വൈറൽ വീഡിയോയിലൂടെ പ്രശസ്തനായ ഒരു തമിഴ്‌നാട് ബസ് കണ്ടക്ടർ…

കെഎസ്ആർടിസിയിലെ ജീവനക്കാരെക്കുറിച്ചുള്ള കഥകൾ നാം ധാരാളം കേട്ടിട്ടുണ്ട്. അതുപോലെ തന്നെ ഒരു തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ് കണ്ടക്ടറുടെ വിശേഷങ്ങളാണ് ഇനി പറയുവാൻ പോകുന്നത്. അതിനായി ആദ്യം നമുക്ക് കോയമ്പത്തൂർ ബസ് സ്റ്റാൻഡിലേക്ക് ഒന്നു പോകാം.

“മധുരൈ ബൈപ്പാസ്, മധുരൈ ബൈപ്പാസ്..” തൻ്റെ ഡ്യൂട്ടി ബസ്സിനു മുന്നിൽ നിന്നുകൊണ്ട് കണ്ടക്ടർ ശിവഷണ്മുഖം യാത്രക്കാരെ വിളിക്കുകയാണ്. നെറ്റിയിലൊരു കുറിയും തൊട്ട് ഇളംനീല യൂണിഫോമും ധരിച്ച് കക്ഷത്തിൽ കണ്ടക്ടർ ബാഗുമായി പുഞ്ചിരിയോടെ ഓരോ യാത്രക്കാരെയും ബസ്സിലേക്ക് വിളിച്ചു കയറ്റുന്നു.

യാത്രക്കാരെല്ലാം കയറിയതിനു ശേഷം ബസ് പുറപ്പെടാറാകുമ്പോൾ ശിവഷൺമുഖം ബസ്സിലേക്ക് കയറുകയായി. പിന്നീട് യാത്രക്കാർക്ക് അഭിമുഖമായി പ്രസന്നവദനനായി നിന്നുകൊണ്ട് അദ്ദേഹം പറയുവാൻ തുടങ്ങും “വണക്കം… ഇത് നമ്മുടെ സർക്കാർ ബസ്സാണ്, ഈ മനോഹരമായ ബസ് വൃത്തിയായി കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. etc..etc..”

© The Hindu.

വിമാനങ്ങളിൽ ടേക്ക് ഓഫിനു മുൻപ് എയർഹോസ്റ്റസുമാർ യാത്രക്കാർക്ക് ചില മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതു കണ്ടിട്ടില്ലേ? അതുപോലെ തമിഴ്‌നാട്ടിലെ ഒരു സർക്കാർ ബസ്സിൽ വിനയത്തിന്റെയും സേവനത്തിന്റെയും കടമയുടെയും ഉത്തമോദാഹരണമാകുകയാണ് കണ്ടക്ടർ ശിവഷൺമുഖം.

ഈ മാതൃകാ കണ്ടക്ടറുടെ കയ്യിൽ എപ്പോഴും ‘പുളിമിട്ടായി’ സ്റ്റോക്ക് ഉണ്ടാകും. യാത്രയ്ക്കിടയിൽ ആർക്കെങ്കിലും ബുദ്ധിമുട്ടുകൾ (motion sickness) ഉണ്ടാകുകയാണെങ്കിൽ അവർക്ക് കൊടുക്കുവാനാണ് ഇത്. അതുപോലെ തന്നെ യാത്രയ്ക്കിടയിൽ ഛർദ്ദിക്കുന്ന പ്രവണതയുള്ള യാത്രക്കാർക്കായി കവറുകളും (Sick Bag) ഷണ്മുഖത്തിന്റെ കയ്യിൽ സ്റ്റോക്ക് ഉണ്ടാകും. ഈ കാര്യങ്ങളെല്ലാം യാത്രയ്ക്ക് മുൻപായി ബസ്സിലെ യാത്രക്കാരോടുള്ള തൻ്റെ വിവരണത്തിൽ ഷൺമുഖം ഉൾപ്പെടുത്തും.

ഈ കാര്യങ്ങളെല്ലാം പറഞ്ഞതിനു ശേഷം ഓരോ സ്ഥലത്തേക്കുമുള്ള ചാർജ്ജുകൾ യാത്രക്കാരോട് പറഞ്ഞു മനസ്സിലാക്കി കൊടുക്കും. “നിങ്ങൾ ഓരോരുത്തരുടെയും ഈ യാത്രയ്ക്ക് ഓരോരോ കാരണങ്ങളുണ്ടാകും. അവ സാധിക്കുവാൻ നിങ്ങൾക്ക് കഴിയട്ടെ. നമ്മുടെ സ്നേഹംനിറഞ്ഞ ഡ്രൈവറുടെ പേരിലും എൻ്റെ പേരിലും നിങ്ങൾക്കേവർക്കും ശുഭയാത്രകൾ നേരുന്നു. ഈ യാത്രയ്ക്കിടയിലെ നിങ്ങളുടെ എന്താവശ്യത്തിനും ഞാൻ സഹായത്തിനായി ഉണ്ടാകും.” ചുണ്ടിൽ വിരിയുന്ന പുഞ്ചിരിയോടെയും വിനയത്തോടെയും ശിവഷൺമുഖം പറഞ്ഞു നിർത്തുന്നു.

ഈ സംഭവം യാത്രക്കാരിൽ ആരോ വീഡിയോ എടുക്കുകയും സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യുകയും ചെയ്തതോടെയാണ് വ്യത്യസ്തനായ ഈ 52 കാരൻ കണ്ടക്ടറെക്കുറിച്ച് പുറംലോകം അറിയുന്നത്. ഇതോടെ ശിവഷണ്മുഖം പ്രശസ്തനായി മാറി. നിരവധി ചാനലുകാർ അദ്ദേഹത്തിൻ്റെ വാർത്തയും ഇന്റർവ്യൂവും കൊടുക്കുവാനായി മുന്നോട്ടു വന്നു.

23 വർഷത്തോളമായി ശിവഷണ്മുഖം TNSTC യിൽ ജോലിചെയ്യുവാൻ തുടങ്ങിയിട്ട്. കോയമ്പത്തൂർ ഡിപ്പോയിൽ ഉണ്ടായിരുന്ന മറ്റൊരു കണ്ടക്ടറുടെ പ്രവൃത്തിയെ മാതൃകയാക്കിയാണ് താനും ഇത്തരത്തിൽ ചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു. വിമാനത്തിൽ ചെയ്യുന്നതുപോലത്തെ കാര്യമാണല്ലോ എന്ന് പറയുന്നവരോട് താൻ ജീവിതത്തിൽ ഇതുവരെ വിമാനത്തിൽ കയറിയിട്ടില്ലെന്ന സത്യവും ചിരിയോടെ ശിവഷണ്മുഖം വെളിപ്പെടുത്തുന്നു.

വളരെയേറെ ബുദ്ധിമുട്ടുള്ള ജോലിയാണ് ബസ് ജീവനക്കാരുടേത്. പലതരത്തിലുള്ള ആളുകളുമായുള്ള ഇടപെടലുകളും അനുഭവങ്ങളും ജോലി ഭാരവുമെല്ലാം ഒക്കെയാണ് മിക്ക ബസ് ജീവനക്കാരെയും പരുക്കൻ സ്വഭാവക്കാരാക്കി മാറ്റുന്നത്. ഇത്തരം പ്രശനങ്ങൾക്കിടയിൽ നിന്നുകൊണ്ട് അവയെ തരണം ചെയ്ത് യാത്രക്കാരോട് സൗഹാർദ്ദപരമായി ഇടപെടാൻ കഴിയുക എന്നതാണ് ഒരു ബസ് ജീവനക്കാരനെ സംബന്ധിച്ചിടത്തോളം അവരുടെ ഏറ്റവും വലിയ വിജയം. ആ വിജയം കൈവരിച്ചവരിൽ ഒരാളായി TNSTC യിലെ ശിവഷണ്മുഖവും..

വിവരങ്ങൾക്ക് കടപ്പാട് – The Hindu, വീഡിയോ – ABM Dream work.

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply