സഞ്ചാരികളുടെ സ്വപ്ന ഭൂമിയിലേക്ക് ഭർത്താവുമൊത്തൊരു ബുള്ളറ്റ് യാത്ര

യാത്രാവിവരണം – അനില നിക്‌സൺ.

ഒരുപാട് നാളുകളുടെ തയ്യാറെടുപ്പുകൾക്കു ശേഷം ഞാനും എന്റെ ഹീറോ (എൻറെ ഭർത്താവും) ഞങ്ങളുടെ സ്വപനഭൂമിയിലേക്കു ഒരു യാത്ര പോയി. ലഡാക്ക് ലഡാക്ക് എന്ന് എപ്പോഴും പറയുമായിരുന്നെങ്കിലും ഇതെവിടെയാണെന്നോ എന്താണെന്നോ എത്ര ദിവസം എടുക്കുമെന്നോ എന്നൊന്നും ഒരു പിടീം ഇല്ലായിരുന്നു. ആദ്യമായി പരിചയപ്പെട്ടപ്പോൾ തന്നെ ഞങ്ങൾ പരസ്പരം സംസാരിച്ചു തുടങ്ങിയത് യാത്രകളെ കുറിച്ചാണ് യാതകൾ ഒരുപാടു ഇഷ്ടമായിരുന്നെങ്കിലും ഒരു പെൺകുട്ടി ആയതിനാലും ജനിച്ചു വളർന്ന സാഹചര്യങ്ങളാലും മനസിലെ സ്വപ്നങ്ങൾ അങ്ങനെ തന്നെ മൂടിവയ്ച്ചിരുന്ന എനിക്ക് വിവാഹത്തിലൂടെ കിട്ടിയത് ഒരു പെർഫെക്റ്റ് പാർട്ണറിനെ മാത്രമല്ല ഒരു സഹയാത്രികനെയും കൂടിയാണ്.

കക്ഷി മൂന്നു വർഷമായി ഇതിനെക്കുറിച്ചു വായിക്കുകയും അന്വേഷിക്കുകയും ചെയ്യാൻ തുടങ്ങിയിട്ട്. എന്നെ പരിചയപെട്ടിട്ട് ഒന്നര വർഷവും. ഓഫ് റോഡുകളും വാട്ടർ ക്രോസിങ്ങും പൂജ്യത്തിനു താഴെ എത്തുന്ന കാലാവസ്ഥയും പ്രതീക്ഷിക്കാവുന്ന ഒരു സ്ഥലം കൊടും തണുപ്പും, മഞ്ഞു മൂടിയ മലനിരകളും. തണുത്തുറഞ്ഞ തടാകങ്ങളും. ആ വാക്കുകളിൽ നിന്നും ladakh എന്റെയും സ്വപ്നമായി മാറുകയായിരുന്നു. ഇനി ഇപ്പൊ കല്യാണം നടന്നില്ലെങ്കിലും എന്നെ കൊണ്ടുപോകണമെന്നായി ഞാൻ. ഒടുവിൽ ഞങ്ങൾ കാത്തിരുന്ന ആ ദിവസം എത്തി. ഏതൊരു സഞ്ചാരിയുടെയും പ്രത്യകിച്ചു ബൈക്ക് റൈഡേഴ്സിന്റെ സ്വപ്നഭൂമി. ഒരിക്കലും മറക്കാനാകാത്ത പതിമൂന്നു ദിവസങ്ങൾ.

ഒരു ദിവസം ഡൽഹിയിൽ എനിക്ക് ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ ഉള്ള കാൾ വന്നു. അവിടെയാണ് തുടക്കം. ചിന്തിച്ചപ്പോൾ ലഡാക്ക് പോകാനുള്ള എല്ലാ സാഹചര്യവും ഉണ്ട്. പിന്നെ അതങ്ങോട്ട് ഫിക്സ് ചെയ്തു. പതിനഞ്ചു ദിവസം മുൻപ് തന്നെ യാത്രക്കുള്ള തയാറെടുപ്പുകൾ തുടങ്ങി. ചെയ്യാൻ പോകുന്ന കാര്യം ചെറുതല്ലെന്നും അതിന്റെ എല്ലാ രീതിയിലുമുള്ള വെല്ലുവിളികളും പ്രശ്നങ്ങളും എന്നെ നല്ല രീതിയിൽ പറഞ്ഞു മനസിലാക്കിയിട്ടുണ്ടായിരുന്നു. യാത്രയെ ക്കാളും ഏറെ മനസിനെ സന്തോഷിപ്പിക്കുന്ന മറ്റൊന്നും ഈ ലോകത്തിൽ ഇല്ല എന്നുള്ളതാണ് ഈ യാത്രയിൽ ഞാൻ മനസിലാക്കിയ ഒരു സത്യം.

ഒരുപാട് Ladakh യാത്ര വിവരണങ്ങൾ ഞാനും വായിച്ചിട്ടുണ്ട്. അതെല്ലാം തന്നെ Male Riders ന്റെ ആയിരുന്നു. ഒരു പെണ്ണ് ബുള്ളറ്റിൽ ഇരുന്നു പോയാൽ എങ്ങനിരിക്കും എന്ന് ഒരു നിശ്ചയവും ഇല്ലായിരുന്നു. ഒരു ധൈര്യത്തിന് അങ്ങ് പോയി. ഞങ്ങൾ ആസ്വദിച്ച കുറേ കാര്യങ്ങളും ചെയ്തതിൽ നന്നായെന്ന് കരുതിയ ചില കാര്യങ്ങളും ചില മുന്നൊരുക്കങ്ങളും നിങ്ങളുമായിട്ട് പങ്കുവെക്കാം.

ജൂൺ മാസം ആദ്യം ആണ് ഞങ്ങൾ യാത്ര തുടങ്ങിയത്. ഡൽഹി വരെ flight നു ആയിരുന്നു യാത്ര. official ആവശ്യങ്ങൾ കഴിഞ്ഞു അവിടെ നിന്ന് രാത്രി എട്ടു മണിക്ക് പുറപ്പെടുന്ന Himalayam Transpot volvo bus നാണു ഞങ്ങൾ മണാലിയിലേക്കു പോയത്. ബസിൽ കാലെടുത്തു വച്ചതും പൊടിക്കാറ്റ്. ഞങ്ങൾ ജസ്റ്റ് രക്ഷപെടുകയായിരുന്നു . ഡൽഹിയിലെ അസഹ്യമായ ചൂടിനാൽ ബസിൽ കയറി പെട്ടെന്ന് തന്നെ ഞങ്ങൾ ഉറങ്ങി തുടങ്ങി. രാത്രി 11.30 നു ഒരു ധാബയുടെ മുൻപിൽ ഭക്ഷണത്തിനായി നിർത്തി. പ്രത്യേകമായി ഒരു കാര്യം ഓർമിപ്പിക്കുന്നു.എന്തെങ്കിലും ഭക്ഷണ സാധനങ്ങൾ ഡൽഹിയിൽ നിന്നോ അല്ലെങ്കിൽ അതിനു മുൻപായോ കൈയിൽ കരുതുന്നത് വളരെ നല്ലതാണ്. 2 ബട്ടർ റൊട്ടിയും പനീർ ബട്ടർ മസാല കറി 2 പ്ലേറ്റ് വാങ്ങിയതിന് 820 രൂപയാണ് ബിൽ വന്നത്. അസ്സൽ തേപ്പ് കിട്ടി ബോധം രാവിലെ 6 മണിയോടെ ഞങ്ങൾ കുളുവിൽ എത്തി. അവിടെ നിന്നും ചായകുടിക്കുവാനും പ്രഭാത കർമ്മങ്ങൾക്കും ഉള്ള സമയം ലഭിക്കും (വൃത്തിയുള്ള ബാത്രൂം, നാട്ടിൽ കിട്ടുന്ന ചായ, ഭക്ഷണങ്ങൾ, ഇതൊന്നും പ്രതീക്ഷിച്ചു ഈ യാത്രയ്ക്ക് ഇറങ്ങരുത്. ഒരുപാടു കാര്യങ്ങളിൽ കോംപ്രമൈസ് ചെയ്താൽ മാത്രമേ ഈ സ്വപ്നയാത്ര വിജയത്തിലെത്തുകയുള്ളു). കുളുവിൽ നിന്നും മണാലിയിലേക്കുള്ള വഴി വളരെ ശോചനീയമായ അവസ്ഥയിലായിരുന്നു (വഴിയിൽ പണികൾ നടക്കുന്നുണ്ട്.2020 ലേക്ക് യാത്ര എളുപ്പമാകും) അതുകൊണ്ടു ഞങ്ങൾ 1 മണിയോടെ ആണ് മണലിൽ എത്തിയത്. (17 മണിക്കൂർ യാത്ര).

 

നേരെ ബസ്റ്റാന്റിൽ നിന്നും ഓട്ടോ വിളിച്ചു ഭർത്താവിന്റെ ഒരു ഫ്രണ്ട് ഏർപ്പാടാക്കി തന്ന “HIMALAYAM HOWKS ” ബൈക്ക് റെന്റൽ നടത്തുന്ന അനിൽ ഭായിയുടെ അടുത്തെത്തി. പുതിയ ടയർ ഒക്കെ ഇട്ടു ഒരു മിടുക്കൻ ബുള്ളറ്റ് 500 സ്റ്റാൻഡേർഡ് ഞങ്ങൾക്ക് വേണ്ടി റെഡി ആയിരുന്നു. കൂടാതെ അന്ന് താമസിക്കേണ്ട ഒരു സ്ഥലവും റെഡിയാക്കിയിട്ടുണ്ടായിരുന്നു. റോത്താങ് പാസ്സിന്റെ പെർമിഷനും ബാക്കി താമസത്തിന്റെ ഡീറ്റൈൽസും എല്ലാം റെഡി ആക്കി വച്ചിട്ടുണ്ടായിരുന്നു. വണ്ടിയുമെടുത്തു റൂമിൽ എത്തി കുളിച്ചു ഫ്രഷ് ആയി ഭക്ഷണവും കഴിച്ചു വൈകിട്ട് 7 മണിവരെ ഞങ്ങൾ ഉറങ്ങി ക്ഷീണമൊക്കെ മാറ്റി. (സീസണൽ ആയതിനാൽ റൂം റെൻറ് കൂടുതലായിരുന്നു) അതിനു ശേഷം ഞങ്ങൾ അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി പുറത്തിറങ്ങി .

SUNGLASS വളരെ അത്യാവശ്യമായ ഒന്നാണ്.യാത്ര തുടങ്ങുന്നത് മുതൽ അവസാനിക്കുന്നത് വരെ നമുക്ക് പ്രയോജനപ്പെടും റോത്താങ് പാസ് മുതൽ SUNLIGHT വളരെ കൂടുതൽ ആണ്. മഞ്ഞിൽ തട്ടി പ്രതിഫലിക്കുമ്പോൾ ഇരട്ടി പ്രകാശമായിരിക്കും നമുക്ക് അനുഭവപ്പെടുന്നത് . ഹെൽമറ്റ് ഗ്ലാസ് ഉണ്ടെങ്കിലും അമിതമായ ഈ പ്രകാശം CORNEAL IRRITATION കാരണമാകും. ബാലക്ലാവ അടുത്ത ഒരു അത്യാവശ്യമായി വേണ്ട സംഗതിയാണ്.

അത്യാവശ്യം വേണ്ടതായ, നമ്മുടെ കൈയിൽ ഇല്ലാത്ത സാധനങ്ങൾ മണലിൽ നിന്നും വാങ്ങുവാൻ പ്രത്യേകം ഓർമിക്കുക.അവിടം കഴിഞ്ഞാൽ പിന്നെ Leh യിൽ മാത്രമേ ഷോപ്പിംഗ് നടത്തുവാനുള്ള സൗകര്യങ്ങൾ ഉള്ളു. ( ഈ യാത്ര കഴിയുന്നത് വരെ ആൽക്കഹോൾസ് ഒഴിവാക്കണം DIAMOXIN TABLET ന്റെ ക്രത്യമായ പ്രവർത്തനത്തെ തടയുവാൻ ഇത് കാരണമാകും.തണുപ്പിനെ തടയുവാൻ തെർമൽ വസ്ത്രങ്ങൾ ഉപയോഗിക്കുക.ആവശ്യമായ എല്ലാം കൈയിൽ ഉള്ള ലിസ്റ്റ് പ്രകാരം ഉണ്ടെന്നു ബാഗ് പാക്ക് ചെയ്യുന്നതിന് മുൻപ് ഒരു വട്ടം കൂടി ഉറപ്പു വരുത്തണം) ഭക്ഷണമെല്ലാം കഴിച്ചു ഞങ്ങൾ നേരത്തെ കിടന്നുറങ്ങി.രാവിലെ 6 മണിയോടെ എഴുന്നേറ്റു പോകുന്നതിനു റെഡിയായി [തെർമൽ കൂടാതെ 2 ജോഡി ഡ്രസ്സ് എക്സ്ട്രാ ധരിക്കുവാൻ ശ്രദ്ധിക്കണം , SUN CREAM LOTION മുഖത്തു ഉപയോഗിച്ചതിന് ശേഷം BALACLAVA ധരിക്കുക.യാത്രയിൽ ഉടനീളം ധരാളം പൊടിയുള്ള വഴികളുണ്ട്. അതുപോലെ തണുപ്പ് കാറ്റ് ശ്വസിച്ചാൽ പെട്ടെന്ന് തൊണ്ട വേദന വരാനും സാധ്യതയുണ്ട്. SOCKS, Thermal HAND GLOVE എന്നിവ ധരിക്കുക, SOCKS എക്സ്ട്രാ ഒരെണ്ണം എളുപ്പത്തിൽ എടുക്കാൻ പറ്റുന്നത് പോലെ വേണം പാക്ക് ചെയ്യുവാൻ.

പ്രഭാത ഭക്ഷണത്തിനു ശേഷം മറക്കാതെ DIAMOXIN കഴിക്കുക. 8 മണിയോടെ ഞങ്ങൾ യാത്ര തുടങ്ങി .മണാലിയിൽ നിന്നും റോത്താങ് പാസ് വരെ 51 കിലോമീറ്റര് ആണ് ഉള്ളത് , റോഡിനിരുവശവും ഇടതൂർന്ന് പച്ചവിരിച്ച നിൽക്കുന്ന മരങ്ങളെ വളം വയ്ച്ചു മുകളിലേക്ക് കയറുന്തോറും കാറ്റിന്റെ ശക്തിയും തണുപ്പും കൂടിവന്നു. വളരെ ഇടുങ്ങിയ വഴി യാണ് മുന്നോട്ടുപോകുന്തോറും നമ്മെ കാത്തിരിക്കുന്നത്, കുറെ നേരം വരെ ആ പച്ചപ്പ് നമുക്ക് ചുറ്റും ഉണ്ടാകും, അത് കഴിഞ്ഞു മഞ്ഞു പുതച്ച മലനിരകൾ നമ്മെ വലം വയ്ച്ചു തുടങ്ങും.എതിർദിശയിൽ ഒരു വാഹനം വന്നാൽ കടന്നു പോകാൻ അല്പ സമയം വേണ്ടി വരും. ആഴമേറിയ മലയടിവാരം ആണ് റോഡിനു മറുവശത്തു. ഒരു വണ്ടി പണിമുടക്കിയാൽ കഴിഞ്ഞു കഥ. പിന്നെ മണിക്കൂറുകളോളം അവിടെ കിടക്കേണ്ടി വരും. ഞങ്ങൾക്കും കിട്ടി ഒരു ചെറിയ പണി. 11 മണിയോടെ ഞങ്ങൾ ROTHANG PASS കയറി .ഒരുപാട് റൈഡേഴ്‌സ് അതുപോലെ ടൂറിസ്റ്റു കളും വരുന്ന സ്ഥലമാണിത്. ടൂറിസ്റ്റുകളൊക്കെ അവിടെവരെ ഉള്ളു. റൈഡേഴ്‌സ് ഭൂരിഭാഗം പേരും ലഡാക്കിലേക്കുള്ളവരാണ്. എല്ലാവരും ഫോട്ടോസ് എടുക്കുന്ന തിരക്കിലാണ്.കുട്ടികളും കൂട്ടത്തിലുണ്ട് അവിടിവിടെ പരന്ന് കിടക്കുന്ന മഞ്ഞിന് മുകളിൽ കൂടി കളിക്കുന്നുണ്ട്.കുറച്ചു മാറി ഒരു സ്ത്രീയെ താങ്ങി പിടിച്ചു കൊണ്ട് രണ്ടു പേര് വരുന്നു, അവർ കരയുന്നുണ്ട്,പിന്നീടാണ് കാര്യം മനസിലായത്, AMS കാരണം അവർക്കു ശ്വാസതടസം വന്നിട്ടാണ് അവർ കരയുന്നത്. തിരക്കുകാരണം ഒന്ന് രണ്ടു ഫോട്ടോസ് എടുത്തിട് ഞങ്ങൾ യാത്ര തുടർന്നു.

റോത്താങ് കഴിഞ്ഞുള്ള യാത്ര നേരെ ഒരു ഇറക്കം ആണ്. വഴി ഒട്ടും നല്ലതല്ല 10 കിലോമീറ്ററോളം കമ്പ്ലീറ്റ് ഓഫ് റോഡ് , ഇറക്കമായതുകൊണ്ടും കല്ലും മണ്ണും ചെളിയും ഒപ്പം തണുത്ത വെള്ള ചാലുകളും കൂടിയ വഴിയിലൂടെ വളരെ സൂക്ഷിച്ചു വേണം യാത്ര തുടരാൻ, ഇറക്കമാണെങ്കിലും ഓഫ്റോഡ് ആയതിനാൽ താഴെ ഏത്താൻ സമയം എടുക്കും. (ക്യാരിയറിൽ കെട്ടിയിട്ടുള്ള ബാഗിന് ഒരു കവർ കൂടി നൽകുന്നത് വളരെ നല്ലതാണ് , വെള്ളം തെറിച്ചു നനയുന്നത് തടയാനാകും പിന്നെയാണ് ഞങ്ങൾക്ക് അത് മനസിലായത് ) KOKSAR CHECK POST ഇൽ ആണ് ഇറക്കം അവസാനിക്കുന്നത്, അവിടെ പേരും വണ്ടി നമ്പറും എന്റർ ചെയ്യണം അവിടുന്നുള്ള യാത്ര ജിസ്പയിലേക്കാണ്, കോക്സറിൽ നിന്നോ അടുത്ത സ്ഥലമായ സിസുവിൽ നിന്നോ അത്യാവശ്യമെങ്കിൽ ഭക്ഷണം എന്തെങ്കിലും കഴിക്കണം.

ജിസ്പയിലേക്കു പോകുന്നത് TANDI ,KEYLONG എന്ന ഗ്രാമപ്രദേശങ്ങൾ കൂടിയാണ്, TANDI കഴിഞ്ഞാൽ പിന്നെ പെട്രോൾ പമ്പുള്ളത് LEH യിൽ ആണ്. അതുകൊണ്ടു ഞങ്ങൾ പെട്രോൾ ടാങ്ക് ഫുൾ പെട്രോൾ അടിച്ചു കൂടാതെ അഞ്ചു ലിറ്ററിന്റെ ഒരു ക്യാൻ ഉണ്ടായിരുന്നതും ഫില്ല് ചെയ്തു. അവിടിവിടെ ചെറിയ കുഴികൾ ഒഴിച്ചാൽ റോഡ് വല്യകുഴപ്പമില്ല. ഇരുവശവും താഴ്വരകൾ ആണ് നമ്മുടെ നാട്ടിലെ പാടങ്ങൾ പോലെ പച്ചവിരിച്ച സമതല പ്രദേശങ്ങൾ, ഇടയ്ക്കിടെ ചെറിയ ചെറിയ തടാകങ്ങൾ , ഇവരുടെ കാവൽക്കാർ എന്നപോലെ തലയുയുയർത്തി നിൽക്കുന്ന മലകൾ. DARCHA വരെയുള്ള കാഴ്ചകൾ ആണിവ ഇടയ്ക്കിടെ കുതിച്ചു പായുന്ന നമ്മെ ഒരു ഓർമപ്പെടുത്തൽ എന്ന പോലെ മഞ്ഞ നിറത്തിലുള്ള ബോർഡുകൾ അവയിൽ നമുക്ക് വേണ്ടി എഴുതിയിരിക്കുന്ന വാക്കുകൾ…വളരെ അർത്ഥവത്തായി തോന്നും. പുള്ളിക്കാരന് ഏറ്റവും കൗതുകം തോന്നിയ ഒരു ബോർഡിലെ വാക്കുകൾ ഇങ്ങനെയാണ് “”DON”T GOSSIP LET HIM DRIVE ”ഇഷ്ട്ടം തോന്നിയ ബോർഡുകൾ ഞങ്ങൾ ക്യാമെറയിൽ പകർത്തി. കാറ്റിനൊപ്പം അങ്ങനെ ഒഴുകി നീങ്ങുന്നൊരു ഫീൽ. ഈ കാഴ്ചകളൊക്കെ ജീവിതത്തിൽ എന്നും ഓർക്കുന്ന ഒരു അനുഭൂതിയാണ്.

ജിസ്പയിൽ ആയിരുന്നു ഞങ്ങൾക്ക് ആദ്യത്തെ സ്റ്റേ പറഞ്ഞിരുന്നത്‍. പക്ഷെ വളരെ നേരത്തെ (2:45 PM) ഞങ്ങൾ അവിടെ എത്തി (ഒരു കാര്യം ശ്രദ്ധിക്കുക : വളരെ നേരത്തെ അവിടെ എത്തുകയാണെങ്കിൽ മാത്രം യാത്ര തുടരുന്നതാണ് നല്ലത് അല്ലെങ്കിൽ അവിടെ തങ്ങാൻ ശ്രമിക്കുക) ഞങ്ങൾ ഉച്ചഭക്ഷണത്തിനു ശേഷം അവിടത്തെ കടക്കാരൻ തന്ന ധൈര്യത്തിന്റെ പുറത്തു 3:00 PM നു ഞങ്ങൾ വീണ്ടും യാത്ര തുടരുവാൻ തീരുമാനിച്ചു. (നേരത്തെ ഇറങ്ങിയിട്ടും വളരെ ബുദ്ധിമുട്ടിയാണ് ഞങ്ങൾ സർച്ചുവിൽ എത്തിയത്).

ജിസ്പയിൽ നിന്നും സർച്ചുവിലേക്ക് 88 കിലോ മീറ്റർ ആണ് ഉള്ളത്. കാഴ്ചകളുടെ മഹാത്ഭുതം ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. കഷ്ടപ്പാടിന്റെയും. ഉയരത്തിന്റെ സ്ഥാനത്തു നാലാമത് നിൽക്കുന്ന BARALAACHA പാസ് (16,040 feet) വരുന്നത് ഇവിടെയാണ് . ഇവിടെ ഇടവിട്ട് നല്ലതും മോശമായതുമായ റോഡുകൾ ആണുള്ളത്‌. ജിസ്പയിൽ നിന്നും DARCHA വരെ വഴി നല്ലതാണ്. അഞ്ചിൽ കൂടുതൽ ഒട്ടും ചെറുതല്ലാത്ത WATER CROSSINGS ഞങ്ങൾക്ക് കടന്നു പോകേണ്ടി വരും. റൈഡിങ് കഷ്ടപ്പാടാണെങ്കിലും മനസിനെ കുളിരണിയിക്കുന്ന ഒരുപാട് കാഴ്ചകൾക്കു മുന്നിൽ അതൊക്കെ ഒന്നുമല്ലാതാകും. മഞ്ഞിനാൽ തീർത്ത മതിലുകൾക്കിടയിലൂടെ, മഞ്ഞു ഭിത്തികളെ തൊട്ടുതലോടി കടന്നു പോകുമ്പോൾ തണുത്തുറഞ്ഞ തടാകങ്ങളും മഞ്ഞു പുതപ്പിനിടയിലൂടെ ഒളിഞ്ഞു നോക്കുകുന്ന പാറ കല്ലുകളും ജീവിതത്തിൽ ഒരിക്കലും ,മറക്കാനാവാത്ത മധുരമുള്ള ഓർമ്മകൾ ആണ് നമുക്ക് നൽകുന്നത്. ഈ വഴിയിലൂടെ കടന്നു പോകുന്നവർ ഒരു നിമിഷം ദൈവത്തിനോട് നന്ദി പറയും. തങ്ങൾക്കു നൽകിയ ഈ അവസരത്തിന്.

വഴിയിൽ ഇടയ്ക്കു ഞങ്ങൾ ബൈക്ക് നിർത്തി മഞ്ഞു വാരിയെടുക്കാൻ കൈയിൽ നിന്നും Gloves മാറ്റിയപ്പോൾ ആണ് തണുപ്പിന്റെ ഗാഢത മനസിലാകുന്നത്. എങ്കിലും മഞ്ഞു വാരിക്കളിച്ചും ചിത്രങ്ങൾ പകർത്തിയും ഞങ്ങൾ കുറച്ചു സമയം ചിലവഴിച്ചു. വീണ്ടും യാത്ര തുടങ്ങിയപ്പോൾ ഒരു വലിയ പണി ഞങ്ങളെ കാത്തിരിക്കുന്നത്. ഞങ്ങൾ കടന്നുപോയതിൽ വച്ച് ഏറ്റവും വലിയ വാട്ടർ ക്രോസിങ്. റോഡ് നിറഞ്ഞു ശക്തിയിൽ തന്നെ വെള്ളം ഒഴുകുന്നു. ഒരുപാടുപേർ കുടുങ്ങിക്കിടക്കുന്നു ഞാൻ ബൈക്കിൽ നിന്നും ഇറങ്ങി വെള്ളത്തിൽ ചവിട്ടിയപ്പോൾ , മോശമല്ലാത്ത ആഴംവും ഒഴുക്കും ഉണ്ടായതിനാൽ ഷൂവിനുള്ളിൽ വെള്ളം കയറി .ചൂടുകൂടി പൊള്ളിപ്പോയി എന്ന് പറയുന്നത് പോലെ സൂചി കുത്തുന്ന വേദനയായിരുന്നു ആ തണുപ്പിന്. .എതിരെ വന്നവരോട് മുൻപിൽ ഇനിയും വാട്ടർ ക്രോസിങ് ഉണ്ടോ എന്നന്യോഷിച്ചപ്പോൾ ഉണ്ടെന്നറിഞ്ഞു. എങ്കിൽ എല്ലാ ക്രോസിങ് കഴിഞ്ഞു SOCKS മാറാൻ തീരുമാനിച്ചു.

പക്ഷെ കഴിഞ്ഞില്ല കാലിൽ തുളഞ്ഞിറങ്ങുന്ന തണുപ്പ് ആകെ ഞങ്ങൾ രണ്ടു പേരെയും വേദനിപ്പിച്ചു കൊണ്ടിരുന്നു..ഞങ്ങൾ SOCKS മാറ്റി ഒരു പ്ലാസ്റ്റിക് കവർ ഉം കാലിൽ കെട്ടി യാത്ര തുർടർന്നു. പിന്നീട് വന്ന വാട്ടർ CROSSING ചെറുതായിരുന്നു. ഏകദേശം 4 മണിയോടെ ഞങ്ങൾ BARALACHAA എത്താറായി. ദൂരെ നിന്നെ കാണാം വലിയൊരു വാഹനങ്ങളുടെ നിര .അടുത്തെത്തിയപ്പോൾ ആണ് കാണുന്നത്.ഇതുവരെ കടന്നു പോന്നതൊന്നും അല്ല ഇനി കടക്കാൻ പോകുന്നതാണ് ശരിക്കുമുള്ള വാട്ടർ ക്രോസിങ് ! മഞ്ഞുരുകി വരുന്ന വെള്ളം കല്ലുകൾക്ക് മുകളിലൂടെ ശക്തിയായി ഒഴുകുന്നു. നേരം വൈകിത്തുടങ്ങുന്തോറും കാറ്റിന്റെ ശക്തിയും തണുപ്പും കൂടി വന്നു കൂടാതെ തലവേദനയും തുടങ്ങി. ഹിമാലയം ട്രാൻസ്പോട്ടേഷൻ വാഹനങ്ങൾ മുതൽ ലോറികൾ, ആർമി വാഹനങ്ങൾ ,ടൂറിസ്റ്റു വണ്ടികൾ, ബൈക്കുകൾ വരെ നിരയായി കിടക്കുന്നുണ്ട്. ഞങ്ങൾ ബൈക്കിൽ നിന്നും ലഗേജ് അഴിച്ചു മാറ്റി മറ്റൊരു വശത്തായി പുതിയ പാലം പണിയുന്നതിന് കമ്പി നിരത്തിയിട്ടുണ്ട് ..അതിനുമുകളിലൂടെ ബാഗുകൾ അപ്പുറം എത്തിച്ചു.

എന്റെ രണ്ടു കാലുകളും വേദനിച്ചു തുടങ്ങിയിരുന്നു. ഒന്ന് നിവർന്നു നടക്കുവാൻ പോലും ആകാത്ത രീതിയിൽ തളർന്നു തുടങ്ങി. അതിനിടയിൽ ഒരു കാർ പാറകൾക്കിടയിൽ കുടുങ്ങി അതിനെ ഒരു ലോറിയിൽ കയർ കെട്ടി വലിച്ചു അപ്പുറത്തിച്ചപ്പോൾ അടുത്തതായി വന്ന ടെമ്പോ ട്രാവലർ കുടുങ്ങി പിന്നെ അതിനെ ഒരു കണക്കിന് ലോറിയിൽ കെട്ടി വലിച്ചു അപ്പുറത്തെത്തിച്ചു അപ്പോഴേക്കും ഇരുട്ട് വീണു തുടങ്ങിയിരുന്നു. ഒരു മണിക്കൂർ അങ്ങനെ കടന്നു പോയി. കെട്ടിയോൻ വെള്ളത്തിലേക്ക് ബൈക്കുമായി വീഴല്ലേ എന്നായിരുന്നു എന്റെ പ്രാർഥന. ഒരു റൈഡിങ് ടീമിൽ കുറച്ചു പേർ അവരുടെ ബൈക്കുകൾ കരക്കെത്തിക്കാൻ വെള്ളത്തിൽ ഇറങ്ങി നിന്ന് സഹായിച്ചു ഞങ്ങളുടെ ബൈക്കും അവരുടെ സഹായത്തോടെ എങ്ങനെയോ അപ്പുറം എത്തി. വെള്ളത്തിൽ ചവിട്ടിയതിനാൽ പുള്ളിക്കാരന്റെ ഷൂവും പാന്റും സോക്‌സും എല്ലാം നനഞ്ഞു കുതിർന്നു. കുറച്ചു അങ്ങോട്ട് പോയ ശേഷം ഒട്ടും പറ്റാതായി വേഗം തന്നെ അദ്ദേഹം ഷൂ അഴിച്ചു കാലു തുടച്ചു പുതിയ സോക്സ്‌ ധരിച്ചു അതിന്റെ മീതെ ഒരു പ്ലാസ്റ്റിക് കവർ ചുറ്റി പിന്നെയും ഷൂ എടുത്തിട്ടു തൽക്കാലത്തേക്ക് ഒരു ആശ്വാസമായി അപ്പോഴാണ് തണുപ്പിന്റെ കൂടെ കാറ്റും. നേരം വളരെ ഇരുട്ടി. തണുത്ത കാറ്റാണ് കൂടുതൽ പ്രശ്നമാകുന്നത്. കൈയിലുണ്ടായിരുന്ന ചോക്കലേറ്റ്സ് കഴിച്ചു വെള്ളം കുടിച്ചപ്പോൾ അല്പം ആരോഗ്യം കിട്ടിയത് പോലെ തോന്നി. എത്രയും വേഗം Sarchu എത്താൻ ഞങ്ങൾ യാത്ര തുടങ്ങി വളരെ മോശം വഴിയാണ്. 34 കിലോമീറ്റര് കൂടി വേണം ഞങ്ങൾക്ക് സർച്ചുവിൽ എത്തുവാൻ.

താഴ്ന്നു സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാൽ ഉയർന്നു നിൽക്കുന്ന മലനിരകളിൽ തട്ടി കാറ്റ് ആഞ്ഞടിക്കുന്ന പ്രദേശമാണ് സർച്ചു. ശക്തിയായി വീശുന്ന കാറ്റിന്റെ ശബ്ദം ഹെല്മറ്റിനുള്ളിലും കേൾക്കാൻ കഴിയും.
കൂടിവരുന്ന തണുപ്പിനാലും കാറ്റിനാലും ഞങ്ങൾ ശരിക്കും തളർന്നു.വഴിയിൽ ഒരാളെ പോലുംകാണാനില്ല. ഒരു വണ്ടിപോലും ഇല്ല . പോകുവാൻ ആഗ്രഹിക്കുന്നവർ സർച്ചുവിൽ കഴിയുന്നതും നേരത്തെ എത്തുവാൻ ശ്രമിക്കണം.ഒറ്റപ്പെട്ട വഴിയാണ്, നേരം ഇരുട്ടിയാൽ വെട്ടവും കുറവാണ്, പരന്നുകിടക്കുന്ന പ്രദേശം ആയതു കൊണ്ടും വഴി മനസിലാക്കുവാൻ ബുദ്ധിമുട്ടാണ്.അതുപോലെ രാത്രിയാകുന്തോറും കാറ്റിന്റെ ശക്തി കൂടി വരും.പാതിവഴി ആയപ്പോൾ തന്നെ വണ്ടി മുന്നോട്ടു ഓടിക്കാൻ വയ്യാത്ത അവസ്ഥയിൽ പുള്ളിക്കാരൻ നന്നായി തളർന്നു വിറച്ചു തുടങ്ങി. തളർന്നെങ്കിലും മുന്നോട്ടു പോകാതെ രക്ഷയില്ല. ഞങ്ങൾ വീണ്ടും ഒരു തരത്തിൽ മുന്നോട്ടു നീങ്ങി. ഏഴര യോടെ സെർച്ചുവിലെ ടെന്റുകളിൽ നിന്നും വെട്ടം കണ്ടുതുടങ്ങി.

ഞങ്ങൾക്ക് പറഞ്ഞിരുന്ന സ്റ്റേ കണ്ടുപിടിച്ചു എത്തിയപ്പോൾ പറഞ്ഞതിലും ഒരു ദിവസം നേരത്തെ എത്തിയതിനാൽ സ്റ്റേ റെഡി ആയിട്ടില്ലെന്നാണ് അവർ പറഞ്ഞത്. ഞങ്ങളുടെ അവസ്ഥ മനസിലാക്കിയ സച്ചിൻ ഭായ് തൊട്ടടുത്ത ടെന്റിൽ ഞങ്ങൾക്ക് സ്റ്റേ അറേഞ്ച് ചെയ്തു തന്നു. നന്നായി വിറച്ചു കിടന്നു പോയ ഭർത്താവിനെ കണ്ടപ്പോൾ ഞാനും പേടിച്ചു. തളർന്നുപോകാൻ പാടില്ലെന്ന് മനസ് പറഞ്ഞതിനാൽ അവിടെ നിന്നും ഒരു ചൂട് ചായയും വാങ്ങി കൊടുത്തു് അവിടെയുണ്ടായിരുന്നുആ കട്ടികൂടിയ പുതപ്പുകൾ എല്ലാം പുതപ്പിച്ചു ഒരു തരത്തിൽ ആളെ നോർമൽ ആക്കി എടുത്തു. ടെൻഷൻ കാരണം എന്റെ തണുപ്പൊക്കെ ഞാൻ മറന്നു. രാത്രി ഭക്ഷണം കഴിച്ചെന്നു വരുത്തി ഞങ്ങൾ കിടന്നു. അനുവാദമില്ലാതെ ചെന്നത് കൊണ്ടായിരിക്കാം ആഞ്ഞടിക്കുന്ന തണുത്ത കാറ്റ് ടെന്റിനുള്ളിൽ കയറി ഞങ്ങളുടെ ഉറക്കത്തെ ശല്യപ്പെടുത്തി അവരുടെ പ്രതിഷേധം അറിയിച്ചു കടന്നു പൊയ്ക്കൊണ്ടിരുന്നു രാത്രി മുഴുവൻ.!

സർച്ചു നമ്മളെ സ്വീകരിക്കുന്നത് തലവേദന നല്കിയാണെന്നു രാവിലെ സച്ചിൻ ഭായ് പറഞ്ഞപ്പോൾ ആണ് തലേ ദിവസം അനുഭവപ്പെട്ട ശാരീരികാസ്വസ്ഥതകളുടെ കാരണം ഏറേക്കുറെ ഞങ്ങൾക്ക് മനസിലാകുന്നത്.നന്നായി ഷീണിച്ച ഞങ്ങൾ രാവിലെ ഏറെ വൈകിയാണ് എഴുന്നേറ്റത്.9 മണി സമയം കണ്ടു കണ്ണ് തുറന്നപ്പോഴും കാറ്റടിക്കുന്ന ശബ്ദം കേൾക്കാം .പുറത്തിറങ്ങിയപ്പോൾ തണുപ്പിന്റെ ഗാഢത കുറച്ചു കുറഞ്ഞിട്ടുണ്ട്. ചുറ്റും നോക്കിയപ്പോൾ ആണ് രാത്രിയുടെ ഇരുട്ടിൽ ഞങ്ങൾ കാണാതെ പോയ മനോഹര കാഴ്ചകൾ ഞങ്ങൾ കാണുന്നത്.ചുറ്റും ഉയർന്നു നിൽക്കുന്ന മലനിരകൾ, വരച്ചു വച്ചിരിക്കുന്നത് പോലെ. ഇടയ്ക്കിടെ നിരന്നു കിടക്കുന്ന മഞ്ഞു പുതപ്പുകൾ. കണ്ടിട്ടും കൊതിതീരാത്ത കാഴ്ചകൾ ആണ് സർച്ചു നമുക്ക് നൽകുന്നത്.

പ്രഭാതഭക്ഷണം കഴിഞ്ഞു ഞങ്ങൾ 10 മണിയോടെ സർച്ചു വിൽ നിന്നും ഇറങ്ങി ഒരു ചെക്ക് പോസ്റ്റ് എത്തി ഞങ്ങൾ അവിടെ പേരും വണ്ടി നമ്പറും എന്റർ ചെയ്തു. ഒരുപാടു വളവും തിരിവും കഴിഞ്ഞു ഞങ്ങൾ Nakeela പാസ് എത്തി അത് ഇറങ്ങി ചെല്ലുന്നിടം കുറച്ചു കടകൾ ഒക്കെ ഉള്ള ഒരു സ്ഥലമാണ് അവിടന്ന് ബ്രെഡ് ഓംലൈറ്റും ചായയും കഴിച്ചു ഇനിയുള്ള ഒരു 35 കിലോമീറ്റർ വളരെ മോശം വഴിയാണ് വളരെ അപകടം നിറഞ്ഞതും. Pang തൊട്ട് Leh വരെ നല്ല റോഡ് ആണ്.

245 കിലോമീറ്റര് ആണ് സർച്ചുവിൽ നിന്നും LEH യിലേക്കുള്ള ദൂരം.ഇതിൽ 200 കിലോമീറ്റർ വരുന്ന റോഡുകൾ നല്ലതാനെന്നു മാത്രമല്ല നമ്മൾ ഗൂഗിളിൽ കണ്ടിട്ടുള്ള LADAKH യാത്രകളുടെ പല ചിത്രങ്ങളും ഇവിടെയാണ് ഉള്ളത് .നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന ഹൈവേ റോഡിലൂടെ ആണ് ഇനിയുള്ള യാത്ര. ഓടി അടുക്കുന്തോറും തെന്നി മാറുന്ന മലനിരകൾ. വീണ്ടും ആവേശത്തോടെ നമ്മൾ ഓടും. ആകാശം തൊട്ടു തലോടി നിൽക്കുന്ന മലനിരകളെ എത്ര കണ്ടാലും മതിവരില്ല .സർച്ചുവിൽ നിന്നും 142 കിലോമീറ്റര് അകലെ സ്ഥിതി ചെയ്യുന്ന TANGLANG LA ആണ് അടുത്ത ലക്‌ഷ്യം. KARDHUNG LA കഴിഞ്ഞാൽ രണ്ടാം സ്ഥാനം ആണ് TANGLANG LA. 17582 FEET.

TANGLA LA വർണവിഭവമായ കാഴ്ച ആണ് നമുക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്.ടിബറ്റൻ ഫ്ളാഗിനാൽ മൂടി അലങ്കരിക്കപ്പെട്ട TANGLA LA ബോർഡിനുമുന്നിൽ റൈഡേഴ്സ് ന്റെ വലിയൊരു നിരയെ ഞങ്ങൾ കണ്ടു.എല്ലാവരും പരസ്പരം ചിത്രങ്ങൾ പകര്ത്താന് സഹായിക്കുന്നു. ഞങ്ങൾക്കും അവർ ചിത്രം പകർത്താൻ സഹായിച്ചു. അവരുടെ കണ്ണുകളിൽ കാണാം വിജയത്തിന്റെ സന്തോഷം. ഇവിടെനിന്നും 115 കിലോമീറ്റര് ആണ് LEH ലേക്കുള്ളത്.58 കിലോമീറ്റര് അകലെയുള്ള UPSHI ലെത്തിയാൽ പിന്നെ ചെറിയ വീടുകളും ഗ്രാമ പ്രദേശങ്ങളും കാണാൻ കഴിയും. നല്ല വെയിൽ കിട്ടുന്ന പ്രദേശങ്ങളാണിവിടം,മുന്നോട്ടുപോകുന്തോറും ആള്താമസമുള്ള പ്രദേശങ്ങൾ കൂടി വന്നു..KARU എത്തുമ്പോൾ, ചെറിയൊരു സിറ്റി ആണി ,കൂടുതൽ വാഹനങ്ങളും ആളുകളും നമുക്കിവിടെ കാണാം..അവിടെ നിന്നും 40 കിലോമീറ്റര് അകലെയുള്ള LEH യിലേക്കുള്ള യാത്ര വളരെ ആകര്ഷണീയമാണ് “KINGDOM OF LADAKH ” എന്ന് ഈ സ്ഥലത്തെ വിശേഷിപ്പിച്ചതിൽ അത്ഭുതമില്ല, LEH ഒരു COLD DESERT ആണെന്ന് നമുക്കു തോന്നും .

അധികം പച്ചപ്പ് കാണാനില്ലെങ്കിലുംഉയർന്നും താഴ്ന്നും സമതലമായും കിടക്കുന്ന ഭൂമിയും നീലാകാശവും ഇടയ്ക്കിടെ നിൽക്കുന്ന മരങ്ങൾക്കു ഒരു പ്രത്യേക ഭംഗി ആണ്. റോഡിനിരുവശവും ക്രത്യമായ അളവിൽ നീണ്ടുപോയിരിക്കുന്ന കാനയിലൂടെ തെളിഞ്ഞു ശുദ്ധമായൊഴുകുന്ന വെള്ളം നമ്മുടെ ശ്രദ്ധയെ ആകർഷിക്കും. സംരക്ഷണ കവചം പോലെ ദൂരെ തല ഉയർത്തി നിൽക്കുന്ന ഹിമാലയ സാനുക്കൾ എന്നും നമുക്ക് ഒരു അത്ഭുതമാണ്.ഇടയ്ക്കു കൃഷി പ്രദേശങ്ങളും കാണാം ,ബാർലി ആണ് അവിട പ്രധാന കൃഷി.റോഡരികിൽ ചില സ്ഥലങ്ങളിൽ ദലൈലാമ യുടെ ചിത്രങ്ങൾ വയ്ചിരിക്കുന്നതും പ്രതിമകൾ സ്ഥാപിച്ചിരിക്കുന്നതും കാണാം. 4 മണിയോടെ ഞങ്ങൾ LEH യിൽ എത്തിച്ചേർന്നു. ടൗണിലേക്കുള്ള വഴികളിൽ ഇടയ്ക്കിടെ ആർമി ക്യാമ്പുകൾ കാണാം എങ്കിലും തികച്ചും സമാധാനപരമായ അന്തരീക്ഷമാണ് അവിടം.പലയിടത്തായി ശന്തിസ്തൂപങ്ങളും അതിനു ചുവട്ടിൽ പ്രാർഥിക്കുന്ന ബുദ്ധ സന്യാസിമാരെയും ഞങ്ങൾ കണ്ടു.

വൈകിട്ട് 5.30 ഓടെ Leh എത്തി റൂം എടുത്തു. നേരിയ ഒരു ശ്വാസതടസം എനിക്ക് അനുഭവപ്പെട്ടിരുന്നു. സ്റ്റെപ്പ് കയറുക ഓടുക സ്പീഡിൽ നടക്കുക തുടങ്ങിയവ ചെയുമ്പോൾ കൂടുതൽ Breathing Dificulty അനുഭവപ്പെടുന്നുണ്ടായിരുന്നു. കർപ്പൂരം ഒരു പാക്കറ്റ് കരുതുന്നത് നല്ലതാണ് ഇടക്ക് മണത്താൽ മതി . സർച്ചുവിൽ വച്ച് യാത്ര കഴിഞ്ഞു മടങ്ങുന്ന ഒരു ആസാം യാത്രികൻ ആണ് ഈ വിവരം നൽകിയത്. അദ്ദേഹം മൂന്നു ചെറിയ കുട്ടികളും ഭാര്യയും ആയാണ് ലഡാക്ക് കാണാൻ വന്നത്. തന്റെ കൈയ്യിലുണ്ടായിരുന്ന കർപ്പൂരം ഞങ്ങൾക്ക് നൽകി. അങ്ങനെയൊരു വിശ്വാസം ഉള്ളിൽ വന്നത് കൊണ്ടായിരിക്കാം അത് എനിക്ക് ഉപകാരപെട്ടു.

പിറ്റേ ദിവസം ലഡാക്കിൽ ഒന്ന് കറങ്ങാം എന്ന് തീരുമാനിച്ചു. ഒരു നാൽപതു കിലോമീറ്ററോളം ശ്രീനഗർ റൂട്ടിൽ സഞ്ചരിച്ചു അവിടെനിന്നും ഭക്ഷണം കഴിച്ചു തിരിച്ചു വരുന്ന വഴി മാഗ്നറ്റിക് ഹിൽസ് കണ്ടു. KHARDUNG-LA – PANGONG പെര്മിഷന് എടുക്കാൻ ഒരുങ്ങുമ്പോൾ ആണ് അറിയുന്നത് മണാലിയിൽ നിന്നുമുള്ള HP registration Rental വണ്ടികൾ കടത്തി വിടില്ല എന്ന്. ചില സുഹ്രത്തുക്കൾ പറഞ്ഞുള്ള അറിവുണ്ടെങ്കിലും അത് വലിയ പ്രശ്നമല്ലെന്നും സുഹ്രത്തിന്റെ ബൈക്ക് ആണെന്ന് പറഞ്ഞാൽ മതിയെന്ന് അറിവ് ലഭിച്ചിട്ടുള്ളതിനാൽ അങ്ങനെ നോക്കാമെന്നു കരുതി. പക്ഷെ പിന്നീടാണ് അതൊന്നും വിലപ്പോകില്ല എന്ന് അറിഞ്ഞത്. രാത്രിയിൽ ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ കണ്ടു മുട്ടിയ ഒന്ന് രണ്ടു റൈഡേഴ്സ് നോട് വിവരം തിരക്കി .HP registration വണ്ടികൾ സ്വന്തം ആണെങ്കിൽ മാത്രം കടത്തി വിടുകയുള്ളു. സ്വന്തം വണ്ടിയാണെങ്കിൽ ഏത് state registration ആണെങ്കിലും permit ലഭിക്കും. ഹിമാചൽ രജിസ്‌ട്രേഷൻ ഒഴിച്ച് ബാക്കി ഏതു സ്റ്റേറ്റ് റെന്റൽ വണ്ടികളും കയറ്റി വിടുംതാനും അങ്ങനെ ഞങ്ങൾ JK Registration ബൈക്ക് RENTന് കൊടുക്കുന്ന ഒരു കടയിൽ നിന്നും ബൈക്ക് എടുത്തു. BULLET 500 സ്റ്റാൻഡേർഡ് (500 STANDARD ബൈക്കുകളുടെ ബാക്ക് സീറ്റ് വളരെ COMFORTABLE ആയാണ് എനിക്ക് തോന്നിയത്. BACK PAIN ഉണ്ടായില്ല) 19 KM ഓടിയിട്ടുള്ള ഒരു പുത്തൻ വണ്ടിയാണ് ഞങ്ങൾക്ക് കിട്ടിയത്. ക്യാരിയറെല്ലാം അവർ തന്നെ സെറ്റ് ചെയ്തുനൽകി.

അടുത്ത ദിവസം രാവിലെ 7 മണിയോടെ ഞങ്ങൾ LEH യിൽ നിന്നും യാത്ര തുടങ്ങി.11562 അടി(LEH)നിന്നും 18380 അടി ഉയരത്തിലേക്കുള്ള യാത്ര വെറും 39 കിലോമീറ്റർ ദൂരം അരികെ. കുറച്ചു അധികം വെള്ളവും choclatesഉം കൈയിൽ കരുതാൻ മറക്കരുത് വള്ളം കുടിക്കുന്നത് AMS തടയുന്നതിനു സഹായിക്കും.കല്ലും മണ്ണും ചെളിയും നിറഞ്ഞതും, അപകടകരമായി നിൽക്കുന്ന വളവുകളും ഉള്ള വഴി. വഴിയിൽ വിചാരിച്ചപോലെ തന്നെ ബൈക്കുകൾ തടയുന്ന സംഘം നിൽപ്പുണ്ടായിരുന്നു. JK രെജിസ്ട്രേഷൻ കണ്ടപ്പോൾ കുഴപ്പമൊന്നുമില്ല. കൂടാതെ ഒരു മഞ്ഞകളർ സ്ലിപ് അവരെ കാണിക്കുകയും ചെയ്തു അത് ബൈക്ക് റെന്റിനു എടുക്കുമ്പോൾ ലേഹ് യിൽ നിന്നും കിട്ടും. പിന്നിട്ട വഴിയിലേക്ക് നോക്കുമ്പോൾ ചെറുതായി ഒന്ന് നടുങ്ങും. കടന്നുപോന്ന വഴിയും അതിലൂടെ വരുന്ന വാഹങ്ങളും ഒരു പൊട്ടുപോലെ നമുക്ക് കാണാം.ഇടയ്ക്കു ഞങ്ങൾ ഒന്ന് നിർത്തി. ഈ സന്തോഷം പങ്കിടാൻ ഒരാളെയും ഞങ്ങൾക്കു കിട്ടിയില്ല അവിടെ. കുറച്ചു കഴിഞ്ഞപ്പോൾ അങ്ങ് ദൂരെയായി ഞങ്ങൾ കണ്ടു റൈഡേഴ്സ് വരുന്നുണ്ട്. എല്ലാവരും ഒറ്റ ലക്ഷ്യത്തിലേക്കു. മനസ്സുനിറഞ്ഞുള്ള ആ യാത്ര … അതിനു പറഞ്ഞറിയിക്കാനാവാത്ത സൗന്ദര്യം ആണ്. ഒപ്പം വന്നെത്തിയ മൂന്നു ബൈക്കുകൾക്കൊപ്പം ഞങ്ങളും യാത്ര തുടർന്നു. ആർക്കും ആരെയും ശ്രദ്ധിക്കാനുള്ള സമയം ഇല്ല പക്ഷെ എതിർദിശയിൽ വരുന്ന റൈഡേഴ്സ് കൈ ഉയർത്തി ആശംസകൾ നേർന്നുകൊണ്ട് ഓടി മറയുമ്പോൾ അവരുടെ വിജയത്തിൽ നമ്മൾ സന്തോഷിച്ചു പോകും. ആ നിമിഷം എന്ത് കല്ല് എന്ത് മണ്ണ്. മനസ്സിൽ Khardung La എന്ന ലക്‌ഷ്യം മാത്രം.

12 മണിയോടെ ഞങ്ങൾ KHARDUNG LA യിൽ എത്തി, വേറെയും യാത്രികർ ഉണ്ടായിരുന്നു അവിടെ oxygen കുറവായതിനാൽ AMS നു കൂടുതൽ ചാൻസ് ഉണ്ട്. അവിടെ അരമണിക്കൂറിൽ കൂടുതൽ നില്ക്കാൻ ആരെയും അനുവദിക്കുകയില്ല. സ്വപ്നത്തിലും ചിത്രങ്ങളിലും മാത്രം കണ്ടിട്ടുള്ള സ്വർഗ്ഗലോകം നേരിൽ കണ്ടപ്പോൾ വേറൊന്നും ആലോചിക്കാനുള്ള സമയം ഉണ്ടായില്ല. സൈൻ ബോർഡിനൊപ്പം നിന്ന് ചിത്രങ്ങൾ എടുക്കുന്നതിന്റെയും കണ്മുന്നിൽ കാണുന്ന അത്ഭുതത്തെ ഹൃദയത്തിലേക്കും പകർത്തുന്നതിന്റെ തിരക്കിലായിരുന്നു ഞങ്ങൾ, ഏകദേശം അരമണിക്കൂറോളം ഞങ്ങൾ അവിടെ നിന്നു. പന്ത്രണ്ടര യോടെ ഞങ്ങൾ അവിടെനിന്നും ഇറങ്ങി. ഇനി കയറ്റമെല്ലാം ഇറങ്ങണം.ഒരു ഇരുപതു കിലോമീറ്ററോളം വഴി വളരെ മോശമാണ് റോഡിനിരുവശവും മഞ്ഞു നിറഞ്ഞു കിടക്കുന്നു. ഉണർന്നു നിൽക്കുന്ന മലകളും മഞ്ഞു പുതച്ചു നിൽക്കുകയാണ്. ഇടയ്ക്കിടെ മഞ്ഞുരുകി വരുന്ന വെള്ളച്ചാലുകളിൽ നിന്നും തെറിക്കുന്ന വള്ളം കാലിൽ തട്ടി ഷൂ നനയാൻ ചാൻസ് ഉണ്ട് സോക്സ്‌ തുളച്ചു താഴേക്കിറങ്ങുമ്പോൾ ആണ് തണുപ്പിന്റെ ഗാഢത മനസിലാകുന്നത് (പിശുക്കു കാണിക്കാതെ quality ഉള്ള തെർമൽ T Shirts, ക്വാളിറ്റി ഉള്ള Jackets, സോക്സ്‌ എന്നിവ വാങ്ങുക)

യാത്രയ്ക്കൊരുങ്ങുന്നവർക്കു രണ്ടു options ഉണ്ട്. khardungla യിൽ നിന്നും തിരിച്ചു ലെഹയിൽ വന്നു CHANGLA വഴി PANGKONG പോകാം അല്ലെങ്കിൽ NUBRA VALLEY കണ്ട് അവിടെ ഒരു ദിവസം തങ്ങിയിട്ട് SHYOK വഴിയും പോകാം (അധികം കാഴ്ചകൾ ഇല്ലെങ്കിലും NUBRA VALLEY ഒരു നല്ല ഗ്രാമപ്രദേശം ആണ്. അവിടെ പോയത് അബദ്ധമായി, സമയം വെറുതെ പോയി എന്ന് ദുഖിക്കുന്നവർ ഉണ്ടെങ്കിൽ, ഒരിക്കലും അത് ഒരു നഷ്ടമല്ല INDIA യുടെ ഏറ്റവും അവസാനത്തെ രണ്ടു അതിർത്തി ഗ്രാമങ്ങൾ ആണ് HUNDER ഉം DISKIT ഉം അവിടം പോയി കണ്ടു എന്ന് പറയുന്നത് ഒരു ചെറിയ കാര്യമല്ല. അവരുടെ TRADITIONAL DANCE കാണാൻ യാത്രികർക്കായി പ്രത്യേകം സ്ഥലം ഉണ്ട് . CAMEL RIDE നടത്താൻ താല്പര്യമുള്ളവർക്ക് ഇവിടം നല്ലൊരു OPTION ആണ്. ഞങ്ങൾ HUNDERലാണ് താമസിച്ചത്.മുറിയിലെത്തി ഫ്രഷ് ആയി പുറത്തു പോയി ഭക്ഷണം കഴിച്ചു മടങ്ങി വന്നപ്പോൾ ആണ് താമസിക്കുന്ന റൂമിന്റെ കർട്ടൺ ഒന്ന് മാറ്റിയത്അപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.

ജനലിനു അപ്പുറം മഞ്ഞു പുതച്ചു ഉയർന്നു നിൽക്കുന്ന മലനിരകൾ. എത്ര കണ്ടാലും കൊതി തീരാത്ത മഞ്ഞു മലയിലേക്കു നോക്കി ചെറിയൊരുറക്കം കഴിഞ്ഞു വൈകുന്നേരം ഞങ്ങൾ പുറത്തിറങ്ങി അധികം തണുപ്പില്ല, പക്ഷെ നേരം വൈകുന്തോറും തണുപ്പ് കൂടി വരും. ഭക്ഷണം പ്രത്യേകമായി ശ്രദ്ധിക്കണം അധികം സ്പൈസി ഫുഡ്സ് ഒഴിവാക്കുക. GASTRIC PROBLEMS ഉണ്ടാകാൻ ഇടയുണ്ട്. ബ്രഡ് ഓംലറ്റ് നല്ലതാണ് മറ്റുള്ള നോൺ -വെജ് ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് നല്ലതാണ്. അത്താഴത്തിനു കുറച്ചു സ്പൈസി ഫുഡ് ആയിരുന്നു ഞങ്ങൾക്ക്കവിടെ കിട്ടിയത്. രാത്രി ആയപ്പോൾ പുള്ളിക്കാരന് ചെറുതായി വയറിനു പ്രശ്നങ്ങൾ ഉണ്ടായിരുന്നു PANTOCID 40 TABLET കൈയിൽ കരുതുക ,നമ്മുടെ നാട്ടിൽ കിട്ടുന്ന ഇഞ്ചി മിട്ടായി വളരെ നല്ലതാണ് അതും അത്യാവശ്യം വേണ്ടതായ ORS PACKET ഉം എടുക്കുക.

രാവിലെ ആരോ ജനലിൽ തട്ടി വിളിക്കുന്നത് കേട്ടാണ്അദ്ദേഹം എഴുന്നേൽക്കുന്നത്. നോക്കിയപ്പോൾ ആരുമില്ല. പക്ഷെ വീണ്ടും ശബ്ദം കേട്ടപ്പോഴാണ് WINDOW GLASS ലേക്ക ശ്രദ്ധിക്കുന്നത്.ഒരു പക്ഷി ജനലിന്റെ ചില്ലിൽ വന്നു ചുണ്ടു കൊണ്ട് കൊത്തി ശബ്ദമുണ്ടാക്കി ഞങ്ങളെ വിളിച്ചെഴുന്നേൽപ്പിക്കുകയാണ്. എന്തൊക്കെയോ അത് പറയുന്നുമുണ്ട്. അദ്ദേഹം എന്നെ വിളിച്ചെഴുന്നേല്പിച്ചു. ആ മനോഹരമായ നിമിഷം ഞങ്ങൾ ക്യാമറയിൽ പകർത്തി. പക്ഷിയെ നിരുത്സാഹ പെടുത്താതെ ഞങ്ങൾ എഴുന്നേറ്റു. അടുത്ത ലക്ഷ്യം PANGKONG ആണ് .കഥകളിലും ചിത്രങ്ങളിലും മാത്രം പറഞ്ഞറിവുള്ള ആ നീലത്തടാകം. എത്തിപെടാനും ബുദ്ധിമുട്ടാണെന്നും അറിയാം. രാവിലെ പ്രഭാത ഭക്ഷണവും കഴിഞ്ഞു ഞങ്ങൾ ഇറങ്ങി.

NUBRA യിൽ നിന്നും240 KM ആണ് പാങ്കോങ് ലേക്ക് . അതിൽ ആദ്യത്തെ ഒരു 50KM ഓളം റോഡ് മോശം ആണ് (വഴിയിൽ പണികൾ നടക്കുന്നുണ്ട്, 2020 ലേക്കുള്ള യാത്രികർക്ക് നല്ല റോഡ് തീർച്ചയായും ലഭിക്കും). വലിയ WATER CROSSING കളും ഈ വഴിയിൽ വരുന്നുണ്ട്.ഈ വഴിയിലാണ് SHOK RIVER വരുന്നത്. ചെളി നിറഞ്ഞ വെള്ളമാണ് ഈ നദിയിലൂടെ വരുന്നത് .വണ്ടി പോകുന്നത് മണലിലൂടെ ആണ്. ചെറുതായി മരുഭൂമിയിലൂടെ പോകുന്ന ഒരു ഫീൽ ഉണ്ടാകും. ഈ വഴിയിൽ അധികം സ്പീഡിൽ വണ്ടി ഓടിക്കുന്നത് അപകടമാണ്. മണലായതു കൊണ്ട് താഴ്ന്നു പോകാനും സ്ലിപ് ആകാനും ചാൻസ് ഉണ്ട് . 50KM കഴിഞ്ഞാൽ പാങ്കോങ് വരെ നല്ല റോഡ് ആണ്.

TANGTSE എത്തിയപ്പോൾ ഞങ്ങൾ ഭക്ഷണം കഴിക്കാൻ നിർത്തി .അവിടെ റൈഡേഴ്സ് ന്റെ ഒരു വലിയ കൂട്ടത്തെ ഞങ്ങൾ കണ്ടു. നിരനിരയായി നിർത്തിയിട്ടിരിക്കുന്ന ROYAL ENFIELD ബൈക്കുകൾ മുകളിൽ പാറിപറക്കുന്ന LEH-FLAG നോടൊപ്പം തലയുയർത്തി നിൽക്കുന്ന കാഴ്ച ഒരു അനുഭവം തന്നെയാണ്. (തുടരും..)

അടുത്തഭാഗം വായിക്കുവാനായി – CLICK HERE .

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply