Home / Stories with KSRTC / രണ്ടു കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ്സുകള്‍ തമ്മിലുള്ള മല്‍സരത്തിന്‍റെ കഥ…

രണ്ടു കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ്സുകള്‍ തമ്മിലുള്ള മല്‍സരത്തിന്‍റെ കഥ…

ഉള്‍പ്രദേശങ്ങളില്‍ സര്‍വീസ് നടത്താന്‍ മാത്രമല്ല മത്സരയോട്ടത്തിലും ആനവണ്ടി തന്നെ മിടുക്കന്‍.

അന്ന് ഞാന്‍ തിരുവനന്തപുരത്ത് നിന്ന് ഷോര്‍ണ്ണൂരിലെ വീട്ടിലേക്കു വരികയായിരുന്നു. പൂജാ അവധി പ്രമാണിച്ച് ട്രെയിനില്‍ സീറ്റുകളെല്ലാം ഫുള്‍ ആയിരുന്നത് കൊണ്ട് ആനവണ്ടിയാണ് ഞാന്‍ തിരഞ്ഞെടുത്തത്. ഉച്ച തിരിഞ്ഞു 3.30 നു പുറപ്പെടുന്ന തിരുവനന്തപുരം – വഴിക്കടവ് സൂപ്പര്‍ ഫാസ്റ്റ്.

Tight load ആയിട്ടാണ് ബസ് യാത്ര തുടങ്ങിയത്. ഏതാണ്ട് കൊല്ലം വരെയും ബസില്‍ കാലു കുത്താന്‍ ഇടമില്ല. കൊല്ലം കഴിഞ്ഞു കായംകുളം വരെ യാത്ര അല്പം സുഖമായി. ട്രാഫിക് അല്പം കൂടുതല്‍ ആയിരുന്നത് കൊണ്ട് ബസിനു വേഗത അല്പം കുറവായിരുന്നു. എങ്കിലും മോശമല്ലാത്ത യാത്ര. ഇടയ്ക്കിടെ മഴയും പെയ്ത്, നീണ്ടകരയില്‍ നിന്നും ഭംഗിയുള്ള ചില കടല്‍കാഴ്ചകളും കണ്ടു കൊണ്ട് ഏകദേശം കായംകുളം എത്താറായി. അപ്പോഴാണ്‌ വില്ലന്‍ അവതരിച്ചത്.

പാറശ്ശാലയുടെ പാലക്കാട് സൂപ്പര്‍ ഫാസ്റ്റ്! പുള്ളിക്കാരന്‍ അരമണിക്കൂര്‍ മുന്‍പേ തമ്പാനൂരില്‍ നിന്ന് പുറപ്പെട്ടതാണ്. അവനെ ഒരു സ്റ്റോപ്പില്‍ വെച്ച് മറികടന്നതോടെയാണ് പ്രൈവറ്റ് ബസുകള്‍ പോലും തോറ്റ് പോകുന്ന മത്സരം തുടങ്ങിയത്. പാലക്കാട് ബസിനു ഹാലിളകി. ഞങ്ങളെ മറികടന്നുകൊണ്ട് അവന്‍ മൂപ്പിച്ചു തുടങ്ങി. അതുവരെ ഒരു കുടുംബ ചിത്രം പോലെ പോയിരുന്ന ആ യാത്ര പിന്നെയങ്ങോട്ട് ആക്ഷന്‍ ചിത്രമായി.

ഒട്ടും കുറയാത്ത വാശിയോടെ ഞങ്ങളുടെ വഴിക്കടവ് ബസും അവന്റെ പിന്നാലെ പിടിച്ചു. ഞങ്ങളും അവരും മാറി മാറി ഓവര്‍ടേക്ക് ചെയ്തുകൊണ്ടേയിരുന്നു. കായംകുളത്ത് വെച്ചാണ് ഭക്ഷണം കഴിയ്ക്കാന്‍ ബസ് നിര്‍ത്തിയത്. രണ്ടു ബസും ഒരേ സമയം സ്റ്റാന്‍ഡിലെത്തി. രണ്ടു ബസിന്റെയും സ്റ്റാഫ് ഹോട്ടലിലേയ്ക്ക് ഓടിക്കയറി സൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ ഭക്ഷണം കഴിച്ച് ഒരേസമയം തിരിച്ചു വന്നു ബസിലേയ്ക്ക് ചാടിക്കയറി!

പിന്നെയും മത്സരയോട്ടം തുടര്‍ന്നു. “ഞങ്ങള് വെടീം പുകേന്നും പറഞ്ഞു പോകുവല്ലേ… പാലക്കാട് ബസുമായി മത്സരിച്ചാ വരുന്നേ… ഇനിയങ്ങോട്ട് പറക്കാന്‍ പോകുവാ” കണ്ടക്ടര്‍ ആരോടോ ഫോണില്‍ സംസാരിക്കുന്നത് കേട്ടു…

കായംകുളം – ആലപ്പുഴ – ചേര്‍ത്തല വരെ റോഡില്‍ സാമാന്യം നല്ല ട്രാഫിക് ഉണ്ടായിരുന്നു. പക്ഷെ ഈ രണ്ടു ബസുകള്‍ക്ക് ഇതൊന്നും പ്രശ്നമേയല്ലായിരുന്നു! ഞങ്ങടെ ബസ് കുതിച്ചു കേറി അങ്ങ് പോകുമ്പോള്‍ ഞാന്‍ പിന്നിലേയ്ക്ക് നോക്കും പാലക്കാട് ബസ് തോറ്റ് തുന്നം പാടിയോ എന്ന്.

Representative Image

പക്ഷെ അവന്‍ തൊട്ടു പിന്നില്‍ തന്നെ കാണും! അവന്മാര്‍ കേറിപ്പോകുമ്പോള്‍ ഞങ്ങളും തൊട്ടു പിന്നാലെ കാണും. ആലപ്പുഴ സ്റ്റാന്‍ഡിലെക്കും മത്സരിച്ചു തന്നെയാണ് കേറിയത്. ആളെ കേറ്റി അതുപോലെ തന്നെ മത്സരിച്ചു ഇറങ്ങുകയും ചെയ്തു. തുടര്‍ന്ന്‍ ചേര്‍ത്തല വരെ വീണ്ടും മത്സരം.

ചേര്‍ത്തലയില്‍ നിന്ന് മണ്ണുത്തി മാതൃകാ സുരക്ഷാ പാതയിലേക്ക് കേറിയതോടെ പാലക്കാട് ബസ് കണ്ണഞ്ചിപ്പിക്കുന്ന വേഗത്തില്‍ ഒരു പോക്ക് പോയി. അതോടെ അപ്രത്യക്ഷം! ഞങ്ങള് പിന്മാറുകയും ചെയ്തു. അതോടെ മത്സരയോട്ടത്തിനു തിരശ്ശീല വീണു. അവര്‍ വൈറ്റില വഴിയും ഞങ്ങള്‍ തോപ്പുംപടി വഴിയും ആണ് പോകുന്നത്. തുടര്‍ന്ന് ഏറണാകുളത്ത് നിന്ന് നല്ല തിരക്കും തൃശ്ശൂര്‍ നിന്ന് അതി ഭീകരമായ തിരക്കും അനുഭവിച്ച് ഞാന്‍ രാത്രി ഒന്നേ മുക്കാലോടെ വീട്ടിലെത്തി.

Travelogue by Vimal Mohan

Check Also

കെഎസ്ആർടിസി പണി തുടങ്ങി; കോൺട്രാക്ട് കാര്യേജ് ബസ്സുകൾക്ക് അതേ നാണയത്തിൽ തിരിച്ചടി…

അന്തർ സംസ്ഥാന റൂട്ടുകളിൽ സർവ്വീസ് നടത്തുന്ന പ്രൈവറ്റ് കോൺട്രാക്ട് കാര്യേജ് ബസ്സുകൾക്ക് അതേ നാണയത്തിൽ തന്നെ തിരിച്ചടി കൊടുക്കുവാൻ തയ്യാറായി …

Leave a Reply