ഒരൊറ്റ ട്രിപ്പില്‍ ഊട്ടി – നിലമ്പൂർ ട്രെയിൻ യാത്രകൾ ആസ്വദിച്ചപ്പോള്‍..

ട്രെയിൻ യാത്ര മാത്രമല്ല 4 മണിക്കൂർ കൊണ്ട് ഊട്ടി ചെറുതായി ചുറ്റി സൂര്യാസ്തമയവും കണ്ട കഥയും ഉണ്ടേ.  പതിവ് രീതിയിൽ നിന്ന് മാറി ഒരു യാത്രയെ പറ്റി ആലോചിച്ചു തലപുകച്ചു ഇരിക്കുന്ന സമയത്താണ് സഞ്ചാരിയിലെ ഊട്ടി Toy ട്രെയിൻ യാത്രയുടെ പോസ്റ്റ്‌ കാണുന്നത്. പിന്നെല്ലാം പെട്ടന്ന് ആയിരുന്നു.

മേട്ടുപ്പാളയം വരെ എത്താനുള്ള റൂട്ട് പ്ലാൻ ട്രാവൽ ഗുരു google ൽ നിന്ന് തപ്പി എടുത്തു. Train ടിക്കറ്റ്‌ online ബുക്ക്‌ ചെയ്തു കാത്തിരുന്നു പോകാനൊന്നും എന്നെ കിട്ടൂല്ല. പിന്നെ ഉള്ള വഴി നേരത്തെ എത്തിയാൽ മേട്ടുപ്പാളയം സ്റ്റേഷനിൽ നിന്ന് കൊടുക്കുന്ന വളരെ കുറച്ച് ടിക്കറ്റ് ആണ്. നേരത്തെ ഇത്തരത്തിൽ യാത്ര ചെയ്ത സഞ്ചാരി ഗ്രൂപ്പ് മെമ്പറും നാട്ടുകാരനും ആയ Roshan ചേട്ടനിൽ(Roshan offset) നിന്ന് ടിക്കറ്റ് എടുക്കുന്ന കാര്യങ്ങളൊക്കെ ഏകദേശം മനസിലാക്കി.

അപ്പോഴും തിരികെ വരുന്നതിനെക്കുറിച്ചു ഒരു പിടിത്തവും ഇല്ല. മസിനഗുഡി മുൻപ് പോയതിനാൽ ആ വഴിയേ പറ്റി ആലോചിച്ചതേ ഇല്ല. പെട്ടെന്നാണ് നിലമ്പൂർ – ഷോർണൂർ റെയിൽ റൂട്ടിനെ പറ്റി ഓർമ വന്നത്. അപ്പോൾ മടക്കം അങ്ങനെ തന്നെ ഉറപ്പിച്ചു. ഒരു ട്രെയിൻ യാത്ര മറ്റൊരു ട്രെയിൻ യാത്ര കൊണ്ട് അവസാനിപ്പിക്കുന്നതല്ലേ അതിന്റെ ശെരി.

രണ്ടു ദിവസത്തെ ട്രിപ്പ്‌ പ്ലാൻ ഏകദേശം മനസ്സിൽ set ആക്കി. യാത്രാ ഭ്രാന്തനായ സുഹൃത്ത് Adarsh നു ഒരു മെസ്സേജ് ഇട്ടു. അവൻ റെഡി. രണ്ടു പേരും ആദ്യമായാണ് ഊട്ടിക്ക് പോകുന്നത് കന്നി യാത്ര ഗംഭീരമാക്കണം. പോരാത്തതിന് പബ്ലിക് ട്രാൻസ്‌പോർട്ട് മാത്രം depend ചെയ്തോണ്ടുള്ള യാത്രയായിരുന്നു ഞങ്ങളുടേത്.

Feb 23 വെള്ളിയാഴ്ച എറണാകുളത്തു നിന്ന് പാലക്കാടേക്ക്‌ രാത്രി 8 മണിക്കുള്ള KSRTC Deluxe ബസിൽ ടിക്കറ്റ് ബുക്ക്‌ ചെയ്തു. കോയമ്പത്തൂർക്ക് ഓൺലൈൻ ബുക്കിങ് ചെയ്യാൻ ശ്രമിച്ചിട്ട് നടന്നില്ല അതാണ് പാലക്കാടേക്ക് ബുക്ക്‌ ചെയ്തത്. ശനിയാഴ്ച ലീവും set ആക്കി രണ്ടു ദിവസത്തേക്കുള്ള ഡ്രെസ്സും pack ചെയ്തു ഞങ്ങൾ രണ്ടു പേരും എറണാകുളം ബസ് സ്റ്റാൻഡിൽ എത്തി.

8.05നു ബസ് എടുത്തു. രാത്രി ആണെങ്കിലും ചെറിയ ചൂടുണ്ട്. വണ്ടി പറപ്പിച്ചങ്ങനെ പോവാണ്. ഞങ്ങൾ ഇഷ്ടം ഉള്ള വിഷയം ആയ സിനിമയെ കുറിച്ചും യാത്ര പോകേണ്ട പല പല സ്ഥലങ്ങളെ കുറിച്ചും കൂലങ്കർഷമായി ചർച്ചിച്ചോണ്ടിരുന്നു. ചെറുതായി ഒന്ന് മയങ്ങി ഉണർന്നപ്പോൾ തൃശൂർ എത്തി. പിന്നെ ഞാൻ പാലക്കാട്‌ എത്തും വരെ ഉറങ്ങിയിട്ടേയില്ല. ഇടയ്ക്കു ഭക്ഷണം കഴിക്കാൻ നിർത്തിയപ്പോ ഒരു ചായയും പിടിപ്പിച്ചു. ഏതു യാത്രക്കും മാറ്റിനിർത്താൻ പറ്റാത്ത ഒന്നാണ് ഞമ്മടെ ചായകുടി.

പാലക്കാട്‌ എത്തിയപ്പോൾ seat ഒഴിവുണ്ടാരുന്ന കൊണ്ട് അതെ ബസിൽ തന്നെ യാത തുടർന്നു. 12മണിയോടെ കോയമ്പത്തൂർ ഗാന്ധിപുരം സ്റ്റാൻഡിൽ ഇറങ്ങി. പക്ഷെ പുതു ബസ് സ്റ്റാൻഡിൽ ചെന്നാലേ മേട്ടുപ്പാളയം ബസ് കിട്ടൂ. ഓട്ടോ വിളിക്കാൻ ഒന്നും നിന്നില്ല ആ നട്ടപ്പാതിരയ്ക്കു നുമ്മ അങ്ങ് നടന്നു. ഏകദേശം 4km ഉണ്ട് അങ്ങോട്ട്‌.

അറിയാത്ത വഴി ആയത് കൊണ്ട് Google map നോക്കിയാണ് നടത്തം. പോണ വഴിക്ക് നായ്ക്കൾ അല്ലാതെ മറ്റാരും ഇല്ല. Shortest റൂട്ട് അല്ലേ ഗൂഗിൾ കാണിക്കൂ ഏതോ ഇടവഴികളിൽ കൂടെ നടത്തിച്ചു. ഒരു ഇടുങ്ങിയ വഴി എത്തിയപ്പോൾ തങ്ങളുടെ ടെറിട്ടറിയിൽ അതിക്രമിച്ചു കയറിയ ഞങ്ങളെ നോക്കി ശ്വാനന്മാർ കുരയോട് കുര. ചിലർ നിസ്സംഗ ഭാവത്തോടെ ഉള്ള നോട്ടം മാത്രം. ഒരുത്തൻ കുരച്ചുകൊണ്ട് തൊട്ടടുത്തെത്തി.

ബഹളം കേട്ടു നാട്ടുകാർ എണീറ്റാലോ, ഒട്ടും പരിചയം ഇല്ലാത്ത സ്ഥലം. ആ വഴിക്ക് അസമയത് ഞങ്ങളെ കണ്ടാൽ കുഴപ്പം ആകുമോ. പല ചിന്തകൾ പൊങ്ങി വന്നു. കേരളത്തിലെ നായ്ക്കൾ ആണെങ്കിൽ ഈ സമയം അറഞ്ചം പുറഞ്ചം കടി തന്നേനെ. ഭാഗ്യം ഇവന്മാർക്ക് കുറച്ച് ക്ഷമ ഉണ്ട് പക്ഷെ കുര നിർത്തുന്നില്ല. ഞങ്ങൾ കള്ളന്മാർ അല്ലെന്നു ഇവന്മാർക്കു ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കോ.

കുറച്ച് ദൂരം ശ്വാനന്മാർ ഞങ്ങളെ കുരച്ചു കൊണ്ട് പിന്തുടർന്നു. പ്രശ്നക്കാർ അല്ലെന്നു മനസിലായത് കൊണ്ടാവും നായ്ക്കൾ അവരുടെ പാട്ടിനു പോയി. ഹോ ആശ്വാസം. അല്ലങ്കിൽ ചോരക്കളം ആയേനെ. അവസാനം പുതു ബസ് stand എത്തി. ഇവിടുന്നു വെളുപ്പിന് 2.30 മുതൽ ഓരോ അര മണിക്കൂറിലും മേട്ടുപ്പാളയം ബസ് കിട്ടും. Enquiry ൽ ചോദിച്ചപ്പോൾ സ്റ്റാൻഡിനു പുറത്തുള്ള റോഡിൽ ബസ് വരും എന്ന് പറഞ്ഞു. പക്ഷെ ബസ് വരാൻ ഇനിയും രണ്ടു മണിക്കൂറോളം സമയം ഉണ്ട്. സ്റ്റാൻഡിനു മുന്നിൽ തന്നെ കത്തി വച്ചു നിന്നു വേറെ വഴി ഇല്ലല്ലോ. നേരിയ തണുപ്പും കൂട്ടിനുണ്ട്.

കൃത്യം 2.30ക്ക് opposite റോഡിൽ ഒരു ബസ് വന്നു നിന്നു. ഓടി ചെന്നു ചോദിച്ചപ്പോൾ മേട്ടുപ്പാളയം ബസ് തന്നെ. അടിച്ചു മോനെ. ബസിൽ കയറി seat പിടിച്ചു. വളരെ കഷ്ടമാണ് ഉൾവശം തകർന്ന ഒരു സീറ്റും ഓടുന്ന വണ്ടിയിൽ നിറയെ കൊതുകും. കൊതുകിനെ പുറത്താക്കാൻ window ഗ്ലാസ്‌ പൊക്കിയതിന്റെ പേരിൽ രണ്ടു പേർ തമ്മിൽ പൊരിഞ്ഞ വഴക്ക്. ഒടുവിൽ കണ്ടക്ടർ ഇടപെട്ടു രംഗം ശാന്തമാക്കി. കൊതുക് കടി കൊണ്ടും ഉറക്കം തൂങ്ങിയും വെളുപ്പിന് മൂന്നേകാലോടെ മേട്ടുപ്പാളയം എത്തി. സ്റ്റാൻഡിനു തൊട്ടടുത്താണ് Railway Station, 10min പോലും എടുത്തില്ല എത്താൻ.

ആ സമയം ഞങ്ങൾ അല്ലാതെ മറ്റാരും ഇല്ല. എങ്ങനെ ഉണ്ടാവും, വെളുപ്പിനെ മൂന്നര മണിക്ക് ആര് വരാൻ. സമയം കഴിയുന്തോറും പതിയെ ആളുകൾ എത്തിത്തുടങ്ങി. സ്റ്റേഷൻ മാസ്റ്ററുടെ റൂമിനു മുന്നിൽ എല്ലാരും queue നിന്നു. 6മണി ആയപ്പോ സ്റ്റേഷൻ മാസ്റ്റർ എത്തി ഒരു കൂപ്പൺ തന്നു. തിരക്ക് കുറവായതിനാൽ അന്ന് queue നിന്ന എല്ലാർക്കും കൂപ്പൺ കിട്ടി. ആ കൂപ്പണുമായി സ്റ്റേഷന്റെ പുറത്തുള്ള Booking Office ൽ ചെന്നാലേ ടിക്കറ്റ്‌ കിട്ടൂ. Ticket fare വെറും 15.

യാത്ര തുടങ്ങുന്നതിനു ഒരു മണിക്കൂർ മുന്നേ Engine start ചെയ്തിടും. കിട്ടിയ സമയം കൊണ്ട് കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തു സ്റ്റേഷനിൽ നിന്നു തന്നെ ബ്രേക്ഫാസ്റ്റും കഴിച്ചു. അത്യാവശ്യം സ്‌നാക്‌സും വാങ്ങി വന്നു seat പിടിച്ചു. അപ്പോഴേക്കും ട്രെയിൻ യാത്രക്കാരെ കൊണ്ട് നിറഞ്ഞു.

അല്പം ചരിത്രം – 1899 ബ്രിട്ടീഷുകാർ പണി തീർത്ത ഇന്ത്യയിലെ ഒരേയൊരു Rack Rail പാത. Swiss company ആയ Swiss Locomotive and Machine Works നിർമിച്ച XClass Steam Rack Locomotive engine ആണ് ട്രെയിനിൽ ഉപയോഗിക്കുന്നത്. ഈ പാത 2005ൽ UNESCO ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. ഈ യാത്രയിൽ നീലഗിരി കുന്നുകളുടെ ദൃശ്യഭംഗി മാത്രമല്ല നമ്മെ വിസ്മയിപ്പിക്കുന്നത് ബ്രിട്ടീഷ് എഞ്ചിനീറിങ്ങിന്റെ കരവിരുതിൽ രൂപംകൊണ്ട 250 പാലങ്ങളും, 209 വളവുകളും, 16 തുരങ്കങ്ങളും ഉണ്ട് .

മേട്ടുപ്പാളയം മുതൽ ഊട്ടി വരെയുള്ള 46km പിന്നിടാൻ വേണ്ടി വരുന്നത് 4.50hrs ആണ്. തിരിച്ചു ഇറങ്ങാൻ 3.30hrs ഉം. ഇതിൽ 19.5kms മാത്രമേ Rack & Pinion system ഉപയോഗിക്കുന്നുള്ളൂ. പിന്നിൽ ഘടിപ്പിച്ച Engine ഈ പൽച്ചക്രങ്ങളിൽ പിടിച്ചാണ് ബോഗികളെ മലകൾ തള്ളി കയറ്റുന്നത്. മലകൾ കയറുമ്പോൾ മണിക്കൂറിൽ 15km ആണ് speed.

രാവിലേ 7.10നു പുറപ്പെടുന്ന ട്രെയിൻ Kallar, Adderly, Hillgrove, Runneymede, Coonoor, Wellington, Aravankadu, Ketti, Lovedale എന്നീ സ്റ്റേഷനുകൾ പിന്നിട്ടാണ് ഉച്ചക്ക് 12മണിയോടെ ഉദ്ദഗമണ്ഡലം എന്ന ഊട്ടി എത്തുന്നത്. കൂനൂർ സ്റ്റേഷനിൽ വച്ചു ആവി engine Diesel engine നു വഴിമാറുന്നു. ഇതേ ട്രെയിൻ 2 മണിക്ക് ഊട്ടിയിൽ നിന്നു തിരികെ മേട്ടുപ്പാളയത്തേക്ക് പുറപ്പെടുന്നു. ഇപ്പോൾ ഊട്ടിക്കും കൂനൂരിനും ഇടയ്ക്കു ട്രെയിൻ സെർവീസുകൾ ഉണ്ട്.

ഒരു സൂപ്പർ ഹീറോയുടെ Intro BGM പോലെ കൂകി വിളിച്ച് സ്ലോ മോഷനിൽ ട്രെയിൻ ഓടിത്തുടങ്ങി. TTR lady ആയിരുന്നു, ഒരു മരണമാസ്സ്‌ TTR. അങ്ങനെ പറയാൻ കാരണം പാട്ടുപാടിയും മറ്റുള്ളവരെ കൊണ്ട് പാടിച്ചും യാത്രക്കാരെ ഒന്നിളക്കി വിടാൻ TTR നു കഴിഞ്ഞു. കഭീ കഭീ എന്ന ഹിന്ദിപ്പാട്ടു പാടി തകർത്തു കയ്യടിയും വാങ്ങികൂട്ടിയാണ് അവർ കളം വിട്ടത്. ഭവാനി നദിയും കടന്നു ആദ്യ സ്റ്റേഷനായ കല്ലാർ എത്തി.

കല്ലാർ കഴിഞ്ഞതും കാട്ടിലേക്കാണ് കയറുന്നത്. ചിഹ്നം വിളിച്ച് കുണുങ്ങി കുണുങ്ങി നീലഗിരിയുടെ കൊമ്പൻ മെല്ലെ കാട്ടിലൂടെ നീങ്ങുന്നു. ഇടതു വശത്താണ് കൂടുതൽ കാഴ്ചകൾ ഞങ്ങൾ ആണെങ്കിൽ വലതു വശത്തും. എന്നാലും ഇത് പുതിയൊരു അനുഭവം ആണേ. അതങ്ങനെയാണല്ലോ, ഓരോ യാത്രയും നമുക്ക് പുതിയ കാഴ്ചകളും അനുഭവങ്ങളുമാണ് സമ്മാനിക്കുന്നത്.

വേനൽ ചൂടിൽ അരുവികൾ എല്ലാം തന്നെ വറ്റി. ചെറുതായി മങ്ങിയെങ്കിലും കാടിന്റെ ഭംഗിക്ക് കുറവൊന്നുമില്ല. തലയെടുപ്പോടെ നിൽക്കുന്ന വന്മരങ്ങളും മലകളും. ഇടക്ക് പച്ചപരവതാനി വിരിച്ച തേയിലത്തോട്ടങ്ങളും, ഇരുവശവും നിറയെ പൂക്കൾ ഉള്ള പലതരം കാട്ടുചെടികളും പിന്നെ നീലഗിരി കുന്നുകളുടെ നേരിയ തണുപ്പും. പലരും ജനിച്ചുവീണ കുട്ടിയെ പോലെ തലപുറത്തിട്ടു പ്രകൃതിയെ അടുത്തറിഞ്ഞു കാഴ്ചകൾ കാണുന്നു. ചിലർ നന്നായി ഉറങ്ങുന്നു. ഉറങ്ങാനാണേൽ പിന്നെ ഇങ്ങോട്ട് വന്നതെന്തിനാണാവോ.

ഞങ്ങൾ ഉറക്കത്തിനു തൽക്കാലം സുല്ലിട്ടു ഒപ്പം ഉണ്ടായിരുന്ന കുട്ടികളോടൊപ്പം ഞങ്ങളും പാട്ട് പാടിയും, തുരങ്കങ്ങൾ വരുമ്പോ കൂകി വിളിച്ചും, snacks ഷെയർ ചെയ്തും ഒരു കോളേജ് ടൂർ പോലെ enjoy ചെയ്തു. അല്ലാതെ പിന്നെ…കയ്യും കെട്ടി ഇരുന്നു കാഴ്ചകൾ കണ്ടാൽ മാത്രം പോരാ മനസ്സിനെ ഒരു ബലൂൺ പോലെ അങ്ങ് പറത്തി വിടണം എന്നാലേ യാത്രയെ ഉള്ളു കൊണ്ട് തൊട്ടറിയാനാകു.

കടന്നു പോയതിൽ ഏറ്റവും ഭംഗിയുള്ളതു റാണിമേട് ആണെന്ന് തോന്നുന്നു. പഴയകാല സ്റ്റേഷനും മൂന്നാറിനെ ഓർമിപ്പിക്കും വിധം തേയിലത്തോട്ടങ്ങളും പാറമടക്കുകളിലൂടെ ഒഴുകുന്ന അരുവിയും എല്ലാംകൂടി വളരെ ഭംഗിയുള്ള പ്രദേശം.

കൂനൂർ എത്തിയപ്പോൾ engine മാറ്റുന്ന സമയം കൊണ്ട് പ്ലാറ്റഫോമിൽ ഇറങ്ങി ഒരു ചൂട് ചായയും പിടിപ്പിച്ചു പുറത്തെ കാഴ്ചകൾ കണ്ടു നടന്നു. ഊട്ടിയിൽ നിന്നു കൂനൂർ വരെ സർവീസ് നടത്തുന്ന ട്രെയിനുകൾ നിറയെ വിദേശീയരും ആയാണ് വരുന്നത്. പലരും retired ലൈഫ് ആസ്വദിക്കാൻ വന്നവർ. നമ്മളെ ഈ ഭൂമിയിലോട്ടു വിട്ടത് ഒരു office കസേരയിൽ ഇരുന്നു ജോലി ചെയ്യാനും കാശ് സമ്പാദിക്കാനും മാത്രമല്ല ഈ ഭൂഗോളം കണ്ടു തീർക്കാൻ കൂടിയാണ്. അതു വിദേശ ടൂറിസ്റ്റുകളെ കണ്ടു പഠിക്കണം.

ക്യാമറയുടെ ചാർജ് തീർന്നുപോയത് കൊണ്ട് കൂനൂർ മുതൽ ഊട്ടി വരെയുള്ള ചിത്രങ്ങൾ miss ആയി. Diesel engine കുതിച്ചു പാഞ്ഞു 12മണിക്ക് മുന്നേ തന്നെ ഊട്ടി എത്തിച്ചു. സ്റ്റേഷൻ എത്തിയപ്പോൾ തന്നെ ട്രെയിൻ കയറാൻ ഉള്ളവരുടെ നീണ്ട queue. എല്ലാരും mobile ഫോണിൽ ട്രെയിനിന്റെ ചിത്രങ്ങളും വിഡിയോയോയും എടുക്കുന്നു. എല്ലാ മുഖങ്ങളിലും കളിപ്പാട്ടം കണ്ട ഒരു കുട്ടിയുടെ ആകാംഷ കാണാം.

മൊത്തത്തിൽ 5മണിക്കൂർ യാത്ര ഉണ്ടെങ്കിലും അല്പം പോലും ബോറടിക്കില്ല. ഓരോ വളവുകൾ കഴിയുമ്പോഴും പ്രകൃതി ഒളിപ്പിച്ചു വച്ചിരിക്കുന്ന കാഴ്‌ചകൾ തേടിയുള്ള പരക്കം പാച്ചിലാണ് ഓരോ കണ്ണുകളിലും. 15രൂപ കൊടുത്താൽ 5മണിക്കൂർ കൊണ്ട് പ്രകൃതിയെ അറിഞ്ഞു ഇങ്ങനൊരു യാത്ര ലോകത്തെവിടെയും കിട്ടില്ല. മഴ മാറിയ മാസങ്ങളിൽ യാത്ര ചെയ്താൽ നല്ല പച്ചപ്പും നിറഞ്ഞൊഴുകുന്ന അരുവികളും കാണാം.

പരിചയപ്പെട്ട എല്ലാരോടും യാത്ര പറഞ്ഞു ഊട്ടിയുടെ തണുപ്പിലേക് ഇറങ്ങി. ആ നട്ടുച്ച സമയത്തും നല്ല തണുപ്പുണ്ട്. ഒരു വർഷത്തെ കണക്കെടുത്താൽ 14° ആണ് സമുദ്രനിരപ്പിൽ നിന്നു 7350അടി സ്ഥിതി ചെയുന്ന ഊട്ടിയിലെ ശരാശരി temperature. ഇന്നേ വരെ രേഖപെടുത്തിയതിൽ ഏറ്റവും ഉയർന്ന temperature 25° ആണ്.

വിശന്നിട്ടു വയറു തള്ളക്കു വിളിക്കാൻ തുടങ്ങിയപ്പോ ടൗണിൽ തന്നെ ഒരു Thalassery Restaurant തപ്പിയെടുത്തു ബിരിയാണിയും അകത്താക്കി. ടൗണിൽ നിന്ന് തന്നെ 1200രൂപയ്ക്കു നല്ല ഒരു റൂമും കിട്ടി. നഗരപ്രദിക്ഷണത്തിനു ഒരു Two wheeler തിരക്കിയെങ്കിലും എല്ലാ വണ്ടിയും രാവിലെ തന്നെ ഓട്ടം പോയി. എങ്കിലും Hotel manager സഹായിച്ചു കക്ഷി എവിടുന്നോ ഒരു Two Wheeler ഒപ്പിച്ചു തന്നു. Rent 750രൂപ.

ഫ്രഷ് ആയി ഒന്ന് rest എടുത്തു 3മണിയോടെ Ooty ചുറ്റാൻ ഇറങ്ങി. പാപി ചെല്ലുന്നിടം പാതാളം വണ്ടി start ആവുന്നില്ല. അവസാനം മാനേജർ അങ്ങേരുടെ വണ്ടി(scooty pep) തന്നു വിട്ടു. ഈ ചെറിയ സമയം കൊണ്ട് നിങ്ങൾ എവിടൊക്കെ പോകും എന്ന് മാനേജർ. വണ്ടിയിൽ പെട്രോളും മൊബൈലിൽ നെറ്റും ഉണ്ടെങ്കിൽ നുമ്മ അങ്ങ് ladakh വരെ പോകും ചേട്ടാ. അല്ലപിന്നെ നമ്മളോടാ കളി.

പോവേണ്ട സ്ഥലങ്ങളുടെ list ഗൂഗിളിൽ നിന്നു പെറുക്കി എടുത്തു. Adarsh ആണ് സാരഥി ഞാൻ map നോക്കി വഴി പറയുന്ന ആൾ. ആദ്യം പോയത് Lake sideൽ ആണ്. കേരളത്തിലെ ജലാശയങ്ങൾ കണ്ടു വളർന്നത് കൊണ്ടാവും വല്യ സംഭവമായി തോന്നിയില്ല വണ്ടി വിട്ടു. അവിടുന്ന് നേരെ പോയത് Botanical Gardenൽ ആണ്. 30രൂപയാണ് ഒരാൾക്ക് ചാർജ് ക്യാമറ ഉണ്ടെകിൽ 50രൂപ കൂടെ കൊടുക്കണം. ഒന്നര മണിക്കൂർ അവിടെ കറങ്ങിയടിച്ച ശേഷം നേരെ വ്യൂ പോയിന്റിലേക്ക്.

Map നോക്കി വ്യൂ പോയിന്റ് എത്തി കിടു. ഊട്ടി മുഴുവൻ അവിടെ നിന്നാൽ കാണാം. പക്ഷെ നല്ല വെയിൽ ഉള്ളതുകൊണ്ട് Sunset ആവുമ്പോൾ തിരികെ വരാം എന്നുറപ്പിച്ചു നേരെ Doddabetta Peak ലേക്ക്. പക്ഷെ അല്പം വൈകിപ്പോയി അങ്ങോട്ടുള്ള entry 5മണിക്ക് close ചെയ്യും. 6 മിനിറ്റു വത്യാസത്തിൽ ആണ് പ്രവേശനം നഷ്ടമായത്. കടുത്ത നിരാശ.

ആ പോയത് പോട്ടെ ഇനി വരുമ്പോ കാണാം. വണ്ടി തിരിച്ചു പക്ഷെ മുന്നിലുള്ള റോഡിന്റെ വശ്യതയും നല്ല തണുപ്പും മുന്നോട്ടു പോവാൻ തന്നെ പ്രേരിപ്പിച്ചു. കാട് വിളിച്ചാൽ പോവാണ്ടിരിക്കാൻ പറ്റില്ലല്ലോ. ചുരം റോഡാണ് ഉഗ്രൻ തണുപ്പ് ഫീൽ ചെയ്തു തുടങ്ങി ഇരു വശത്തും ഘോര വനം. എന്നാ ഫീലാ ന്റെ സാറെ.

കുറച്ച് മുന്നോട്ടു ഓടിച്ചു പോയി. പുല്ല് നിറഞ്ഞു താഴോട്ട് കല്ലുകൾ പാകിയ ഒരു വഴി കണ്ടപ്പോൾ വണ്ടി സൈഡാക്കി. ഒരു കൊച്ചു ഗ്രാമത്തിലോടുള്ള വഴിയാണ് നല്ല ഭംഗിയുള്ള സ്ഥലം. കേരളത്തിലെ ഗ്രാമങ്ങളെ ഓർമിപ്പിക്കുന്ന തരത്തിൽ പുൽത്തകിടിയും നിറയെ പൂക്കൾ ഉള്ള ചെടികളും ചെറു പക്ഷികളും. സിനിമക്കു set ഇടാൻ പറ്റിയ സ്ഥലം. ചെറിയ പടം പിടുത്തം നടത്തി.

തിരിച്ചു വന്നപ്പോ കാറ്റാടി മരങ്ങൾക്ക് നടുവിലൂടെ ഒരു വഴി കണ്ടു. ഒട്ടും ചിന്തിച്ചില്ല നേരെ ഉള്ളിലോട്ട് നടന്നു. ചിലപ്പോൾ നല്ല കാഴ്ചകൾ കിട്ടിയാലോ. ചുറ്റിത്തിരിഞ്ഞു ഏതോ private പ്രോപ്പർട്ടിയുടെ മതിലിനരികെ എത്തി. അങ്ങ് ദൂരെ ഏതോ മലനിരകൾ കാണാം. വഴി അവസാനിച്ചപ്പോൾ തിരിച്ചു നടന്നു. മരങ്ങൾക്കിടയിലൂടെ സൂര്യപ്രകാശം അരിച്ചിറങ്ങുന്നു. അതെ അസ്തമയത്തിനു സമയമായി. വണ്ടി തിരിച്ചു വീണ്ടും വ്യൂ പോയിന്റിലേക്ക്. തണുപ്പിന്റെ കാഠിന്യം കൂടി വരുന്നു. Adventure activity നടത്തുന്ന Eagle Dare Adventure എന്ന സ്ഥാപനത്തിന്റെ parking ഗ്രൗണ്ടിൽ നിന്നാൽ നന്നായി കാണാം. എതിർവശത്തായി ഒരു Tea ഫാക്ടറിയും ഉണ്ട്.

ആകാശത്തിൽ ചുവപ്പ് രാശി പടർത്തി അങ്ങ് മലനിരകൾക്കിടയിൽ സൂര്യൻ വിട പറയാൻ തുടങ്ങുന്നു. നിന്നതിനു അല്പം താഴോട്ട് ഇറങ്ങിയാൽ ഒരു പുൽത്തകിടിക്ക് ചുറ്റും മഞ്ഞ പൂക്കൾ വിരിഞ്ഞ ചെടികൾ ഉള്ള മനോഹരമായ സ്ഥലം. ഊട്ടിയിൽ അസ്തമയം കാണാൻ ഇതിലും നല്ല സ്ഥലം വേറെ ഉണ്ടോ എന്നറിയില്ല.

പ്രകൃതിയുടെ മടിത്തട്ടിൽ തണുപ്പ് വകവെക്കാതെ ഞങ്ങൾ സൂര്യനെ ഉറ്റുനോക്കിയിരുപ്പാണ്. ഒരു യാത്രയിൽ വീണുകിട്ടുന്ന അസ്തമയത്തിന്റെ ഫീൽ അതു അനുഭവിച്ചു തന്നെ അറിയണം. ആ യാത്ര തന്നെ എന്നും ഓർമ്മിക്കാൻ ഈ ഒരു കാഴ്ച മതി. തണുപ്പ് കൂടി ഉണ്ടേൽ പിന്നെ പറയുകേം വേണ്ട.

ശരിക്കും ഒരു ക്യാൻവാസിൽ വരച്ചത് പോലെ മലകൾക്കിടയിലൂടെ സൂര്യൻ പതിയെ താണു തുടങ്ങി. ഇതുവരെ കണ്ടതിൽ വച്ചേറ്റവും ഭംഗിയുള്ള അസ്തമയം. ആകാശത്തിനു ചോപ്പ് നിറം കൂടി വരുന്നു ഒപ്പം തണുപ്പും. ക്യാമറയിൽ click ചെയുമ്പോൾ വിരലുകൾ അവിടെ ഉണ്ടോ എന്നുതന്നെ സംശയം ആയിരുന്നു. അത്രയ്ക്ക് മരവിച്ചു പോയി.

അസ്തമയം കഴിഞ്ഞിട്ടും ആകാശത്തിനു ചുവപ്പ് നിറം കൂടിവരുന്നു. താഴെ വൈദ്യുതി വിളക്കുകളുടെ പ്രകാശത്തിൽ ഊട്ടി കൂടുതൽ സുന്ദരിയായി. എല്ലു തുളച്ചു കയറുന്ന തണുപ്പ് കൊണ്ടിട്ടും തിരികെ വരാൻ തോന്നിയില്ല. സത്യം പറഞ്ഞാൽ ഒരു ടെന്റ് കിട്ടിയിരുന്നേൽ അവിടെ തന്നെ കിടന്നേനെ.

ഇരുട്ട് കൂടി തുടങ്ങിയപ്പോൾ വണ്ടി തിരിച്ചു. ശെരിക്കും പറഞ്ഞാൽ ഈ ഓഫ്‌സീസണിലും ഇത്രയും തണുപ്പ് മൂന്നാറിൽ പോലും കിട്ടില്ല. വണ്ടി ഓടിച്ചു പോയപ്പോഴാണ് കൂടുതൽ കഷ്ടപെട്ടത്. വരുന്ന വഴിയിൽ നിന്ന് അത്താഴവും കഴിച്ചു 8 മണിയോടെ തിരികെ ഹോട്ടലിൽ എത്തി. Dress പോലും മാറാതെ നേരെ പുതപ്പിനടിയിലേക്ക് കയറി പിന്നൊന്നും ഓർമ്മയില്ല ബോധം കെട്ടുറങ്ങി.

Feb 25 രാവിലെ 10മണിയോടെ Hotel vacate ചെയ്തു ബ്രേക്ഫാസ്റ്റും തട്ടി നേരെ ബസ് സ്റ്റാൻഡിൽ(TNSTC) എത്തി. നിലമ്പൂർ നിന്ന് എറണാകുളത്തേക്കുള്ള passenger train 2.55നു ആണ്. അതാവുമ്പോ വേറെ വണ്ടി മാറിക്കയറാതെ രാത്രി 8മണിക്ക് കൊച്ചിയെത്താം. ഇത്തിരി നേരം നിക്കേണ്ടി വന്നു ഗുഡല്ലൂർ ബസ് കിട്ടാൻ. 11 മണിയോടെ ബസ് പുറപ്പെട്ടു ഗൂഡല്ലൂർക്ക്. ചുരത്തിലൂടെയുള്ള ബസ് യാത്ര ഒട്ടും ബോർ അടിപിച്ചില്ല. തമിഴ് നാടാണെങ്കിലും കാടിന്റെ ഭംഗി നഷ്ടപ്പെട്ടിട്ടില്ല. ഉറക്കം ഇവിടെയും സുല്ലിട്ടു. എങ്ങനെ ഉറങ്ങാനാ വന്മരങ്ങളും, മാമലകളും, മലഞ്ചെരിവുകളും, കൃഷിയിടങ്ങളും ഒക്കെയായി പ്രകൃതി കാഴ്ചവിരുന്ന് സമ്മാനിക്കുമ്പോൾ അതിനു നേരെ കണ്ണടക്കാൻ നമ്മൾക്കാവില്ലല്ലോ. പോരാത്തതിന് നല്ല തണുപ്പും.

Headphone എടുത്തു ചെവിയിൽ തിരുകി ഇഷ്ടമുള്ള പാട്ടുകൾ കേട്ടോണ്ടിരുന്നു. Real life ൽ ബാക്ക്ഗ്രൗണ്ട് music ഇല്ലാത്തത് എന്തു കഷ്ടമാണ് അല്ലേ. ശെരിക്കും പറഞ്ഞാൽ ഒരു Bike ride നു പറ്റിയ റൂട്ടാണിത്. നടുവട്ടം ടൗണിൽ ചായ കുടിക്കാൻ ബസ് നിർത്തി. ഗുഡല്ലൂർക്ക് ഇനി 20km കൂടെ ഉണ്ട്. ഊട്ടിയിൽ നിന്ന് ഒപ്പം കൂടിയ തണുപ്പ് Upper ഗൂഡല്ലൂർ വരെ കൂട്ടിനുണ്ടായിരുന്നു. 12.45 ആയി ബസ് ഗൂഡല്ലൂർ എത്തിയപ്പോൾ. Schedule പ്രകാരം അല്പം പിന്നോട്ടാണ് എത്രയും പെട്ടന്ന് നിലമ്പൂർക്കുള്ള അടുത്ത ബസ് പിടിക്കണം. സ്റ്റാൻഡിലെ Time Tableൽ നിന്ന് 1മണിക്ക് തൃശ്ശൂർക്ക് ബസ് ഉണ്ടെന്ന് മനസിലാക്കി. കൃത്യസമയത്തു തന്നെ ബസ് വന്നു, കർണാടക സർക്കാരിന്റെ ബസ്സാണ്. ഇതോടെ ഈ ട്രിപ്പിൽ മൂന്നു സംസ്ഥാനങ്ങളുടെയും ബസ്സിൽ കയറാനായി.

യാത്രക്കാരേറെയും മലയാളികൾ ആണ്. ടൌൺ വിട്ട് ബസ് നാടുകാണി ചുരത്തിലേക്ക് കടന്നു. വെയിലിന്റെ കാഠിന്യം കൂടി വരുന്നു. കാടുണങ്ങിയത് കൊണ്ട് പുറത്തെ കാഴ്ചകളും മങ്ങി. ഇതുവരെ തണുപ്പിന്റെ സുഖമറിഞ്ഞ ഞങ്ങൾ വിയർക്കാൻ തുടങ്ങി. രണ്ടരയോടെ വഴിക്കടവ് എത്തി. പക്ഷെ ഉച്ചഭക്ഷണം കഴിഞ്ഞേ ഇനി ബസ് പൊകൂ. അതു വരെ കാത്തുനിൽക്കാൻ ഒന്നും വയ്യ, ബാഗും എടുത്തിറങ്ങി. സ്റ്റാൻഡിൽ ചെന്ന് അടുത്ത private ബസിൽ കയറിയിരുന്നു. മിനിറ്റുകളുടെ പോലും വില മനസ്സിലാവുന്നത് ഈ സന്ദർഭങ്ങളിലാണ്.

വാച്ചിലെ മിനുട്ട് സൂചി വേഗത്തിൽ കറങ്ങുന്നു. എത്രയും പെട്ടന്ന് റെയിൽവേ സ്റ്റേഷൻ എത്തണം അല്ലെങ്കിൽ ട്രെയിൻ അതിന്റെ വഴിക്കു പോകും. ഇനി ബസ് ഞാൻ ഓടിക്കണ്ടി വരോ. ചിന്തകൾ പലതും അലട്ടി തുടങ്ങി. ചന്തക്കുന്ന് സ്റ്റോപ്പിൽ ഇറങ്ങിയാൽ റെയിൽവേ സ്റ്റേഷൻ പോകുന്ന ബസ് കിട്ടും. പക്ഷെ അവിടെ എത്തിയപ്പോൾ തന്നെ 3 മണി ആയി. എല്ലാം ചീറ്റി കൊച്ചിക്കുള്ള train miss ആയി. ഇനിയുള്ളത് 5 മണിക്കുള്ള ഷൊർണുർ Passenger ആണ്. എന്നാലും പിന്നോട്ടില്ല അതെങ്കിൽ അത്. ഉച്ചഭക്ഷണം കഴിച്ചു അടുത്ത ബസ് കയറി നേരെ റെയിൽവേ സ്റ്റേഷനിലേക്ക്.

ഏകദേശം നാലേമുക്കാലോടെ ട്രെയിൻ ചൂളം വിളിച്ചെത്തി. തിരിച്ചു 5 മണിക്ക് പുറപ്പെടും. ഷോർണൂർ വരെ ടിക്കറ്റ് fare ഒരാൾക്ക് 20രൂപയെ ഉള്ളു. ജനൽകമ്പി ഇല്ലാത്ത Side seat തന്നെ ഒപ്പിച്ചു. വേറൊന്നും കൊണ്ടല്ല ഓടുന്ന ട്രെയിനിൽ നിന്നു ഫോട്ടോ എടുക്കാൻ ഇതേ വഴിയുള്ളു.

ഇന്ത്യയിലെ തന്നെ ഏറ്റവും ദൈർഖ്യം കുറഞ്ഞതും പഴക്കം ചെന്നതും എന്നാൽ അതിമനോഹരവുമായ ബ്രോഡ്ഗേജ് പാതകളിൽ ഒന്ന്. ബ്രിട്ടീഷ് ഭരണകാലത്തു നിലംബൂർ കാട്ടിലെ വലിയ തേക്കിൻ തടികൾ എളുപ്പത്തിൽ തുറമുഖങ്ങളിൽ എത്തിക്കാൻ നിർമിച്ചതാണ് ഈ പാത. Diesel Engine ഉപയോഗിച്ചാണ് നിലമ്പൂർ മുതൽ ഷോർണൂർ വരെയുള്ള 66km Single ലൈനിൽ ഈ തീവണ്ടി ഓടുന്നത്.

പഴയകാലത്തെ കെട്ടിടങ്ങളുമായി നിലകൊള്ളുന്ന 10 സ്റ്റേഷനുകൾ കടന്നാണ് ഒന്നര മണിക്കൂർ കൊണ്ട് ഷോർണൂർ എത്തുന്നത്. ഓരോ സ്റ്റേഷനും മരങ്ങളാൽ ചുറ്റപ്പെട്ടു പ്രകൃതിയോട് ഇണങ്ങി കിടക്കുന്നു. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്തു എന്ന സിനിമ ലൊക്കേഷൻ ഈ റൂട്ടിലെ അങ്ങാടിപ്പുറം സ്റ്റേഷൻ ആണ്. മലയാളിയാണോ ഇത് വഴിയുള്ള ട്രെയിൻ യാത്ര ജീവിതത്തിൽ ഒരിക്കലെങ്കിലും ചെയ്തിരിക്കണം. മഴക്കാലത്തു ആണെങ്കിൽ കൂടുതൽ ആസ്വദിക്കാം. ഇപ്പോ പച്ചപ്പ്‌ നന്നേ കുറവാ.

കൂറ്റൻ തേക്കുമരങ്ങളും, പാടങ്ങളും, മയിലും, പുഴകളും, തെങ്ങിൻ കൂട്ടവും, കവുങ്ങിൻ തോട്ടവും, വാഴ തോട്ടവും, നാട്ടുവഴികളും, കൃഷിയിടങ്ങളും, ഫുട്ബോൾ കളിക്കുന്ന കുരുന്നുകൾ തുടങ്ങി മുതിർന്നവർ വരെ അങ്ങനെ കാഴ്ചകളുടെ list എഴുതാൻ പോയാൽ ഒരുപാടുണ്ട്. വെയിലേറ്റു വീണ ഉണങ്ങിയ ഇലകളെ കാറ്റിൽ പറത്തി ട്രെയിൻ കുതിച്ചു. ഓരോ സ്റ്റേഷനിലും ഇറങ്ങി photo എടുത്തും ഇരുവശത്തെ കാഴ്ചകൾ കണ്ടും ആറരയോടെ ഞങ്ങൾ ഷൊർണൂർ ഇറങ്ങി. അവിടുന്ന് 7.40ന്റെ Okha Express കയറി രാത്രി പത്തരയോടെ കൊച്ചിയിൽ തിരികെയെത്തി.

Hotel & Two wheeler Rent ഒഴിവാക്കിയാൽ യാത്രയിൽ കാശ് മുടക്ക് വളരെ കുറവായിരുന്നു. ഏതൊരാൾക്കും രണ്ടു ദിവസം കുറഞ്ഞ ചിലവിൽ നന്നായി enjoy ചെയ്യാൻ പറ്റിയ ഒരു യാത്ര. മഴ മാറിയ സമയത്തു ഒന്നുടെ ഈ യാത്ര ചെയ്യണം. നിറയെ വെള്ളവുമായി ഒഴുകുന്ന അരുവികളും പുഴകളും കടന്നു കൂടുതൽ പച്ചയണിഞ്ഞ പ്രകൃതിയെ തൊട്ടറിയാൻ.
നന്ദി. ©Shyam Raj.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply