മനസ്സിൽ നിറയെ പ്രണയവുമായി ഒരു കുടജാദ്രി യാത്ര…!!

മനസ്സ്‌ നിറയെ പ്രണയവുമായി നടന്നിരുന്ന കാലത്ത് മോഹം എന്ന ആൽബത്തിലെ പാട്ടിന്റെ വരികളിലൂടെ എന്റെ മനസ്സിലും മോഹമായി മാറിയ കുടജാദ്രി.കുടജാദ്രിയില്‍ കുട ചൂടുമാ കൊടമഞ്ഞു പോലെയീ പ്രണയം.  ഇപ്പോൾ എന്റെ പ്രണയം മഞ്ഞിനോടും മഴയോടും യാത്രകളോടും.

കുറച്ചു നാളുകളായി മനസ്സിൽ കൊണ്ടു നടന്ന ഒരു മോഹത്തിലേക്ക് ഞാൻ ഇന്ന് യാത്ര തുടങ്ങുകയാണ്… എന്നും സൗഹൃദങ്ങളോടൊപ്പം യാത്ര ചെയ്തിരുന്ന എന്റെ ഈ യാത്ര തനിച്ചാണ്…. അപ്പോൾ ഞാൻ മൂകാംബിക, കുടജാദ്രി,മുരുടേശ്വർ, ഭട്കൽ ഒക്കെ പോയി വരാട്ടോ….

ഈ യാത്ര തനിച്ചു പോകണംന്ന് തീരുമാനിക്കുമ്പോഴും എങ്ങനെ എന്നത് എനിക്കറിയില്ലായിരുന്നു….. കേട്ടും വായിച്ചും മാത്രം അറിയുന്ന ഒരു സ്ഥലം…എന്റെ ലക്ഷ്യം വീട്ടിൽ നിന്ന് ഏകദേശം 700 km (ഒരു സൈഡ് മാത്രം) അകലെയുള്ള കുടജാദ്രിയും… തീരുമാനിക്കുന്ന കാര്യങ്ങളിൽ നിന്ന് പുറകോട്ട് പോകുക എന്നത് എന്തുകൊണ്ടോ എനിക്കിഷ്ടമല്ല… ഇതിനു മുന്നേ തനിച്ചുള്ള യാത്ര ബാംഗ്ലൂർ വരെ മാത്രം.. അതും അവിടെ ചെന്നിറങ്ങുമ്പോൾ മുതൽ കൂടെയുണ്ടാകുന്ന സൗഹൃദങ്ങളുടെ ബലത്തിലും…ഈ യാത്രയിലും എനിക്ക് കരുത്ത് അകലെയിരുന്നും കൂടെയുണ്ടാകും എന്നു പറയുന്ന സൗഹൃദങ്ങൾ തന്നെ….അടുത്തടുത്തു വരുന്ന അവധി ദിവസങ്ങളിൽ യാത്ര എന്ന് തീരുമാനിച്ചു.. ആദ്യം വിളിച്ചതും ഒരു സുഹൃത്തിനെ… അവധി ദിവസം ആണെങ്കിൽ നീ ധൈര്യമായി വന്നിറങ്ങിക്കോ ഞങ്ങളുണ്ടാകും റെയിൽവേ സ്റ്റേഷനിൽ എന്നവർ.

അടുത്ത 2 അവധി ദിവസങ്ങളും ഒരു ലീവും കൂടി ഒപ്പിച്ചു യാത്രയ്ക്കുള്ള ദിവസം തീരുമാനിച്ചു… ഇനിയുള്ള കടമ്പ ട്രെയിൻ ടിക്കറ്റ് റിസർവ് ചെയ്യുക… തനിച്ചുള്ള രാത്രിയാത്ര ആയത്കൊണ്ട് സുഹൃത്തുക്കളുടെ ഉപദേശം മാനിച്ചു യാത്ര AC കോച്ചിൽ ആക്കി….ഭാഗ്യം കൊണ്ട് വെയ്റ്റിംഗ് ലിസ്റ്റിൽ കിടന്ന ടിക്കറ്റ് യാത്രയുടെ തലേദിവസം കൺഫേം ആയിക്കിട്ടുകയും ചെയ്തു…ടിക്കറ്റ് ബുക്ക് ചെയ്തു തന്നതും ഒരു സുഹൃത്ത്….

അങ്ങനെ വല്യ തയ്യാറെടുപ്പുകൾ ഒന്നുമില്ലാതെ തീരുമാനിച്ച യാത്രയുടെ ദിവസവും എത്തി…. രാവിലെ കുറച്ചു ഡ്രെസ്സ് ഒക്കെ പാക്ക് ചെയ്ത് …’അമ്മ പൊതിഞ്ഞു തന്ന ഉച്ചയൂണും രാത്രിയിലേക്കുള്ള ചപ്പാത്തിയും ഒക്കെ ആയി 12 മണിയോടെ വീട്ടിൽ നിന്ന് ചേർത്തല റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി യാത്ര തുടങ്ങി…കൃത്യസമയത്തു (1.35 pm) തന്നെ സ്റ്റേഷനിൽ എത്തിയ നേത്രാവതി എക്‌സ്‌പ്രസിൽ കയറി എന്റെ സീറ്റ് കണ്ടുപിടിച്ചു …. കൂടെയുള്ള സഹയാത്രികർക്ക് ഫ്രീ ആയി ഒരു ചിരിയും സമ്മാനിച്ചു കുറച്ചു നേരം അങ്ങനെ ഇരുന്നു …. ഇനിയുള്ള 12 മണിക്കൂർ യാത്ര എങ്ങനെയാവും എന്നതായിരുന്നു മനസ്സിൽ…. ട്രെയിൻ എറണാകുളം എത്തുമ്പോഴേക്കും വിശപ്പിന്റെ വിളിയും തുടങ്ങിയിരുന്നു….വീട്ടിൽ ഇരുന്നു കഴിക്കുമ്പോൾ അമ്മയുണ്ടാക്കുന്ന ഭക്ഷണം എത്ര നല്ലതായാലും എന്തേലും കുറ്റം കണ്ടെത്തുമെങ്കിലും…. അമ്മയുടെ സ്നേഹവും കരുതലും നിറച്ചു വാഴയിലയിൽ പൊതിഞ്ഞു തന്നുവിട്ട ഈ പൊതിച്ചോറിന്റെ രുചി ലോകത്തെ ഒരു ഹോട്ടലിലും കിട്ടില്ല എന്ന സത്യം…

പൊതിച്ചോറും കഴിച്ചു ….കൂടെയുള്ളവരെയൊക്കെ ഒന്നു പരിചയപ്പെട്ടു … എന്റെ സൈഡ് സീറ്റിൽ ഇരുന്ന് ജാലകത്തിലൂടെ നമ്മുടെ നാടിന്റെ ഭംഗി ആസ്വദിച്ചുള്ള ഒരു യാത്ര…. ചാലക്കുടി പുഴയും…. കർഷകരും…കാലികളും നിരന്ന പാടങ്ങളും…. ഭാരതപ്പുഴയും ഒക്കെ കടന്ന് ട്രെയിൻ കുറ്റിപ്പുറം സ്റ്റേഷനിലേക്ക് എത്തുമ്പോൾ അസ്തമയസൂര്യന്റെ ചുവപ്പ് നിറഞ്ഞ ആകാശം മനോഹരമായ കാഴ്ച്ചയാണ് സമ്മാനിച്ചത്…കുറ്റിപ്പുറം സ്റ്റേഷൻ പിന്നിടുമ്പോൾ അസ്തമയ സൂര്യനോടൊപ്പം പകൽ കാഴ്ചകളും കഴിഞ്ഞിരുന്നു…. പിന്നീട് സഹയാത്രികർ ആയ മെറിൻ ചേച്ചിയോടും കുടുംബത്തോടും സംസാരിച്ചിരുന്നു …..8 മണിയോടെ ചപ്പാത്തിയും കഴിച്ചു ഉറങ്ങാൻ കിടന്നു… 1.46 am നു എത്തേണ്ട ട്രെയിൻ 2 മണിയോടെ ബൈണ്ടിയൂർ (മൂകാംബിക റോഡ്‌) റയിൽവേ സ്റ്റേഷനിൽ എത്തി. അവിടെ നിന്ന് തുടങ്ങുന്നു പുതിയ അനുഭവങ്ങളിലൂടെ ഒരു യാത്ര കൂടി…..

ട്രെയിനിൽ നിന്നിറങ്ങിയവരുടെയെല്ലാം ലക്ഷ്യം കൊല്ലൂർ മൂകാംബിക ക്ഷേത്രം …. ഏതാണ്ട് 600 km ൽ അധികം യാത്ര ചെയ്ത് ബൈണ്ടിയൂർ സ്റ്റേഷനിലെ തണുപ്പിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ ആ തണുപ്പിനെ വകവെയ്ക്കാതെ എന്നെ കാത്തു നിൽക്കുന്ന രണ്ടു പേർ… എന്റെ സുഹൃത്തും അവന്റെ കന്നടക്കാരി ഭാര്യയും…. റയിൽവേ സ്റ്റേഷനു പുറത്തിറങ്ങുമ്പോൾ യാത്രക്കാരെ വളയുന്ന കുറെ ഡ്രൈവർമാർ… നിരന്നു കിടക്കുന്ന ഒമ്നിയും സുമോയും…. ഒമ്നിയിലെ യാത്രയ്ക്ക് 6 പേർക്ക് 600 രൂപ ഞങ്ങൾ അതാണ് തിരഞ്ഞെടുത്തത്…റയിൽവേ സ്റ്റേഷനിൽ നിന്ന് NH 66 ലേക്ക് എത്തുന്നത് വരെ ഒരു ഓഫ്‌റോഡ് ഫീൽ ആയിരുന്നെങ്കിൽ…. NH ലൂടെയുള്ള വന്യത നിറഞ്ഞ രാത്രി യാത്ര അതും കിടു…

വനത്തിനു നടുവിലൂടെയുള്ള യാത്രയിൽ അപൂർവമായി കടന്നു വരുന്ന ചില വാഹനങ്ങൾ….. ഇടയ്ക്കിടെ കാണുന്ന ചില കെട്ടിടങ്ങൾ…. ചിലയിടങ്ങളിൽ ആനയുടെ ഫോട്ടോയുള്ള കന്നടയിൽ എഴുതിയ ചില ബോർഡുകൾ….സ്റ്റേഷനിൽ നിന്ന് ഏകദേശം 29 km നു അടുത്ത് യാത്ര ചെയ്ത് മൂകാംബിക ക്ഷേത്രത്തിനു അടുത്തുള്ള താമസ സ്ഥലത്ത് എത്തി. ഭാഗ്യം കൊണ്ടോ നിർഭാഗ്യം കൊണ്ടോ ഇടയ്ക്കിടെ മാത്രം കിട്ടുന്ന മൊബൈൽ നെറ്റ് വർക്കുകൾ…. കുറച്ചു നേരം സംസാരിച്ചിരുന്നു…… നേരം പുലരുമ്പോൾ എന്നെ മോഹിപ്പിച്ച കുടജാദ്രി യാത്ര എന്ന സ്വപ്നവുമായി പിന്നെ ചെറിയൊരുറക്കം…..

അതിരാവിലെ എഴുന്നേൽക്കണം എന്നൊക്കെ കരുതിയെങ്കിലും…തണുപ്പും യാത്രാ ക്ഷീണവും കൊണ്ട് എഴുന്നേൽക്കാൻ അൽപ്പം വൈകി… 7 മണിയോടെ എഴുന്നേറ്റു വേഗം റെഡി ആയി …. പ്രഭാത ഭക്ഷണവും കഴിച്ചു …. കുറച്ചു നേരം റോഡിലൂടെ വെറുതെ നടന്നു… റോഡരികിൽ അതിരാവിലെ തന്നെ കച്ചവടം തുടങ്ങിയിരുന്നു…. പതിവുപോലെ വില തിരക്കി നടന്നതല്ലാതെ ഇത്തവണയും ഞാൻ ഒന്നും വാങ്ങിയില്ല…. ഇനി കുടജാദ്രിയിലേക്ക് പോകാനുള്ള ജീപ്പ് തേടി കൊല്ലൂർ പോലീസ് സ്റ്റേഷന് മുന്നിലേക്ക്…. അവിടെയാണ് ജീപ്പ് പാർക്ക് ചെയ്യുന്നത്…. ഒരു ട്രിപ്പിന് 8 പേര് തികഞ്ഞാൽ അവർ ജീപ്പ്‌ എടുക്കും… ഒരാൾക്ക് 350 രൂപ നിരക്കിൽ….. അല്ലെങ്കിൽ പേർസണൽ ആയും നമുക്ക് എടുക്കാം ഒരു ട്രിപ്പിന് 2800 രൂപ കൊടുക്കണം എന്നു മാത്രം….. എന്തായാലും 8 പേര് തികയുന്നത് വരെ കാത്തിരിക്കാൻ ഞങ്ങൾ തീരുമാനിച്ചു… കുറച്ചു നേരം കാത്തിരുന്നപ്പോൾ ഞങ്ങൾക്ക് ഒരു തലശ്ശേരി കുടുംബത്തെ കൂട്ട് കിട്ടി….അവരും ഞങ്ങളും കൂടെ 8 പേര് തികച്ചു യാത്ര തുടങ്ങി….

വനത്തിനു നടുവിലൂടെയുള്ള യാത്ര ഇടയ്ക്കിടെ കാണുന്ന കമുകിൻ തോട്ടങ്ങൾ….. കോടമഞ്ഞു നിറഞ്ഞ കാഴ്ചകൾ…. ഇതുവരെയുള്ള യാത്ര നല്ല റോഡിലൂടെ ആയിരുന്നെങ്കിൽ ഇനിയുള്ള യാത്ര ഓഫ്‌റോഡിലൂടെ മാത്രം….. ഈ യാത്രയാണ് കുടജാദ്രി യാത്രയുടെ ഏറ്റവും വലിയ ആകർഷണവും എന്ന് തോന്നുന്നു….ഇടയ്ക്കുള്ള ചെക്ക്പോസ്റ്റിൽ ഒരാൾക്ക് 25രൂപ വീതം എൻട്രൻസ് ഫീസും കൊടുത്തു വീണ്ടും യാത്ര…. കാഴ്ചകൾ ആസ്വദിച്ചു ജീപ്പിൽ ആടിയുലഞ്ഞുള്ള യാത്രക്കിടയിൽ തലശ്ശേരി കുടുംബത്തിലെ അമ്മമാരുടെ സംസാരം ഇടയ്ക്കിടെ എല്ലാവരിലും ചിരിയുണർത്തി….. അമ്മമാരുടെ ആഗ്രഹം പോലെ ജീപ്പ് യാത്ര അവസാനിച്ചു….. ജീപ്പ് യാത്ര അവസാനിക്കുന്നയിടത്തു ചെറിയ ചെറിയ അമ്പലങ്ങൾ… അവിടെയിരിക്കുന്ന സ്വാമിമാർ ആ സ്ഥലത്തെക്കുറിച്ചുള്ള ചരിത്രങ്ങൾ ഒക്കെ പറഞ്ഞുവെങ്കിലും ഭാഷ മനസ്സിലാകാത്ത കൊണ്ടോ …. സർവജ്ഞപീഠത്തിലേക്കു എത്താനുള്ള ആവേശം കൊണ്ടോ എനിക്കതൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല…. ഇനിയുള്ള യാത്ര നടന്നാണ് … സർവജ്ഞപീഠത്തിലേക്കുള്ള കയറ്റം…. 8 പേർ വന്ന ജീപ്പിൽ നിന്ന് ഞാനും എന്റെ സുഹൃത്തും ഉൾപ്പെടെ 4 പേര് ആണ് നടന്ന് കയറാൻ തീരുമാനിച്ചത്…

ഞങ്ങൾ 4 പേര് ഒരുമിച്ചു കയറി തുടങ്ങിയെങ്കിലും കൂടെയുള്ള 2 പേരെ ബഹുദൂരം പിന്നിലാക്കി ഞങ്ങൾ മുന്നേറിക്കൊണ്ടിരുന്നു. ഏതൊക്കെയോ നാടുകളിൽ നിന്നെത്തിയ കുറച്ചു സഞ്ചാരികളോടൊപ്പം. ഇടയ്ക്കിടെ വെയിൽ അതിന്റെ രൗദ്രഭാവത്തിൽ വരുമ്പോൾ കൈയിലുള്ള വെള്ളവും കുടിച്ചു കപ്പലണ്ടി മിട്ടായിയും തിന്ന് ഇത്തിരി നേരം വിശ്രമിച്ചു വീണ്ടും കയറി… ഇടയിൽ കിട്ടിയ വെയിൽ ഒഴിച്ചാൽ നല്ല തണുത്ത അന്തരീക്ഷം… കോടമഞ്ഞുമൂടിയ പ്രകൃതിയുടെ മനംമയക്കുന്ന ദൃശ്യങ്ങൾ…. മുകളിൽ നിന്ന് തിരിച്ചിറങ്ങുന്നവർ കയറ്റം കഠിനം എന്നു പറയുമ്പോഴും… നമ്മുടെ ആവേശം ചോരാതെ മുകളിലേക്ക് മാടി വിളിക്കുന്ന പ്രകൃതി….

ഇടയ്ക്കിടെ നാരങ്ങാവെള്ളവും, മോരും, കുക്കുമ്പറും, തണ്ണിമത്തനും, കപ്പലണ്ടി മിട്ടായിയും ഒക്കെ കിട്ടും…. ഞങ്ങളും വാങ്ങി ഉപ്പും മുളകും പുരട്ടിയ കുക്കുമ്പർ…. അതും കടിച്ചു കൊണ്ട് വീണ്ടും നടത്തം…. ഇടയ്ക്കിടെ ഇത്തിരി നേരം നിന്ന് ഫോട്ടോസും ഒക്കെയെടുത്ത് ഞങ്ങൾ അങ്ങനെ സർവജ്ഞപീഠത്തിലേക്ക് എത്തി…. പാറയിൽ കൊത്തിയുണ്ടാക്കിയ ക്ഷേത്രം… അകത്തിരുന്ന പൂജാരി ആ ക്ഷേത്രത്തിന്റെ ചരിത്രം പറഞ്ഞു തന്നു…. ആ കുന്നിന്റെ മുകളിൽ നിന്ന് നോക്കിയാൽ കൊല്ലൂർ മൂകാംബിക ക്ഷേത്രവും കാണാം…… 25 cm അകലെയുള്ളത് കാണാൻ പവർ ഗ്ലാസ് വെയ്ക്കുന്ന ഞാനും നോക്കി അവിടെ നിന്ന് ക്ഷേത്രം കാണാൻ കഴിയുമോന്ന്…. ക്ഷേത്രം തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും…. മുകളിൽ നിന്ന് നോക്കുമ്പോൾ കാണുന്ന കൊല്ലൂർ ഒരു കാഴ്ച്ച തന്നെയാ… കുറച്ചു നേരം അവിടെ നിന്ന് അടുത്ത ലക്ഷ്യമായ ചിത്രമൂലയിലേക്ക്….

സർവജ്ഞപീഠത്തിനു പിന്നിലൂടെ ചിത്രമൂല ലക്ഷ്യമാക്കി ഞങ്ങൾ കുറച്ചുപേർ താഴേക്കു നടന്നു തുടങ്ങി…. ഇതുവരെയുള്ള യാത്രയേക്കാൾ അപകടം പതിയിരിക്കുന്ന വഴികൾ എന്ന് പലരും പറഞ്ഞുവെങ്കിലും ….. ഞങ്ങൾ അതു അനുഭവിച്ചു അറിഞ്ഞു തുടങ്ങിയിരുന്നു…. കാടിനു നടുവിലൂടെ ഒരാൾക്ക് മാത്രം നടന്നിറങ്ങാൻ കഴിയുന്ന ഇടുങ്ങിയ വഴികൾ…. വഴുക്കലുള്ള പാറകൾ…. മരങ്ങളുടെ വേരുകളിൽ പിടിച്ചുള്ള ഇറക്കം…. പലപ്പോഴും തെന്നി വീഴാതെ സഹായിച്ചത് കൂടെയുള്ള സഞ്ചാരികളും മരത്തിന്റെ വേരുകളും…. എന്നിട്ടും എവിടെയൊക്കെയോ തട്ടിയും മുട്ടിയും കാലിലും കയ്യിലും ചെറിയ പോറലുകൾ….

പ്രകൃതിയുടെ ഭാവവും മാറിത്തുടങ്ങിയിരുന്നു അപ്പോഴേക്കും…. കാർമേഘം നിറഞ്ഞ അന്തരീക്ഷം …. കാട്ടിലെ മഴ എല്ലാവർക്കും ഇഷ്ടമാണെങ്കിലും ….മഴയിൽ ചിത്രമൂലയിലേക്കും തിരിച്ചും ഉള്ള യാത്ര ഏറെ അപകടം നിറഞ്ഞതാണെന്ന് കൂട്ടത്തിലുള്ള അനുഭവസ്ഥർ പറയുന്നു…. എങ്കിലും തൊട്ടടുത്ത് എത്തിയിട്ട് എങ്ങനെ കാണാതെ തിരിക്കും എന്ന ചിന്തയുമായി എന്നെപ്പോലെ ചിലരും… അകലെ നിന്നെങ്കിലും ശങ്കരാചാര്യർ തപസ്സിരുന്ന ഗുഹയും സൗപർണികയുടെ ഉത്ഭവവും കാണാൻ ഉള്ള ആഗ്രഹം ഞങ്ങളെ വീണ്ടും മുന്നോട്ട് നയിച്ചു…..കോടയും മഴയും ഞങ്ങളെ ലക്ഷ്യത്തിൽ നിന്ന് അകറ്റി നിർത്തുന്നത് പോലെ….. എന്നിട്ടും ഞങ്ങൾ ആ പാറയ്ക്ക് മുന്നിലെത്തി… ഒരുപാട് മോഹിച്ചു എത്തിയത് ആണെങ്കിലും തനിച്ചുള്ള ഈ യാത്രയിൽ സാഹസികത വേണ്ട എന്ന തീരുമാനത്തിൽ ….. ശങ്കരാചാര്യർക്ക് മുന്നിൽ ദേവി പ്രത്യക്ഷപ്പെട്ട സ്ഥലം അകലെ നിന്ന് ഒരു നോക്ക് കണ്ട് …. ചിത്രമൂലയും സൗപർണികയും ഒരു മോഹമായി മനസ്സിൽ സൂക്ഷിച്ചു കൊണ്ട് …. ഇറങ്ങിയ വഴികൾ അത്രയും തിരിച്ചു കയറി തുടങ്ങി….തിരികെ സർവജ്ഞപീഠത്തിലേക്ക്…. കുറച്ചു സമയം അവിടെ വിശ്രമം.

സർവജ്ഞപീഠത്തിന് മുന്നിലെ ചേട്ടനോട് ഒരു തണ്ണിമത്തൻ പീസ് ഒക്കെ വാങ്ങി കഴിച്ചു തിരിച്ചിറങ്ങി ഞങ്ങൾ…. തിരിച്ചിറങ്ങുന്ന വഴിയിൽ നിന്ന് ചെറുതായി വഴി മാറി നടന്ന് ഗണേശഗുഹയിലും കയറി …. വീണ്ടും താഴേക്ക്…. താഴെയുള്ള കുളത്തിൽ ഇറങ്ങി കാലും മുഖവും നനച്ചു… ഞങ്ങളെ കാത്തിരിക്കുന്ന ജീപ്പ് ഡ്രൈവറും തലശ്ശേരി കുടുംബത്തിലെ മറ്റ് അംഗങ്ങളുടെയും അടുത്തേക്ക്…. എല്ലാവരും ജീപ്പിൽ കയറി…. കയറിയ വഴികളിലൂടെയുള്ള തിരിച്ചിറക്കം…. കയറിയതിനെക്കാൾ സാഹസികത നിറഞ്ഞ ജീപ്പ് യാത്ര… ആടിയുലഞ്ഞു ഇറങ്ങുന്ന ജീപ്പിൽ കൈവിട്ടാൽ തെറിച്ചു പോകുമെന്ന അവസ്ഥ…. എങ്കിലും തലശ്ശേരി കുടുംബത്തിന്റെ സംസാരം ആ യാത്രയുടെ കാഠിന്യം കുറച്ചത് പോലെ…. തിരികെ കൊല്ലൂർ സ്റ്റാൻഡിൽ എത്തി …. പറഞ്ഞുറപ്പിച്ച 350 രൂപയ്ക്ക് മുകളിൽ 2 മണിക്കൂറിൽ അധികമായി ഞങ്ങൾ മല മുകളിൽ ചിലവഴിച്ച ഓരോ മണിക്കൂറിനു 200 രൂപ വീതം അധികവും കൊടുത്തു …. തലശ്ശേരി കുടുംബത്തിനോട് യാത്ര പറഞ്ഞു ….വീണ്ടും കൊല്ലൂർ തെരുവിൽ….

ആദ്യ ദിവസം കുടജാദ്രി യാത്രയും .. …. കൊല്ലൂരിലെ തെരുവുകളിലൂടെയുള്ള നടത്തവും ആയി അവസാനിപ്പിച്ചുവെങ്കിൽ….. രണ്ടാമത്തെ ദിവസം മൂകാംബിക ദേവിയുടെ ദർശനത്തോടെ തുടങ്ങാം എന്ന തീരുമാനത്തിൽ ആയിരുന്നു ഞങ്ങൾ…. രാവിലെ തന്നെ എഴുന്നേറ്റു കുളിച്ചു റെഡി ആയി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക്….

കർണാടകയിലെ ഉഡുപ്പി ജില്ലയിലെ കുന്താപുര താലൂക്കിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രം…
ഒരുപാട് ഐതിഹ്യങ്ങൾ പറഞ്ഞു കേട്ട .. ഈ ക്ഷേത്ര സന്നിധിയിൽ എത്തിയപ്പോൾ എന്റെ മനസ്സിലും ഭക്തി നിറഞ്ഞു തുടങ്ങിയോ…. അവധി ദിവസം ആയതുകൊണ്ട് നല്ല തിരക്ക്….. ദേവീ ദർശനത്തിന് കാത്തു ക്യു നിൽക്കുന്ന ഭക്തർ…. ആ വരിയുടെ അറ്റം കണ്ടെത്താനുള്ള ശ്രമം അവസാനിപ്പിച്ചു അമ്പലത്തിനു ചുറ്റും നടക്കുമ്പോൾ ആണ് പാസ്സ് മൂലവും പ്രവേശനം ഉണ്ടെന്ന് മനസ്സിലായത്…. 500രൂപയുടെ പാസ്സ് എടുത്താൽ നേരിട്ട് ക്ഷേത്രത്തിൽ പ്രവേശിക്കാം….100 രൂപയുടെ പാസ്സ് എടുത്താൽ മറ്റൊരു ക്യുവിൽ നിന്നും… എന്തായാലും 100 രൂപ പാസ്സ് എടുത്തു ക്യുവിൽ നിൽക്കാൻ ഞങ്ങളും തീരുമാനിച്ചു… ക്ഷേത്രത്തിലെ ചില ചടങ്ങുകളൊക്കെ കണ്ട് ക്യുവിൽ നിന്നതു കൊണ്ട് സമയം പോയതറിഞ്ഞില്ല…. ആനയിൽ നിന്ന് അനുഗ്രഹം വാങ്ങുന്ന ഭക്തരും… ദേവിയെ എഴുന്നള്ളിച്ചുള്ള ക്ഷേത്ര വലംവയ്‌ക്കലും….. ഭക്തർ വലിക്കുന്ന രഥത്തിനു മുന്നിലെ തേങ്ങയുടക്കലും… (ശത്രുസംഹാരത്തിനായി നാളികേരം ഉടയ്ക്കുന്നതു ഇവിടുത്തെ ഒരു പ്രധാന വഴിപാടാണ്)…. അവിടെ നിന്നുള്ള കാഴ്ചകൾ ആയിരുന്നു….. വരി നിന്ന് അകത്തുകയറി ദേവീ ദർശനവും… ഉപദേവതാ ദർശനവും കഴിഞ്ഞു…. മൂകാംബിക ലഡ്ഡുവും വാങ്ങി തിരികെ റൂമിലേക്ക്… പ്രഭാതഭക്ഷണവും കഴിച്ചു… റൂമും വെക്കേറ്റ് ചെയ്തു കൊല്ലൂരിനോട് തൽക്കാലം വിട പറയുന്നു…. ഇനിയുള്ള യാത്ര മുരുടേശ്വരിലേക്ക്…

താമസിച്ച ഹോട്ടലിനു മുന്നിൽ നിന്ന് ടാക്സി പിടിച്ചു ബൈണ്ടിയൂർ റയിൽവേ സ്റ്റേഷനിലേക്ക്… വന്നിറങ്ങിയ ദിവസം രാത്രി യാത്ര ചെയ്ത വഴികളിലൂടെ ഒരു പകൽ യാത്ര…. രാത്രി കാണാൻ കഴിയാതിരുന്ന വഴിയോരകാഴ്ചകൾ കണ്ട് റയിൽവേ സ്റ്റേഷനിലെത്തി… 28.5 km യാത്രയ്ക്ക് കാർ AC ആണെങ്കിൽ 800 രൂപയും Non AC ആണെങ്കിൽ 600 രൂപയും… നമ്മൾ AC വേണ്ടാന്ന് പറഞ്ഞു 200 രൂപ ആദ്യം തന്നെ ലാഭിച്ചു… 11.38 AM നു എത്തേണ്ട ബാംഗ്ലൂർ – കാർവാർ എക്സ്പ്രസിന് മുരുടേശ്വരിലേക്ക് 30 രൂപയാണ് ചാർജ്ജ്. ടിക്കറ്റ് എടുത്ത് ലേറ്റായി ഓടുന്ന ട്രെയിൻ പ്രതീക്ഷിച്ചു റയിൽവേ സ്റ്റേഷനിൽ കുറച്ചു സമയം… മൂകാംബിക ദർശനം കഴിഞ്ഞു മുരുടേശ്വർ ദർശനത്തിന് പോകുന്നവരും ഓഖ എക്സ്പ്രെസ്സിൽ കേരളത്തിലേക്ക് മടങ്ങാൻ ഉള്ളവരും ആയിരുന്നു യാത്രക്കാരിൽ അധികവും…കാർവാർ എക്സ്‌പ്രെസ്സ് അനൗൺസ് ചെയ്തു… പ്ലാറ്റ്ഫോമിലേക്ക് വന്നു നിന്ന ട്രെയിനിന്റെ ലോക്കൽ കംപാർട്ട്‌മെന്റിലേക്ക് ഞങ്ങളും കയറി… ഇനിയുള്ള യാത്രയിലെ ഓരോ അനുഭവങ്ങളും എനിക്ക് ഈ യാത്രയിൽ കിട്ടിയ ബോണസ് ആണ്.

കാർവാർ എക്സ്പ്രെസ്സിന്റെ ലോക്കൽ കോച്ചിൽ കയറിയപ്പോഴാണ് ശരിക്കും അത്‌ഭുതം തോന്നിയത്… കേരളത്തിലൂടെ ഓടുന്ന സൂപ്പർഫാസ്റ്റ് ട്രയിനിന്റെ കോച്ചുകളിൽ പോലും കാണാത്ത സൗകര്യങ്ങൾ…. വൃത്തിയുള്ള കോച്ചുകൾ…. വെള്ളം ശുദ്ധീകരിക്കാനുള്ള സൗകര്യം…. വിശാലമായ വാഷ് ഏരിയ…. ഒരു സീറ്റ് കണ്ടെത്തി ജനലരികിൽ ഇരുന്ന് കാഴ്ചകൾ ആസ്വദിച്ചു തുടങ്ങുമ്പോൾ …. പെട്ടെന്നാണ് പുറംകാഴ്ചകൾ മറച്ചു ഇരുട്ട് പരന്നത്…. ഇപ്പോൾ ട്രെയിൻ കടന്നു പോകുന്നത് ഒരു തുരങ്കത്തിലൂടെയാണ് എന്നു മനസ്സിലാവാൻ കുറച്ചു സമയം എടുത്തു…. കുറച്ചു സമയം ആ യാത്ര ആസ്വദിക്കാൻ കഴിഞ്ഞു…

വീണ്ടും പ്രകൃതി ഭംഗിയിലേക്ക്…. ഏതൊക്കെയോ സ്റ്റേഷനുകൾ പിന്നിട്ട് ട്രെയിൻ മുരുടേശ്വരിൽ എത്തി… ട്രെയിനിൽ നിന്നാൽ കാണുന്ന രീതിയിൽ ക്ഷേത്രത്തിലെ ശിവ പ്രതിമ… മുരുടേശ്വർ റയിൽവേ സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ കണ്ട മറ്റൊരു കാഴ്ചയും ഞാൻ ആദ്യം കാണുകയായിരുന്നു…. RORO ട്രെയിൻ… ലോറികളും വഹിച്ചു കൊണ്ടുള്ള റോറോയുടെ യാത്രയും മൊബൈലിൽ പകർത്തി … സ്റ്റേഷനിൽ നിന്ന് പുറത്തേക്ക്…എല്ലാ റയിൽവേ സ്റ്റേഷനിലും ഉള്ളത് പോലെ ഇവിടെയും ഓട്ടോറിക്ഷ ഡ്രൈവർ മുരുടേശ്വറിലേക്ക് 40 രൂപ എന്ന് പറഞ്ഞു വന്നു… കൂടുതൽ ആലോചിക്കാതെ ആദ്യം കണ്ട ഓട്ടോറിക്ഷയിൽ കയറി ക്ഷേത്രത്തിലേക്ക്…

ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ശിവപ്രതിമയുള്ള ക്ഷേത്രമാണ് ഉത്തരകന്നടയിലെ ഭട്കൽ താലൂക്കിൽ സ്ഥിതി ചെയ്യുന്ന മുരുടേശ്വർ ക്ഷേത്രം. മുരുടേശ്വർ ക്ഷേത്രത്തിനു മുന്നിൽ തലയുയർത്തി നിൽക്കുന്ന കൊത്തുപണികൾ നിറഞ്ഞ ഗോപുരം ….249 അടി ഉയരത്തിൽ തല ഉയർത്തി നിൽക്കുന്ന രാജഗോപുരം …. ഗോപുരവാതിലിന് ഇരുവശങ്ങളിൽ 2 ഗജവീരന്മാരുടെ പ്രതിമ…. ഞങ്ങൾ അവിടെയെത്തുമ്പോൾ ഗോപുര വാതിൽ അടഞ്ഞു കിടക്കുന്നു… അടുത്ത് കണ്ട ഒരാൾ ഉച്ചയ്ക്ക് 1മണി വരെയാണ് പ്രവേശനം എന്ന് പറഞ്ഞപ്പോൾ ആണ് ഞങ്ങളും സമയത്തെ കുറിച്ച് ചിന്തിക്കുന്നത് തന്നെ… അപ്പോൾ സമയം 1.30 കഴിഞ്ഞിരുന്നു. ഇനി 3 മണിക്ക് വീണ്ടും ഗോപുരവും ക്ഷേത്രവും തുറക്കുമെന്ന് കേട്ടപ്പോൾ ഒരാശ്വാസം….

ഇനിയുള്ള ഒന്നര മണിക്കൂർകൊണ്ട് ഭക്ഷണവും കഴിച്ചു ക്ഷേത്രത്തിനു ചുറ്റുമുള്ള മറ്റ് കാഴ്ചകളും കാണാമെന്ന് തീരുമാനിച്ചു ക്ഷേത്ര മതിൽ കെട്ടിനു പുറത്തേക്ക്…. ക്ഷേത്രത്തിനു മുന്നിൽ ചെന്നു നിൽക്കുമ്പോൾ ആദ്യം അനുഭവിക്കുക ഉണക്കമത്സ്യത്തിന്റെ ഗന്ധം ആണ്…. 3 വശവും കടൽ … ഒരു സൈഡിൽ നിരന്നു കിടക്കുന്ന മത്സ്യ ബന്ധന വള്ളങ്ങളും ബോട്ടുകളും…. ക്ഷേത്രമതിൽകെട്ടിനു പുറത്ത് പലയിടങ്ങളിലും ഉണക്കാൻ നിരത്തിയിരിക്കുന്ന മത്സ്യം…. ചിലയിടങ്ങളിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന പച്ചയും… ഉണങ്ങിയതുമായ മത്സ്യങ്ങൾ… മറ്റൊരു സൈഡിൽ ബോട്ടിംഗ് നടക്കുന്നു… പലതരത്തിലുള്ള ബോട്ടുകളിൽ തിരകൾ കുറഞ്ഞ കടലിൽ ബോട്ടിംഗ് നടത്തുന്ന സഞ്ചാരികൾ… സ്കൂബാ ഡൈവിങ്ങും ഉണ്ടത്രേ അവിടെ…

കാഴ്ചകൾ കണ്ട് നടക്കുന്നതിനിടയിൽ വിശപ്പിന്റെ വിളിയും എത്തി…. അടുത്തു കണ്ട നല്ലതെന്ന് തോന്നിയ ഒരു ഹോട്ടലിൽ കയറി … കൊല്ലൂരിൽ കിട്ടിയ ഭക്ഷണം നല്ലതായിരുന്നുവെങ്കിൽ…. ഇവിടെ ഓർഡർ ചെയ്ത ഭക്ഷണം കഴിക്കാൻ പോലും കഴിഞ്ഞില്ല…. നല്ലതെന്ന് തോന്നിയത് മെനുകാർഡും ബില്ലും മാത്രമായിരുന്നു….ഹോട്ടലിൽ നിന്നിറങ്ങി കടലിലേക്ക് ഇറക്കി നിർമ്മിച്ച മറ്റൊരു ഹോട്ടലിന്റെ മുകൾ നിലയിലേക്ക് കയറി ഞങ്ങൾ… ലക്ഷ്യം അവിടെ നിന്ന് കാണാൻ കഴിയുന്ന കാഴ്ച്ചകൾ ആയിരുന്നുവെങ്കിലും… ഓരോ ഐസ്ക്രീം ഓർഡർ ചെയ്ത് ചുറ്റിനുമുള്ള കാഴ്ച്ചകൾ ആസ്വദിച്ചു കുറച്ചു നേരം അവിടെയിരുന്നു… ഇനി മുരുടേശ്വർ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന ശിവപ്രതിമയുടെ അരികിലേക്ക്…അടുത്ത് ചെന്നപ്പോൾ ആണ് അറിയുന്നത് ആ പ്രതിമയുടെ താഴെ ഒരു ഗുഹയാണെന്ന്… 10രൂപ എൻട്രൻസ് ഫീസും കൊടുത്തു അകത്തു കയറി നടന്നു…

മുരുടേശ്വർ ക്ഷേത്ര ഐതിഹ്യം അവിടെ ശിൽപങ്ങൾ ആയി കൊത്തിവെച്ചിരുന്നു. കന്നഡയിൽ ഉള്ള വിവരണവും സ്പീക്കറിലൂടെ മുഴങ്ങിയിരുന്നു … ആ ഗുഹയിൽ നിന്ന് പുറത്തു വന്ന് ശിവപ്രതിമയുടെ ചുറ്റിനും നടന്ന് കാഴ്ചകൾ കണ്ട് അടുത്തുള്ള ശനീശ്വര ക്ഷേത്രത്തിലും കയറി ഇറങ്ങിയപ്പോൾ 3 മണി ആയിരുന്നു…. മുരുടേശ്വർ ക്ഷേത്രവും ഗോപുരവും തുറന്നു… ഗോപുരത്തിന്റെ മുകളിലേക്ക് പോകാൻ ലിഫ്റ്റുണ്ട്… 18 നില മുകളിൽ നിന്ന് മുരുടേശ്വർ കാണാം എന്നതാണ് ഗോപുരത്തിൽ കയറിയാലുള്ള നേട്ടം…ലിഫ്റ്റിൽ കയറി മുകളിൽ പോകുന്നതിനു ഒരാൾക്ക് 10 രൂപ… ക്യുവിൽ നിന്ന് ടിക്കറ്റ് എടുത്ത് ലിഫ്റ്റിൽ മുകളിലേക്ക്….18 നില മുകളിൽ നിന്നുള്ള മുരുടേശ്വർ കാഴ്ച്ചകൾ കണ്ടു താഴേക്ക്… കേരളത്തെ തോൽപ്പിച്ചു കൊണ്ട് കേരവൃക്ഷങ്ങൾ നിറഞ്ഞ മുരുടേശ്വർ…. മുരുടേശ്വർ ക്ഷേത്രത്തിലും ദർശനം നടത്തി 5 മണിയോടെ മുരുടേശ്വറിനോട് വിട…

മുരുടേശ്വർ റയിൽവേ സ്റ്റേഷനും ബൈണ്ടിയൂർ റയിൽവേ സ്റ്റേഷനും ഇടയിലുള്ള ഭട്കൽ സ്റ്റേഷനിൽ നിന്നാണ് എനിക്കുള്ള മടക്ക ടിക്കറ്റ്… 10 മണി കഴിഞ്ഞുള്ള മംഗള എക്‌സ്‌പ്രസിൽ… ഇനിയും 5 മണിക്കൂർ കൂടിയുണ്ട്…. മുരുടേശ്വർ ക്ഷേത്രത്തിനു മുന്നിൽ നിന്ന് ഒരു ഓട്ടോറിക്ഷയിൽ ബസ് സ്റ്റോപ്പിലേക്ക്….. ബസ്‌ സ്റ്റോപ്പിൽ നിന്ന് കരിക്കു കച്ചവടം ചെയ്യുന്ന ചേച്ചിയിൽ നിന്ന് ഓരോ കരിക്കും വാങ്ങികുടിച്ചു…. ഞങ്ങൾ ഭട്കലിലേക്കുള്ള ട്രാവലറിൽ കയറി…. ഭട്കലിൽ എന്താണ് കാണാൻ ഉള്ളത് എന്ന് ചോദിച്ചപ്പോൾ മാർക്കറ്റിൽ പോകാൻ ആണ് ഡ്രൈവർ പറഞ്ഞത്… അവിടെ ഷോപ്പിംഗിന് പറ്റിയ സ്ഥലം ആണെന്ന്… ഷോപ്പിംഗ് ഒന്നും ഉദ്ദേശ്യം ഇല്ലെങ്കിലും എന്തായാലും മാർക്കറ്റ്‌ കാണാൻ ഞങ്ങൾ ഇറങ്ങി നടന്നു… ചെറുതും വലുതുമായ കടകൾ ഇരുവശങ്ങളിലും നിരന്ന ചെറിയ റോഡുകൾ… ഇതിനിടയിൽ എന്റെ മൊബൈൽ കൈയിൽ നിന്ന് പോയത് പോലും അറിയാതെ മുന്നോട്ട് നടന്ന എന്നെ വിളിച്ചു മൊബൈൽ എടുത്തു തന്ന ഒരു നല്ല ചേട്ടൻ… ചേട്ടനോട് നന്ദി പറഞ്ഞു വീണ്ടും മുന്നോട്ട്…

ഭട്കൽ തെരുവുകളിലൂടെ നടക്കുന്നതിനിടയിൽ ചില കെട്ടിടങ്ങളുടെ മുന്നിൽ ആർക്കിയോളജി ഡിപാർട്മെന്റിന്റെ നോട്ടീസ് ബോർഡുകൾ… അടുത്ത് നിന്ന ചേട്ടനോട് ചോദിച്ചപ്പോൾ പറഞ്ഞു അതൊക്കെ ജൈനക്ഷേത്രങ്ങൾ ആണെന്ന്… ഭട്കൽ നഗരം ഒരുകാലത്ത് ജൈന മതവിശ്വാസികൾ താമസിച്ചിരുന്നതും അവർ ഭരിച്ചിരുന്നതുമായ നഗരമായിരുന്നുവത്രെ… ഇപ്പോൾ അവിടെയുള്ളത് ആ കാലഘട്ടത്തിന്റെ കഥ പറയുന്ന ചരിത്ര സ്മാരകങ്ങൾ ആയി മാറിയ ജൈന ക്ഷേത്രങ്ങളും… 5 മണിക്ക് മുന്നേ എത്താൻ കഴിഞ്ഞിരുന്നുവെങ്കിൽ ജൈന ക്ഷേത്രത്തിനുള്ളിൽ കയറാൻ കഴിയുമായിരുന്നു…. തെരുവു വിളക്കിന്റെ വെളിച്ചത്തിൽ ഭട്കൽ നഗരത്തിന്റെ സൗന്ദര്യവും ആസ്വദിച്ചു … രാത്രി ഭക്ഷണവും കഴിച്ചു റയിൽവേ സ്റ്റേഷനിലേക്ക്…. പതിവു പോലെ മണിക്കൂറുകൾ വൈകിയോടുന്ന ട്രെയിൻ കാത്തിരിക്കുമ്പോൾ മനസ്സ് വീണ്ടും കഴിഞ്ഞു പോയ നിമിഷങ്ങളിലേക്കുള്ള യാത്രയിലായിരുന്നു……

കുടജപൂക്കൾ നിറഞ്ഞ കുടജാദ്രി എന്ന ലക്ഷ്യവുമായി യാത്ര തുടങ്ങിയ ഞാൻ അതിലേറെ യാത്ര ചെയ്ത് ഒരുപാട് കാഴ്ച്ചകൾ മനസ്സിലേറ്റുവാങ്ങി മടങ്ങുകയാണ്… ഇവിടെ വന്നിറങ്ങിയപ്പോൾ മുതൽ ഈ യാത്രയിൽ കൂടെയുണ്ടായിരുന്ന സൗഹൃദങ്ങളെ നിങ്ങളോട് പറയാൻ വാക്കുകളില്ല….. ഈ യാത്രയ്ക്ക് അനുവാദം തന്ന എന്റെ വീട്ടുകാർ… യാത്ര തീരുമാനിക്കുമ്പോൾ അകലെയിരുന്നു പോലും നിർദ്ദേശങ്ങളും ധൈര്യവും പകർന്നു തന്ന സൗഹൃദങ്ങൾ…. ഈ യാത്രയിലേക്ക് എന്നെ എത്തിച്ച സൗഹൃദങ്ങൾ എല്ലാവരോടും ഒത്തിരി സ്നേഹം….

വിവരണം – അഞ്ചു പുളിക്കല്‍

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply