എറണാകുളം ജില്ലയിലെ കാടിന്റെ ഭീകരതയിൽ ഒറ്റയ്ക്കൊരു സ്‌കൂട്ടർ യാത്ര…

യാത്രാവിവരണം – Seyad Abdul Gaffur Zeya.

ഹായ് ഫ്രണ്ട്സ്, ഞാൻ എന്റെ യമഹ റേ ZR സ്‌കൂട്ടർ ൽ ഒറ്റക്ക് നടത്തിയ ഒരു യാത്രയെ പറ്റിയാണ് വിവരിക്കുന്നത്. ഞാൻ തിരഞ്ഞെടുത്ത വഴി ഇതാണ്, വൈക്കം- മുവാറ്റുപഴ- കോതമംഗലം- കുട്ടമ്പുഴ- പൂയംകുട്ടി- മണികണ്ഠൻ ചാൽ- മാമലകണ്ടം- പഴമ്പള്ളി ചാൽ – ഇരുമ്പു പാലം – കല്ലാർ – മാങ്കുളം – ആനകുളം – കോതമംഗലം – വൈക്കം.

സുഹൃത്തുക്കളെ നിങ്ങൾക്ക് ഇത് ഇരുചക്രവാഹനത്തിൽ ഒരു ദിവസം കൊണ്ട് നടത്താവുന്ന അല്പം സാഹസികതയും നിറഞ്ഞ ഒരു യാത്ര ആയിരിക്കും. കാരണം ഏകദേശം 10 കിലോമീറ്ററോളം വനത്തിനുള്ളിൽ പൂയംകുട്ടിക്കും ഇരുമ്പു പാലത്തിനും ഇടയിൽ സഞ്ചരിക്കേണ്ടതായി വരുന്നുണ്ട്. റോഡ് എന്ന് പറഞ്ഞാൽ ടാർ ചെയ്യാത്ത കോൺക്രീറ്റ് ചെയ്ത വീതി കുറഞ്ഞ എന്നാൽ ഇടക്കൊക്കെ പാറക്കെട്ട് നിറഞ്ഞതുമായ ഒന്നാണ്. കാറിൽ യാത്ര ബുദ്ധിമുട്ടായിരിക്കും. പിന്നെ ഭാഗ്യമുണ്ടെങ്കിൽ ആന അല്ലെങ്കിൽ കാട്ടു മൃഗങ്ങളെ ഒക്കെ കാണുവാൻ സാധിക്കും. എനിക്ക് ഒരു ആനയെ നേരിട്ട് വളരെ അടുത്ത് കാണുവാൻ സാധിച്ചു. ഒറ്റക്കായിരുന്നത് കാരണം ഞാൻ ശരിക്കും പേടിച്ചു. ഫോട്ടോയും റൂട്ട് മാപ്പും ഞാൻ ഇൗ പോസ്റ്റിന്റെ കൂടെ ഉൾപ്പെടുത്തുന്നുണ്ട്. (മൊബൈൽ കാമറ ചിത്രങ്ങളാണ് വിവരണം എഴുതാൻ വേണ്ടി എടുത്തതല്ല കുറവുകൾ ക്ഷമിക്കുക) മറ്റു വാഹനങ്ങൾ ഒക്കെ വളരെ അപൂർവമായേ ഇൗ വഴിയിൽ വരാറുള്ളൂ. അന്ന് ഞാൻ ഏകദേശം 330 കിലോമീറ്ററിനടുത്ത് സ്കൂട്ടറിൽ യാത്ര ചെയ്തു.

എന്റെ യാത്രാ വിവരണം വായിക്കൂ…. വിദേശത്തു നിന്നും അവധിക്ക് എത്തിയ ഞാൻ ഒരു യാത്രയെ പറ്റി വളരെ അധികം ആഗ്രഹിച്ചിരുന്നു. ആദ്യം കൂട്ടുകാരെ കൂട്ടി പോകാമെന്നു വിചാരിച്ചു പക്ഷേ അവരെല്ലാം ജോലികളും മറ്റുമൊക്കെ ആയി തിരക്കിലായിരുന്നു. ആരും തന്നെ വന്നില്ല. പിന്നെ ഞാൻ ഒറ്റക്ക് പോകാൻ തീരുമാനിച്ചു എന്റെ സ്കൂട്ടറിൽ വെറുതെ ഒരു റൈഡ്. ആദ്യം ഇടുക്കി ജില്ല ഒന്ന് കറങ്ങാൻ ആയിരുന്നു തീരുമാനിച്ചത് പക്ഷേ യാത്ര പുറപ്പെട്ട് പൂയംകുട്ടി എത്തിയ ശേഷം റൂട്ട് മാറ്റി കാരണം ഒരു ദിവസം കൊണ്ട് ഇടുക്കി ജില്ല മുഴുവൻ കറങ്ങിയാൽ തീരില്ല. പിന്നെ ഇതുവരെ ഞാൻ പോവാത്ത വഴിയും ആയതിനാൽ വളരെ ആവേശം തോന്നി. ഇൗ ഒരു യാത്രയിലാണ് ഞാൻ ഒറ്റക്കുള്ള ഒരു യാത്രയെ ഇഷ്ടപ്പെടുന്നത്. അല്പം റിസ്കും അല്പം ഭയവും അല്പം സാഹസികതയും നിറഞ്ഞ യാത്ര.

തലേ ദിവസം അതിനെ പറ്റി ഒരു റിസർച്ച് തന്നെ നടത്തി. പെട്രോൾ പമ്പുകൾ എവിടെയൊക്കെ ഉണ്ടെന്നും മറ്റുമൊക്കെ. കാരണം എന്റെ സ്കൂട്ടർ ഒറ്റ ഫുൾ ടാങ്കിൽ 100 കിലോമീറ്റർ മാത്രമേ ഓടൂ. ആദ്യം തന്നെ ടാങ്ക് ഫുൾ ആക്കി പിന്നെ ഒരു 3 ലിറ്റർ പെട്രോൾ കുപ്പിയിലും മേടിച്ചു. പിന്നെ നാവിഗേഷന് വേണ്ടി മൊബൈൽ ഹാൻഡിലിൽ ഘടിപ്പിക്കാൻ ഒരു ഹോൾഡർ ഞാൻ തന്നെ ഉണ്ടാക്കി എടുത്തു അതും വളരെ ബലവത്തായ ഒന്ന്. കാരണം സ്കൂട്ടറിന് കുഴികൾ ഒരു പരിധിക്ക് മേലെ വിറവൽ ഉണ്ടാക്കും. പിന്നെ രണ്ടു പവർ ബാങ്കും ഫുൾ ചാർജാക്കി കയിൽ കരുതി. ഗൂഗിൾ മാപ്പ് ഓഫ്‌ലൈൻ റൂട്ട് സേവ് ചെയ്തു. കിഴക്കൻ മല പ്രദേശത്തു മൊബൈൽ കവറേജ് വളരെ കുറവാണല്ലോ. എന്നാലും ജിയോയ്ക്കും ബിഎസ്എൻഎൽ നും ഒരു വിധം റേഞ്ച് ഉണ്ട്. പിന്നെ ജിപിഎസ് ഒരു പരിധി വരെ മാത്രമേ കിട്ടൂ. ഒരു ഊഹം വച്ച് പോകണം.

പിറ്റെ ദിവസം വെളുപ്പിനെ നാല് മണിക്ക് ഞാൻ യാത്ര തിരിച്ചു. കയിൽ ഒരു ബാഗും പിന്നെ ഒരു ജാക്കറ്റ് ഉം കരുതി. നല്ല തണുപ്പ് ഉള്ള സമയം. ഒരു 50 – 60 സ്പീഡിൽ ഞാൻ വളരെ വേഗം കോതമംഗലം എത്തി. ഒരു കടും കാപ്പി കുടിച്ചു പെട്രോൾ തീർന്ന അത്രയും വീണ്ടും നിറച്ചു കാരണം പമ്പ് പിന്നെ കുട്ടമ്പുഴ ചെന്നാലെ കിട്ടൂ. അങ്ങനെ തണുപ്പിനെ അതിജീവിച്ച് വണ്ടി വിട്ടു. കുട്ടമ്പുഴ എത്താറായപ്പോൾ കയ്യെല്ലാം മരവിച്ച് വല്ലാതായി. കയ്യുറ ഇല്ലായിരുന്നു. അപ്പോഴേക്കും പ്രഭാത വെളിച്ചം വന്നു തുടങ്ങിയിരുന്നു. തട്ടേക്കാട് നിന്നും പെരിയാറിന്റെ അരികിലൂടെ കുട്ടമ്പുഴ വഴി പൂയംകുട്ടിയിലേക്ക് നല്ല തണുപ്പുള്ള പ്രഭാതത്തിലെ യാത്ര ഒരു പ്രത്യേക അനുഭവം തന്നെ! കുട്ടമ്പുഴ നിന്നാണ് മാമലകണ്ടം തിരിഞ്ഞു പോകേണ്ടത് പക്ഷേ പൂയംകുട്ടി പോയാൽ അവിടെ നിന്നും മണികണ്ഠൻ ചാൽ വഴി കാട്ടിനുള്ളിലൂടെ ആനകുളത്തേക്ക് ഒരു വഴി ഗൂഗിൾ മാപ്പ് കാണിച്ചു. ഞാൻ അത് ഒന്ന് അന്വേഷിച്ചു പക്ഷേ അങ്ങനെ ഒരു വഴി ഇല്ലെന്നാണ് നാട്ടുകാർ പറയുന്നത് പിന്നെ കാട്ടിലൂടെ ഏതോ വഴി ഉണ്ട് പക്ഷേ അതിന് വനം വകുപ്പിന്റെ അനുമതി ഇല്ലാതെ പറ്റില്ല. എന്നാലും ആ വഴി ഒന്ന് കണ്ട് പിടിക്കാൻ നേരേ മണികണ്ഠൻ ചാൽ വിട്ടു.

മണികണ്ഠൻ ചലിൽ ഒരു ചെറിയ വീതി കുറഞ്ഞ പാലം പുഴയ്ക്ക് കുറുകെ ഉണ്ട്. ഭംഗിയുള്ള പുഴയാണ്. പുലിമുരുകൻ സിനിമ ലോക്കേഷൻ ആയിരുന്നു എന്ന് പറഞ്ഞു കേട്ടു. അവിടെ നിന്നും മാപ്പിൽ കാണിച്ച വഴി പോയി നോക്കി പക്ഷെ റോഡ് തീർന്നു പിന്നെ സ്കൂട്ടറിൽ പോകാൻ പറ്റാത്ത വലിയ കല്ലുകൾ നിറഞ്ഞ ഒരു വഴി മാത്രമായി. രണ്ടു വശവും നിറയെ ഇല്ലി കാടുകൾ. ജീപ്പ് മാത്രമേ പോകൂ. ബൈക്ക് ഇൽ പോകാനും ബുദ്ധിമുട്ടാണ്. പിന്നെ ഞാൻ സമയം കളയാതെ തിരികെ മണികണ്ഠൻ ചാൽ വന്നിട്ട് മറ്റൊരു വഴി പോയി നോക്കി. പക്ഷേ അതും ഒരു മല മുകളിൽ ഏതോ ആദിവാസി ഊരിൽ എത്തി അവസാനിച്ചു. പിന്നെ അടുത്ത് കണ്ട ഒരു ചായ കടയിൽ കയറി ചായയും കടിയും കഴിച്ചു നേരേ പൂയംകുട്ടി പിടിച്ചു. അല്പം നിരാശയോടെ ആയിരുന്നു പൂയംകുട്ടി പോയത് കാരണം കാട്ടിലെ വഴിയിലൂടെ ആനകുളം പോകാമെന്ന പ്രതീക്ഷ തീർന്നു.

എന്തായാലും നേരേ മാമാലകണ്ടം വഴി മുന്നാർ റോഡ് പോവാൻ തീരുമാനിച്ചു അടുത്ത് കണ്ട കടയിൽ കയറി വഴി എങ്ങനെ ഉണ്ടെന്ന് ചോദിച്ചു. അവർ പറഞ്ഞു കാട്ടിനുള്ളിലൂടെ 10 കിലോമീറ്റർ സഞ്ചരിക്കണം എന്ന്. സ്കൂട്ടർ പോകുമെന്നും പറഞ്ഞു, ചിലപ്പോ ആന ശല്യം ഉണ്ടാകുമെന്നും ഒരു മുന്നറിയിപ്പ് തന്നു. ചെറിയ ഒരു ഭയം മനസ്സിൽ വന്നെങ്കിലും പുറത്ത് കാണിക്കാതെ അവരോട് യാത്ര പറഞ്ഞു ആ റിസ്ക് എടുക്കാൻ തീരുമാനിച്ചു. ആ തീരുമാനം പക്ഷേ എനിക്ക് തന്നത് ഒരു ഭയങ്കരമായ അനുഭവമായിരുന്നു! മാമലകണ്ടം എത്തുന്നതിനു മുൻപ് ഏകദേശം 6 കിലോമീറ്റർ കാട്ടിലൂടെ പോകണം. ഇൗ റൂട്ട് ആണ് കോൺക്രീറ്റ് ചെയ്തത്. നല്ല കയറ്റം കയറി വളഞ്ഞു പുളഞ്ഞു വേണം പോകാൻ. എന്റെ ray എത്ര മോശം ഇല്ലാതെ കയറി. ഇവിടെ ഒരു വ്യൂ പോയിന്റ് ഉണ്ട്, സ്വാമികൊട്ടുപാറ. ഞാൻ വണ്ടി ഒതുക്കി വച്ചു. അല്പം ഉള്ളിലേക്ക് നടക്കണം. ചെന്നു നോക്കിയപ്പോ കണ്ടത് വളരെ നല്ല കാഴ്ചയാണ്! വലിയ ഒരു പാറ അതിന്റെ മുൻ ഭാഗത്ത് ചെങ്കുത്തായ കൊക്കയാണ്. ചുറ്റും മരങ്ങളും മല നിരകളും. പാറപ്പുറത്ത് നിറയെ ആന പിണ്ഡം ആയിരുന്നു. കണ്ടപ്പോ പേടി തോന്നി എങ്കിലും ധൈര്യം സംഭരിച്ച് കുറച്ച് ഫോട്ടോ എടുത്തു.

അവിടെ നിന്നും വീണ്ടും യാത്ര തുടർന്നു. ഇതിനിടക്ക് പെട്രോൾ തീരാറായി. കുട്ടമ്പുഴ പമ്പിൽ പെട്രോൾ ഇല്ലായിരുന്നു. അതുകൊണ്ട് കുപ്പിയിലെ ഒരു ലിറ്റർ പെട്രോൾ ഒഴിച്ചു മുന്നോട്ട് നീങ്ങി. അങ്ങനെ മാമലകണ്ടം എത്തി പക്ഷേ ആനയെ ഒന്നും കണ്ടില്ല. മാമല കണ്ടം ഒരു ചെറിയ കർഷക ഗ്രാമം ആണ്. ഒരു പോസ്റ്റ് ഓഫീസും സ്കൂളും ഒക്കെ ഉണ്ട്. കാടിന്റെ ഇടക്കാണ് ഇത്. അങ്ങനെ ഞാൻ വീണ്ടും മുന്നോട്ട് പോയി. അടുത്തത് പഴംപള്ളി ചാൽ ആണ്. പെരിയാറിന്റെ ഒരു കൈവഴി പാലം കടന്നു വലത്തേക്ക് പോകണം. വീണ്ടും ഒരു 4 കിലോമീറ്റർ കാട് ആണ്. മനസ്സിൽ ചെറിയ ഭയം ഉണ്ടെങ്കിലും യാത്രയുടെ ത്രില്ലിൽ മുന്നോട്ട് പോയി. പെട്ടെന്നാണ് ഞാൻ റോഡ് ശ്രദ്ധിച്ചത്. വലതു വശത്ത് കുറച്ച് മണ്ണ് ഇടിഞ്ഞു വഴിയിലേക്ക് വീണിരിക്കുന്നു. പുല്ലും ചെടികളുമോക്കെ വഴിയിൽ ചവിട്ടി അരച്ചു എന്തോ നടന്നു പോയത്‌പോലെ! ഞാൻ വണ്ടി ഓഫ് ചെയ്തു ചുറ്റുമൊന്ന് നോക്കി. ഒന്നും കണ്ടില്ല. എനിക്ക് മനസ്സിലായി എപ്പോഴോ ആന കടന്ന് പോയതാണെന്ന്. ഞാൻ വണ്ടിയുടെ എൻജിൻ സ്റ്റാർട്ട് ചെയ്തു.

പെട്ടെന്ന് വലതു വശം ഏകദേശം ഒരു 10 മീറ്റർ മുകളിൽ ചെടികൾ അനങ്ങുന്ന ശബ്ദം, ഞാൻ ശ്രദ്ധിച്ചു നോക്കിയപ്പോൾ അത്‌ ആനയാണെന്ന് മനസ്സിലായി. വണ്ടിയുടെ ശബ്ദം കെട്ടിട്ടാവണം അത് തിരിഞ്ഞു വഴിയിലേക്ക് ഇറങ്ങുന്നു. എന്റെ ചങ്കിലൂടെ ഒരു മിന്നൽ. മറ്റൊരു മനുഷ്യനും ഇല്ല അവിടെ. ഇനി അവിടെ നിന്നാൽ പണിയവുമെന്നതിനാൽ ഞാൻ വണ്ടി മുന്നിലെ വളവിലോട്ട്‌ എടുത്തു ഒരു വലിയ മരത്തിന്റെ ചുവട്ടിൽ നിറുത്തി പിറകൊലോട്ട്‌ തിരിഞ്ഞു നോക്കി. അതാ ആന വഴിയിൽ എത്തി. എനിക്ക് വിട്ടു പോകാൻ തോന്നി പക്ഷേ എന്തും വരട്ടെ എന്ന് വച്ച് മൊബൈൽ എടുത്ത് ഒന്ന് രണ്ടു ക്ലിക്ക് ചെയ്തു. ഭാഗ്യം അത് പതിയെ താഴേക്ക് ഇറങ്ങാൻ തുടങ്ങി. പിന്നെ പതിയെ അത് കാട്ടിനുള്ളിലേക്ക് കയറി. ഇലകളുടെ ഇടയിലൂടെ അത് നടന്നു പോകുന്ന ശബ്ദം അകന്നു പോകുന്നത് പോലെ ഞാൻ കേട്ടു. അങ്ങനെ ഒരു ത്രില്ലിംഗ് അനുഭവത്തിന്റെ നിറവിൽ ഞാൻ യാത്ര തുടർന്നു. എതിരെ ഒരു ലോറി വരുന്നത് കണ്ട് ഞാൻ ഡ്രൈവറോട് ആനയെ പറ്റി പറഞ്ഞു. അപ്പോഴാണ് അറിയാൻ കഴിഞ്ഞത് അത് ഭയങ്കര ആന ശല്യമുള്ള സ്ഥലമാണ് എന്ന്. ദൈവം അനുഗ്രഹിച്ച് കുഴപ്പമൊന്നും ഉണ്ടായില്ല.

ഏകദേശം 11 മണിയോടെ ഞാൻ ഇരുമ്പുപാലം എത്തിച്ചേർന്നു. നല്ല വിശപ്പും! ആദ്യം കണ്ട ഹോട്ടെലിൽ കയറി പൊറോട്ടയും മീൻകറിയും കഴിച്ചു നേരേ കല്ലാർ ലക്ഷ്യമാക്കി യാത്ര തുടർന്നു. വഴിയിൽ ആദ്യം കണ്ട പമ്പിൽ കയറി ഫുൾ ടാങ്ക് അടിച്ചു. കല്ലാർ വട്ടിയാർ നിന്ന് ഇടത്തേക്ക് തിരിഞ്ഞു വേണം മാങ്കുളം പോകാൻ. വഴി അല്പം മോശമാണ്. എങ്കിലും യാത്രയുടെ ത്രില്ലിൽ അതൊന്നും ഒരു പ്രശ്നമായി തോന്നിയില്ല. മാങ്കുളം ആയപ്പോ തേയില തോട്ടങ്ങൾ കണ്ട് തുടങ്ങി. ചെറിയ തണുപ്പും ഉണ്ട്. മറ്റൊരു മുന്നാർ ആണെന്ന് തോന്നി. വലിയ ഒരു ഭംഗി ഉള്ള ഒരു തോട്ടം കണ്ടപ്പോൾ വണ്ടി നിറുത്തി കുറച്ച് ഫോട്ടോ എടുത്തു വീണ്ടും യാത്ര തുടർന്നു. പോകുന്ന വഴിക്ക് എന്റെ മനസ്സിൽ ഒരു സംശയം ഉദിച്ചു. ഇവിടെ ഉള്ള ആളുകൾ വണ്ടിക്ക് പെട്രോൾ അടിക്കുന്നത് എവിടുന്ന് എന്ന്! അതും ചിന്തിച്ച് പോകുമ്പോൾ മറ്റൊരു ആക്ടീവ സ്കൂട്ടറിൽ ഒരാള് എന്റെ ഓപ്പം വന്നു. അദ്ദേഹത്തോട് എന്റെ സംശയം ചോദിച്ചു. അദ്ദേഹം പറഞ്ഞു ഇവിടെ ഒക്കെ എല്ലാ കടകളിലും പെട്രോൾ കിട്ടുമെന്ന്. വില അല്പം കൂടുതലാണെന്ന് മാത്രം. അങ്ങനെ അദ്ദേഹം എന്റെ യാത്രയെ പറ്റി ചോദിച്ചു പരിചയപ്പെട്ടു. ആളുടെ പേര് സജി എന്നാണ്. മാങ്കുളത് ഉള്ള കർഷകനാണ്. നല്ല സ്നേഹം ഉള്ള വ്യക്തി! അദ്ദേഹം എന്നെ വീട്ടിലേക്ക് ക്ഷണിച്ചു.

എനിക്ക് ആ ക്ഷണം സ്വീകരിക്കാതിരിക്കാൻ തോന്നിയില്ല. അദ്ദേഹം ഒരു മല ചൂണ്ടി കാണിച്ചു പറഞ്ഞു അവിടെയാണ് വീടെന്ന്. ഞാൻ അദ്ദേഹത്തെ അനുഗമിച്ചു ഏകദേശം 15 മിനുട്ട് കൊണ്ട് എത്തി.അവരുടെ നാട് കാണാൻ എത്തിയ ഒരു അതിഥിയെ സ്വീകരിക്കാനുള്ള സന്തോഷമായിരുന്നു ആ കുടുംബത്തിന്! ഭാര്യയും 2 കുട്ടികളും അടങ്ങുന്ന ചെറിയ കുടുംബം. ചെന്ന ഉടനെ തന്നെ അദ്ദേഹം എന്നെയും കൂട്ടി വീടിന്റെ പിന്നിലെ തേനീച്ച കൂട് കാണിച്ച് അതിൽ നിന്നും അല്പം തേൻ എടുത്തു തന്നു. അതിന് ശേഷം കാട്ടിൽ കൊണ്ടുപോയി കാണിച്ചു. ആള് വലിയ പ്രകൃതി അനേഹിയണ്. ഒത്തിരി കാര്യങ്ങൽ ഞങ്ങൾ സംസാരിച്ചു. തിരികെ വീട്ടിൽ വന്നു എനിക്ക് ഒരു മീൻ കറി കൂട്ടി ഊണും തന്നാണ് വിട്ടത്. പോകാൻ നേരം ഇനിയും വരാനും കൂടെ ആദിവാസി ഊരിൽ കൊണ്ടുപോകാം എന്നൊക്കെ പറഞ്ഞു. തീർച്ചയായും ഇനി ഒരിക്കൽ പോകണം അദ്ദേഹത്തിന്റെ അടുത്ത്. എവിടുന്ന് യാത്ര പറഞ്ഞു നേരേ ആനക്കുളം ലക്ഷ്യമാക്കി വണ്ടി വിട്ടു. ഭാഗ്യമുണ്ടെങ്കിൽ ആന കൂട്ടത്തെ കാണാമെന്ന് സജിച്ചേട്ടൻ പറഞ്ഞിരുന്നു. പക്ഷേ ആനക്കുളത്ത് എനിക്ക് നിരാശ ആയിരുന്നു ഫലം. ആന ഇറങ്ങി വരാൻ സന്ധ്യ കഴിയുമെന്ന് അവിടെ അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞു.

ആനക്കുളത്തിന്റെ പ്രത്യേകത എന്താണെന്ന് വച്ചാൽ, അതൊരു ചെറിയ അരുവിയാണ്. അവിടെ ആന കൂട്ടമായി വെള്ളം കുടിക്കാൻ വരുന്ന ഇടമാണ്. കാരണം ആ അരുവിയിലെ വെള്ളം വളരെ ലവണാംശം ഉള്ളതിനാൽ ആനക്ക് വളരെ ഇഷ്ടമാണ്. അരുവിയിൽ ഇറങ്ങി നോക്കിയാൽ ഭൂമിക്കടിയിൽ നിന്നും ചെറിയ കുമിളകൾ പൊങ്ങി വരുന്നത് കാണാം. ആന വരുന്നത് വരെ നിന്നാൽ തിരികെ പോകാൻ താമസിക്കും. അതുകൊണ്ട് എവിടുന്ന് ഒരു ചായയും കുടിച്ച് അടുത്തുള്ള ഒരു ചെറിയ തടയണയും വെള്ളച്ചാട്ടവും കാണാൻ പോയി. പക്ഷേ വെള്ളം വളരെ കുറവാണ്. അവിടെ വെച്ച് ഒരു കൂട്ടം ചെറുപ്പക്കാർ വഴി ചോദിച്ചു സ്കൂട്ടറിൽ ചെന്നത് കൊണ്ട് ഞാൻ ഒരു ലോകൽ ആണെന്ന് വിചാരിച്ചു. എന്റെ സ്കൂട്ടർ യാത്രയെ പറ്റി അറിഞ്ഞപ്പോൾ അവർക്ക് വലിയ അൽഭുതം. ഇത്ര ദൂരം സ്‌കൂട്ടറിലോ എന്നാണ് ചോദിച്ചത്! അതിന് ശേഷം ഞാൻ അല്പം കൂടി മുന്നിൽ കണ്ട വഴിയിലൂടെ പോയി നോക്കി. നല്ല കാട്‌ ശരിക്കും ചീവീടുകളുടെ ശബ്ദം മാത്രം. വഴി തീർന്നപ്പോൾ തിരികെ പോന്നു. തിരികെ വന്നു കണ്ട ചെറുപ്പക്കാരോട് ചോദിച്ചപ്പോ അവർ പറഞ്ഞു ആനയെ കണ്ടിട്ടേ അവർ പോകുന്നുള്ളു എന്ന്. അവരുടെ മൊബൈൽ നമ്പർ മേടിച്ചു. പിന്നീട് അവർ എനിക്ക് ആനയുടെ ഫോട്ടോ അയച്ചു തന്നിരുന്നു.

തിരികെ വരുന്ന വഴി ഒരു വ്യു പോയിന്റ് ഉണ്ട്. കോട്ടപ്പാറ മല. അവിടെയും പോയി. മുകളിൽ നിന്നാൽ അടിമാലി ടൗൺ ശരിക്ക് കാണാം. അത് ഒരു പ്രൈവറ്റ് പ്രോപ്പർട്ടി ആണ്. ഞാൻ അവിടെ നിൽക്കുമ്പോൾ അതിന്റെ ഉടമസ്ഥൻ വന്നു അന്വേഷിച്ചു. കാരണം ഞാൻ ഒറ്റക്കണല്ലോ. കാര്യം പറഞ്ഞു സംസാരിച്ചപ്പൾ അദ്ദേഹം പറഞ്ഞു അവിടെ ഒരു റിസോർട്ട് പണിയാനുള്ള തയ്യാറെടുപ്പ് ആണെന്ന്. ഇൗ സ്ഥലത്തെ പറ്റി ഞാൻ അറിഞ്ഞത് എന്റെ ഒരു സുഹൃത്ത് വഴിയാണ്. സുഹൃത്തിന്റെ ഭാര്യ വീട് അവിടെ അടുത്താണ്. എന്തായാലും തിരികെ പോകുന്ന വഴി സുഹൃത്തിന്റെ വീട്ടിലും ഒന്ന് കയറി. കല്യാണത്തിന് ഞാൻ ആ വീട്ടിൽ ഒന്ന് പോയിരുന്നു. അവിടെ സുഹൃത്തിന്റെ അച്ഛനുമായി അല്പം സംസാരിച്ച് ഇരുന്നു. അപ്പോൾ ഏകദേശം 6 മണി ആയിരുന്നു. അദ്ദേഹത്തോട് യാത്ര പറഞ്ഞു ഞാൻ തിരിച്ചുള്ള യാത്ര തുടങ്ങി. കല്ലാർ നിന്നും സ്കൂട്ടർ യാത്ര വളരെ നല്ല ഒരു റൈഡ് ആയിരുന്നു. വളഞ്ഞും പുളഞ്ഞും പോകുന്ന വഴിയിലൂടെ ഒരു അഭ്യാസിയെ പോലെ കോതമംഗലം വരെ! രാത്രി 10 മണിയോടെ വീട്ടിൽ തിരികെ എത്തിച്ചേർന്നു!

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply