ലോറി ഡ്രൈവിംഗ് ഒക്കെ പഠിച്ചു നാട്ടിലൂടെ നടക്കുന്ന സമയം….ഒരു സുഹൃത്ത് ഒരു ദിവസം ചോദിച്ചു, പോരുന്നോ ബോംബയ്ക്ക് എന്ന്.. പൊന്നുമോനെ, മനസ്സിൽ ഒരു ലോഡ് ലഡ്ഡു പൊട്ടി… പക്ഷെ വീട്ടിലറിഞ്ഞാൽ അപ്പനും അമ്മയും സമ്മതിക്കില്ല… അതങ്ങനെയാണല്ലോ.. ഡിഗ്രി കഴിഞ്ഞിട്ട് മകൻ ലോറി ഡ്രൈവറാകാൻ ഏതു കാർന്നോന്മാരാ സമ്മതിക്കുന്നെ?..
എന്തായാലും വേണ്ടില്ല, അവരോടു ഇച്ചിരെ കള്ളത്തരം പറയാമെന്നു വെച്ചു… അല്ലാ, അതിപ്പം നമുക്കൊരു ശീലമാണല്ലോ… എന്റെ പരിചയത്തിൽ അങ്ങ് മലബാറിൽ, വെള്ളരിക്കുണ്ട് ആലക്കോട് ഏരിയായിൽ ചാണകക്കുണ്ട് ആണോ അതോ ചാണാക്കുണ്ട് ആണോ എന്ന് ഓർമ്മയില്ല… അങ്ങിനെ ഒരു സ്ഥലമുണ്ട്… പിന്നീട് ആ സ്ഥലം പേര് പരിഷ്കരിച്ചു കരുണാപുരം ആയെന്നു കേട്ടു…
ആ, പറഞ്ഞു വന്നത്, അവിടെ എനിക്ക് പരിചയമുള്ള ഒരു അച്ചനുണ്ട് Sunny Velamparambil.. ഒരു ധ്യാനകേന്ദ്രത്തിൽ…. പുള്ളി ഇപ്പം അവിടെ ഇല്ല കേട്ടോ.. ഞാൻ വീട്ടിൽ ചെറിയൊരു വഴക്കുണ്ടാക്കി…. എങ്ങിനെയെങ്കിലും ബോംബേക്കു പോണോല്ലോ.. അന്ന് വൈകുന്നേരം ആയപ്പോൾ എനിക്ക് ഭയങ്കര പശ്ചാത്താപം…. ഞാൻ പറഞ്ഞു, എനിക്കൊന്നു ധ്യാനിക്കണം, ഞാൻ മലബാറിൽ സണ്ണിയച്ചന്റെ അടുത്തോട്ടു പോകുവാ എന്ന്.. അപ്പനും അമ്മയും ഓക്കേ. ഒന്നുമില്ലേലും ഒരു വൈദീകന്റെ അടുത്തേക്കാണല്ലോ പോകുന്നത്…
ഞാൻ വേഗം സജിയെ വിളിച്ചു, അവൻ പറഞ്ഞു.. കുറവിലങ്ങാട് വരുമ്പോ മിസ്കാൾ അടിക്കാം, നീ മോനിപ്പള്ളിയിൽ വന്നു നിന്നോ എന്ന്. അവന്റെ മിസ്കോളിനൊന്നും ഞാൻ കാത്തുനിന്നില്ല, നേരെ വിട്ടു മോനിപ്പള്ളിക്ക്. ഏകദേശം രണ്ടു രണ്ടര മണിക്കൂർ പോസ്റ്റിൽ പിടിച്ചു നിന്നപ്പോൾ അവന്റെ മിസ്കോൾ എത്തി. അധികം താമസിയാതെ നമ്മുടെ രാജരഥവും വന്നു… നേരെ വണ്ടിയിൽ കയറി.
നല്ല ഒന്നാംതരം ലൈലാൻഡ്, പവർ സ്റ്റീയറിങ്ങും സിംഗിൾ ക്ലച്ചും…അവനോടു ആദ്യമേ ഉള്ള കാര്യം പറഞ്ഞു.. ചേറ്റുകുളത്തു നിന്ന് ( എന്റെ നാട്ടീന്നു ) ആരേലും വിളിച്ചാൽ ഞാൻ കൂടെയുണ്ടെന്ന് പറഞ്ഞേക്കരുത് എന്ന്.. അങ്ങിനെ ആ യാത്ര തുടങ്ങി… രാത്രി മുഴുവൻ അവനോടിച്ചു… വെളുപ്പിനെ എപ്പോളോ മാഹി പമ്പിൽ ചെന്നപ്പോ അവൻ വിളിച്ചെഴുന്നേല്പിച്ചു…പോയി ഫ്രഷ് ആകാൻ പറഞ്ഞു… ഒരു വിധത്തിലെഴുന്നേറ്റു ഫ്രഷ് ആയി വന്നു വീണ്ടും ഉറക്കം തുടങ്ങി..
പിന്നെ എഴുന്നേറ്റപ്പോൾ പരിയാരം മെഡിക്കൽ കോളേജ് കഴിഞ്ഞു വണ്ടി നിർത്തിയിട്ടിരിക്കുവാ… ഞാനേറ്റു നോക്കിയപ്പോൾ, അവൻ അവിടെയുള്ള കടേന്നു അരിയും സാധനങ്ങളും വാങ്ങിക്കൊണ്ടിരിക്കുവാ.. എന്നോട് പറഞ്ഞു ആ കടയുടെ പുറകിലുള്ള വീട്ടിൽപോയി കുടിക്കാനുള്ള വെള്ളം വണ്ടിയിലുള്ള കന്നാസുകളിൽ നിറച്ചോളാൻ..
അങ്ങിനെ ദേഹം അനങ്ങിയുള്ള പണിക്കു അവിടെ തുടക്കം കുറിച്ചു…കിണറ്റിലേക്കൊന്ന് നോക്കി… കർത്താവേ, മാവേലി വരുന്ന വഴിയാണെന്ന് തോന്നുന്നു… ഒടുക്കത്തെ ആഴം…എന്തായാലും എല്ലാ കന്നാസിലും വെള്ളം കോരിത്തന്നെ നിറച്ചു, വണ്ടിയേലും കേറ്റി.. സജി പറഞ്ഞു.. ഇനി നീ ഓടിച്ചോ, ഞാനൊന്നു ഉറങ്ങാൻ പോകുവാ എന്ന്..അങ്ങിനെ അവിടം തൊട്ടു വളയം എന്റെ കൈകളിൽ… അതിനിടക്ക് എപ്പോഴോ ദോശ കഴിച്ചായിരുന്നു കേട്ടോ…
അങ്ങിനെ മഞ്ചേശ്വരം ചെക്പോസ്റ് അടുക്കാറായി… അവനെ വിളിച്ചെഴുന്നേല്പിച്ചു.. അവൻ പറഞ്ഞു ഇനി അടുത്ത് കാണുന്ന ഹോട്ടലിൽ കേറി എന്തെങ്കിലും കഴിച്ചിട്ടു പോകാം.. കേരളം വിട്ടാൽ എല്ലാം കണക്കാണെന്നു.. അങ്ങിനെ മഞ്ചേശ്വരം ചെക്പോസ്റ്റെത്തി. ഞാൻ ഏറ്റവും പുറകിൽ കിടന്ന വണ്ടിയുടെ പുറകിൽ ഒതുക്കാനൊരുങ്ങിയപ്പോൾ അവൻ പറഞ്ഞു വിട്ടോ വിട്ടോ എന്ന്.. കാരണം ലോഡ് പൈനാപ്പിൾ ആയതുകൊണ്ട് പെട്ടെന്ന് അവർ ഒക്കെ അടിച്ചു തരും..അങ്ങിനെ കർണാടകയിൽ കയറി…
മംഗലാപുരത്തുകൂടി ഡ്രൈവ് ചെയ്തു പോന്നപ്പോ ചുമ്മാ രണ്ടു സൈഡിലും നോക്കി. കാരണം നാട്ടീന്നു കുറച്ചു പെമ്പിള്ളേർ നഴ്സിങ് പഠിക്കാൻ മംഗലാപുരത്തിനു പോന്നിട്ടുണ്ടല്ലോ…. അവരെ വല്ലോം കാണാൻ പറ്റുമോ എന്ന്…കണ്ടില്ലാ….. കുറെയേറെ ദൂരം പോന്നു…
വിശപ്പിന്റെ വിളി വന്നപ്പോ സജി അറിയാതെ ഉറക്കത്തീന്ന് ഏറ്റു… നമുക്കതില്ലല്ലോ… നമ്മൾ ഡ്രൈവിങ്ങിന്റെ ലഹരിയിലാണല്ലോ. ഒരു മരത്തണലിൽ വണ്ടിയൊതുക്കാൻ പറഞ്ഞു. ഒതുക്കി നിർത്തി… വീട്ടിൽ, പാത്രം കഴുകാനുള്ള മടികൊണ്ടു ഭക്ഷണം പോലും കഴിക്കാത്ത ഞാൻ ( ഉഴവൂര് ഒരു തുണിക്കട ( പ്രിയ സൂപ്പർ മാർക്കറ്റ് ) സ്വന്തമായിട്ടുള്ളതുകൊണ്ടു അപ്പനും അമ്മയും രാവിലെ വീട്ടീന്ന് പോയാൽ വൈകുന്നേരമേ വരുകയുള്ളൂ… അതുകൊണ്ടു വിളമ്പിത്തരുവാനും ആരുമില്ല ) ഓരോരോ പണികൾ തുടങ്ങുകയായി..
സജി എന്നോട് പറഞ്ഞു നീ അരി കഴുകിയിട്, ഞാൻ കറിക്കുള്ളത് നോക്കട്ടെ എന്ന്.. കർത്താവേ പണി പാളി…. എങ്ങിനെയാ അരി കഴുകുന്നത്, എന്തോരും വേണം… ഒന്നും അറിയാന്മേല… പതിയെ സജിയോട് കാര്യം അവതരിപ്പിച്ചു. അവന്റെ മറുപടി ഞാനിവിടെ പോസ്റ്റുന്നില്ല. നിങ്ങളങ്ങട് ഊഹിച്ചാൽ മതി..
എന്തായാലും അവൻ അരി അളന്നെടുത്തു.. കഴുകാൻ പറഞ്ഞു… എന്തായാലും അങ്ങിനെ അരി കഴുകാൻ പഠിച്ചു… അതും കഴിഞ്ഞു പ്രെഷർ കുക്കറിലിട്ടു വേവിക്കാൻ വെച്ചു മൂന്നു പ്രാവശ്യം കൂവി എന്നാണെന്റെ ഓർമ്മ… വിദഗ്ധർ ക്ഷെമിക്കുക… പിന്നെ അവൻ കഞ്ഞി വാർത്തു… വീട്ടിൽ പോലും അടുക്കളയിലേക്കു എത്തിനോക്കുക പോലും ചെയ്യാത്ത എനിയ്ക്കു എല്ലാം ഓരോരോ പാഠങ്ങൾ ആയിരുന്നു..
ആ കഞ്ഞി വാർക്കലിന്റെ ഫോട്ടോ ഞാനിടാം…അപ്പോളറിയാം ലോറിക്കാർ കഞ്ഞി വാർക്കുന്ന ടെക്നിക്… അങ്ങിനെ ഭക്ഷണവും കഴിച്ചു, മിച്ചമുള്ളതു വേറെ പാത്രത്തിലാക്കി അടുപ്പെല്ലാം എടുത്തുവെച്ചു വീണ്ടും യാത്ര തുടങ്ങി.. അവൻ ഉറക്കം, ഞാൻ ഡ്രൈവിംഗ്… അങ്ങിനെ സന്ധ്യയോടു കൂടി ഒരു സ്ഥലത്തു എത്തിച്ചേർന്നു… സ്ഥലത്തിന്റെ പേര് ഓർക്കുന്നില്ല…. അവിടം തൊട്ടു വനമാണ്…
സജിയും എഴുന്നേറ്റു… അവൻ പറഞ്ഞു വണ്ടി ഒതുക്കിക്കൊ എന്ന്.. കാരണം, ഈ രാത്രി മുഴുവൻ ഈ വനത്തിലൂടെയാണ് യാത്ര… നേരം വെളുക്കുമ്പോഴേ ബെൽഗാമിൽ ചെല്ലുകയുള്ളൂ… നിർത്തിയിടാൻ കാരണം, ഈ വനത്തിൽ കൊള്ളക്കാർ ഉണ്ട്… ഒറ്റ വണ്ടിയായിട്ടു ആരും പോകില്ല… പത്തു പന്ത്രണ്ടു വണ്ടികൾ ഒരുമിച്ചു ഒരു കോൺവോയ് ആയെ പോകത്തുള്ളൂ.. ഒറ്റ വണ്ടിക്കാർ പോയാൽ കള്ളന്മാർ ടാറ്റ സുമോയിൽ വരും, ചിലപ്പോൾ വിലങ്ങും, ചിലപ്പോൾ ലോഡിന്റെ കെട്ടുപൊട്ടിച്ചു വിടും. നിവൃത്തിയില്ലാതെ നിർത്തിയാൽ ചിലപ്പോൾ ഉടുതുണി മാത്രമേ മിച്ചം കാണുകയുള്ളു… അതുപോലെ വഴിയിൽ നല്ല പുത്തൻ ടയർ ഒന്നുരണ്ടെണ്ണം കൊണ്ടുവന്നിടും.. എന്നിട്ടു ഒളിച്ചു നിൽക്കും… ആരേലും അതെടുക്കാൻ നിർത്തിയാൽ…. പത്തു പതിനഞ്ചു പേർ കാട്ടീന്നു ചാടിയെറങ്ങും….. പിന്നത്തെ കാര്യം പറയേണ്ടല്ലോ… അതുകൊണ്ടു റബർ ഷീറ്റുകൊണ്ടു പോകുമ്പോൾ സാധാരണയായി മംഗലാപുരത്തു നിന്ന് റോറോ ട്രെയിൻ കയറി ആണ് ബോംബേക്കു പോകുന്നത്…
ആ പറഞ്ഞു വന്നത് കള്ളന്മാരുടെ കാര്യം.. ഒരിക്കൽ കോട്ടയത്ത് നിന്ന് ഒരു ഒറ്റവണ്ടിക്കാരൻ രാത്രിയിൽ ഈ വനത്തിലൂടെ കയറി വന്നു.. വണ്ടിയുടെ ഓണർ ആണ് ഓടിച്ചിരുന്നത്… കള്ളന്മാർ സുമോ കൊണ്ട് വണ്ടി ബ്ലോക്ക് ചെയ്തു… വണ്ടിക്കാർ ചോദിച്ചതെല്ലാം എടുത്തുകൊടുത്തു… കാരണം ഒരു വണ്ടിയിൽ മിനിമം ഒരു 25000 രൂപയെങ്കിലും കാണും.. കാശെല്ലാം മേടിച്ചു കള്ളന്മാർ താഴെയിറങ്ങി… അവർക്കറിയില്ലല്ലോ ഓടിക്കുന്നത് ഓണർ ആണെന്ന്…. അവർ അങ്ങേരുടെ കൈക്കിട്ടു വടിവാള് കൊണ്ട് ഒരു വെട്ടു കൊടുത്തു…. എന്നിട്ടു പറഞ്ഞു… ഞങ്ങൾ കാശു കൊള്ളയടിച്ചെന്നു പറഞ്ഞാൽ നിന്റെ മൊതലാളി വിശ്വസിക്കില്ല.. അങ്ങേർക്കു വിശ്വാസം വരാനാ നിനക്കിട്ടു വെട്ടിയതെന്നു…. എങ്ങിനെയുണ്ട് ?…
അങ്ങിനെ പത്തു പന്ത്രണ്ടു വണ്ടിയായപ്പോൾ ഞങ്ങൾ യാത്ര പുനരാരംഭിച്ചു… ഞാൻ സൈഡിലിരിക്കുന്നു, അവനോടിക്കുന്നു.. ലോറിയുടെ കാബിനിന്റെ രണ്ടു സൈഡിലും കമ്പി വലയുണ്ട്… അതൊക്കെയിട്ട് ലോക്ക് ചെയ്താണ് യാത്ര… കുറച്ചു കഴിഞ്ഞപ്പോ ഞാനുറങ്ങിപ്പോയി… വെളുപ്പാങ്കാലം ആയപ്പോഴേക്കും ബെൽഗാമിൽ എത്തി… രാത്രിയിൽ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല… ദൈവത്തിനു നന്ദി…
അങ്ങിനെ നേരം വെളുത്തപ്പോൾ സ്റ്റീയറിങ് വീണ്ടും എന്റെ കൈയിൽ…. ബെൽഗാം കഴിഞ്ഞു കുറേ പോന്നു കഴിഞ്ഞാൽ പിന്നെ അടിപൊളി റോഡാണ്.. നാലുവരിപ്പാത…. രണ്ടു വാരി കഴിഞ്ഞുള്ള മീഡിയനിൽ പലതരത്തിലുള്ള പൂച്ചെടികൾ വച്ചു പിടിപ്പിച്ചിരിക്കുന്നു… രാത്രിയിലാണെങ്കിൽ ഈ ചെടികൾ കാരണം എതിരേ പോകുന്ന വണ്ടിയുടെ ലൈറ്റ് നമ്മുടെ കണ്ണിലടിക്കില്ല.. എന്തൊരു സുഖം… ഈ വഴിയൊക്കെ കാണുമ്പോളാ നമ്മുടെ അധികാരികളെയൊക്കെ എടുത്തു കിണറ്റിലിടാൻ തോന്നണേ…..
പിന്നെ പോകുന്ന വഴിക്കു ഉള്ള ചെക്ക്പോസ്റിലെല്ലാം കൈക്കൂലി കൊടുക്കണം… ലോഡ് പൈനാപ്പിളാണെന്നറിയുമ്പോൾ അവർക്കതുമതി .. കൊടുത്തില്ലേൽ അവർ വണ്ടി വിടുകയുമില്ല… അങ്ങിനെ കുറെയേറെ ഇറക്കങ്ങളും കയറ്റങ്ങളും തുരങ്കങ്ങളും ഒക്കെ പിന്നിട്ടു പ്രശസ്തമായ കോലാപ്പൂരി ചെരുപ്പുകിട്ടുന്ന, കോലാപൂരും പിന്നിട്ടു വൈകുന്നേരമാകുമ്പോഴേക്കും എക്സ്പ്രസ് ഹൈവേക്കു മുന്നോടിയായുള്ള ശിവാപുർ എന്നാ സ്ഥലത്തെത്തി…
ഈ ഏരിയയിൽ ഗ്ലാസിൽ മുട്ടവെച്ചെറിയുക… അത് തുടക്കാൻ നമ്മൾ നിർത്തിയാൽ നമ്മെ കൊള്ളയടിക്കുക , സ്ത്രീകളെക്കൊണ്ട് കൈകാണിപ്പിക്കുക തുടങ്ങിയ കലാപരിപാടികളൊക്കെയുണ്ട്… അവിടുന്ന് വണ്ടിയൊക്കെ ചെക്ക് ചെയ്തു വളയം വീണ്ടും സജിയുടെ കൈയിൽ…. ഉള്ളത് പറയാലോ… എക്സ്പ്രസ് ഹൈവേയിലെ 95 % സ്ഥലങ്ങളും കാണാൻ എന്നാ ഭംഗിയാണെന്നറിയാമോ… അടിപൊളി… അടിപ്പൻ , സൂപ്പർ… രാത്രി മുഴുവൻ എക്സ്പ്രസ്സ് ഹൈവേ കവർ ചെയ്തു , വെളുപ്പിനെ നാലുമണിയോട് കൂടി ബോംബെ വാഷി വെജിറ്റബിൾ മാർക്കറ്റിൽ എത്തിച്ചേർന്നു…
ചിലപ്പോൾ ഭാഗ്യമുണ്ടെങ്കിൽ അന്നുതന്നെ റിട്ടേൺ ലോഡ് കിട്ടും ചിലപ്പോൾ ഒന്നു രണ്ടു ദിവസം അങ്ങിനെ കിടക്കേണ്ടി വരും… പിന്നെ ഒരു അന്തിപ്പണി കിട്ടീ കേട്ടോ… നാട്ടീന്നു ആരോ വിളിച്ചപ്പോ അറിയാതെ സജി എന്റെ കാര്യം പറഞ്ഞു പോയി… അപ്പൻ ഉടനെ സണ്ണിയച്ചനെ വിളിച്ചു.. അച്ചനോട് ഞാൻ നേരത്തെ കാര്യങ്ങൾ പറഞ്ഞുവെങ്കിലും അതുവരെ ആത്മാർദ്ധ സുഹൃത്തായിരുന്ന സണ്ണിയച്ചൻ ഒറിജിനൽ വൈദീകനായി അപ്പനോട് ഉള്ള കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു…
പിന്നത്തെ കാര്യമൊന്നും പറയേണ്ട… നാട്ടിൽച്ചെന്ന ദിവസം ചോരാത്ത വെയ്റ്റിംഗ് ഷെഡ് ഉള്ളതുകൊണ്ട് കിടന്നുറങ്ങാൻ പറ്റി ( വീട്ടിൽ കയറ്റിയില്ല എന്ന് ). പിന്നെ പിന്നെ അടിച്ച വഴിയേ പോയില്ലെങ്കിൽ പോകുന്ന വഴിയേ അടിക്കുക എന്ന പരിപാടി അപ്പനും തുടങ്ങി… അങ്ങിനെ ആദ്യ യാത്രക്ക് ശേഷം ആറു മാസത്തോളം സ്ഥിരം ബോംബെ കോട്ടയം പോകാൻ തുടങ്ങി……
അങ്ങിനെ ഒരു പ്രാവശ്യം ബോംബയിൽ കിടന്നപ്പോളാണ് അവിടെ ഭീകരാക്രമണം ഉണ്ടായത്…. പിന്നെ നമ്മൾ ഈ ഫീൽഡിൽ കടിച്ചുതൂങ്ങിയാലോ എന്നോർത്ത് നമ്മളെ കുവൈറ്റിന് നാടുകടത്തി. ഇതിൽ ഇട്ടിരിക്കുന്ന ഫോട്ടോ ഒക്കെ ഒറ്റ ട്രിപ്പിലുള്ളത് അല്ല കേട്ടോ… പല ട്രിപ്പിലുള്ളതാ… പിന്നെയുള്ള ട്രിപ്പുകളിൽ നാട്ടീന്ന് ആരെങ്കിലുമൊക്കെ കാണും, സ്ഥലം കാണാനുള്ള കൊതി കൊണ്ട് പോരുന്നവർ… ആരെയും നിരാശപ്പെടുത്തിയിട്ടില്ല…..
പാചകം അറിയാവുന്നവർക്ക് മുൻഗണന….. കഴിഞ്ഞ ദിവസം ZUBAIR UDMA PAKYARA യുടെ പോസ്റ്റ് കണ്ടപ്പോൾ നമ്മുക്കും അതൊരു മധുരമുള്ള ഓർമ്മയായി… ക്ഷമിക്കണം…. പറഞ്ഞു പറഞ്ഞു കാടുകയറിപ്പോയി…..
വിവരണം – അനീഷ് സ്റ്റീഫന്.