കെഎസ്ആർടിസി – മലയാളികളുടെ സ്വന്തം രക്ഷാവാഹനം… വീഡിയോ വൈറൽ…

പ്രളയക്കെടുതിയില്‍ മുങ്ങിയ സംസ്ഥാനത്ത് മാതൃകാപരമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി കെഎസ്ആര്‍ടിസി സജീവമായി. പ്രതികൂല സാഹചര്യങ്ങള്‍ കണക്കിലെടുക്കാതെയാണ് ജീവനക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. രക്ഷാദൗത്യത്തിനെത്തിയ സൈന്യത്തിനും പോലീസിനും ഗതാഗതസൗകര്യങ്ങള്‍ നഷ്ടമായതിനാല്‍ കുടുങ്ങിപ്പോയ ജനങ്ങളെ വിവിധ കേന്ദ്രങ്ങളിലെത്തിക്കാന്‍ കെഎസ്ആര്‍ടിസിയാണ് തുണയാകുന്നത്. ഇതിനു പുറമെ അവശ്യസാധനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കുന്നതും കെഎസ്ആര്‍ടിസിയുടെ സഹായത്തോടെയാണ്.

എയർപോർട്ടിലെ റൺവേയിൽ കയറി വിമാനത്തിനു തൊട്ടടുത്തായി നിന്നുകൊണ്ട് സേവനത്തിലേർപ്പെട്ടിരിക്കുന്ന ആനവണ്ടികളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. അതോടൊപ്പം തന്നെ ഇന്ത്യൻ ആർമി കെഎസ്ആർടിസി ബസ്സുകളിൽ കയറുന്ന കാഴ്ച ‘കുരുക്ഷേത്ര’ സിനിമയിലെ പാട്ടിനൊപ്പം ചേർത്ത് ഷെയർ ചെയ്തതും നമ്മൾ രോമാഞ്ചത്തോടെയാണ് കാണുന്നത്. ആ വീഡിയോ ഇതാ കാണൂ…

കൊച്ചി അന്തര്‍ദേശീയ വിമാനത്താവളം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം,കോഴിക്കോട് വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാരെ വിവിധ സ്ഥലങ്ങളില്‍ എത്തിക്കാനും കെഎസ്ആര്‍ടിസി സൗകര്യമൊരുക്കിയിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നെടുമ്പാശേരി വിമാനത്താവളം അടച്ചിരുന്നു. ഇവിടെയിറങ്ങേണ്ടിയിരുന്ന ചില വിമാനങ്ങള്‍ തിരുവനന്തപുരത്തേക്ക് വഴിതിരിച്ചു വിട്ട സാഹചര്യത്തിൽ, ഈ വിമാനങ്ങളില്‍ എത്തുന്ന യാത്രക്കാരെ കൊച്ചിയില്‍ എത്തിക്കുന്നതിനായി കെഎസ്‌ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസ് നടത്തുകായും ചെയ്യുന്നുണ്ട്. ഡിപ്പോകള്‍ പലതും വെള്ളത്തിനടിയിലായ സാഹചര്യത്തിലും പരമാവധി സര്‍വീസുകള്‍ കെഎസ്ആർടിസി നടത്തുന്നുണ്ട്. കെഎസ്ആർടിസിയുടെ ഏഴു ഡിപ്പോകൾ പൂർണമായും 16 ഡിപ്പോകൾ ഭാഗികമായും വെള്ളത്തിനടിയിൽ. റാന്നി, മല്ലപ്പള്ളി, പന്തളം, എടത്വ, ചാലക്കുടി, ആലുവ, പിറവം ഡിപ്പോകളാണു വെള്ളത്തിനടിയിലായത്. കുളത്തൂപ്പുഴ, ആര്യങ്കാവ്, പത്തനംതിട്ട, കോന്നി, മൂലമറ്റം, തൊടുപുഴ, പാല, കുമളി, മുവാറ്റുപുഴ, മാള, കട്ടപ്പന, നെടുങ്കണ്ടം, ഈരാറ്റുപേട്ട, മൂന്നാർ, ഇരിങ്ങാലക്കുട, കൂത്താട്ടുകുളം ഡിപ്പോകളിൽ ഭാഗികമായി വെള്ളം കയറി.

ദേശിയപാത വഴി തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കും, എംസി റോഡ് വഴി അടൂര്‍ വരെയും നിലവില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തുന്നു. ഇതിനുപുറമേ തിരുവല്ല – കോട്ടയം, ചങ്ങനാശ്ശേരി – എറണാകുളം, വൈറ്റില ഹബ്ബ് – വൈക്കം, മലപ്പുറം-കോഴിക്കോട്, പാലക്കാട്-കോഴിക്കോട്, കോഴിക്കോട് നിന്ന് വാടാനപ്പള്ളി വഴി തൃശൂര്‍, തൃശൂരില്‍ നിന്ന് കോഴിക്കോട്, കാസര്‍ഗോഡ് ഭാഗത്തേക്കും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. കെഎസ്ആര്‍ടിസിയുടെ കണ്‍ട്രോള്‍റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.

കോട്ടയം-കുമളി റൂട്ടിലോടുന്ന ബസിനെ നാട്ടുകാര്‍ പ്രണയിച്ചതും പിന്നീട് അത് നാട്ടുകാരുടെ സ്വന്തം ‘ചങ്ക് ബസ്’ ആയതും ഈ അടുത്താണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. പിന്നാലെയെത്തിയത് അര്‍ധരാത്രിക്ക് ഒറ്റപ്പെട്ട സ്ഥലത്ത് സ്റ്റോപ്പിലിറങ്ങിയ യുവതിക്ക് സഹോദരന്‍ വരുന്നത് വരെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ കാവലിരുന്ന വാര്‍ത്തയായിരുന്നു. ഇതിലോളം എന്ത് ചെയ്യാനാകും കെഎസ്ആര്‍ടിസിയെന്ന നമ്മുടെ സ്വന്തം ആനവണ്ടിക്ക്.

പലര്‍ക്കും ചങ്ക് മാത്രമല്ല ചങ്കിടിപ്പ് കൂടിയാണ് കെഎസ്ആര്‍ടിസി എന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് നാളുകളായി നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നത്. ജനകീയരല്ല കെഎസ്ആര്‍ടിസിയും ജീവനക്കാരും എന്ന് പലരും ആവര്‍ത്തിച്ച് പറ‍ഞ്ഞപ്പോഴും തങ്ങളുടെ ജനകീയ ഇടപെടലുകള്‍ കൊണ്ട് ഇതിനോടകം കൈയ്യടി നേടി കഴിഞ്ഞു കെഎസ്ആര്‍ടിസി.

കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ.

Check Also

കേരളത്തിലെ സിനിമാ തിയേറ്ററുകൾ; ചരിത്രവും വസ്തുതകളും

കേരളത്തിലെ സിനിമാശാലകളെപറ്റിയുള്ള  ചരിത്രം 113 വർഷം പിന്നിട്ടിരിക്കുന്നു. കേരളത്തിലെ ആദ്യത്തെ സിനിമാ പ്രദർശനം നടന്നത് 1907 ൽ തൃശൂർ പൂരത്തിനിടയ്ക്ക് …

Leave a Reply