കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ബെംഗലൂരുവിലേക്ക് കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. അവയില്‍ സ്കാനിയ, വോള്‍വോ, സൂപ്പര്‍ ഡീലക്സ്, സൂപ്പര്‍ എക്സ്പ്രസ്സ്, സൂപ്പര്‍ഫാസ്റ്റ് എന്നീ ബസ്സുകള്‍ ഉണ്ട്. ഈ ബസ്സുകളിലെ ജീവനക്കാര്‍ക്ക് മതിയായ സൌകര്യങ്ങള്‍ ബെംഗലൂരുവിലെ ബസ് ടെര്‍മിനലില്‍ ലഭിക്കുന്നുണ്ടോ? അങ്ങനെയൊരു അന്വേഷണത്തില്‍ നിന്നുമാണ് ജീവനക്കാരുടെ ഈ ഞെട്ടിക്കുന്ന ദയനീയമായ അവസ്ഥയെക്കുറിച്ച് അറിയുവാന്‍ സാധിച്ചത്.

ബെംഗലൂരു പീനിയ ബസ് ടെര്‍മിനലില്‍ കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ക്ക് വിശ്രമിക്കുവാനുള്ള സൌകര്യങ്ങള്‍ ഒന്നും തന്നെയില്ല. സ്കാനിയ, വോള്‍വോ ബസുകളിലെ ജീവനക്കാരാകട്ടെ ബസിന്റെ ഡിക്കിയിലാണ് ഇതിനായുള്ള സൌകര്യങ്ങള്‍ കണ്ടെത്തുന്നത്. എന്നാല്‍ ഡീലക്സ്, എക്സ്പ്രസ്സ്, സൂപ്പര്‍ഫാസ്റ്റ് ബസ്സുകളിലെ ജീവനക്കാരുടെ കാര്യമാണ് വളരെ കഷ്ടം. ഇവരില്‍ ചിലര്‍ ടെര്‍മിനലിനോടു ചേര്‍ന്നുള്ള കെട്ടിടത്തിന്റെ പാസ്സെജിലാണ് വിശ്രമത്തിനായുള്ള സ്ഥലം കണ്ടെത്തുന്നത്. ബാക്കിയുള്ളവര്‍ കൊടും ചൂടില്‍ ചുട്ടുപഴുത്തു കിടക്കുന്ന ബസ്സുകളില്‍ തന്നെയും. ചൂടും പൊടിയുടെ ശല്യവും കാരണം പലപ്പോഴും ഇവര്‍ക്ക് ശരിയായി ഉറങ്ങാന്‍ തന്നെ സാധിക്കുന്നില്ല. ഭക്ഷണം പാര്‍സല്‍ വാങ്ങിക്കൊണ്ടു വന്ന് ഒന്നിച്ചിരുന്നു കഴിക്കുന്ന കാഴ്ച ആരുടേയും മനസ്സലിയിക്കുന്നതാണ്. എത്രയോ മനുഷ്യജീവനുകളെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന ഇവര്‍ക്ക് വേണ്ടി വാദിക്കാന്‍ ആരുമില്ല എന്നതാണ് സത്യം.


ഇത്രയും ദൂരം യാത്രക്കാരുമായി ബസ് ഓടിക്കുന്ന ജീവനക്കാരുടെ അവസ്ഥയാണിത്. ഇത്തരത്തില്‍ മതിയായ വിശ്രമ സൗകര്യങ്ങള്‍ ലഭിക്കാതെ വന്നാല്‍ അത് ഇവരുടെ ജോലിയെ തന്നെ ബാധിക്കില്ലേ? വളരെ പരിതാപകരമായ അവസ്ഥയിലാണ് ബെംഗലൂരു ടെര്‍മിനലില്‍ തങ്ങളുടെ വിശ്രമവും മറ്റുമെന്ന് ജീവനക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ കേരള ആര്‍ടിസി ജീവനക്കാര്‍ക്ക് വിശ്രമമുറികള്‍ അനുവദിച്ചിട്ടുണ്ടെന്നും അവ ആന്ധ്രാ, തെലുങ്കാനാ ആര്‍ടിസി ജീവനക്കാര്‍ കയ്യടക്കി വെച്ചിരിക്കുകയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.

എന്തായാലും നമ്മുടെ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കേണ്ടത് കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റെ കടമയാണ്. സുഖശീതളിമയില്‍ ഉറങ്ങുന്ന മേലധികാരികള്‍ ഈ പാവം ജീവനക്കാരുടെ കഷ്ടപ്പാടുകള്‍ ഒന്നു കാണണം. അവരുടെ കഷ്ടതകള്‍ ഒരിക്കലും കണ്ടില്ലെന്നു നടിക്കരുതേ.. എങ്ങനെയെങ്കിലും നമ്മുടെ ജീവനക്കാരുടെ അവകാശങ്ങള്‍ നേടിയെടുക്കുക തന്നെ വേണം. തെലുങ്കന്മാര് കയ്യടക്കി വെച്ചിരിക്കുന്ന വിശ്രമമുറികള്‍ കേരള ആര്‍ടിസി ജീവനക്കാര്‍ക്ക് തിരികെ ലഭിക്കുന്നതിനായുള്ള നടപടികള്‍ എത്രയും വേഗം എടുക്കണം. ഈ വാര്‍ത്ത വേണ്ടപ്പെട്ട അധികാരികളില്‍ എത്തുമെന്നു വിശ്വസിക്കുന്നു.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog