കൂത്തുപറമ്പ് ടു പൂനെ, പൂനെ ടു കൂത്തുപറമ്പ് യാത്രകളുടെ വിശേഷങ്ങള്‍…

കഴിഞ്ഞ മാസം 27 ന് ( ചൊവ്വാഴ്ച ) രാവിലെ 4 മണിക്കായിരുന്നു ഞാനും, എന്റെ പ്രിയ സുഹൃത്ത് ഷബീറും കൂത്തുപറമ്പിൽ നിന്നും പുനെയിലേക്ക് യാത്ര ആരംഭിച്ചത്. കൂത്തുപറമ്പിൽ നിന്നും മംഗലാപുരം വരെ ഷബീറും, മംഗലാപുരത്ത് നിന്നും യെല്ലാപുരം വരെ ഞാനും, യെല്ലാപുരത്ത് നിന്നും കോലാപൂർ വരെ ഷബീറും, കോലാപൂരിൽ നിന്നും പുനെ വരെ ഞാനും ഇങ്ങിനെയാണ് ഞങ്ങളുടെ പതിവു ഡ്രൈവിംഗ് രീതി. പക്ഷെ ഈ തവണ പതിവു രീതി തെറ്റിച്ചു. ഷബീറിനു തലേ ദിവസം നന്നായി ഉറങ്ങുവാൻ സാധിക്കുവാതിരുന്നതിനാൽ മുഴുവൻ സമയം ഞാൻ തന്നെ ഡ്രൈവ് ചെയ്തു. വാഹനം ഷബീറിന്റെ Nissan Terrano ആയിരുന്നു. ഈ വാഹനത്തിൽ ഡ്രൈവ് ചെയ്യുമ്പോൾ എനിക്കു ഇതു വരെ ഒരിക്കലും മടുപ്പ് തോന്നിയതെയില്ല.

4 മണിക്ക് ആരംഭിച്ച യാത്രയിൽ ആദ്യത്തെ ബ്രേക്ക് എടുക്കുന്നത് 7 മണിക്ക് മംഗലാപുരത്ത് വച്ചായിരുന്നു. ഷബീറിന്റെ ഹോട്ടലിൽ ജോലി ചെയ്യുന്ന ജബ്ബാർ ഇവിടെ നിന്നും ഞങ്ങൾക്കൊപ്പം പുനെയിലേക്ക് വരുന്നുണ്ടായിരുന്നു. ഞങ്ങൾ മംഗലാപുരത്തെത്തി 10 മിനുട്ടിനുള്ളിൽ തന്നെ ജബ്ബാർ വന്നു ചേർന്നു. നേത്രാവതി പാലത്തിൽ വച്ചാണ് സൂര്യോദയം ദർശിച്ചത്. ഒരു വശത്ത് സൂര്യോദയവും, മറു വശത്ത് നേത്രാവതി പുഴയിലെ റെയിൽ പാലവും ഡ്രൈവ് ചെയ്യുന്ന ആ നിമിഷങ്ങളിലും നന്നായി ആസ്വദിച്ചു.

ജബ്ബാറിനെ പിക്ക് ചെയ്ത ശേഷം ആരംഭിച്ച യാത്രയിൽ അടുത്ത ബ്രേക്ക് 9 : 15 നു പ്രഭാത ഭക്ഷണത്തിനായി മർവന്ത ബീച്ചിൽ. കുന്ദാപുരത്തിനും ബൈന്ദൂരിനും ഇടയിലാണ് മർവന്തെ ബീച്ച് സ്ഥിതി ചെയ്യുന്നത്. പ്രഭാത ഭക്ഷണം ഷബീറിന്റെ വീട്ടിൽ നിന്നും പാക്ക് ചെയ്തു തന്നിരുന്നു.

പ്രഭാത ഭക്ഷണത്തിനു ശേഷം വീണ്ടും യാത്ര തുടർന്നു. മർവന്തെ ബീച്ച്, ബൈന്ദൂർ, ഭട്കൽ, ഹൊന്നവർ, കുംട്ട, വഴി അങ്കോള. അങ്കോളയിൽ നിന്നും വലത്തോട്ട് കട്ട് ചെയ്തതിനു ശേഷം യെല്ലാപുരം വഴി ഹുബ്ളി. ഹുബ്ളിയിൽ നിന്നും ബെൽഗാം, നിപ്പാനി, കോലാപൂർ, കരാട്, സത്താറ വഴി പുനെ. ഇതാണ് റൂട്ട്. അങ്കോള വരെ N.H. 66. അങ്കോള ടു ഹുബ്ളി N.H. 52.ഹുബ്ളി ടു പുനെ N.H. 48.

ഈ തവണ യെല്ലാപുരത്തിനു മുൻപ് ഇടത്തോട്ട് കട്ട് ചെയ്ത് HALIYAL, NANDAGAD എന്നീ ഗ്രാമങ്ങളിൽ കൂടി നേരെ ബെൽഗാം സിറ്റിയിൽ പ്രവേശിക്കുകയാണ് ചെയ്തത്. വനമേഖലയിലും, ഗ്രാമങ്ങളിലും കൂടിയാണ് ഈ റൂട്ട് കടന്നു പോകുന്നത്. ഈ റൂട്ടിൽ നല്ല ഹോട്ടലുകൾ ഇല്ലാത്തതിനാൽ ഉച്ച ഭക്ഷണത്തിനായി എവിടെയും നിർത്തിയില്ല. പിന്നീട് വാഹനം നിർത്തിയത് വൈകുന്നേരം 4 മണിക്ക് ബെൽഗാമിലെ ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജ് ക്യാംപസിൽ ( J.N.M.C. ) സ്ഥിതി ചെയ്യുന്ന K.F.C. യിലായിരുന്നു. ഇവിടെ നിന്നും ഉച്ചഭക്ഷണം കഴിക്കാത്തതിന്റെ പരിഭവം തീർത്തതിനു ശേഷം തൊട്ടടുത്തുള്ള POLAR BEAR ICE CREAM PARLOUR ൽ നിന്നും ഐസ്ക്രീമും കഴിച്ചാണ് യാത്ര വീണ്ടും തുടങ്ങിയത്.

കരാടിലെ കരിമ്പിൻതോട്ടങ്ങൾക്കും അപ്പുറം മായുന്ന സൂര്യാസ്തമയം ഡ്രൈവിംഗിൽ തന്നെ നന്നായി ആസ്വദിച്ചു. ബെൽഗാമിനു ശേഷം പിന്നീട് വാഹനം നിർത്തിയത് 7 : 30 നു സത്താറയിലായിരുന്നു. എല്ലാ ദിവസവും രാത്രി 7 : 20 നു സത്താറയിൽ നിന്നും ഗോവയിലേക്ക് ട്രെയിനുണ്ട്. ഈ ട്രെയിൻ പിറ്റേന്ന് കാലത്ത് 5 : 40 നു ഗോവയിലെത്തും. അങ്ങിനെയാണെങ്കിൽ സന്ധ്യക്കു മുൻപ് തന്നെ എനിക്കു വീട്ടിലെത്താം. എന്റെ ഭാഗ്യത്തിനു ട്രെയിൻ 25 മിനുട്ട് വൈകിയാണ് ഓടുന്നതെന്ന് മൊബൈലിലെ ആപ്പിൽ നിന്നും മനസ്സിലായി. സത്താറ ഹൈവെയിൽ നിന്നും റെയിൽവെ സ്റ്റേഷനിലേക്ക് 5 കി.മി. ദൂരമുണ്ട്. സ്റ്റേഷനിൽ നിന്നും ഷബീറിനും, ജബ്ബാറിനും ഹസ്തദാനം നല്കിയിട്ട് യാത്ര പറയുമ്പോൾ സമയം 7 : 40. ടിക്കറ്റ് കൗണ്ടറിൽ വലിയ തിരക്കുണ്ടായിരുന്നില്ല. ടിക്കറ്റെടുത്തതിനു ശേഷം ഫ്ലാറ്റ് ഫോറത്തിൽ കയറുമ്പോൾ ദൂരെ നിന്നും എനിക്കു പോകേണ്ട ട്രെയിനിന്റെ വെളിച്ചം ഞാൻ കണ്ടു.
സത്താറയിൽ നിന്നും ഗോവയിലേക്ക് ഡയറക്ടായി രണ്ടു ട്രെയിനുകൾ മാത്രമെയുള്ളു. Train No. 11097 Purna Express. Train No. 12780 Goa Express.

പൂർണ്ണ എക്സ്പ്രസ്സ് പുനെയിൽ നിന്നും എറണാകുളം വരെ പോകുന്ന ട്രെയിനാണ്. ശനിയാഴ്ച രാത്രി 11 : 30 നു പുനെയിൽ നിന്നും പുറപ്പെടുന്ന ഈ ട്രെയിൻ ഞായറാഴ്ച പുലർച്ചെ 2 മണിക്ക് സത്താറയിലും, ഉച്ചക്ക് 12 : 15 നു ഗോവയിലുമെത്തും. ഗോവ എക്സ്പ്രസ്സ് നിസാമുദ്ദീനിൽ നിന്നും വാസ്കോ വരെ പോകുന്ന ട്രെയിനാണ്. ഈ ട്രെയിൻ രാത്രി 7 : 20 നു സത്താറയിലും, പുലർച്ചെ 5 : 40 നു ഗോവയിലുമെത്തും.

സത്താറ, ബെൽഗാം, ലോണ്ട, കാസൽ റോക്ക്, കുലെം വഴിയാണ് ട്രെയിൻ സഞ്ചരിക്കുന്നത്. മഡ്ഗാവിലാണ് ഗോവയുടെ പ്രധാന റെയിൽവെ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ലോണ്ടയിൽ നിന്നും മഡ്ഗാവ് വരെയുള്ള 85 കി.മി. ദൂരം സഞ്ചരിക്കുവാൻ ട്രെയിനിന് മൂന്നര മണിക്കൂർ വേണമെന്നതു തന്നെ ഈ റൂട്ടിലെ ഭൂപ്രകൃതിയെ കുറിച്ചു ഏകദേശം ഒരു ധാരണ ലഭിച്ചു കാണുമല്ലോ ?
കുത്തനെയുള്ള ഇറക്കവും, കയറ്റവും, അഗാധമായ ഗർത്തങ്ങളും നിറഞ്ഞ ഈ റൂട്ടിലാണ് ഇന്ത്യയിലെ ഏറ്റവും മനോഹരമായ വെള്ളചാട്ടങ്ങളിൽ ഒന്നായ ” ദൂധ്സാഗർ ” സ്ഥിതി ചെയ്യുന്നത്. ട്രെയിനിൽ നിന്നു തന്നെ ദൂധ് സാഗറിന്റെ മനോഹരമായ ദൃശ്യം കാണുവാൻ സാധിക്കും.

ദൂധ്സാഗർ > മലയാളത്തിൽ പാൽകടൽ എന്നാണ് ദൂധ് സാഗറിന്റെ അർത്ഥം. 1017 അടി ഉയരമുള്ള 4 തട്ടുകളിലായി താഴേക്കു പതിയുന്ന ഈ വെള്ളചാട്ടം കാണുമ്പോൾ പാൽ ഒഴുകുന്നതായി ഫീൽ ചെയ്യും. ഈ കാഴ്ച മനസ്സിനും, കണ്ണുകൾക്കും കുളിർമ്മ പകരും. ജൂൺ മുതൽ ഒക്‌ടോബർ വരെയാണ് ഈ റൂട്ടിൽ സഞ്ചരിക്കുവാൻ പറ്റിയ സമയം. മൺസൂണിൽ ഇടയ്ക്കിടെ പെയ്യുന്ന ചാറ്റൽ മഴയിൽ ജനൽ കമ്പികളിൽ തട്ടി തെറിക്കുന്ന മഴത്തുള്ളികൾ മുഖത്ത് പതിയുന്ന സമയത്ത് ലഭിക്കുന്ന അനുഭൂതി അനുഭവിച്ചു തന്നെ അറിയണം.

രാത്രി 7 : 45 നു സത്താറയിൽ നിന്നും ട്രെയിൻ കയറിയ ഞാൻ ഗോവയിൽ വന്നിറങ്ങുന്നത് ഒരു മണിക്കൂറിനടുത്ത് വൈകിയാണ്. അതായത് രാവിലെ 6 : 30 ന്. തലശ്ശേരിയിലേക്ക് ഡയറക്ട് ട്രെയിൻ ഇല്ലാത്തതിനാൽ ഗോവയിൽ രാവിലെ 7 : O5 നെത്തുന്ന മുംബൈയിൽ നിന്നും മംഗലാപുരം ജംഗ്ഷൻ വരെ പോകുന്ന ട്രെയിനിലാണ് കയറിയത്. 15 മിനുട്ട് വൈകി 7 : 20 നു വന്നു ചേർന്ന ഈ ട്രെയിൻ ഉച്ചക്ക് 12 : 45 ആയപ്പോൾ മംഗലാപുരം ജംഗ്ഷനിലെത്തി.

എനിക്കു നാട്ടിലേക്കുള്ള ട്രെയിൻ ലഭിക്കണമെങ്കിൽ മംഗലാപുരം സെൻട്രലിൽ ചെന്നെത്തണം. ഉച്ചക്ക് 1 : 25 നു മംഗലാപുരത്തു നിന്നും ചെന്നൈ വരെ പോകുന്ന ചെന്നൈ മെയിൽ ലഭിച്ചാൽ 4 മണിക്കു തലശ്ശേരിയിലെത്താം. ജംഗ്ഷനിൽ നിന്നും സെൻട്രലിലേക്കു 100 രൂപയാണ് പ്രീ പെയ്ഡ് ഓട്ടോ ചാർജ്ജ്. പ്രീ പെയ്ഡിന്റെ ലൈനിൽ വച്ചു കോഴിക്കോടേക്ക് പോകുന്ന രണ്ടു മലയാളികളെ പരിചയപ്പെട്ടു. അങ്ങിനെ ഞങ്ങൾ മൂവരും ഒരു ഓട്ടോയിൽ തന്നെ പോയി. 100 രൂപ തുല്യമായി വീതം വച്ചു. 1 മണിക്കായിരുന്നു ഓട്ടോയിൽ കയറിയത്. ഡ്രൈവറുടെ ഡ്രൈവിംഗ് പാടവം ഒന്നു കൊണ്ടു മാത്രം നല്ല ബ്ലോക്കിലും സമയത്തിനു മുൻപ് 1 : 15 നു സെൻട്രലിൽ ചെന്നെത്തുവാൻ സാധിച്ചു. ചെന്നൈ മെയിലിൽ ചെറിയ തിരക്കുണ്ടായിരുന്നുവെങ്കിലും കാസർകോടിൽ വച്ചു സീറ്റ് ലഭിച്ചു. 20 മിനുട്ട് വൈകി 4 : 20 നു തലശ്ശേരിയിലിറങ്ങുമ്പോൾ അടുത്ത ഒരു യാത്ര എപ്പോൾ ആണെന്നാണ് ചിന്തിച്ചത്.

വിവരണം – വിനോദ് കെ.പി.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply