്. ഇന്ത്യയിലെ ബെംഗളൂരു, ഡൽഹി, മുംബൈ അടക്കം 66 രാജ്യങ്ങളിലായി 133 ലക്ഷ്യസ്ഥാനങ്ങളിലേക്ക് KLM നു ഇന്ന് സർവ്വീസുകളുണ്ട്. പാസഞ്ചർ സർവ്വീസുകളോടൊപ്പം കാർഗോ സർവ്വീസുകളും KLM ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. Airbus A330, Boeing 737, Boeing 777, Boeing 787, Boeing 747-400ERF തുടങ്ങിയ എയർക്രാഫ്റ്റുകളാണ് ഇന്ന് KLM ന്റെ ഫ്‌ലീറ്റിൽ ഉള്ളത്. 2019 ൽ 100 വയസ്സ് പൂർത്തിയായ KLM, സ്ഥാപിച്ചപ്പോൾ മുതലുള്ള പേര് ഉപയോഗിച്ചു വരുന്ന ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന എയർലൈൻ ആണ്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply