മൈസൂർ – ബത്തേരി വഴിയുള്ള മടക്കയാത്ര !!

ഞായറാഴ്ച്ച തിരികെ ബെങ്കളൂരുവിൽ നിന്ന് നാട്ടിലേക്ക് പോകുവാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പക്ഷേ വ്യാഴാഴ്ച്ച വൈകിട്ട് ചില കാരണങ്ങളാൽ തീരുമാനം മാറ്റി വെള്ളിയാഴ്ച്ച തന്നെ (12-08-2016) നാട്ടിലേക്ക് തിരിക്കുവാൻ തീരുമാനിച്ചു. വീക്കെൻ്റായതിനാലും തിങ്കളാഴ്ച്ച സ്വാതന്ത്ര്യദിനം ആയതിനാലും നാട്ടിലേക്കുള്ള സകല വണ്ടികളും ഫുൾ ആയിരുന്നു..

കേരളാ കർണാടകാ തമിഴ്നാട് സർക്കാർ ബസ്സുകളും, സകല സ്വകാര്യ ബസ്സുകളും ഫുൾ എന്ന് കണ്ടു. എങ്ങനെ പോകണം എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് വയനാട് മനസ്സിലേക്ക് വരുന്നത്. കയറി ഇറങ്ങൽ വിദഗ്ദനായ ശങ്കരേട്ടനെ ബന്ധപ്പെട്ടു. കക്ഷി വിവിധ വഴികൾ ആലോചിച്ച് അവസാനം വെള്ളിയാഴ്ച്ച രാവിലെ മൈസൂർ-ബത്തേരി വഴി പോകുവാൻ നിർദ്ദേശിച്ചു..കക്ഷി തന്നെ വണ്ടികളും ബുക്ക് ചെയ്ത് തന്നു. അവസാനനിമിഷ പ്ളാനിങ്ങായതുകൊണ്ട് ബാക്ക് സീറ്റാണ് ലഭിച്ചത്.

വെള്ളിയാഴ്ച്ച രാവിലെ 07:45 ന് ജിഷ്ണുചേട്ടനോടും റൂമിലെ മറ്റുള്ളവരോടും യാത്ര പറഞ്ഞ് ഇറങ്ങി. അപ്പോഴേക്കും എനിക്കുള്ള ക്യാബ് വന്നിരുന്നു. തണുപ്പിനെ കീറിമുറിച്ചുകൊണ്ട് വണ്ടി സാറ്റലൈറ്റ് ബസ്സ് സ്റ്റേഷനിലേക്ക് കുതിച്ചു. സാറ്റലൈറ്റിൽ നിന്ന് 10:30 മണിക്കാണ് എനിക്കുള്ള ബസ്സ്. രാവിലെയായിരുന്നിട്ടും റോഡിൽ വലിയ തിരക്കില്ലായിരുന്നു. ഏകദേശം ഒരു മണിക്കൂറത്തെ യാത്രക്ക് ശേഷം മൈസൂർ റോഡിലെ സാറ്റലൈറ്റ് ബസ്സ് സ്റ്റേഷന് മുൻപിലെത്തി. ഇനിയും ഒരു മണിക്കൂറിന് മുകളിൽ സമയം മിച്ചമുണ്ട്..

നമ്മുടെ ആനവണ്ടികളുടെ പരമാവധി ചിത്രങ്ങൾ പകർത്തുകയാണ് ലക്ഷ്യം. ആനകളുടെ വിശ്രമകേന്ദ്രം ലക്ഷ്യമാക്കി ഞാൻ നടന്നു. ക്യാമറയും തയ്യാറാക്കി വെച്ചിരുന്നു. നമ്മുടെ കൊമ്പന്മാർ എല്ലാം വന്ന് കേറിയതിന്റെ ക്ഷീണത്തിൽ ഉറക്കം തുടങ്ങിയിരുന്നു. ഞാൻ പതിയെ ചിത്രങ്ങൾ പകർത്താൻ തുടങ്ങി. വിശപ്പിന്റെ വിളി വന്നു തുടങ്ങിയിരുന്നുവെങ്കിലും കാര്യമാക്കിയില്ല..

ഇടക്കിടക്ക് ബാങ്കർ വിളിച്ച് ഏതൊക്കെയാണ് വണ്ടികൾ വന്ന് കിടക്കുന്നത് എന്ന് വിളിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു. കയറാനുള്ള വണ്ടികളുടെ ചാർട്ട് തയ്യാറാക്കുവാനാണെന്ന് വ്യക്തം. ഒരുവിധം വണ്ടികളുടെ ചിത്രം പകർത്തിയതിന് ശേഷം ഒരു ഹോട്ടൽ അന്വേഷിച്ച് നടന്നുവെങ്കിലും കണ്ടെത്തിയില്ല.. കൂൾഡ്രങ്കും ചെറുകടിയും കൊണ്ട് വിശപ്പ് ശമിപ്പിക്കാൻ തീരുമാനിച്ചു, ബേക്കറിയിലേക്ക് പോയി.

09:45 മണി കഴിഞ്ഞപ്പോൾ വണ്ടിയുടെ നമ്പറും ക്രൂ നമ്പറും ഉള്ള മെസേജ് വന്നു. കോഴിക്കോടിന്റെ RPE510 ആണ് വണ്ടി. 10:15 ഓടെ ആറാമത്തെ പ്ളാറ്റ്ഫോറത്തിൽ വണ്ടി പിടിക്കുമെന്ന് അറിഞ്ഞു. ഞാൻ പ്ളാറ്റഫോറം 6ന് അടുത്ത് വെയിറ്റ് ചെയ്തു. ആകെ ബഹളമാണ് സ്റ്റാൻഡിൽ.. മൈസൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള കർണാടക സാരിഗയിൽ ആളെ വിളിച്ച് കയറ്റാൻ മത്സരിക്കുകയാണ് കണ്ടക്ടര്‍മാര്‍. കൂട്ടിന് അവരുടെ സാരഥിമാരും.. ഇത് നമ്മുടെ നാട്ടിലെ സ്വാകാര്യ ബസ്സ് സ്റ്റാൻഡുകളിലേ കൂടുതലായും കാണാൻ സാധിക്കൂ.

ഏതാണ്ട് 10:15 മണിയോടെ എനിക്ക് പോവേണ്ട ബസ്സ് കോഴിക്കോട് ബോർഡിൽ ട്രാക്ക് പിടിച്ചു.. ഞാൻ കയറി. പ്രതീക്ഷിച്ച പോലെ വണ്ടി ഫുൾ റിസർവ്വേഷനാണ്. എന്റെ സീറ്റ് പിന്നിൽ നിന്ന് രണ്ടാമത്തെ വലത്തേ വിൻഡോ സീറ്റും. കോഴിക്കോടേക്കാണ് ഭൂരിഭാഗം ടിക്കട്ടുകളും. എനിക്ക് ഇറങ്ങേണ്ടത് സുൽത്താൻ ബത്തേരിയിലാണ്. 1045 ഓടെ വണ്ടി വിട്ടു. ടൗണിൽ വലിയ ബ്ളോക്കില്ലായിരുന്നു. ടൗൺ ലിമിറ്റ് കഴിഞ്ഞപ്പോൾ വണ്ടി സ്പീഡെടുത്തു.വെയിൽ ഉറച്ചെങ്കിലും തണുപ്പ് വിട്ടുമാറിയിട്ടില്ല. മൈസൂർ റോഡിലൂടെ കൊമ്പൻ ചിന്നംവിളിച്ച് പാഞ്ഞു. പിന്നിലേക്ക് ഓടിമറയുന്ന പ്രകൃതിയുടെ ദൃശ്യവിരുന്ന് ഞാൻ ജനാലയിലൂടെ ആസ്വദിച്ചിരുന്നു.

ഉച്ച തിരിഞ്ഞ് 01:15 മണിയോടെ മൈസൂർ എത്തി. വീക്കെൻഡ് തിരക്കുകളൊക്കെ കൊണ്ടാവണം, സ്റ്റാൻഡിൽ തിരക്ക് ഭയങ്കരം. അവിടെ 5 മിനുട്ട് പോലും കിടന്നില്ല.റിസർവ്വേഷൻ ടിക്കട്ട് കയറിയ ഉടനേ തന്നെ വണ്ടി വിട്ടു. ടൗൺ വിട്ട് പുറത്തിറങ്ങിയ ഉടനേ തന്നെ വണ്ടി വീണ്ടും സ്പീഡെടുത്തു. കൃത്യതയാർന്നതും സേഫുമായ ഡ്രൈവിങ്ങ്. റോഡിന് വശങ്ങളിലെ ദൃശ്യവിരുന്ന് മനസ്സിന് കുളിർമ്മ നൽകുന്നതാണ്. ഏകദേശം 02:45 മണിയോടെ ഗുണ്ടൽപേട്ടിന് അടുത്ത് ഒരു മലയാളി ഹോട്ടലിന് മുന്നിൽ ഭക്ഷണത്തിനായി നിർത്തി.

വിശപ്പില്ലായിരുന്നതിനാൽ ഞാൻ അവിടെ നിന്ന് ഫോട്ടോ എടുക്കുവാൻ തീരുമാനിച്ചു. കുറച്ച് ഫോട്ടോകൾ എടുത്തതിന് ശേഷം ഒന്ന് കറങ്ങിയിട്ട് വന്നു കൂൾഡ്രങ്കിസ് വാങ്ങി വണ്ടിയിൽ വെച്ചു. അപ്പോഴേക്കും എല്ലാവരും കഴിച്ച് വന്നിരുന്നു. 10-15 മിനുട്ടത്തെ ഇടവേളക്ക് ശേഷം യാത്ര പുനരാരംഭിച്ചു. ഞാനപ്പോൾ ഇടത്തേ വിൻഡോ സീറ്റിലേക്ക് മാറിയിരുന്നു..അധികം വൈകാതെ തന്നെ ബസ്സ് വനത്തിലേക്ക് പ്രവേശിച്ചു. ചെറു ചാറ്റൽ മഴയോടെ വനത്തിലേക്ക് പ്രകൃതി ഞങ്ങളെ സ്വീകരിച്ചു.

ചെക്ക് പോസ്റ്റ്‌ കഴിഞ്ഞ് വനത്തിലേക്ക് പ്രവേശിച്ചപ്പോൾ ഡ്രൈവർ വണ്ടിയുടെ വേഗത കുറച്ചു. വന്യജീവികൾ റോഡിൽ വെച്ച് അപകടത്തില് പെടാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയ്ക്കാണ് ഇത്. കൂടാതെ സ്പീഡ് നിയന്ത്രിക്കാൻ ധാരാളം ഹമ്പുകളും. വനത്തിലൂടെ പോകുംതോറും തണുപ്പ് കൂടി വരുന്നപോലെ തോന്നി.ചുറ്റും പച്ചപ്പ് മാത്രം… പ്രകൃതിയുടെ തലോടലേറ്റ് നിശബ്ദമായ വനത്തിലൂടെ നമ്മുടെ കൊമ്പൻ ചിന്നംവിളിച്ച് ഓടി..പോകുംവഴിക്ക് ഒരു കൊമ്പനെ പ്രതീക്ഷിച്ചു എങ്കിലും നിരാശയായിരുന്നു ഫലം.

പക്ഷേ കുറച്ച് മാനുകളെയും കുരങ്ങന്മാരെയും കണ്ടു എന്നത് ആശ്വാസമായി. ഏതാണ്ട് വിജനമായ വനപാതയിലൂടെയുള്ള യാത്ര അവിസ്മരണീയം തന്നെ. ബന്ദിപ്പൂർ വനമേഖലയിലൂടെ യാത്ര ചെയ്യുമ്പോൾ യാത്രാവാഹനം നിർത്തരുതെന്നും മറ്റുമുള്ള ബോർഡുകളുടെ അടുത്ത് തന്നെ വണ്ടികൾ ഒതുക്കിയിട്ട് പുറത്തിറങ്ങി സെൽഫികളെടുക്കുന്ന, പുറത്തിറങ്ങി വർത്തമാനം പറഞ്ഞ് നിൽക്കുന്ന മലയാളി ടീമുകളെ ഞങ്ങൾക്ക് കാണാൻ സാധിച്ചു. എന്ത് ചെയ്യരുതോ, അത് ചെയ്യാനാണല്ലോ നമ്മൾക്കിഷ്ടം !! അപകടം പതിയിരിക്കുന്നത് കൊണ്ടാവണമല്ലോ ചില സ്ഥലങ്ങളിലെങ്കിലും അറിയിപ്പ് നൽകിയിരിക്കുന്നത്.. അത് അവഗണിക്കാതെ വനമേഖലക്ക് ദോഷമുണ്ടാക്കാതെ കടന്ന്പോകുവാൻ എല്ലാവരും ശ്രദ്ധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോയി.

കുളിർതെന്നലിന്റെ അകമ്പടിയോടെ ആനവണ്ടി വീണ്ടും ചിന്നംവിളിച്ചോടി. അതിർത്തി കടക്കാറായപ്പോൾ ഒരു ബൊലേറോ റോഡിന് എതിരേ വന്ന് ചവിട്ടി.. ചാടിയിറങ്ങിയത് രണ്ട് ചെക്കിങ്ങ് ഇൻസ്പെക്ടർമാർ. ചാടിക്കയറി അവർ ടിക്കട്ടുകൾ പരിശോധിക്കാൻ തുടങ്ങി. വണ്ടി മുന്നോട്ടു നീങ്ങാനും.. അവർ വന്ന ബോലേറോ ഞങ്ങളുടെ പിന്നിൽ തന്നെ എസ്കോർട്ടായി വരുന്നുണ്ടായിരുന്നു. ടിക്കട്ടുകൾ പരിശോധിച്ച് തൃപ്തിപ്പെട്ട് അവർ ഇറങ്ങി ജീപ്പിൽ കയറി വീണ്ടും പിറകോട്ട് , കാട്ടിലേക്ക് പോയി, ഞങ്ങൾ നാട്ടിലേക്കും.. ഇവര് കാടിനകത്തേ പരിശോധിക്കത്തൊള്ളൂ എന്ന് എനിക്ക് തോന്നി.

ഏകദേശം വൈകുന്നേരം 4 മണിയോടെ മുത്തങ്ങ കടന്നു ഞങ്ങൾ 0420 ഒാടെ ബത്തേരി സ്റ്റാൻഡിൽ എത്തി. ഞാനിറങ്ങി സ്റ്റാൻഡ് ഒന്നു നടന്നു കണ്ടു. അപ്പോഴേക്കും ഞാൻ വന്ന വണ്ടി കോഴിക്കോട് ലക്ഷ്യമാക്കി കുതിക്കുവാൻ തുടങ്ങിയിരുന്നു. വിശപ്പിന്റെ വിളിയുള്ളതുകൊണ്ട് ഞാൻ ക്യാൻടീൻ ലക്ഷ്യമാക്കി നടന്നു. സ്റ്റാൻഡിന് അകത്ത് തന്നെയാണ് ക്യാൻടീൻ. അവിടെ കയറി പൊറോട്ടയും ഗ്രീൻപീസ് കറിയും കഴിച്ചു. കുഴപ്പമില്ലാത്ത ഭക്ഷണം. കഴിച്ചിറങ്ങിയപ്പോൾ മഴ തുടങ്ങിയിരുന്നു.മഴ കാര്യമാക്കാതെ സ്റ്റാൻഡിലേക്ക് ഞാൻ ഓടിക്കയറി.

എനിക്ക് ഇനി കോട്ടയത്തിന് പോകേണ്ട വണ്ടി പെരിക്കല്ലൂരിൽ നിന്ന് വരുന്ന കോട്ടയം ഡീലക്സാണ്. അതിന്റെ ബത്തേരി സമയം 07 മണിയും. ഇനിയും കിടക്കുന്നു 02മണിക്കൂറോളം. സ്റ്റാൻഡിൽ തന്നെ വെയിറ്റ് ചെയ്യാൻ ഞാൻ തീരുമാനിച്ചു. മഴയുടെ കാഠിന്യം കൂടിവന്നു. തണുപ്പിന്റെയും. 06:50 മണിയായപ്പോൾ ഡീലക്സ് ട്രാക്കിലേക്ക് വന്നു. വണ്ടിക്ക് മുന്നിൽ ഇടി, ബസ്സിൽ കയറാൻ.. റിസർവ്വേഷനാണ് എല്ലാവരും, പക്ഷേ പിന്നെന്തിനാണ് ഈ ഇടി കൂട്ടുന്നതെന്ന് ഒരു പിടിയുമില്ല.

ഒരുവിധം ഞാൻ കയറി സീറ്റ് കണ്ടുപിടിച്ചു. എട്ടാം നമ്പര്‍ സീറ്റാണ്, വിൻഡോയല്ല. കയറി ബാഗ് വെച്ച് ഇരുന്നു. RSC766 ആണ് ബസ്സ്. കോട്ടയം ഡിപ്പോയുടെ വണ്ടി. വോൾവോ മൾട്ടി ബാങ്കളൂർ റൂട്ടിലേക്ക് വന്നപ്പോൾ വെറുതേ കിടന്ന രണ്ടു ഡീലക്സുകൾ എടുത്ത് തുടങ്ങിയ സർവ്വീസാണ് കോട്ടയം -പെരിക്കല്ലൂർ സർവ്വീസ്. പെരിക്കല്ലൂർ ജനം ഹൃദയത്തിലേറ്റിയ സർവ്വീസ്. കേരളത്തിനകത്തും ലോങ്ങ് സർവ്വീസിന് ഡീലക്സ് പോലെ വണ്ടികളിട്ടാൽ ജനം സ്വീകരിക്കും എന്ന് വീണ്ടും തെളിയിച്ച സർവ്വീസ്.

വണ്ടിയുടെ പുറമേ നിന്ന് വലിയ പ്രശ്നമില്ലാ എങ്കിലും ഉൾവശം കണ്ടാൽ സങ്കടമാവും. വിൻഡോ കർട്ടൺ ഒന്നുപോലുമില്ല ! സീറ്റുകളുടെ ബാക്കിലെ ബോട്ടിൽ ഹോൾടർ ഒക്കെ കീറി പറിഞ്ഞിരിക്കുന്നു. ചില സീറ്റുകളുടെ അവസ്ഥയും കഷ്ടം തന്നെ. വോൾവോ പൊളിച്ചടുക്കുന്ന കോട്ടയത്തൂന്ന് ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതിയല്ലോ!!

വണ്ടിയുടെ അവസ്ഥയെക്കുറിച്ച് അലോചിച്ചിരിക്കുമ്പോൾ കണ്ടക്ടർ വന്നു ടിക്കട്ടുകൾ പരിശോധിക്കാൻ തുടങ്ങി. 2-3 പേര് വരാഞ്ഞതിനാൽ 15 മിനുട്ടോളം അവിടെ കൂടുതൽ കിടന്നു. കണ്ടക്ടർ അവരെ വിളിച്ചിട്ട് കിട്ടാത്തതിനാലാണ് 15 മിനുട്ട് കൂടെ അവർക്കായി നിന്നത്. എന്നിട്ടും കാണാതായപ്പോൾ വണ്ടി എടുത്തു. കോഴിക്കോട് നിന്നുള്ള റിസർവ്വേഷൻ സീറ്റിലേക്ക് ബത്തേരി – കോഴിക്കോട് ആളെ വിളിച്ച് കയറ്റാൻ കണ്ടക്ടർ മറന്നില്ല.. 08 മണിയോടെ കൽപ്പറ്റ എത്തി. അവിടെ നിന്നും കുറച്ച് റിസർവ്വേഷൻ ടിക്കട്ടുകള് കയറി.
വണ്ടി വീണ്ടും കുതിച്ച് തുടങ്ങി. ടാറ്റാ വണ്ടികളുടെ പാരമ്പര്യമായ അലർച്ചയും കൂവലും ഇതിനും ഉണ്ടായിരുന്നു എങ്കിലും യാത്ര സുഖകരമായിരുന്നു എന്ന് പറയാതെ വയ്യ. ഒരു വിൻഡോക്ക് മുകളിലെ ചെറിയ ഗ്ളാസിന് പകരം തകരപ്പാട്ട അടിച്ച് വെച്ചിരിക്കുന്നു. വണ്ടി ഓടുമ്പോൾ അതുണ്ടാക്കുന്ന ശബ്ദം കാരണം ഉറക്കം ശരിയായില്ല. വണ്ടി പതിയെ ചുരമിറങ്ങാൻ തുടങ്ങി. ചെറിയ കോടയും എതിരെ ഹെവി വണ്ടികളും ഉൾപ്പെടെ ധാരാളം വണ്ടികളും യാത്ര ഹരം കൊള്ളിക്കുന്നതായി. ഡ്രൈവർ ചേട്ടന് ഇതൊന്നും പുതിയ കാര്യമല്ല എന്ന മട്ടിലാണ് ചുരം ഇറക്കം..സൈഡ് നോക്കി കണ്ടക്ടർ ചേട്ടനും ഡ്രൈവർക്കൊപ്പമുണ്ട്. ചുരമിറക്കം ഒരു അനുഭവം തന്നെ.

ഏതാണ്ട് 10:15 ഒാടെ വണ്ടി കോഴിക്കോട് സ്റ്റാൻഡിൽ എത്തി. ഒരു പെരുന്നാളിനുള്ള ആളുണ്ട് അവിടെയും. ഡീലക്സിൽ സീറ്റ് അന്വേഷിച്ച് വരുന്നവർക്ക് കൈയ്യും കണക്കുമില്ല. റിസർവ്വേഷൻ ആളുകളെയും എടുത്ത്കൊണ്ട് ഉടനെ തന്നേ കോഴിക്കോടിനോട് വിടപറഞ്ഞ് യാത്ര തുടർന്നു. 10:30 ഓടെ ഡിന്നർ കഴിക്കാൻ രാമനാട്ടുകരയ്ക്ക് അടുത്ത് എവിടോ നിർത്തി. പിന്നാലെ കുടിയാന്മല പാലയും ഉണ്ടാർന്നു.

ഡിന്നർ കഴിഞ്ഞ് വണ്ടി യാത്ര തുടർന്നു. അത്യാവശ്യം നല്ല സ്പീഡിൽ തന്നെയാണ് പോക്ക്. അകത്തെ “താരാട്ട് പാട്ട്” കാരണം ഹെഡ്ഫോണിൽ പാട്ട് വെച്ച് ഉറങ്ങേണ്ടി വന്നു. കാര്യമിതൊക്കെയാണേലും വണ്ടിയുടെ പെർഫോർമൻസ് നല്ലതാണ്. ഒന്നുറങ്ങി കണ്ണുതുറക്കുമ്പോൾ തൃശ്ശൂർ ടൗണിലേക്ക് വണ്ടി കയറുന്നു. വെളുപ്പിനെ 01:15 ഓടെ വണ്ടി തൃശ്ശൂർ എത്തി. അവിടെയും അധികം കിടന്നില്ല. സമയം വെച്ച് പെട്ടന്ന് തന്നെ വണ്ടി എടുത്തു. കൂടെ ബെങ്കളൂരു – പാലാ ഡീലക്സും. പുതുക്കാട് വരെ പാലാക്കാരൻ അച്ചായൻ മുന്നേ പോയെങ്കിലും പുതുക്കാട് വെച്ച് അച്ചായനെ തോൽപ്പിച്ചു ഞങ്ങൾ മുന്നിൽ കയറി.

പെരുമ്പാവൂർ വെച്ച് കോയമ്പത്തൂർ – കൊട്ടാരക്കര സൂപ്പർ RSE625 നെ കണ്ടു. അവരെയുമെല്ലാം കടത്തിവെട്ടി ഡീലക്സ് കുതിച്ച് പാഞ്ഞു. ഏകദേശം 04:20 ഓടെ കോട്ടയത്ത് എത്തി. തൊട്ടുപിറകേ 625 ഉം. ഓടിയിറങ്ങി അവനിൽ കയറി ചങ്ങനാശ്ശേരി ടിക്കട്ടെടുത്തു. 04:45 ന് ചങ്ങനാശ്ശേരിയും 05:15 ഓടെ വീടും എത്തി. തലേന്ന് രാവിലെ 07:45 ന് തുടങ്ങിയ ഏതാണ്ട് 22 മണിക്കൂർ യാത്ര അങ്ങനെ ഇന്ന് വെളുപ്പിന് 05:15 ഓടെ അവസാനിച്ചു.

വിവരണം : സിറിള്‍  ടി. കുര്യന്‍

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply