പെരിക്കല്ലൂരില്‍ കെ.എസ്.ആര്.ടി.സി. ഓപ്പറേറ്റിങ് ഡിപ്പോ സ്ഥാപിക്കുന്നതിനുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ക്ക് അന്തിമ അനുമതി ലഭിച്ചതായി മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഓപ്പറേറ്റിങ് ഡിപ്പോ ആരംഭിക്കുന്നതിന് കെ.എസ്.ആര്.ടി.സി. ആവശ്യപ്പെട്ടത് രണ്ടേക്കര്‍ ഭൂമിയാണ്. ഇതിനായി മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണസമിതി പെരിക്കല്ലൂര്‍ സെന്റ് തോമസ് പള്ളി വികാരിയുമായി ചര്‍ച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരേക്കര്‍ ഭൂമി പള്ളി സൗജന്യമായി നല്‍കാനും പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 44 ലക്ഷം രൂപയോളം ചെലവഴിച്ച് ഒരേക്കര്‍ ഭൂമി വില കൊടുത്തു വാങ്ങാനും തീരുമാനമായി. ഇതിന് അനുമതി ലഭിക്കുന്നതിനായി സര്‍ക്കാറിലേക്ക് അപേക്ഷിച്ചതനുസരിച്ച് വികേന്ദ്രീകരണ ആസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ക്ക് അന്തിമാനുമതി നല്‍കിയിട്ടുണ്ട്.
ഇതോടൊപ്പം പഞ്ചായത്തിന്റെ അനുഗ്രഹ ഭവന നിര്‍മാണ പദ്ധതിയിലൂടെ 100 കുടുംബങ്ങള്‍ക്ക് വീടുകള്‍ അനുവദിക്കുന്നതിനു മുള്ളന്‍കൊല്ലി സഹകരണ ബാങ്കില്‍ നിന്ന് 11 ശതമാനം പലിശ നിരക്കില്‍ രണ്ടുകോടിരൂപ വായ്പയെടുക്കുന്നതിനുള്ള അനുമതി ലഭിച്ചു. തുടര്‍നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് ജോസ് കണ്ടംതുരുത്തി, പഞ്ചായത്തംഗങ്ങളായ ജോസ് നെല്ലേടം, മേഴ്സി ബെന്നി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പെരിക്കല്ലൂരില്‍ നിന്നുമുള്ള കെ എസ് ആര് ടി സി ബസ്സുകളുടെ സമയ വിവരങ്ങള്‍ക്ക്: www.aanavandi.com
News: Mathrubhumi