പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ‘മിന്നല്‍’ ഓടില്ല; മുഖ്യമന്ത്രിക്ക് ജീവനക്കാരുടെ കത്ത്.

യാത്രക്കാരിയായ പെണ്‍കുട്ടി ആവശ്യപ്പെട്ട സ്‌റ്റോപ്പില്‍ ബസ് നിര്‍ത്താതെ പോയ സംഭവത്തില്‍ കോര്‍പറേഷന്‍ എംഡി പുറപ്പെടുവിച്ച ഉത്തരവ് അതേപടി നടപ്പിലാക്കിയ നിയമം തങ്ങളെ കുറ്റക്കാരാക്കിയെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ആര്‍.ടി.സി മിന്നല്‍ ബസ് സര്‍വീസിലെ ജീവനക്കാര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

കെ.എസ്.ആര്‍.ടി.സിയിലെ എല്ലാ വിഭാഗം സംഘടനകളുടെയും തീരുമാന പ്രകാരമാണ് ജീവനക്കാര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രിക്ക് കത്തയച്ചത്. സംഭവത്തില്‍ പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കില്‍ മിന്നല്‍ സര്‍വ്വീസ് ബഹിഷ്‌കരിക്കുമെന്നും കെഎസ്ആര്‍ടിസി ജീവനക്കാര്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബസ് നിര്‍ത്താതിരുന്ന സംഭവത്തില്‍ കെഎസ്ആര്‍ടിസി പാലാ ഡിപ്പോയിലെ ഡ്രൈവര്‍ നൗഷാദിനും കണ്ടക്ടര്‍ അജീഷിനുമെതിരെയാണ് കോഴിക്കോട് ചോമ്പാല പോലീസ് കേസെടുത്തത്. യാത്രക്കാരിയായ പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. എന്നാല്‍ തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.

പയ്യോളിയില്‍ സ്റ്റോപ്പില്ലെന്ന് കണ്ടക്ടര്‍ പറഞ്ഞപ്പോള്‍ കണ്ണൂരേക്ക് ടിക്കറ്റ് വാങ്ങി. കണ്ണൂരില്‍ ഇറക്കിയാല്‍ മതിയെന്ന് പറഞ്ഞ് ടിക്കറ്റ് എടുത്തശേഷമാണ് പയ്യോളിയില്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ടത്. ഇതില്‍ കണ്ടക്ടര്‍ക്കോ ഡ്രൈവര്‍ക്കോ തെറ്റുപറ്റിയിട്ടില്ല. സ്റ്റോപ്പില്ലാത്ത സ്ഥലങ്ങളില്‍ ബസ് നിര്‍ത്തി ആളെ ഇറക്കാനോ കയറ്റാനോ ജീവനക്കാര്‍ക്ക് അധികാരമില്ല. ഇത് പാലിച്ച തങ്ങളെ കുറ്റക്കാരാക്കിയെന്നാണ് ജീവനക്കാരുടെ ആക്ഷേപം. സ്റ്റോപ്പുകള്‍ പരിമിതപ്പെടുത്തി രാത്രിമാത്രം ഓടിക്കുന്ന സ്റ്റേജ് ക്യാരേജ് ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ക്ലാസ് സര്‍വീസാണ് മിന്നല്‍.

റൂള്‍ 206 പ്രകാരം സൂപ്പര്‍ ഡീലക്സ് ശ്രേണിയില്‍പെട്ട മിന്നലിന് ജില്ലാ ആസ്ഥാനങ്ങളില്‍ മാത്രമാണ് സ്റ്റോപ്പ്. സുരക്ഷിതത്വം കണക്കിലെടുത്ത് രാത്രികാലങ്ങളില്‍ സ്ത്രീ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്റ്റോപ്പുകളില്‍ നിര്‍ത്തിക്കൊടുക്കണമെന്ന വ്യവസ്ഥ ദേശസാത്കൃത സര്‍വീസായ മിന്നലിന് ബാധകമല്ല.

നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്ന ബസില്‍ യാത്രക്കാരിയെ ജീവനക്കാര്‍ തടഞ്ഞുവച്ചു എന്നുപറയുന്നത് വ്യാജമാണെന്നും കെ.എസ്.ആര്‍.ടി.സി. ആരോപിക്കുന്നു. യാത്രക്കാരിക്ക് എന്തെങ്കിലും അസൗകര്യം നേരിട്ടെങ്കില്‍ ചീഫ് ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലേക്ക് ബന്ധപ്പെടാമായിരുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.

Source – http://ftp.mangalam.com/news/detail/184707-latest-news-ksrtc-minnal-service-issue.html

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply