‘ജപ്‌തി വണ്ടി’ എന്ന ഇരട്ടപ്പേരിൽ അറിയപ്പെടുന്ന ഒരു കെഎസ്ആർടിസി സർവ്വീസ്…

പണ്ടുകാലം മുതൽക്കേ നമ്മുടെ നാട്ടിലെ ആളുകൾക്ക് പലതരത്തിലുള്ള ഇരട്ടപ്പേരുകൾ ഉണ്ടാകാറുണ്ട്. എന്നാൽ അതുപോലെ ഒരു ബസ്സിന്‌ ഇരട്ടപ്പേരുണ്ടായാലോ? അതും സർക്കാരിന്റെ സ്വന്തം കെഎസ്ആർടിസി ബസ്സിന്‌. നിലവിൽ കെഎസ്ആർടിസി പ്രേമികൾ ചില ബസുകൾക്ക് ചെല്ലപ്പേരുകൾ നൽകാറുണ്ടെങ്കിലും വർഷങ്ങൾക്ക് മുൻപേ ലഭിച്ച ഇരട്ടപ്പേരുമായി ഇന്നും അതേ റൂട്ടിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു സർവ്വീസ് കെഎസ്ആർടിസിയിൽ ഉണ്ട്. അതാണ് മലപ്പുറം – ഊട്ടി സർവ്വീസ്.

‘ജപ്‌തി വണ്ടി’ എന്നാണു മലപ്പുറം – ഊട്ടി സർവ്വീസ് അന്നും ഇന്നും അറിയപ്പെടുന്നത്. അതിനു പിന്നിൽ രസകരമായ ഒരു ചരിത്രവുമുണ്ട്. 1970 കളിലാണ് മലപ്പുറത്തു നിന്നും ഊട്ടിയിലേക്ക് കെഎസ്ആർടിസി ബസ് സര്‍വീസ് തുടങ്ങിയത്. മലപ്പുറത്ത് നിന്ന് നിലമ്പൂര്‍ വഴി ഊട്ടിയിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസ് അന്നൊക്കെ ഒരു രാജാവിനെപ്പോലെയായിരുന്നു. എന്നാൽ രാജാവിന് കോടതികയറുവാൻ അധികനാൾ വേണ്ടി വന്നില്ല.

കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട കേസ്സുകളിൽ നഷ്ടപരിഹാരം നൽകുവാൻ കെഎസ്ആർടിസി അധികൃതർ തയ്യാറാകാതെ വരുമ്പോൾ പെട്ടെന്ന് നഷ്ടപരിഹാര തുകകിട്ടാനായി വക്കീലന്‍മാര്‍ ജപ്തിചെയ്യുവാനായി കോടതിയോട് നിർദ്ദേശിക്കുന്നത് അന്നത്തെ ഹിറ്റ് സർവ്വീസുകളിലൊന്നായ മലപ്പുറം – ഊട്ടി ബസ്സിനെയായിരുന്നു. 1985 ലാണ് ഊട്ടി ബസ് ഇത്തരത്തിലുള്ള ജപ്തി നടപടികൾ ആദ്യമായി നേരിട്ടത്. ലാഭകരമായ സർവ്വീസ് ആയതിനാൽ ബസ്സിന്‌ മുടക്കം വരുത്താതെ ഉടൻ തന്നെ കെഎസ്ആർടിസി നഷ്ടപരിഹാരത്തുക അടച്ച് ബസ് ഇറക്കിക്കൊണ്ടു വരുമായിരുന്നു. ഇതു തന്നെയായിരുന്നു അന്നത്തെ സമർത്ഥരായ വക്കീലന്മാരുടെ ബുദ്ധിയും.

ഒരു തവണ കൊണ്ടൊന്നും ഊട്ടി ബസ്സിന്റെ കോടതി കയറ്റവും ജപ്തിയുമൊന്നും തീർന്നില്ല. നഷ്ടപരിഹാര കേസുകളിലെ ഇരയായി ഊട്ടി ബസ് മാറി. പലതവണ ജപ്തിയ്ക്ക് ഇരയാകേണ്ടി വന്നതിനാൽ ഈ ബസ്സിനെ എല്ലാവരും ‘ജപ്തി വണ്ടി’ എന്ന ഇരട്ടപ്പേര് ആയിരുന്നു നൽകിയത്. നൂറിലധികം കേസുകളും പത്തിലധികം തവണ ജപ്തിയും ഈ പാവം ബസ്സിനു നേരിടേണ്ടി വന്നിട്ടുണ്ട്. അതും ചെയ്യാത്ത കുറ്റത്തിന്.

ലഭിച്ച വിവരങ്ങൾ പ്രകാരം (വാർത്തകളിൽ വന്നതു പ്രകാരം) ഊട്ടി ബസ് അവസാനമായി ജപ്തി നടപടി നേരിട്ടത് 2016 ലായിരുന്നു. 2010 ഒക്‌ടോബര്‍ 30ന് ഒരാള്‍ക്ക് 7,62,740 രൂപ നഷ്ടം പരിഹാരം നല്‍കാന്‍ കെഎസ്ആർടിസിയ്ക്കെതിരെ കോടതി വിധിച്ചിരുന്നു. ഈ തുക നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു ജപ്തി. കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് മലപ്പുറം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും ഊട്ടി ബസ് ജപ്തി ചെയ്തുകൊണ്ടു പോകുകയായിരുന്നു.

കോടതിയില്‍ ഹാജരായ കെഎസ്ആര്‍ടിസി അധികരൃതര്‍, നഷ്ടപരിഹാര തുകക്കുള്ള ചെക്ക് തിരുവനന്തപുരത്തു നിന്നു അയച്ചിട്ടുണ്ടെന്നും ഇതു കോടതിയില്‍ ഹാജരാക്കുമെന്നും രേഖാ മൂലം ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പിന്നീട് വാഹനം വിട്ടു നല്‍കുകയായിരുന്നു. കോടതി വിധിച്ച നഷ്ടപരിഹാര തുക അടവാക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി ബസ് ജപ്തി നടപടി നേരിട്ടത്.

35 വർഷങ്ങൾക്ക് മുകളിൽ മലയാളക്കരയിലെ വിമോചനതീക്ഷ്ണതയുടെ മടിമുറ്റമായ ഏറനാട്ടിൽ (മലപ്പുറം) നിന്നും സഹ്യന്റെ പ്രണയിനിയായ നീലഗിരിശൃംഗങ്ങളുടെ രാജ്ഞിയുടെ (ഊട്ടി) അടുത്തേക്ക് കെഎസ്ആർടിസിയുടെ ഈ ഒറ്റക്കൊമ്പൻ കാടിളക്കി പായുന്നുണ്ട്. ആദ്യം ഫാസ്റ്റ് പാസഞ്ചർ ആയും, പിന്നീട് സൂപ്പർ എക്സ്പ്രസ്സ് ആയും സർവ്വീസ് നടത്തിയിരുന്ന മലപ്പുറം – ഊട്ടി ബസ് ഇപ്പോൾ സൂപ്പർഫാസ്റ്റ് ആയിട്ടാണ് ഓടുന്നത്.

ബസ്സിന്റെ സമയവിവരങ്ങൾ : ദിവസേന വെളുപ്പിനെ നാലു മണിയ്ക്ക് മലപ്പുറം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും സർവ്വീസ് ആരംഭിക്കുന്ന ഈ ബസ് (ഇന്ന് സൂപ്പർഫാസ്റ്റ് ആണ്) തമിഴ്‌നാട്ടിലെ ഗൂഡല്ലൂർ വരെയേ പോകുകയുള്ളൂ. രാവിലെ 7 മണിയോടെ ഗൂഡല്ലൂരിൽ എത്തുന്ന ബസ് 7.15 നു തിരികെ മലപ്പുറത്തേക്ക് യാത്ര തിരിക്കുകയും രാവിലെ 10.15 നു മലപ്പുറത്ത് എത്തുകയും ചെയ്യും. ഇനിയാണ് ഊട്ടിയിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. രാവിലെ 11 മണിയ്ക്ക് മലപ്പുറത്ത് നിന്നും മഞ്ചേരി, നിലമ്പൂർ, വഴിക്കടവ്, ഗൂഡല്ലൂർ വഴി സഞ്ചരിച്ച് ഊട്ടിയിൽ വൈകുന്നേരം 4 മണിയോടെ ഈ ബസ് എത്തിച്ചേരും. വൈകുന്നേരം 4.45 നു ഊട്ടിയിൽ നിന്നും വന്ന വഴിയേ തന്നെ മടങ്ങുന്ന ഈ ബസ് രാത്രി 9.50 നു മലപ്പുറത്ത് എത്തിച്ചേരുകയും ചെയ്യും. കൂടുതൽ വ്യക്തമായ സമയവിവരങ്ങൾ അറിയുവാൻ : https://bit.ly/2B8Y3L3.

കാരണവന്മാർ തുടങ്ങിയ ഈ പ്രയാണത്തെ ഇന്നും ഏറനാടിന്റെ പുതിയ തലമുറപോലും കണ്ണിലെ കണ്മണിയായി കരുതുന്നതിന് കാരണം ഈ കൊമ്പൻ ആ നാടിന്റെ താളമായതിനാൽ തന്നെ. എന്തെന്നാൽ, ഈ കൊമ്പന്റെ ഓരോ പ്രയാണത്തിലും പ്രണയസാഫല്യങ്ങളുണ്ട്; സ്നേഹവും ബന്ധങ്ങളുടെ ഊട്ടിയുറപ്പിക്കലുമുണ്ട്; സന്തോഷവും സന്താപവുമുണ്ട്; വിജയവും പ്രതീക്ഷകളുമുണ്ട്.

ജപ്തിവണ്ടി എന്ന ചെല്ലപ്പേരിൽ അറിയപ്പെടുമ്പോഴും കാടിന്റെ വന്യതയിലും മരം കോച്ചുന്ന നീലഗിരി മഞ്ഞിന്റെ കുളിരിലും മലയാളിയെ ഊട്ടി കാണിക്കുന്ന – ഒരായിരം മലയാളികളെ ഇന്നും ഗൃഹാതുരത്വത്തിന്റെ നിർവൃതിയിൽ ലയിപ്പിക്കുവാൻ ഈ “ആനവണ്ടി” എന്നും മല കയറുന്നു. അനേകം മനസ്സുകളുടെ സംതൃപ്തിയുമായി മല ഇറങ്ങുന്നു.. ഇനിയും വരും എന്ന ഉറപ്പോടെ.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply