കെ.എസ്.ആര്.ടി.സിയുടെ സൂപ്പര്‍ ക്ലാസ് സര്‍വീസുകളായ സൂപ്പര്‍ഫാസ്റ്റ്, സൂപ്പര്‍ എക്സ്പ്രസ് ബസുകളില്‍ യാത്രക്കാര്‍ക്ക് ഇനി നിന്ന് യാത്ര ചെയ്യാന്‍ അനുമതി നല്കി കേരള മോട്ടോര്‍ വാഹനചട്ടം ഭേദഗതി ചെയ്ത് ഉത്തരവിറങ്ങി. സൂപ്പർക്ലാസ് ബസുകളിൽ യാത്രക്കാരെ നിർത്തിക്കൊണ്ടുപോകുന്നത് തടഞ്ഞുകൊണ്ട് മാർച്ച് 27 നുണ്ടായ ഹൈക്കോടതി ഉത്തരവ് മറികടക്കാനാണ് ഈ ക്രമീകരണം. വിധി നടപ്പായാല്‍ കെ.എസ്.ആര്.ടി.സിയുടെ വരുമാനത്തില്‍ വന്‍ ഇടിവുണ്ടാകുമായിരുന്നു. പ്രതിസന്ധി മുന്നില്‍ കണ്ട് നിയമഭേദഗതി ആവശ്യപ്പെട്ട് മാനേജ്മന്റെ് സര്‍ക്കാറിന് കത്തുനല്‍കിയിരുന്നു. സൂപ്പര്‍ ക്ലാസ് ബസുകളില്‍ സീറ്റിന്റെ ശേഷി അനുസരിച്ചുള്ള യാത്രക്കാരെയേ അനുവദിക്കാവൂവെന്നാണ് മോട്ടോര്‍വാഹന ചട്ടത്തില്‍ പറഞ്ഞിരുന്നത്. ഇതില്‍ സൂപ്പര്‍ ക്ലാസ് എന്ന നിര്‍വചനത്തില്‍നിന്ന് സൂപ്പര്‍ഫാസ്റ്റ്, എക്സ്പ്രസ് സര്‍വിസുകളെ ഒഴിവാക്കിയാണ് പുതിയ ഭേദഗതി.
ദീർഘദൂര പാതകളിലെ വോൾവോ, സ്കാനിയ മൾട്ടി ആക്സിൽ ബസുകൾ മാത്രമേ സൂപ്പർക്ലാസ് വിഭാഗത്തിൽ ഉൾപ്പെടുകയുള്ളൂ. ഇവയിൽ സീറ്റിനെക്കാൾ കൂടുതൽ യാത്രക്കാരെ കയറ്റാറില്ല. സെന്റർ ഫോർ കൺസ്യൂമർ എജ്യൂക്കേഷൻ നൽകിയ ഹർജിയിലാണ് സൂപ്പർക്ലാസ് ബസുകളിൽ നിന്നുയാത്ര നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവുണ്ടായത്. അതിവേഗബസുകളിൽ നിന്നുയാത്ര നിയമവിധേയമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അവർ കോടതിയെ സമീപിച്ചത്. സര്‍ക്കാറിന് വേണമെങ്കില്‍ കെ.എസ്.ആര്.ടി.സിക്ക് ഇളവ് നല്‍കാമെന്ന് വിധിയില്‍ കോടതി നിര്‍ദേശിച്ചിരുന്നു.

രാത്രികാലങ്ങളിൽ കേരളത്തിലുടനീളം സൂപ്പര്‍ ഫാസ്റ്റ്, എക്സ്പ്രസ് ബസുകളാണ് അധികമുള്ളത്. സീറ്റൊഴിവില്ലെങ്കിലും ഹ്രസ്വദൂരത്തേക്കുള്ള യാത്രക്കാരും ഈ ബസുകളെ ആശ്രയിച്ചിരുന്നു. നിന്നു യാത്ര ചെയ്യുവാൻ അനുവദിക്കുന്നില്ലെങ്കിൽ കേരളത്തിന്റെ പലഭാഗങ്ങളിൽ രാത്രി ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്ക് അതൊരു ഇരുട്ടടിയാകുമായിരുന്നു. ഇത്തരത്തിൽ യാത്രക്കാരുടെ ഭാഗത്തു നിന്നും രൂക്ഷമായ വിമർശനങ്ങളും പ്രതികരണങ്ങളും ഉയർന്നതോടെ സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസുകളിൽ യാത്രക്കാരെ നിർത്തിക്കൊണ്ട് പോകുന്നത് നിരോധിച്ചാൽ യാത്രാക്ലേശം രൂക്ഷമാകുമെന്ന് കെ.എസ്.ആർ.ടി.സി. മാനേജ്മെന്റ് സർക്കാരിനെ അറിയിച്ചു. പുതിയ ബസ് ബോഡി കോഡ് പ്രകാരം ബസിന്റെ പ്ലാറ്റ്ഫോം അളവ് കണക്കിലെടുത്താണ് റോഡ് നികുതി ഈടാക്കുന്നത്. അതിനാൽ സീറ്റ് അടിസ്ഥാനമാക്കി യാത്രക്കാരെ പരിമിതപ്പെടുത്തുന്നതിൽ അപാകമുണ്ടെന്നും കെ.എസ്.ആർ.ടി.സി. വ്യക്തമാക്കിയിരുന്നു.
ഇപ്പോൾ പുതിയ വിധി വന്നതോടെ ഇനി യാത്രക്കാർക്കും കെ.എസ്.ആര്.ടി.സി. മാനേജ്മെന്റിനും ആശ്വസിക്കാം. ഈ വിധി പെട്ടെന്ന് വന്നത് വളരെ നന്നായി എന്നാണു ഒരു ബസ് കണ്ടക്ടർ പറഞ്ഞത്. കാരണം രാത്രികാലങ്ങളിൽ യാത്രക്കാരുടെ ചീത്തവിളിയും പഴിയും കേൾക്കുന്നത് അവരാണല്ലോ. നിന്നു യാത്രചെയ്യാൻ പാടില്ല എന്നൊക്കെ പറഞ്ഞാൽ മനസ്സിലാകാത്ത നാട്ടിന്പുറത്തുകാർ ചിലപ്പോൾ അവരുടെ ആ അവസ്ഥയിൽ ജീവനക്കാരോട് മെക്കിട്ടു കയറുവാനും മടിക്കില്ല. കടക്കെണിയിൽ നിന്നും പതിയെ കരകയറിക്കൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ ആദ്യത്തേതു പോലെ നിന്നുള്ള യാത്ര പാടില്ലെന്ന വിധി നടപ്പിലാക്കിയാൽ കെഎസ്ആർടിസി വലിയ കരകയറാക്കടത്തിലേക്ക് കൂപ്പുകുത്തുമായിരുന്നു. ഏതായാലും ഇപ്പോൾ അതൊഴിവായല്ലോ.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog