യാത്രക്കിടയിൽ ഞാൻ നഷ്ടപ്പെടുത്തിയ ഒരു ജീവനും അതിൻ്റെ പ്രായശ്ചിത്തവും…

വിവരണം – ശ്രീഹരി ബാല.

ഓരോ_യാത്രക്കാരോടും_മാപ്പുപറഞ്ഞ്_ഞാനിത്_എഴുതിത്തുടങ്ങുകയാണ്…!!! അതൊരു പഴയ ദിവസമായിരുന്നു… അച്ഛന്റെ അപേക്ഷയായിരുന്നു മകനെ നീ എങ്ങനെയെങ്കിലും ആ ഡിഗ്രി എഴുതിയെടുക്ക് എന്ന്.എന്നിൽ അതിയായ ആഗ്രഹമുണ്ടെങ്കിലും തലയിൽ പഠിത്തം കേറുന്നില്ല എന്ന കാരണം എന്നെ വല്ലാതെ അലട്ടിയിരുന്നു.
ദിവസംകഴിയുംതോറും അമ്മയും അച്ഛന്റെ ഒപ്പമായി മാറിതുടങ്ങി. വീട്ടിൽ പിടിച്ചുനിൽക്കാൻ പറ്റാതായപ്പോ ഒരു ഒളിച്ചോട്ടമെന്ന രൂപത്തിൽ എനിക്ക് യാത്രയല്ലാതെ വേറെ നിവർത്തിയില്ലായിരുന്നു…!

എന്റെ യാത്ര ഇവിടെനിന്നും തുടങ്ങുന്നു…! ആ ദിവസം എന്റെ യാത്രയുടെ പ്ലാൻ കാശിയും രാമേശ്വരവും ഹിമാലയവും മണാലിയുമൊക്കെ ആണെങ്കിലും കൈയ്യിലെ കാശിന്റെ അവസ്ഥ ഒരു ഒരുദിവസത്തെക്കുള്ള ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു. രാവിലെ പതിവുപോലെ ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് ഒന്നും മാറ്റിവെക്കേണ്ടി വന്നില്ല. നമ്മടെ സ്വന്തം കൂട്ടുകാരന്റെ ബൈക്കുമെടുത്ത് മുന്നൂറ്റിയമ്പത് രൂപക്ക് നിറയെ എണ്ണയുമടിച്ച് ഒരു ദൂര യാത്രക്കിറങ്ങി….!!!!!!!

പാലക്കാട്…! എന്റെ വീട്ടിൽനിന്ന് ഒരു 80കി മി കഷ്ടിചുണ്ട് അട്ടപ്പാടി എന്ന സ്ഥലത്തേക്ക്. എന്റെ ലക്ഷ്യം അവിടേക്കായിരുന്നു. അവിടെ വലുതായി ഒന്നുമുണ്ടായിട്ടല്ല. ഞങ്ങൾ യാത്രക്കാർ ഇങ്ങനാണ്…ഒന്നുമില്ലാത്ത ഒരിടംനോക്കി പോവും…ഒന്നുമില്ലാത്ത ഇടത്തിലായിരിക്കും നിധിയുള്ളത്‌…!!!!!! അട്ടപ്പാടിയെക്കുറിച്ച് ഒരു വലിയ വിവരണത്തിന്റെ ആവശ്യമില്ലെന്ന് തോന്നുന്നു. ഭക്ഷണം മോഷ്ടിച്ചതിന്റെപേരിൽ തല്ലിക്കൊന്ന ഒരാളുടെ ആത്മാവുള്ള ഇടം…!

നേരം ഇരുട്ടാറായിരിക്കുന്നു…ഇപ്പോൾ ഇറങ്ങിയാൽ അധികം വൈകാതെ വീട്ടിലെത്താം… കഞ്ഞിയെങ്കിലും കിട്ടും…ആ ഒരു പ്രതീക്ഷയിൽ ഞാൻ തിരിച്ചുവരാനുള്ള ഓട്ടത്തിലായിരുന്നു. നേരം വിചാരിക്കുന്ന മുൻപേ ഇരുട്ടാവുന്നുണ്ട്. എന്റെ വണ്ടിയുടെ വേഗം കൂടുതൽ വേഗത്തിൽ ഞാനറിയാതെ പോവുകയാണ്. എന്റെ ആശ്രദ്ധയാണ്…എന്റെ വണ്ടിയിൽപ്പെട്ട് ഒരു അമ്മപ്പൂച്ച തെറിച്ചത് ഞാൻ കണ്ടു. ഒരു പൊടിക്കുഞ്ഞുപൂച്ച ഒപ്പം ഉള്ളതുകൊണ്ടാവാം എനിക്കത് അമ്മയാണെന്നത് ഉറപ്പിക്കാനായത്.

ആ അമ്മ പൂച്ചയുടെ അടുത്ത് ചെന്നതും അതിന്റെ ജീവൻ നഷ്ടമായത് എന്നിലെ ശ്രീഹരി ബാലയോട് എനിക്ക് വെറുപ്പും ദേഷ്യവും ഉണ്ടാക്കിയിരുന്നു. അട്ടപ്പാടി യാത്ര ഇത്രയധികം വിഷമം തരുമെന്ന് ഞാനറിഞ്ഞിരുന്നില്ല…!
എന്തുചെയ്യണം, ആരോട് ക്ഷമ ചോദിക്കണം എന്നൊന്നും അറിയാതെ ഞാൻ ഇരുന്നപ്പോഴാണ് ആ കുഞ്ഞിപ്പൂച്ച കരഞ്ഞു നടക്കുന്നത് ഞാൻ പിന്നെയും കാണുന്നത്. അധികമാലോചിക്കാതെ ഞാനതിനെ എടുത്തു. നല്ല വെളുത്ത ഒരു കുഞ്ഞിപ്പൂച്ച. നല്ല തെളിഞ്ഞ കണ്ണുകളും ഉണ്ട ശരീരവുമായിരുന്നു അവൻ…!

ഞാനിവിടെനിന്ന് പോയാൽ ഇവൻ അനാഥനാണ്. ഇവിടെനിന്ന് ഞാൻ പോയാൽ ഭക്ഷണം മോഷ്ടിച്ചതിന്റെപേരിൽ ഒരാളെ തല്ലിക്കൊന്നവരും ഞാനും തമ്മിൽ എന്താണ് വ്യത്യാസം. മനസ്സ് ഒരുപാട് ചോദ്യങ്ങളെ നേരിട്ടു. അധികം വൈകിയില്ല. ഞാൻ കുഞ്ഞിപൂച്ചയെ എന്റെ ഷർട്ടിനുള്ളിലേക്ക് മെല്ലെ വെച്ചു… എന്നിട്ട് ഷർട്ട് പാന്റിനുള്ളിലേക്ക് ഞാൻ ഇൻ ചെയ്തു. ആളിപ്പോ സുരക്ഷിതനാണ്…! ഞങ്ങൾ ഒരുമിച്ചൊരു തിരിച്ചുവരവ്. ഒരിക്കലും ഇവനെ ഞാൻ അനാഥനാക്കില്ല …ഇവന് ഞാനുണ്ട് കൂട്ടിന്…അതായിരുന്നു മനസിലുടനീളം…!!!

വീടെത്തിയതും ഉള്ളിലൊരു പേടി വന്നു. ‘അമ്മ എന്തുപറയും. അച്ഛൻ…! ഹോ…ഓർക്കാൻ വയ്യ…! വീടിന് ഉള്ളിലെത്തിയതും ഞാൻ കാര്യങ്ങൾ പറഞ്ഞു….എല്ലാം…! പറയുന്ന ഇടയിൽ ‘അമ്മ പൂച്ചക്കുട്ടിയെ മെല്ലെ വാരിയെടുത്തത് എന്റെ കണ്ണുകൾ നിറച്ചിരുന്നു. അച്ഛന് എതിർപ്പൊന്നുമില്ല…! അന്ന് രാത്രിതന്നെ അവനൊരു പേരിട്ടു. #ലഡ്ഡു…!

അവന് നഷ്ടമായ അമ്മയെ എനിക്ക് തിരിച്ചുകൊടുക്കാൻ കഴിയില്ല… പക്ഷെ അവന് കൂട്ടിന് ഒരമ്മയും അച്ഛനും ഒരു ബാലയെയും കിട്ടും…! ഇന്ന് വീട്ടിൽ അവനൊരു അംഗമാണ്. ഞങ്ങൾക്കൊപ്പം അവനുണ്ട്.അവനുവേണ്ടി ഇവിടെ ഒരു ഇടം മാറ്റിവെച്ചിട്ടില്ല…ഈ വീട്ടിലെ എല്ലാ ഇടവും അവനുവേണ്ടിയുള്ളതാണ്…!!! ചിലനേരമത്രയും അവനോട് ‘അമ്മ മിണ്ടുന്നത് കാണാമെനിക്ക്. അവന്റെ അമ്മ ഇതാണ്….!!!

അച്ഛനോടും അമ്മയോടും ഞാനെന്റെ ഡിഗ്രിക്ക് വാക്ക് കൊടുത്തു. പഠിക്കണം… എന്നിട്ട് മതി എന്റെ സ്വപനങ്ങൾ എല്ലാം…!!!! ലഡ്ഡു…നീയൊരു പൂച്ച മാത്രമല്ല… എന്റെ തലയെഴുത്ത് മാറ്റാൻ വന്ന ഒന്നാണ്…! എന്റെ യാത്രയിൽ എനിക്ക് കിട്ടിയ നിധി നീയാണ്…! നിന്നോട് മാപ്പ് പറഞ്ഞുകൊണ്ട് ഞാനൊന്ന് പറയുന്നു…നിനക്കിവിടെ സുഖമെന്ന് കരുതുന്നു…!!!

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply