ആറു ദിവസം കൊണ്ടൊരു ഗോവൻ ബൈക്ക് യാത്ര..

റൂട്ട് :  അങ്കമാലി – തൃശ്ശൂർ – കോഴിക്കോട് – കണ്ണൂർ- ബേക്കൽ -മാംഗ്ലൂർ -ഉടുപ്പി – ഗോകർണ -ഗോവ. വിവരണവും ചിത്രങ്ങളും – Akhil Narayanan (http://www.temptinghorizon.com/).

#Day1 അങ്കമാലി – മാംഗ്ലൂർ (400kms). ജീവിതത്തിൽ തന്നെ വിരലിൽ എണ്ണാവുന്ന ദിവസങ്ങളെ രാവിലെ 3.30 നൊക്കെ എണീറ്റിട്ടുള്ളൂ . “അല്ലെങ്കിൽ എട്ടു മണി ആയാലും കണ്ണുതുറക്കാത്തവനാ ” അമ്മയുടെ വക കമന്റ് . നാല് മണിക്ക് അങ്കമാലിയിൽ നിന്നും യാത്ര തുടങ്ങാനായിരുന്നു പ്ലാൻ. പതിവ് തെറ്റിക്കാതെ എന്നെക്കാൾ മുൻപ് തന്നെ അർജുൻ അവിടെ എത്തിയിട്ടുണ്ടായിരുന്നു. അവന്റെ നിർബന്ധമായിരുന്നു ഗോവ. കുറെ നാളായി മനസ്സിലുണ്ടായിരുന്ന ഒരു സ്വപ്നത്തിന്റെ പൂർത്തീകരണമായിരുന്നു പിന്നീടങ്ങോട്ട്😍. ബൈക്കിൽ ഇതുവരെ പോയിട്ടുള്ളതിൽ വച്ച് ഏറ്റവും നീണ്ട യാത്ര ആയിരുന്നു അത്. ധനുഷ്‌കോടി ആയിരുന്നു അന്ന് വരെയുള്ള ലിമിറ്റ്.

ആദ്യ ദിവസം പറ്റുന്ന അത്രയും ഓടിക്കുകയായിരുന്നു ലക്ഷ്യം. ആകെ പ്ലാനിൽ ഉണ്ടായിരുന്നത് ബേക്കൽ കോട്ട ആണ്. ഉച്ചയോടെ ഞങ്ങൾ കണ്ണൂർ എത്തി. ഹൈവേയിലൂടെയുള്ള യാത്ര ആയതിനാൽ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല. വിചാരിച്ചതിലും നേരത്തെ ബേക്കൽ എത്തുമെന്ന് കരുതിയെങ്കിലും കണ്ണൂരിൽ പല സ്ഥലങ്ങളിലും ട്രാഫിക് ഉണ്ടായിരുന്നതിനാൽ നാല് മണിയോടെയേ ബേക്കൽ എത്താൻ കഴിഞ്ഞുള്ളു. 5 മണി വരെ ആണ് അവിടെ പ്രവേശനം. ആദ്യമായാണ് ബേക്കൽ സന്ദർശിക്കുന്നത്, ഏകദേശം രണ്ടു മണിക്കൂർ നടന്നു കാണാനുള്ള സ്ഥലം ഉണ്ട്. ബേക്കലിലെ സൂര്യാസ്തമനം അതീവ സുന്ദരമാണ്. ആറു മണിയോടെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി.

ഇരുട്ട് വീണു തുടങ്ങിയെങ്കിലും മാംഗ്ലൂർ പിടിക്കാൻ ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ അടുത്ത സ്ട്രെച്ചിൽ ഉപ്പൽ നിർത്തി ഒരു ചായയും കുടിച്ചു നേരെ മാംഗ്ലൂർക്കു വിട്ടു. 7.30 ഓടെ മാംഗ്ലൂർ എത്തിച്ചേർന്നു. ഓൺലൈനായി 500 രൂപക്ക് ഒരു റൂമും എടുത്തു അങ്ങനെ 400km പിന്നിട്ട് അന്നത്തെ യാത്ര അവസാനിപ്പിച്ചു. ദോഷം പറയരുതല്ലോ നിറയെ പോക്കറ്റ് റോഡുകളായതിനാൽ ബുക്ക് ചെയ്ത ഹോട്ടൽ കണ്ടെത്താൻ നല്ലോണം ബുദ്ധിമുട്ടി. രാത്രി ഫ്രഷ് ആയതിനു ശേഷം കുറച്ചു നടക്കാനിറങ്ങി, റോഡ് സൈഡ് തട്ട് അടിക്കാനായിരുന്നു പ്ലാൻ എങ്കിലും ഏറെ വൈകിയതിനാൽ ഒന്നും നടന്നില്ല. അവസാനം കുറച്ചു ചിപ്‌സും വാങ്ങി റൂമിലേക്ക് മടങ്ങി.

#Day2 – മാംഗ്ലൂർ – ഗോകർണ (240km ). അങ്കോള റെയിൽവേ സ്റ്റേഷൻ 2km, സൈൻ ബോർഡ് കണ്ടതും ആകെ കൺഫ്യൂഷൻ ആയി. ഗോകർണ കഴിഞ്ഞുള്ള സ്ഥലമാണ് അങ്കോള, ഗോകർണയിലേക് തിരിയാൻ അതുവരെ ഒരു ബോർഡും കണ്ടതുമില്ല. എന്തോ പന്തികേട് തോന്നി വണ്ടി നിർത്തി അടുത്ത കടയിൽ ചോദിച്ചപ്പോഴാണ് മനസിലായത്, ഗോകർണക്ക് ഒരു 10km മുൻപ് തിരിയണമായിരുന്നു. നെറ്റ്‌വർക്ക് ഇടകിടക്കെ ലഭ്യമായിരുന്നുള്ളു, അതും കെണിയായി. അങ്ങനെ ഞങൾ വണ്ടി തിരിച്ചു.

നേരത്ത രാവിലെ 6 മണിയോട് കൂടി മാംഗ്ലൂരിനോട് വിട പറഞ്ഞു ഞങ്ങൾ ഗോകർണ ലക്ഷ്യമാക്കി യാത്ര തുടങ്ങി. ഉഡുപ്പിയിൽ നിന്നും പ്രാതലും കഴിച്ചു ഉച്ചയോടെ ഗോകർണ എത്തി. മാംഗ്ലൂർ – ഉഡുപ്പി – കുന്ദാപുര – ഭട്കൽ – കുമ്ത – ഗോകർണ. നീണ്ടുനിവർന്നു കിടക്കുന്ന റോഡുകളാണ് ഈ റൂട്ട് മുഴുവൻ, എന്നാൽ ഹൈവേയിൽ നിന്ന് ഗോകർണയിലേക് തിരിയുന്നതോടു കൂടി വേറെ ഒരു ലോകം ആണ്. ചെറിയ റോഡുകളാണെങ്കിലും നല്ല കണ്ടീഷൻ ആണ്. ഒരു ഗ്രാമീണ അന്തരീക്ഷമാണ് അവിടം. പച്ചപ്പും, ചെറിയ വീടുകളും അതിനോട് ചേർന്നുള്ള കടകളും എല്ലാം വേറിട്ടൊരു അനുഭവമാണ്. ഏകദേശം ഒരു 10km കൂടി യാത്ര ചെയ്താലാണ് ഗോകർണയിൽ എത്താനാവുക.

അവിടെയും ഓൺലൈൻ വഴി ബുക്ക് ചെയ്തു തരക്കേടില്ലാത്ത ഒരു സ്റ്റേ സങ്കടിപ്പിച്ചു(900 രൂപ ). റൂമിൽ വന്നു ബാഗെല്ലാം ഇറക്കിയ ശേഷം അവിടുത്തെ മാനേജരോട് അടുത്തുള്ള സ്ഥലങ്ങളെല്ലാം ചോദിച്ചറിഞ്ഞു. ആദ്യം പോയത് മഹാബലേശ്വർ അമ്പലത്തിനടുത്തുള്ള മാർക്കറ്റ് റോഡിലേക്കാണ്. തീരെ ചെറിയ റോഡുകൾ, വീടുകളുടെ ഇടയിലൂടെയും, കടകളുടെ സൈഡിലൂടെയും മറ്റുമുള്ളവ. ചില സമയം കടകൾക്കുള്ളിലൂടെയാണോ വണ്ടി പോകുന്നത് എന്ന് വരെ തോന്നും. തുണിത്തരങ്ങൾ മുതൽ എല്ലാ സാധനകളും അവിടെ കിട്ടും. പർച്ചേസിംഗ് നടത്തുന്നില്ലെങ്കിലും മാർക്കറ്റ് ഒരു നല്ല അനുഭവമായിരിക്കും. പിന്നീട് പോയത് കുട്ല ബീച്ചിലേക്കാണ് ഗോവൻ ബീച്ചുകളുടെ അത്ര തിരക്കോ, അടിച്ചുപൊളിയോ ഗോകർണ ബീച്ചുകളിലില്ല. പൂർണ ശാന്തത, എല്ലാവരും അവരവരുടെ ലോകത്താണ് ഇവിടെ. ആകെ രണ്ടു ഷാക്കുകൾ മാത്രമാണ് ഇവിടെ ഉള്ളത്. കുറച്ചു ടൂറിസ്റ്റുകളും മറ്റു ചില കുട്ടികളും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.

ഗോകർണക്കൊപ്പം തന്നെ കേട്ടിരുന്ന ഒരു പേരാണ് ഓം ബീച്ച്. ഓം ആകൃതി ആണ് ബീച്ചിന് ആ പേര് നൽകിയത്. ഗോകർണയിൽ എനിക്കേറ്റവും ഇഷ്ടപെട്ട സ്പോട്ടും ഓം ബീച്ച് ആണ്. നമുക്കു കുടല് ബീച്ചിൽ നിന്നും ട്രെക്കിങ്ങ് ചെയ്തോ റോഡ് മാർഗമോ ഇവിടെ എത്തി ചേരാം. സമയക്കുറവു മൂലം രണ്ടാമത്തെ മാർഗമാണ് ഞങൾ സ്വീകരിച്ചത്. ട്രെക്കിങ് ഓപ്ഷൻ അടുത്ത തവണത്തേക്കു മാറ്റിവച്ചു .ഓം ബീച്ച് കുറച്ചു കൂടി ഉഷാറാണ്. കുറച്ചധികം നടന്നു കാണാൻ ഉണ്ട്. കടലിനുള്ളിലേക്ക് നീങ്ങി നിൽക്കുന്ന പാറക്കെട്ടുകളും ഭംഗിയേറിയതാണ്. എന്നാൽ പാറകൾ നല്ല വഴുക്കുള്ളതിനാൽ സൂക്ഷിക്കണം. അനുഭവം ഗുരു!😅 പാറയിൽ തെന്നി വീണു എന്റെ ഫോൺ വെള്ളത്തിൽ പോയി. ഭാഗ്യത്തിന് ഇന്നുവരെ അത് ഓൺ ആയിട്ടുമില്ല. കാലിലെ കുറച്ചു തൊലിയും പോയി. അതുകൊണ്ടു തന്നെ ഓം ബീച്ച് ഞാനെന്റെ ജീവിതത്തിൽ മറക്കില്ല. ഇരുട്ടിയതോടെ ഞങൾ അവിടെ നിന്നും മടങ്ങി.

രാത്രി ഫ്രഷ് ആയി പുറത്തിറങ്ങി. നല്ല ഭക്ഷണം തന്നെ ആയിരുന്നു ലക്‌ഷ്യം.നേരെ ഗോകർണ ബീച്ചിലേക്ക്, കുറച്ചധികം ഷാക്കുകൾ ഉള്ളതിവിടെയാണ്. എന്നാൽ അവിടെയൊക്കെ ചുറ്റിക്കറങ്ങി തിരിച്ചു മടങ്ങുന്ന വഴി ‘മന്ത്ര കഫേ ‘ യിൽ നിന്നാണ് ഡിന്നർ കഴിച്ചത്. പറയാതിരിക്കാൻ വയ്യ അത്ര നല്ല അന്തരീക്ഷം ആയിരുന്നു അവിടെ. ഒരു സെറ്റ് കൊത്തു പൊറോട്ടയും കഴിച്ചു ഞങ്ങൾ റൂമിലെത്തി.

#Day3 – അടുത്ത ദിവസം രാവിലെ പാരഡൈസ് ബീച്ചിനുള്ളതായിരുന്നു. താമസിക്കുന്ന സ്ഥലത്തു നിന്നും കുറച്ചു മാറി ആയിരുന്നു പാരഡൈസ് ബീച്ച്. ബീച്ചിന്റെ ഒട്ടുമിക്ക ഭാഗവും കടലെടുത്ത അവസ്ഥയിലാണ്. അതുകൊണ്ടു ആണോ എന്നറിയില്ല, ഞങൾ രണ്ടുപേരുമല്ലാതെ സഞ്ചാരികൾ ആയി മറ്റാരെയും അവിടെ കണ്ടില്ല. ബീച്ചിനു വേണ്ടിയല്ലെങ്കിലും അവിടേക്കുള്ള വഴി, അതിനു വേണ്ടി നിങ്ങൾ തീർച്ചയായും ഈ ബീച്ച് സന്ദർശിക്കണം. അത്ര മനോഹരമാണ് അവിടേക്കുള്ള റോഡുകൾ. ഒരു തികഞ്ഞ ഉൾപ്രേദേശം. സൂര്യോദയവും കണ്ടു അവിടെ നിന്നും തിരിച്ചു.

റൂമിലെത്തി പ്രാതലും കഴിഞ്ഞു ഞങ്ങൾ ബാഗ് എല്ലാം പാക്ക് ചെയ്തു. ഗോവ കൂടി പ്ലാനിൽ ഉണ്ടായിരുന്നതുകൊണ്ട് ഗോകർണ ഒരു ഓട്ടപ്രദിക്ഷണമായിപ്പോയി. ഗോകർണ തന്നെ 2 -3 ദിവസം കണ്ടാസ്വദിക്കാനുള്ളതുണ്ട്. അതുകൊണ്ടു തന്നെ ഒരു തിരിച്ചു വരവ് കൂടെ മനസിൽ ഉറപ്പിച്ചു ഗോകർണയോടു ഞങ്ങൾ വിട പറഞ്ഞു. ഇനിയങ്ങോട്ട് ഒരു പിടി സ്വപ്നങ്ങളാണ്, ഗോവയിലേക്കുള്ള റോഡുകൾ….

ഗോകർണ – ഗോവ : അങ്ങനെ ഗോകർണയോട് വിട പറഞ്ഞു ഞങ്ങൾ ഗോവയിലേക്ക് തിരിച്ചു. സൗത്ത് ഗോവയിൽ ആണ് സ്റ്റേ എടുത്തിരുന്നത്. ഗോകർണയിൽ നിന്നും 100km നോട് അടുത്തേയുള്ളൂ സൗത്ത് ഗോവയിലേക്ക്, അതുകൊണ്ടു തന്നെ നന്നേ ആസ്വദിച്ചു സാവധാനം ആണ് ഞങ്ങൾ നീങ്ങിയത്. കാർവാർ ആണ് ഇടക്കുള്ള ഒരു ആകർഷണം. കാർവാർ പിന്നിടുന്നതോടെ പതുക്കെ നമ്മൾ ഗോവൻ ബോർഡർ കടക്കുകയാണ്. എന്താണെന്നറിയില്ല പതിവിലും വിപരീതമായി ചെക്‌പോസ്റ്റിൽ നിർത്തേണ്ടി വന്നില്ല!

പിന്നെ നേരെ സൗത്ത് ഗോവ. അവിടെ പാലോലിം ബീച്ച്, അഗോണ്ട ബീച്ച്, കാബോ ഡി രാമാ ഫോർട്ട് ഇവ മൂന്നുമാണ് ഞങ്ങളുടെ ലിസ്റ്റിൽ ഉണ്ടായിരുന്നത്. ഉച്ചയോടെ സൗത്ത് ഗോവ എത്തി, പാലോലിം ബീച്ചിനടുത്താണ് സ്റ്റേ എടുത്തിരുന്നത്.ബാഗും മറ്റും വച്ച് പോകാൻ സൗകര്യത്തിനായി റൂം രണ്ടു ദിവസത്തേക്കാണ് ബുക്ക് ചെയ്തിരുന്നത്. ഫ്രഷ് ആയതിനു ശേഷം ഗോവൻ സ്പെഷ്യൽ ഫിഷ് കറിയും കൂട്ടി ഉഗ്രൻ ഒരു ഊണ്. അതും കഴിച്ചു നേരെ കാബോ ഡി രാമ ഫോർട്ട് ലേക്ക്.

ഏതാണ്ട് ബേക്കൽ ഫോർട്ട് പോലെ തന്നെ, എന്നാൽ അത്രയും ഭംഗി ആയി പരിപാലിക്കുന്നൊന്നുമില്ല, ആകെ പൊട്ടിപ്പൊളിഞ്ഞു അവശ അവസ്ഥയിലാണ്. ഫോർട്ടിന് പിറകിലായി കടലിലേക്ക് ഇറങ്ങിച്ചെല്ലാവുന്ന തെങ്ങിൻതോപ്പ് പോലുള്ള വളരെ മനോഹരമായ ചെറിയൊരു ഭാഗമുണ്ട്. കൂടാതെ ഫോർട്ടിനകത്തു ചെറിയൊരു പള്ളി കൂടി ഉണ്ട്, പെസഹാ ആയിരുന്നത് കൊണ്ട് അവിടെ എന്തൊക്കെയോ പരിപാടികൾ ഉണ്ടായിരുന്നു. സൗത്ത് ഗോവയിൽ നിന്നും ഫോർട്ടിലേക്കുള്ള റൂട്ടും നല്ല ഒരു അനുഭവമാണ്.

അവിടെ നിന്നും പോയത് അഗോണ്ട ബീച്ചിലേക്കാണ്, ഗോവയിലെ എന്റെ ഏറ്റവും ഇഷ്ടപെട്ട സ്പോട് അഗോണ്ട ബീച്ച് ആണ്. അത്രക്കും മാസമാരികമാണ് അവിടുത്തെ അന്തരീക്ഷം. സൂര്യാസ്തമയം അവിടെ ചിലവഴിച്ചു. അവിടെ അടുത്തുള്ള ഉൾവഴികളൊക്കെ കറങ്ങി രാത്രി പാലോലിം ബീച്ചിലെത്തി. ഗോവൻ ബീച്ചുകളെല്ലാം രാത്രിയിലും ലൈവ് ആണ്. പാലോലിം ബീച് നിറയെ ഷാക്കുകളാണ്. ബീച്ചിലൂടെ നടക്കുമ്പോൾ തന്നെ നമ്മളെ ക്യാൻവാസ് ചെയ്യാൻ ഒരുപാട് ആളുകൾ വരും. അവിടെ നിന്നൊരു ഡിന്നറും പാസാക്കി റൂമിലേക്ക് മടങ്ങി.

#Day4 – അടുത്ത ദിവസോം നോർത്ത് ഗോവ ആയിരുന്നു ലക്‌ഷ്യം. ഒരു ബൈക്കിലായിരുന്നു പിന്നീട് അങ്ങോട്ട് യാത്ര. സൗത്ത് ഗോവയും നോർത്ത് ഗോവയും ഏതാണ്ട് ഒരു 100km അകലം ഉണ്ട്. ഒരുപാട് സ്ഥലങ്ങൾ ലിസ്റ്റിൽ ഉണ്ടെങ്കിലും ഒരു ദിവസം കൊണ്ട് എല്ലാം നടക്കില്ലെന്നു ഞങ്ങൾക്കുറപ്പായിരുന്നു. കോൾവ ബീച്ചും ഡോണ പോള ജെട്ടിയും പോകുന്ന വഴിക്കായതുകൊണ്ടു അവിടെ രണ്ടിടത്തും ചെറിയ ബ്രേക്ക് എടുത്തു. ഇത് രണ്ടും സന്ദർശിച്ചില്ലെങ്കിലും വല്യ നഷ്ടവും ഒന്നുമില്ല എന്നാണ് എന്റെ ഒരു ഇത്.

പിന്നെ പോയതു ഗോവയുടെ ഹൈലൈറ് ആയ ചാപോറാ ഫോർട്ടിലേക്കാണ്, അല്ല ‘ദിൽ ചാഹ്താ ഹേ’ ഫോർട്ട് ലേക്കാണ് . അങ്ങനെ പറഞ്ഞാലല്ലേ അറിയൂ. സംഭവം കിടു ആണ്, ഫോർട്ടിൽ നിന്നുള്ള ബീച്ചിന്റെ വ്യൂവും മനോഹരമാണ്. എത്ര നേരം വേണമെങ്കിലും അങ്ങനെ കാറ്റും കൊണ്ടിരിക്കാം. പക്ഷെ കനത്ത വെയിലും ഫോട്ടോ എടുക്കാൻ ഉള്ളവരുടെ തിരക്കും ഞങ്ങളെ അതിനനുവദിച്ചില്ല. അടുത്തത് യുനെസ്‌കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റ് ആയ ഓൾഡ് ഗോവയിലേക്കാണ് പോയത്. ബോം ജീസസ് ചർച്ചും, ഓൾഡ് ഗോവ ചർച്ചും റോഡിനു ഇരു വശത്തുമായി നിലകൊള്ളുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടം വിസിറ്റ ചെയ്തിരിക്കണം. പള്ളിക്കു പുറത്തു നിന്നും കിട്ടുന്ന കുൽഫിയും കഴിക്കാൻ മറക്കണ്ട.

ഇനി കുറച്ചു സാഹസികത ആവാം, നേരെ വാഗത്തോർ ബീച്ചിലേക്കാണ് പോയത്. വാട്ടർ സ്പോർട്സ് നോർത്ത് ഗോവയിലെ എല്ലാ ബീച്ചിലും കോമൺ ആണ്. 1500 രൂപക്ക് തരക്കേടില്ലാത്ത ഒരു പാക്കേജ് എടുത്തു. പാരാസെയ്‌ലിംഗ്, റിങ് റൈഡ്, ജെറ്റ് സ്കീ ഇത് മൂന്നും ആണ് ഉണ്ടായിരുന്നത്. അവിടെ വലിയ ബിസിനസ് ആണിത്. പൈസ തട്ടാൻ പല അടവും അവർ കാണിക്കും, മാക്സിമം ശ്രദ്ധിക്കുക. വല്യ റിസ്ക് ഒന്നുമില്ലാത്ത ഐറ്റം ആണ് മൂന്നും, അതുകൊണ്ടു തന്നെ എല്ലാവര്ക്കും ചെയ്യാവുന്നതാണ്. അതും കഴിഞ്ഞു അർജുന ബീച്ചും, ബാഗാ ബീച്ചും സന്ദർശിച്ചു. ഗോവയിലെ ഏറ്റവും പ്രസിദ്ധമായ ബീച്ചുകളാണ് രണ്ടും. സീസൺ അല്ലാതിരുന്നിട്ടും നല്ല തിരക്കായിരുന്നു. എല്ലായിടത്തും റിസോർട്ടുകളും, ഷാക്കുകളും എല്ലാം ആവശ്യത്തിനുണ്ട്. ബാഗാ ലെയ്നിൽ നല്ല റ്റാറ്റൂ സ്റുഡിയോകളും ഉണ്ട്. അർജുൻ അവിടെ നിന്നും ടാറ്റൂവും ചെയ്തു. എല്ലാം കഴിഞ്ഞു തിരിച്ചു റൂം എത്തിയപ്പോഴേക്കും മണി 11. നീണ്ട ഒരു ദിവസം ആയതു കൊണ്ട് തന്നെ ബെഡ് കണ്ടതും ഞങ്ങൾ രണ്ടും ചാഞ്ഞു.

#Day5 : ഗോവ – കണ്ണൂർ ( 500km ). ഉച്ചക്ക് ഊണ് കഴിക്കാൻ മാത്രമാണ് കാര്യമായിട്ട് നിർത്തിയത്. ഒരു മുഴുനീള റൈഡിങ് ഡേ. വൈകിട്ട് 7 മണിയോടെ തലപ്പറമ്പ് എത്തി അന്നത്തെ യാത്ര അവസാനിപ്പിച്ചു. രാത്രി അടുത്ത് പോയി ഒരു തട്ടും അടിച്ചു കിടന്നുറങ്ങി.

#Day6 : കണ്ണൂർ – അങ്കമാലി (250km )- ഉച്ചയോടെ വീട് പിടിക്കാൻ തീരുമാനിച്ചു രാവിലെ തന്നെ ഇറങ്ങി. മുഴുപ്പിലങ്ങാട് ബീച്ച് ആയിരുന്നു ആകെ ഉണ്ടായിരുന്ന സ്റ്റോപ്പ്. പിന്നീട് ഞങ്ങൾ പിരിഞ്ഞു. കനത്ത ചൂടിനു ആകെ ഉണ്ടായിരുന്ന ആശ്വാസം ഇടക്കിടെ ഉണ്ടായിരുന്ന വഴിയോരങ്ങളിലെ കരിമ്പിൻ ജൂസും, തണ്ണിമത്തനും ആണ്. ഉച്ചതിരിഞ്ഞു വീട്ടിലെത്തിയപ്പോളുണ്ടായിരുന്ന ആ ഒരു സുഖം അത് പറഞ്ഞു അറിയിക്കാനാവാത്തതാണ്. അതിനു പുറമെ കോരിചൊരിഞ്ഞ പേമാരിയും. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത കുറച്ചു ദിവസങ്ങൾ അങ്ങനെ മനോഹരമായി പര്യവസാനിച്ചു

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply