വിവരണം – കിരൺ കണ്ണൻ (FB Profile – https://www.facebook.com/kiran.kannan.77).
നാഗാലാന്റിന്റെ തലസ്ഥാനമായ കോഹിമയിൽ നിന്നും 20 കിലോമീറ്ററോളം പടിഞ്ഞാറ് മാറി സ്ഥിതിചെയ്യുന്ന കൊനോമ എന്ന സുന്ദരഗ്രാമത്തെ കുറിച്ചെഴുതാം .. കുറച്ച് നീണ്ട കുറിപ്പാണ് ; സമയം കിട്ടുന്ന മുറയ്ക്ക് വായിച്ചോളൂ..
നോർത്ത് ഈസ്റ്റിലെ മറ്റെല്ലാ ഇടങ്ങളെയും പോലെ കോനോമയും ശൈല ഗ്രാമമാണ് . മലയുടെ ചെരിവുകളിൽ തട്ടുതട്ടായി നെല്ല് കൃഷി ചെയ്തിരിക്കുന്നു … !! തോരാത്ത മഴയിൽ ഒരു തട്ടിൽ നിന്നും അടുത്തിലേക്ക് മണ്ണിന്റെ ജീവൻ തുടിക്കുന്ന തണുത്ത വെള്ളം !! മലയുടെ ചെരിവുകളിൽ ലളിത ഭംഗിയോടെ നിർമ്മിച്ച വീടുകൾ !! ചെരിവുകളിലെ കുഞ്ഞുമുറ്റങ്ങളിൽ മരംകൊണ്ടുണ്ടാക്കിയ തട്ടുകളിൽ പലയടുക്കുകളായി ഒരുക്കി വച്ചിരിക്കുന്ന പൂച്ചെടികൾ ! വീടുകളിലെ മച്ചിൽ തൂക്കിയിട്ടിരിക്കുന്ന ചോളവും വെള്ളുള്ളികുലകളും .. !
മുൻവാതിൽ പടിയിലും മുറ്റത്തെ മരതടിയിലൊക്കെയും ഞാത്തിയിട്ടിയിരിക്കുന്ന പണ്ടെങ്ങോ വേട്ടയാടിപ്പിടിച്ച മൃഗങ്ങളുടെയും മറ്റ് ഉരഗങ്ങളുടെയും തലയോട്ടികൾ , കൊമ്പുകൾ … !!! വേട്ടയാടൽ എന്നത് അഗാമി ഗോത്രതിന്റെ ദിനചര്യയായിരുന്ന പഴയ കാലത്തിന്റെ അഭിമാന ബിംബങ്ങളാണ് അത്തരം Animal Head Trophies . പക്ഷെ ഇന്ന് കോനോമ അറിയപ്പെടുന്നത് ഇന്ത്യയിലെ ആദ്യത്തെ ഹരിത ഗ്രാമം എന്ന പേരിലാണ് .. ജനങ്ങൾ മുന്നിട്ടിറങ്ങി ഒരുകാലത്ത് അവരുടെ ജീവിതോപാധിയും സംസ്കാര ശൈലിയും തന്നെയായ വേട്ടയാടൽ പൂർണ്ണമായും നിർത്തി വച്ചിരിക്കുന്നു .
ഗ്രാമത്തിന്റെ മുക്കിലും മൂലയിലും ചവറിടാൻ സ്കൂൾ കുട്ടികൾ ഒരുക്കിവച്ചിരിക്കുന്ന മുളകൊണ്ടുള്ള കൂർമ്പൻ കൂടകൾ !! വീടിനൊപ്പം തന്നെ പണിയുന്ന പ്രിയപ്പെട്ടവർക്കുള്ള ശവകല്ലറകൾ …. കനോമ സ്മാരക ശിലകളുടെ നാടാണ് … ഓർമ്മകളൊന്നും മരിക്കാത്ത ഇടം .. സുക്കൂ വാലിയിലെ കഠിനമായ ഹൈക്കിങ്ങും രണ്ട് രാത്രികളിലെ കാട്ടിലെ ടെന്റ് പിച്ചിങ്ങ് , പരിക്കുകൾ എന്നിവയാലൊക്കെ തളർന്ന് നാഗാലാന്റിൽ നിന്നും ഇനി ആസാമിലെ ഗുവാഹതിയിലേക്കും അവിടുന്ന് മേഘാലയയിലേക്കും തിരിക്കാനൊരുങ്ങി Javed Parvesh നെ വിളിച്ചപ്പോളാണ് കൊനോമ കാണാതെ നാഗാലാന്റ് ഇറങ്ങരുത് എന്ന് “നോർത്ത് ഈസ്റ്റിന്റെ സ്വന്തം ലേഖകൻ” കണിശമായി പറഞ്ഞത് .. 【 ഒരുപാട് നണ്ട്രികൾ ! 】.
തോക്കുകളും വെടികോപ്പുകളും മോർടാറുകളും അന്ന്കാലത്ത് നിലവിലുണ്ടായിരുന്ന സകലമാന ആധുനിക പടകോപ്പുകളും കൈമുതലായുണ്ടായിരുന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ പട്ടാളത്തിനോട് 1832 മുതൽ 1880 വരെ , കൊടുവാളും കവണയും കല്ലും തെറ്റാലിയും അമ്പും വില്ലും പോലുള്ള ഗോത്രീയ പ്രാഗ് ആയുധങ്ങളുമായി അഗാമി ഗോത്രവംശം നടത്തിയ ധീരവും രക്തരൂക്ഷിതവുമായ ചെറുത്തുനില്പുകൾ നമ്മുടെ ചരിത്ര പുസ്തകങ്ങളിൽ അധികം കാണ്മാനുണ്ടാകില്ല.
പക്ഷെ ബ്രിട്ടീഷ് ഹിസ്റ്ററി ആർകൈവുകളിൽ അവരുടെ അനേകം ജീവനുകൾ നഷ്ടപ്പെടുത്തിയ കൊനോമയിലെ ഗോത്രയുധങ്ങളെകുറിച്ച് വിശദമായി എഴുതിയിട്ടുണ്ട് … ഇതിനു മുൻപ് Kohima War Cemetery യെക്കുറിച്ച് എഴുതിയപ്പോൾ ഞാൻ പറഞ്ഞതുപോലെ ~ വിജയിക്കുന്നവരുടെയും യുദ്ധാനന്തരം അധികാരം കയ്യാളുന്നവരുടെയും സ്മാരകങ്ങൾ മാത്രമാണ് ; അത് മാത്രമാണ് യുദ്ധഭൂമികയിൽ ഉയരുക .. H.H. Forbes , Major C.R. Cock , Subadar Major Nurbir Sahi, 44th Gurkha Rifles , Captain Butler യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട അനേകം ബ്രിട്ടീഷ് ഓഫീസർമാരുടെ സ്മാരകങ്ങളാണ് കൊനോമയുടെ കുന്നുകൾ നിറയെ … അതിനേക്കാൾ എത്രയധികം ധീരരായ അഗാമികളുടെ ചോരച്ചുവപ്പിച്ച മണ്ണാണ് കൊനോമ !!
പേരുകൾ പോലുമില്ലാത്ത ഗോത്രജനതയുടെ അധിനിവേശത്തിനെതിരെയുള്ള ധീര പ്രതിരോധങ്ങളുടെ ചരിത്രവും സ്മാരകങ്ങളും കൂടിയാണ് കൊനോമയിലെ ഓരോ ബ്രിട്ടീഷ് ശവകുടീരങ്ങളും ..! കുറിച്യ ലഹളയും ജാന്തിയ ഗോത്ര യുദ്ധങ്ങളും ആന്റമാനിലെ സാന്റനീസ് ജനതയുടെ നൈസർഗിക പ്രതിരോധങ്ങൾക്കുമെല്ലാം ഒപ്പം പഠിക്കേണ്ട ചരിത്രമാണ് നാഗാലാന്റിലെ ഗോത്രങ്ങൾ സാമ്രാജ്യത്വത്തിനെതിരെ നടത്തിയ ധീരയുധങ്ങളും … നമ്മുടെ ചരിത്ര പുസ്തകങ്ങളിൽ അതല്ലാം കണ്ടെത്താനാകണമെന്നില്ല … യാത്രകൾ നല്ലതാണ് .. ചരിത്ര വിദ്യാഭ്യാസം തീർഥാടനം പോലെയാകട്ടെ …