പഴയകാലത്തിലൂടെ യാത്ര ചെയ്യുന്ന ഫീല്‍ തന്ന ആ ഘട്ട് റോഡ്‌…

ഇതൊരു യാത്രക്കിടയിൽ കിട്ടിയ മറക്കാനാവാത്ത ഒരു വഴിയേ കുറിച്ച് പറയാൻ ഉള്ള പോസ്റ്റ് ആണ്. ഒരുപക്ഷേ ഈ റോഡ് വഴി പോയവർ ഒരുപാട് ഉണ്ടായിരിക്കാം എന്നാലും പോവാത്തവർ ഒരിക്കെലെങ്കിലും ഇതുവഴി പോവണം..

ഹൈദരാബാദ് നിന്നും ജഗതൽപൂർ പോവുന്ന വഴി ആണ് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഈ റോഡ് വഴി സഞ്ചരിക്കാൻ കഴിഞ്ഞത്. 163 അതാണ് റോഡ്. Mullakatta എന്ന സ്ഥലം മുതൽ റോഡ് ടാറിങ് ഇല്ല. വിജനതയുടെ അപ്പാപ്പൻ എന്ന് വിളിക്കാവുന്ന മഡ് റോഡ്‌. ചുറ്റിലും കരിഞ്ഞുണങ്ങിയ കാട്.. വേറെ ഒരു വണ്ടികളും വരുന്നില്ല.

ഘട്ട് റോഡ് സ്റ്റർട്‌സ് എന്ന ബോർഡിനടുത് വണ്ടി നിർത്തി ഒരു ഫോട്ടോ എടുത്തു. ശരിക്കും ഞാൻ തലേ ദിവസം രാത്രി ആയിരുന്നു ആ റോഡ് വഴി പോവേണ്ടിയിരുന്നത്. പക്ഷേ ലാസ്റ്റ് പെട്രോൾ അടിച്ച പമ്പിൽ നിന്നും ഒരാൾ പറഞ്ഞു. “മാവോയിസ്റ്റ് ഏരിയ ആണ് രാത്രി പോയാൽ ജീവന് ഭീഷണി ആവും. ഒറ്റക്കല്ലേ ഉളളൂ കുറച്ച് മുന്നോട്ട് പോയാൽ ചെറിയ ലോഡ്ജ് ഉണ്ട് അല്ലെങ്കിൽ ഇവിടെ റസ്റ്റ് റൂമിൽ കിടക്കാം..” തല പോയാൽ പിന്നെ നാട് കറങ്ങാൻ ആവില്ലല്ലോ അതുകൊണ്ട് രാവിലെ പോവാം എന്ന് തീരുമാനിച്ചു ആ പമ്പിൽ കിടന്നു..

ഇപ്പോൾ ഈ റോഡ് കണ്ടപ്പോൾ മനസ്സിലായി ആ തീരുമാനം വളരെ നന്നായി എന്ന്. കാരണം ഈ രാവിലെ സമയത്ത്‌ ഒരു പൂച്ചക്കുഞ്ഞുപോലും ആ വഴി ഇല്ല. ചെറിയ തോതിൽ ഭയം ഉണ്ടാക്കുന്നുണ്ട്. എങ്കിലും മനോഹരമായ ഒരു ഫീൽ കിട്ടുന്നുണ്ട്. ടൈം ട്രാവൽ വച്ച് 1940 കാലഘട്ടത്തിൽ വണ്ടി ഓടിച്ചു പോവുന്ന ഒരു ഫീൽ.

ഘട്ട് റോഡ് തുടങ്ങുന്നത് തെലങ്കാന – ചത്തിസ്ഗഡ്ഡ് ബോർഡറിൽ ആണ്. എനിക്കിനിയും 200 ന് മുകളിൽ കിലോമീറ്റർ സഞ്ചരിക്കണം ജഗതൽപൂർ എത്താൻ. ഫോണിൽ നെറ്റ്വർക്ക് ഒന്നും ഇല്ല.
കുറച് ദൂരം സഞ്ചരിച്ചപ്പോഴേക്കും ഞാനും വണ്ടിയുമെല്ലാം പൊടിപിടിച് ചുവപ്പ് കളറായി.

നല്ല വിശപ്പുണ്ട് വഴി. വക്കിലൊന്നും വീടുപോലും ഇല്ല. അവസാന പാക്കറ്റ് പാലും ബാക്കി ഉണ്ടായിരുന്ന അവിലും തലേ ദിവസം രാത്രി തീർത്തു. ഇനി വെള്ളം മാത്രം കാനിൽ ഉണ്ട്.

ഒരുപാട് ദൂരം പിന്നിട്ടത്തിന് ശേഷം കൃഷി സ്ഥലങ്ങൾ കാണാൻ തുടങ്ങി. അവിഡിവിടായി കർഷകരും ആദിവാസികളും താമസിക്കുന്ന ഏരിയ ആണ്. എല്ലാവരും ഭൂതത്തെ കണ്ട പോലെ അന്തം വിട്ട് നോക്കുന്നുണ്ട്…അത്രക്ക് പൊടിപിടിച് ഒരു അവസ്ഥ ആയിരുന്നു..പക്ഷെ കടകൾ ഒന്നും കണ്ടില്ല..എന്തായാലും കാണാത്ത കാഴ്ചകൾ ആയത് കാരണം വിശപ്പൊന്നും അറിയുന്നില്ല.
തികച്ചും കൃഷി മാത്രം ഉപജീവനമാർഗം ആയി കൊണ്ട് നടക്കുന്ന പച്ചയായ കുറേ മനുഷ്യർ സ്കൂളുകളോ ഹോസ്പിറ്റലുകളോ ഒന്നും ഞാൻ വഴികളിൽ കണ്ടില്ല..അവർ ഇങ്ങനെ ജീവിക്കാൻ ആരാണ് കാരണം എന്ന ചോദ്യം ഇടക്കിടെ ഉള്ളിൽ നിന്നും പൊങ്ങി വരുന്നുണ്ട്..

മണ്ണും പൊടിയും നിറഞ്ഞ വഴിയിൽ ഒരു ചെറിയ പെട്ടിക്കട കിട്ടി. അവിടെ കാര്യമായി ഒന്നും ഇല്ല. എന്തോ കട്ടിയുള്ള കേക്ക് പോലുള്ള സാധനത്തിന്റെ പാക്കറ്റ് വാങ്ങി..എന്തായാലും ഭാഷ തെലുങ്ക് മാറി ഹിന്ദി ആയിരിക്കുന്നു.. ടാറിട്ട റോഡ് വരാൻ ഇനി എത്ര ദൂരം ഉണ്ട് എന്ന് ചോദിച്ചപ്പോൾ ഭോപാൽപട്ടണം വരെ ഇങ്ങനെ ആണ്. അത് കഴിഞ്ഞാൽ നമ്പർ 1 റോഡ് കിട്ടും എന്നു മറുപടി കിട്ടി.

വീണ്ടും വിജനമാം വഴിയിൽ യാത്ര തുടർന്നു. ഇപ്പോൾ ഇടക്കിടെ ബൈക്കുകളും യുവാക്കൾ കൂടി ഇരിക്കുന്ന കലുങ്ങുകളും ഒക്കെ കാണാൻ തുടങ്ങി. പതിയെ ഒരു ടൌൺ അവാറായി എന്ന് മനസ്സിലായി…അൽപ്പം ആവേശം വീണ്ടെടുത്ത് മുന്നോട്ട് നീങ്ങി. ഭോപാൽപട്ടണം എത്തി.
ഞാൻ മനസ്സിൽ കണ്ടപോലെ ഉള്ള ഒരു ടൌൺ ഒന്നും അല്ല. ചെറിയ കുറച് കടകൾ ഉള്ള ചൗക്ക്.
ഒരു ചായ കുടിച് മുന്നോട്ട് നീങ്ങി.

പിന്നെയും വിജനത നിറഞ്ഞ നല്ല റോഡ്. സമയം 4 അവാറായി വിശന്ന് വലഞ്ഞു തലചുറ്റിയപ്പോൾ ഒരു ബസ് സ്റ്റോപ്പിൽ നിർത്തി കിടന്നു. കയ്യിൽ വെള്ളവും ഇല്ല..ചെറിയ ആശ്വസം കിട്ടിയപ്പോൾ എണീറ്റ് നോക്കി. കമാനത്തിന്റെ സിമന്റ് പണി എടുക്കുന്ന രണ്ട് പേർ ഇരിക്കുന്നു. അവരുടെ അടുത്തേക്ക് നടക്കുമ്പോൾ ചെറുതായി ആടുന്നുണ്ട്..വെള്ളം ഉണ്ടോ ചോദിച്ചു. ബാഗിൽ നിന്നും ഒരു ബോട്ടിൽ എടുത്ത് തന്നു. അത് കുടിച്ചപ്പോൾ വല്ലാത്ത ഒരു ആശ്വാസം കിട്ടി. അവരോട് നന്ദി പറഞ്ഞ് വീണ്ടും ബസ്റ്റോപ്പിൽ വന്ന് കിടന്നു..

എന്തായലും അഡ്വഞ്ചർ ചെറിയ തോതിൽ ഇഷ്ടപ്പെടുന്നവർ ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഈ റോഡ് കവർ ചെയ്യണം!!!!

വിവരണവും ചിത്രങ്ങളും – Sabi C.T.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply