ഒരു പ്ലാനിംഗും ഇല്ലാതെ 1200 Rs ചിലവിൽ ഒരു അന്തർസംസ്ഥാന ബൈക്ക് യാത്ര

കമ്പംമേട്-ബോഡിമേട്-മൂന്നാർ : ഒരു പ്ലാനിഗും ഇല്ലാതെ 1200 രൂപ ചിലവിൽ ഒരു അന്തർസംസ്ഥാന യാത്ര അതാണിത്…. പൂജവെപ്പ് കഴിഞ്ഞ വീട്ടില്‍ ഫോണും കുത്തിക്കൊണ്ടിരുന്നപ്പോഴാണ് പഴയ വെളിപാട് വീണ്ടും ട്രിപ്പ് പോവാൻ…. ഒട്ടും അമാന്തിച്ചില്ല ഒടനേ തന്നെ വിളി പോയി.. വണ്ടിഭ്രാന്തിലൂടെ പരിചയപ്പെട്ട കുറച്ചു ചങ്ക്സിനെ വിളിച്ചു വരാൻ തയ്യാറായി 3 പേർ…..( Sudev Sreenivas Vivek Venu Jishnu Ashok) പിന്നെ പോവേണ്ട സ്ഥലം തീരുമാനിക്കലായി. അതും സെറ്റായി അങ്ങനെ കഷ്ടിച്ച് അരമണിക്കൂറ് കൊണ്ട് ട്രിപ്പ് സെറ്റായി.

അങ്ങനെ അതിരാവിലെ തന്നെ ഞങ്ങള്‍ കാഞ്ഞിരപ്പളളിയിൽ നിന്നും യാത്ര തിരിച്ചു. മുണ്ടക്കയം കുട്ടിക്കാനം റൂട്ടിലെ ഞങ്ങളുടെ സ്ഥിരം വേട്ടമൃഗമാണ് വളഞ്ഞങ്ങാനം വെള്ളച്ചാട്ടം അവിടെ കുറച്ചുനേരം നിന്ന് ഞങ്ങൾ യാത്ര തുടർന്നു. ഒരുപാട് തവണ കുട്ടിക്കാനം ഏലപ്പാറ കട്ടപ്പന റോഡിലൂടെ യാത്ര ചെയ്തിട്ടുണ്ടെങ്കിലും വല്ലാത്തൊരു ഫീൽ തരുന്ന വഴിയാണത്. എന്തായാലും യാത്ര തുടർന്ന് പുളിയൻമലകയറിയിറങ്ങി ചെക്പോസ്റ്റിൽ ഊതൽ കർമ്മം നിർവ്വഹിച്ച് കമ്പത്തിനുള്ള ഹെയർപിന്നുകൾ ഒരോന്നായി കടന്ന് ഞങ്ങള്‍ കമ്പം റോഡില്‍ ടയറുകുത്തി.

കമ്പത്ത് പോയാൽ മുന്തിരി തോട്ടം അത് നിർബന്ധാ…ലാഭവും നഷ്ടവും നോക്കീല 350 രൂപ കൊടുത്ത് ഒരു പെട്ടി മുന്തിരിങ്ങ വാങ്ങി അതും കൊണ്ട് യാത്ര തുടർന്നു. വഴി ഒരു രക്ഷയും ഇല്ല അക്കാര്യത്തില്‍ തമിഴ്നാട് സർക്കാർ സൂപ്പറാ….വർഷങ്ങൾ എത്ര പോയാലും സ്വന്തം വിശ്വാസങ്ങളെയും പാരമ്പര്യത്തെയും കാത്തു സൂക്ഷിക്കുന്നവരാണ് തമിഴ് ജനത. അവിടെ തെരുവോരങ്ങൾക്ക് പ്രത്യേക ആമ്പിയൻസാണ്. വഴിയിലുടനീളം ഒരുപാട് കോവിലുകൾ കാണാം. അതിനു മുൻപിലായി ജീവൻ തുളുമ്പുന്ന ശിൽപ്പങ്ങളും.

ബോഡിനായ്ക്കന്നൂരിനുള്ള വഴിയിലാണ് വിൻഡ്മിൽ ഫാം കാണുന്നത്. ഒന്നരക്കോടിക്കു മുകളില്‍ വിലവരുന്ന രണ്ട് കൊന്നത്തെങ്ങിൻ്റെ പൊക്കം ഉള്ള കാറ്റാടി പകച്ചുനിന്ന് കണ്ടു… എല്ലാം കണ്ടും കേട്ടും ബോഡിമെട്ടിലെത്തി. അക്ഷരാർത്ഥത്തിൽ അതൊരു കിടിലൻ റൂട്ടാണ്. ഹെയർപിന്നുകൾ മലമടക്കുകളിലൂടെ അത്ഭുതം തീർത്ത വഴി …….
ബോഡിമെട്ട് ചെക്പോസ്റ്റും താണ്ടി പൂപ്പാറയിലെത്തി ഫുഡ്ഡും കഴിച്ച് മൂന്നാറിലേക്ക്.

മൂന്നാറിലായിരുന്നു തിരക്ക്….മഞ്ഞും കണ്ട് തേയിലച്ചെടികൾക്കിടയിലൂടെ ഹരിസൺ എസ്റ്റേറ്റിനു മുന്നിലൂടെ കിടക്കുന്ന വഴിയേ വണ്ടിയോടിച്ചാലുണ്ടല്ലൊ “ൻ്റെ സാറേ പിന്നെ ചുറ്റൂള്ളതൊന്നും ശ്രദ്ധിക്കാൻ പറ്റൂല.” അവിടത്തെ തിരക്കിനിടയൂടെ ഉന്തിത്തള്ളി അടിമാലി വഴി ബ്രട്ടീഷുകാരാൽ നിർമ്മിതമായ നേര്യമംഗലം പാലം കയറി തൊടുപുഴയെത്തി. അവിടുന്ന് വിവേകിനെയും ജിഷ്ണുവിനെയും വീട്ടിലാക്കി അടുത്ത യാത്രാസ്വപ്നങ്ങളും പേറി ഞാനും സുദേവും വീടുകളിലേക്ക് യാത്രയായി.

വിവരണം – യദുകുല്‍ കെ.ജി.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply