ആകാശത്തോളം എത്തിയ എന്റെ സ്വപ്നസഞ്ചാരം…

എകദേശം പത്ത് വർഷം മുന്നെ 2005 ൽ ഞാൻ നാലാം വർഷം മെഡിസിന് റഷ്യയിലെ സെന്റ് പീറ്റർസ്ബർഗിൽ പഠിക്കുന്ന കാലം, ആ വർഷത്തെ സമ്മർ വേക്കേഷനിൽ നാട്ടിൽ പോവാത്ത ഞങ്ങൾ മൂന്ന് മലയാളികൾ, കോയിക്കോട്ടുകാരൻ ഞാൻ ,കുറ്റിപ്പുറത്തുള്ള ജിബു , കൊച്ചി ക്കാരൻ സിബിൻ ,പിന്നെ റഷ്യക്കാരൻ സുഹൃത്ത് വോവയുമൊത്ത് രാത്രി പതിനൊന്ന് മണിക്ക് ഗോർക്കോസ്ക്കയാ മെട്രോ സ്റ്റേഷനു മുന്നിൽ ഞങ്ങൾ വായ നോക്കിയിരിക്കുകയായിരുന്നു ,നിങ്ങൾ വിജാരിക്കും ഈ രാത്രി പതിനൊന്ന് മണിക്ക് എന്ത് വായ നോക്കാനാ എന്ന് ,പീറ്റർസ്ബർഗിൽ ജൂൺ ജൂലൈ മാസങ്ങളിൽ രാത്രിയാവില്ല .വൈറ്റ് നൈറ്റസ് എന്ന് പറയും ,24 മണിക്കൂറും പകൽ ആയിരിക്കും ,ഈ മാസങ്ങളിൽ പീറ്റർസ് ബർഗ് നഗരം യുറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളെയും കാത്ത് 24 മണിക്കൂറും ഉണർന്നിരിക്കും ,ഞങ്ങൾക്ക് ഈ സമയം വെക്കേഷൻ ആണ് ,കൂടെയുള്ള സുഹുർത്തുക്കളെല്ലാം നാട്ടിൽ പോയ സമയം ,ഞങ്ങൾ മൂന്നു പേരും winter ൽ കിട്ടുന്ന ഒരു മാസ ലീവിന് നാട്ടിൽ പോവാമെന്ന് കരുതി ,സാധാരണ സമ്മറിൽ പോയാൽ തന്നെ ഞങ്ങൾ നാട്ടിൽ അധികം നിൽക്കാതെ ലഡാക്കിൽ എത്താറാണ് പതിവ്.

ഇവിടെ സമ്മറിൽ പകലുകൾ കൂടുതലും winteril നേരെ വിപരീതവും ആയിരിക്കും ,അതിന്റെ കാരണം പീറ്റർസ് ബർഗ് പോളാർ സർക്കിളിനുള്ളിൽ ആയതു കൊണ്ടാണ് .അഞ്ച് മാസം മുഴുവൻ രാത്രിയും പിന്നീടുള്ള മാസങ്ങളിൽ മുഴുവൻ പകലുകളും ഉള്ള സ്ഥലങ്ങൾ വരെ ഉണ്ട് റഷ്യയിൽ ,റഷ്യയിലെ നറീൽസ്ക്ക് അതേ പോലെ യുള്ള സ്ഥലമാണ്, നോർവേയിലെയും ഐസ് ലാൻറിലെയും പോലെ അല്ലെങ്കിൽ അതിലും മനോഹരമായ നോർത്തേൺ ലൈറ്റസ് നമുക്ക് winteril നറീൽസ്ക്കിൽ കാണാൻ പറ്റും ,റഷ്യയുടെ പ്രധാന ഖനിയുള്ള സ്ഥലമാണ് അവിടെ , ഈയിടെ ആയി വിദേശിക്കൾക്ക് അങ്ങോട്ട് പ്രവേശനമില്ല എന്ന് കേട്ടു.

ഗോർക്കോസ്കയിലെ മെട്രോ സ്റ്റേഷന് മുന്നിലുള്ള പാർക്കിൽ സംഗതി വെറും വായ നോട്ടം മാത്രമല്ലായിരുന്നു ഞങ്ങൾ കൂലങ്കശമായ ഒരു ചർച്ചയിലും ആയിരുന്നു ,എങ്ങനെയെങ്കിലും രണ്ട് മാസം പോവണമെല്ലോ, ആദ്യമായിട്ടാണ് വേക്കേഷനിൽ പീറ്ററിൽ നിൽക്കുന്നത് ,എന്തും ബിസിനസ് ആയി കാണുന്ന ജിബു നമുക്ക് എന്തെങ്കിലും പാർട് ടൈം ജോബ് ചെയ്യാമെന്ന് . ലോകത്തിലെ ഏറ്റുവും ദീർഗം കൂടിയ ട്രെയിൻ യാത്രയുണ്ട് മോസ്കോ ….സൈബീരിയ, ട്രാൻസ് സൈബീരിയൻ റെയിൽവേ ,ഏഴ് ദിവസം അങ്ങോട്ട് മാത്രം വേണം . അവിടേക്ക് പോകാമെന്ന് സിബിൻ ,എന്റെ അഭിപ്രായം അപ്പോഴും ഇപ്പോഴും പോലെതന്നെ മലകളും പുഴകളും ഉള്ള വല്ല ഉൾനാടൻ റഷ്യൻ ഗ്രാമത്തിലും പോവുക ,ഒരു winter വെക്കേഷനിൽ വോവയുടെ കൂടെ അവന്റെ നാട്ടിലേക് പോയത് ഇപ്പോഴും ഓർമ്മയിൽ വരുന്നു.

പീറ്ററിൽ നിന്ന് ഇരുനൂറ് കിലോമീറ്റർ ഉണ്ടായിരുന്നു വോവയുടെ ഗ്രാമമായ കാവ്ഗളവ എന്ന സ്ഥലത്തേക്ക് ,ആകെ പതിനഞ്ച് വീടെ ഉണ്ടായിരുന്നോള്ളൂ ആ ഗ്രാമത്തിൽ, അവരാണെങ്കിൽ വിദേശികളെ ടിവിയിൽ മാത്രം കണ്ടിട്ടൊള്ളൂ ,ഇന്ത്യക്കാരെ പഴയ റഷ്യക്കാർക്ക് ഭയങ്കര ഇഷ്ടമാണ് ,കാരണം വേറെ ഒന്നും കൊണ്ടല്ല , ബോളിവുട് സിനിമ തന്നെ കാരണം ,വോവയുടെ അയൽവാസി ഒരു അമ്മൂമ്മ എന്നെ കണ്ട് ഒന്ന് തൊട്ടൊക്കെ നോക്കിയിട്ട് പറഞ്ഞു മോനേ മിഥുൻ ചക്രവർത്തിയുടെ ഡാൻസ് ഡാൻസ് ഞാൻ പത്ത് പ്രാവശ്യം കണ്ടിട്ടുണ്ട് ,മറ്റൊരു സ്ത്രീ ജിമ്മി ജിമ്മി ആജ ആജ എന്ന പാട്ടൊക്കെ പാടി എനിക്ക് കുറച്ച് കേക്കും നാടൻ മൊട്ട പുഴുങ്ങിയതും കൊണ്ടുവന്നു തന്നു, പടച്ചോനെ എനിക്ക് വട്ടായതോണോ അതോ നാട്ടാർക്ക് മൊത്തം വട്ടായതാണോ എന്ന് തോന്നിപ്പോയ നിമിഷങ്ങൾ..

മൈനസ് മുപ്പത് മുപ്പത്തഞ്ച് വരെ വരും തണുപ്പ് പീറ്ററിൽ, അത് ഗ്രാമം ആകുമ്പോൾ കാററിനനുസരിച്ച് കൂടുകയും ച്ചെയ്യും ,തണുപ്പിനെ വെല്ലാൻ ഗ്രാമത്തിലെ എല്ലാ വീടുകളിലും റഷ്യൻ ബാന്യയ (sauna) ഉണ്ടാകും ,വിറക് കൊണ്ട് പാറക്കല്ലുകളെ ചുടാക്കി കൊണ്ടിരിക്കുന്ന ചെറിയ റൂം ,അതിനുള്ളിൽ കയറുന്നത്തിന് മുൻപ് വെളിയിലുള്ള മഞ്ഞിൽ ഒന്ന് ഉരുണ്ട് മറിഞ്ഞ് വന്ന് നേരെ അതിനുള്ളിലേക്ക് ഓടികയറണം, ഓടി കയറണ്ട ആവശ്യമില്ല താനെ ഓടി കയറിക്കോളും😬😬😬, പത്ത് മിനിട്ട് കൊണ്ട് ശരീരം താനെ വിയർക്കാൻ തുടങ്ങും ,അപ്പോൾ വീണ്ടും വെളിയിലുള്ള മഞ്ഞിലേക്ക്, അങ്ങെനെ തിരിച്ചും മറിച്ചും ,ആ സുഖം ഒന്ന് അനുഭവിച്ച് അറിയേണ്ടത് തന്നെയാണ് .

അങ്ങനെ ഞാനും വോവയും വോവയുടെ നാട്ടിലേക് പോകാമെന്നുള്ള തീരുമാനത്തിലും എത്തി നിൽക്കുമ്പോളാണ്, സിബിന്റെ ക്ളാസ്മേറ്റ് ലെന എന്ന പെൺകുട്ടി മെട്രോ സ്റ്റേഷനിൽ നിന്നും പുറത്തേക്ക് വന്നത് ,സിബിനെ കണ്ട ലെന ഞങ്ങളുടെ അടുത്തേക്ക് വന്നു ,പണ്ടാറം ഇപ്പം കാശ് കടം ചോദിക്കും എന്ന് സിബിൻ പിറുപിറുക്കന്നത് കേട്ടു ,എന്താണെന്ന് അറിയില്ല വരവ് ഭയങ്കര സന്തോഷത്തിലാണ് ,കൈയ്യിൽ കുറച്ച് പൂക്കളും ചോക്ലേറ്റും ഉണ്ട് ,എന്താ പൂവാലൻമാർ എല്ലാരും ഇവിടെ ഇരിക്കുന്നത് എന്ന് ഞങ്ങളോട് ഒര് ആക്കിയ ചോദ്യം ‘,പോടി എന്ന് പറയണം ഉണ്ടായിരുന്നു ഒരു വർഷം സീനിയറായ സിബിന്റെ ക്ളാസ്മേറ്റ് ആയത് കൊണ്ട് ഞാൻ ഒന്നും മിണ്ടിയില്ല ,ഞങ്ങൾ എന്തേങ്കിലും ചോദിക്കുന്നതിന് മുൻപെ അവൾ മൈക്ക് ഓണാക്കി, ഞങ്ങളുടെ കോളേജിലെ ഒരു ബി ബി സി ആണ് ലെന ,ആണായി ജനിക്കേണ്ടത് അവസാനം മാറിപ്പോയതാണോ എന്ന് അവളെ കണ്ടാൽ തോന്നിപ്പോകും.

നിങ്ങൾക്ക് അറിയോ ഞാൻ ഇപ്പം പേരാജമ്പിങ്ങ് ചെയ്ത് വരികയാണ് ,എന്നിട്ട് അതിന്റെ വിശേഷം വർണ്ണിക്കാൻ തുടങ്ങി ,ഇതൊന്ന് നിർത്തി കിട്ടാൻ ഞാൻ പറഞ്ഞ് ,ഇതാപ്പം വലിയ കാര്യം ഞാനും സിബിനും ജിബു എല്ലാം ഇത് ഇൻഡ്യയിൽ ലഡാക്കിൽ ചെയ്തിട്ടുണ്ട് ,അത് കേട്ട ഉടനെ അവൾ ഹൊ അത് ഞാൻ കണ്ടതാ ഫോട്ടോസ് ,അത് പേരാ ഗ്ലൈഡിംഗ് ആണ് ,അതും വിത്ത് ട്രെയ്നർ ,അത് ഏത് പോലീസ്കാരനും ഒരു ട്രെയ്നറെ കൂടെ മലമുകളിൽ നിന്നും ചാടാൻ പറ്റും, ഇത് ചെയ്യണമെങ്കിലേ കുറച്ച് ധൈര്യം വേണം എന്നവൾ ,ടാ ഭയങ്കരാ നീ ആ ഫോട്ടോസ് ക്ളാസിൽ കൊണ്ടപോയി സ്റ്റാർ ആയോ എന്ന രീതിയിൽ ഞാൻ സിബിനിനെ നോക്കി ,അപ്പം ഇതെന്താ വ്യത്യാസം എന്ന് ഞങ്ങൾ അവളോട്ചോദിച്ച് മനസ്സിലാക്കി ,ഇത് ഫ്ലൈറ്റിൽ നിന്നും ചാടുന്ന പേര ജമ്പിങ് ആണെന്നും ട്രൈയ്നർ കൂടെ ഉണ്ടാവില്ലെന്നും നമ്മൾ തന്നെ പേരാച്ചൂട്ട് തുറക്കണമെന്നും നമ്മൾ തന്നെ കാറ്റിന്റെ ഗതി അനുസരിച്ച് കണ്ട്രോൾ ചെയ്ത് താഴെ ഇറങ്ങണമെന്നും പറഞ്ഞു.

അവൾക്ക് ഇത് ആരാ പഠിപ്പിച്ചു തന്നത് എന്ന് സിബിന്റെ അടുത്ത ചോദ്യം ,അത് വലുതായി പഠിക്കാൻ ഒന്നുമില്ല ഫ്ലൈ ചെയ്യുന്നതിന് നാല് മണിക്കൂർ മുന്നെ എയർപോർട്ടിൽ നിന്നും ട്രെയ്നിoഗ് തരുമെന്നും പറഞ്ഞു ,പക്ഷെ ധൈര്യം വേണം എന്ന് അവൾ വീണ്ടും എടുത്ത് പറഞ്ഞു ,ഇത് നുമ്മ കൊച്ചി ഗടിക്ക് അങ്ങട്ട് പിടിച്ചില്ല , ഉടനെ സിബിൻ അവളോട് പറഞ്ഞു ഇത് നുമ്മ ചാടും അതിത്ര വലിയ സംഭംവം ഒന്നുമല്ല മോളെ , എങ്കിൽ ചാടിയിട്ട് ഡയലോഗ് അടിക്ക് എന്നവൾ ,എങ്കിൽ നീ അഡ്രസ് കൊണ്ടാ ഞങ്ങളും ചാടി കാണിച്ച് തരാമെന്ന് സിബിൻ ,അവനെന്ത് വിജാരിച്ചാ ഞങ്ങളും എന്ന് പറഞ്ഞത് എനിക്ക് മനസ്സിലായില്ല /: പേരാജമ്പിങ്ങ് ഉള്ളത് പീറ്റർസ് ബർഗിൽ നിന്നും 100 km അകലെ ഫിൻലാൻറ് ബോർഡറിൽ കസിമോവാ മിലിറ്ററി എയർപോർട്ടിൽ ആണെന്നും, അടുത്താഴ്ച്ച അവളുടെ ബോയ് ഫ്രണ്ടിനും ജമ്പിങ്ങ് ചെയ്യണമെന്നും വേണമെങ്കിൽ ഒരുമിച്ച് പോകാമെന്നും പറഞ്ഞു,മുവായിരം റൂബിൾ ആകുമെന്നും… ഏകദേശം നൂറ് ഡോളർ .. ആയിരം റൂബിളിന് ഒരു ഇൻഷുറെൻസ് എടുക്കണമെന്നും പറഞ്ഞ് അവളുടെ കാമുകൻ കൊടുത്ത കുറച്ച് ചോക്ലേറ്റും തന്ന് അവൾ പോയി.

അവള് പോയതിന് ശേഷം ഞങ്ങൾ സിബിന്നോട് , അനക്ക് വേറെ പണി ഇല്ലേ അവളോട് വാശി പിടിക്കാൻ ,കൂടെയുണ്ടായിരുന്ന വോവയും ഞങ്ങളെ സപ്പോർട്ട് ചെയ്തു ,കഴിഞ്ഞ വർഷം വോവയുടെ ഫ്രണ്ട് ചാടിയിട്ട് ലാൻറ് ചെയ്തതു മരത്തിന്റെ മുകളിലായി രണ്ട് കൈ ഒടിഞ്ഞു എന്നൊക്കെ പറഞ്ഞു ,പക്ഷെ സിബിന് അതൊന്നും തലയിൽ കയറിയില്ല ,അവൻക്ക് എന്തായാലും ചാടണമെന്ന് വാശി ആയി, നിക്കാതെ വെറുപ്പിച്ചപ്പോൾ, എന്നാൽ നമുക്കൊന്നു പോയി നോക്കാം എന്ന് പറഞ്ഞ് ഞാനും ജിബുവും സമ്മതം മൂളി: പിറ്റേ ദിവസം ഞങ്ങൾ ലെനെയെ വിളിച്ച് കാര്യങ്ങൾ ഒക്കെ പറഞ്ഞ് ഉറപ്പിച്ചു ,അവളുടെ ബോയ് ഫ്രണ്ടിന്റെ കൈയ്യിൽ കാറുണ്ടെന്നും ,അതിൽ പോകാമെന്നും പറഞ്ഞു ,ഞങ്ങൾ സിബിന്റെ കാറിലാണ് വരുന്നതെന്നും ,ശനിയാഴ്ച്ച അതിരാവിലെ കോളേജിലെ അനാട്ടമി ബിൽഡിങ്ങിന് മുന്നിൽ വച്ച് കാണാമെന്നും പറഞ്ഞു.

വരും ശനിയാഴ്ച്ച വരെ ഞങ്ങളുടെ ചർച്ച പേരാജമ്പിങ്ങിനെ കുറിച്ച് ആയിരുന്നു ,വോവയുടെ സുഹുർത്തിനെ വിളിച്ച് ചില കാര്യങ്ങൾ ഒക്കെ ചോദിച്ച് മനസ്സിലാക്കി,എനി ചിലപ്പം കുളിക്കൽ ഉണ്ടാവില്ല കുളിപ്പിക്കലെ ഉണ്ടാവുകയൊള്ളൂ എന്ന് കരുതി ഞങ്ങൾ കുളിച്ച് ഫ്രഷ് ആയി ശനിയാഴ്ച്ച രാവിലെ അഞ്ചു മണിക്ക് തന്നെ ഇറങ്ങി ,അവിടെയെത്തിയാൽ എന്തെങ്കിലും കാരണം പറഞ്ഞ് മുങ്ങണം എന്ന് ഞാൻ ആദ്യമേ മനസ്സിൽ ഉറപ്പിച്ചിരുന്നു ,ഹല്ല പിന്നെ നല്ല അടി നാട്ടിൽ കിട്ടുകയില്ലേ.

പോകുന്ന വഴിക്ക് ഹൈവയിലെഒരു പെട്രോൾ ബങ്കിൽ കയറി ബ്രേക്ക് ഫാസ്റ്റ് ഒക്കെ കഴിച്ച് അവസാനത്തെ അത്താഴത്തിനുള്ള കുറച്ച് ബിസ്കറ്റും ചോക്ലേറ്റും പാർസൽ വാങ്ങി ഞങ്ങൾ യാത്രയായി ,ഏകദേശം ഒമ്പത് മണി ആയപ്പോഴേക്കും ഞങ്ങൾ കസിമോവ എയർപോർട്ടിൽ എത്തി, പേരാജമ്പിങ്ങും സ്കൈ ഡൈവിങ്ങും പട്ടാളക്കാരെ പരിശീലിപ്പിക്കുന്ന ഒരു വലിയ എയർ പോർട്ട് ആയിരുന്നു അത്, പ്രവേശന കവാടത്തിന് അരികിൽ പ്രൈവറ്റ് ആയി ചാടുന്നവർക്ക് ഒരു ചെറിയ ഓഫീസ് ഉണ്ട് ,ലെന ഞങ്ങളെയും കൂട്ടി അതിനുള്ളിലെ കൗണ്ടറിൽ കേഷ് അടച്ച് വേറെ ഒരു കൗണ്ടറിൽ നിന്ന് ഇൻഷുറൻസും വാങ്ങി ,പെട്ടെന്ന് അവൾ ഇതൊക്കെ ചെയ്യുമെന്ന് വിജാരിച്ചില്ല ,അതു കൊണ്ട് തന്നെ ഞാനില്ല കാശ് തരില്ല എന്നൊന്നും പറയാൻ പറ്റിയില്ല ,പത്തര മണിക്ക് ഹാൾ നമ്പർ പത്തിൽ വരണം എന്നുള്ള നിർദേശവും കിട്ടി.

ഞങ്ങൾ എയർപോർട്ടിനുള്ളിലെ ഹാളുകളിൽ കയറിനോക്കി, എല്ലാവരും ഞങ്ങളെ അന്യഗ്രഹത്തിലുള്ള ജീവികളെ പോലെയാണ് നോക്കുന്നത്, അതിന്റെ അർത്ഥം ലെന പിന്നീട് പറഞ്ഞപ്പോളാണ് മനസ്സിലാവുന്നത് ,ആദ്യമായിട്ടാണ് വിദേശികൾ പേരാജമ്പിങ്ങിന് ഇവിടെ വരുന്നത് എന്ന് കൗണ്ടറിൽ നിന്നും പറഞ്ഞത്രെ ,ഒരു ഹാളിൽ പട്ടാളക്കാർ പാരച്ചൂട്ട് മടക്കി ബേഗിനുള്ളിൽ പേക്ക് ചെയ്യുന്നത് കണ്ടു ,ഇവരുടെ ഒര് ചെറിയ അശ്രദ്ധ മതി ഒരാളുടെ ജീവിതം അപകടത്തിലാവാൻ എന്ന് ജിബുവിന്റെ ഒലക്കമലെ ഡയലോഗും.

പത്തരമണിക്ക് ഞങ്ങൾ എല്ലാവരും ഹാൾ നമ്പർ പത്തിൽ എത്തി ,ഞങ്ങൾ ഒരു പതിനഞ്ച് പേർ ഉണ്ടാകും ,അഞ്ച് മിനുട്ട് കഴിഞ്ഞ് ട്രൈനർ എത്തി ,എന്റെ പേര് സെർഗി അനാതോലിവിച് ഞാൻ നിങ്ങളുടെ ട്രൈനർ ആണെന്നും സ്വയം പരിചയപ്പെടുത്തി ,എല്ലാ പ്രാവശ്യത്തിലും വിത്യസ്ഥമായി നമുക്ക് ഇന്ന് മൂന്ന് ഗസ്റ്റ്‌ ഉണ്ട് ,നമുക്ക് എല്ലാവർക്കും പ്രിയപ്പെട്ട രാജ്യമായ ഇന്ത്യയിൽ നിന്നുള്ള സിബിൻ മുഹമ്മദ് ,ജിബു ഗുരുക്കൾ ,പുത്തൻവീട്ടിൽ ,പ്ളീസ് വെൽകം എന്നും പറഞ്ഞപ്പോൾ എല്ലാരും കൈയ്യടിച്ചു, തുടക്കം തന്നെ ഞങ്ങൾക്ക് അങ്ങട്ട് ബോധിച്ചു.

എന്റെ വീട്ടുപേരാണ് പുത്തൻവീട്ടിൽ എന്ന് ഞാൻ തിരുത്തനൊന്നും പോയില്ല ,പിന്നീട് അങ്ങോട്ട് അദ്ദേഹത്തിന്റെ ഭയങ്കര പ്രോൽസാഹനം ഉള്ള പ്രസംഗമായിരുന്നു ,ഈ പേരാജമ്പിൽ പേടിക്കാൻ ഒന്നുമില്ലെന്നും ഒരാളുടെ പുറം ഭാഗത്തും വയറുഭാഗത്തുമായി രണ്ട് പാരച്ചൂട്ട് ഉണ്ടാകുമെന്നും ,എന്തെങ്കിലും പ്രശ്നം വന്ന് പുറം ഭാഗത്തെ പാരച്ചൂട്ട് തുറന്നില്ലെങ്കിൽ വയർ ഭാഗത്തെ പാരച്ചൂട്ട് 30 സെക്കൻറിന് ശേഷം ഓട്ടോമാറ്റിക്കായി തുറക്കും എന്നും പറഞ്ഞു. പിന്നെ അങ്ങോട്ട് രണ്ട് പാരച്ചൂട്ടും ശരീരത്ത് വച്ച് കെട്ടി അത് തുറക്കാനുള്ള പരിശീലനം ആയിരുന്നു. ഫ്ലൈറ്റും നമ്മുടെ പുറത്തെ പാരച്ചൂട്ടിന്റെ ബാഗുമായി ഒരു 20 മീറ്റർ നീളമുള്ള കയറുമായി ബന്ധിപ്പിക്കും ,നമ്മൾ ചാടുമ്പോൾ ആ കയർ പൊട്ടി മൂന്ന് മീറ്റർ നീളമുള്ള ചെറിയ പാരച്ചൂട്ട് തുറക്കും ,അതം നമ്മൾ വീഴുന്നത് ബാലൻസ് ചെയ്യാൻ വേണ്ടി മാത്രമാണ് ,അത് കഴിഞ്ഞ് നമ്മൾ മൂന്ന് സെക്കൻഡ് കഴിഞ്ഞ് നെഞ്ചത്തുള്ള പുറത്തെ പാരച്ചൂട്ടിന്റെ ലിവർ വലിക്കണം ,: ഈ മൂന്ന് സെക്കൻഡ് കാൽകുലേറ്റ് ചെയ്യാൻ വേണ്ടി ട്രൈനർ ഒരു വിദ്യ പറഞ്ഞ് തന്നു, ഒന്ന് രണ്ട് മൂന്ന് എന്ന് ഒരിക്കലും എണ്ണാൻ പാടില്ല. കാരണം അത് ഒരു സെക്കൻഡിൽ കഴിഞ്ഞ് പോവുകയും ,പേരാച്ചൂട്ട് ഫ്ലൈറ്റിൽ കുരുങ്ങാനും സാധ്യത ഉണ്ട് ,അതു കൊണ്ട് നിങ്ങൾ അഞ്ഞൂററി മുപ്പത്തി ഒന്ന് ,അഞ്ഞൂറ്റി മുപ്പത്തി രണ്ട് ,അഞ്ഞൂററി മുപ്പത്തി മൂന്ന് എന്നിങ്ങനെ എണ്ണുക എന്നും പറഞ്ഞു: എന്നിട്ടേ തുറക്കാവൂ എന്നും അതിന് ശേഷം 30 സെക്കൻഡ് കഴിഞ്ഞതിന് ശേഷം മുകളിലോട്ട് നോക്കി പാരച്ചൂട്ട് പൂർണ്ണമായി വിരിഞ്ഞതിന് ശേഷം വയറിനു മുകളിലുള്ള എമർജൻസി പാരച്ചൂട്ട് ലോക്ക് ചെയ്യുക ,എമർജൻസി പാരച്ചൂട്ട് ലോക്ക് ചെയ്തിട്ടില്ലെങ്കിൽ ഒരു മിനിറ്റിനുള്ളിൽ അത് തുറക്കുമെന്നും ,രണ്ടും തുറന്നാൽ കണ്ട്രേൾ ചെയ്യാൻ പറ്റാതെ പാരച്ചൂട്ട് എവിടേക്ക് പോകും എന്നറിയാൻ പാടില്ലാത്തതായിരിക്കും എന്നും പറഞ്ഞു.

ഇത് ഞങ്ങളെ കൊണ്ട് ഒരു പത്ത് മുപ്പത് പ്രാവശ്യമെങ്കിലും ചെയ്യിപ്പിച്ചിട്ടുണ്ടാവും ,അതിനിടക്ക് ഞാൻ ജിബുവിനോട് ചോദിച്ചു അല്ല ജിബു ഈ ഗീറ് ഇടുമ്പം ക്ലച്ച് ചവിട്ടണം എന്ന് നിർബന്ധം ഉണ്ടോ എന്നിങ്ങനെയുള്ള തമാശകൾ പറഞ്ഞ് ചിരിക്കുകയായിരുന്നു ,ഇത് ട്രൈനർ കണ്ട് ,ഞങ്ങളോട് ഉച്ചത്തിൽ വിളിച്ച് ഓയ് ഇന്തൂസ് ,ഞാൻ പറയുന്നത് പോലെ ശ്രദ്ധിച്ച് ചെയ്താൽ നിങ്ങൾക്ക് നല്ലത് ,ഇന്ത്യൻ എമ്പസ്സിയുമായി ഒരു പ്രശ്നത്തിന് ഞാൻ ആഗ്രഹിക്കുന്നില്ല ,അയാളുടെ മുനവെച്ചുള്ള സംസാരം കേട്ട് എല്ലാം ഒപ്പിച്ചു വച്ച സിബിനും ചിരിക്കുന്നുണ്ടായിരുന്നു ,അടുത്തതായി ഒരു മരത്തിന്റെ സ്റേറ്റജിൽ നിന്നും ചാടി ലാന്റ് ചെയ്യുന്നതിനുള്ള പരിശീലനം ആയിരുന്നു ,ലാന്റ് ചെയ്യുമ്പം കാല് രണ്ടും അടുപ്പിച്ച് വച്ച് നിലത്ത് ചവിട്ടി മുന്നോട്ട് ഓടണം
ഒന്നര മണി വരെ പരിശീലനം തുടർന്നു.

ഒരു മണിക്കൂർ ലഞ്ച് ബ്രേക് ആണെന്നും ,രണ്ടര മണിക്ക് എല്ലാവരും ഹാൾ നമ്പർ രണ്ടിൽ വരാൻ നിർദേശം കിട്ടി ,പൈസ പോയാലും വേണ്ടിയില്ല മുങ്ങിയാലൊ എന്ന് ഞാൻ വോ വയോട് മെല്ലെ പറഞ്ഞു ,ഇന്നലെ വരെ എന്നെ പിന്തിരിപ്പിച്ച വോവ ഇപ്പം പറയുന്നു ബാബ്സ് എന്തായലും വേണ്ടില്ല നമുക്ക് ചാടി നോക്കാം എന്ന് ,എന്നാ പിന്നെ അങ്ങനെ തന്നെ ആവട്ടെ എന്നു ഞാനും തീരുമാനിച്ചു. ഭക്ഷണം ഒന്നും കഴിച്ചിട്ട് ഇറങ്ങുന്നില്ല ,ജൂസ് കുടിച്ച് വയറ് നിറച്ച് ഞങ്ങൾ രണ്ടര മണി ആകുമ്പോഴേക്കും ഹാൾ രണ്ടിന്റെ മുന്നിലെത്തി ,ആ പിശാജ് ലെന ഉണ്ട് അവിടെ ഹാളിന്റെ മുന്നിൽ തന്നെ , എന്താണെന്ന് അറിയില്ല അവളെ കാണുമ്പം തന്നെ ദേഷ്യം വരുന്നുണ്ട് ,ഞങ്ങൾ ഹാളിലേക്ക് കടന്നു ,അവിടെ ഞങ്ങൾക്ക് അണിയാനുള്ള പേരച്ചൂട്ട് നിലത്ത് നിരനിരയായി വച്ചിട്ടുണ്ട് ,സെർഗി അനാതോലിവിച്ചും അസിസ്റ്റൻഡുമാരും പേരച്ചൂട്ട് ചെക്ക് ചെയ്തു കൊണ്ടിരിക്കുകയാണ് .

ഞങ്ങളെ കണ്ടതും അടുത്തേക്ക് വരാൻ പറഞ്ഞു ,എന്നിട്ട് ഞങ്ങൾക്ക് സാറ് തന്നെ പാരച്ചൂട്ട് അണിയിച്ചു തന്നു ,ഞങ്ങളുടെ ഷൂസ് ഊരി വേറെ ഗ്രിപ്പ് ഉള്ള ഷൂസ് അണിയിച്ചു ലെയ്സ് സാറ് തന്നെ കെട്ടി തന്നു എന്നിട്ട് ചുമലിൽ തട്ടി ഇന്തീസ്ക്കി കമാന്റ (indian commandos) എന്ന് പറഞ്ഞു, രണ്ട് പാരച്ചൂട്ടും അണിഞ്ഞത് കൊണ്ട് നല്ല കനം ഉണ്ടാകുമെന്നും അവിടെ ബെഞ്ചിൽ ഇരിക്കാൻ പറഞ്ഞു ,ആദ്യത്തെ പത്ത് പേർ റെഡിയായിട്ടുണ്ടെങ്കിൽ റൺവെയിലേയ്ക്ക് നടക്കാൻ പറഞ്ഞു ,അവിടെ ഞങ്ങളെ നിരത്തി നിറുത്തി പേരച്ചൂട്ടും ഹെൽമറ്റും ചെക്ക് ചെയ്തു കുറച്ച് ടിപ്സ് വീണ്ടും പറഞ്ഞു തന്നു ,അതവാ നിങ്ങൾ മരത്തിന്റെ മുകളിൽ വീഴുകയാണെങ്കിൽ കൈ രണ്ടും ക്റോസ് ചെയ്ത് തല ഉള്ളിലാക്കി കണ്ണിനെ മര ചില്ലയിൽ നിന്നും സംരംക്ഷിക്കണമെന്ന് പറഞ്ഞു, ഇത് കേട്ടപ്പോൾ ജിബു എന്നെ ദയനീയ അവസ്ഥയിൽ നോക്കുന്നത് കണ്ടു.

സമയം അടുക്കുന്തോറും ധൈര്യം ഉള്ളത് ചോർന്ന് പോകാൻ തുടങ്ങി ,ഇടക്ക് എവിടുന്നാണെന്ന് അറിയില്ല വരുന്നത് വരട്ടെ എന്നുള്ള ധൈര്യവും വരുന്നുണ്ടായിരുന്നു, അതിനിടക്ക് വോവ വന്നു എന്റെ പാരച്ചൂട്ടിൽ തട്ടി എന്താ ബാബ്സ് ടെൻഷൻ ഉണ്ടോ എന്ന് ചോദിച്ചു, എന്റെ പാരച്ചൂട്ടിൽ തട്ടിയതിന് എനി ഒരു തെറിയുമില്ലാ അവനെ വിളിക്കാൻ ,എനിക്ക് വട്ടായി എന്ന് വിജാരിച്ച് അവൻ ഒന്നും മിണ്ടാതെ പോയി, അങ്ങനെ സെർഗി സാറിന് വയർലെസിൽ സന്ദേശം വന്നു ,ഞങ്ങൾ ആദ്യത്തെ പത്തു പേർ റൺവേയിലൂടെ ഫ്ലൈറ്റിന് നേരെ നടന്നു നീങ്ങി ,സ്കൈ ഡൈവിങ്ങിനായി വെറൊരു പതിനഞ്ച് പേർ ഞങ്ങളുടെ അരികിലൂടെ ലൈനായി നടന്ന് പോകുന്നുണ്ടായിരിന്നു ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വിഷ് ചെയ്തു ,അതിൽ ഒരാൾ എന്റെ കൈ പിടിച്ച് ഇന്ത്യ റഷ്യ ഭായ് ഭായ് എന്ന് പറഞു.

അപ്പോൾ ജിബുവിന് ഒരു സംശയം അയാൾ ഉദ്ധേഷിച്ചത് Brother ഭായ് ആണോ അതോ റ്റാറ്റാ ഭായ് ഭായ് ആണോ എന്ന് ,എനിക്ക് ദേഷ്യം ഇരച്ച് കയറുന്നണ്ടായിരുന്നു ഞാനൊന്നും മിണ്ടിയില്ല ,സിബിൻ സെർഗി സാറിനോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു , അങ്ങനെ അൽപ്പം നിമിഷത്തിനുള്ളിൽ ഞങ്ങൾ ഫ്ലൈറ്റ് ന് അടുത്തെത്തി ,എന്റെ സഞ്ചാരി സുഹുർത്തുക്കളെ ആ രംഗം കണ്ട് ഞാൻ ഞെട്ടി, കുറച്ചെങ്കിലും ഉണ്ടായിരുന്ന ധൈര്യം എന്ന് പറയുന്ന സാധനം മൊത്തത്തിൽ ചോർന്ന് പോയി ,നമ്മുടെ നാട്ടിലെ പഴയ ആന വണ്ടിക്ക് ചിറക് വച്ച പേലെയുള്ള ജാമ്പവാന്റെ കാലത്ത് ഉള്ള ഒരു പഴയ റഷ്യൻ മിലിറ്ററി പേടകം ,സീറ്റെന്ന് പറയാൻ പറ്റൂല ,രണ്ട് വശങ്ങളായി രണ്ട് ബെഞ്ച് ,ഞങ്ങളെ രണ്ട് വശങ്ങളിലായി ഇരുത്തി പെരുന്നാളിന് അറക്കാൻ കൊണ്ടുവന്ന പോത്തുകളെ കെട്ടുന്നത് പോലെ മുകളിലെ ഹുക്കിൽ കെട്ടി.

പണ്ട് ഉസ്താദ് പഠിപ്പിച്ചു തന്ന എല്ലാ മന്ത്രങ്ങളും ഓർമ്മയിൽ വന്നു, അതിനിടക്ക് സിബിന്നോടും ലെനയോടുമുള്ള തെറിയും കടന്ന് വരുന്നുണ്ട് ,ഞമ്മള വണ്ടിക്ക് കോക്പിറ്റൊന്നും ഇല്ല ,ഡ്രൈവറ് ഫസ്റ്റ് ഗീർ ഇടുന്നത് നേരിട്ട് കാണാം ,പാടത്തെ മോട്ടർ സ്റ്റാർട്ടാക്കിയ പോലെ വലിയ ശബ്ധത്തോടെ പേടകം പൊന്തി ,സാധനം പഴയ പുലിയാണ് , മേഘങ്ങൾ തുളച്ച് കയറി ഞങ്ങൾ ദൈവത്തിലേക്ക് അടുത്ത് കൊണ്ടിരുന്നു, താഴെ നോക്കിയപ്പോൾ ഗൂഗിൾ മാപ്പിൽ കാണുന്നപ്പോലെ പച്ച കളറ് മാത്രം,, സെർഗി സാർ ഡോർ തുറന്നു , ഫ്ളൈറ്റ് വരാൽ പോലെ ഒന്നു പുളഞ്ഞു ,എന്റെ കാല് മുതൽ തലവരെ എന്തോ സാധനം കയറിപ്പോയി ,ശക്തിയായ കാറ്റ് ഉണ്ടെന്നും ഞങ്ങളോട് പിടിച്ചിരിക്കാൻ നിർദേശം കിട്ടി ,കാറ്റിന്റെ ഗതി അറിയാൻ സെർഗി സാർ ഒരു മഞ്ഞ തുണി പുറത്തേക്ക് എറിഞ്ഞു ,എന്റെ പുറകിൽ വോവ, ( ഫോട്ടോയിൽ കാണുന്നത് പോലെ )മുന്നിൽ അന്തം വിട്ടു നിൽക്കുന്ന ജിബു, എന്നെ കൊളത്തിയ കയറിൽ നോക്കി ഞാൻ ലാൽ ചിത്രത്തിൽ പറയുന്നത് പോലെ ചോദിച്ചു, എന്നെ തൂക്കി കൊല്ലാതിരിക്കാൻ പറ്റുമോ സെർഗിസാർ?

വിവരണം – Babz Sager.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply