329 പേര്‍ മരിച്ച എയർ ഇന്ത്യയുടെ കനിഷ്ക ദുരന്തം – ഇന്നും നീറുന്ന ഒരോർമ്മ…

ലോകത്തിലെ ഏറ്റവം ഭീകരമായ തീവ്രവാദി ആക്രമണം- 329 പേര്‍ മരിച്ച കനിഷ്കാ വിമാനാപകടം – നടന്നിട്ട് ഇന്നേക്ക്  35 വര്‍ഷംത്തോളമായി. 1985 ജൂണ്‍ 23 – അന്നായിരുന്നു എയര്‍ ഇന്ത്യയുടെ ഫ്ളൈറ്റ് 182 എന്ന ബോയിംഗ് 747 വിമാനം അയര്‍ലന്‍റിന് തെക്കായി അത്ലാന്‍റിക് സമുദ്രത്തില്‍ തകര്‍ന്നു വീണത്. ഖലിസ്ഥാന്‍ തീവ്രവാദികള്‍ വിമാനം ബോംബ് വച്ച് തകര്‍ക്കുകയായിരുന്നു. സംഭവം നടന്നത് ഇങ്ങനെ..

ജൂൺ 23, 1985, കാനഡയിലെ മോൺട്രിയോള്‍ വിമാനതാവളത്തിൽനിന്ന് എയർ ഇന്ത്യൻ ഫ്ലൈറ്റ് 182 പറന്നുയർന്നു. ടൊറന്റോയിൽ നിന്നെത്തിയ 181 വിമാനമായിരുന്നു മോൺട്രിയോളിൽനിന്ന് ഫ്ലൈറ്റ് നമ്പർ 182 ആയി ലണ്ടനിലേക്കു പറന്നുയരുന്നത്. ലണ്ടനിലേക്കും അവിടെനിന്നു മുംബൈയിലേക്കുമാണു യാത്ര. കാനഡയിൽ വേനലവധി ആരംഭിച്ചിരുന്നതിനാൽ കനേഡിയൻ പൗരന്മാരായ ഇന്ത്യൻ വംശജരായിരുന്നു യാത്രികരിൽ കൂടുതലും. അവധി ആഘോഷിക്കാൻ നാട്ടിൽപോകുന്ന സന്തോഷത്തിലാണ് എല്ലാവരും. സെക്യൂരിറ്റി ചെക്കിങ്ങുകളെല്ലാം കഴിഞ്ഞ് ബോയിങ് 747 മോഡൽ വിമാനം ലണ്ടൻ ലക്ഷ്യമാക്കി പറന്നു. എന്നാൽ 31,000 അടി ഉയരത്തിൽ അയർലൻഡിന്റെ വ്യോമ മേഖലയിൽവച്ച് ആ വിമാനം അഗ്നിഗോളമായി മാറി അറ്റ്ലാന്റിക് സമുദ്രത്തിൽ പതിച്ചു.

ലോകത്തെ ‍‍ഞെട്ടിച്ച ഈ അപകടത്തിൽ വിമാനത്തിലെ 307 യാത്രക്കാരും 22 ജീവനക്കാരും ചാരമായി. അതു സാങ്കേതികപ്പിഴവായിരുന്നില്ല, ബോംബാക്രമ‌‌ണമായിരുന്നെന്ന കണ്ടെത്തൽ ലോകത്തെ നടുക്കി. മുൻഭാഗത്ത് ചരക്ക് സൂക്ഷിക്കുന്ന അറയിലുണ്ടായ ബോംബ് സ്‌ഫോടനത്തിലാണ് വിമാനം തകർന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

ജൂൺ 23ന് രാവിലെ അയർലൻഡ് തീരത്തുനിന്ന് 176 കിലോമീറ്റർ അകലെയാണ് വിമാനം തകർന്നു വീണത്. കടലിൽ ആറായിരം അടിയോളം താഴ്‌ന്നുപോയ വിമാനാവശിഷ്‌ടങ്ങളിൽ നിന്ന് കോക്‌പിറ്റ് വോയ്‌സ് റിക്കോർഡർ കണ്ടെത്തിയതു ജൂലൈ ഒൻപതിനാണ്. ഫ്ലൈറ്റ് ഡേറ്റാ റിക്കോർഡർ പിറ്റേന്നും കിട്ടി. 329ൽ 131 ശരീരങ്ങൾ മാത്രമാണു വീണ്ടെടുക്കാനായത്. ഇതിൽ എട്ടുപേർ വിമാനം കടലിൽ വീഴും മുമ്പുതന്നെ അന്തരീക്ഷത്തിലേക്ക് എടുത്തെറിയപ്പെട്ടിരുന്നു എന്നു കണ്ടെത്തിയിരുന്നു. 26 പേർ മരിച്ചതു പ്രാണവായു ലഭിക്കാതെയാണ്. വളരെപ്പെട്ടെന്ന് വായുമർദം കുറയുന്നതുമൂലമുള്ള സ്‌ഫോടനാത്മകമായ അവസ്‌ഥമൂലമാണ് 25 പേർ മരിച്ചതെന്നും വ്യക്‌തമായി. വീഴ്‌ചയിൽനിന്നുള്ള ആഘാതമാണ് 23 പേരുടെ ജീവൻ നഷ്‌ടപ്പെടുത്തിയത്.

1985 ജൂൺ 22 ന് കാനഡയിലെ വാൻകൂവർ വിമാനത്താവളത്തിൽനിന്ന് മുംബൈയ്‌ക്ക് പോകാൻ കനേഡിയൻ പസഫിക് എയർലൈൻസിന്റെ ഫ്ലൈറ്റ് നമ്പർ 60 ൽ കയറാനെത്തിയ എം. സിങ് എന്ന ഇന്ത്യൻ വംശജന് ബാഗേജിന്റെ പേരിൽ ഉദ്യോഗസ്ഥരുമായി ഏറെ തർക്കിക്കേണ്ടിവന്നു. ഒടുവിൽ സിങ്ങിന്റെ ബാഗേജും കയറ്റി. എന്നാൽ സിങ് ഫ്ലൈറ്റിൽ കയറിയിരുന്നില്ല. രാത്രി 8.22ന് ടൊറന്റോയിൽ എത്തിയ വിമാനത്തിൽനിന്ന് കുറച്ചു യാത്രക്കാരെയും സിങ്ങിന്റേതുൾപ്പെടെയുള്ള ലഗേജും എയർ ഇന്ത്യയുടെ ടൊറന്റോ – മോൺട്രിയോൾ ഫ്ലൈറ്റ് നമ്പർ 181 ലേക്ക് മാറ്റി.

ടൊറന്റോയിൽനിന്നു രാത്രി 12.15 നു പുറപ്പെട്ട വിമാനം ഒരുമണിക്ക് മോൺട്രിയോളിലെത്തി. അവിടെനിന്ന് ഫ്ലൈറ്റ് നമ്പർ 182 ആയി ലണ്ടനിലേക്ക് പറന്നുയരുന്നതു പുലർച്ചെ 02.18ന്. രാവിലെ 8.33നു ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന കനിഷ്‌ക രാവിലെ ഏഴുമണി കഴിഞ്ഞ് പതിനാല് മിനിറ്റും ഒരു സെക്കൻഡുമായപ്പോൾ അയർലൻഡിലെ ഷാനോൺ വിമാനത്താവളത്തിലെ റഡാറിൽനിന്ന് അപ്രത്യക്ഷമായി. 31,000 അടി ഉയരത്തിൽവച്ച് വിമാനത്തിന്റെ മുൻഭാഗത്ത് താഴെ ചരക്ക് അറയിൽ സ്‌ഫോടനം നടന്ന് വിമാനം തകർന്നെന്നു പിന്നീടു കണ്ടെത്തി.

കനിഷ്ക തകർത്തത് സിഖ് തീവ്രവാദികളുടെ പ്രതികാരമാണെന്ന് അന്വേഷണ സംഘം തുടക്കത്തിലേ സംശയിച്ചിരുന്നു. 1984ൽ സുവർണക്ഷേത്രത്തിൽ നടത്തിയ ഓപ്പറേഷൻ ബ്ലൂസ്റ്റാറിനു പകരം വീട്ടാനായിരുന്നു വിമാനം തകർത്തത് എന്നായിരുന്നു കേസ്. 1988ൽ ഇംഗ്ലണ്ടിൽ അറസ്‌റ്റിലായ, ഖലിസ്‌ഥാൻ പ്രസ്‌ഥാനവുമായി ബന്ധമുണ്ടായിരുന്ന ഇന്ദർജിത് സിങ് റയാത്തിനെ പത്തുകൊല്ലം തടവിന് 91 ൽ ശിക്ഷിച്ചതും ജയിൽ മോചിതനായി കാനഡ ഏറ്റുവാങ്ങിയശേഷം എയർ ഇന്ത്യ കേസിൽ 2003 മുതൽ അഞ്ചുകൊല്ലത്തേക്കു ജയിൽവാസം കിട്ടിയതുമാണ് പ്രതികൾക്കു കിട്ടിയ ഏക ശിക്ഷ. റയാത്ത് 2008 ൽ പുറത്തുവരികയും ചെയ്‌തു. ഇതിനിടെ, 2000 ഒക്‌ടോബറിൽ അറസ്‌റ്റിലായ രിപുദമൻ സിങ് മാലിക്കിനെയും അജൈബ് സിങ്ങിനെയും 2005നു മാർച്ച് 16 നു തെളിവില്ലാത്തതിനാൽ വിട്ടയയ്‌ക്കുകയും ചെയ്‌തു.

ഇന്ത്യാ വിഭജനത്തെ തുടർന്നുണ്ടായ സംഘർഷങ്ങളും മറ്റുമാണ് കനിഷ്ക ദുരന്തത്തിലേക്ക് വഴിവെച്ചതെന്നാണ് ഔദ്യോഗികമായ രേഖകൾ പറയുന്നത്. ഇന്ത്യാ വിഭജനത്തെതുടർന്ന് ഏറ്റവും കൂടുതൽ കഷ്ടതകൾ അനുഭവിക്കേണ്ട വന്ന ഒരു കൂട്ടരാണ് സിഖ് മതാനുയായികൾ. സിഖ് സമുദായത്തിനുവേണ്ടി ഒരു മാതൃദേശം വേണമെന്നു വാദിച്ച ഖാലിസ്ഥാൻ പ്രസ്ഥാനക്കാർ കാനഡയിലേക്കു കുടിയേറിയ സിഖുകാരിൽ ഉൾപ്പെട്ടിരുന്നു.

കാനഡ സർക്കാർ ഇവരെക്കുറിച്ച് ബോധവാന്മാരായിരുന്നുവെങ്കിലും ഒരു ഭീഷണിയായി കണ്ടിരുന്നില്ല. കൂടാതെ ഈ കുടിയേറ്റത്തിനിടയിലും സിഖുകാർക്ക് വെള്ളക്കാരിൽ നിന്നും ധാരാളം പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തെതുടർന്ന് സിഖുകാർ അഭയാർത്ഥികളായി കാനഡയിലേക്ക് കുടിയേറിയിരുന്നു. പിന്നീട് രൂപംകൊണ്ട ബാബർ ഖൽസ എന്ന തീവ്രവാദസംഘടനയിലെ പല നേതാക്കളും ഇത്തരത്തിൽ അഭയാർത്ഥികളായി കാനഡയിൽ എത്തിച്ചേർന്നതായിരുന്നു.

1980 കളോടെ, ബ്രിട്ടീഷ് കൊളംബിയയിലെ വാൻകൂവർ പ്രദേശം സിഖുകാർ കൂട്ടമായി താമസിക്കുന്ന ഒരു പ്രദേശമായി മാറി. ശത്രുതയും,പ്രതികാരചിന്തയും എല്ലാം ഇവിടെയും ഇവരുടെ ഇടയിൽ വ്യാപകമായിരുന്നു എന്നു പറയപ്പെടുന്നു.

2001 സെപ്റ്റംബറില്‍ വേള്‍ഡ് ട്രേഡ് സെന്‍ററിനെതിരെ നടന്നതൊഴിച്ചാല്‍ ഏറ്റവും വലിയ തീവ്രവാദി ആക്രമണമായാണ് ഇതിനെ ലോകം വിലയിരുത്തുന്നത്. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടമരമണമാണിത്.

കടപ്പാട് – ജിജ്ഞാസാ FB ഗ്രൂപ്പ്, വിക്കിപീഡിയ.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply