17 ദിവസം, 10000 രൂപ ബഡ്ജറ്റിൽ ഞങ്ങൾ 10 പേർ ഹിമാലയം കണ്ട കഥ

വിവരണം – Athul Raj Ayilalath.

ഈ യാത്രയുടെ കഥ തുടങ്ങുന്നത് അങ് ദൂരെ കശ്മീരിൽ നിന്നാണ്.അതേ, പ്രകൃതിയുടെ മനോഹാരിത നിറഞ്ഞു തുളുമ്പി നിൽക്കുന്ന കാശ്മീർ..അമര്നാഥും ശ്രീനഗറിനാലും പഹൽഖാമിനലുമെല്ലാം പ്രസിദ്ധമായ കശ്മീർ.. അതെ, അവിടം തന്നെയാണ് ഈ കാലാവസ്ഥയിൽ പോവാൻ പറ്റിയ ഏറ്റവും നല്ല സ്ഥലം എന്ന് ഞങ്ങൾ തീരുമാനിച്ചു .. അധികം വൈകിയില്ല, സഞ്ചാരി ഗ്രൂപ്പിലെ Shaan YallaGo ആയിട്ട് ബന്ധപ്പെടുകയും, മനസ്സിൽ നിറഞ്ഞു നിന്ന സംശയങ്ങൾക്കെല്ലാം ഉത്തരം കണ്ടെത്തുകയും ചെയ്തു.. അങ്ങനെ മനസ്സ് കാശ്മീരിനെ പ്രണയിച്ചു തുടങ്ങിയപ്പോഴായിരുന്നു Jabir Dz എന്ന വ്യക്തിയുടെ പോസ്റ്റ് കണ്മുന്നിൽ പെട്ടത്.. മനസ്സിന് ചെറിയ ഒരു ചാഞ്ചാട്ടം പോലെ.. പിന്നാലെ തന്നെ fasal rahman ന്റ്റെ പോസ്റ്റും കൂടെ കണ്ടതോടെ മനസ്സ് കശ്മീരിനെ നൈസ് ആയിട്ട് തേച്ചു എന്ന് തന്നെ പറയാം..സ്പിറ്റി എന്ന സ്വപ്നഭൂമിയയോടുള്ള പ്രണയകഥയുടെ തുടക്കവും അന്നുതന്നെ ആയിരുന്നു.. !!ബാ.. നമുക്ക് ആ കഥ ഒന്ന് കേട്ടുനോക്കാം …

സ്പിറ്റി വാലി അഥവാ കാസയിലേക് പ്രധാനമായും രണ്ട് റോഡ് മാർഗങ്ങളാണ് ഉള്ളത്. ഒന്നെങ്കിൽ ഡൽഹിയിൽനിന്ന് ഷിംല വഴി റെക്കോങ് പിയോ. അവിടെനിന്ന് കാസ. അല്ലെങ്കിൽ ഡൽഹിയിൽ നിന്നും മണാലി വഴി കാസയിലേക്. ഡൽഹി ചണ്ഡീഗഡ് ഷിംല മണാലി എന്നീ സ്ഥലങ്ങളിൽ നിന്നെല്ലാം കാസയിലേക്ക് hrtc യുടെ ഓർഡിനറി ബസ് ലഭ്യമാണ്. യാത്രയിൽ കരുതിയ സാധനങ്ങൾ – 1)Backbag + side bag, 2)jacket +thermals + gloves +hat (ചെവി മൂടുന്ന മോഡൽ )+4 pair socks, 3)thermosflask + waterbottle, 4)tent + 2 bedsheets, 5)Medicines ( diamox,paracetamol,citrazin,no cold etc), 6)android mobile +ordinary mobile + power bank, 7)Food items ( chocolates,soup packet,dry fruits etc), 8)Sanitary paper. Route : 1:കാസറഗോഡ് ടു ചണ്ഡീഗഡ് (ട്രെയിൻ ;885rs), 2:ചണ്ഡീഗഡ് ടു കാൽകാ (‌ ട്രെയിൻ ;35rs), 3:കാൽകാ ടു ഷിംല (ടോയ്‌ ട്രെയിൻ ;50rs).

അതൊരു സപ്പ്ളി കാലം, പോരാത്തതിന് കോരി ചെയുന്ന മഴയും. ഇത് രണ്ടും കൂടെ എങനെ കൂട്ടി വായിച്ചാലും ഏതൊരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്കും ഒരേയൊരു ഉത്തരം മാത്രം ‘ഉറക്കം ‘.ഹോസ്റ്റലിൽ ആണെങ്കിൽ പിന്നെ പറയുകയും വേണ്ട..ഇത് മുന്നിൽ കണ്ട അമ്മ, വീട്ടിൽ ഇരുന്നു പഠിച്ചാൽ മതി എന്ന് ഓർഡർ ഇട്ടതോടെ കുറച്ചൊക്കെ പഠിച്ചും ബാക്കി സമയം ട്രിപ്പിന്റ പ്ലാനിങ്ങുമെല്ലാമായിട്ട് തള്ളി നീക്കി. ( പഠിക്കേണ്ട സമയത്തു പഠിക്കുക തന്നെ വേണം അനിയന്മാരെ, അല്ലെങ്കിൽ ഇതാവും അവസ്ഥ ).അങ്ങനെ കര്ണനെയും നെപോലെയാനെയും ഭഗത്‌ സിങ്ങിനെയും എല്ലാം മനസ്സിൽ ധാനിച് പരീക്ഷയും എഴുതി 9ആം തിയതി വയ്കുന്നേരം 7 മണിക്കുള്ള സംപ്രക്രാന്തി ട്രെയിനിൽ ഞങ്ങൾ യാത്ര തിരിച്ചു.കേരളത്തിന്ന് മംഗലാപുരം വഴി ചണ്ഡീഗഡിലേക് ആഴ്ചയിൽ 2 ദിവസം മാത്രം ആണ് ട്രെയിൻ ഉള്ളത്. ശെനിയാഴ്ചയും തിങ്കളാഴ്ചയും..അതിൽ ഒരു തിങ്കളാഴ്ച ആയിരുന്നു ഞങ്ങളുടെ യാത്ര. ഞാൻ ഒറ്റക്കല്ല ട്ടോ, കൂടെ FîRoz Muh’d,Sanchal Peter, Irshad Povval ,Sharun Shan , Rahul Thekkemadam ,eric james,sidharth, Aslam Khan എന്നിങ്ങനെ 9 സുഹൃത്തുക്കളും ഉണ്ട്.

ഹേ?? അതെങ്ങനെ?? ലിസ്റ്റിൽ ആകെ 8 ആൾകാർ അല്ലെ ഉള്ളു,പിന്നെന്താ ഇവൻ 9 ആൾക്കാരുടെ കണക്കു പറയുന്നത്?? വെറുതെയല്ല ഇവന് സപ്പ്ളി അടിച്ചത് !!ഇതൊക്കെ അല്ലെ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്.?? സംശയിക്കേണ്ട, ഒരാളെ ഞാൻ മനഃപൂർവം ആ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതാ.. എന്തുകൊണ്ട് എന്നല്ലേ? അത് അവനെ പറ്റി അങ്ങനെ ഒറ്റ വാക്കിൽ ഒന്നും പറഞ്ഞാൽ പോരാ.. അതു തന്നെ കാരണം “അവന്റെ പേര് ഖുബൈബ്. ട്രിപ്പ്‌ പോവുന്ന അന്ന് വയ്കുന്നേരം വരെ ഞങ്ങളുടെ ലിസ്റ്റിൽ ഇല്ലാത്ത ഒരു വ്യക്തി. അവസാന പരീക്ഷ എഴുതാൻ വേണ്ടി കാലിക്കറ്റിൽ നിന്ന് കാസറഗോഡ് ലേക്ക് ട്രെയിൻ കേറാൻ നിക്കുന്ന ഞാൻ യാദൃശ്ചികമായി ഖുബൈബ്നെ കണ്ടുമുട്ടുന്നു. ഇങ്ങൾ എന്നാടാ ട്രിപ്പ്‌ പോവുന്നത്? എന്ന് അവൻ. ഞങ്ങൾ ഇന്ന് വയ്കുന്നേരം കേറും കുബ്ര. എന്തേ ചോദിക്കാൻ? ഒന്നുമില്ലടാ !! എന്ന് ഒരു ചെറിയ പരുങ്ങലോടെ അവൻറെ മറുപടിയും. എന്തേ നീ വരുന്നോ? പോരുന്നെങ്കിൽ പോരടാ..നമുക്ക് അടിച്ചു പൊളിക്കാം.. ഹഹ.. എക്സാം കഴിയട്ടെ മോനെ ആദ്യം. എന്നിട്ട് നമുക്ക് എല്ലാം ശെരി ആക്കാം “എന്ന് ചിരിച്ചുകൊണ്ട് നല്ല അസ്സൽ മലപ്പുറം ഭാഷയിൽ ഖുബൈബ്. തികച്ചും നർമ്മ രൂപത്തിലുള്ള സംഭാഷണ നിമിഷങ്ങൾ. പക്ഷെ പരീക്ഷ എഴുതി കഴിഞു ഹോസ്റ്റലിൽ എത്തിയപ്പോഴായിരുന്നു ഞാൻ ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ട്രിപ്പ്‌ നു വരാൻ വേണ്ടി തയ്യാറെടുക്കുന്ന നമ്മുടെ സ്വന്തം ഖുബൈബ്.

“എടാ.. നീ ശെരിക്കും വരുന്നുണ്ടോ?? ട്രെയിൻ ടിക്കറ്റ് ഒന്നും ബുക്ക് ചെയ്തിട്ടില്ലല്ലോ. എന്താ ചെയ്യുക?? “അതൊന്നും സാരമില്ല ബ്രോ.. ഞാൻ ജനറൽ കോച്ചിൽ സുഖ സുന്ദരമായി കിടന്നോളാം. ““അപ്പോൾ വീട്ടിലോ?? “ “അതൊക്കെ സെറ്റ് ആണ്. ഉമ്മ ഉപ്പ എല്ലാം സമ്മതം അറിച്ചിട്ടുണ്ട് “ ഇതെല്ലാം കേട്ടു അന്തംവിട്ടിരിക്കുന്ന ലെ ഞാൻ. ഞങ്ങളുടെ ഒരു മാസത്തെ പ്ലാനിങ് അവനു ഒരു നിമിഷം കൊണ്ട് സാധ്യമായത് കണ്ടപ്പോൾ, തികഞ്ഞ സന്തോഷം ആണ് തോന്നിയത്. അവസാന നിമിഷം ആണെങ്കിലും ട്രിപ്പിന് വരാൻ അവൻ കാണിച്ച ആ മനസ്സിനെ ഞാൻ നമിച്ചുപോയി. ശെരിക്കും അവൻ അല്ലെ ഒരു ശെരിയായ യാത്ര പ്രേമി !!ഒന്ന് ആലോചിച്ചു നോക്കു. റിസ്ക് എടുത്തിട്ട് ആണെങ്കിലും ഈ യാത്ര വരാൻ അവൻ കാണിച്ച ആ മനസ്സ് അത് സമ്മതിച്ചേ മതിയാവൂ..

അങ്ങനെ ഞങ്ങൾ 10 ആൾക്കാരും മനം നിറയെ സ്വപ്നങ്ങളുമായി മേൽ പറഞ്ഞതുപോലെ കാസറഗോഡിൽ നിന്ന് ചണ്ഡീഗഡിലേക്ക് ട്രെയിൻ കയറി. ട്രെയിനിൽ കയറിയപ്പോൾ ധാ അതിലേറെ സന്തോഷം. എന്നെ ആദ്യമായിട്ട് ഹിമാലയം എന്ന സ്വപ്നം കൈവരിക്കാൻ സഹായിച്ച djaa എന്ന കൂട്ടുകാരൻ ആ ട്രെയിനിൽ ഉണ്ടായിരുന്നു. ഹമീമിനൊപ്പം കസോളിലേക് പോവുകയാണ് അവൻ.. ധാ തൊട്ടടുത്ത സീറ്റിലേക് നോക്കിയപ്പോൾ കോളേജിൽ കൂടെ പഠിക്കുന്ന ഡാനിഷ് എന്ന പയ്യൻ. അവൻ അവന്റെ കൂട്ടുകാരെ കൂടെ പഞ്ചാബിലേക് ഒരു പ്രൊജക്റ്റ്‌ പ്രെസെന്റഷന് വേണ്ടി പോവുകയാണ്. അങ്ങനെ ആ s9 ബോഗി മുഴുവൻ കൈക്കലാക്കി ആട്ടവും പാട്ടുമെല്ലാമായിട് ഞങൾ മുന്നോട്ട് കുതിച്ചു. മംഗലാപുരം പിന്നിടുകയും കൊങ്കൺ വഴിയിലേക്കു ട്രെയിൻ കേറിയതോടെ നല്ല തണുപ്പ് അനുഭവപ്പെടാൻ തുടങി…അതികം വൈകാതെ കൈയിലുള്ള ഭക്ഷണവും കഴിച്ചു നേരെ ഉറക്കത്തിലേക്. അങ്ങനെ ഗോവയെയും ദൂദസാഗറിനെയുമെല്ലാം പിന്നിലാക്കി ട്രെയിൻ അടുത്ത ദിവസം ഉച്ചക്ക് പൻവേൽ സ്റ്റേഷനിലെത്തി ..

മഴക്കാലത് കൊങ്കൺ റെയിൽ പാതയുടെ സൗധര്യം ഒന്ന് കണ്ടറിയേണ്ടത് തന്നെ ആണ്. കടും പച്ച നിറത്തിലുള്ള ചെറുതും വലുതുമായ ചെടികൾ, ദൂരെ കണ്കുളിര്പ്പിക്കുന്ന വെള്ളച്ചാട്ടങ്ങൾ, പുല്മേടുകളെ തൊട്ടരുസി ഒഴുകുന്ന അരുവികൾ, മഴ കാരണം പൂപ്പലിന്റെ പച്ചപ്പാൽ പുതയ്ക്കപ്പെട്ട രഹസ്യങ്ങൾ ഉറങ്ങുന്ന മായാവി ഗുഹകൾ, പിന്നെ നല്ല ഇളം കാറ്റും.. വല്ലാത്ത ഒരു ഫീൽ തന്നെ ആണത് :)ഇതൊക്കെ നടന്നുകൊണ്ടിരിക്കുമ്പോഴും ജനറൽ ടിക്കറ്റ് പോലും എടുക്കാത്ത ഖുബൈബ് ഇന്നലെ രാത്രി ഉറങ്ങിയതും ഇനി അങ്ങോട്ട് യാത്ര ചെയ്യാൻ പോകുന്നതും സ്ലീപ്പർ കോച്ചിൽ ആണെന്നകാര്യം നിങ്ങൾ ഒരിക്കലും മറക്കരുത്.. അവന്റെയൊക്കെ ഒരു ധൈര്യം !! കടന്നു പോയ സ്ഥലങ്ങളെ എല്ലാം മനസ്സിൽ ഒന്നൊന്നായി റീവൈൻഡ് അടിച്ചു ഒരു അടിപൊളി മസാല ചായയും കുടിച്ചിരിക്കുമ്പോഴാണ് eric ആ സന്തോഷ വാർത്ത പറയുന്നത്.. അവന്റെ മുംബയിൽ ഉള്ള siara എന്ന സുഹൃത് കാണാൻ വരുന്നുണ്ടത്രേ..

പറഞു തീർത്തതും ധാ അവൾ മുന്നിൽ.. ഒരുപാട് നേരം സംസാരിച്ചിരുന്നു ഞങ്ങളെല്ലാവരും കൂടെ.. പല വിഷയങ്ങൾ മാറി മറിഞ്ഞു.. അങ്ങനെ അവസാനം ഉച്ചക്കത്തെക്കുള്ള ഭക്ഷണവും സ്പോൺസർ ചെയ്തു അവൾ അടുത്ത സ്റ്റേഷനിൽ ഇറങ്ങി..അപ്പോഴായിരുന്നു അത് സംഭവിച്ചത് ‘മഴ കാരണം മുംബൈയിൽ പല ഭാഗത്തും വെള്ളപൊക്കം ഉള്ളതിനാൽ ട്രെയിൻ റൂട്ട് മാറ്റിയിരിക്കുന്നു’ . രാജസ്ഥാനിലെ കോട്ട വഴി ഡൽഹിയിലേക്ക് പോവേണ്ട ട്രെയിൻ ഇഗട്പുരി വഴി ആവും ഇനി സഞ്ചരിക്കുക എന്നത് സാരാംശം. . പുതിയ റൂട്ട് ആയതുകൊണ്ടും , ആ റൂട്ടിൽ സ്ഥിരം ഓടുന്ന ട്രെയിനുകൾക് വഴി മാറി കൊടുക്കേണ്ടതിനാലും ,ഞങ്ങളുടെ ട്രെയിൻ ഏകദേശം 9 മണിക്കൂർ ലേറ്റ് ആയിട്ടായിരുന്നു ഓടിക്കൊണ്ടിരുന്നത് . അങ്ങനെ 11 ആം തിയതി 5:30നു എത്തേണ്ട ട്രെയിൻ ചണ്ഡീഗഡ് എത്തിയത് 12 ആം തിയതി രാവിലെ 2 മണിക്ക് . കുറച്ചൊക്കെ ലാഗ് അടിപ്പിച്ചെങ്കിലും, നല്ല കൂതറ ചളികളും , നമ്പൂരിന്റെ അസ്സൽ പാട്ടുകളുമെല്ലാം ആയിട്ട് ഞങൾ ആ നിമിഷങ്ങളെ ആഘോഷത്തിന്റെ നിമിഷങ്ങൾ കൊണ്ട് തരണം ചെയ്തു .

ചണ്ഡീഗഡ് ടു കാൽകാ :ഒരു കുളി.. ഇതായിരുന്നു ചണ്ഡീഗഡ് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ എല്ലാവരുടെയും മനസ്സിൽ വന്ന ആദ്യത്തെ ചിന്ത. കുറ്റം പറഞ്ഞിട്ട് കാര്യമില്ല, രണ്ടുദിവസമായില്ലേ ഒന്ന് വെള്ളം കണ്ടിട്ട്.. ബാത്റൂം ശോകം അവസ്ഥ ആവുമോ ‘ എന്ന് aslam. ബാ.. നമുക്ക് നോകാം’ എന്ന് എന്റെ വക. നിസാമുദ്ദിൻ റെയിൽവേ സ്റ്റേഷൻ പോലെ ഒന്നും അല്ല.. നല്ല വൃത്തിയുള്ള അന്തരീക്ഷം ആയിരുന്നു ചണ്ഡീഗഡ് ഞങ്ങൾക്ക് സമ്മാനിച്ചത്. നല്ല വൃത്തിയുള്ള വെയിറ്റിംഗ് റൂമും അതുപോലെതന്നെ പെയ്ഡ് ബാത്റൂം എന്നിങ്ങനെ സഞ്ചാരികൾക്ക് ഫ്രഷ് ആവാനുള്ള എല്ലാ സൗകര്യങ്ങളും ചണ്ഡീഗഡ് റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്നു. പെട്ടെന്നുതന്നെ ഫ്രഷ് ആയി കാൽകയിലേക്കുള്ള ട്രെയിനിനെ പറ്റി അന്വേഷിക്കാൻ ഇറങ്ങി ഞങ്ങൾ.3 മണിക്ക് ട്രെയിൻ വരും..3:30നു ചണ്ഡീഗഡ് വിടും. ഏകദേശം 4:15am ആവുമ്പോഴേക്കും കാൽകാ സ്റ്റേഷനിൽ.

കാൽകാ ടു ഷിംല ടോയ്‌ ട്രെയിൻ- Fare: 50rs -duration: 5-6hours : 6 മണിക്കും 6:30നും ട്രെയിൻ ഉണ്ടായിരുന്നു. എന്നാൽ 6 മണിയുടെ ട്രെയിനിൽ ജനറൽ കോച്ച് ഇല്ലാത്തതിനാൽ 6:30ന്റെ ട്രെയിനിനായിരുന്നു ഞങ്ങളുടെ ടിക്കറ്റ്.ആകെ ഒരു ജനറൽ കോച്ച് ഉണ്ടാവുകയുള്ളൂ. അതിനാൽ ട്രെയിൻ വന്നാൽ പെട്ടെന്ന് തന്നെ കേറാൻ ശ്രമികുക. അല്ലെങ്കിൽ 5 മണിക്കൂർ ഉടനീളം നിങ്ങൾ ദുഖിക്കേണ്ടി വരും. പ്രഭാതഭക്ഷണവും കഴിച്ച് ഞങ്ങൾ നേരെ സീറ്റിലേക്ക്. പിന്നീട് അഞ്ചുമണിക്കൂർ കാഴ്ചകളും കണ്ടു ആശയങ്ങളും കൈമാറി ഫോട്ടോസും എടുത്ത് അവസാനം 12 മണിക്ക് ഷിംലയിൽ.ജീവിതത്തിൽ ഒരിക്കലെങ്കിലും അടുത്തറിയേണ്ട ഒരു യാത്ര തന്നെയാണ് കാൽകാ ഷിംല ടോയ് ട്രെയിൻ. വളരെ പതുക്കെ പോകുന്ന ട്രെയിനിൽ നിന്ന് പ്രകൃതിയുടെ ഓരോ ചലനങ്ങളും മനോഹരമായി നമുക്ക് ഒപ്പിയെടുക്കാവുന്നതാണ്. ട്രെയിൻ കേറുമ്പോൾ ഞങ്ങൾ പത്ത് പേരാണ് ഉണ്ടായിരുന്നെങ്കിൽ തിരിച്ചിറങ്ങുമ്പോൾ അതിൽ ഒരാളുടെ വർധനവുണ്ടായിരുന്നു. ഒസാമ എന്നാണ് അവന്റെ പേര്.. വാരാണസി സ്വദേശിയാണ്.. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ എംബിബിഎസ് പഠിക്കുകയാണ് പഹയൻ. ഷിംല കാണാൻ വന്നതാണത്രേ.. ഒറ്റയ്ക്കാണ്.അതുകൊണ്ടുതന്നെ പിന്നീടങ്ങോട്ടുള്ള യാത്ര ഞങ്ങളുടെ കൂടെയായിരുന്നു..കുഴപ്പമില്ലാത്ത ഒരു ബഡായി വീരൻ ആയിരുന്നു നമ്മുടെ ഒസാമ..എന്ധെന്നാലും സ്നേഹം ഉള്ള ഒരു പയ്യൻ.. എല്ലാവർക്കും അവനെ ഇഷ്ടമായി..

ഷിംല : ഒസാമ കാസയിലേക് ഇല്ല. മൂന്ന് ദിവസം ഷിംല ആണ് അവന്റെ പ്ലാനിൽ.. അതുകൊണ്ട് തന്നെ ട്രെയിൻ ഇറങ്ങിയതിനു ശേഷം ഞങ്ങൾ നേരെ വെച്ചു പിടിച്ചത് അവന് ഒരു റൂം അന്വേഷിച്ചായിരുന്നു.. 300 രൂപയ്ക്ക് മാൾ റോഡിൽ തന്നെ തരക്കേടില്ലാത്ത ഒരു റൂം അവനു സെറ്റ് ആയി. നിങ്ങളുടെ ബാഗ് എല്ലാം ഈ റൂമിൽ വച്ചോളൂ. ഭാരം തൂകി ഇങ്ങനെ നടകണ്ടല്ലോ .. വൈകുന്നേരം ബസ് കയറാൻ പോകുമ്പോൾ ഇവിടെ വന്ന് ബാഗുമെടുത്ത് പോയാൽ മതി. അതല്ലേ എളുപ്പം’എന്ന് അവന്റെ ഒരു ചോദ്യം. “നീ പൊന്നപ്പനല്ലടാ.. തങ്കപ്പനാ തങ്കപ്പൻ”ഇതായിരുന്നു ഒസാമിനെ പറ്റി എല്ലാവർക്കും ആ നിമിഷം തോന്നിയത്. അങ്ങനെ ബാഗും വെച്ചു, റൂമും പൂട്ടി നേരെ മാൾ റോഡിലേക്ക്.

1.മാൾ റോഡ് – ദിനംപ്രതി ടൂറിസ്റ്റെർസ് കൂടികൊണ്ട് വരുന്ന സ്ഥലമാണ് ഷിംല. അതുകൊണ്ട് തന്നെ കച്ചവടക്കാരും മറ്റ് ബിൽഡിംഗ് ങ്ങളുമെല്ലാം എണ്ണത്തിൽ വളരെ കൂടുതലാണ് ഷിംലയിൽ.. ഒട്ടനവധി ഹോട്ടലുകളും, ചെറിയ കടകളും, ബാങ്കുകളും എല്ലാം നമുക്ക് മാൾ റോഡിൽ കാണാൻ പറ്റുന്നതാണ്.

2)ദി റിഡ്ജ് – മനോഹരമായ ഒരു പള്ളി. അതാണ് റിഡ്ജ്. മാൾ റോഡിൻറെ ഭംഗിയിൽ ഇത് വഹിക്കുന്ന ഒരു പങ്ക് ചെറുതൊന്നുമല്..മാൾ റോഡിന്റെ മധ്യ നിരയിൽ പാറിപ്പറക്കുന്ന ഇന്ത്യയുടെ ത്രിവർണ്ണ പതാകയ്ക്കും എന്ധെനില്ലാത്ത ഒരു വികാരമാണ്.

3) ജക്കൂ ടെംപിൾ Trek duration :80min ( up and down) Level : easy : മാൾ റോഡിൽനിന്ന് ഏകദേശം 40min നീണ്ടുനിൽക്കുന്ന ട്രെക്ക്(ഞങ്ങൾ അത് 30 മിനിറ്റ് കൊണ്ട് സാധിച്ചെടുത്തു എന്ന് തന്നെ വേണം പറയാൻ.തിരിച്ചിറങ്ങാൻ 20 മിനിറ്റും ).മറ്റൊരറ്റത് കാത്തിരിക്കുന്നത് ഒരു ഭീമൻ ഹനുമാൻ വിഗ്രഹം. അങ്ങോട്ടുള നടപ്പാത തികച്ചും വിസ്മയിപ്പിക്കുന്ന ഒന്ന് തന്നെ ആണ്. കോട നിറഞ്ഞ വഴിയരികിലൂടെ പ്രിയ സുഹൃത്തിനോടൊപ്പം പാട്ടുംപാടി കയറാൻ ഒരു പ്രത്യേക സുഖം തന്നെയാണ്. ചുറ്റും നിശബ്ദത.. മിന്നിമായുന്ന ചെറുപക്ഷികൾ.. സ്വപ്നം സാക്ഷാകരിക്കാനും സാക്ഷാത്ക്കരിച്ചും നമ്മളെ കടന്നുപോകുന്ന വിവിധ സഞ്ചാരികൾ.. അങ്ങനെ പലതായിരുന്നു ആ ഒരു മണിക്കൂർ യാത്രയിൽ ഞങ്ങൾക്ക് ലഭിച്ച അനുഭവങ്ങൾ.. ഷിംലയിലേക് യാത്ര ചെയ്യുന്നവർ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഒരു സ്ഥലം..!!.

6:30pm നായിരുന്നു പിയോ ലേക്കുള്ള ഞങ്ങളുടെ ബസ്. Isbt shimla ബസ് സ്റ്റാൻഡിൽ നിന്നാണ് ബസ് പുറപ്പെടുക.മാൾ റോഡിൽ നിന്ന് 5min നടന്നു മെയിൻ റോഡിലേക്ക് വന്നാൽ അവിടെ നിന്ന് isbt ലേക്ക് ബസ് ലഭിക്കുന്നതാണ്.ഏകദേശം 10-15min യാത്ര. ബസ് സ്റ്റാൻഡിലെ ഫസ്റ്റ് ഫ്ലോറിൽ ആണ് അധിക വശാലും റെക്കോങ് പിയോ ബസ് ഉണ്ടാവുക. ഏകദേശം ഒരാഴ്ച മുന്നേ എങ്കിലും hrtc യുടെ സൈറ്റിൽ കയറി സീറ്റ് ഓൺലൈൻ ആയിട്ട് ബുക്ക് ചെയ്യുന്നതാണ് നല്ലത്. കാരണം അന്നേദിവസം വൈകുന്നേരം ആറ് മുപ്പതിന് ഷിംലയിൽ നിന്ന് പുറപ്പെടുന്ന ബസ് പിറ്റേദിവസം പുലർച്ച 3:30നാണ് പിയോ ബസ്റ്റാൻഡിൽ എത്തിച്ചേരുക. ഏകദേശം 9 മണിക്കൂർ യാത്ര. സീറ്റ് ഇല്ലാതെ, അതും രാത്രിയിൽ,തികച്ചും കഠിനമാവും ഈ യാത്ര. റെക്കോങ് പിയോ ലേക്ക് ഷിംലയിൽ നിന്നാലത്തെ ഡല്ഹിയില്നിന്നും ചണ്ഡീഗഡിൽ നിന്നും ബസ് ലഭിക്കുന്നതാണ്..

കൃത്യം 6:30നു തന്നെ ബസ് പുറപ്പെട്ടു.. ജക്കൂ ടെംപിൾ നൽകിയ ഓർമകളിലൂടെ ഷിംലയെ ഇഷ്ടപെട്ട എനിക്ക്, മരിക്കാത്ത ഓർമകളാണ് അവിടെന്നും ലഭിച്ചത്.. കുറച്ചു ചോക്ലേറ്റിസും, ബിസ്ക്കറ്റും, തെർമോസ്ഫ്ലാസ്കിൽ ചൂട് വെള്ളവും നിറച്ചു ബുക്ക് ചെയ്ത സീറ്റിൽ ഇടം പിടിച്ചു ഞങൾ. അങ്ങനെ ഒസാമനോടും ഷിംലയോടും യാത്ര പറഞു ഞങൾ നേരെ റെക്കോങ് പിയോലേക്ക്. വളരെയധികം വളവും തിരിവും ഉള്ള റോഡ് ആണ് ഇനി അങ്ങോട്ട്.. അതുകൊണ്ട് തന്നെ ശർദിയുടെ ഗുളികയും കവറും എല്ലാം കയ്യിൽ കരുതുന്നത് എന്തുകൊണ്ട് നല്ലതാവും. ഷിംല വിട്ടുകഴിഞ്ഞാൽ kufri യിലും narkandaയിലും ബസ് നിർത്തുന്നതാണ്. അതുകൊണ്ടുതന്നെ ചോക്ലേറ്റിസും ചൂടുവെള്ളവും മറ്റുകാര്യങ്ങളും ഇവിടെനിന്ന് സംഘടിപ്പിച്ചാലും മതി. narkanda കഴിഞ്ഞാൽ പിന്നെ പിയോ എത്തുന്നതിനുമുന്നേ ബസ് രണ്ട് സ്ഥലത്ത് കൂടെ നിർത്തും. എന്നാൽ ഇവിടങ്ങളിൽ എത്തുമ്പോൾ സമയം ഏറെ ആയതിനാൽ കടകൾ ഒന്നും തന്നെ ഉണ്ടാവില്ല. ഒരു ചെറുനാരങ്ങ കൈയിൽ കരുതുന്നതും നല്ലതാണ്.

ഭീതി ഉയർത്തുന്ന റോഡുകൾ. ഒരുഭാഗത്ത് മാനം തട്ടതക്ക വിധം ഉയരമുള്ള മലനിരകൾ ആണെങ്കിൽ മറുഭാഗത്ത് ആഴമേറിയ കൊക്ക..ഒരു നിമിഷമെങ്കിലും ഒരു നിമിഷം നമ്മൾ, നമ്മൾ പോലും അറിയാതെ ആ ഡ്രൈവറെ നമിച്ചുപോകും.. കഷ്ടിച്ച് ഒരു ബസ്സിന് മാത്രം പോവാൻ വീതിയുള്ള റോഡുകൾ.. അതിലൂടെ കുതിച്ചുപായുന്ന HIMACHAL PARIVAHAN. ബസ് നിർത്തുന്ന എല്ലാ സ്റ്റോപ്പിലും ഇറങ്ങിയ ആയിരുന്നു എൻറെ യാത്ര.കൂട്ടിനു രാഹുലും അസ്ലമും ഉറങ്ങാതെ കമ്പനി തന്നു.. യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ശർദ്ദി ഫിറോസിനെ കീഴടക്കി.. അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് അവസാനം ഏകദേശം രണ്ടു മണി ആയതോടെ നമ്മുടെ ചുണക്കുട്ടി മലനിരകളിലേക്ക് കേറിത്തുടങ്ങി.. അങ്ങ് താഴെ കുതിച്ചൊഴുകുന്ന നദിയുടെ ശബ്ദം എനിക്ക് ഇപ്പോൾ കേൾക്കാം. മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം.പുറകോട്ടു നോക്കിയപ്പോൾ സഞ്ചലും കാഴ്ചകൾ ആസ്വദിച്ച് കിടക്കുന്നു..പെട്ടെന്നായിരുന്നു ഞങ്ങൾ രണ്ടുപേരും ആ കാഴ്ച കണ്ടത്.. മുകളിൽനിന്ന് പാറക്കല്ലുകൾ വീണിട്ട് റോഡ് ബ്ലോക്ക് ആയിരിക്കുന്നു.. ‘പണി കിട്ടിയോ ‘എന്ന് മനസ്സിൽ ഒരു നിമിഷം ഞാൻ ചിന്തിച്ചുപോയി… അതികം വ്യ്കിയില്ല.. പെട്ടെന്ന് തന്നെ റോഡ് ക്ലിയർ ചെയുകയും ഞങൾ മുന്നോട്ട് വെച്ച കാൽ മുന്നോട്ട് എന്ന നിലയിൽ പിയോനെ ലക്ഷ്യമാക്കി നീങ്ങി….

സ്പിറ്റി എന്ന സുന്ദരിയെ തേടിയുള്ള യാത്ര : ഫേസ്ബുക്കിലൂടെ ആയിരുന്നു ഞാൻ അവളെ ആദ്യം കണ്ടത്. അങ് ദൂരെ, മലനിരകളിലെ കൊച്ചു സുന്ദരി. പിന്നീട് അന്വേഷണത്തിന്റെ ദിവസങ്ങളായിരുന്നു. അവളെ പറ്റി, അവളെ കാണാൻ ഉള്ള മാർഗങ്ങളെ പറ്റി, അങ്ങനെ അങ്ങനെ.. കാലത്തിന്റെ സഞ്ചാരത്തിലൂടെ ഞങ്ങളുടെ ബന്ധവും വളർന്നു.പിന്നീട് വാട്സ്ആപ്പ് ആയി, ഇൻസ്റ്റാഗ്രാം ആയി..അങ്ങനെ കാണണം എന്ന അവസ്ഥയിൽ എത്തി.വീട്ടിൽ ഞാൻ കാര്യം അവതരിപ്പിച്ചു.. ആദ്യം എല്ലാവരും ഒന്ന് മുഖം ചുളിച്ചെങ്കിലും, പിന്നീട് എല്ലാവർക്കും പൂർണ സമ്മതം.. അങ്ങനെ ഒരു മഴക്കാലത് ബാഗ്ഗും തൂക്കി, മനസ്സ് നിറയെ സ്വപ്നങ്ങളുമായി, പ്രണയിനിയെ കാണാനായി സുഹൃത്തുക്കളോടൊപ്പം ഇറങ്ങി തിരിച്ച യാത്ര..രണ്ടു ദിവസത്തിനുള്ളിൽ ഷിംലയിൽ. അവിടെ നിന്ന് ഒരു Hrtc ബസ് യാത്ര.. കാണേണ്ട സ്ഥലങ്ങൾ പോലെ തന്നെ അനുഭവിക്കേണ്ട ഒന്നാണ് ഹിമാചൽ പരിവാഹാനോടൊപ്പമുള്ള യാത്ര.മൊത്തം 9 മണിക്കൂർ. അതിനിടയിൽ ഉറങ്ങിയും, ഉറങ്ങാതെയും, പാട്ടുകേട്ടും, തണുപ്പിനോട് മല്ലടിച്ചും, ഉറങ്ങുന്ന മറ്റു സഞ്ചാരികളുടെ മുഖം നോക്കിയിരുന്നും, പുറം കാഴ്ചകൾ കണ്ടും,മണി 3:30am ആയപ്പോൾ ഞാൻ പിയോൽ കാലുകുത്തി. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത, ഒന്നുകൂടെ തെളിയിച്ചു പറയുകയാണെങ്കിൽ; മറക്കാനാവാത്ത ഒരു ബസ് യാത്ര തന്നെ ആയിരുന്നു അത്..

സംഗതി വിചാരിച്ചപോലെയല്ല. വിചാരിച്ചതിലും അപ്പുറമാണ് തണുപ്പ്. തണുപ്പ് എന്ന് വെച്ചാൽ നല്ല കുത്തുന്ന തണുപ്പ്. എല്ലാവരും ജാക്കറ്റും ഗ്ലോവ്‌സും എല്ലാം ധരിച്ചപ്പോൾ നമ്മുടെ ഖുബൈബ് എന്ന തഗ് കുബു ദാ ഹോസ്റ്റലിൽ നിന്ന് അടിച്ചുമാറ്റിയ ഒരു ബനിയൻ മാത്രം ധരിച്ച് ബസ് സ്റാൻഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്നു.. “എടാ മരഭൂതമേ നിനക്കു തണുപ്പ് ഒന്നും അനുഭവപ്പെടുന്നില്ലേ”എന്ന് sharun. “ഇതൊക്കെ എന്ത്……. എത്ര കണ്ടതാ നമ്മൾ ഇതൊക്കെ !! കൂട്ടാവിലെ തണുപ്പാണ് തണുപ്പ്.. അതുവെച്ചു നോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല” (-3 ഡിഗ്രി തണുപ്പിൽ ആണ് അവൻ സംസാരിക്കുന്നതെന്ന് നിങ്ങൾ ഓർക്കണം. ). സംശയിക്കേണ്ട കൂട്ടാവ് എന്നത് അവന്റെ സ്വന്തം നാടാണ്..അവൻ ഇങ്ങനെയാണ്, ഇടയ്ക്കിടയ്ക്ക് അവൻറെ നാടിനെ പറ്റി ഇങ്ങനെ കടിച്ചാൽ പൊട്ടാത്ത ബഡായി പൊട്ടിക്കും. . ചിലപ്പോഴൊക്കെ അവനെപ്പറ്റിയും.. ശീലമായതുകൊണ്ട് ഞങ്ങൾ അത് വലിയ കാര്യം ആകാറില്ല.. നിങ്ങളും മൈൻഡ് ചെയ്യണ്ട.. പൊടിക്ക് സീൻ ഉള്ള പയ്യനാ.

“പോയി വല്ല ഷർട്ട്‌ എടുത്തിടാഡാ കുബൂ…ചുമ്മാ അസുഖം വരുത്തി വെക്കണ്ട.. ഇനിയും ഒരുപാട് ദിവസം ഇവിടെ നിൽക്കാനുള്ളതാ ” നൈസ് ആയിട്ട് ഗ്യാപ്പിൽ ഞാൻ ഒരു ഉപദേശം വെച്ചു കാച്ചി.. 140cm വലുപ്പം. 40kg തൂക്കം. ഇത്രക്കും ആരോഗ്യവാനായ ഒരാളാണ് ഇങ്ങനെ നടക്കുന്നതെന്ന് ആലോചിക്കുമ്പോൾ നിങ്ങൾക്കും ഒരു ആശ്ചര്യം തോനുന്നില്ല.. അതുകൊണ്ടുതന്നെ ആണ് അവനെ തഗ് ഖുബൂ എന്ന് വിളിക്കാൻ കാരണവും . സത്യം പറയുക ആണേൽ, അവൻ ഇങ്ങനെ നടക്കുന്നത് കാണുമ്പോൾ കൊതി ആവുക ആയിരുന്നു.. ഞങ്ങൾ എല്ലാവരും ഇവിടെ തണുപ്പിനെ പ്രതിരോധിക്കാൻ വേണ്ടി കൂട്ടം കൂടിയിരിക്കുമ്പോൾ അവൻ ആർത്തുല്ലസിച്ച് പ്രകൃതിയെ ആഘോഷിക്കുന്നു..ഏറെ കാത്തിരിക്കേണ്ടി വന്നു തണുപ്പിനോട് ഒന്ന് പൊരുത്തപ്പെടാൻ.. സമയം ഇപ്പോൾ ആറു മണിയായി. എങ്ങും സൂര്യൻറെ ശക്തിയേറിയ നന്മനിറഞ്ഞ കിരണങ്ങൾ തൊട്ടു തലോടി നീങ്ങുന്നു. ബസ് സ്റ്റാൻഡും പരിസരവും എപ്പോഴായിരുന്നു ഞങ്ങൾക്ക് കൃത്യമായിട്ട് ഒന്നു വീക്ഷിക്കാൻ പറ്റിയത്.

ഒരു ചെറിയ ബസ്സ്റ്റാൻഡ്.. ഉള്ളിൽ ഒരു കാന്റീനും ഒരു ചെറിയ കടയും.കാര്യങ്ങൾ എല്ലാം അന്വേഷിക്കാൻ ഇൻഫർമേഷൻ സെന്റർ ബസ്സ്റ്റാൻഡിന് ഉള്ളിൽ തന്നെ തെയ്യാറാകിട്ടുണ്ട്. ബസ്സ്റ്റാൻഡിന് പിന്നിലായിട്ട് പോസ്റ്റ്‌ ഓഫീസ് കാണാവുന്നതാണ്. ഇടതു വശത്തു നോൺ -വെജ് ഭക്ഷകൾ യഥേഷ്ടം ലഭിക്കുന്നതാണ്. ബസ്‌ സ്റ്റാന്റിനകത്തുള്ള ക്യാന്റീനിൽ വെജ് വിഭവങ്ങൾ മാത്രമേ കിട്ടുകയുള്ളു. . മോമോസ്, ചൗമിന്, തുക്പാ എന്നിങ്ങനെ നോൺ വെജ് വിഭവങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെ ലഭ്യമാണ്..മായാ കഫെയിൽ ചെന്നാൽ ടീവി യും കണ്ട്, കുക്ക് ബ്രോ നോട് കുശലവും പറഞു ഭക്ഷണം അകത്താകാം 🙂 മച്ചാൻ റ്റോഷ്‌ വില്ലേജിലെ ഒരു കഫെയിൽ എല്ലാം ജോലി ചെയ്ത ഭീകരനാണ് !! കട മുതലാളി ഒരു പെൺകുട്ടിയെ ട്ടോ.. നല്ല ഉഷാർ തന്റെടമുള്ള പെൺകുട്ടി. ഇങ്ങനെ കഥ മുന്നോട്ട് പോകുമ്പോഴായിരുന്നു സാഞ്ചൽ ന്റെ ശരീരത്തിന് പെട്ടെന്ന് പ്രഭാതം ആയ കാര്യം അറിഞ്ഞതെന്ന് തോന്നുന്നു.

“ടോയ്ലറ്റ് എവിടെയാ”എന്ന് ഇൻഫർമേഷൻ സെൻററിൽ ഇരിക്കുന്ന ബ്രോനോട് സഞ്ചലിന്റെ ഒരു ചോദ്യം. “ടോയ്‌ലറ്റോ?? കുറച്ച് അങ്ങോട്ട് താഴേക്ക് നടന്നാൽ വിശാലമായ മൈതാനമാണ് അവിടെ എവിടെയെങ്കിലും കാര്യം സാധിക്കാം” എന്ന് ഒരു മറുപടിയും. ഇത് കേട്ടതുകൊണ്ടാണോ എന്നറിയില്ല. എല്ലാവരുടെയും മനസ്സിൽ എവിടെനിന്നില്ലാതെ പ്രഭാതമായതിന്റെ ഒരു ഉൾവിളി..അത് പിന്നെ അങ്ങനെ ആണലോ ല്ലേ.സംഗതി പ്രശ്നം ആവുന്നതിനു മുന്നേ എന്തെങ്കിലും മാർഗം കണ്ടുപിടിക്കണം എന്ന ചിന്തയോടെ ഞങൾ ബസ്സ്റ്റാൻഡിന് പുറത്തേക്കു വെച്ച് പിടിച്ചു. കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ തന്നെ എന്ന പോലെ സഞ്ചലിന്റെ കണ്ണുകൾ ഇപ്പോഴും ഇൻഫർമേഷൻ സെന്ററിലെ ബ്രോ പറഞ ആ മൈതാനത്തിലേക്ക് തന്നെ ആയിരുന്നു 🙂 നേരെ ജാബിർക്കന്റെ പോസ്റ്റിൽ കണ്ട നമ്പറിൽ ബന്ധപ്പെടുകയും, ആ വഴി രവീന്ദർ എന്ന ആളുടെ നമ്പർ ലഭിക്കുകയും ചെയ്തു. (ravindhar 8894506627 )..ഒരു റൂം എടുക്കണം.. എല്ലാവർക്കും ഒന്ന് ഫ്രഷ് ആവണം.. ലഗേജ് ഒക്കെ ഒന്ന് സൂക്ഷിക്കണം.. ഇതായിരുന്നു ആദ്യത്തെ ദിവസത്തെ ഞങ്ങളുടെ ആവശ്യം.

“ നിങ്ങൾ ഇന്ന് ഒരു റൂം എടുത്തോളൂ. ലഗേജ് എല്ലാം അതിൽവെച്ച് സ്ഥലങ്ങളെല്ലാം കണ്ടു തിരിച്ചു വരൂ. എന്നിട്ട് നാളെ തിരിച്ചു വന്നതിനു ശേഷം ബാക്കി 2 റൂമും കൂടെ എടുത്താൽ മതി. ഭാരം തൂക്കി ഇങ്ങനെ നടക്കുന്നതിനേക്കാൾ എത്രയോ ഭേദമാവും ഇങ്ങനെ ചെയ്താൽ” രവീന്ദർ ഭായ് ഒരു ഐഡിയ വെച്ച് കാച്ചി. ഞങ്ങളുടെ സംശയം നിറഞ്ഞ മുഖഭാവങ്ങൾ കണ്ട രവീന്ദർ ഭായി ഒരു കാര്യവും കൂടി പറഞ്ഞു “ നിങ്ങൾ ഇന്ന് ഒരൊറ്റ റൂമിന്റെ പൈസ തന്നാൽ മതി.. എന്നിട്ട് നാളെ തിരിച്ചു വന്നതിനു ശേഷം ബാക്കി 2 റൂമും കൂടെ എടുത്തുകഴിഞ്ഞാൽ അപ്പോൾ അടുത്ത ദിവസത്തിൻറെ ചാർജ് എന്ന നിലയിൽ 3 റൂമിന്റെ പൈസ കൂടെ അപ്പോൾ അടക്കുക”. ആഹാ.. എന്തൊരു നല്ല ഐഡിയ.. അതിലേറെ നല്ല ഒരു മനുഷ്യനും.. ഞങ്ങൾ പെട്ടെന്ന് തന്നെ റൂമും എടുത്ത്, ഒന്ന് ഫ്രഷ് ആയി, റൂമും ലോക്ക് ചെയ്ത് നേരെ ചിത്കുൽ എന്ന സ്വപ്നവുമായി ബസ്‌സ്റ്റാണ്ടിലേക്..

റെക്കോങ് പിഒയിൽ നിന്നും എല്ലാ ദിവസവും രാവിലെ 9.30നാണ് ചിത്കുളിലേക്കുള്ള ബസ് പുറപ്പെടുക. ബുക്കിംഗ് ഒന്നുംതന്നെ ആവശ്യമില്ല. ബസ്സിൽ കയറിയതിനു ശേഷം കണ്ടക്ടർ മുഖേനയാണ് ടിക്കറ്റ് എടുക്കേണ്ടത്. രാവിലെ 9 30 ന് തുടങ്ങുന്ന യാത്ര ചിത്കുളിൽ അവസാനിക്കുന്നത് ഉച്ചയ്ക്ക് ഒരുമണി ഒന്നരയോടെയാണ്. സംശയം വേണ്ട, പ്രകൃതി ഭംഗി ഏറെ തുളുമ്പുന്ന ഒരു യാത്ര തന്നെയാവും ഇത്. ബാസ്‌പാ നദിയുടെ വിവിധ കോണുകളിൽ നിന്നുള്ള ഭംഗി നമുക്ക് ഈ യാത്രയിൽ ഒപ്പിയെടുക്കാവുന്നതാണ്.. യാത്രയ്ക്കിടയിൽ sangla, rakcham എന്നിങ്ങനെ രണ്ട് ചെറിയ ഗ്രാമങ്ങൾ പിന്നിട്ടാണ് അവസാനം നമ്മൾ ചിത്കുൽ എന്ന മനോഹരമായ ഗ്രാമത്തിൽ എത്തിച്ചേരുക. താല്പര്യമുള്ളവർക് ഈ രണ്ടു ഗ്രാമങ്ങളിലും ഓരോ ദിവസം ചിലവഴിക്കാവുന്നതാണ്.. Sangla നദിയിൽനിന്ന് കുറച്ച് ഉയർന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമം ആണെങ്കിൽ rakcham നദിയുടെ തീരത്ത് ഇടം ഉറപ്പിക്കുന്ന മനോഹര ഗ്രാമമാണ്. ജനവാസം വളരെ കുറവാണ് rakcham എന്ന ഗ്രാമത്തിൽ.


.
“indias last village” എന്നാണ് ചിത്കുലിനെ അറിയപ്പെടുന്നത്. ടിബറ്റ് ആയിട്ട് അതിർത്തി പങ്കിടുന്നത് തന്നെ അതിനു കാരണം. THE VILLAGE IN INDO-TIBETIAN BORDER :ഗ്രാമത്തിൽ കാലെടുത്തുവെക്കുന്നതും തണുപ്പ് ആക്രമിക്കുന്നതും ഒരുമിച്ചായിരുന്നു.. ചെറിയൊരു തലവേദന അന്ഹഭവപ്പെട്ടെങ്കിലും ഞാൻ കാര്യമാക്കിയില്ല എന്ന് തന്നെ വേണം പറയാൻ.. ബസ് ഇറങ്ങിയതും കണ്ട കാഴ്ച “INDIA’S LAST DHABA”…. പണ്ടൊക്കെ ഫോട്ടോയിലൂടെ മാത്രം കണ്ട് കൊതി തീർത്ത പലതും നേരിട്ട് കണ്ടതോടെ വളരെ സന്തോഷം തോന്നി. ഓരോരുത്തരും മാറിമാറി ഫോട്ടോസ് എടുത്തു.. പിന്നീട് നിൽക്കാൻ ഒരു ഇടം തേടിയുള്ള യാത്ര.. ഞങ്ങൾ നാലുപേർ ഒരുവഴിക്ക് തിരച്ചിൽ ആരംഭിച്ചപ്പോൾ മറ്റു 6 പേരും വേറെ ഒരു വഴിയിലൂടെ തിരച്ചിൽ ആരംഭിച്ചു..

ഒടുവിൽ രണ്ടു പെൺകുട്ടികൾ നടത്തുന്ന ഹോംസ്‌റ്റേയിൽ ഞങൾ റൂം അന്വേഷിക്കാനായി കെയറി..“റൂംസ് ഉണ്ടോ” എന്ന് sidhan. “ഉണ്ട് “എന്ന് അവളും. സുന്ദരി ആണു ട്ടോ അവൾ.. “ടാ. നമുക്ക് ഇവിടെ തന്നെ റൂം എടുക്കാം” എന്ന് sidhan“ഹം അഹം..ശെരി.. ശെരി, എന്നാൽ അങ്ങനെ ആവട്ടെ” എന്ന് ഞാനും. അപ്പോൾ ദാ വരുന്നു ഒരു വില്ലനെ പോലെ സഞ്ചലിന്റെ കാൾ.. “എടാ, ഇങ്ങോട്ടു വാ.. നല്ല റൂം കിട്ടിയിട്ടുണ്ട്. റേറ്ററും കുറവാ.. ഭക്ഷണവും മറ്റു കാര്യങ്ങളും എല്ലാം പാചകം ചെയ്ത് തരാമെന്ന് അവർ പറഞ്ഞിട്ടുണ്ട്. മാത്രമല്ല ഇവിടെ നിന്ന് നല്ല വ്യൂ ഉണ്ട്”. ഇത് കേട്ടതിനുശേഷം sidhan ന്റെ മുഖം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു.. കരിഞ്ഞുണങ്ങിയ സൂര്യകാന്തി പൂവ് പോലെയായി അവൻറെ മുഖം. ഇവിടെ റൂം എടുക്കാത്തതിന്റെ സങ്കടമാണോ അതോ സഞ്ചലിനോടുള്ള നർമത്തിൽ ചാലിച്ച ദേഷ്യമാണോ അവൻറെ മനസ്സിൽ അപ്പോൾ നിറഞ്ഞുനിന്നതെന്ന് അവനെ മാത്രമേ അറിയുകയുള്ളൂ.. അങ്ങനെ മനസ്സില്ലാമനസ്സോടെ ഞങ്ങൾ അവിടെനിന്ന് ഇറങ്ങി നേരെ രാജ് ഹോംസ്റ്റേലേക്ക്.

സമയം ഇപ്പോൾ 2മണി. തലവേദന സഹിക്കാൻ പറ്റാത്ത അവസ്ഥ. ചോദിച്ചപ്പോൾ അസ്‌ലമിനും ചെറുതായിട്ട് അസ്വസ്ഥത അനുഭവപ്പെടുന്ന കാര്യം മനസ്സിലാക്കാൻ പറ്റി.. എങ്ങനെയോ ഉച്ച ഭക്ഷണം കഴിച്ചു.. മുഴുവൻ ആയിട്ട് ഇപ്പോൾ ഞാൻ തലവേദനിക് കീഴ്പെട്ടിരിക്കുന്നു..പിന്നീട് അന്ന് മുഴുവൻ രാജ് ഹോംസ്‌റ്റേയിലെ ബെഡിൽ 🙁 മനസ്സ് നിറയെ സങ്കടം !!ഇത് വരെ വന്നിട്ട് ചിത്കുലിനെ തൊട്ടറിയാനുള്ള ഭാഗ്യം ഉണ്ടായില്ലല്ലോ 🙁 ബസ്‌പാ നദിയുടെ തീരത്തു പോയി വിശ്രമിക്കണം, കുറുകെ കാണുന്ന പാലം മുറിച്ചു കടന്നു മറുഭാഗത്തേക് നടക്കണം.. അങ്ങനെ പലതായിരുന്നു വരുമ്പോളുണ്ടായിരുന്ന ആഗ്രഹങ്ങൾ.. എല്ലാം അവസാനം ഹോംസ്‌റ്റേയിലെ കട്ടൻ ചായയിൽ അവസാനിപ്പിച്ചു ;).

കൂടെ വന്ന പ്രിയ കൂട്ടുകാർക് ചിത്കുൽ പക്ഷെ സ്വർഗ്ഗത്തിന്റെ വാതിൽ തുറന്നു കൊടുത്തു.. ജീവിതത്തിൽ ഒരിക്കലും അവർ അനുഭവിക്കാത്ത തണുപ്പ് അവരെ സ്പർശിച്ചു.. കുറുകെ കാണുന്ന പാലം മുറിച്ചു കടക്കാൻ അവർ മറന്നില്ല..എന്നാൽ ഇതിനൊക്കെ അവരെ നയിച്ചതാരെന്നറിയണ്ടേ?? 140cm,40kg എന്ന് ഞാൻ നേരത്തെ കളിയാക്കി പറഞ നമ്മുടെ കഥാനായകൻ ഖുബൈബ്.. കൂട്ടാവിലെ തണുപ്പ് പുല്ല് പോലെ തരണം ചെയുന്ന അവനു ചിത്കുലും ഒരു ബനിയനിൽ ആസ്വദിക്കാനായിരുന്നു ഇഷ്ടം.അതികം ഇരുട്ടുന്നതിനു മുന്നേ തന്നെ എല്ലാവരും തിരിച്ചെത്തി.പിന്നീട് കേട്ടത് ഒരു ലോഡ് കഥകളാണ്.റൂമിൽ ഇരുന്നുകൊണ്ട് ചിത്കുളിലൂടെ സഞ്ചരിക്കുക ആയിരുന്നു ഞാൻ ആ കഥകളിലൂടെ.

പിന്നീട് ഭക്ഷണം കഴിക്കുന്നതിന്റെയും ക്യാമ്പ്ഫയറിന്റെയും ഒരുക്കങ്ങളായിരുന്നു.. കൊടും തണുപ്പത് ചൂടേൽക്കുന്നതിന്റെ ഒരു സുഖം 😉 നമ്പൂരി തന്റെ പാട്ട് കച്ചേരി കൂടെ ആരംഭിച്ചപ്പോൾ, അന്നത്തെ ദിവസം പൂര്ണതയിലെത്തിയപോലെ ആയിരുന്നു. മറ്റു റൂമിൽ നിന്നും സഞ്ചാരികൾ ഓടി എത്തി, അവന്റെ പാട്ട് കേൾക്കാൻ.. ജന്മനാ കിട്ടിയ കഴിവ് തിരിച്ചറിഞ്ഞ് അതിനു വേണ്ടുന്ന അളവിൽ വളം കൂടെ ഇട്ടപ്പോൾ അവനിൽ ഉണ്ടായ മാറ്റമാണ് “ഗായകൻ”.അവൻറെ ശബ്ദമാണ് അവൻറെ പാട്ടിൻറെ രുചി.കോളേജിലും ഈ ഒരു രംഗത്ത് രാഹുൽ ഗർജിക്കുന്ന ഒരു സിംഹം തന്നെയാണെന്ന് പറയാം 🙂 ഇതെല്ലാം ഞാൻ ആസ്വദിച്ചിരുന്നത് പാതി തുറന്നു കിടന്നിരുന്ന വാതിൽപൊലികളുടെ ഇടയിലൂടെയാളാണെന്നുമാത്രം. അങ്ങനെ അന്നുരാത്രി എല്ലാത്തിനും അവസാനം കുറച്ച് ഉറങ്ങാൻ കിടക്കുമ്പോൾ എനിക്ക് ഒന്ന് വ്യക്തമായിരുന്നു ‘ഈ ഒരു ദിവസം എന്നും എൻറെ ജീവിതത്തിലെ തീരാ നഷ്ടമാകുമെന്ന് ‘.

അങ്ങനെ അടുത്ത ദിവസം രാവിലെ 6 മണിക്കുള്ള ബസ്സിൽ നേരെ പിയോലേക്ക്..ഈ ഒരു ബസ് പോന്നു കഴിഞ്ഞാൽ പിന്നെ ഏകദേശം രണ്ടു മണി മൂന്നു മണി ആയാലെ അടുത്ത ബസ് ഉള്ളൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്..അങ്ങനെ 10 മണിക്ക് തിരിച് പിയോ ബസ് സ്റ്റാൻഡിൽ. കഴിഞ ദിവസത്തെ കട്ടൻ ചായയും ഉറക്കവും ശരീരത്തിന് നന്നായി ബോധിച്ചെന്നാ തോന്നുന്നത്.തലവേദനക് നല്ല കുറവ് ഉണ്ട് ഇപ്പോൾ. പിയോൽ നിന്ന് അര മണിക്കൂർ കൂടുമ്പോൾ കാല്പായിലേക് ബസ് ഉണ്ട്. ബസ്സ്റ്റാൻഡിന് പുറത്തുള്ള പോസ്റ്റ്‌ ഓഫീസിനു മുന്നിൽ നിന്നാൽ ബസ് കിട്ടും. (കാൽപ ബസ് ബസ്സ്റ്റാൻഡിന് ഉള്ളിലേക്ക് കെയറാതെ നേരെ പോവുക ആണ് ചെയ്യുക )

ഒരു ചെറിയ ഗ്രാമം.. അതാണ്‌ കാൽപ.. !!അര മണിക്കൂർ സമയം ഉണ്ടെങ്കിൽ ഗ്രാമം മുഴുവൻ നടന്നു കാണാവുന്നതാണ്.. ഗ്രാമത്തിനകത്തേക്കുള്ള മൊണാസ്റ്ററി ഒരിക്കലും കാണാൻ വിട്ടു പോവരുത്. അധികം ശബ്ദവും, ഗ്രാമവാസികൾക് ഒരു മിടിപ്പും ഉണ്ടാക്കണ്ടാന്ന് കരുതി ഞങൾ മൂന്നു പേർ അടങ്ങുന്ന ഗ്രൂപ്പുകൾ ആയിട്ടായിരുന്നു ആ ഗ്രാമം മുഴുവൻ ചുറ്റി കണ്ടത്.. പലതുണ്ട് അതിൻറെ ഗുണം നമ്മൾ സഞ്ചരിച്ച വഴിയിൽ ആവണമെന്നില്ല മറ്റുള്ളവരും സഞ്ചരിക്കുന്നത്. അങ്ങനെ ആവുമ്പോൾ നമ്മൾ കാണാത്ത എന്തെങ്കിലും അവർ കണ്ടിട്ടുണ്ടെങ്കിൽ, ഫോടോസിലൂടെയോ അല്ലെങ്കിൽ അവർ പറയുന്ന കഥകളിലൂടെയോ നമുക്ക് അവിടം പരിചയപ്പെടാം. ഹിമാലയ കാഴ്ചകൾ ആസ്വദിക്കണമെങ്കിൽ, ശാന്ധത തന്നെ അതിന്റെ അടിത്തറ.

കാല്പായിൽനിന്ന് ഏകദേശം 5km അപ്പുറമാണ് റോഖി എന്ന കൊച്ചു ഗ്രാമം. രണ്ടു മണിക്കൂർ കൂടുമ്പോൾ കാൽപ ടു റോഖി ബസ് ഉണ്ട്.. അതല്ലെങ്കിൽ കാൽപ ഗ്രാമത്തിനു പുറത്തേക്കു നിന്നാൽ ഏതെങ്കിലും വണ്ടിയിൽ ലിഫ്റ്റ് അടിക്കാവുന്നതുമാണ്.. എന്ധെന്നാലും ഞാനും അസ്ലമും നമ്പൂതിരിയും നടക്കാൻ തന്നെ തീരുമാനിച്ചു..അതിനു പിന്നിലുള്ള പ്രധാന കാരണം കിന്നർ കൈലാഷ് മലനിരകളും സൂയിസൈഡ് പോയിന്റും തന്നെ.മാർക്കറ്റിലെ ഒരു കടയിൽ നിന്ന് കുറച്ചു ഫ്രൂട്ട്സും വാങി ഞങൾ നടത്തം ആരംഭിച്ചു. (ശരീരത്തിൽ വെള്ളം കുറയുന്നതിനെ ഇത് നല്ലവണ്ണം പ്രതിരോധിക്കും ). വിജനമായ വഴിപാത.ഇരുവശത്തും സീസൺ കാത്തു കിടക്കുന്ന ആപ്പിൾ തോട്ടങ്ങൾ.തോട്ടങ്ങളിൽ നിന്നും മാര്കിറ്റിലേക് അവര്കുള്ള ദൂരം ഒരു മാസം. കൂടെ തൊട്ടുരസി കടന്നു പോവുന്ന സ്നേഹത്തിന്റെ ഗന്ധമുള്ള ഇളം കാറ്റ്.

ഇടതു വശത്തേക്കു നോക്കിയാൽ ഏതൊരു സഞ്ചാരിയുടെയും എന്നത്തേയും സ്വപ്നമായ കിന്നർ കൈലാഷ് മലനിരകൾ..പെട്ടെന്ന് കണ്ടപ്പോൾ നാട്ടിലെ രാജീവേട്ടനെ ആണ് ഓർമ വന്നത്.. രണ്ടു ദിവസത്തിനു ശേഷം കിന്നർ കൈലാഷ് ട്രെക്കിങ്ങ് ആരഭിക്കാനുള്ളതായിരുന്നു അദ്ദേഹം. ചങ്ങാതിമാരോട് ഒപ്പമുള്ള കാൽനടയാത്ര, ഫോണിൽ മനസ്സിനെ തൊട്ടുണർത്തുന്ന മനോഹരമായ ഗാനം, കൂടെ പ്രകൃതിയും… വല്ലാത്ത ഒരു കോമ്പിനേഷൻ തന്നെ ആണത് !! പിന്നീടുള്ള നടത്തം സൂയിസൈഡ് പോയൻറ്നെ തേടിയായിരുന്നു..ഫോട്ടോസിൽ കാണുമ്പോൾ തന്നെ പേടിപ്പെടുത്തുന്ന ഒരു ഇടം.എന്നെങ്കിലും കാണാൻ പറ്റുമെന്ന് ഒരിക്കലും മനസ്സിൽ പോലും വിചാരിക്കാത്ത ഇടങ്ങളിൽ ഒന്ന്.. നടന്ന് നടന്ന് അവസാനം സ്വപ്നസാക്ഷാകരണത്തിൽ. “എന്റമ്മോ ; ഒരു രക്ഷയും ഇല്ല.. എന്തു ഭംഗിയാ” എന്ന് aslam. “സത്യം”എന്റെ വക. “നീ എന്റെ ഒരു ഫോട്ടോ എടുക്കുമോ. ഞാൻ അവിടെ നിൽക്കാം “ എന്നും പറഞു ഞാൻ അറ്റത്തേക് നീങ്ങി. അയ്യോ ;എന്താ ഇപ്പോൾ പറയാ.. പറ്റുന്നില്ല. അത്രക്കും അഗാധമായ താഴ്ച.. അടുത്ത് പോയി നിൽക്കാൻ തന്നെ പേടിയാവുന്നു… ( അവിടെ നിൽക്കുക ആണെങ്കിൽ സൂക്ഷിക്കണേ.. പുറകിൽ നിന്നടിക്കുന്ന കാറ്റ് മനസ്സിൽ കരുതി നിൽക്കുക ).

അവിടെ നിന്ന് 10min കൂടെ നടന്നാൽ റോഖി ഗ്രാമം എത്താം.. അങ്ങനെ എല്ലാം ആസ്വദിച്ചു റോഖി ഗ്രാമം എത്തി. ക്ഷീണം തീർക്കാനായി മുകളിലെ മലനിരകളിൽ നിന്നൊഴുകി വരുന്ന വെള്ളം കുടിക്കുമ്പോഴായിരുന്നു ഞങ്ങൾ മൂന്നു പേരും പാണ്ടിപ്പട സിനിമയിലെ ആ കാഴ്ച കണ്ടത്… ഒരു പിക്കപ്പ് വാൻ.. പിറകിൽ 7 ഖനോൽഘാടിയന്മാർ(40kg ഉള്ള ഖുബൈബും അതിൽ ഉണ്ട് )..ലിഫ്റ്റ് അടിച്ചു വേരുക ആണ് പഹയന്മാർ. അങ്ങനെ ഞങൾ എല്ലാവരുംകൂടി ഒരുമിച്ച് റോഖി ഗ്രാമത്തിന്റെ ഉൾത്തട്ടിലേക്. അര മണിക്കൂർ സമയപരിധിയിൽ കണ്ട് തീർക്കാവുന്ന ഒരു കുഞ്ഞു ഗ്രാമം..നിഷ്കളങ്കർ ആയ മനുഷ്യർ.. മണ്ണുകൊണ്ടും മരങ്ങൾ കൊണ്ടും ചെളികൊണ്ടും നിർമ്മിച്ച ചെറിയചെറിയ മനോഹരമായ വീടുകൾ.. ആ വീടും ഗ്രാമമാണ് തങ്ങളുടെ ലോകമെന്ന് വിശ്വസിച്ച് പ്രണയിച്ചു സന്തോഷമായി ജീവിക്കുന്ന ഒരു കൂട്ടം ജനങ്ങൾ.എല്ലാം കണ്ടും ആസ്വദിച്ചും തിരിച്ച് നാലുമണി ആവുമ്പോഴേക്കും താഴെ ബസ്സ്റ്റാൻഡിന് സമീപം എത്താൻ ശ്രമിക്കുക.. നാലു മണിയുടെ ബസ് പോയിക്കഴിഞ്ഞാൽ പിന്നെ ആ ഗ്രാമത്തിൽ നിന്ന് പുറത്തു കടക്കുന്നത് വളരെ പ്രയാസകരമായ ഒരു കാര്യം തന്നെയായിരിക്കും..4 മണിക്ക് പുറപ്പെടുന്ന ബസ് 5:30ഓടെ പിയോ ബസ് സ്റ്റാൻഡിൽ എത്തും..

പിയോ ടാബോ ബസ് യാത്ര – ഞങ്ങളുടെ അടുത്ത ലക്ഷ്യം ടാബോ എന്ന കൊച്ചു ഹിമാലയൻ ഗ്രാമം ആയിരുന്നു. ദിവസങ്ങൾ മുന്നോട്ട് നീങ്ങുന്തോറും കാസ എന്ന സ്വപ്നഭൂമിയോട് അടുത്തടുത്ത് വരുകയായിരുന്നു ഞങ്ങളുടെ ശരീരവും മനസ്സും. രാവിലെ അഞ്ചു മണിക്കും 9 മണിക്കും പിയോ ബസ്സ്റ്റാൻഡിൽനിന്ന് ടാബോ ലേക്കുള്ള ബസ് പുറപ്പെടുക ഏകദേശം ഏഴു മണിക്കൂർ നീണ്ടുനിൽക്കുന്ന യാത്ര. ബസ് പുറപ്പെടുന്നതിന് ഏകദേശം ഒരു മണിക്കൂർ മുന്നേ എങ്കിലും ബസ് സ്റ്റാൻഡിൽ എത്തി സീറ്റ് ബുക്ക് ചെയ്യണം.lഅല്ലെങ്കിൽ മുന്നോട്ടുള്ള യാത്ര വളരെ കഠിനവും പ്രയാസമുള്ളതും ആയിത്തീരും. ഈ യാത്രയിലാണ് ബസ്സ് പരമാവധി ആൾട്ടിറ്റ്യൂഡ് കയറുക.. അതുകൊണ്ടുതന്നെ വെള്ളം കയ്യിൽ കരുതുക. ശ്വാസ സംബന്ധമായ പ്രശ്നമുള്ളവർ അല്ലെങ്കിൽ അമിതമായ പേടിയുള്ളവർ ആണെങ്കിൽ രാവിലെ ഭക്ഷണം കഴിച്ചതിനുശേഷം ഒരു ഗുളിക diamox കഴിക്കുക.. ഇതൊക്കെയാണ് Ams എന്ന അസുഖത്തിന് എതിരെ നമുക്ക് കൈകൊള്ളാൻ പറ്റുന്ന മുൻകരുതലുകൾ.

ഇഞ്ചി ഇറ്റിച്ച വെള്ളം കുടിച്ചാലും ams നെ പ്രധിരോധിക്കാവുന്നതാണ്.അൾട്ടിട്യൂഡ് കെയറുംതോറും നല്ല തണുപ്പ് അനുഭവപ്പെടും. ആയതിനാൽ ബസ് കയറുന്നതിനു മുന്നേ ഏതെങ്കിലും അടുത്തുള്ള ഹോട്ടലിൽ നിന്ന് കുറച്ച് ചൂടുവെള്ളം സംഘടിപ്പിച്ചു കയ്യിൽ വെക്കുന്നത് എന്തുകൊണ്ടും നല്ലതാവും. ടാബോ എത്തുന്നതിനു മുന്നേ നാകോ എന്ന ഒരു ഗ്രാമം കൂടെ ഉണ്ട്. സമയമുണ്ടെങ്കിൽ തീർച്ചയായും കാണേണ്ട ഒരു ഗ്രാമമാണ്. ഗ്രാമത്തിനു നടുവിലുള്ള നാകോ തടാകം ഏറെ പ്രസിദ്ധമാണ്.ടാബോ പോകുന്ന ബസ് 10 മിനിറ്റ് നേരം യാത്രക്കാർക് ചായകുടിക്കാനായി നാകോയിൽ നിർത്തുന്നതാണ്. നേരിട്ട് ടാബോ പോകുന്ന സഞ്ചാരികൾക്കു ആ നിമിഷങ്ങളിൽ ദൂരെനിന്ന് നാകോ നെ ഒന്ന് കണ്ടറിയാം.ബസ് യാത്രകളിൽ ചിത്കുൽ പോലെ തന്നെ മനോഹരമാണ് പിയോ ടാബോ യാത്രയും. ഈ യാത്രയിൽ തന്നെ ആയിരുന്നു അതും സംഭവിച്ചത്.. എന്താണെന്നല്ലേ??

നമ്മുടെ കഥാനായകൻ അങ്ങനെ അവസാനം ഒരു ജാക്കറ്റ് വാങി 🙂 !! അങ്ങനെ ഖുബൈബും ജാക്കറ്റും പിന്നെ ഞങ്ങളും ബസ്സിൽ ടാബോയിലേക്ക്. സത്ലജ് നദിയുടെ അരികിലൂടെയാണ് ഞങ്ങളുടെ യാത്ര മഴ പെയ്തു കുത്തിയിരിക്കുകയാണ് സത്ലജ് നദി അവളുടെ ദേഷ്യം ആ ഒഴുക്കിൽ വ്യക്തമാണെങ്കിലും ആ സൗന്ദര്യത്തെ കവച്ചുവയ്ക്കാൻ ദേഷ്യത്തിന് ആയില്ല എന്നതാണ് സത്യം. മുന്നിൽ വിജനമായ റോഡുകൾ. എപ്പോഴെങ്കിലുമൊക്കെ എതിരെ വരുന്ന വാഹനങ്ങൾ…ഇടയ്ക്കൊക്കെ മുകളിൽനിന്ന് ചെറിയചെറിയ കല്ലുകൾ വീഴുന്നുണ്ട്. നമ്മളെ പോലെ അല്ലല്ലോ, ആ റൂട്ടിൽ സ്ഥിരം ഓടുന്ന ഡ്രൈവർമാർക്ക് നല്ല നിശ്ചയമാണ് അവിടത്തെ പ്രകൃതിയുടെ ലീലാവിലാസങ്ങളെ. ആയതിനാൽ ചിലപ്പോഴൊക്കെ കല്ല് വീഴുന്നത് കണ്ടാൽ ഡ്രൈവർ ബസ് ഒന്ന് സ്ലോ ആകും. എന്നാൽ ചിലപ്പോൾ അതിവേഗം മുന്നോട്ട് നീങ്ങുകയും ചെയ്യും.

നാകോ കഴിഞു ടാബോ എത്തുന്നതിനു മുന്നേ രണ്ടുമൂന്ന് ഗ്രാമങ്ങൾ വേറെയും ഉണ്ട് അവിടെയെല്ലാം ബസ് നിർത്തുകയും ചെയ്യും വെള്ളം കുടിക്കാൻ തോന്നുകയോ അല്ലെങ്കില് മറ്റ് എന്തെങ്കിലും ശരീര അസ്വസ്ഥതകൾ തോന്നുകയാണെങ്കിൽ ഡ്രൈവർന്നോട് ധൈര്യമായിട്ട് പറയാം. അവരുടെ കയ്യിൽ അതിന് പരിഹാരം ഉണ്ടാവും. ഉറപ്പ് !!എന്തായാലും നിങ്ങളെ ഒരിക്കലും അവർ കൈവിടില്ല..ചൈന ബോർഡറിലേക്കുള്ള റോഡ് തിരിയുന്നത് നിങ്ങൾക്ക് ഈ യാത്രയ്ക്കിടയിൽ കാണാം. അതുപോലെതന്നെ പ്രസിദ്ധമായ GUE MUMMY സ്ഥിതിചെയ്യുന്ന ഗ്രാമത്തിലേക്കുള്ള കവാടവും നിങ്ങൾക്ക് നയന വിസ്മയം ഒരുക്കും. അങ്ങനെ എല്ലാം കണ്ടും പറ്റുന്നതെല്ലാം ക്യാമറ കണ്ണിൽ ഒപ്പിയെടുത്തും നാലു മണിയായപ്പോൾ ടാബോ ഗ്രാമത്തിൽ.

ടാബോ – ഇത് വരെ അനുഭവിച്ച അന്തരീക്ഷത്തിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഒരു സ്ഥലം. Tabo monastery നെ ചുറ്റിപ്പറ്റി ഉറങ്ങുന്ന മനുഷ്യരും മൃഗങ്ങളും. ഒരുപാട് ഹോട്ടലുകളും ഹോംസ്റ്റേകളും നമുക്ക് അവിടെ ലഭ്യമാണ്. അങ്ങനെയൊക്കെ ആണെങ്കിലും ടാബോ മൊണാസ്റ്ററിയിലെ തന്നെ താമസം തികച്ചും വ്യത്യസ്തമാണ്. താമസിച്ചാൽ മാത്രം പോരാ അവരിലേക്ക് ഇറങ്ങി ചെല്ലുക കൂടെ വേണം. തികച്ചും വ്യത്യസ്തമായ ജീവിത രീതി. എപ്പോഴും അവരുടെ മുഖത്ത് നിറഞ്ഞു നിൽക്കുന്ന ആ പുഞ്ചിരി, മനസ്സിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു മന്ത്രതന്ത്രങ്ങൾ, കളവില്ലാത്ത നേരിന്റെ വഴിയിലുള്ള ജീവിത രീതി.. ഇങ്ങനെ പലതുമുണ്ട് അവരെ അടുത്തറിഞ്ഞാൽ അവരെ വിശേഷിപ്പിക്കാൻ..

അവിടത്തെ ഡോർമെറ്ററിയിൽ ഇടംപിടിച്ചതിനുശേഷം എല്ലാവരും പുറത്തേക്കിറങ്ങി. ചുറ്റും നോക്കിയപ്പോൾ ഏറെ വിസ്മയിപ്പിച്ച ഒരു കാര്യമായിരുന്നു ‘അങ്ങ് ദൂരെ ഒരു മലയിൽ വെള്ള നിറത്തിൽ എന്തോ എഴുതിയിരിക്കുന്നു’.. പിന്നെ മനസ്സ് നിറയെ ചോദ്യ ചിഹ്നങ്ങൾ ആയിരുന്നു.. എന്താണത്?? എങ്ങനെയാ അത്രയും ഉയരത്തിൽ അത് എഴുതാൻ കഴിഞ്ഞത്??? പെയിൻറ് കൊണ്ട് എഴുതിയതാണോ?? അങ്ങനെയാണെങ്കിൽ മഴ പെയ്തു കഴിഞ്ഞാൽ മഞ്ഞുപോലെ?? ആരായിരിക്കും അത് എഴുതി കാണുക??ഇതെല്ലാം മനസ്സിൽ വെച്ചുകൊണ്ട് ചുമ്മാ ആ എഴുത്തു കണ്ട ഭാഗത്തേക് ഞാനും ഫിറോസും അസ്ലമും കൂടെ നടന്നു.. ബാക്കി ഉള്ളവർ ടാബോ മൊണാസ്ട്രയും മറ്റു ഭാഗങ്ങളും കാണാൻ പോയി.. ഒരിക്കലും കയറാൻ പറ്റും എന്ന് വിചാരിച്ചു പോയതല്ല.. അങ്ങനെ ഒരു ആഗ്രഹം പോലും മനസ്സിൽ ഉണ്ടായിരുന്നില്ല. അങ്ങനെ നടക്കുമ്പോഴാണ് ആ മലയുടെ അങ്ങ് അറ്റത്ത് രണ്ടുപേർ നടക്കുന്നത് കണ്ടത്. അവർക്ക് കയറാം എങ്കിൽ പിന്നെന്താ നമുക്കും കയറികൂടെ എന്ന് ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു ഫിറോസിന്റെ ആ ചോദ്യം. “നമുക്കൊന്ന് കയറി നോക്കിയാലോ”

“നല്ല ദൂരം ഉണ്ട് അത്.. ഇപ്പോൾ കയറിയാലും ഇരുട്ടുമ്പോഴേക്കും തിരിച്ചിറങ്ങാൻ പറ്റി എന്നുവരില്ല”ഞാൻ അവനെ നിരാശപ്പെടുത്തി ?? “ഒന്ന് ട്രൈ ചെയ്തു നോക്കാം” എന്ന് അവൻ വീണ്ടും. “ശരി… വാ നമുക്ക് കയറാം” പറഞു തീർത്തതും പിന്നെ മൂന്നു പേർക്കും അത് കെയറണം എന്ന് ആയി.. തികച്ചും മനോഹരമായ നിമിഷങ്ങൾ.. കയറിയില്ലെങ്കിൽ ജീവിതകാലം മുഴുവൻ വലിയ ഒരു തീരാ നഷ്ടമായേനെ.. അത്രയ്ക്ക് മനോഹരം !! പറയാൻ വാക്കുകളില്ല.. മലമുകളിൽനിന്ന് ടാബോ ഗ്രാമം ഏറെ സുന്ദരി ആണ്.. വിചാരിച്ചതിനെക്കാളും സുന്ദരി..തപസ്സു ലക്ഷ്യമാക്കി ഉണ്ടാക്കിയ ഒരുപാട് ഗുഹകൾ നമുക്ക് മുകളിലേക്ക് കെയറുന്നതിനിടക് കാണാം.. മണ്ണും ചെളികൊണ്ടും ഉണ്ടാക്കിയ ചെറു ഗുഹകൾ.. വിസ്മയിപ്പിക്കുന്ന കാഴ്ചകൾ ആയിരുന്നു അതെല്ലാം.. മനസ്സിൽ നിലനിന്ന ചോദ്യചിഹ്നങ്ങൾക്കെല്ലാമുള്ള ഉത്തരങ്ങളോടടുക ആണെന്ന് ഞാൻ എന്നെനിക് മനസിലായി.. വീണ്ടും മുകളിലേക്.. ഇപ്പോൾ എനിക്കും കൂട്ടുകാർക്കും വെള്ള നിറത്തിലുള്ള ആ എഴുത് ഒന്നുംകൂടെ വ്യക്തമായിട്ട് കാണാം.. കല്ലുകളിൽ വെള്ള നിറം കൊണ്ട് രൂപകൽപന ചെയ്ത ഒരു മന്ത്രം.. അതാണ്‌ അവിടെ എഴുതിവെച്ചിരിക്കുന്നത്.. ! Dalai lama യുടെ പിറന്നാൾ ദിനമായ ജൂലൈ ആറാം തിയതി ഈ മന്ത്രം പുതുക്കി എഴുതും എന്നതാണ് വാസ്തവം.. ആ ദിവസത്തോടനുബന്ധിച്ചിട്ട് വിവിധ പ്രാർത്ഥനകളും കർമ്മങ്ങളും എല്ലാം ടാബോൽ കാണാവുന്നതാണ്. ഗുഹയിൽ തപസ്സ് ചെയ്യുന്ന ബുദ്ധന്മാരെയും അന്ന് യഥേഷ്ടം കാണാം…

ആ മന്ത്രങ്ങൾ എന്തിനെ ആണ് സൂചിപ്പിക്കുന്നതെന്ന് സമീപവാസിയോട് ചോദിച്ചപ്പോൾ ലഭിച്ച ഉത്തരം ഇപ്പോഴും ഒരു ഇടിമിന്നൽ പോലെ കാതുകളിൽ മുഴങ്ങുന്നു “അതിൽ നിങ്ങൾ ഒന്നുമില്ല എന്ന് കരുതിയാൽ, ചില അക്ഷരങ്ങളുടെ സംയോജനത്തിലപ്പുറം ഒന്നുമല്ലാത്ത ഒന്നാവും അത്.. എന്നാൽ അതിൻറെ പൊരുളുകളിലേക് ആഴ്ന്നിറങ്ങിയാൽ, എല്ലാം ഉണ്ട് അതിൽ”In simple.. It is nothing.But if u go deeper, it is everything!!! അത്രക്കും ശക്തിയേറിയ ഒരു മറുപടി.പക്ഷേ ഒന്ന് എനിക്ക് മനസ്സിലായി, അതിൻറെ പൊരുൾ തേടി ഞാൻ പോയാൽ, എന്റെ ശേഷ ജീവിതം ടാബോയിൽ ആവും ഞാൻ ജീവിച്ചു തീർക്കുക എന്ന സത്യം !!! നേരം ഇരുട്ടുന്നത് കണ്ട് ഞങൾ താഴേക്കു കുതിച്ചു.. സമയം ഇപ്പോൾ 8മണി.. അവിടെ അങ്ങനെയാണ്. ഒന്ന് ഇരുട്ടാൻ നേരം ഏറെ വൈകും…പിന്നീട് ഭക്ഷണം കഴിച്ചു, സ്പിറ്റി വാലിനെ സ്വപ്നം കണ്ട് നേരെ ബെഡിലേക്. അന്നേ ദിവസം സംഭവിച്ച കാര്യങ്ങളെപ്പറ്റി ആലോചിച്ചു കിടക്കുമ്പോഴായിരുന്നു ഫിറോസിന്റെ ആ വിളി

“ എടാ എല്ലാവരും വേഗം വാ… ആകാശത്തേക്ക് നോക്ക്”ഉഫ് !! എന്താ ഭംഗി :* നീല നിറത്തിലുള്ള ആകാശം.. നിറയെ നക്ഷത്രങ്ങൾ.. സ്പിറ്റിലെ ഒരു പ്രേത്യേകത അവിടത്തെ ആകാശങ്ങളിലെ വർണ്ണങ്ങൾ ആണെന്ന് കേട്ടിട്ടുണ്ട്.. അത് കൺകുളിർക്കെ നേരിട്ട് കാണാനുള്ള ഭാഗ്യം ലഭിച്ചത് ടാബോയിൽ നിന്നായിരുന്നു..ഏറെ സന്തോഷത്തോടെ, വിളിച്ചുണർത്തി ഈ വിസ്മയം കാണിച്ചു തന്നതിന് ഫിറോസിനോട് മനസ്സ് കൊണ്ട് നന്ദി പറഞു വീണ്ടും ഉറക്കത്തിലേക്.

ടാബോ ടു കാസ — ടാബോയിൽനിന്ന് കാസയിലേക്കുള്ള ബസ് 8 നും 9:30നും ഇടക്ക് ടാബോ ബസ് സ്റ്റാൻഡിൽ എത്തും.കവാടം കടന്നു ബസ് ഉള്ളിലേക്ക് വരില്ല.. പകരം നമ്മൾ മെയിൻ റോഡിൽ പോയി നിൽക്കണം. രണ്ടോ മൂന്നോ മണിക്കൂർ നീണ്ട യാത്ര .ആ യാത്രയിൽ ഞങ്ങൾ 9 പേർ ആയിരുന്നു ഉണ്ടായിരുന്നത്. ഫിറോസ് രാവിലെ നേരത്തെ എഴുന്നേറ്റതുകൊണ്ട് അവനു ആ വഴിക്ക് പോവുന്ന ഒരു ലോറിയിൽ ലിഫ്റ്റ് കിട്ടി.അങനെ ടിക്കറ്റും എടുത്ത് തമാശകളും പറഞു യാത്ര ചെയുമ്പോഴായിരുന്നു ആ സംഭവം “എതിർ വശത്തു നിന്ന് വന്ന ഒരു ടെമ്പോ ട്രാവലർ ബാലൻസ് വിട്ട് വന്നിടിക്കുക ആയിരുന്നു ബസ്സിനെ “..ഭാഗ്യം എന്ന് മാത്രം പറയാം..മറുഭാഗത് കൊക്ക അല്ലാത്തതുകൊണ്ട് ഇന്നും ജീവൻ ബാക്കി..ശെരിക്കും ഈശ്വരനെ നേരിട്ട് കണ്ട നിമിഷങ്ങൾ..അത്രക്കും വേഗതയിലായിരുന്നു ടെമ്പോ ട്രാവലറിന്റെ ആഗമനം എന്നതാണ് സത്യം..

ബസ്സിന്റെ ചില്ലും ഹെഡ്‍ലൈറ്റും പൂർണമായും നശിച്ചു ..മുൻഭാഗം ചരിഞ്ഞത് കൊണ്ട് ടയർ വളക്കാൻ പറ്റുനിലാ..അങനെ ഏകദേശം ഒരു മണിക്കൂർ അവിടെ കട്ട പോസ്റ്റ് എന്നു തന്നെ പറയാം..ഡ്രൈവർ എന്തൊക്കെ ചെയ്തിട്ടും ബസ് ന്റെ ടയർ അനങ്ങുന്നില്ല. അവസാനം ആ വഴിയെ പോകുന്ന പട്ടാളം പരിശ്രമിച്ചു എന്നിട്ടും ടയറിന് അനങ്ങാൻ യാതൊരു ഭാവവും ഇല്ല മാറി മാറി പരിശ്രമിച്ചിട്ടും യാതൊരു ഗുണവും ഉണ്ടായില്ല..പക്ഷെ അതെ സമയം ഇടിച്ച ടെമ്പോ ട്രാവലേറിന്റെ ഡ്രൈവറെ നോക്കുമ്പോൾ സങ്കടം തോന്നിപ്പോവും.. ആകെ പേടിച്ചു പോയി പാവം..അവന്റെ മൂന്ന് ദിവസത്തെ പണിയുടെ പൈസ കൊടുത്താലും ഇതിൽ നിന്ന് രക്ഷപെടാൻ പറ്റില്ലെന്ന് അവനു ഉറപ്പായിരുന്നു..അവസാനം അവന്റെ പരിശ്രമം കൊണ്ട് തന്നെ, അവനാൽ ഉണ്ടാക്കി വെച്ച കുടുക് അവൻ തന്നെ ഊരി .ടയർ ചലിച്ചു തുടങി. .നല്ല ഒരു തുക കോംപെണ്സഷന് കൊടുത്തതിനു ശേഷം ദയനീയമായ അവന്റെ മുഖത്തോടു യാത്ര പറഞു ഞാനും എന്റെ കൂട്ടുകരും യാത്ര പുരോഗമിച്ചു ..അങനെ ഉച്ച ആവുമ്പോഴേക്കും കാസയിൽ.

ബാസ്പായും, സത്ലജ്ഉം, പിൻ പാർവതിയും എല്ലാം കണ്ട് പിന്നിലാക്കി സ്പിറ്റി എന്ന സുന്ദരിയുടെ മടിത്തട്ടിൽ.കുത്തിയൊഴുകുന്ന മറ്റു നദികളിൽ നിന്ന് വേറിട്ട്, പ്രേത്യേക ആകൃതിയിൽ  ഒഴുകുന്ന സ്പിറ്റി വാലി.. ആ വേറിട്ടുള്ള അവളുടെ ഒഴുക്ക് തന്നെയാണ് അവളുടെ സൗദര്യവും..അവളുടെ തീരത്തു സ്ഥിതിചെയ്യുന്ന താരതമ്യേന ഒരു വലിയ ടൌൺ ആൺ കാസ.ഹോട്ടലുകളും ഹോംസ്റ്റേയ്ക്കലും ബൈക്ക് റെന്റൽ ഷോപ്പുകളുമെല്ലാമുള്ള ഒരു വലിയ ടൌൺ.എത്തിയ ഉടൻ തന്നെ ബൈക്ക് എടുത്ത് മുകളിലേക്കു പോവുക എന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ.

എന്നാൽ അപ്പോഴായിരുന്നു ഞങ്ങൾക് അതിന്റെ നിയമാവലി മനസിലായത്..ബൈക്ക് 12 മണികൂറിനാണ് റെന്റ്. അല്ലാതെ 24 മണിക്കൂറിനല്ല.. അതായത് രാവിലെ 8 മണിക് ബൈക്ക് എടുക്കുക, രാത്രി ഒരു 9 മണിക് തിരിച്ചു ഏല്പിക്കുക..എല്ലാവരും ആ കാര്യം ഒന്ന് ശ്രദ്ധിക്കുക..മറിച്ചു നമ്മൾ ഒന്നും അറിയാതെ ഉച്ചക് പോയി ബൈക്ക് എടുക്കുക ആണെകിൽ,അന്ന് രാത്രി 9 മണിക് തന്നെ തിരിച്ച നൽകേണ്ടി വരും .അല്ലെങ്കിൽ അവർ 2 ദിവസത്തിന്റെ ചാർജ് ഈടാക്കുന്നതായിരിക്കും.അതുപോലെ ബൈക്ക് എടുക്കുമ്പോൾ കണ്ടീഷൻ നന്നായി ചെക്ക് ചെയ്യുക..ഓടിച്ചു നോക്കി മാത്രം ബൈക്ക് എടുക്കുക..ചെയിനും സോക്കറ്റും പ്രത്യേകിച്ച് നോക്കുക..1200 രൂപ ആണ് ബുള്ളറ്റിനു (350&500)12 മണിക്കൂറിലേക്കുള്ള റെന്റ്. ഞങൾ 5 എണ്ണം എടുത്തതുകൊണ്ട് 1000 രൂപ എന്ന നിലയിൽ കിട്ടി..സ്കൂട്ടി 600-800 രൂപ റേഞ്ച്ലും കിട്ടുന്നതായിരിക്കും…ഹിമാലയൻ മോഡലിന് 1500-1800 രൂപയും…( regzin himalayan cafe 8988776508). അങനെ ഞങ്ങൾ പ്ലാനും മാറ്റി ഹിമാലയൻ കഫേയിൽനിന്ന് 5 ബൈക്കും എടുത്ത് അടുത്ത ദിവസത്തേക്ക് ബുക്ക് ചെയ്ത് നേരെ മുദ് വില്ളേജിലെക് വെച്ച് പിടിച്ചു. (തുടരും..).

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply