പത്മാവതിയുടെ ജീവത്യാഗത്തിനു സാക്ഷിയായി രക്തം മണക്കുന്ന ചിറ്റോർകോട്ട…!!!

വിവരണം – Nabeel Mohammed KT.

ഇന്ത്യയിലെ ഏറ്റവും വലിയ കോട്ട…, Unesco യുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ മലമുകളിൽ സ്ഥിതിചെയ്യുന്ന പ്രധാനപ്പെട്ട കോട്ടകളിൽ ഒന്ന്….,
ചരിത്രത്തിൽ പ്രശസ്തയായ പത്മാവതി/പത്മിനി യുടെ ജീവത്യാഗത്തിനു സാക്ഷിയായി എന്നു വിശ്വസിക്കപ്പെടുന്ന കോട്ട.. അങ്ങനെയങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ട് ചിറ്റോർകോട്ടയ്ക്ക്… നൂറ്റാണ്ടുകളുടെ ചരിത്രപാരമ്പര്യമുള്ള ഈ കോട്ടയെക്കുറിച് എഴുതുമ്പോൾ ചരിത്രത്തെ വിസ്മരിക്കുക അസാദ്യം…

692 ഏക്കറോളം സ്ഥലത്തായി പരന്നു കിടക്കുന്ന ഈ കോട്ട 6ആം നൂറ്റാണ്ടിന്റെ അവസാനത്തിലോ 7ആം നൂറ്റാണ്ടിന്റെ തുടക്കത്തിലോ ആയി പഴയ ചിത്രകുഡ്(ഇന്നത്തെ ചിറ്റോർ) ഭരിച്ചിരുന്ന “ചിത്രങ്കട മൗര്യ” ആണ് ഉണ്ടാക്കിയത് എന്നു വിശ്വസിക്കപ്പെടുന്നു.. ഇന്നത്തെ ചിറ്റോർ എന്ന നാമം വന്നതും അദ്ദേഹത്തിന്റെ പേരിൽ നിന്നാണത്രേ.. യുദ്ധത്തിന്റെയും ചതിച്ചുനേടുന്നതിന്റെയും ചരിത്രം ഇവിടെത്തുടങ്ങുന്നു.. 7 ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽതന്നെ തെക്കേ രാജസ്ഥാന്റെ ഭാഗങ്ങൾ ഭരിച്ചിരുന്ന ഗുഹില രാജവംശത്തിലെ രാജാ ബപ്പ രവാൾ കോട്ട പിടിച്ചടക്കി.. 1700 കളിൽ വടക്ക്-പടിഞ്ഞാറ് ഭംഗങ്ങൾ കീഴടക്കിയ അറബികളിൽ നിന്നാവാം ഇദ്ദേഹം കോട്ട പിടിച്ചടക്കിയത് എന്നൊരു ചരിത്രവും ഉണ്ട്… ഇദ്ദേഹമാണ് മേവാർ രാജ്യം സ്ഥാപിച്ചത് എന്നു പറയപ്പെടുന്നു..

1303 ലെ അല്ലാഹുദ്ധീൻ ഖിൽജിയുടെ ആക്രമണം വരെ ഗുഹില വംശജരായിരുന്നു ഇവിടം ഭരിച്ചത്.. ഖിൽജിയുടെ പടയോട്ടക്കാലത്തു രത്‌നസിംഹൻ ആയിരുന്നു രാജാവ്. (ചരിത്രത്തിൽ അദ്ദേഹത്തിന് രജപുത്ര മുഖം കൊടുക്കുകയും രാജാ രത്തൻസിങ് എന്നായി നാമം മാറ്റിമറിക്കപ്പെടുകയും ചെയ്തു എന്നാണ് അധിക ചരിത്രകാരന്മാരുടെയും അഭിപ്രായം) 8 മാസത്തോളം നീണ്ടുനിന്ന യുധത്തിലാണ് ഖിൽജി കോട്ട പിടിച്ചടക്കിയത്.. 30000 ത്തോളം വരുന്ന ആളുകളെ ഖിൽജി കൂട്ടക്കൊല ചെയ്തുവെന്നത് അദ്ദേഹത്തിന്റെ തെന്നെ രാജസഭാങ്ങവും സൂഫി വാര്യനുമായ അമീർ ഖുസ്രു സാക്ഷ്യപ്പെടുത്തുന്നു..!! എന്നിരുന്നാലും രത്നസിംഹന് അതിസുന്ദരിയായ പത്മിനി എന്നു പേരുള്ള ഒരു ഭാര്യ ഉണ്ടായിരുന്നതായും അവളെ സ്വന്തമാക്കാനാണ് ഖിൽജി യുദ്ധം ചെയ്തത് എന്നും പറയപ്പെടുന്നു.. എന്നാൽ പത്മാവതിയും കൂടെ 16000 സ്ത്രീകളും തീയിൽ ഇറങ്ങി ജീവത്യാഗം ചെയ്തുവെന്നത് ഉത്തരാധുനിക ചരിത്രകാരന്മാർ ആരും അംഗീകരിച്ചിട്ടില്ല എന്നതാണ് വാസ്തവം.. ഇവരിൽ പലരും പത്മാവതി എന്ന ഐതിഹാസിക കഥാപാത്രത്തിന്റെ ചരിത്രം ഒരു ഗൂഢാർത്ഥകഥ ആയിട്ടുമാത്രം കാണുന്നവരാണ്..

അമീർ ഖുസ്രുവിന്റെ ചരിത്രലിപികളിൽ അടുത്തുതന്നെയുള്ള റത്തൻപൂർ കോട്ട പിടിച്ചടക്കിയതും, അവിടെ സ്ത്രീകൾ ജീവത്യാഗം(Jauhar) ചെയ്തതും പ്രതിപാദിച്ചിട്ടുണ്ടെങ്കിലും ചിറ്റോർ പിടിച്ചടക്കിയ ചരിത്രഭാഗങ്ങളിൽ അത്തരത്തിൽ ഒരു പരാമർശവും കാണാനായില്ല എന്നതും ഈ കഥ ഒരു കെട്ടുകഥയാവാം എന്നുള്ള സംശയത്തിന് മാറ്റ് കൂട്ടുന്നു.. എന്തൊക്കെയായാലും ഖിൽജി കോട്ട പിടിച്ചടക്കുകയും അത് ഒരേയൊരു മകനായ കൈസർ ഖാന് നൽകുകയും ചെയ്തു.. 8 വർഷത്തോളം അദ്ദേഹം “കിസ്റാബാദ്” എന്നു നാമാകിരണം ചെയ്ത് ചിറ്റോർ രാജ്യം ഭരിച്ചു.. പിന്നീട് രജപുത്രരുടെ ചില എതിർപ്പുകൾ കാരണം ഭരണം അദ്ദേഹത്തിന്റെ പ്രധാന ഉദ്യോഗസ്ഥനായിരുന്ന മാൾദേവക്ക് നൽകി.. അദ്ദേഹത്തിൽ നിന്നും 1318 ൽ ഹമ്മിർ സിംഗ് കോട്ട പിടിച്ചടക്കുകയും ചിറ്റോർ ന്റെ പഴയ സുവർണകാലഘട്ടം തിരികെ കൊണ്ടുവരികയും ചെയ്തു.. ഒരുപാട് യുദ്ധങ്ങളിൽ ജയിച്ചു മുന്നേറിയ അദ്ദേഹത്തിനു ശേഷം കെത്ര സിങ്, ലാഖ, രാണകുംഭ, റാണ ഉദായസിംഹ, റാണ റൈമാൽ, റാണ സംഘ എന്നിവർ 1527ൽ ബാബർ കോട്ട ആക്രമിച്ചു കീഴടുക്കുന്നത് വരെ ഭരണം നടത്തി.. ധീരനായിരുന്ന റാണസങ്കയുടെ പതനത്തോടു കൂടി ഇനിയൊരു തിരിച്ചുവരവ് അസാധ്യമാം വിധം രജപുത്ര കൂട്ടുകെട്ട് തന്നെ ചിന്നിച്ചിതറി…

ഇനി ചരിത്രം വിടാം… ശെരിക്കും ഒരു അത്ഭുതം തന്നെയാണ് ഈ കോട്ടയുടെ നിർമിതി.. 7 ആം നൂറ്റാണ്ടിൽ കോട്ട നിർമ്മിക്കുമ്പോൾ ഇന്ന് കാണുന്നതല്ലായിരുന്നു മുൻവശം.. 15ആം നൂറ്റാണ്ടിലാണ് പിൻവശത്തിലൂടെ വഴി ഉണ്ടാക്കിയത്. ഇപ്പോൾ നമ്മൾ എത്തിച്ചേരുന്ന വഴി കോട്ടയുടെ പിൻവശത്തുകൂടിയാണ് എന്നതാണ് വാസ്തവം. ഏഴ് കവാടങ്ങൾ കടന്നു വേണം കോട്ടയ്ക്ക് മുകളിലേക്ക് എത്താൻ.. മുമ്പിലും പിന്നിലുമായി 14 വൻ കവാടങ്ങൾ..(ഇപ്പോൾ കവാടങ്ങൾക്ക് വ്യത്യസ്ത നാമം നൽകിയിട്ടുണ്ട്)

25 രൂപ ടിക്കറ്റ് എടുത്തു വേണം അകത്തു കയറാൻ. പിന്നെ ബൈക്കിന്റെ പാർക്കിങ് ഫീ ആയി ഒരു 10 രൂപ കൂടി നൽകി. അകത്തേക്ക് ചെല്ലുന്തോറും ആകാംക്ഷ കൂടിക്കൂടി വന്നു.. ഇതുവരെ കണ്ട കോട്ടകളിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമായിരുന്നു ചിറ്റോർ കോട്ട എന്നതിനാലാവാം.. രണ്ടായി പിരിയുന്ന വഴിയിൽ വലത്തോട്ടു തിരിഞ്ഞാൽ കോട്ടയുടെ പ്രധാന ഭാഗങ്ങൾ എല്ലാം കാണാം.. ആദ്യം ചെന്നെത്തിയത് വിക്ടറി സ്തൂപവും അതിനോട് ചേർന്നുള്ള പ്രധാന അമ്പലത്തിന്റെയും അടുത്തായിരുന്നു.. അവ കൊത്തുപണികളാൽ അതിമനോഹരമാക്കിയിരുന്നു.. രാജാ മഹാറാണ കുംഭ മാൾവാ രാജാവിനെതിരെ യുദ്ധംചെയ്തു നേടിയ വിജയത്തിന്റെ പ്രതീകമെന്നോണം നിർമ്മിച്ചതാണ് ആ സ്തൂപം.. ഒൻപത് തട്ടുകളായി നിർമ്മിച്ച ആ മന്ദിരത്തിന് മുകളിൽ വരെ നമുക്ക് ചെല്ലാം.. അവിടെനിന്നും ജാലകത്തിലൂടെയുള്ള കാഴ്ച അതിമനോഹരം തന്നെയാണ്.

റാണിയും പരിവാരങ്ങളും കുളിക്കാനായി ഉപയോഗിച്ചു എന്നു കരുതപ്പെടുന്ന ഗുമുക് കുണ്ട് ഇതിന്ന് അടുത്ത് തന്നെയാണ്. എന്നെ അതിശയിപ്പിച്ചത് അതിനോട് ചേർന്നുള്ള ഭൂഗർഭ അറയുടെ നിര്മിതിയായിരുന്നു. റാണിയെ കാണാൻ ആ കാലഘട്ടത്തിൽ ആർക്കും അനുമതി ഇല്ലാഞ്ഞതിനാൽ റാണിയുടെ യാത്രക്കായി ഉണ്ടാക്കിയതത്രെ അത്… റാണിയുടെ കൊട്ടാരം മുതൽ കുളം വരെ നീളുന്ന 1 km ഉം കുളത്തിൽ നിന്നും പ്രധാൻ ക്ഷേത്രത്തിലേക്കുള്ള 500 മീറ്ററും നീളുന്ന ഭൂഗര്ഭപാത ആ ഒരു പ്രദേശത്ത് നിമ്മിച്ചു എന്നത് വല്ലാത്ത ഒരു അത്ഭുതം തന്നെയാണ്..

പിന്നീട് പോയത് കോട്ടയ്ക്കുള്ളിലെ കൊട്ടാരത്തിന്റെ ഭാഗത്തേക്ക് ആയിരുന്നു… കുറെ ഭാഗങ്ങൾ യുദ്ധങ്ങൾ കാരണം ചെറുതായി നശിച്ചിട്ടുണ്ടെങ്കിലും നേരത്തെ സൂചിപ്പിച്ച റാണിയുടെ കൊട്ടാരം ഇപ്പോഴും അതിമനോഹരമാണ്.. ഒരു നില തീർത്തും വെള്ളത്തിലേക്ക് ഇറങ്ങി നിൽക്കും വിധം നിർമ്മിച്ച ഈ കൊട്ടാരത്തിൽ നിന്നാണ് ആ ഭൂഗർഭ വഴി ആരംഭിക്കുന്നത്.. അങ്ങനെ അറിയുന്നതും ഇനിയും അറിയാത്തതുമായി ഒരുപാട് അറകളും വഴികളും കാണാം എന്നു തോന്നി… വെറും തോന്നലായിരിക്കില്ല അത്…!! അത്രയ്ക്കും അത്ഭുതമാണ് കോട്ടയുടെ സൃഷ്ടി..

ഒരു ഉദാഹരണമെന്നോണം പറയാം, ആ ഒരു കോട്ടയ്ക്ക് ഉള്ളില്തന്നെ 84 കുളങ്ങൾ ഉണ്ടെന്നത് കേൾക്കുന്നതും ചിലപ്പോൾ അവിശ്വസനീയമായി തോന്നാം.. എന്നാൽ അതും വാസ്തവം.. ഈ കുളങ്ങളിൽ എല്ലാമായി 4 ബില്യൺ ലിറ്റർ വെള്ളം സൂക്ഷിക്കപ്പെട്ടിരുന്നത്രെ..!! ഒരു തുള്ളി മഴ കൂടി പെയ്തില്ലേലും 50000 ഭടനമ്മാർക്ക് 3 വർഷത്തിലും അധികകാലം കഴിയാനുള്ള വെള്ളം അവിടെ നിന്നും കിട്ടുമായിരുന്നു.. അങ്ങനെ പറയാനാണെകിൽ ഇനിയും ഒരുപാട് ബാക്കി.. ചരിത്രവും, നിര്മിതിയും, ഭൂമിശാസ്ത്രവും എല്ലാം പറയാനാണെങ്കിൽ അതിലും കൂടും….. തൽക്കാലം ഇതിൽ ചുരുക്കുന്നു…😇 ചരിത്രാന്വേഷികളായ സഞ്ചാരികൾക്ക് ചിറ്റോർ സന്ദർശനം തീർച്ചയായും ഒരു മറക്കാനാവാത്ത അനുഭവം തന്നെയാവും…

Check Also

ഹോട്ടൽ റൂമിൽ നിന്നും എന്തൊക്കെ ഫ്രീയായി എടുക്കാം? What can you take from hotel rooms?

Which free items can you take from a hotel room? Consumable items which are meant …

Leave a Reply