താജ് മഹൽ സഞ്ചാരികളും, നാണം കെടുത്തുന്ന ചില കാഴ്ചകളും…

ചിത്രങ്ങളും വിവരണവും – Saleem PO.

ഇന്ത്യക്കാരന്റെ സ്വകാര്യമായ അഹങ്കാരമാണ് ‘താജ് മഹൽ’ എന്ന വെണ്ണക്കൽ കൊട്ടാരം. ലോക ടൂറിസം ഭൂപടത്തിൽ ഇന്ത്യയെന്ന മഹാരാജ്യത്തെ അടയാളപ്പെടുത്തുന്ന സ്മാരകം. രവീന്ദ്ര നാഥ ടാഗോറിന്റെ വാക്കുകളിൽ ‘താജ്’ കാലത്തിന്റെ കവിളിൽ വീണ അനശ്വരയമായൊരു കണ്ണുനീർത്തുള്ളിയാണ്. “An eternal teardrop on the cheek of time.” ഒരു സഞ്ചാരി എന്ന നിലയിൽ താജിനുള്ളിലൂടെ കഴിഞ്ഞ ദിവസം നടന്നു നീങ്ങിയപ്പോൾ ശരിക്കും സങ്കടം കൊണ്ട് കണ്ണുനീർ തുള്ളി വന്നു. അത് പക്ഷേ, ഷാജഹാന്റെ നഷ്ടപ്രണയത്തെ ഓർത്തായിരുന്നില്ല; സുന്ദരമായ ആ സ്മാരകത്തോട് നമ്മൾ ചെയ്യുന്ന തിരുത്താനാവാത്ത പാതകത്തെ കുറിച്ചായിരുന്നു.

ദിനേന അമ്പതിനായിരത്തോളം സഞ്ചാരികൾ കയറിയിറങ്ങുന്ന താജ് മഹലിന്റെ നിലത്ത് പാകിയ സവിശേഷമായ വെള്ള മാർബിൾ സംരക്ഷിക്കാനാണ് ‘ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ’ സഞ്ചാരികൾക്ക് ഷൂ കവർ നിർബന്ധമാക്കിയത്. നാലു നൂറ്റാണ്ട് പഴക്കമുള്ള സ്മാരകത്തിന്റെ സംരക്ഷണത്തെ കുറിച്ച് ഉൾക്കാഴ്ചകളുള്ള തീരുമാനമായിരുന്നു അതെന്നു വേണം കരുതാൻ. പക്ഷേ, അത് നടപ്പിലാക്കിയത് എന്തുമാത്രം മോശമായ രീതിയിലാണെന്ന് നോക്കൂ.

താജിലേക്ക് പോകുന്ന വഴി നിറയെ ‘ഷൂ കവർ’ വില്പനക്കാരാണ്. പത്ത് രൂപക്കും അഞ്ചു രൂപക്കും ഒന്ന് വിലപേശിയാൽ രണ്ടു രൂപയ്ക്കു വരെ ഷൂ കവർ വഴിയോരത്ത് വാങ്ങാൻ കിട്ടും. എല്ലാം ഷൂവിന് മുകളിൽ ധരിച്ച് നാലടി നടന്നാൽ കീറിപ്പറിഞ്ഞു പോകുന്നവ. മിക്കവരും നടന്നു താജിനകത്തേക്കു കേറുന്നതിനു മുന്നേ ഷൂവിലെ കവർ കീറി പോന്നു കാണും. അതവിടെ തന്നെ കളഞ്ഞ് വെറും ഷൂ ഇട്ടാണ് പിന്നെ ബാക്കിയുള്ള നടപ്പ്. താജിനകത്തും പുറത്തുമായി ആയിരക്കണക്കിന് ഇത്തരം ഷൂ കവറുകൾ ദിവസേന സഞ്ചാരികൾ ഉപേക്ഷിച്ചിട്ട് പോകുന്നു. മാത്രവുമല്ല, ചെരുപ്പും ഷൂസും അതിലെ മാലിന്യങ്ങളും പേറി വെണ്ണക്കൽ കൊട്ടാരത്തിന്റെ നിലം ചവിട്ടിത്തേച്ച് അർമാദിക്കുന്നു. എന്തൊരു പരിഹാസ്യമായ കാഴ്ചയാണിത്!

വളരേ നല്ലതാകുമായിരുന്ന ഒരു തീരുമാനം, എന്തുമാത്രം വികലമായാണ് നമ്മുടെ അധികാരികൾ നടപ്പാക്കുന്നത്?
20 കോടിയോളം രൂപയാണ് ഓരോ മാസവും താജ് മഹലിലെ സഞ്ചാരികളിൽ നിന്ന് ടിക്കറ്റ് ഇനത്തിൽ ‘ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ’യും ‘ആഗ്ര ഡവലപ്മെന്റ് അതോറിറ്റി’യും സമാഹരിക്കുന്നത്.
40 രൂപ ടിക്കറ്റിനു പകരം 50 രൂപ ടിക്കറ്റ് ഈടാക്കി ഗുണമേന്മയുള്ള കീറിപ്പോകാത്ത ഷൂ കവറുകൾ നൽകാൻ ‘ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ’ വിചാരിച്ചാൽ നടക്കില്ലേ? അത് കൃത്യമായി എല്ലാ സഞ്ചാരികളും ധരിക്കുന്നു എന്നും, ഒന്ന് പോലും താജിനകത്തോ പരിസരത്തോ ഉപേക്ഷിക്കുന്നില്ല എന്ന് കർശനമായി ഉറപ്പാക്കാൻ മൂന്നോ നാലോ സെക്യൂരിറ്റി സ്റ്റാഫിനെ ചുമതലപ്പെടുത്താൻ താജിന്റെ സംരക്ഷണ ചുമതലയുള്ള ‘സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സി’ന് കഴിയില്ലേ? ചെരുപ്പും ഷൂസും പൂർണ്ണമായും ഒഴിവാക്കി, ആവശ്യമുള്ള സഞ്ചാരികൾക്ക് കനം കൂടിയ സോക്സുകൾ ലഭ്യമാക്കാൻ കഴിയില്ലേ? അല്ല, ഇതൊക്കെ ആരോട് പറയാൻ.. ആര് കേൾക്കാൻ!!

വാൽക്കഷ്ണം: താജ് മഹൽ കാണാൻ പോകുന്നതിനു തലേന്നാണ് കൂടെയുണ്ടായിരുന്ന ബ്രസീലുകാരൻ, അഞ്ഞൂറ് രൂപ നോട്ടിലെ വട്ടക്കണ്ണടക്കുള്ളിൽ ഹിന്ദിയിൽ എഴുതിയത് എന്താണെന്ന് ആകാംക്ഷയോടെ ചോദിച്ചത്. ഗാന്ധിജിയുടെ കണ്ണടയാണ് അതെന്നും ‘സ്വച്ഛ് ഭാരത്’ എന്ന മഹത്തായ ദൗത്യത്തിലൂടെ കടന്നു പോവുകയാണ് എന്റെ രാജ്യം എന്നും തെല്ല് അഭിമാനത്തോടെയാണ് പറഞ്ഞത്. ഡൽഹി താജ് മഹൽ ഹോട്ടലിന്റെ പുറത്തിറങ്ങിയതോടെ ആ അഭിമാനം ആവിയായിപ്പോയിത്തുടങ്ങി. ആഗ്ര വരെ എത്തുമ്പോഴേക്കും അത് പാടെ ഇല്ലാതായിരുന്നു. കറുത്ത് കരിപുരണ്ട് മലിനമായി ഒഴുകുന്ന യമുനാ നദിയും അതിന്റെ കരയിൽ ഒരക്ഷരത്തെറ്റു പോലെ സുന്ദരമായ താജ് മഹലും…
“ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ.. മലിനമായ ജലാശയം അതിമലിനമായൊരു ഭൂമിയും….”

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply