കുറ്റം ചെയ്യുന്നവർക്ക് പിഴ മദ്യം; ഇന്ത്യയിലെ ഒരു ഗ്രാമത്തിലെ വിചിത്ര നിയമങ്ങൾ..

കുറ്റം ചെയ്താല്‍ പിഴ വിധിക്കുക സ്വാഭാവികമാണ്. ഇന്ത്യയില്‍ പലയിടത്തും കോടതികളില്‍ അല്ലാതെ നാട്ടുകൂട്ടം ശിക്ഷ വിധിക്കുന്ന പതിവ് ഇന്നും നിലനില്‍ക്കുന്നുണ്ട്. ചില തമിഴ് സിനിമകളിലൊക്കെ നമ്മൾ ഇത് കണ്ടിട്ടുണ്ടാകും. ഇത്തരത്തില്‍ ഝാര്‍ഖണ്ഡിലെ ചല്‍ക്കരി വില്ലേജിലെയും ശിക്ഷ വിധിക്കുന്നത് നാട്ടുകൂട്ടമാണ്. ഇവിടുത്തെ പിഴകള്‍ക്കൊരു പ്രത്യേകതയുണ്ട്. എന്ത് കുറ്റം തെളിയിക്കപ്പെട്ടാലും പിഴയായി മദ്യം നല്‍കണം. ബിര്‍ഹോര്‍ ഗോത്ര വിഭാഗത്തില്‍ പെടുന്ന ആളുകള്‍ക്കിടയിലാണ് ഇത്തരത്തില്‍ ഒരു പിഴ നിലനില്‍ക്കുന്നത്. എന്താല്ലേ?

ബിര്‍ഹോര്‍ സമുദായത്തിലെ ആളുകള്‍ പ്രശ്നം പരിഹരിക്കാന്‍ പോലീസ് സ്റ്റേഷനിലും കോടതിയിലുമൊന്നും പോകാറില്ല. അവര്‍ അവരുടെ സമുദായത്തില്‍ തന്നെ പരിഹരിച്ച് തീര്‍ക്കും. നാട്ടുകൂട്ടം ഒത്തുകൂടി കാര്യങ്ങൾ മനസിലാക്കുകയും കുറ്റം തെളിയിച്ചാൽ വിധി പുറപ്പെടുവിക്കുകയും ചെയ്യും. ഈ വിധി പ്രഖ്യാപിക്കുമ്പോള്‍ അതിനെ ആരും എതിര്‍ക്കാറില്ല. അടിപിടിക്ക് രണ്ട് കുപ്പി മദ്യമാണ് പിഴ. മോഷണ കുറ്റമാണെങ്കില്‍ അഞ്ച് കുപ്പി മദ്യം. അതിലും വലിയ കുറ്റമാണെങ്കില്‍ പത്ത് കുപ്പി എന്ന നിലയിലാണ് പിഴ അടയ്ക്കേണ്ടത്. ഇപ്പോള്‍ 70 കുടുംബങ്ങളാണ് ഗ്രാമത്തിലുള്ളത്. വന്യമൃഗങ്ങളെ വേട്ടയാടുന്നതും നിരോധിച്ചിരിക്കുകയാണ് ഈ ഗ്രാമത്തില്‍. അരി, വെള്ളം, കാട്ടുചെടികള്‍ എന്നിവ കൊണ്ടാണ് ഹരിയ എന്ന മദ്യം ഉണ്ടാക്കുന്നത്. സമുദായത്തിലെ എല്ലാ കുടുംബവും വീട്ടില്‍ ഈ മദ്യം ഉണ്ടാക്കാറുണ്ട്.

ഇത്തരം വിചിത്രമായ ശിക്ഷകൾക്കുള്ള ഉദാഹരണവും പറയാം. അയല്‍ക്കാരനുമായി വഴക്കിട്ടതിന് ഗ്രാമവാസിയായ ധാലു ബിര്‍ഹോറിനെ കുറ്റക്കാരനായി നാട്ടുകൂട്ടം കണ്ടെത്തുകയും രണ്ട് ബോട്ടില്‍ മദ്യം പിഴയായി ശിക്ഷ വിധിക്കുകയും ചെയ്യുകയുണ്ടായി. തെറ്റിന്റെ വ്യാപ്തി അനുസരിച്ച് പിഴ വിധിക്കുന്ന മദ്യക്കുപ്പികളുടെ എണ്ണവും കൂടും. എന്നാല്‍ വിദേശ മദ്യത്തെ ഗ്രാമം പ്രോത്സാഹിപ്പിക്കില്ല. സ്വദേശീയമായുണ്ടാക്കിയെടുക്കുന്ന ഹരിയ എന്ന പ്രാദേശിക മദ്യമാണ് ഇത്തരം ശിക്ഷകൾക്കായി നൽകേണ്ടത്.

പിന്‍തലമുറക്കാര്‍ പിന്തുടര്‍ന്ന നിയമങ്ങളാണ് ഗോത്രവിഭാഗം ഇപ്പോഴും പാലിച്ചുപോകുന്നത്.വര്‍ഷങ്ങളായി തുടര്‍ന്നു പോരുന്ന നിയമം ഗോത്രവിഭാഗത്തിനുള്ളില്‍ സമാധാനവും ദൃഡതയും നിലനിര്‍ത്താന്‍ സഹായിക്കുന്നുണ്ടെന്നാണ് ഗ്രാമവാസികൾ പറയുന്നത്. തെറ്റിന്റെ സ്വഭാവം അനുസരിച്ചായിരിക്കും ശിക്ഷ വിധിക്കുക.

വഴക്കിടുകയാണെങ്കില്‍ രണ്ട് ബോട്ടില്‍ മദ്യവും മോഷണത്തിന് അഞ്ച് വരെ മദ്യകുപ്പിയും ഗൗരവമുള്ള കുറ്റമാണെങ്കില്‍ 10 വരെ കുപ്പി മദ്യവുമാണ് ശിക്ഷ വിധിക്കുക. പിഴയായി കിട്ടുന്ന മദ്യം വര്‍ഷത്തില്‍ മൂന്ന് വട്ടം അവിടെ നടക്കുന്ന ആഘോഷങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്. തങ്ങളുടെ ഗ്രാമത്തില്‍ പൊലീസിന്റെ ആവശ്യമില്ലെന്നാണ് ഇവര്‍ പറയുന്നത്. കഴിഞ്ഞ 65 വര്‍ഷത്തില്‍ ഒരു പൊലീസുകാരന്‍ പോലും ഗ്രാമത്തില്‍ പ്രവേശിച്ചിട്ടില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തങ്ങള്‍ പ്രാപ്തരാണെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. നമ്മുടെ നാട്ടിൽ ആണെങ്കിൽ കുറെ മദ്യവും സ്റ്റോക്ക് ചെയ്തുവെച്ചിട്ടു കാക്കാനും കൊല്ലാനുമൊക്കെ ആളുകൾ ഇറങ്ങിയേനെ. എന്താണെങ്കിലും മദ്യം കൊടുത്ത് ഓടിപ്പോരാമല്ലോ. പക്ഷേ ഈ ഗ്രാമത്തിൽ മദ്യം കൊടുത്ത് രക്ഷപ്പെടാം എന്നു വിചാരിച്ച് ആരുംതന്നെ കുറ്റങ്ങൾ ചെയ്യുന്നില്ലെന്നതാണ് അതിശയകരമായ മറ്റൊരു വസ്തുത. ഇത്തരം ആചാരങ്ങളൊക്കെ ഈ കാലഘട്ടത്തിലും നമ്മുടെ രാജ്യത്ത് നിലനിൽക്കുന്നുണ്ട് എന്ന കാര്യം അത്ഭുതത്തോടെയല്ലാതെ പറയുവാനൊക്കുമോ?

കടപ്പാട് – NDTV, മംഗളം, സമകാലിക മലയാളം.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply